Saturday, February 20, 2021

സുഗതകുമാരി

 

എളിമയെന്ന വാക്ക് അവജ്ഞയോടെ തള്ളിക്കളഞ്ഞ മനുഷ്യരാശിയോട് സുഗതകുമാരി ടീച്ചർക്ക് ഒന്നും പറയാനില്ല. ഭൂമി സർവ്വനാശത്തിേലേക്ക് ഉരുളുമ്പോൾ ,മക്കൾ നിലവിളിക്കുമ്പോൾ, എങ്ങും ദുർഗന്ധപൂരിതമായ കാറ്റു വീശുമ്പോൾ ജാഗ്രത എന്നു മാത്രമാണ് പറയാനുള്ളത്. വികസനം എന്നാൽ ശുദ്ധമായ പ്രാണവായു, ശുദ്ധമായ വെള്ളം, ശുദ്ധമായ അന്നം എന്നിവയാണ് പ്രധാനം. മനുഷ്യസമൂഹത്തിന്റെ നിലനില്പിനു മാത്രമല്ല, സർവജീവജാലങ്ങളുടെയും നിലനില്പിന് ഏറ്റവും പ്രാധാന്യം നല്കേണ്ടത് ഇവ മൂന്നിനും തന്നെയാണ്. എന്നാൽ പ്രലോഭനങ്ങൾക്കു മുൻപിൽ അന്ധനും ബധിരനും മൂകനുമായിത്തീർന്ന മനുഷ്യൻ പ്രകൃതിക്കു വിപരീതമായി പ്രവർത്തിക്കുന്നു. അവന് നഷ്ടപ്പെടുന്നതെന്തെന്ന് അവൻ അറിയുന്നില്ല.

കാവ് തീണ്ടല്ലേ എന്ന്, പറഞ്ഞും എഴുതിയും പഠിപ്പിച്ച കവയിത്രി സുഗതകുമാരിയുടെ കുടുംബക്കാവിലെ മരങ്ങളും വള്ളികളും ഇനി ഓർമ്മയാവുകയാണ്. പുരാവസ്തുവകുപ്പ് നടത്തിയ നവീകരണത്തിനിടയിലാണ് വാഴുവേലിൽ തറവാട്ടിലെ കാവിലെ മരങ്ങളും മറ്റും വെട്ടിമാറ്റിയത്. പ്രകൃതിക്കും ജീവജാലങ്ങൾക്കും വേണ്ടി നിലകൊണ്ട സുഗതകുമാരി ടീച്ചറുടെ ശബ്ദത്തിന്റെ മുഴക്കം തീരുംമുൻപാണ് ആരെയും വേദനിപ്പിക്കുന്ന ഈ നടപടി.

കാവിലേയും പരിസരത്തേയും മരങ്ങളും മറ്റും സംരക്ഷിക്കുന്ന നിലപാട് സുഗതകുമാരി ടീച്ചർ അവസാന നാളുകൾ വരെ തുടർന്നിരുന്നു. തനിമ നഷ്ടപ്പെടുത്തിയുള്ളതൊന്നും പാടില്ലെന്ന് കർശന നിർദേശവും നൽകിയിരുന്നതാണ്.

പുരാവസ്തുവകുപ്പ് നടത്തിയ നവീകരണത്തിനിടയിലാണ് മലയാളത്തിന്റെ പ്രകൃതിക്കും ജീവജാലങ്ങൾക്കും വേണ്ടി നിലകൊണ്ട കവിയുടെ കുടുംബക്കാവിലെ മരങ്ങളും വള്ളികളും വെട്ടിമാറ്റിയത് എന്നതാണ് വിചിത്രം.

സുഗതകുമാരി ടീച്ചറുടെ തറവാട് കേരളത്തിന്റെ സാമൂഹിക സാംസ്കാരിക ചരിത്രവുമായി ഇഴകി ചേർന്ന് നിൽക്കുന്നതാണ്.  ടീച്ചർ നമ്മളോട് വിടപറഞ്ഞ് ഏതാനും ദിവസത്തിനകം തന്നെ അരങ്ങേറുന്ന  ഇത്തരം  സംഭവങ്ങൾ വേദനാജനകം തന്നെ. പ്രകൃതി ചൂഷണത്തിനെതിരെ എന്നും ശക്തമായി പ്രതികരിച്ചവരാണ് ടീച്ചർ. ആറന്മുള വിമാനത്താവളമായാലും വനംകൊള്ളയായാലും എല്ലാത്തിനെയും ആദ്യം എതിർത്തത് ടീച്ചറായിരുന്നു. കാവുകളും കുളങ്ങളും പ്രകൃതിയും സംരക്ഷിച്ചു പോയിരുന്ന ടീച്ചറുടെ സ്വന്തം കാവ് പോലും നശിപ്പിക്കപ്പെടുകയാണ് ഇന്ന്. പ്രകൃതി അമ്മയാണെന്നും അമ്മയെ മുറിപ്പെടുത്തരുതെന്നും പറഞ്ഞികൊണ്ടിരിക്കുന്ന ഒരാള്‍. തപ്തമായ ആ മനസ്സിന്റെ തേങ്ങലുകള്‍ അക്ഷരരൂപത്തിൽ നമ്മുടെയൊക്കെ മാനസങ്ങളിൽ പരിവർത്തനങ്ങൾ സൃഷ്ടിച്ചവയാണ്. 'കാവ് തീണ്ടല്ലേ' എന്നു പറഞ്ഞ കവയിത്രിയോട് തന്നെ ഇങ്ങനെയൊരു ക്രൂരത വേണ്ടിയിരുന്നോ എന്ന് പലരും ചിന്തിക്കേണ്ടിയിരിക്കുന്നു.

  - സാനിയ കെ ജെ,

എഡിറ്റർ.                                                                                      ________________________________

കവയിത്രിയുടെ കാവ് നവീകരണത്തിന്റെ ഭാഗമായി കോൺക്രീറ്റ് കാവാക്കി മാറ്റിയ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കവിമനസ്സുകൾ ഒരുമിക്കുന്നു.

കവിതകൾ വായിക്കാം.


______________

ഭരണതന്ത്രം 

കവിതയെ കൊല്ലാനൊക്കില്ല.

അപ്പോൾ,

കവിത തോന്നിച്ച

കാവിനെ കൊല്ലുക.


കാവിൽ,

കരിങ്കുടപോലെ തൂങ്ങുന്ന

മടിയൻ വവ്വാലുകളെ കൊല്ലുക.

ഉറക്കം തൂങ്ങി,

കുറുകിയിരിക്കുന്ന

കാട്ടുപിറാവുകളെ കൊല്ലുക.

കുരുത്തോലവാൽ വീശി,

പറന്നുപായുന്ന

വെള്ളവാലൻ കിളികളെ കൊല്ലുക.

കാവുതീണ്ടരുതേയെന്ന്

സദാ വഴക്കിട്ട് ചിലയ്ക്കുന്ന

അണ്ണാറക്കണ്ണനെ കൊല്ലുക.

മൺപുറ്റുകളിൽ

രാമായണം ചൊല്ലുന്ന

ചിതലുകളെ കൊല്ലുക.


കരുതലായൊരു

കോൺക്രീറ്റ് കാവുകെട്ടുക.

സിമന്റ് പാമ്പുകളെ 

കുടിയിരുത്തുക.

അവ,

അരുതേയെന്ന്

നിലവിളിക്കില്ലല്ലോ.


കാവിനും കാടിനുമായി

കരയുന്ന

കവയിത്രി മരിച്ചുപോയല്ലോ.

                           - ശ്രീജിത്ത്‌ മൂത്തേടത്ത്

___________________________________________________

കവിയുടെ കാവ്

കവികൾ കാലത്തെ നയിച്ചവരായിരുന്നു

അവർ കാലയവ്വനികക്കുള്ളിലും ജീവിക്കും.

കാവുകൾ ഭൂമിയുടെ കരുതലായിരുന്നു

മഴയും കുളിരും

 മരവും തണലും

പൂവും കായും തരുന്ന

പൂങ്കാവനങ്ങളായിരുന്നു.

അവിടെ നാഗങ്ങൾ കാവലുണ്ടായിരുന്നു

വവ്വാലുകൾ പുതു

വിത്തുകൾ പാവുമായിരുന്നു.

