'മോനേ.. ഇന്നും വൈകും വരെ നടന്നു കണ്ടാൽ നമുക്കേതാണ്ടെല്ലാം കാണുവാനാകുമോ..
' യുനസ്കോയുടെ ലോക പൈതൃക സ്ഥാനങ്ങളിലൊന്നാണ് ഹംപി. അമ്മേ... ഇത് നൂറ്കണക്കിന് ഹെക്ടർ സ്ഥലത്താണ് വ്യാപിച്ചുകിടക്കുന്നത്. വിദേശീയരുടെ ആക്രമണത്തിൽ തകർക്കപ്പെട്ട, കൊള്ളയടിക്കപ്പെട്ട ഒരു പാട് ക്ഷേത്രങ്ങളും കൊട്ടാരങ്ങളും പിന്നെ കുന്നുകളും പാറക്കൂട്ടങ്ങളും ഒക്കെ ചേർന്നു കിടക്കുന്ന ഇവിടുത്തെ എല്ലാം കണ്ടു തീർക്കുക എളുപ്പമല്ല. ഒരു ദിവസം മുതൽ ഒരു വർഷംവരേയും സമയമെടുത്ത് ഹംപി കണ്ട് മടങ്ങുന്നവരുണ്ട്. നമുക്ക് ഉള്ള സമയം പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കാം'
മോൻ ഇതു പറഞ്ഞപ്പോഴാണ് ഓർത്തത് ഇവിടെ കൂടുതൽ ദിവസം നിൽക്കാനാവില്ലല്ലോ .. ബോംബെ സുഹൃത്തുക്കൾ കേരളം കാണാൻ വരുമ്പോഴേയ്ക്കും തിരിച്ചെത്തേണ്ടത് ആവശ്യമാണ്... കോ വിഡ് പ്രമാണിച്ച് ഒരു വർഷത്തോളമായി കുട്ടികൾ വീട്ടിലിരുന്ന് മുഷിഞ്ഞിട്ടുണ്ടാകും...
മെയിൻ റോഡിനോട് ചേർന്നുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് ഞങ്ങളാദ്യം പോയത്. ബാലകൃഷ്ണ ക്ഷേത്രമെന്നും പറയും.1515 ൽ കൃഷ്ണദേവരായർ ഉത്തര ദിക്കിലെ പടയോട്ടം പൂർത്തിയാക്കിയതിൻ്റെ ഓർമ്മയ്ക്കായിട്ടാണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് പറയുന്നത്.
വലിയ മതിലും വളരെ പഴക്കമുള്ള ഇരുമ്പു ഗയ്റ്റും കടന്ന് ചെല്ലുമ്പോൾ, വിശാലമായ ക്ഷേത്ര മുറ്റം നിറയെ കരിങ്കൽ പാകിയിട്ടുണ്ട്. അവിടവിടെ കല്ലുകൾ ഇളകി ക്കിടക്കുന്നുണ്ട്. അവയ്ക്കിടയിലുടെ വെള്ളവും വെളിച്ചവും കിട്ടിയപ്പോൾ പുറത്തേയ്ക്ക് തഴച്ചു വളർന്നു നിൽക്കന്ന പച്ചപ്പുകൾ ക്ഷേത്രത്തിൻ്റെ ഇന്നത്തെ ശോചനീയാവസ്ഥയെക്കുറിച്ച് ഓർമ്മിപ്പിക്കുന്നുണ്ട്.. കരിങ്കൽ തൂണുകൾ നാശമില്ലാതെ നിൽക്കുന്നുണ്ടെങ്കിലും ക്ഷേത്രഗോപുരവും ചുമരും നൂറ്റാണ്ടുകളായി ഏറ്റുവാങ്ങിയ മഞ്ഞും ആർത്തലച്ച മഴയും ചുട്ടുപൊള്ളിച്ചവെയിലും തേയ്മാനം വരുത്തി നാശത്തിൻ്റെ വക്കിലാണ്. ഒരു കാലത്ത് പ്രൗഢഗംഭീരമായൊരു ക്ഷേത്രമാണിതെന്ന് ആദ്യ ദർശനത്തിലേ നമ്മുടെ നയനങ്ങൾ മന്ത്രിയ്ക്കും.ക്ഷേത്രത്തിൻ്റെ മുൻപിൽ അതി മനോഹരമായി പണിതീർത്ത ചതുരത്തിലുള്ള വിശാലമായ പുഷ്ക്കരണി...ഇതിലേയ്ക്കിറങ്ങി ചെല്ലാൻ നാലുപുറവും വീതിയേറിയ പടവുകൾ... ഇപ്പോഴത് വററിവരണ്ട് വിണ്ടടർന്നു കിടക്കുന്നു! മറ്റു ചെറു താമര പ്പൊയ്കകളും അവിടവിടെ കാണാം: ഈ ക്ഷേത്രത്തിലെ ആരാധനാമൂർത്തിയായിരുന്ന ബാലകൃഷ്ണൻ്റെ വിഗ്രഹവും മുഗൾ പടയോട്ടത്തിൽ നശിപ്പിക്കപ്പെട്ടു. അംഗവൈകല്യത്തോടെ കിട്ടിയ വിഗ്രഹം മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ടത്രെ എല്ലാം കണ്ടു കഴിയുമ്പോൾ അത്ഭുതങ്ങൾക്കപ്പുറം ഉൾത്തടത്തിലെ വിടെയോ കൊളുത്തി വലിക്കുന്നൊരു വേദന ബാക്കിയാകുന്നു...
