Friday, July 30, 2021

ഹംപി യാത്ര - അജിത രാജന്‍ (ഭാഗം 13)


 മണ്ഡപത്തിൽ നിന്നും ഇറങ്ങി ഞങ്ങൾ തുടർക്കാഴ്ചകൾക്കായി നടന്നപ്പോൾ, അസാധാരണമായ വലുപ്പത്തിൽ  പണികഴിപ്പിച്ചൊരു അടിത്തറ കണ്ടു.ആർക്കിയോളജി വിഭാഗം പുതിയ എന്തെങ്കിലും കെട്ടിടം പണിയുവാനുളള തുടക്കമാകുമെന്നാണ് ഞാനാദ്യം കരുതിയത്. മുൻപേ നടന്നിരുന്ന അഖിമോനാണ് പറഞ്ഞത് ഇത് രാജ്ഞിയുടെ തകർത്തു കളഞ്ഞ കൊട്ടാരത്തിൻ്റെ ബെയ്സ്മെൻറ് ആണെന്ന്. തറയുടെ ഓരോ കല്ലിലും എന്തെന്തുകൊത്തുപണികളാണെന്നോ.. നൂറ്റാണ്ടുകൾക്കപ്പുറം പണിതിട്ടുള്ള ഈ തറയിലെ കല്ലുകൾ ഇത്രയേറെ ചിത്രപ്പണികളാൽ അലങ്കരിച്ചിട്ടുണ്ടെങ്കിൽ അതിന്മേൽ പടുത്തുയർത്തിയ രാജകൊട്ടാരം എങ്ങിനെയായിരിക്കുമല്ലേ... ഓരോ ആക്രമണത്തിലും വാളിൻ്റെ ചിലമ്പൊലികൾ ശ്രവിച്ച് കൊട്ടാരത്തിലെ പെൺ മനസ്സുകൾ എന്തുമാത്രം വേദനിച്ചിരിയ്ക്കും! നൂറ്റാണ്ടുകൾക്ക് മുൻപ് കടന്നു പോയ കാലത്തിൻ്റെ കുളമ്പടി കേൾക്കുന്നുവോ...

തറയല്ലാതെ ഒരു കല്ലു പോലും അവിടെ അവശേഷിക്കുന്നില്ല. ഹസാര രാമക്ഷേത്രം ആണ് അടുത്ത ലക്ഷ്യം. കുറച്ച് ദൂരം നടക്കാനുണ്ട്. ഹംപിയിലെ ഒരേ ഒരു രാമക്ഷേത്രമാണത്രെ അത്. പുൽത്തകിടിയിൽ കൂടിയാണ് നടത്തo നടക്കുന്ന വഴിയരികിൽ മൈലാഞ്ചിച്ചെടി നട്ട് ഭംഗിയിൽ വെട്ടിനിറുത്തിയിട്ടുണ്ട്. അവിടെ എങ്ങിനേയോ വന്നു പെട്ട ഒരു കൊച്ചു നായക്കുട്ടി.. നല്ല ഓമനത്തവും ഇണക്കവും ഉള്ള കുട്ടി അതിനെ കളിപ്പിച്ചും കൂടെ കൂട്ടിയും നടന്നതിനാൽ രസകരമായിരുന്നു നടത്തം. 

