Sunday, May 28, 2023

2023 May

 

കഥയില്ലായ്മയുടെ കഥാകാരനെന്നാണ് രമേശൻനായരെ പൊതുവെ ആളുകൾ വിളിച്ചിരുന്നത്. അയാളുടെ കഥകളിൽ പ്രണയം മാത്രമേയുള്ളൂ എന്നായിരുന്നു അഭിപ്രായം. ആരൊക്കെ, എന്തൊക്കെ പറഞ്ഞാലും, അയാളുടെ മുഖത്ത് എപ്പോഴും നേരിയ മന്ദസ്മിതം കാണുമായിരുന്നു. പ്രണയകഥകൾ മാത്രമേ വായിക്കപ്പെടുന്നുള്ളൂ എന്നതാണ് സത്യമെന്നായിരുന്നു ആ ചിരിയുടെയർത്ഥം. ഒരു മനുഷന്റെ സ്ഥായീഭാവം ദുഃഖമാണത്രേ! രമേശൻനായരുടെ മന്ദസ്മിതത്തിലും ഒരു ദുഃഖം എവിടെയോ ഒളിഞ്ഞുകിടക്കുന്നതായി എനിക്കു തോന്നാറുണ്ട്. 

ഒരിയ്ക്കൽ രമേശൻനായർ പറഞ്ഞു:

"അനുഭവങ്ങളാണ് എന്നെയൊരു എഴുത്തുകാരനാക്കിയത്. എന്റെ ഏകസമ്പാദ്യവും അനുഭവങ്ങൾ മാത്രമാണ്. എന്നിലൂടെ, അല്ലെങ്കിൽ എന്നെ തൊട്ടു കടന്നുപോകുന്നവരുടെ ജീവിതങ്ങളിൽനിന്നാണ് ഞാൻ കഥയുടെ ക്രാഫ്റ്റ് തിരഞ്ഞെടുക്കാറുള്ളത്. അതു ചിലപ്പോൾ പ്രണയമോ വിരഹമോ, മരണമോ ആയേക്കാം".

ഞാൻ ഈ അടുത്തിടെ അദ്ദേഹത്തിന്റെ ഒരു കഥ വായിച്ചിരുന്നു, 'ബലിയാടുകൾ '. മരണത്തിന്റെയും ജീവിതത്തിന്റെയും രണ്ടുവ്യത്യസ്ത ചിത്രങ്ങൾ!  

സ്വന്തം പിതാവിന്റെ ചേതനയറ്റശരീരം വീടിന്റെയുമ്മറത്തെ ഒരു കൊച്ചു ആത്തമരത്തിൽ തൂങ്ങിനില്ക്കുന്ന ചിത്രം കാണുന്ന മകളുടെയും അവരുടെ അമ്മയുടെയും ദയനീയജീവിത്തിന്റെ നേർച്ചിത്രം. പക്ഷേ, അത് കേവലമൊരു കഥ മാത്രമായിരുന്നില്ല എന്നറിഞ്ഞത് പിന്നീടായിരുന്നു. 

മൂന്നുപെൺമക്കളെ നോക്കിവളർത്തി അവരെ വിവാഹവും ചെയ്തയച്ച ഒരു പാവം വീട്ടമ്മയുടെ കഥ അങ്ങനെയാണ് ഞാനറിയുന്നത്. വീടിന്റെ ആധാരം പണയപ്പെടുത്തിയും സഹോദരങ്ങളുടെ സഹായത്തോടെയുമായിരുന്നു

അതിനുള്ള വഴി കണ്ടെത്തിയത്. 

