ആർക്കിയോളജി മ്യൂസിയം കണ്ടിറങ്ങിയതിനു ശേഷം രണ്ടു കിലോമീറ്റർ അപ്പുറത്തുള്ള സിറ്റിയിലേയ്ക്ക് ഞങ്ങൾ ഭക്ഷണം കഴിക്കാൻ പോയി. ഉച്ചഭക്ഷണത്തിൻ്റെ സമയം ഒരു പാട് വൈകിയിരുന്നെങ്കിലും നല്ല ഭക്ഷണം തന്നെ അവിടെ നിന്നും കഴിക്കാനായി. അടുത്തതായി തുംഗഭദ്ര നദിയുടെ ബോട്ടുജട്ടിയിലേയ്ക്ക് പോകുവാനാണ് തീരുമാനിച്ചത്. അഞ്ചു കിലോമീറ്ററോളം കാർ യാത്രയ്ക്കു ശേഷം ഒന്നര കിലോമീറ്ററെങ്കിലും നടക്കേണ്ടി വരും തുംഗഭദ്ര ബോട്ടു ജട്ടിയിലെത്താൻ. അവിടെ കുട്ട വഞ്ചിയിൽ ഒരു ജലയാത്ര..
കാറ് പാർക്കു ചെയ്തതിനു ശേഷം ഞങ്ങൾക്ക് നടക്കേണ്ട വഴി അത്ര സുഖമുള്ളതായിരുന്നില്ല. ആൾ താമസമില്ലാത്ത ചെറിയ കാടുപോലെയാണ് തോന്നിയത്. ചിലപ്പോൾ ചെറിയ നടപ്പാതയിലൂടെ പായ വിരിച്ചതു പോലെയുള്ള പാറയിലൂടെ നടക്കുമ്പോൾ ഒരു പാട് ആടുകളെ മേച്ചു കൊണ്ട് ഒരു ഗ്രാമീണൻ വരുന്നു.. കയ്യിൽ ഒരു അരിവാളും വടിയും ചോറ്റിൻ പാത്രവും. അടുത്തെവിടെയോ ഉള്ള കാട്ടിൽ നിന്നുള്ള മടക്കം. നല്ല തടിച്ചുകൊഴുത്ത കറുത്ത ആട്ടിൻ കൂട്ടങ്ങളെയാണ് ഹംപിയിൽ കണ്ടതിലധികവും.എന്നാൽ അവരുടെ യജമാനൻമാരെ കണ്ടാൽ എനിക്ക് മന:പ്രയാസമാണ്.. ഒരിക്കൽ കൂടി നോക്കാതെ തന്നെ അവരുടെ ദൈന്യത നിറഞ്ഞ ജീവിതം മനസ്സിൽ നിറയും.
വഴിയരികിൽ മൾബറി പഴം കണ്ടപ്പോൾ ഞങ്ങളത് പറിച്ചെടുത്ത് കഴിച്ചു.. പിന്നേയും ദൂരം പിന്നിട്ടപ്പോൾ ചെറുതായി മഴ ചാറാൻ തുടങ്ങിയെങ്കിലും കുട കയ്യിലില്ലാത്ത ഞങ്ങളോട് ദയവു കാട്ടിയതുപോലെ മഴ തിരിച്ചു പോയി. വഴിയിൽ കണ്ട ഒരു യാത്രികനോട് വഴി ചോദിച്ചപ്പോൾ, വിറ്റാല ക്ഷേത്രത്തിലേയ്ക്ക് ദാ.. ഇതിലെ പോയാൽ മതിയെന്ന് കൈ ചൂണ്ടിക്കാട്ടിക്കൊണ്ട് അയാൾ സ്വന്തം ഭാഷയിൽ പറഞ്ഞു തന്നു. തിരിച്ചു ചെന്നതിനു ശേഷം ഹംപിയിലെ അവസാന കാഴ്ചയായി വിറ്റാല ക്ഷേത്രത്തിൽ പോകാനായിരുന്നു ഞങ്ങൾ കരുതിയിരുന്നത്. ഇപ്പോഴാണ് അറിയുന്നത് ഈ വഴിയിലൂടെ പോയാൽ വിറ്റാല ക്ഷേത്രം ഇവിടെ അടുത്താണെന്നും അഞ്ച് മണി കഴിഞ്ഞാൽ അവിടെ അടയ്ക്കുമെന്നും. അങ്ങനെയെങ്കിൽ ആദ്യം വിറ്റാല ക്ഷേത്രത്തിലേയ്ക്ക് പോകാമെന്ന തീരുമാനമായി. ഇടയ്ക്കിടെ വലിയ പാറക്കൂട്ടങ്ങളും കടന്നാണ് യാത്ര.. ബോട്ടു ജട്ടിയിലേയ്ക്ക് വരുന്ന ടൂറിസ്റ്റുകളെ പ്രതീക്ഷിച്ചു കൊണ്ട് നടവഴിയിലെ ഒരു പാറയ്ക്കു കീഴിൽ രണ്ടു സ്ത്രീകൾ ഒരു പിടി ബേബികാരറ്റും കുറച്ചു മാങ്ങ ചെത്തിയതും ഉപ്പും മുളകുമായി വില്പനയ്ക്കിരിക്കുന്നുണ്ട്. വളരെ മെലിഞ്ഞ് കറുത്തവർ. ഒററ നോട്ടത്തിലേ അവരുടെ ജീവിത ചിത്രം വ്യക്തമാക്കുന്ന രൂപമാണ് ഇവിടെ നാം കണ്ടുമുട്ടുന്ന ഗ്രാമീണരുടേത്..ശക്തനായൊരു രാജാവിൻ്റെ കീഴിൽ സുരക്ഷയോടെ കഴിഞ്ഞിരുന്ന ജനതയുടെ പിൻതലമുറക്കാർ... രത്നവും സ്വർണ്ണവും പറകൊണ്ടളന്നിരുന്ന പാരമ്പര്യമുള്ളവർ..പാവങ്ങൾ എല്ലാം കൊള്ളയടിക്കപ്പെട്ട് നാഥനില്ലാതെ...
ചെറിയൊരു കാടെന്നു തോന്നുന്നിടത്തു കൂടി നടക്കുമ്പോഴായിരുന്നു കൗതുകം ജനിപ്പിക്കുന്നൊരു കാഴ്ച കണ്ടത്. ഒരു വലിയ ആൽമരം ഇതിൻ്റെ താഴെയുള്ള വേരുകളിലെല്ലാം നിറയെ തുണികൾ കെട്ടിയിട്ടിരിക്കുന്നു. ചിലത് ഭാണ്ഡം പോലെ.. അതിൻ്റെ ഉള്ളിലെന്തായിരിക്കുമെന്ന് അറിയില്ല. താഴെ കൊച്ചു കല്ലുകൾ അടുക്കി വച്ചിരിക്കുന്നു. ഈ പരിസരങ്ങളിൽ ജനവാസമുണ്ടാകാമെന്നും അവരുടെ ഏതോ ആചാരങ്ങളുടെ ഭാഗമായിരിക്കുമെന്നും രാജേട്ടൻ പറഞ്ഞു. മോനത് ക്യാമറയിലേയ്ക്ക് പകർത്തി.
ക്ഷേത്ര കവാടത്തിനു മുൻപായി വടക്കുഭാഗത്ത് കിംഗ്സ് ബാലൻസ് ആണ് ആദ്യം കണ്ടത്. രണ്ട് വലിയ കരിങ്കൽ തൂണുകളിൽ താങ്ങി നിറുത്തപ്പെട്ടിട്ടുള്ള ഒരു വലിയ ബീമുണ്ട്. ഇതും കല്ലുകൊണ്ട് നിർമ്മിച്ചിട്ടുള്ളതാണ്. തുലാസ് തൂക്കാനുള്ള ഹുക്കുകളും ഉണ്ട്. ആഘോഷങ്ങൾ, സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം, ജന്മദിനം എന്നീ വിശേഷ ദിവസങ്ങളിൽ രാജാവ് തുലാഭാരം കഴിക്കുന്നത് ഇവിടെയാണ്. സ്വർണ്ണം ,വെള്ളി, രത്നം എന്നിവയാണ് തുലാസിൻ്റെ മറു തട്ടിൽ വെച്ചിരുന്നതത്രെ! തുലാഭാരത്തിനു ശേഷം ക്ഷേത്രത്തിനും പൂജാരിമാർക്കും അവകാശപ്പെട്ടതാണത്രെ ഇത്.
