ഹംപിയിലെ കാഴ്ചകൾ അവസാനിക്കുന്നില്ല .കൽ നിർമ്മിതികളുടെ എണ്ണമറ്റ കാഴ്ചകൾ ഇനിയും ബാക്കി..കണ്ടു കഴിഞ്ഞ ചില ക്ഷേത്രങ്ങളെക്കുറിച്ച് എഴുതാതേയും പോയിട്ടുണ്ട്. എവിടെ നോക്കിയാലും ക്ഷേത്രങ്ങളും പൊട്ടിപ്പൊളിഞ്ഞ സ്മാരകങ്ങളും. വിലപ്പെട്ടതെല്ലാം കവർന്നെടുത്തത്തിനുശേഷo മാസങ്ങളോളമെടുത്ത് തകർത്തു കളഞ്ഞവരുടെ ചോതോവികാരം എന്തായിരിക്കുമെന്ന് ഞാൻ ഇടയ്ക്കിടെ ഓർത്തു പോകുമായിരുന്നു.അവർ ഉപേക്ഷിച്ചു പോയതിൻ്റെ ശേഷിപ്പുകൾ കാണുവാൻ ഓരോ വർഷവും വിദേശികളടക്കം ആയിരക്കണക്കിന് നന്ദർശകരാണ് ഇവിടെ വരുന്നതത്രെ! സമ്പന്നമായിരുന്ന ഹംപിയുടെ അഞ്ചു ശതമാനം പോലും ഇന്ന് ശേഷിക്കുന്നില്ലെന്ന് പറയുമ്പോൾ, തകർക്കപ്പെട്ടില്ലായിരുന്നെങ്കിൽ ഹംപിയൊരു മഹാത്ഭുതം തന്നെയായിരുന്നേനെ! എന്തായാലും നമ്മുടെ കയ്യിലുള്ള പരിമിതമായ സമയത്തിൽ പ്രധാനപ്പെട്ട കുറച്ചു കാഴ്ചകൾ കുട്ടികൾ പ്ലാൻ ചെയ്തിരുന്നു.
മഹാനവമി ഡിബ്ബ കാണുവാനായി ഞങ്ങളെത്തിയപ്പോഴേയ്ക്കും നട്ടുച്ചയായി. ഒരു മരത്തണൽ പോലുമില്ലാതെ... ചെറിയ തോതിൽ കാററു വീശുന്നുണ്ടെങ്കിലും ചുടുകാറ്റാണ് വരുന്നത്. ഹംപിയിൽ രാത്രിയിൽ തണുപ്പും പകൽ നല്ല ചൂടുമാണ്. ഡിസംബറിലെ പകലുകൾ ഇങ്ങനെയെങ്കിൽ ഏപ്രിൽ - മെയ് മാസങ്ങളിലെന്തായിരിക്കും ചൂടെന്ന് ഓർത്തു പോയി.
ചരിത്രപ്രസിദ്ധമായ ദസറ മഹോത്സവം നടന്ന സ്ഥലം. ദസറഡിബ്ബ, മഹാനവമി മണ്ഡപം എന്നീ പേരുകളിലാണ് ഇതറിയപ്പെടുന്നത്. വിജയനഗര സാമ്രാജ്യത്തിൻ്റെ രാജസദസ്സ് നടന്നിരുന്ന പ്രൗഢമായ ഇടം! മന്ത്രിമാർക്കും നാട്ടുപ്രമാണിമാർക്കും സാധാരണ ജനങ്ങൾക്കും ഇരിപ്പിടമൊരുക്കിയിരുന്നയിടം. ചുറേറാടു ചുറ്റും കൂറ്റൻ മതിലുകൾ ഇതിനുള്ളിൽ ഏക്കർ കണക്കിന് വിശാലമായ സ്ഥലം. വിശേഷ ദിവസങ്ങളിൽ രാജാവും അധികാരികളും സമ്മേളിക്കുന്നതും ആഘോഷങ്ങൾ നടത്തുന്നതുമായ സ്ഥലമായിരുന്നു ഇത്. എല്ലാം തകർത്തെറിയപ്പെട്ടുവല്ലോ! അമ്പതിനായിരം ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ ഏകദേശം എട്ടു മീറ്റർ ഉയരത്തിലുള്ള മഹാനവമി ഡിബ്ബയുടെ ഫ്ലാറ്റ്ഫോം മാത്രമാണിന്നുള്ളത്. ശേഷിക്കുന്ന അവശിഷ്ടങ്ങളിൽ വളരെ ശ്രദ്ധേയമാണിത്. തകർക്കപ്പെടുന്നതിനു മുൻപുള്ള ഈ നിർമ്മിതി ഇന്നും ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ.. ഗോപുരങ്ങൾ, ശിലാനിർമ്മിതവാതിലുകൾ കാവൽപ്പുരകൾ പ്രൗഢമായ സിംഹാസനം കിരീടമണിഞ്ഞ രാജാവ് സുന്ദരിയായ രാജ്ഞി, തോഴിമാർ... വെറുതെ ഞാനൊന്നു സങ്കൽപ്പിച്ചു കൊണ്ട് പൊരിഞ്ഞ വെയിലത്തും മന:പായസം കുടിച്ചു. രാജാവ് അതിഥികളെ സ്വീകരിക്കുന്നതും സാമന്തരിൽ നിന്നും കപ്പം വാങ്ങുന്നതും മഹാനവമി പീഠ ത്തിൽ ഇരുന്നു കൊണ്ടായിരുന്നു വത്രെ. രാജാവ് പ്രജകളെ കണ്ടിരുന്നതു മുതൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ അറിയിച്ചിരുന്നതും മഹാനവമി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരുന്നതും ഇവിടെയിരുന്നു കൊണ്ടായിരുന്നുവത്രെ.രാജ സ്ത്രീകളുടെ കലാഭിരുചി മാറ്റുരച്ചിരുന്നതും ഇവിടെയായിരുന്നു.