കൊട്ടാരവളപ്പിൽ റാണി മന്ദിരത്തിൽ നിന്ന് അധികം ദൂരെയല്ല ക്ഷേത്രം.. ശ്രീരാമനാണ് പ്രതിഷ്ഠ. ഈ ക്ഷേത്രത്തിൽ വിജയനഗര ചക്രവർത്തിമാർ സ്ഥിരമായി ദർശനത്തിനെത്തുമായിരുന്നുവത്രെ. ഇവിടെയിപ്പോൾ പൂജകളൊന്നും തന്നെ നടക്കുന്നില്ല. പതിനഞ്ചാം നൂറ്റാണ്ടിൽ പണിത ഈ ക്ഷേത്രത്തിലെ കൊത്തുപണികൾ...ഹ! അവർണ്ണനീയം.. എങ്ങോട്ടു നോക്കിയാലും വിസ്മയിപ്പിക്കുന്ന കാലാവിരുത്. കൊത്തുപണികളാൽ മനംകവരാത്ത ഒരു കല്ലു പോലും ഇവിടെ കാണാനാവില്ല! ദ്രാവിഡകാല വിരുതിൻ്റെ മായാത്ത കയ്യൊപ്പ്! കാഴ്ചക്കാർ നമിച്ചു പോകും... രാമായണത്തിലെ രാമജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കാഴ്ചകളാണ് ചിത്രങ്ങളിലൂടെ നമുക്ക് കാണുവാനാവുക. ഇനി പുറത്തു കടന്നാൽ ക്ഷേത്രത്തിൻ്റെ ചുറ്റുമതിലിൽ വിജയനഗര സാമ്രാജ്യത്തിലെ വിവിധ കലാരൂപങ്ങളും മറ്റും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. ഇവിടെ ഒരു നൃത്ത മണ്ഡപവും ഉണ്ട്. രാമായണത്തിലെ ലവകുശൻമാരുടെ കഥ ഏതാണ്ട് മുഴുവനും വായിച്ചെടുക്കാനാവും ഈ ചിത്രങ്ങളിലൂടെ.കൂടാതെ ഭാഗവത പുരാണം കൊത്തുപണികളാൽ ചുരുക്കി പ്രതിപാദിച്ചിട്ടുണ്ട് ഇവിടെ. അമ്പലത്തിലേക്കാവശ്യമുള്ള വെള്ളം പുറത്തു നിന്നും കൊണ്ടുവരുവാനായി കല്ലുകൊണ്ടു നിർമ്മിച്ച പാത്തിയും ഇവിടെ കാണാം. ഹസാര രാമക്ഷേത്രത്തിലെ മറക്കാനാവാത്ത ഹൃദ്യമായ കാഴ്ചകളെല്ലാം കൺനിറയെ കണ്ട് മനസ്സിലേക്കാവാഹിച്ച് അവിടെ നിന്നും പോന്നു.


ഉച്ചഭക്ഷണത്തിൻ്റെ പതിവു സമയം കഴിഞ്ഞിരുന്നു.. എല്ലാവർക്കും വിശക്കാൻ തുടങ്ങിയെങ്കിലും അധികം ദൂരത്തല്ലാത്ത കമലാ പുരിയിലുള്ള ആർക്കിയോളജിക്കൽ മ്യൂസിയം കൂടി കണ്ടിട്ട് പോകാം എന്ന തീരുമാനത്തിലെത്തി അങ്ങോട്ട് യാത്രയാരംഭിച്ചു..

ഈ മ്യൂസിയം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് പരിപാലിക്കുന്നത്. ഇവിടെ ഇന്ത്യൻ സന്ദർശകർക്കുള്ള ടിക്കറ്റ് നിരക്ക് പത്തു രൂപയും വിദേശിയർക്ക് 10 ഡോളറുമാണ്.ഇവർക്ക് ഇതേ ടിക്കറ്റിൽ ഹംപിയിൽ ടിക്കറ്റെടുക്കേണ്ട ചില സ്ഥലങ്ങളിൽ കൂടി സന്ദർശിക്കുവാനാകും. 

