Saturday, April 29, 2023

2023 April

 


അന്ന്, ഞാൻ എട്ടാംക്ലാസ്സിൽ പഠിപ്പിക്കുമ്പോഴാണ് ടിനു യോഹന്നാൻ എന്ന കുട്ടിയെ ആദ്യമായി കാണുന്നത്. പുതിയ അദ്ധ്യയനവർഷാരംഭമായിരുന്നു. ഞാൻ അവന്റെ ക്ലാസ്ടീച്ചറും. ഒരുദിവസം ക്ലാസ്സിലെ കുട്ടികളോടെല്ലാവരോടുമായി ഞാനൊരു ചോദ്യം ചോദിച്ചു:

"നിങ്ങൾക്കൊക്കെ ഭാവിയിൽ ആരാകാനാണാഗ്രഹം? മുമ്പ് ചെറിയക്ലാസ്സിലായിരിക്കുമ്പോൾ പല ടീച്ചേഴ്സും ഈ ചോദ്യം നിങ്ങളോടു ചോദിച്ചിരിക്കാം. നിങ്ങൾ, നിങ്ങളുടെ അന്നത്തെ പ്രായത്തിനനുസൃതമായ മറുപടിയും പറഞ്ഞിരിക്കാം. ഇപ്പോൾ നിങ്ങൾ വലിയകുട്ടികളായി. കുറച്ചുകൂടി പക്വതയും അറിവും നേടിക്കഴിഞ്ഞു. അതുപോലെ, നിങ്ങളുടെ ആഗ്രഹങ്ങൾക്കും മാറ്റം സംഭവിച്ചിരിക്കാം. ശരിയല്ലേ?"

കുട്ടികൾ പരസ്പരം നോക്കി. ചിലർ, ശരിയാണെന്ന മറുപടിയും നല്കി. ചിലർ എന്തൊക്കെയോ പിറുപിറുത്തു. ഞാൻ,  ഓരോരോത്തരോടായി ആഗ്രഹം പറയുവാനാവശ്യപ്പെട്ടു. കേട്ടുപഴകിയതിൽനിന്നും വ്യത്യസ്തമായ മറുപടി കുറവായിരുന്നു എന്നുതന്നെ പറയാം. ഡോക്ടറും എഞ്ചിനീയറുമായിരുന്നു അധികവും. ചിലർക്ക് സിനിമാനടനാകണമെന്ന ആഗ്രഹവുമുണ്ടായിരുന്നു.

ടിനുവിന്റെ ഊഴമെത്തിയപ്പോൾ അവൻ എഴുന്നേറ്റുനിന്നുപറഞ്ഞു:

"മാഷേ, എനിക്ക് ആംബുലൻസിന്റെ ഡ്രൈവറാകണം."

ക്ലാസ് ഒന്നടങ്കം ചിരിഘോഷം മുഴക്കി. ടിനു പുഞ്ചിരിച്ചതേയുള്ളൂ.

"അതെന്താ, ആംബുലൻസിന്റെ സ്പീഡുകണ്ടിട്ടാണോ? വേറെ വണ്ടികളൊന്നും ഇഷ്ടമല്ലേ?"

ഞാനും ചിരിച്ചുകൊണ്ടു ചോദിച്ചു. കുട്ടികൾ വീണ്ടും ചിരിച്ചു.

"അതല്ല മാഷെ. അത് ജീവൻ രക്ഷിക്കണ വണ്ടിയല്ലേ."

അവന്റെ മറുപടിയും മുഖഭാവവും ഇപ്പോഴും മനസ്സിൽ തെളിഞ്ഞുനില്പുണ്ട്. ടിനുവിന്റെ മറുപടികേട്ടപ്പോൾ ഒരു കുട്ടിപോലും പിന്നീട് പരിഹസിച്ചില്ല. അന്നുമുതൽ അവനായിരുന്നു ആ ബാച്ചിലെ ഹീറോയായി എന്റെയുള്ളിൽ നിറഞ്ഞുനിന്നത്. മുപ്പത്തഞ്ചുവർഷത്തെ അദ്ധ്യാപനത്തിനിടെ പലകുട്ടികൾക്കും ഞാൻ ക്ലാസ്ടീച്ചറായിരുന്നു. റിട്ടെയർമെന്റിനുശേഷമുള്ള യാത്രാവേളകളിൽ ചിലപ്പൊഴൊക്കെ ഞാൻ പഠിപ്പിച്ചിരുന്നകുട്ടികൾ എന്നെക്കാണുമ്പോൾ അരികത്തുവരും. 