മഹാനവമി ഡിബ്ബയുടെ ഏറ്റവും ഉയരത്തിലുള്ള പടിയിൽ കയറിയിരുന്ന് സന്ദർശകർ ഫോട്ടോകൾ എടുക്കുന്നുണ്ട്... വെയിലിൽ മുകളിലേയ്ക്ക് നോക്കുവാൻ പോലും ബുദ്ധിമുട്ട് തോന്നി. എന്നിട്ടും ഞങ്ങളും അങ്ങോട്ട് കയറി. ഇവിടേയ്ക്ക് സന്ധ്യയ്ക്ക് പോകുന്നതാണ് നല്ലത് എന്നോർത്തു കൊണ്ട്. നിരവധി കരിങ്കൽ പടികൾ കയറി എത്തിയാൽ ഫ്ലാറ്റ്ഫോമിൻ്റെ മുകൾ ഭാഗത്ത് നിരയായി ചതുരാകൃതിയിലുള്ള ചെറിയ കുഴികൾ കാണാം. മേൽക്കൂരയ്ക്കു വേണ്ടിയുള്ള തൂണുകൾ സ്ഥാപിച്ചിരുന്ന കുഴികളായിരിക്കാം ഒരു പക്ഷെ... ഓരോ പടികളും മനോഹരമായ ചിത്രപ്പണികളാൽ അലങ്കരിച്ചിട്ടുണ്ട്. മുകളിലേയ്ക്ക് പോകുംതോറും വീതി കുറഞ്ഞു വരുന്ന രീതിയിൽ പിരമിഡ് ആകൃതിയിലാണിത് പണിതിരിയ്ക്കുന്നത്.ഹംപിയിലെ ഏത് നിർമ്മിതി കണ്ടു കഴിയുമ്പോഴും അത്ഭുതവും അഭിമാനവും തോന്നുമെങ്കിലും മനസ്സിലൊരു സങ്കടം ബാക്കിയാവും.. കൊള്ളയടിച്ചതിനു ശേഷം നശിപ്പിക്കുന്നതിനു പിന്നിലെ ലക്ഷ്യം മനസ്സിലാകുന്നില്ല...
ഒരു കാലത്തെ പ്രൗഢിയെ ഓർമ്മിപ്പിക്കാൻ ചരിത്രത്തിലേയ്ക്കടർന്നു വീണ അടയാളമാന്ന് മഹാനവമി ഡിബ്ബ.വിജയനഗര സാമ്രാജ്യത്തിനേറ്റ കനത്ത പ്രഹരത്തിൻ്റെ ബാക്കിപത്രം! പുരാവസ്തു വകുപ്പിൻ്റെ പ്രയത്നം കൊണ്ടാണ് ഈ ശേഷിപ്പുകൾ ഇത്രയെങ്കിലും നിലനിർത്തിപ്പോരുന്നത്.
ഞങ്ങൾ താഴേയ്ക്കിറങ്ങി നടന്നപ്പോൾ കുറച്ചു ദൂരെ മനോഹരമായൊരു കുളം കണ്ടു. ധാരാളം കല്പടവുകളുളള വലിയൊരുകുളം.. കല്പടവുകളുടെ പണി അതിമനോഹരമാണ്. വർഷമൊഴിഞ്ഞകാലത്ത് തുംഗഭദ്ര നദിയിൽ നിന്നും വെള്ളം കുളത്തിലേയ്ക്ക് എത്തിക്കുവാനുള്ള, കരിങ്കൽക്കൊണ്ടു പണിഞ്ഞ വലിയ ഓവിൻ്റെ അവശിഷ്ടങ്ങളും ഇവിടെ കണ്ടു. കരിങ്കൽ തൂണുകൾക്കു മുകളിലാണ് ഓവുകൾ ഉറപ്പിച്ചിട്ടുള്ളത്.മഹാറാണി നവമിക്ക് ഈ കുളപ്പടവുകളിൽ ദീപം തെളിയിക്കുമായിരുന്നുവത്രെ... നവമി ദീപങ്ങൾ തെളിമയോടെ കത്തുന്നുണ്ടായിരുന്നു എൻ്റെ ഭാവനയിൽ...
(തുടരും)



No comments:
Post a Comment