ജീവിതത്തിൽ വിരുന്നുകാരായി മാത്രം വരാറുള്ള സമാധാനം അവരെയും തേടിയെത്തിയെന്നു ആശ്വസിക്കുവാൻ തുടങ്ങിയതായിരുന്നു രാധയെന്ന

സ്ത്രീ. ഭർത്താവിന്റെ മദ്യപാനവും കടബാദ്ധ്യതയും കൂടിവന്നതോടെ അവരുടെ ജീവിതത്തിലെ സമാധാനാന്തരീക്ഷവും കൈവിട്ടുപോയി. ഭാര്യയും ഭർത്താവും മാത്രമുള്ള അവരുടെ വീട്ടിലെ രാത്രികൾ കണ്ണീരിന്റെയും  കലഹങ്ങളുടേതും മാത്രമായി. അവരുടെ ഏകവരുമാനമായിരുന്നു, കവലയിലുള്ള ചെറിയ പലവ്യഞ്ജനക്കട. എന്നാൽ അതിനടുത്തായി മറ്റൊരാൾ 

ആരംഭിച്ച സൂപ്പർമാർക്കറ്റ് അവരുടെ വരുമാനത്തെ സാരമായി ബാധിച്ചു. പലിശയ്ക്കു പണംവാങ്ങി കച്ചവടം നടത്തിയിരുന്ന ദാസന് പലിശയും മുതലും ബാദ്ധ്യതയായി. പോകപ്പോകെ കടവാടകപോലും നൽകുവാനാകാതെയായി. പിടിച്ചുനിൽക്കാൻ ദാസന് നിത്യവും മദ്യത്തിന്റെ സഹായം കൂടിയേതീരു എന്ന സ്ഥിതിയായി. രാധയ്ക്ക് തൊഴിലുറപ്പിലൂടെ ലഭിക്കുന്ന തുച്ഛമായ പണത്തിന് അവരുടെ പ്രശ്നങ്ങളെ പരിഹരിക്കാൻ കഴിയുമായിരുന്നില്ല. നിവൃത്തിയില്ലാതെയാവാം ദാസൻ ആത്മഹത്യ ചെയ്തത്. പക്ഷേ, അപ്പോഴും രാധ...

എന്നെയലട്ടിയത് രാധയുടെ ദയനീയരൂപമാണ്. അവരൊറ്റയ്ക്ക് എങ്ങനെ ഇതെല്ലാം നേരിടും എന്ന ചിന്ത ഒരു ചോദ്യചിഹ്നമായി എന്നിൽ അവശേഷിച്ചു. എനിക്ക് എന്തുചെയ്യാനാകും എന്നൊന്നും നിശ്ചയമില്ലെങ്കിലും, ഏതെങ്കിലും വിധത്തിൽ അവരെ ആശ്വസിപ്പിക്കുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്നായിരുന്നു മനസ്സിൽ. അതിനായി ഞാൻ രാധയുടെ വീടുതേടി യാത്രതിരിച്ചു. രാധയേയും അവരുടെ വീടുതേടിപ്പോയ യാത്രയിൽ അവിടെ ഞാൻ കാണാനിടയാകുന്ന സാഹചര്യങ്ങളും, തിരിച്ചുവന്നതിനുശേഷം എപ്പോഴെങ്കിലും രമേശൻനായരെ കാണുവാനിടവന്നാൽ പറയണം. രമേശൻനായരുടെ അടത്തകഥ അതായിരിക്കട്ടെ.

ബസ്സിറങ്ങി കവലയിൽ ആദ്യംകണ്ട ചായക്കടക്കാരനോടുതന്നെ മേൽവിലാസം തിരക്കി. 

"ഇവിടന്ന് വലത്തുമാറി കാണുന്ന നടവഴിയിലൂടെ കുറച്ചു നടന്നാൽ കാണാം. അവരിപ്പം വീടിനു വെളിയിലോട്ടൊന്നും ഇറങ്ങാറില്ലെന്നാണ് അയൽക്കാർ പറയുന്നത്. അവരുടെ ആരെങ്കിലുമാണോ ?"

"അല്ല, ഞാൻ അവരെയൊന്നു കാണാൻ വന്നതാണ്".

"നല്ലൊരു സ്ത്രീയായിരുന്നു. മുപ്പതുവർഷംമുമ്പ് അവരെ കല്ല്യാണംകഴിച്ചു ഇങ്ങോട്ടുവരുമ്പോൾ ഈ പരിസരത്തൊന്നും അവരെപ്പോലെ സൗന്ദര്യമുള്ള മറ്റൊരുപെണ്ണുമില്ലായിരുന്നു. അതിനെങ്ങനാ, ഈ കടപ്പൊറത്തെ കാറ്റേറ്റല്ലേ ഇവിടത്തുകാരുടെ ജീവിതം! അന്ന് ഞങ്ങളുടെ അയലത്തായിരുന്നു ദാസന്റെ വീട്. അവന് മഡ്രാസില് ഒരു ടീഷോപ്പിലായിരുന്നു പണി. അന്ന് അവനോട് ഞങ്ങക്കൊക്കെ കുറച്ചസൂയേം തോന്നിയിരുന്നു. അതൊരു നല്ല കൊച്ചായിരുന്നു, രാധ."

