Thursday, April 22, 2021

സന്ധ്യ അറയ്ക്കൽ

 

വേനൽപ്പൂക്കൾ

വേനലിൻ അറുതികളിലെല്ലാം

ഹൃ ദയത്തിൻ ശോണിമയേറും

ഹൃദ്യമാം പൂക്കളുമായെത്തുന്നു

വേനൽച്ചന്തമായ് വാകപ്പൂക്കൾ !!!


കുണ്ടും കുഴിയും നിറഞ്ഞ വീഥികളെ

ചെംപട്ടു വിരിയാൽ രാജവീഥിയാക്കും

വാകപ്പൂവിൻ ഇതളുകൾ പൊഴിഞ്ഞൊരാ

പൂമരത്തണലിലലിയാൻ വെമ്പുന്നൂ ഞാൻ!


കുടിവെള്ളം പോലും കിട്ടാക്കനിയാകും

വേനലിന്നവസാന നാളുകളെങ്കിലും

വേപഥുവൂറും മനസ്സുകൾക്കെല്ലാം

 പുണ്യമാകുമീക്കാഴ്ചയെ നെഞ്ചേറ്റിടാം...!! 

                                - സന്ധ്യ അറയ്ക്കൽ

Sunday, April 11, 2021

ഷീനാ ഹരി


ചിന്തകൾ


ചിന്തമുള്ളോരു ജീവിതയാത്രയിൽ

ചിന്തയേറ്റി തളർന്നു നടന്നു നാം !

ഛത്രജീവിത ചിത്രംവിചിത്രമോ

ചാറ്റച്ചിങ്ങവെയിലറ്റമെത്തി നീ.....!


ചിറ്റുകെട്ടാത്ത ചേതനയ്ക്കപ്പുറം

ചില്ലുപാളിയടർത്തുന്നു കാലവും!

കാവടിയേറ്റി മെല്ലെനടക്കിലും

കാതമേറുമ്പോളൊന്നു വിയർക്കണം.


കാടകങ്ങളെ കാത്തുതാണ്ടുമ്പൊഴും

കപ്പമൂറ്റുന്ന ചിന്തകരുണ്ടുപോൽ!

കായമുണ്ടാം ബലത്തിനെന്നാകിലും

കാരണം വേറെയാണിത് തോഴരേ..!

                                          - ഷീനാ ഹരി

Thursday, April 8, 2021

ഹരിദാസ് കൊടകര

 

സതീശം

രസമായിരുന്നു

സ്നേഹിതനോടൊത്ത

ചിറയ്ക്കരികിലെ നാളുകൾ

ഇലവിൻപശപോലെ

തൃണഗന്ധമുള്ളത്

മണ്ണിനോടൊട്ടി

മനം മറന്ന മലർമതി

ഇലവർങം തിളച്ചവെള്ളം

ദേഹശുദ്ധിയിൽ ആരാമഭിക്ഷ

വാനിൽ കുതിക്കുന്ന

സ്നേഹനായ്ക്കൾ

നക്ഷത്രലക്ഷ്യം തോന്നൽ

വഴിവിട്ട പ്രഭാതമർത്ഥന

രാവിലെന്നും സൂര്യനായ്

പർവ്വതം ഭൂമിക


അരങ്ങാം രംഗഭൂമിയിൽ

നിർജ്ജലസ്നേഹം തഴപ്പ്

ചൂടാവിയിൽ പ്രാണൻ

കോട്ടുവാ മനപ്പാതി

വേരടിയിലെ മതിൽകഷ്ണം

പുലയാചരണം കുളി

സഞ്ചയനം

കുത്തുപാളയിലസ്ഥിശേഖരം

നിമജ്ജനം മുങ്ങൽ

എന്നസ്ഥിയും ചേർത്തുമുക്കി-

ചിരിയൊതുക്കാൻപെട്ട പാടുകൾ

കാറ്റിലെവിടെയോ

പക്ഷിക്കൂടിൻ പഴി


ഉഷ്ണം കരച്ചിലായ് പകലുച്ചകൾ

കുമിഞ്ഞൂ സാകുലം ഓർമ്മനാഡികൾ

ഒഴിഞ്ഞൂ ഉടലാരവം ഊൺതളം വീറ്

പുത്രശോകമൊഴിയാൻ

അമ്മയ്ക്കരികിലായ്

അമ്പേറ്റടർന്ന പുത്രദാസ്യം

ലാസ്യം നീക്കിയ ഞരമ്പുവെറ്റില


മിഴിചൊല്ലുന്നിതോ മനം

പുതിയിടം പുകിലുകൾ

ഉലഞ്ഞൂ നാട്ടുമാവിൻ പൂങ്കുല

ഇടനേരത്തെവിടെയോ-

വിരൽ തൊടുന്ന

നദീതീരബാല്യം മടുപ്പ്

സംസാരസാരം മരുന്നെടുപ്പ്

പാപത്തീർത്ഥത്തിനായ്-

കൊതിപ്പങ്ക്


തീർന്നൂ കൊക്കുരുമ്മലും

പ്രാവിൻ ക്ഷീരംപകരലും

വിയോഗയോഗം കമ്പേറുപോലെ

എങ്ങോട്ടൊരുമിച്ചു-

കൂട്ടുന്നിതസ്ഥികൾ

കടൽചൊരുക്കുന്ന നേരവും.

                             - ഹരിദാസ് കൊടകര