"മാഷെ, ഞാൻ റാഷിദാണ്. മാഷിന്റെ ക്ലാസ്സിലായിരുന്നു പഠിച്ചിരുന്നത്."

"എന്റെപേര് സുതീഷ്. തൊണ്ണൂറിലെ ബാച്ച്. എട്ടിൽ മാഷിന്റ ക്ലാസ്സിലായിരുന്നു."

ഇങ്ങനെ പലകുട്ടികളും സ്വയം പരിചയപ്പെടുത്തും. ചിലരെ ഓർമ്മയിൽ വരുമെങ്കിലും ഭൂരിഭാഗവും ഞാൻ മറന്നുതുടങ്ങിയിരിക്കും. 

ഏതാനും വർഷംമുമ്പ് ഞങ്ങൾ കുടുംബസമേതം പഴനിയ്ക്കു യാത്രപുറപ്പെട്ടു. തിരിച്ചുവരുംവഴി ഗോവിന്ദാപുരത്തുവെച്ച് ഞങ്ങളുടെ വാഹനം ഒരപകടത്തിൽപ്പെട്ടു. മറ്റൊരു ടൂറിസ്റ്റുബസ് ഞങ്ങളുടെ വാഹനത്തിലിടിക്കുകയായിരുന്നു. എന്റെ മകനാണ് കാർ ഡ്രൈവ് ചെയ്തിരുന്നത്. അവന്റെ അരികിലിരുന്ന എനിക്കായിരുന്നു കൂടുതൽ പരിക്കേറ്റത്. മറ്റുള്ളവർക്ക് ചെറിയ പരിക്കുകളേയുണ്ടായുള്ളൂ. ബസ്സിലെ യാത്രക്കാർക്ക് യാതൊന്നും സംഭവിച്ചില്ല. പ്രായാധിക്യത്താലാവാം, ഞാൻ അബോധാവസ്ഥയിലായി. പിന്നീട് സംഭവിച്ചതൊന്നും ഞാൻ നേരിട്ടറിഞ്ഞില്ല. മൂന്നാഴ്ച തൃശ്ശൂർ മെഡിക്കൽക്കോളേജിലായിരുന്നു ചികിത്സ. ഇടതുകാലിന്  ആഖാദമേറ്റിരുന്നുവെങ്കിലും, ഡോക്ടറുടെ നിർദ്ദേശങ്ങൾ അതേപടി കൈക്കൊള്ളുമെന്ന് ഉറപ്പുണ്ടെങ്കിൽ, വീട്ടിലേയ്ക്കുപോകാമെന്ന് ഡോക്ടർ സമ്മതിച്ചു. ഹോസ്പിറ്റലിലെ അന്തരീക്ഷം എന്നിൽ വല്ലാതെ അസ്വസ്ഥതയുളവാക്കിയിരുന്നു. അതിനാലാണ്, കഴിയുന്നതുംവേഗം വീട്ടിലേക്കുമാറാമെന്നു തീരുമാനിച്ചത്. കാലുമടക്കാനാകാത്തതിനാൽ ആംബുലൻസ് നിർദ്ദേശിച്ചതും ഡോക്ടറായിരുന്നു. 

മകനാണ് ആംബുലൻസിലെ ഡ്രൈവറുമിയി സംസാരിച്ചത്. കാറിന്റെ അറ്റകുറ്റപ്പണികൾ കഴിഞ്ഞിരുന്നില്ല. അതിനാൽ, മകൻ ബുള്ളറ്റിലാണ് വന്നത്. ആംബുലൻസിനകത്ത് എന്റെ ഭാര്യയും മകന്റെ ഭാര്യയുമാണ് കൂടെയുണ്ടായത്. മകൻ, പുറകേ വരാമെന്നുപറഞ്ഞു. ആംബുലൻസിലെ ഡ്രൈവറോടൊപ്പം മറ്റൊരാൾകൂടിയുണ്ടായിരുന്നു. 