ചുറ്റും ശക്തമായ മതിലോടു കൂടിയ ഇവിടെ  പ്രവേശിക്കുമ്പോൾ തന്നെ മുറ്റത്ത് ഹംപി താഴ്വരയുടെ സ്കെയിൽ ചെയ്ത മാതൃകയുണ്ട്. ഈ ഒരു കാഴ്ച മാത്രമാണ് ഇവിടെ സന്തോഷത്തോടെ എനിയ്ക്ക് കാണുവാനായത്. മറ്റൊന്നും കൊണ്ടല്ല തകർത്തെറിയപ്പെട്ട ഹംപി പ്രതാപത്തിൻ്റെ അവശിഷ്ടങ്ങളാണ് ഇവിടെയുള്ളത്. പോലീസ് കാവലിൽ കുറെയേറെ പുരാതന വസ്തുക്കൾ മുറ്റത്തു തന്നെ ഭംഗിയായി പ്രദർശനത്തിനുവച്ചിട്ടുണ്ട്. ഇടയ്ക്കിടെ മനോഹരമായ കുററിച്ചെടികളും കാണാം. നമ്മൾ കണ്ടതും കാണാത്തതുമായ ക്ഷേത്രങ്ങളിൽ നിന്നും കണ്ടെടുത്ത ലോഹം കൊണ്ടും കല്ലുകൊണ്ടുമുള്ള ശില്പങ്ങൾ, വിഗ്രഹങ്ങളുടെ നഷ്ടപ്പെട്ട ഭാഗങ്ങൾ തുടങ്ങി വിജയനഗര സാമ്രാജ്യത്തിൻ്റെ നാണയങ്ങൾ, ലോഹ വസ്തുക്കൾ കയ്യെഴുത്തുപ്രതികൾ ചരിത്രാതീതകാലത്തെ കല്ലുകൊണ്ടുണ്ടാക്കിയ ഉപകരണങ്ങൾ, മൺപാത്രങ്ങൾ അങ്ങനെ പലവക വസ്തുക്കൾ... ഹംപിയുടെ ചുറ്റുപാടുകളിൽ നിന്ന് കണ്ടെടുത്ത പലതരത്തിലുള്ള പുരാതന വസ്തുക്കൾ നമുക്കിവിടെ കാണാം.മ്യൂസിയത്തിൽ മൂന്നു ഗാലറികൾ ഉണ്ട്. ശൈവ, വൈഷ്ണവ ,പലവക എന്നീ പേരുകളിൽ സാധനങ്ങൾ തരംതിരിച്ചാണ് സൂക്ഷിച്ചിട്ടുള്ളത്. എല്ലാ കാഴ്ചകൾക്കും ഒടുവിൽ കരളിലൊരു കട്ടുറുമ്പു കടിച്ച വേദന ബാക്കിയാവുന്നതറിഞ്ഞു ഞാൻ...


(തുടരും)

Friday, July 23, 2021

ഹംപി യാത്ര - അജിത രാജന്‍ - ഭാഗം 12


ഹംപിയിലെ കാഴ്ചകൾ അവസാനിക്കുന്നില്ല .കൽ നിർമ്മിതികളുടെ എണ്ണമറ്റ കാഴ്ചകൾ ഇനിയും ബാക്കി..കണ്ടു കഴിഞ്ഞ ചില ക്ഷേത്രങ്ങളെക്കുറിച്ച് എഴുതാതേയും പോയിട്ടുണ്ട്. എവിടെ നോക്കിയാലും ക്ഷേത്രങ്ങളും പൊട്ടിപ്പൊളിഞ്ഞ സ്മാരകങ്ങളും. വിലപ്പെട്ടതെല്ലാം കവർന്നെടുത്തത്തിനുശേഷo മാസങ്ങളോളമെടുത്ത് തകർത്തു കളഞ്ഞവരുടെ ചോതോവികാരം എന്തായിരിക്കുമെന്ന് ഞാൻ ഇടയ്ക്കിടെ ഓർത്തു പോകുമായിരുന്നു.അവർ ഉപേക്ഷിച്ചു പോയതിൻ്റെ ശേഷിപ്പുകൾ കാണുവാൻ ഓരോ വർഷവും വിദേശികളടക്കം ആയിരക്കണക്കിന് നന്ദർശകരാണ് ഇവിടെ വരുന്നതത്രെ! സമ്പന്നമായിരുന്ന ഹംപിയുടെ അഞ്ചു ശതമാനം പോലും ഇന്ന് ശേഷിക്കുന്നില്ലെന്ന് പറയുമ്പോൾ, തകർക്കപ്പെട്ടില്ലായിരുന്നെങ്കിൽ ഹംപിയൊരു മഹാത്ഭുതം തന്നെയായിരുന്നേനെ!  എന്തായാലും നമ്മുടെ കയ്യിലുള്ള പരിമിതമായ സമയത്തിൽ പ്രധാനപ്പെട്ട കുറച്ചു കാഴ്ചകൾ കുട്ടികൾ പ്ലാൻ ചെയ്തിരുന്നു.