"പിന്നെ എപ്പോഴാണ് അവർ വീടുമാറിയത്?"

അയാൾ പറഞ്ഞു നിർത്തിയപ്പോൾ ഞാൻ ചോദിച്ചു.

" തറവാട് ചേട്ടനെടുത്തപ്പോ ദാസൻ ആ കൊച്ചിന്റെ കുറച്ചു പണ്ടങ്ങളൊക്കെ വിറ്റ് കൊറച്ചു കാശ് കടവും വാങ്ങിയാ ആ വീടു വാങ്ങിയത്. അന്നതിന് വെല്ല്യ വെലയൊന്നുമായില്ല കേട്ടോ, വഴി ഇല്ല്യാത്തകാരണം. വഴി കിട്ടുമെന്ന് അവര് പ്രതീക്ഷിച്ചു. പക്ഷേ, ഇന്നും അതേ കിടപ്പാണ്. ഒരു കൂര വെച്ചുണ്ടാക്കാൻ ആ കൊച്ച് ഒത്തിരി കഷ്ടപ്പെട്ടു. ഈ റോഡീന്ന് തലയ്ക്ക് ചോന്നു കൊണ്ടുപോണം, കല്ലും മണ്ണും സാമാനങ്ങളും. എല്ലാം കഴിഞ്ഞപ്പഴേക്കും ആ കൊച്ചിനെ കണ്ടാൽ തിരിച്ചറിയാതായി. പോരാത്തതിന് മൂന്നു പെങ്കുട്ട്യേള്യാ ദൈവം കൊടുത്തത്. പിന്നെ മഡ്രാസൊക്കെ വിട്ട് ഇവിടെത്തന്നെ ഒരു കടതുടങ്ങി. അതിപ്പൊ ഇങ്ങനേമായി! കഷ്ടപ്പാടുതന്നെ എന്നും."

അയാൾ വീണ്ടും നെടുവീർപ്പിട്ടു. ഒന്നും മറുപടി പറയാതെ കേൾവിക്കാരനാകാനേ എനിക്കായുള്ളൂ.

"ഞാൻ നടക്കട്ടെ? തിരിച്ചുവന്നു കാണാം."

"ശരി, പോയി വാ."

കവലയിൽനിന്നും അഞ്ചുമിനിറ്റ് നടക്കണം രാധയുടെ വീട്ടിലേക്ക്. എൺപതുകളിലെ നാട്ടിൻപുറങ്ങളെ ഓർമ്മപ്പെടുത്തുന്നതായിരുന്നു അവരുടെ വീട്ടിലേക്കുള്ള ഒറ്റയടിപ്പാത. വലിയൊരു പറമ്പിനിടയിലൂടെയായിരുന്നു ആ നടവഴി. അതിനപ്പുറത്തായി കുറച്ചുവീടുകൾമാത്രം. നിറയെ വൃക്ഷങ്ങൾ ഉണ്ടായിരുന്നതിനാൽ വഴിയുടെ ഇരുവശവും കരിയിലകൾ കുന്നുകൂടിക്കിടന്നിരുന്നു. ഓരോ പാദവും മുന്നോട്ടുവയ്ക്കുമ്പോൾ, പണ്ടെന്നോ കണ്ടുമറന്ന 'പ്രേതസിനിമ'കളെ ഓർമ്മവന്നു. ഞാനല്ലാതെ മറ്റാരും കൂടെ നടക്കുന്നില്ലെന്നുറപ്പുവരുത്താൻ പലപ്പോഴും തിരിഞ്ഞുനോക്കി.