അണ്ണാരകണ്ണൻമാർ 

കിന്നാരം പറഞ്ഞും

തത്തകൾ കഥ മൊഴിഞ്ഞും

ഉറുമ്പുകൾ ചിതൽപുറ്റിൽ

പുരാചരിതം രചിക്കുമായിരുന്നു.


അതിഭൗതിക വിപ്ലവകാരികൾ

കാവുകളിൽ കണ്ണുവെച്ചു.

അവിടത്തെ നാഗതറയും

തുളസിതറയും

പുല്ലും പുഷ്പവും 

മരങ്ങളൊരുക്കിയ ഇരുട്ടും

അന്ധവിശ്വാസത്തിന്റെ അന്ധകാരമായി കണ്ടു.

കാവലിരുന്ന നാഗങ്ങളെ

ശിവകണമാണെന്ന് വിധിയെഴുതി

ആടിയുലാത്തുന്ന വവ്വാലുകളിൽ

നിപയെന്ന ശത്രുവിനെ കണ്ടു.

അപരിചിതരെ കാണുമ്പോൾചിലക്കുന്ന അണ്ണാരകണ്ണൻമാർ

ശ്രീരാമന്റെ അരുമകളാണല്ലോ?

പാറി കളിക്കും ശാരികപൈതലിൽ

രാമായണം പാടിയ 

കുറ്റം ചാർത്തി

പുറ്റുണ്ടാക്കുന്ന 

ഉറുമ്പുകൾ വീണ്ടും

പുരാണങ്ങൾ ഓർമ്മിപ്പിക്കുന്നുവത്രെ

കാവിനായി നിലകൊണ്ട

കവിയിൽ

കൃഷ്ണഭക്തിയാണ് കുറ്റം.


അവർ കവിയുടെ

കാവ് വെട്ടിനിരത്തി.

അവിടെ പുല്ലുമുളക്കാത്ത

പൂ വിരിയാത്ത

മരം വളരാത്ത

"അത്യാധുനിക " 

കാവുണ്ടാക്കി 

സനാതനത്തിന്റേയും ശാസ്ത്രത്തിന്റേയും പൊക്കിൾകൊടിമുറിച്ച്,

ഭൗതികതയുടെ ലഹരി നുകർന്ന്

വിപ്ലവത്തിന്റെ വീരഗാഥ പാടി.

                                  - അഡ്വ.ഹരിദാസ് എറവക്കാട്

___________________________________________________

നവോത്ഥാന കാവ്

കാവാണത്രേ കാവ് !

പേരറിയാവള്ളികൾ പടർന്ന്കാടുകയറി

ഇരുൾമൂടി

പാഴ്മരകൂട്ടങ്ങളിൽ

തള്ളചൊല്ലാ  കൂട്ടങ്ങളുമായി

 കാവാണത്രേ കാവ് !

വിഷംചീറ്റും  നാഗക്കൂട്ടങ്ങളും

കണ്ടാലറയ്ക്കും വാല്മീകങ്ങളും

 കരിങ്കൽപ്രതിമകളും

 കാവാണത്രേ കാവ് !

 നവോത്ഥാന സൗന്ദര്യമില്ല

 പുരോഗമന ദൃഷ്ടാന്തമല്ല

 ഇതിന്നിന്റെ കാവ്,

മരുഭൂമിയിൽ ചായംതേച്ച

പ്രതിമകളും

 മണ്ണിൽതൊടാ മനുഷ്യർക്ക്

കരിങ്കൽവിരിച്ച വഴികളും..

ഇതാണത്രേ നവോത്ഥാന കാവ് !

                                      - മനോജ്‌ ആറന്മുള

___________________________________________________

കാവുകളുലയുമ്പോൾ

നോക്കൂ, കൂട്ടരേ...,

കാവുകളുലയുന്നത്,

നാഗത്താന്മാരലയുന്നത്..

കവികൾ കലമ്പുന്നു,

കാവ്യം തിരയുന്നു..!

വിഷം ചീറ്റും മനുഷ്യനാഗങ്ങൾ

വത്മീകങ്ങൾ തച്ചുടക്കുന്നു,

കാവുകൾ തീണ്ടുന്നു..!

മരങ്ങളുലയുമ്പോൾ പക്ഷിമൃഗാദികൾ അശരണരാവുന്നു..!

പ്രതിഷേധക്കുറുകൽ, ഞരക്കങ്ങൾ, ചെവിയിലലയ്ക്കുന്നു..!