മഹാനവമി ഡിബ്ബ കാണുവാനായി ഞങ്ങളെത്തിയപ്പോഴേയ്ക്കും  നട്ടുച്ചയായി. ഒരു മരത്തണൽ പോലുമില്ലാതെ... ചെറിയ തോതിൽ കാററു വീശുന്നുണ്ടെങ്കിലും ചുടുകാറ്റാണ് വരുന്നത്. ഹംപിയിൽ രാത്രിയിൽ തണുപ്പും പകൽ നല്ല ചൂടുമാണ്. ഡിസംബറിലെ പകലുകൾ ഇങ്ങനെയെങ്കിൽ ഏപ്രിൽ - മെയ് മാസങ്ങളിലെന്തായിരിക്കും ചൂടെന്ന് ഓർത്തു പോയി.

ചരിത്രപ്രസിദ്ധമായ ദസറ മഹോത്സവം നടന്ന സ്ഥലം. ദസറഡിബ്ബ, മഹാനവമി മണ്ഡപം എന്നീ പേരുകളിലാണ് ഇതറിയപ്പെടുന്നത്.  വിജയനഗര സാമ്രാജ്യത്തിൻ്റെ രാജസദസ്സ് നടന്നിരുന്ന പ്രൗഢമായ ഇടം! മന്ത്രിമാർക്കും നാട്ടുപ്രമാണിമാർക്കും സാധാരണ ജനങ്ങൾക്കും ഇരിപ്പിടമൊരുക്കിയിരുന്നയിടം. ചുറേറാടു ചുറ്റും കൂറ്റൻ മതിലുകൾ ഇതിനുള്ളിൽ ഏക്കർ കണക്കിന് വിശാലമായ സ്ഥലം. വിശേഷ ദിവസങ്ങളിൽ രാജാവും അധികാരികളും സമ്മേളിക്കുന്നതും ആഘോഷങ്ങൾ നടത്തുന്നതുമായ സ്ഥലമായിരുന്നു ഇത്. എല്ലാം തകർത്തെറിയപ്പെട്ടുവല്ലോ! അമ്പതിനായിരം ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ ഏകദേശം എട്ടു മീറ്റർ ഉയരത്തിലുള്ള മഹാനവമി ഡിബ്ബയുടെ ഫ്ലാറ്റ്ഫോം മാത്രമാണിന്നുള്ളത്. ശേഷിക്കുന്ന അവശിഷ്ടങ്ങളിൽ വളരെ ശ്രദ്ധേയമാണിത്. തകർക്കപ്പെടുന്നതിനു മുൻപുള്ള ഈ നിർമ്മിതി ഇന്നും ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ.. ഗോപുരങ്ങൾ, ശിലാനിർമ്മിതവാതിലുകൾ കാവൽപ്പുരകൾ പ്രൗഢമായ സിംഹാസനം കിരീടമണിഞ്ഞ രാജാവ് സുന്ദരിയായ രാജ്ഞി, തോഴിമാർ... വെറുതെ ഞാനൊന്നു സങ്കൽപ്പിച്ചു കൊണ്ട് പൊരിഞ്ഞ വെയിലത്തും മന:പായസം കുടിച്ചു. രാജാവ് അതിഥികളെ സ്വീകരിക്കുന്നതും സാമന്തരിൽ നിന്നും കപ്പം വാങ്ങുന്നതും  മഹാനവമി പീഠ ത്തിൽ ഇരുന്നു കൊണ്ടായിരുന്നു വത്രെ. രാജാവ് പ്രജകളെ കണ്ടിരുന്നതു മുതൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ അറിയിച്ചിരുന്നതും  മഹാനവമി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരുന്നതും ഇവിടെയിരുന്നു കൊണ്ടായിരുന്നുവത്രെ.രാജ സ്ത്രീകളുടെ കലാഭിരുചി മാറ്റുരച്ചിരുന്നതും ഇവിടെയായിരുന്നു.


