16-ാം തീയ്യതി രാവിലെ എല്ലാവരും കുളിച്ച് ഫ്രഷായി ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ പുറത്തു പോയി... പുതിയ ഫ്ലാറ്റിൽ ഗ്യാസ് കണക്ട് ചെയ്തിട്ടില്ലാത്തതിനാൽ ഭക്ഷണമെല്ലാം പുറത്തു നിന്നാണ്. ഇന്ന് അന്തരീക്ഷമാകെ മൂടിക്കെട്ടി നിൽക്കുന്നു... മഴ പെയ്തേക്കുമെന്ന തോന്നൽ ഉണ്ടായെങ്കിലും... ഒരു ചാറ്റൽ മഴയേ ഉണ്ടായൊള്ളു... അധികം ദൂരം ഇല്ലാത്തതിനാൽ ഞങ്ങൾ നടന്നാണ് പോവുക. ചെറിയ ഹോട്ടലാണ്. മോൻ ഹോട്ടൽകാരന് ഞങ്ങളെ പരിചയപ്പെടുത്തി. അവിടത്തെ ഇഡ്ഡലി സ്പെഷ്യലാണ്.ഒരു ഇഡ്ഢലിയ്ക്ക് 15പതിനഞ്ചു രൂപ. നല്ല സോഫ്ടായ ഇഡ്ഢലി... നമ്മുടെ ഇഡ്ഡലിയുടെ ഇരട്ടിയിലധികം വലുപ്പമുണ്ട്. നൂൽപ്പുട്ടുo അങ്ങനെത്തന്നെ നല്ല വലുപ്പം.. മറ്റൊന്ന് മുട്ട അപ്പമാണ്. നല്ല ചട്ട്ണി എല്ലാം കൊള്ളാം സൂപ്പർ ചായയും വളരെ നല്ല ഭക്ഷണം...
താനിന്ന് യാത്രയിൽ നിന്ന് ഒഴിവാണെന്നും നാളത്തെ ഹംപി യാത്രയിൽ നമ്മൾ രണ്ടു ദിവസം അവിടെ ആയിരിക്കുമെന്നതിനാൽ ഇന്ന് അർജൻറ് ജോലികൾ ചെയ്തു തീർക്കാനുണ്ടെന്നും നിങ്ങളിന്ന് ബന്നാർഘട്ട് നാഷണൽ പാർക്ക് കണ്ട് വരൂ എന്നുo ജിത്തു മോൻ പറഞ്ഞപ്പോൾ എനിയ്ക്ക് പ്രയാസമായി... മോനില്ലാതെ എങ്ങിന്യാ ഞങ്ങൾ തനിച്ച് എന്ന് ഞാൻ.. രാജേട്ടൻ്റേയും അഖിമോൻ്റേയും മുഖത്തേയ്ക്ക് നോക്കിയപ്പോൾ അവരുടെ മുഖത്ത് ഒരു പ്രശ്നവും ഫീൽ ചെയുന്നില്ല! ഓ.കെ.പറയുന്ന മുഖഭാവം! ചെറിയൊരു മന:പ്രയാസത്തോടെയാണെങ്കിലും ഞാനും റെഡിയായി. തിരിച്ച് ഫ്ലാറ്റിലെത്തി പത്തു മണിയോടെ ഞങ്ങൾ യാത്ര പുറപ്പെട്ടു.
ബാംഗ്ലൂർ നഗരത്തിൽ നിന്നും ഇരുപത്തിരണ്ടുകിലോ മീറ്റർ യാത്ര. നഗരത്തിൽ നല്ല തിരക്കുണ്ടായിരുന്നു. ഈ മെട്രോ സിറ്റി ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായ നഗരമാണല്ലോ എന്നോർത്ത് അതിനൊരു ന്യായീകരണം സ്വയം കണ്ടെത്തി നഗരക്കാഴ്ചകൾ കണ്ട് ഇരുന്നു ... B.M.T. C.യുടെ വോൾവോ ബസ്സുകൾ ബന്നാർ ഘട്ടിലേയ്ക്ക് സർവ്വീസ് നടത്തുന്നുണ്ട്.
