മണ്ഡപത്തിൽ നിന്നും ഇറങ്ങി ഞങ്ങൾ തുടർക്കാഴ്ചകൾക്കായി നടന്നപ്പോൾ, അസാധാരണമായ വലുപ്പത്തിൽ പണികഴിപ്പിച്ചൊരു അടിത്തറ കണ്ടു.ആർക്കിയോളജി വിഭാഗം പുതിയ എന്തെങ്കിലും കെട്ടിടം പണിയുവാനുളള തുടക്കമാകുമെന്നാണ് ഞാനാദ്യം കരുതിയത്. മുൻപേ നടന്നിരുന്ന അഖിമോനാണ് പറഞ്ഞത് ഇത് രാജ്ഞിയുടെ തകർത്തു കളഞ്ഞ കൊട്ടാരത്തിൻ്റെ ബെയ്സ്മെൻറ് ആണെന്ന്. തറയുടെ ഓരോ കല്ലിലും എന്തെന്തുകൊത്തുപണികളാണെന്നോ.. നൂറ്റാണ്ടുകൾക്കപ്പുറം പണിതിട്ടുള്ള ഈ തറയിലെ കല്ലുകൾ ഇത്രയേറെ ചിത്രപ്പണികളാൽ അലങ്കരിച്ചിട്ടുണ്ടെങ്കിൽ അതിന്മേൽ പടുത്തുയർത്തിയ രാജകൊട്ടാരം എങ്ങിനെയായിരിക്കുമല്ലേ... ഓരോ ആക്രമണത്തിലും വാളിൻ്റെ ചിലമ്പൊലികൾ ശ്രവിച്ച് കൊട്ടാരത്തിലെ പെൺ മനസ്സുകൾ എന്തുമാത്രം വേദനിച്ചിരിയ്ക്കും! നൂറ്റാണ്ടുകൾക്ക് മുൻപ് കടന്നു പോയ കാലത്തിൻ്റെ കുളമ്പടി കേൾക്കുന്നുവോ...
തറയല്ലാതെ ഒരു കല്ലു പോലും അവിടെ അവശേഷിക്കുന്നില്ല. ഹസാര രാമക്ഷേത്രം ആണ് അടുത്ത ലക്ഷ്യം. കുറച്ച് ദൂരം നടക്കാനുണ്ട്. ഹംപിയിലെ ഒരേ ഒരു രാമക്ഷേത്രമാണത്രെ അത്. പുൽത്തകിടിയിൽ കൂടിയാണ് നടത്തo നടക്കുന്ന വഴിയരികിൽ മൈലാഞ്ചിച്ചെടി നട്ട് ഭംഗിയിൽ വെട്ടിനിറുത്തിയിട്ടുണ്ട്. അവിടെ എങ്ങിനേയോ വന്നു പെട്ട ഒരു കൊച്ചു നായക്കുട്ടി.. നല്ല ഓമനത്തവും ഇണക്കവും ഉള്ള കുട്ടി അതിനെ കളിപ്പിച്ചും കൂടെ കൂട്ടിയും നടന്നതിനാൽ രസകരമായിരുന്നു നടത്തം.
കൊട്ടാരവളപ്പിൽ റാണി മന്ദിരത്തിൽ നിന്ന് അധികം ദൂരെയല്ല ക്ഷേത്രം.. ശ്രീരാമനാണ് പ്രതിഷ്ഠ. ഈ ക്ഷേത്രത്തിൽ വിജയനഗര ചക്രവർത്തിമാർ സ്ഥിരമായി ദർശനത്തിനെത്തുമായിരുന്നുവത്രെ. ഇവിടെയിപ്പോൾ പൂജകളൊന്നും തന്നെ നടക്കുന്നില്ല. പതിനഞ്ചാം നൂറ്റാണ്ടിൽ പണിത ഈ ക്ഷേത്രത്തിലെ കൊത്തുപണികൾ...ഹ! അവർണ്ണനീയം.. എങ്ങോട്ടു നോക്കിയാലും വിസ്മയിപ്പിക്കുന്ന കാലാവിരുത്. കൊത്തുപണികളാൽ മനംകവരാത്ത ഒരു കല്ലു പോലും ഇവിടെ കാണാനാവില്ല! ദ്രാവിഡകാല വിരുതിൻ്റെ മായാത്ത കയ്യൊപ്പ്! കാഴ്ചക്കാർ നമിച്ചു പോകും... രാമായണത്തിലെ രാമജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കാഴ്ചകളാണ് ചിത്രങ്ങളിലൂടെ നമുക്ക് കാണുവാനാവുക. ഇനി പുറത്തു കടന്നാൽ ക്ഷേത്രത്തിൻ്റെ ചുറ്റുമതിലിൽ വിജയനഗര സാമ്രാജ്യത്തിലെ വിവിധ കലാരൂപങ്ങളും മറ്റും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. ഇവിടെ ഒരു നൃത്ത മണ്ഡപവും ഉണ്ട്. രാമായണത്തിലെ ലവകുശൻമാരുടെ കഥ ഏതാണ്ട് മുഴുവനും വായിച്ചെടുക്കാനാവും ഈ ചിത്രങ്ങളിലൂടെ.കൂടാതെ ഭാഗവത പുരാണം കൊത്തുപണികളാൽ ചുരുക്കി പ്രതിപാദിച്ചിട്ടുണ്ട് ഇവിടെ. അമ്പലത്തിലേക്കാവശ്യമുള്ള വെള്ളം പുറത്തു നിന്നും കൊണ്ടുവരുവാനായി കല്ലുകൊണ്ടു നിർമ്മിച്ച പാത്തിയും ഇവിടെ കാണാം. ഹസാര രാമക്ഷേത്രത്തിലെ മറക്കാനാവാത്ത ഹൃദ്യമായ കാഴ്ചകളെല്ലാം കൺനിറയെ കണ്ട് മനസ്സിലേക്കാവാഹിച്ച് അവിടെ നിന്നും പോന്നു.