മഹാനവമി ഡിബ്ബയുടെ ഏറ്റവും ഉയരത്തിലുള്ള പടിയിൽ  കയറിയിരുന്ന് സന്ദർശകർ ഫോട്ടോകൾ എടുക്കുന്നുണ്ട്... വെയിലിൽ മുകളിലേയ്ക്ക് നോക്കുവാൻ പോലും ബുദ്ധിമുട്ട് തോന്നി. എന്നിട്ടും ഞങ്ങളും അങ്ങോട്ട് കയറി. ഇവിടേയ്ക്ക് സന്ധ്യയ്ക്ക് പോകുന്നതാണ് നല്ലത് എന്നോർത്തു കൊണ്ട്. നിരവധി കരിങ്കൽ പടികൾ കയറി എത്തിയാൽ ഫ്ലാറ്റ്ഫോമിൻ്റെ മുകൾ ഭാഗത്ത് നിരയായി ചതുരാകൃതിയിലുള്ള ചെറിയ കുഴികൾ കാണാം.  മേൽക്കൂരയ്ക്കു വേണ്ടിയുള്ള തൂണുകൾ സ്ഥാപിച്ചിരുന്ന കുഴികളായിരിക്കാം ഒരു പക്ഷെ... ഓരോ പടികളും മനോഹരമായ ചിത്രപ്പണികളാൽ അലങ്കരിച്ചിട്ടുണ്ട്. മുകളിലേയ്ക്ക് പോകുംതോറും വീതി കുറഞ്ഞു വരുന്ന രീതിയിൽ പിരമിഡ് ആകൃതിയിലാണിത് പണിതിരിയ്ക്കുന്നത്.ഹംപിയിലെ ഏത് നിർമ്മിതി കണ്ടു കഴിയുമ്പോഴും അത്ഭുതവും അഭിമാനവും തോന്നുമെങ്കിലും മനസ്സിലൊരു സങ്കടം ബാക്കിയാവും.. കൊള്ളയടിച്ചതിനു ശേഷം നശിപ്പിക്കുന്നതിനു പിന്നിലെ ലക്ഷ്യം മനസ്സിലാകുന്നില്ല...
ഒരു കാലത്തെ പ്രൗഢിയെ ഓർമ്മിപ്പിക്കാൻ ചരിത്രത്തിലേയ്ക്കടർന്നു വീണ അടയാളമാന്ന് മഹാനവമി ഡിബ്ബ.വിജയനഗര സാമ്രാജ്യത്തിനേറ്റ കനത്ത പ്രഹരത്തിൻ്റെ ബാക്കിപത്രം! പുരാവസ്തു വകുപ്പിൻ്റെ പ്രയത്നം കൊണ്ടാണ് ഈ ശേഷിപ്പുകൾ ഇത്രയെങ്കിലും നിലനിർത്തിപ്പോരുന്നത്.

