Sunday, November 6, 2022

നവംബർ 2022

          നിയൊരിടം കയ്യേറാൻ ഇല്ലാത്തവിധം കറുത്ത് കിടക്കുന്ന കുപ്പായം കുടഞ്ഞ് ഇടുമ്പോഴും കുഞ്ഞപ്പന് അറിയില്ലായിരുന്നു ഇന്നത്തെ യാത്ര എങ്ങോട്ടാണെന്ന്., യാത്രകൾ കുഞ്ഞപ്പന് ഇഷ്ടമാണ് മണ്ണപ്പത്തിന്റെ രുചി അറിഞ്ഞകാലം തൊട്ടേ അയാൾ യാത്രകളെ സ്വപ്നം കാണാറുണ്ടായിരുന്നു. കാലം സഞ്ചരിക്കുന്ന വേഗത്തിൽ ഓടിയെത്താൻ സാധിക്കാത്തവരിൽ ഒരുവനായുള്ള ജീവിതത്തിനിടയിൽ  അയാൾക്ക്‌ എല്ലാം നഷ്ടമായി; പക്ഷേ കുഞ്ഞപ്പൻ ഒരിക്കലും നഷ്ടങ്ങളുടെ കണക്കുകൾ എഴുതിയിരുന്നില്ല . കണ്ണടയിലേക്ക് ഒന്നുകൂടെ നോക്കി നരച്ചമുടി നാരിൽ അരുമയോടെ  തലോടികൊണ്ട് അയാൾ കൂരയ്ക്ക് പുറത്തിറങ്ങി.

        മുകളിലേക്കൊന്ന് നോക്കി; തെളിഞ്ഞ മാനം കുഞ്ഞപ്പൻ മനസ്സിൽ പറഞ്ഞു "തെളിഞ്ഞ മാനം യാത്രയും തെളിഞ്ഞതാവട്ടെ..!" യാത്രയ്ക്ക് മുമ്പ് അയാൾക്കതു പതിവാണ്. "

"പുറത്തിറങ്ങി ആകാശകാഴ്ച  കാണാതെ നടക്ക് മനുഷ്യാ... "

പണ്ട് ഭാര്യ അമ്മിണി എപ്പോഴും പറയുമായിരുന്നു. കാലം ഏറെ കഴിഞ്ഞിട്ടും അമ്മിണി പോയിട്ടും ആകാശത്തേക്ക് നോക്കുമ്പോൾ അയാൾ ആ വാക്കുകൾ ഓർക്കും. അമ്മിണിക്ക് മഴയെ പേടി ഇല്ലായിരുന്നു, അത് അയാളിൽ പലപ്പോഴും ഒരു അത്ഭുതം സൃഷ്ടിച്ചിരുന്നു. ആണിനേക്കാൾ അണിഞ്ഞൊരുങ്ങി ഇറങ്ങുന്ന പെണ്ണിന് മഴയെ പേടി ഇല്ലാത്തത് എന്താ? അയാൾ പലവട്ടം ചിന്തിച്ചതാ പക്ഷേ  ഒരിക്കൽ പോലും അമ്മിണിയോട് ചോദിച്ചിരുന്നില്ല. ഇടവഴിയിലൂടെ അയാൾ നേരെ നടന്നു. വഴിയുടെ അവസാനം ഒരു കോൺക്രീറ്റ് പാതയിലേക്ക് കുഞ്ഞപ്പൻ ചുവടുവെച്ചു , പാതി വഴിയിൽ അയാളൊന്ന് തിരിഞ്ഞു നോക്കി മണ്ണിന്റെ തണുപ്പും തലോടലും ആ വരമ്പിൽ അവസാനിച്ചിരിക്കുന്നു. ആരോ ചെയ്ത സുകൃതം കൊണ്ട് മാത്രം വിട്ടു പോവാത്തൊരു വള്ളി ചെരുപ്പുണ്ട് അയാൾക്ക്. നിലം തൊടുമ്പോൾ തൊലി ഭൂമിയിൽ തട്ടും കലഹരണപെടാതിരിക്കാൻ പേരിനൊരു ചെരുപ്പ്. പുത്തൻ പാതകളിൽ കൂടി പോകുമ്പോൾ നല്ലൊരു ചെരുപ്പ് വേണം.