വിമാനത്താവളത്തിനും പ്രധാനപ്പെട്ട ബസ്ടർമിനലിനുമൊക്കെ 'കെമ്പഗൗഡ' എന്ന പേര് ചേർത്തു പറയുന്നത്, 1500 കളിൽ വിജയനഗര സാമ്രാജ്യം സ്ഥാപിച്ചത്, കെമ്പ ഗൗഡ ഒന്നാമൻ ആയതുകൊണ്ടാണെന്ന് എൻ്റെ അറിവിലേയ്ക്കായിരാജേട്ടൻ പറഞ്ഞു തന്നു. സോഷ്യൽ സ്റ്റഡീസിൽ മിടുക്കനായ അച്ഛനോട് പല സംശയങ്ങളും മക്കൾ ചോദിക്കാറുള്ളത് ഓർത്തു പോയി.
സ്ഥലത്ത് എത്തിയ ഞങ്ങൾ കാർ പാർക്ക് ചെയ്ത് ടിക്കറ്റ് കൗണ്ടറിലേയ്ക്ക് നടന്നു... കവാടത്തിനോടു ചേർന്നു തന്നെ വഴിയോര വില്പനക്കാരുടെ കാഴ്ച നമ്മുടെ നാട്ടിലെ പൂരപ്പറമ്പിലെ വില്പനക്കാഴ്ചകളെ ഓർമ്മിപ്പിച്ചു.. പല തരം ഭക്ഷണ പദാർത്ഥങ്ങളും വിവിധയിനം നല്ല ഫ്രൂട്സുകളും ഞാവൽപ്പഴം, തീയിൽ ചുട്ടെടുത്ത ചോളം, ഡ്രൈ ഫ്രൂട്ട്സ്, കരിമ്പിൻ ജ്യൂസ് അങ്ങനെ നീണ്ട നിര... കൊറോണക്കാലമായതിനാൽ എല്ലാവരും സ്വയം നിയന്ത്രണത്താൽ ഒന്നും വാങ്ങേണ്ടെന്നു തീരുമാനിച്ചു.
ടിക്കറ്റ് ഓൺലൈനിൽ ബുക്ക് ചെയ്തിട്ടില്ലാത്തതിനാൽ ഞങ്ങൾ ക്യൂവിൽ നിന്നു. ഇട ദിവസമായതുകൊണ്ട് സഹിക്കാവുന്ന തിരക്കേയുള്ളു. എൻട്രി പാസ്സിന് കുട്ടികൾക്ക് 130 രൂപയും മുതിർന്നവർക്ക് 250 രൂപയുമാണ്.. ഒഴിവു ദിവസങ്ങളിൽ ഇത് 260 ആകും. രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെയാണ് ദേശീയോദ്യാനത്തിലേയ്ക്കുള്ള പ്രവേശനം. പൊവ്വാഴ്ചയാണ് ഇവിടെ അവധി ദിവസം. ഞങ്ങൾ മൂന്നു പാസ്സെടുത്ത് ഉള്ളിൽ കടന്നു.അവിടം പ്ലാസ്റ്റിക് നിരോധിത മേഖല ആയതിനാൽ നമ്മുടെ കയ്യിലുള്ള വെള്ളം കുപ്പിയിന്മേൽ, പത്തു രൂപ കൊടുത്താൽ ഒരു സ്റ്റിക്കർ പതിച്ചു തരും. തിരിച്ചു വരുമ്പോൾ കുപ്പി അവിടെ കൊടുത്താൽ പത്തു രൂപ തിരിച്ചു കിട്ടും. പരിസ്ഥിതി സംരക്ഷണം...