ഞങ്ങൾ താഴേയ്ക്കിറങ്ങി നടന്നപ്പോൾ കുറച്ചു ദൂരെ മനോഹരമായൊരു കുളം കണ്ടു. ധാരാളം കല്പടവുകളുളള വലിയൊരുകുളം.. കല്പടവുകളുടെ പണി അതിമനോഹരമാണ്. വർഷമൊഴിഞ്ഞകാലത്ത് തുംഗഭദ്ര നദിയിൽ നിന്നും വെള്ളം കുളത്തിലേയ്ക്ക്‌ എത്തിക്കുവാനുള്ള, കരിങ്കൽക്കൊണ്ടു പണിഞ്ഞ വലിയ ഓവിൻ്റെ അവശിഷ്ടങ്ങളും ഇവിടെ കണ്ടു. കരിങ്കൽ തൂണുകൾക്കു മുകളിലാണ് ഓവുകൾ ഉറപ്പിച്ചിട്ടുള്ളത്.മഹാറാണി നവമിക്ക് ഈ കുളപ്പടവുകളിൽ ദീപം തെളിയിക്കുമായിരുന്നുവത്രെ... നവമി ദീപങ്ങൾ തെളിമയോടെ  കത്തുന്നുണ്ടായിരുന്നു എൻ്റെ ഭാവനയിൽ...

(തുടരും)
 

Monday, July 12, 2021

ഹംപി യാത്ര - അജിത രാജന്‍ - ഭാഗം 11


ലോട്ടസ് മഹൽ നിൽക്കുന്നിടത്തു നിന്നും കുറച്ചു നടന്നാൽ ആനപ്പന്തി (എലിഫൻറ് സ്റ്റേബിൾ ) നിൽക്കുന്നിടത്തേയ്ക്കെത്താം.. നടക്കുന്ന വഴിയും പരിസവും വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. ആർക്കിയോളജി വിഭാഗത്തിൻ്റെ കീഴിലാണ് ഇപ്പോഴിതെല്ലാം ഉള്ളത്. വഴിയരികിൽ കരിക്ക് വില്പനക്കാർ ധാരാളമുണ്ട്. മണ്ഡരി ബാധിക്കാത്ത നല്ല കരിക്ക് കണ്ടപ്പോൾ എല്ലാവരും കരിക്ക് കഴിച്ചു. മുപ്പത് രൂപയേ ഉള്ളു... ശരീരം റീചാർജ്ജ് ചെയ്തപ്പോൾ എല്ലാവരും ഉന്മേഷത്തോടെ നടന്ന് ആനപ്പന്തിയ്ക്കരികെയെത്തി... കാക്ക പോലും കൊള്ളാത്ത വെയിലത്താണ് നടപ്പ്. വെയിൽ നനയാൻ മടിച്ച് ഞാൻ ആനപ്പന്തിയുടെ വരാന്തയിലേയ്ക്ക് ഓടിക്കയറി.. എന്തു പറയണം...കണ്ടുതന്നെ അറിയേണ്ട നിർമ്മിതിയാണിത്!