ഓടുമേഞ്ഞ ഒരു കൊച്ചുവീടും പരിസരവും. വീട്ടുപറമ്പിലെ അതിരിലെല്ലാം കൈത തിങ്ങിനിറഞ്ഞിരുന്നു. അതു കണ്ടനേരം

രമേശൻനായരുടെ കഥയിലെ ഒരുഭാഗം എനിക്ക് ഓർമ്മവന്നു :

''ദാസൻ മദ്രാസിലേക്കു വീണ്ടും പോയെങ്കിലും അതുകൊണ്ട് സാമ്പത്തികമായി വലിയ നേട്ടമൊന്നും രാധയ്ക്കോ മക്കൾക്കോ ഉണ്ടായിരുന്നില്ല. കൈതോല ചെത്തിയെടുത്തു പായ നെയ്തായിരുന്നു അവരുടെ ഉപജീവനം കഴിഞ്ഞിരുന്നത്. എന്നിട്ടും ഒരുനേരം എന്നും പട്ടിണിതന്നെ. ആ പട്ടിണിയിലും കിട്ടുന്നതിൽ പാതി രാധ ദാസനറിയാതെ അടുക്കളയിൽ പാത്യേമ്പുറത്തു കുഴിയുണ്ടാക്കി അതിൽ ഇറക്കിവെച്ച കാശുകുടുക്കയിൽ സൂക്ഷിക്കുമായിരുന്നു. ചാണകംമെഴുകി പഴയതുപോലെയാക്കി ദാസൻ കാണാതിരിക്കുവാനായി അതിനുമുകളിൽ ഒരു മൺകലം കമിഴ്ത്തിവെയ്ക്കുമായിരുന്നു. ഒരിക്കൽ അത് ദാസൻ കാണുകയും അതെടുത്തു ചീട്ടുകളിക്കാൻ പോയതിനാലും പിന്നീട് കൂരയെ മറച്ചിരുന്ന ഓലപ്പൊത്തുകളിലായി പലയിടത്തും രാധ അഞ്ചും പത്തും ഒളിപ്പിച്ചുവച്ചു, ഒരുതരി പൊന്നെങ്കിലും തന്റെ പെൺമക്കളുടെ കാതിലോ കഴുത്തിലോ കാണാൻ. അതും ദാസൻ ഊരിവാങ്ങുമെന്ന ഭയത്താൽ, അതെല്ലാം ആങ്ങളമാർ വാങ്ങിക്കൊടുത്തതാണെന്നേ രാധ പറയൂ. പട്ടിണിയും കഷ്ടപ്പാടുകളും മാത്രം അനുഭവിക്കുവാനായി പിറന്ന ചില സ്ത്രീജന്മങ്ങൾ! എന്നിട്ടും ഏതോ ശത്രുക്കൾ അവരാരുംതന്നെ വീട്ടിലില്ലാതിരുന്ന അവസരംനോക്കി ഒരുരാത്രി ആ ഓലപ്പുരയ്ക്കു തീയിട്ടു സർവ്വതും കത്തിച്ചു ചാമ്പലാക്കി. ദാരുണമായ ആ കാഴ്ചകാണാൻ ഹൃദയമെന്ന മൂന്നക്ഷരമുള്ള ആർക്കും കഴിയുമായിരുന്നില്ല."

വീടിന്റെ ഉമ്മറത്തൊന്നും ആരെയും കണ്ടില്ല. മുൻവശത്തെ വാതിൽ പാതിചാരിയിരുന്നു. 

"ഇവിടെ ആരുമില്ലേ?"

ഞാൻ മുൻവശത്തെ വാതിലിൽതട്ടി ശബ്ദമുണ്ടാക്കിക്കൊണ്ടു ചോദിച്ചു. അല്പനേരത്തെ ഇടവേളയ്ക്കുശേഷം ഏകദേശം 60-65വയസ്സ് പ്രായം തോന്നിക്കുന്ന ഒരു വെളുത്തുമെലിഞ്ഞു കവിളെല്ലുകളൊട്ടി, കൺതടം കറുത്തു, പകുതിനരച്ച തലമുടിയുമായി, പഴയൊരു മാക്സിയ്ക്കു ജീവനുണ്ടെന്നു തോന്നിപ്പിക്കുന്ന ഒരു സ്ത്രീരൂപം, വാതിൽ മെല്ലെത്തുറന്നു വന്നു. 