തിരികെ വീട്ടിലേയ്ക്കുള്ള യാത്രയായതിനാൽ ആംബുലൻസിന്റെ സ്പീഡ് അല്പം കുറവായിരുന്നു. അന്നേരമാണ് ഞാൻ, എന്റെ പഴയ സ്റ്റുഡന്റായ ടിനുയോഹന്നാനെക്കുറിച്ചോർത്തത്. ആ കുട്ടി ഇപ്പോൾ എവിടെയായിരിക്കും? അവന്റെ ആഗ്രഹംപോലെ, ആംബുലൻസ് ഡ്രൈവറായിട്ടുണ്ടാകുമോ? പത്തമ്പതുവയസ്സെങ്കിലും പ്രായമായതിനാൽ, ഇപ്പോൾ നേരിട്ടുകണ്ടാലും തിരിച്ചറിയണമെന്നില്ല. ഞാൻ, ആ ആംബുലൻസിലെ ഡ്രൈവറുടെ മുഖം കാണുവാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അയാൾ ഒരിയ്ക്കല്പോലും തിരിഞ്ഞുനോക്കിയില്ല. എനിക്ക് ടിനുവിനെ മനസ്സിലായില്ലെങ്കിലും ടിനുവിന് എന്നെ തിരിച്ചറിയാനാകുമല്ലോ. ഞാനോർത്തു. അങ്ങനെയെങ്കിൽ അവൻ തീർച്ചയായും എന്നോടു സംസാരിക്കുമായിരുന്നു. എങ്കിലും, എന്റെ മനസ്സിനെ കടിഞ്ഞാണിടാൻ കഴിയാതിരുന്നതിനാൽ, ഡ്രൈവറോടുചോദിച്ചു:

" എവിടെയാണ് മോന്റെ വീട്?"

"കൊടകരയാണ് സർ." അവൻ മറുപടി പറഞ്ഞു. ആ സംസാരത്തിൽനിന്നുതന്നെ അവനൊരു ചെറുപ്പക്കാരനാണെന്നും അത് ടിനു യോഹന്നാനല്ലെന്നും ഞാൻ മനസ്സിലാക്കി. എന്നിരുന്നാലും വീണ്ടും ചോദിച്ചു:

"പേരെന്താ മോന്റെ?"

"രാഹുൽ എന്നാണ് എല്ലാവരും വിളിക്കുക. സ്ക്കൂളിലെ പേര് രാഹുൽ ടിനുയോഹന്നാൻ എന്നാണ്."

അവന്റെ മറുപടികേട്ടതോടെ എനിക്കു പറഞ്ഞറിയിക്കുവാനാകാത്തവിധം,  ശരീരം കോരിത്തരിച്ചു. ഈ യുവാവ് ടിനുവിന്റെ മകനായിരിക്കുമോ? പക്ഷേ, ടിനുവിന്റെ വീട് ആമ്പല്ലൂരിലായിരുന്നു എന്നാണോർമ്മയിൽ. 

"എന്റെയൊരു പഴയ സ്റ്റുഡന്റുണ്ടായിരുന്നു, ടിനു യോഹന്നാൻ എന്നപേരിൽ. അവനെയാണ് എനിക്ക് ഓർമ്മവന്നത്. അവന്റെ ആഗ്രഹം, വലുതാകുമ്പോൾ ആംബുലൻസുഡ്രൈവറാവണമെന്നായിരുന്നു. ഇപ്പോൾ എവിടെയാണെന്നറിയില്ല."

രാഹുൽ മറുപടിയൊന്നും പറഞ്ഞില്ല. കുറച്ചുസമയത്തേയ്ക്ക് ആരും ഒന്നും പറഞ്ഞില്ല. കുറേക്കഴിഞ്ഞ് ഞാൻതന്നെയാണ് വീണ്ടും സംസാരംതുടങ്ങിയത്. 

"ഇത്രയും തിരക്കേറിയ റോഡിലൂടെ നിരവധി വാഹനങ്ങൾക്കിടയിലൂടെ സ്പീഡിൽ വണ്ടിയോടിക്കുമ്പോൾ ഭയം തോന്നാറില്ലേ? എങ്ങനെയാണ് ഇത്രയും ധൈര്യം കിട്ടുന്നത്?"