രാജാക്കൻമാർ ഉപയോഗിച്ചിരുന്ന ആനകൾക്കുള്ള വിശ്രമസ്ഥലം. അതിൻ്റേതായ എല്ലാ പ്രൗഢിയോടും കൂടിയാണ് ഈ ആനപ്പുരയുടെ പണി. വിശാലമായ പതിനൊന്ന് മുറികൾ ഉണ്ട്. ഇതിൽ ഓരോന്നിലും രണ്ട് ആനകളെ വീതം തളയ്ക്കുവാനുള്ള സൗകര്യമുണ്ട്.നിർമ്മാണം കരിങ്കല്ല് കൊണ്ടാണ് മുറിയുടെ മേൽക്കൂര നല്ല ഉയരത്തിലാണുള്ളത്...രാജകീയ പ്രൌഢി വിളിച്ചോതുന്ന കൊത്തുപണികൾ.. ആനകളെ കെട്ടിയിടാനുള്ള ഇരമ്പു കൊളുത്തുകൾ മുകളിലെ മനോഹരമായ ചിത്രപ്പണികളോടുകൂടിയ തട്ടിന്മേൽ ഇപ്പോഴും കാണാം. ആനകൾ ഉപയോഗിച്ചിരുന്ന സ്ഥലമായിരിന്നിട്ടും ഈ കെട്ടിടത്തിൻ്റെ അകത്തും പുറത്തും വലിയ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. ആനപ്പരിചാരകർക്ക് പ്രവേശിക്കാനായിരിക്കണം മുറിയുടെ  പുറകിലും കവാടമുണ്ട്. ആ മുറികളിൽ കയറിയിറങ്ങി നടക്കുമ്പോൾ എൻ്റെ മനസ്സ് വല്ലാത്തൊരവസ്ഥയിലായിപ്പോയി... രാജാവിൻ്റെ സുന്ദരക്കുട്ടപ്പൻമാരായ ആനകൾ എത്ര ആർഭാടമായി ജീവിച്ചിരുന്നയിടമാണിത്! അവയുടെ ചങ്ങലക്കിലുക്കം കേൾക്കുന്നുണ്ടോയെന്നറിയാൻ വെറുതെ ചെവി കൂർപ്പിച്ചു... ശരിയ്ക്കും സമ്പന്നമായിരുന്ന നമ്മുടെ രാജഭരണ കാലം. അതിൽ എത്രയോ സന്തോഷമായി ജീവിച്ചു പോന്ന കുറെ ജീവിതങ്ങൾ... പുറത്തു നിന്നുള്ളവരുടെ ആക്രമണത്തിൽ, കൊള്ളയിൽ എല്ലാം പെട്ടെന്ന് നഷ്ടപ്പെടുന്നു... എന്തൊരു അന്യായം! ജീവനോടെ ബാക്കിയിരുന്നവർ എങ്ങിനെയായിരിക്കും ഈ അവസ്ഥയെ തരണം ചെയ്തത്... ഇങ്ങനെയൊരു നാശം സംഭവിക്കരുതായിരുന്നു... അവരുടെ തലമുറകൾ നിലനിൽക്കേണ്ടതായിരുന്നു...വെറുതെ എൻ്റെ മനസ്സ് കേണു കൊണ്ടിരുന്നു...


കൂടെയുള്ളവരെ തിരഞ്ഞപ്പോൾ അവർ മുറ്റത്തു നിന്ന് കെട്ടിടത്തിൻ്റെ പുറം ഭാഗം നോക്കി കാണുകയാണ്.കൂടെ നിൽക്കുന്ന മറ്റു കാഴ്ചക്കാരോട് അവർ എന്തൊക്കെയോ ചോദിച്ചു മനസ്സിലാക്കുന്നുണ്ട്. ചരിത്രകാരൻമാർക്കും പുരാവസ്തു ഗവേഷണ ശാസ്ത്രജ്ഞൻ മാർക്കും ഒഴിവാക്കാനാവാത്ത ഇടമാണല്ലോ ഹംപി. അതിൽപ്പെട്ടവരാകാം.. എന്തായാലും എനിയ്ക്കും ഉപകാരപ്പെടുമല്ലോ ഞാനും അങ്ങോട്ടു ചെന്നു. വെയിൽ വകവയ്ക്കാതെ എല്ലാവരും നോക്കിക്കാണുകയാണ്. നീളത്തിൽ അറബിക്, പേർഷ്യൻ, ഇന്ത്യൻ എന്നീ സംസ്കാരങ്ങളുടെ മിശ്രണമായാണ് ഇത് പണിതിരിക്കുന്നത്.പതിനൊന്നു മുറികളിൽ പത്തെണ്ണത്തിൻ്റെ മുകളിലും വ്യത്യസ്തമായ ആ കൃതിയിൽ താഴികക്കുടങ്ങൾ നിർമ്മിച്ചിട്ടുണ്ട്. നടുവിലെ താഴികക്കുടം മാത്രം മറ്റൊരു ആകൃതിയിലാണ്. അനകളെ ഉൾപ്പെടുത്തിയുള്ള പരിപാടികൾ നടക്കുമ്പോൾ സംഗീതജ്ഞർക്കും ബാൻ്റ് ട്രൂപ്പിനും ഇരിക്കാൻ പറ്റും വിധമാണ് ഇത് പണി തിരിക്കുന്നത്...