വൈകിയിട്ടില്ല കൂട്ടരേ..,

വെട്ടിനിരത്തൽ നിറുത്തീടുക,

കാവുകളുറങ്ങട്ടെ സ്വൈര്യം..!

കാക്കാം കാവിൻ മഹത്വം..!

ജീവജാലങ്ങൾതൻ ജീവനം..!

                              - ശുഭ കൊടക്കാട് (സുഭദ്ര)

___________________________________________________

വികസനം

വിത്തുകൾക്ക് ‘പേറ്റന്റ്‌’ കിട്ടിയോ..?

കണിക്കൊന്ന ആകുലയായി.

ചൈനാപ്പടക്കത്തിന്റെ

ശ്വാസം മുട്ടലിൽക്കിതച്ച്

വിഷുപ്പക്ഷി മുരണ്ടു..

കൈക്കോട്ട് തുരുമ്പിച്ചു

തായും കലപ്പയും ചിതലരിച്ചു

കമ്പനി തരും

വിത്തും കളയും കളനാശിനിയും.

മരവും മൃഗവുമല്ല

മനുഷ്യനത്രേ പ്രധാനം!

മനുഷ്യനും ഒരു മൃഗമാണോ..?

അല്ലെന്നാണോ..?

ആണെന്നാണെങ്കിൽ

കാട്ടുനീതിയെങ്കിലു-

മറിയണം

കാടരിഞ്ഞ്, മുളയെരിച്ച്

കാവുതീണ്ടി വേരറുത്ത്

കപ്പയും റബ്ബറും നട്ട് നട്ട്

പാലുറഞ്ഞു കോൺക്രീറ്റായി

ഇപ്പോൾ,

വൈരുദ്ധ്യാത്മക ഭൗതികവാദവും

വർഗ്ഗ സിദ്ധാന്തവും

ഉത്തരാധുനികതയും കൂടി

കാവുകളുടെ ‘സെൻസസിന്’

ഇറങ്ങിയിട്ടുണ്ടത്രേ..

കുടയെടുത്തിട്ടുണ്ടോ എന്തോ..

ആഗോളതാപനമല്ലേ..

സൂര്യാതപമേൽക്കും!

ഇനി,

നാഗരാജാവും യക്ഷിയും

നാഗമാതാവും ‘നോട്ടീസ്’

കൈപ്പറ്റി കുടിയിറങ്ങണം.

മേലിൽ, കാവിന്റെ ഭരണം

വെറും നീർക്കോലികൾക്കത്രെ!

                        (ചിരുതേയി)

___________________________________________________

കാവ് ബലി

അലയടിക്കുന്നുവെങ്ങും

കരൾ പിളരും ഗദ്ഗദം

ആറന്മുളയിലെ വാഴൂർ-

ക്കാവിലെ തേങ്ങലുകൾ


പ്രാണവായു തരുന്നോരെ

തൊഴുതു വന്ദിക്കുമമ്മ,

ഉയിരിൻ ഉണ്മയായിരുന്നു

കാവിൻ കാവലാളായിരുന്നു


കാടിന് കവിത ചമച്ചു

പാടി നടന്നു വലഞ്ഞവൾ...

ഒളിഞ്ഞൊന്നു നോക്കിരസിച്ചു

ഇലച്ചാർത്തിനിടയിലൂടെ...


ശാന്തി മന്ത്രങ്ങളോതുന്ന ജീവന ഔഷധങ്ങൾ,

കുരുവി,നാഗം,ചെറുജീവികളും

കുഞ്ഞൊരു കാട് ശുദ്ധവായു...


പെരുവെളളപ്പാച്ചലിൽ 

ഉടയാടയുരിയാതെ കാക്കും

കാവിൻ്റ പാദപങ്ങൾ

പ്രകൃതീശ്വരി വാഴുമിടം...


ജീവിതം സമരഭൂമിക-

യാക്കിത്തലോടുമമ്മ

മൺമറഞ്ഞ് കനലാറും മുമ്പേ

നന്മകളെല്ലാം വെട്ടിവീഴ്ത്തി!


ഇഷ്ടക്കാവൊന്നുകാണുവാൻ

കവിതന്നാത്മാവ്

കാകമായെത്തി കാലൂന്നാനാകാതെ

കരളുപൊടിഞ്ഞലമുറയിട്ടു...