ആ രൂപം ദർശിച്ചമാത്രയിൽത്തന്നെ

ഞാൻ അവിടെ വന്നതെന്തിനെന്നോ, അവരോടെന്താണു പറയേണ്ടതെന്നോ അറിയാതെ കുറച്ചുസമയം അവരെ നോക്കിനിന്നുപോയി. 

"കാശിനാണെങ്കിൽ നാളെ ഉച്ചയ്ക്കുമുമ്പു വന്നാമതി. അപ്പോഴേ കിട്ടുള്ളൂ."

എന്റെ മുഖത്തുനോക്കാതെതന്നെ ആ സ്ത്രീ പറഞ്ഞു. അടൂർ ഗോപാലകൃഷ്ണന്റെ ഏതോ സിനിമയിൽ കണ്ടതുപോലൊരു സ്ത്രീരൂപം! 

ആ സ്ത്രീ വാതിലടയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഞാൻ പറഞ്ഞു:

"ഞാൻ വന്നത് കാശിനുവേണ്ടിയല്ല."

എന്റെ മറുപടി അപ്രതീക്ഷിതമായതിനാലാവാം, ഒരു ചോദ്യരൂപേണ അവർ തിരിഞ്ഞുനിന്ന് എന്റെ മുഖത്തേക്കു നോക്കിനിന്നു. 

"ഞാൻ എന്തെങ്കിലും സഹായം ചെയ്തുതരേണ്ടതുണ്ടോ? എന്നെക്കൊണ്ടാകുന്നതുപോലെ എന്തെങ്കിലും?" ഞാൻ നിർത്തിനിർത്തി ചോദിച്ചു. 

ആ സ്ത്രീ ചിരിക്കുവാൻ ഒരു പാഴ്ശ്രമം  നടത്തുന്നതു ഞാനറിഞ്ഞു. 

"ഇന്നൊന്നും വേണ്ട. നിങ്ങൾ നാളെ കാലത്തുവരൂ."

അവർ ആ പഴയവാതിലിന്റെ കരച്ചിലൊതുക്കി അകത്തേക്കു പോയി.

ഇനിയും അവിടെനിന്നിട്ട് എന്തെങ്കിലും പ്രയോജനമുണ്ടെന്നു എനിക്കു തോന്നിയില്ല. എന്താണ് അവർ നാളെ വരാൻ പറഞ്ഞത്? നാളെ ആരായിരിക്കും അവർക്കു പണമെത്തിക്കുക എന്ന് ഞാൻ ചിന്തിച്ചു. ആരെങ്കിലും അവരെ സഹായിക്കാൻ വരുമോ? ആ ചിന്തകളൊടെ ഞാൻ മെല്ലെ തിരിഞ്ഞുനടന്നു. അപ്പോഴാണ് വീടിന്റെ ഉമ്മറത്ത് തെക്കെ മൂലയിലായി അല്പം ചരിഞ്ഞുനില്ക്കുന്ന ചെറിയ ആത്തമരം ദൃഷ്ടിയിൽപ്പെട്ടത്. അതിൽ തൂങ്ങിയാണ് അവരുടെ ഭർത്താവ് ആത്മഹത്യചെയ്തതെന്ന് എനിക്ക് ഓർമ്മവന്നു .

അപ്പോഴും മരണത്തിന്റെ കരിനിഴൽ അവിടെയെങ്ങോ പതിയിരിക്കുന്നതായി എനിക്കു തോന്നി. എന്തായിരിക്കും ദാസൻ പറയാതെ ബാക്കിവച്ചത്? 

ജീവിതത്തിന്റെ കാണാക്കയങ്ങളിൽ ദുരന്തങ്ങൾ മാത്രം ഏറ്റുവാങ്ങാനായി ജന്മമെടുത്ത നിരാലംബയായ ആ സ്ത്രീയെ പ്രതീക്ഷിച്ചെന്നപോലെ, മുറിച്ചുമാറ്റിയ ആ വൃക്ഷത്തിൽ അപ്പോഴും ഒരുശിഖരം ബാക്കിയുണ്ടായിരുന്നു. 















No comments:

Post a Comment