ഭൂമിയിൽ നിന്നും കുഴിച്ചെടുത്ത ക്ഷേത്ര കവാടത്തിലെത്തി ഞങ്ങൾ. ചുറ്റും കരിങ്കൽ നിർമ്മിതമായ ശക്തമായ മതിൽ. ഇതിന്മേൽ സാമാന്യം ഉയരത്തിൽ ഗ്രില്ലിട്ട് കൂടുതൽ സുരക്ഷിതമാക്കിയിട്ടുണ്ട്. വലിയ ഗെയ്റ്റ് കടന്ന് ഉള്ളിലേയ്ക്ക്... ക്ഷേത്രത്തിലേയ്ക്ക് ഇറങ്ങാനുള്ള പടികളുടെ രണ്ടു വശവും പൂന്തോട്ടം നിർമ്മിക്കാനുള്ള പണികൾ നടക്കുന്നുണ്ട്. സമനിരപ്പിൽ നിന്നും ഏകദേശം പത്തടി താഴ്ചയിലാണ് ക്ഷേത്രമുള്ളത്. ഉയർന്നു നിൽക്കുന്ന ഭാഗത്തിൻ്റെ അരിക് കരിങ്കൽ പതിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ട്. മതിലിനു പുറത്ത് ചുറ്റും മാവ് അടക്കമുള്ള വലിയ വൃക്ഷങ്ങൾ തിങ്ങി നിൽക്കുന്നുണ്ടെങ്കിലും ക്ഷേത്ര മുറ്റത്ത് ഒരു പുൽനാമ്പ് പോലും ഇല്ലാതെ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. ഭൂനിരപ്പിന്നടിയിൽ മണ്ണുമൂടി കിടന്നിരുന്ന ഈ ക്ഷേത്രം പുരാവസ്തു വകുപ്പ് ഖനനം ചെയ്തെടുത്തതാണ്. അവശ്യം കൊത്തുപണികളോടുകൂടിയ കരിങ്കൽച്ചുമരുകളിൽ വാതിലുകളൊന്നും കാണുന്നില്ല. ചുറ്റമ്പലവും കഴിഞ്ഞ് വീണ്ടും ഉള്ളിലേയ്ക്ക് ചെല്ലുമ്പോഴാണ് വിഗ്രഹം ഇരുന്നിടം കാണാനാവുക. വിഗ്രഹമില്ലാത്ത ശൂന്യമായ ഇടം. കുറച്ചു നീങ്ങി ഒരു മൂലയിൽ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന പീഠം കിടക്കുന്നുണ്ട്. വിഗ്രഹം നശിപ്പിക്കുന്നതിന്നിടയിൽ തെറിച്ചു പോയതാകാം! ഇവിടെ കാൽപാദം മുങ്ങാൻ മാത്രമുള്ള വെള്ളം കാണുന്നുണ്ട്. തുംഗഭദ്ര നദിയിൽ നിന്നും കനാൽ മാർഗ്ഗം എത്തുന്നതാണത്രെ. പ്രസന്ന വീരുപക്ഷ എന്നാണ് ഇവിടത്തെ ശിവപ്രതിഷ്ഠ അറിയപ്പെട്ടിരുന്നത്. ക്ഷേത്രത്തിനകത്തു നിൽക്കുമ്പോൾ നല്ല തണുപ്പ് ഉണ്ട്. എന്തുകൊണ്ടോ തല കുനിച്ച് അഞ്ജലീ ബദ്ധയായി നിന്നു പോയി ഒരു നിമിഷം ... വിജയനഗര രാജ കുടുംബത്തിലെ അംഗങ്ങൾക്കു മാത്രമേ ഈ ക്ഷേത്രത്തിൽ പ്രവേശനമുണ്ടായിരുന്നുള്ളുവത്രെ. വേനൽക്കാലത്തു മാത്രമേ സഞ്ചാരികൾക്ക് ഇവിടേയ്ക്ക് പ്രവേശനമുള്ളു വർഷ കാലം മുഴുവനും ഇവിടെ വെള്ളം നിറഞ്ഞു കിടക്കും..