കൃഷ്ണവനത്തിലെ വാന -

മ്പാടിതൻ ത്യാഗം ജലരേഖയായ്

പുതു നാട്യങ്ങളാലെ

കാവിൻ വിസ്മയമസ്തമിച്ചു!


കാവുകൾ തീണ്ടുന്നോർ,

പ്രാണവായു കെടുത്തി,

ജലകുംഭമടച്ചു വെച്ചു!

ഭസ്മാസുരനടനമാടി...!!


അമ്മമടിത്തട്ടിന്ന് സ്വന്തം,

മഴുവേന്തും നരനുമാത്രമെന്നോ?

സ്വാർത്ഥതപൂത്ത മനുഷ്യൻ

തലകീഴായാടും വവ്വാലോ.!

                          - അജിത രാജൻ 

___________________________________________________

സുഗതം ക്ഷമ

(സുഗതകുമാരിയുമായി ബന്ധപ്പെട്ട വാഴുവേലിൽ തറവാട്ടുകാവ് വെട്ടിനശിപ്പിച്ചതിൽ ഖേദം)

അകന്നുപോയിതെന്നക്ഷരമെങ്കിലും

അരുതരുതെന്നോതുന്ന കേട്ടുവോ

അടുത്തിരുന്നിതന്നമൂട്ടേണ്ടുന്നവൻ

വിളിച്ചിതോ ദക്ഷനിന്ദാവചസ്സിനെ


ഇടങ്കയ്യാൽ വായ്ത്തലം പൊത്തിയും

വലങ്കൈ ഇടതുപാർശ്വം ചേർത്തിടും

പഞ്ചപുച്ഛമടക്കിയും പാരംപറച്ചിലായ്

കണ്ണിൽകനലെരിഞ്ഞിതോ യാത്രയിൽ


കാവുതീണ്ടുവാൻ കാലേതിരിച്ചവർ

കാലമെങ്ങനെപ്പോക്കുവാനോർത്തിതോ

കാവോരകാവലായ് പരിണിതയോഗിയെ

കാണാമറയത്തു കുത്തിനോവിക്കയോ


കൊന്നിതോ തിന്നിതോ നിഷ്കാമരേണുവെ

സമംഗളം ചൊല്ലി  കൊന്ന്തിന്നുന്നുവോ

കൊതിക്കായ്ക മാതരം സ്തന്യമീശ്രേയസ്സം

അക്ഷരപ്പൂമകൾ കാമിദം കാവുകൾ


കയ്യും കയ്യാലയും നിനക്കായുറച്ചു നീ

നിത്യനീചങ്ങളിൽ ഹുങ്ക് വർണ്ണിക്കയോ

ഹുംങ്കാരമത്തിൽ ദൈത്യമാനം സ്തുതി

വിധി വന്ദ്യവിനയമായ് നീരുണക്കുന്നുവോ


പരതുന്നു പാലപ്പൂപോഷണം

അമറുന്നു സത്യസാരം ഗതി


ശല്ക്കനക്ഷത്രങ്ങൾ നീരിടം കാവുകൾ

മരുവും തെളിമകൾ കടലേറ്റ രൗദ്രങ്ങൾ

ശുദ്ധവന്യം ജനി വനമാലി കാവുകൾ

പ്രീതിപുഷ്പം കുളിർ വിദ്യാവിധം വിത്ത്

സസ്യാരവം പാറും വൻപിണർകാവുകൾ

കാവുകൾ വേരൊച്ച കാവുമനനങ്ങളും

കാവുകൾ ഹരിതമുൾരൂപ സിംഫണി


അക്ഷരമമ്മയായ് സൗഹൃദം ചൊല്ലുന്നു

തിരിച്ചിറക്കുക രാഗിലപ്പൂമണം

വഴിതിരിയുക വായ്ത്തലം കെട്ടുക

തിരിച്ചിതേല്ക്കുക സത്യനീതംവിളി

കടംകൊണ്ട കാവിതിൽ കാഹളം തീർപ്പുകൾ

ഇനിയും പഠിഞ്ഞീല അമ്മശ്ശീലവുമക്ഷരം

                                    - ഹരിദാസ് കൊടകര


No comments:

Post a Comment