കൃഷ്ണാ ക്ഷേത്രത്തിൽ നിന്നും പുറത്തു കടന്ന ഞങ്ങൾ വിശാലമായ ഒരു പാറക്കെട്ടിലേയ്ക്കാണ് കയറിയത്. ഇവിടം ഹോമകുണ്ഡ ഹിൽസ് എന്നാണ് അറിയപ്പെടുന്നത്. നിർമ്മാണം പൂർത്തിയായതും അല്ലാത്തതും തകർന്നതുമായ കുറച്ച് അമ്പലങ്ങളുണ്ടിവിടെ.ഗ്രൂപ്പ് ഓഫ് ടെമ്പിംൾസ് എന്നാണ് പറയുക. ഈ പാറക്കുന്ന് ഉദയാസ്തമയങ്ങൾ കാണാൻ പറ്റിയ ഇടമാണ്.
കടലേകലു ഗണേശ ക്ഷേത്രം മറ്റൊരു അത്ഭുതമാണ്. പടി കൾ കയറിയാണ് മുകളിലേയ്ക്കെത്തുന്നത്. ശ്രീകോവിലിൽ പ്രകാശം വളരെ കുറവാണ്. ആനയോളം വലുപ്പമുള്ള ഒറ്റക്കല്ലിൽ തീർത്ത ഗണേശ വിഗ്രഹം! ഗണപതിയുടെ വയറിന് കടലയുടെ ആകൃതിയായതിനാലാണ് ഈ പേര് ഉണ്ടായതത്രെ. പതിനഞ്ചടിയോളം വലുപ്പമുണ്ടിതിന്... വളരെ വലിയകുടവയറാണ്.ഇത് ഇന്ത്യയിൽവച്ച് ഏറ്റവും വലിയ ഗണപതി വിഗ്രഹമാണത്രെ..
ഒരു കാലത്ത് ദീപാലംകൃതമായ ശ്രീകോവിലിൽ ഇന്ന് ഇരുട്ട് കൂടുകൂട്ടിയിരിക്കുന്നു. മൊബൈൽ ഫോണിൻ്റെ വെളിച്ചത്തിൽ ഞങ്ങൾ വലം വച്ചു...ഈ ക്ഷേത്രത്തിലും പൂജ നടക്കുന്നില്ല. ഈ ഗണപതിയുടെ പടുകൂറ്റൻ അമ്പലത്തിനു പിന്നിൽ തുറന്ന മണ്ഡപത്തിൽ ഉയർന്ന പീഠത്തിൽ ഗണപതിയുടെ മറ്റൊരു കൽ പ്രതിമയും ഉണ്ട്.'ശാശിവേ കല്ല് ഗണേശ ' എന്നാണ് പറയുന്നത്. വലുപ്പത്തിൽ ചെറുത്. ശാശിവേ എന്നാൽ കടുക് എന്നാണ് കന്നട ഭാഷയിൽ അർത്ഥം. (വലുതും ചെറുതുമായ വിഗ്രഹങ്ങൾ ) ഭക്ഷണപ്രിയനായ ഗണപതി മോദകം കഴിച്ച് വീർത്ത കുടവയറ് പൊട്ടാതിരിക്കാൻ അടുത്തുകൂടി ഇഴഞ്ഞു പോകുന്ന പാമ്പിനെയെടുത്ത് വയറിൽ ചുറ്റിയ ത്രെ. ഈ
രൂപത്തിലുള്ള പ്രതിമയാണിത്. ഗണപതിമാർക്കപ്പുറം ജൈന ക്ഷേത്രവും മണ്ഡപത്തറകളും വിസ്മയിപ്പിക്കുന്ന ധാരാളം ശില്പ വേലകളും കാണാം..
(തുടരും)




മനോഹരം
ReplyDelete