അവിടെ നിന്ന് ഏതാനും ഫോട്ടോകൾ എടുത്തതിനു ശേഷം .ഞങ്ങൾ ക്വീൻസ് ബാത്ത് കാണാനിറങ്ങി.റോയൽ എൻക്ലോഷറിനോട് ചേർന്നാണിതുള്ളത്.വിജയനഗര സാമ്രാജ്യത്തിലെ രാജ്ഞിമാർക്കു കുളിക്കാനുള്ള വലിയ കുളവും കുളിപ്പുരയും.വിജയനഗര സാമ്രാജ്യത്തിലെ അച്ച്യുതായരാണ് തൻ്റെ റാണിമാർക്കും കൊട്ടാരത്തിലെ മറ്റു സ്ത്രീകൾക്കും വേണ്ടി ഇത് പണി കഴിപ്പിച്ചത്, ഇൻഡോ-ഇസ്ലാമിക് ശൈലിയിലുള്ള സവിശേഷമായ രൂപകല്പനയിൽ... കുളപ്പുരയുടെ ചുറ്റും ഒരു കനാലുണ്ട്.ഇതിനെ മറികടക്കാൻ ഒരു പാലവും ഉണ്ട്. ഈ കനാലിൽ നിറയെ വെള്ളം ഉണ്ടാകുമായിരുന്നെന്നും പുറത്തു നിന്നുള്ളവരുടെ പ്രവേശനത്തെ  തടയുവാനാണ് ഇതെന്നും പറയപ്പെടുന്നു. ഉള്ളിൽ കയറിയാൽ രാജകീയ ആഡംബരത്തിൻ്റെ മറ്റൊരു ദൃശ്യവിരുന്നാണ് നമ്മെ കാത്തിരിക്കുന്നത്. പുറത്ത് നിന്നു കണ്ടപ്പോൾ ലളിതമായ നിർമ്മിതിയായി തോന്നിയിരുന്നു. അലങ്കരിച്ച ഉൾവശത്ത് ചതുരാകൃതിയിലുള്ള കുളത്തിനു യോജിച്ച വിധത്തിൽ നീണ്ട വരാന്ത 15. ചതുരശ്ര മീറ്റർ വിസ്ത്രീർണ്ണവും 1.8 മീറ്റർ ആഴവുമാണ് കുളത്തിനുള്ളത്.  വറ്റിവരണ്ട് കിടക്കുന്ന കുളം കണ്ടപ്പോൾ, ഇതു നിറയെ വെള്ളമുണ്ടായിരു ന്നെങ്കിലെന്ന് വെറുതെ ആശിച്ചു പോയി. ചുറ്റും മനോഹരമായ കമാനങ്ങളും ഇടനാഴികളും... മേൽക്കൂരയില്ലാതെ തുറന്ന ആകാശം കാണാവുന്ന വിധത്തിലാണ് ഇതിൻ്റെ നിർമ്മാണം. കുളത്തിലേക്ക് ഇറങ്ങുവാൻ ഒരു വ ശത്തുകൂടി മാത്രമേ സാധിക്കുകയുള്ളു. ബാൽക്കണിയിലെ കൊത്തുപണികളും അലങ്കാരവും അതി മനോഹരമാണ്. ഓരോ ബാൽക്കണിയ്ക്കും മൂന്നു ജനലുകൾ വീതമുണ്ട്. വരാന്തയിലെ തിണ്ണയിൽ കുളത്തിലേക്ക് നേക്കി ഞാൻ അല്പം നേരം ഇരുന്നു... മനസ്സിൽ റാണിമാരുടെ നീരാട്ടായിരുന്നു...

കുറച്ചു ഫോട്ടോകൾ ക്യാമറയിൽ പകർത്തിയതിനു ശേഷം ഞങ്ങൾ പുറത്തേക്കിറങ്ങി.


(തുടരും)