അവിടെ നിന്നും തിരിച്ച് കയറിപ്പോരുമ്പോൾ ഹംപിയിൽ ശിവ പ്രതിഷ്ഠയുള്ള എല്ലാ അമ്പലത്തിനുള്ളിനും വെള്ളം ഉണ്ടായിരുന്നുവല്ലോ, എല്ലാം തുംഗഭദ്ര നദിയിൽ നിന്നും വരുന്നതാണല്ലോയെന്നും ഞാനോർത്തു. ഇവിടത്തെ പ്രധാന ജല സ്രോതസ്സ് ഈ നദിയായിരിക്കും... ശിവലിംഗപ്രതിഷ്ഠയ്ക്കുണ്ടായിരുന്ന ഈ ജലസാന്നിദ്ധ്യമായിരിക്കുമോ ഇപ്പോൾ ശിവന് ജലധാര വഴിപാട് ആയി ചുരുങ്ങിയത്... എൻ്റെ മണ്ടൻ ചിന്തകളെ അവിടെ തന്നെ ഉപേക്ഷിച്ചു പോരുകയായിരുന്നു.
ഇനി നമ്മൾ പോകുന്നത് പ്രധാനപ്പെട്ട ഒരു കൂട്ടം നിർമ്മിതികളുടെ കാഴ്ചകളിലേയ്ക്കാണ്... കഷ്ടി ഒരു കിലോമീറററോളം നടക്കണം. വീണ്ടും പൊള്ളുന്ന വെയിലിലേയ്ക്ക്... എന്നിട്ടും ഹംപി യിലെ വിസ്മയങ്ങൾ നമ്മെ മുന്നോട്ട് നയിച്ചുകൊണ്ടേയിരിക്കും! റോഡിലെ വഴിയോര വില്പനക്കാഴ്ചകൾ ഇഷ്ടപ്പെടുന്ന ഞാൻ അത് ആസ്വദിച്ചു നടന്നു. മാർബിൾ കൊണ്ടും കല്ലുകൊണ്ടും ഉണ്ടാക്കിയ ആനകൾ... അതിലൊന്നിനെയെങ്കിലും കയ്യിലെടുക്കാനും വില ചോദിക്കാനും ആഗ്രഹിച്ചെങ്കിലും കൊറോണക്കാലമായതിനാൽ വേണ്ടെന്നു വച്ചു.. കരിമ്പ് കൃഷി ചെയ്യുന്ന പ്രദേശമായതിനാലാകാം ഒരു പാട് പേർ കരിമ്പ് ജ്യൂസ് വില്പനക്കാരായി ഉണ്ട്. രാജേട്ടന് ഇഷ്ടപ്പെട്ട ഒരു വില്പനക്കാരനെ, കണ്ടപ്പോൾ ഞങ്ങൾ ഫ്രഷ് കരിമ്പിൻ ജ്യൂസ് കഴിച്ചു... നമ്മൾ നടന്നുകയറി ചെല്ലുന്ന സ്ഥലം കുറച്ചു ഉയർന്നു നിൽക്കുന്ന ഭൂപ്രദേശമാണ്. മറ്റുള്ള സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ഉള്ളിലേയ്ക്ക് പ്രവേശിക്കണമെങ്കിൽ ടിക്കറ്റ് എടുക്കണം ഒരാൾക്ക് മുപ്പത്തിയഞ്ച് രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാൽ കൊറോണക്കാലമായതിനാൽ പണമായി വാങ്ങില്ലെന്നും ഒറിജിനൽ തിരിച്ചറിയൽ രേഖ വേണമെന്നുമായി. കുറച്ചു സമയം പിടിക്കും അമ്മ ആ തണലിൽ പോയിരുന്നോളു എന്ന് മോൻ പറഞ്ഞപ്പോൾ ഞാൻ അങ്ങോട്ടു നടന്നു.