ഉച്ചഭക്ഷണത്തിൻ്റെ പതിവു സമയം കഴിഞ്ഞിരുന്നു.. എല്ലാവർക്കും വിശക്കാൻ തുടങ്ങിയെങ്കിലും അധികം ദൂരത്തല്ലാത്ത കമലാ പുരിയിലുള്ള ആർക്കിയോളജിക്കൽ മ്യൂസിയം കൂടി കണ്ടിട്ട് പോകാം എന്ന തീരുമാനത്തിലെത്തി അങ്ങോട്ട് യാത്രയാരംഭിച്ചു..
ഈ മ്യൂസിയം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് പരിപാലിക്കുന്നത്. ഇവിടെ ഇന്ത്യൻ സന്ദർശകർക്കുള്ള ടിക്കറ്റ് നിരക്ക് പത്തു രൂപയും വിദേശിയർക്ക് 10 ഡോളറുമാണ്.ഇവർക്ക് ഇതേ ടിക്കറ്റിൽ ഹംപിയിൽ ടിക്കറ്റെടുക്കേണ്ട ചില സ്ഥലങ്ങളിൽ കൂടി സന്ദർശിക്കുവാനാകും.
ചുറ്റും ശക്തമായ മതിലോടു കൂടിയ ഇവിടെ പ്രവേശിക്കുമ്പോൾ തന്നെ മുറ്റത്ത് ഹംപി താഴ്വരയുടെ സ്കെയിൽ ചെയ്ത മാതൃകയുണ്ട്. ഈ ഒരു കാഴ്ച മാത്രമാണ് ഇവിടെ സന്തോഷത്തോടെ എനിയ്ക്ക് കാണുവാനായത്. മറ്റൊന്നും കൊണ്ടല്ല തകർത്തെറിയപ്പെട്ട ഹംപി പ്രതാപത്തിൻ്റെ അവശിഷ്ടങ്ങളാണ് ഇവിടെയുള്ളത്. പോലീസ് കാവലിൽ കുറെയേറെ പുരാതന വസ്തുക്കൾ മുറ്റത്തു തന്നെ ഭംഗിയായി പ്രദർശനത്തിനുവച്ചിട്ടുണ്ട്. ഇടയ്ക്കിടെ മനോഹരമായ കുററിച്ചെടികളും കാണാം. നമ്മൾ കണ്ടതും കാണാത്തതുമായ ക്ഷേത്രങ്ങളിൽ നിന്നും കണ്ടെടുത്ത ലോഹം കൊണ്ടും കല്ലുകൊണ്ടുമുള്ള ശില്പങ്ങൾ, വിഗ്രഹങ്ങളുടെ നഷ്ടപ്പെട്ട ഭാഗങ്ങൾ തുടങ്ങി വിജയനഗര സാമ്രാജ്യത്തിൻ്റെ നാണയങ്ങൾ, ലോഹ വസ്തുക്കൾ കയ്യെഴുത്തുപ്രതികൾ ചരിത്രാതീതകാലത്തെ കല്ലുകൊണ്ടുണ്ടാക്കിയ ഉപകരണങ്ങൾ, മൺപാത്രങ്ങൾ അങ്ങനെ പലവക വസ്തുക്കൾ... ഹംപിയുടെ ചുറ്റുപാടുകളിൽ നിന്ന് കണ്ടെടുത്ത പലതരത്തിലുള്ള പുരാതന വസ്തുക്കൾ നമുക്കിവിടെ കാണാം.മ്യൂസിയത്തിൽ മൂന്നു ഗാലറികൾ ഉണ്ട്. ശൈവ, വൈഷ്ണവ ,പലവക എന്നീ പേരുകളിൽ സാധനങ്ങൾ തരംതിരിച്ചാണ് സൂക്ഷിച്ചിട്ടുള്ളത്. എല്ലാ കാഴ്ചകൾക്കും ഒടുവിൽ കരളിലൊരു കട്ടുറുമ്പു കടിച്ച വേദന ബാക്കിയാവുന്നതറിഞ്ഞു ഞാൻ...
(തുടരും)



വളരെ നല്ല വിശദീകരണം ഗംഭീരമായിരിക്കുന്നു.
ReplyDelete