എന്റെ ചോദ്യംകേട്ട് രാഹുൽ എന്നെനോക്കി ചിരിച്ചു. 

"മുന്നിലുള്ള വാഹനങ്ങൾ മാറിത്തരും എന്നുള്ള വിശ്വാസമാണുസാറേ അതിനുള്ള ധൈര്യം തരുന്നത്. പിന്നെ, അകത്തുള്ളത് ഒരു ജീവനാണെന്ന ഓർമ്മയും." അവൻ പറഞ്ഞു.

അവന്റെ മറുപടിതന്നെയാണ് ധൈര്യമെന്ന് എനിക്കു മനസ്സിലായി. അത്രയും കരുതലോടെയായിരുന്നു രാഹുലിന്റെ ഡ്രൈവിംഗും. തികച്ചും അഭിമാനംതോന്നിയ നിമിഷമായിരുന്നു അത്‌. എനിക്ക് അവനെ ആലിംഗനംചെയ്യണമെന്നുപോലും തോന്നി.

മാപ്രാണത്തെ എന്റെ വീട്ടിലെത്തുവോളം ടിനുവും രാഹുലുമായിരുന്നു മനസ്സുനിറയെ. വീട്ടിലെത്തി ഏല്ലാവരുംചേർന്ന് എന്നെ അകത്തെ മുറിയിൽ കിടത്തി. തിരിച്ചുപോകുംമുമ്പ് രാഹുലിനെയൊന്നു കാണണമെന്ന് ഞാൻ ഭാര്യയോടുപറഞ്ഞു.

" ആ ഡ്രൈവറുപയ്യനെ ഒന്നിങ്ങോട്ടു വിളിച്ചോളൂ. അവന് എന്തെങ്കിലും കൊടുക്കണം. നീ ആ പേഴ്സിങ്ങെടുത്തോ."

ഭാര്യ പേഴ്സുമായെത്തി എന്റെ കൈയിൽത്തന്നു. രണ്ട് അഞ്ഞൂറുരൂപയുടെ നോട്ടെടുത്തു ഞാൻ കൈയിൽ മടക്കിപ്പിടിച്ചു. കുറച്ചുകഴിഞ്ഞ് രാഹുൽ പുഞ്ചിരിയോടെ അരികിലെത്തി, ഭവ്യതയോടെ നിന്നു. 

"ഇതു മോൻ വെച്ചോളൂ. ഒരു സന്തോഷത്തിന്." ഞാൻ രുപ അവന്റെ നേർക്കുനീട്ടി. ഇരുകൈയും ചേർത്ത്അവൻ അതുവാങ്ങി തിരിച്ച് എനിക്കുതന്നെ നല്കിക്കൊണ്ടുപറഞ്ഞു:

"ഞാൻ ഇതു വാങ്ങിയതായി സാറുകരുതണം. ആംബുലൻസിലെ യാത്രക്കാരിൽനിന്ന് കാശൊന്നും വാങ്ങരുതെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. അച്ഛൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല. സാറ് നേരത്തെ പറഞ്ഞില്ലേ, ഒരു ടിനുയോഹന്നാനെക്കുറിച്ച്? അത് എന്റെ അച്ഛനാണ്. അച്ഛൻ പലപ്പോഴും സാറിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അച്ഛൻ മരിച്ചപ്പോൾ അച്ഛന്റെ ജോലി ഞാൻ ഏറ്റെടുത്തതാണ്. ഞാൻ പോകട്ടെ സാർ."

ഗദ്ഗദത്തിൽമുങ്ങിയ അവന്റെ വാക്കുകൾക്കും എന്തോ ഒരു ശക്തിയുള്ളതായി എനിക്കനുഭവപ്പെട്ടു. മറുത്തൊന്നും പറയാൻ എനിയ്ക്കായില്ല.

എന്റെ മുറിവിട്ട് അവൻ തിരിഞ്ഞുനടക്കുമ്പോൾ,  മനസ്സിൽ രാഹുലില്ലായിരുന്നു. പകരം ടിനുയോഹന്നാൻ മാത്രമായിരുന്നു.

"എനിക്കൊരു ആംബുലൻസുഡ്രൈവറാവണം മാഷെ." ആ വാക്യം എന്റെ ചെവിയിൽ മാറ്റൊലിക്കൊണ്ടു.