1977ൽ ആണ് ഇതിന് ദേശീയോദ്യാനം എന്ന പദവി ലഭിച്ചത്. വിസ്തൃതി 104 ചതുരശ്ര കിലോമീറ്ററാണത്രെ! കുന്നിൽ മുകളിൽ നിന്നും ഉത്ഭവിക്കുന്ന സുവർണമുഖി നദി ഈ ഉദ്യാനത്തിൽ കൂടിയാണ് ഒഴുകുന്നത്. അതാ.. ഇടതു വശത്ത് സഫാരിയ്ക്ക് പോകാൻ തയ്യാറായി K.S.T.D.C യുടെ ധാരാളം ബസ്സുകൾ കിടക്കുന്നു നല്ല ഭംഗിയുള്ള പച്ച ബസ്സുകൾ! വലതു വശത്തുകൂടിയാണ് ആദ്യത്തെ ഗേറ്റ് തുറന്ന് നമ്മൾ പ്രവേശിക്കുന്നത്. ഞാൻ ഏറെ ആകാംഷയോടെ ബസ്സിലെ സൈഡ് സീറ്റിൽ ഇരുന്നു കാട്ടിലെ മൃഗങ്ങളെ നേരിട്ടു കാണുവാനാണ് പോകുന്നത്. ബസ്സിലുള്ളവരെല്ലാം വളരെ സന്തോഷത്തിലാണ് .എല്ലാവരും ഓരോ കാഴ്ച്ചയും ക്യാമറയിൽ പകർത്താൻ ഒരുങ്ങി ഇരിക്കുകയാണ്. ഞങ്ങൾ ആദ്യമായി കണ്ടത് ബാല്യം വിട്ടുമാറാത്ത നാല് മാൻ കുഞ്ഞുങ്ങളെയാണ് പിന്നീടങ്ങാേട്ട് കണ്ണുകൾക്ക് കൗതുകമായി ടി.വി. യിലും കാഴ്ചബംഗ്ലാവിലും മാത്രം കണ്ടിട്ടുള്ള വന്യമൃഗങ്ങളുടെ ജീവിത കാഴ്ചകളാണ്. കൊമ്പുകൾ ചില്ലകളായി വളർന്ന കലമാൻ, വെയിൽ കാഞ്ഞു കിടക്കുന്ന കരിമാടി കുട്ടന്മാർ... കാട്ടുപോത്ത്... ഞങ്ങൾ രണ്ടാമത്തെ ഗേറ്റ് കടന്ന് ഉള്ളിലേയ്ക്ക്... മോൻ്റെ കയ്യിൽ രണ്ടു ക്യാമറകൾ.. നല്ല രീതിയിൽ ചിത്രങ്ങൾ പകർത്താനുള്ള ശ്രമത്തിലാണ്. ബസ്സ് പതുക്കെയാണ് പോകുന്നത്. ബസ്സിൻ്റെ ഗ്ലാസുകൾക്ക് പുറത്ത് ഗ്രില്ല് ഇട്ടിട്ടുണ്ട്. ഡോറും തുറക്കില്ല... മുൻപ് ഗ്ലാസ് തകർത്ത് ഒരു കുട്ടിയെ കടുവ ഉപദ്രവിച്ചുട്ടുണ്ടത്രെ... പൊതുവെ വരണ്ട കാലാവസ്ഥയാണ് കാട്ടിൽ കാണുന്നത്. ഇല കൊഴിഞ്ഞ മരങ്ങളും മുൾക്കാടുകളും യൂക്കാലിപ്റ്റസ്, അക്കേഷ്യ, മുള, ഫൈകസ് എന്നിവയാണ് അധികമായി കാണുന്നത്.ഗേറ്റുകൾ ഓരോന്നും കടന്നു പോകുമ്പോൾ, മലമുഴക്കി വേഴാമ്പൽ കൃഷ്ണമൃഗം, കരടി കുരങ്ങൻമാർ, പാമ്പുകൾ എന്നിവയുടെ ആവാസകേന്ദ്ര മാണിവിടമെന്നു മനസ്സിലാകും. ഇടയ്ക്കിടെ കാണുന്ന ചെറിയ പാറകൾ ഓരോ ജീവികളെ ഓർമ്മിപ്പിക്കുന്നതായി എനിയ്ക്കു തോന്നി. അതായത് ആന മുതല, തിമിംഗലം ഇവയുടെ രൂപത്തിൽ...പക്ഷെ ഒന്നും തന്നെ കൊത്തിയുണ്ടാക്കിയതാണെന്ന് തോന്നിയില്ല! കാലപ്പഴക്കത്താൽ രൂപം കൊണ്ട ആകൃതിയാകാം.