വിററാല ക്ഷേത്രത്തിൻ്റെ പുറകുവശത്താണ് ഞങ്ങൾ നടന്നെത്തിയത്. മുൻവശത്തുകൂടി വരികയാണെങ്കിൽ ഒരു കിലോമീറ്റർ ദൂരെ വാഹനങ്ങൾ പാർക്ക് ചെയ്യണം. എന്നു കരുതി സന്ദർകർക്ക് നടക്കേണ്ടതില്ല. ക്ഷേത്രം വക ഇലക്ട്രിക് കാറിൽ അമ്പലത്തിലേയ്ക്ക് സൗജന്യമായി കൂട്ടിക്കൊണ്ടു വരും! സ്ത്രീകളാണ് ഈ വണ്ടികൾ ഓടിക്കുന്നത്. ഞങ്ങൾ ക്ഷേത്രത്തിൻ്റെ മുൻവശത്തേയ്ക്ക്... ഹംപിയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രത്തിൽ നാം ആദ്യo കാണുന്നത് കൽ രഥമാണ്. നമ്മുടെ അമ്പതു രൂപ നോട്ടിൽ കാണുന്ന അതേ രഥം . കർണ്ണാടക സർക്കാരിൻ്റെ ടൂറിസം മുദ്രയും ഇതു തന്നെ. കല്ലിലെ കൊത്തുപണികളിൽ അധികവും ദൈവത്തിൻ്റെ പല രൂപങ്ങളാണ്. നൃത്തം ചെയ്യുന്ന നാരിമാരുടേയും ഗജവീരൻമാരുടേയം ചിത്രങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ഇരുപത്തിനാല് പീസുകൾ ചേർത്താണ് ഈ രഥം ഉണ്ടാക്കിയിട്ടുള്ളത്. കുതിരകൾ രഥം വലിക്കുന്ന രീതിയിലാണ് മുൻപുണ്ടായിരുന്നതെന്ന് പറയപ്പെടുന്നു എന്നാൽ ഇന്ന് നമ്മൾ കാണുന്നത് ആനകൾ രഥം വലിക്കുന്ന രീതിയിലാണ്. വലിയ കൽ ചക്രങ്ങളാണിതിനുള്ളത്. വിത്താല ദേവൻ്റെ വാഹനമായ ഗരുഡന് സമർപ്പിച്ചു കൊണ്ട് നിർമ്മിച്ചിട്ടുള്ളതാണിത്. ഈ രഥത്തിനു മുകളിൽ ഗോപുരവും കൂറ്റൻ ഗരുഡൻ പ്രതിമയും ഉണ്ടായിരുന്നുവത്രെ. നൂററാണ്ടുകൾ പഴക്കമുള്ള രഥത്തിൻ്റെ അപകടാവസ്ഥ ഒഴിവാക്കുവാനായി ഇത് നീക്കം ചെയ്തു.
എന്തായാലും ഇന്നും സന്ദർശകരെ ഏറെ ആകർഷിക്കുന്നുണ്ട് ഈ രഥം. ഇതിനു ചുറ്റും സന്ദർശകരുടെ തിരക്കാണ്. കണ്ട് ആസ്വദിക്കുന്നതിനുപരി ഫോട്ടോകൾ എടുക്കാനുള്ള തിരക്ക്.. ഞങ്ങളും കുറച്ചു ഫോട്ടോകൾ എടുത്തു. ഇവിടെയുള്ള ഏതാണ്ടെല്ലാ കാഴ്ചകളും കൃഷ്ണദേവരായർ പണി ചെയ്യിപ്പിച്ചതാണെന്നു പറയുമ്പോൾ ഇതിനായി പണിയെടുത്ത അജ്ഞാതരായ ശില്പികളുടെ കരങ്ങളിലെ തയമ്പാണ് ഞാനോർത്തത്...
വിഷ്ണുവിനെ വിറ്റാല നാഥനായി ആരാധിക്കുന്ന ഈ ക്ഷേത്രത്തിൽ കാഴ്ചകളുടെ ഉത്സവമാണ്...
(തുടരും)




No comments:
Post a Comment