അവിടെ കുറച്ചു പേര് ഇതു പോലെ കാത്തിരിക്കുന്നുണ്ട്. കുടുംബമായി വരുന്നവരും പ്രണയിതാക്കളും എല്ലാമുണ്ട് കൂട്ടത്തിൽ... ഇ. പേയ്മെൻ്റിലൂടെ പണമടച്ച് ഞങ്ങൾ ഉള്ളിൽ പ്രവേശിച്ചു. നീണ്ടു കിടക്കുന്ന നടപ്പാതയുടെ ഇരുവശവും ചെടികൾ വച്ച് ആകർഷകമാക്കിയിട്ടുണ്ട്. അവിടെ കരിക്ക് വില്പന മാത്രം അനുവദിച്ചീട്ടുണ്ട്. സന്ദർശകർക്ക് നടന്നു കാണാൻ ഏക്കർക്കണക്കിന് സ്ഥലമാണു കിടക്കുന്നത് അതുകൊണ്ടായിരിക്കാം... കുറേ സ്ഥലം പുല്ലുപിടിപ്പിച്ച് ഭംഗിയാക്കി ഇട്ടിട്ടുണ്ട് കൂടാതെ വൃത്തിയാക്കി കൊണ്ടേയിരിക്കാൻ ധാരാളം സ്ത്രീത്തൊഴിലാളികൾ ചൂലും പിടിച്ച് നടക്കുന്നുണ്ട്...
ഞങ്ങൾ ആദ്യം കണ്ടത് ലോട്ടസ് മഹൽ ആണ്. ഇത് വാസ്തുവിദ്യയുടെ വിസ്മയം തന്നെയാണ്! താമരയിതളുകളുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന അതി മനോഹരമായ നിർമ്മിതി. രാജാക്കൻമാർ യുദ്ധത്തിനു പോകുമ്പോൾ രാജ്ഞിമാർ ഇവിടെയാണ് താമസിക്കുന്നത്. ഈ അന്ത:പുരത്തിന് ആയുധധാരികളായ സ്ത്രീപ്പടയാളികളും കാവൽ നിന്നിരുന്നു. അമ്പതടിയോളം ഉയരത്തിലുള്ള മതിലിനാൽ സുരക്ഷിതമായിരുന്നു ലോട്ടസ്മഹൽ.. ഞങ്ങൾ ഇതിൻ്റെ ചുറ്റും നടന്നു നോക്കി... ഒരു താമരപ്പൂവിൻ്റെ ചുറ്റും കാണുന്നതുപോലെ എല്ലാ ഭാഗവും ഒരുപോലെ. അത്ഭുക്കാഴ്ച തന്നെ!... ഇതിൻ്റെ ചുമര് തേച്ചിരിക്കുന്നത് ചുണ്ണാമ്പ്, മുട്ട,മണ്ണ് ഇവയുടെ മിശ്രിതം കൊണ്ടാണെന്ന അറിവ് എനിക്ക് ആശ്ചര്യമായി! രണ്ടു നിലകളിലുള്ള ഈ കെട്ടിടത്തിൻ്റെ താഴെ ഭാഗം മണ്ഡപമായും മുകൾനില താമസിക്കാനുള്ള സ്ഥലമായും ആണ് പണിതിരിക്കുന്നത്. അലങ്കാരത്തിനായി ചുമരിൽ ഒട്ടിച്ചിരുന്ന വില പിടിപ്പുള്ള കല്ലുകൾ അടർത്തിയെടുത്തതിൻ്റെ പാടുകൾ ചുമരിൽ നമുക്ക് വ്യക്തമായി കാണാം.ഇൻഡോ ഇസ്ലാമിക് വാസ്തുശില്പകലയുടെ സാക്ഷ്യമാണ് ലോട്ടസ് മഹൽ. നമ്മുടെ പൂർവ്വികരുടെ കലാബോധത്തെ അഭിമാനപൂർവ്വം സ്മരിച്ചു കൊണ്ട്
ഞങ്ങൾ ഇവിടെ നിന്നു തൊട്ടരികിലുള്ള ആനപ്പന്തിയുടെ അരികിലേയ്ക്ക് നടന്നു...
(തുടരും)
