ഗേറ്റുകൾ ഒന്നൊന്നായ് തുറന്ന് കാടിനുള്ളിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. ഉള്ളിലേയ്ക്ക് പോകും തോറുമാണ് അപകടകാരികളായ മുഗങ്ങൾ... കാട്ടാനക്കൂട്ടങ്ങൾ നീർച്ചാലുകളിൽ നിന്നും വെള്ളം കുടിക്കുന്നു ... കൊലുഗൽ, തമിഴ്നാട് എന്നിവടങ്ങളിൽ നിന്ന് ഇങ്ങോട്ട് ആനകൾ ദേശാടനം ചെയ്യാറുണ്ടത്രെ. ആറ് ഗ്രാമങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട് ഈ കാട്. കാട്ടിലൂടെ വെറുതെ ഉലാത്തി കൊണ്ടിരിക്കുന്ന പുള്ളിപ്പുലി, കടുവ, സിംഹം, വെളളത്തിൽ കിടന്നു മറയുന്ന ഹിപ്പോ, പീലി വിടർത്തിയാടുന്ന മയിലുകൾ... എന്തെന്തു കാഴ്ചകൾ! 12 ഗേറ്റുകൾ തുറക്കുന്നതു വരെ ഞാൻ എണ്ണുന്നുണ്ടായിരുന്നു...
ബസ്സുപോകുന്ന വഴി കമ്പിവേലിയിട്ട് തിരിച്ചിട്ടുണ്ട്... ഓരോ ഇനം മൃഗങ്ങൾക്കും വിശാലമായ വനം പതിച്ചു നൽകിയിരിക്കയാണിവിടെ. ഞങ്ങളെയെല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു വെള്ളക്കടുവ... ഡ്രൈവർ ബസ്സ് നിറുത്തി. അത് വണ്ടിയുടെ അരികത്ത് വന്നു നിന്നു... എന്തൊരു അഴകാണ്: പലരും ബസ്സിൻ്റെ സ്റ്റെപ്പിലേയ്ക്ക് ഇറങ്ങി നിന്ന് സെൽഫിയെടുത്തു.ആ കാട് ഞങ്ങൾക്കായി അവസാനം തന്ന സമ്മാനമായിരുന്നു അത്. വണ്ടിയിൽ കാടിനുള്ളിലൂടെ മുക്കാൽ മണിക്കൂറിലധികം സഞ്ചരിച്ച് കാടും കാട്ടു മൃഗങ്ങളേയും കൺകുളിർക്കെ കണ്ട് ഞങ്ങൾ തിരിച്ചു പോന്നു. ഉച്ചഭക്ഷണത്തിൻ്റെ സമയം കഴിയാൻ പോകുന്നു നല്ല വിശപ്പുണ്ടായിരുന്നു എല്ലാവർക്കും. അവരുടെ തന്നെ കാൻ്റീൻ ബിൽഡിങ്ങിലേയ്ക്ക് നടന്നു.. ഫ്രൈഡ് റൈസ് മാത്രമെ ഉണ്ടായിരുന്നുള്ളു അതു കഴിച്ച് പുറത്തിറങ്ങി... ഇതേ ടിക്കറ്റിൽ തന്നെ സൂ കാഴ്ചയും ലഭ്യമാണ്. കൂടാതെ ഒരു ബട്ടർഫ്ലൈ പാർക്കും കൂടി കാണേണ്ടതുണ്ട്...(തുടരുo)




ഹംപിയെ വായനക്കാരന്റെതാക്കി മാറ്റുന്ന എഴുത്ത്
ReplyDeleteഞാനും കൂടെ വന്നു
ReplyDelete