"കുഞ്ഞപ്പേട്ടാ... നമുക്കൊരു ചെരുപ്പ് മേടിക്കണം." യാത്ര പോകുമ്പോൾ മാത്രം ഇട്ടാൽ പോരെ ഒരുപാട് ഇട്ടാൽ തേഞ്ഞു ഇല്ലാണ്ട് ആവുന്ന് കഴിഞ്ഞ യാത്രയിൽ പട്ടണത്തിൽ വെച്ച് കണ്ട കച്ചോടക്കാരൻ പറഞ്ഞു. "അടുത്ത യാത്രയ്ക്ക് കൂട്ടിവെച്ച കാശിൽന്ന് കൊറച്ചെടുത്ത് ഞാൻ മേടിക്കുംട്ടോ.."
അന്ന് പറഞ്ഞത് പോലെ അമ്മിണി ചെരുപ്പ് മേടിച്ചു. ചെരുപ്പ് മാത്രമല്ല വീട്ടിലെ മുല്ല വള്ളികൾ വരെ അവളുടെ ആവശ്യങ്ങൾ ആയിരുന്നു  പിന്നീട് അവ ഓരോന്നും എനിക്കും ആവശ്യമുള്ളത് പോലെ തോന്നി. വെയിൽ ഒന്നുകൂടെ കനത്തു വഴിയരികിൽ ഒരു ശിവ ക്ഷേത്രം ഉണ്ട് അതിന്റെ ഇടതു ഭാഗം ചേർന്നൊരു കുളവും. അവിടെയിരിക്കാം വഴി മുട്ടുമ്പോൾ ശിവനെക്കാൾ ഏറെ സഹായിച്ചിട്ടുള്ളത് ഈ അമ്പലകുളമാണ്. പല യാത്രകളുടെയും തുടക്കവും അമ്മിണിയെ ആദ്യമായി കണ്ടതും എല്ലാം കുളക്കരയിൽ നിന്നായിരുന്നു. അയാൾ ഒരു ദീർഘശ്വാസം എടുത്തു. ഓർമകളുടെ ഭാരം ചുമലിൽ ഉള്ളതുകൊണ്ടാവണം അയാൾ കുനിഞ്ഞു ഇരിക്കാൻ ഏറെ കഷ്ടപ്പെട്ടു. പടവുകൾക്ക് ഇപ്പോൾ ആ പഴയ പ്രൌഡി ഇല്ല, ചുറ്റുമുണ്ടായിരുന്ന കറുക പുല്ലുകളും പോയിരിക്കുന്നു. പണ്ട് എന്ത് രസമായിരുന്നു നേരം പുലരുന്നതുമുതൽ ആളുകളുടെ തിരക്കാ സൊറ പറയാനും കേൾക്കാനും പ്രേമിക്കാനും ഒക്കെ ..!

       "പ്രേമം "..! അയാൾ ഒന്നുകൂടെ പറഞ്ഞു കല്പടവുകൾക്ക് താഴെ തെളിനീരിൽ കലുഷിതമായ തന്റെ മുഖം കുഞ്ഞപ്പൻ നോക്കി നിന്നു. ആ വാക്ക് അയാൾക്ക് പരിചിതമായിരുന്നു അമ്മിണിയിലൂടെ അയാളത് അറിഞ്ഞതാണ് പക്ഷേ അമ്മിണിയത് അറിഞ്ഞിരുന്നോ?അറിയില്ല. കൂരയിലെ കട്ടിലിൽ വേദനിച്ചു പിടയുന്ന അവസാന നാളിലും കുഞ്ഞപ്പേട്ടാന്നുള്ള നീട്ടിവിളിക്കി മറുപടിയായി അവൾ കേൾക്കാൻ ആഗ്രഹിച്ചത് പ്രണയാർദ്രമായൊരു മറുവിളി ആയിരിക്കുമോ. അയാൾ പൊട്ടിക്കരഞ്ഞു ധാരയായി ഒഴുകിയ കണ്ണീർ മുഖത്തെ ചേറിനുമുകളിലൂടെ കീഴ്ച്ചുണ്ടിലെത്തി. കുഞ്ഞപ്പൻ ഇരുന്നതിലും വേഗം എഴുന്നേറ്റു. എനിക്ക് സ്നേഹത്തോടെ പറയണം അമ്മിണിയോട്‌ അവളെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നെന്ന് എന്റെ യാത്രകളെക്കാൾ ഒരുപാട് ഒരുപാട് സ്നേഹിച്ചിരുന്നെന്ന്‌. അയാൾ വിളിച്ചു പറഞ്ഞു. ഇടറിയ കാലുകൾ ദിശ തെറ്റാതെ മുമ്പോട്ട് അയാളെയും വഹിച്ച് പോയ്കൊണ്ടിരുന്നു അയാളുടെ ബുദ്ധി മനസ്സിന്റെ തടവറയിൽ ബന്ധിക്കപ്പെട്ടിരുന്നു. ഇടയ്ക്കെപ്പഴോ  ബോധമനസ് പറഞ്ഞു "കുഞ്ഞപ്പാ അമ്മിണി ഇന്ന് ഇല്ല മരിച്ചവരെ നിനക്ക് കാണാൻ കഴിയില്ല".

" ഇല്ല കഴിയും" കുഞ്ഞപ്പൻ സ്വയം പറഞ്ഞു. അയാൾ വായിച്ചിട്ടുണ്ട് മരിച്ചവരെ കാണുന്നൊരു മയികലോകത്തെക്കുറിച്ച് ഉറക്കെ വിളിക്കുമ്പോ മറുവിളി കേൾക്കുന്ന താഴ്‌വരകളെകുറിച്ച്. കുഞ്ഞപ്പൻ പ്രതീക്ഷയുടെ വരമ്പ് പിടിച്ചു നടന്നു കാട് കയറി മലയിറങ്ങി അയാൾ ഒരു താഴ്‌വര കണ്ടു. ചുറ്റിലും മേഘകൊട്ടാരങ്ങൾ ഭൂമിയിൽ അയാൾ അറിഞ്ഞിട്ടില്ലാത്തൊരു സുഗന്ധം പരക്കുന്നിടം. കുഞ്ഞപ്പൻ തളർന്നിരുന്നു കണ്ണുകൾ പാതി അടഞ്ഞിടും മുമ്പ് ഒരു കൂട്ടം നിസ്സഹായരായ മനുഷ്യരെ അയാൾ കണ്ടു അവരാരും മരിച്ചവരല്ലായിരുന്നു മരിച്ചവരെ തേടി വന്നവരായിരുന്നു.