Friday, June 11, 2021

ഹംപി യാത്ര - അജിത രാജൻ (ഭാഗം - 6)


17-ാം തീയതി രാവിലെ ബ്രേക്ക് ഫാസ്റ്റിനു ശേഷം ഒൻപതു മണിയോടെ ഞങ്ങൾ നാലുപേരും യാത്ര ആരംഭിച്ചു, ചരിത്രം പുതച്ചുറങ്ങുന്ന ഹംപിയിലേയ്ക്ക്.

ബെംഗളൂരു നഗരത്തിലെ തിരക്കിലൂടെ... ഒരുദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും നാലുപേരും ഒത്തു കൂടിയുള്ള യാത്ര... എനിയ്ക്ക് മനസ്സിന് ഏറെ ഉന്മേഷം തോന്നി.. ബോംബെ - ബാംഗ്ലൂർ ഹൈവേയിൽ കൂടി വേഗത്തിലുള്ള യാത്രയാണെങ്കിലും  ഒത്തുകൂടിയതിലുള്ള സന്തോഷം എല്ലാവരിലും പ്രകടമായിരുന്നു... മക്കൾ സ്കൂൾ കുട്ടികളെണെന്നപ്പോലെയാണ്, പുറം കാഴ്ചകളിലെ ഓരോന്നിനെക്കുറിച്ചും രാജേട്ടൻ പറഞ്ഞു കൊടുത്തു കൊണ്ടിരിക്കുന്നത്.തുംകൂർ വഴി ബെല്ലരി റോഡിലൂടെ... ഡബ്ബിൾ റോഡ്... ടോൾ പ്ലാസകൾ പിന്നിട്ടു കൊണ്ട്...


വയലുകളിൽ

ചോളം കൃഷിയാണ് കൂടുതലായി കാണുന്നത്.. വിളവെടുപ്പ് കഴിഞ്ഞ് അടുത്ത പണിക്കായി നിലം ഒരുക്കിയിട്ടിരിക്കുന്നു. നല്ല ചുവന്ന മണ്ണാണ്... ഇരുമ്പിൻ്റെ അംശം കൂടുതലായതിനാലാണ് ഈ നിറമെന്നും ഇരുമ്പ് ഖനികൾ ഉള്ള പ്രദേശമാണെന്നും അങ്ങകലെ കാറ്റാടി പ്ലാൻറ് കണ്ടപ്പോൾ അതേക്കുറിച്ചും ഭൂമിക്കടിയിലൂടെ ഗ്യാസ് കൊണ്ടുപോകാനുള്ള ഭീമാകാരൻ പൈപ്പുകൾ റോഡു സൈഡിൽ നിരന്നു കിടക്കുന്നതു കണ്ടപ്പോൾ, അത് കണക്ട് ചെയ് കൊണ്ടു പോകുന്നതിനെക്കുറിച്ചുമുള്ള അച്ഛൻ്റെ സംസാരത്തെ മൂത്ത മകൻ ജിതിൻ രാജ് ഡ്രൈവിംഗിനിടയിൽ ശ്രദ്ധാപൂർവ്വം കേട്ട് സംശയങ്ങൾ ചോദിച്ച് പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു... അഖിൽ മോൻ ഓരോരോ പായ്ക്കറ്റുകൾ തുറന്ന് ഞങ്ങൾക്ക് തന്നും സ്വയം കഴിച്ചും  വിശപ്പകറ്റി ക്കൊണ്ടിരുന്നു.. ഉച്ചഭക്ഷണത്തിനു പറ്റിയ ഭക്ഷണാലയം നോക്കി കൊണ്ടിരിക്കെ ജിത്തു മോൻ, 'നമുക്ക് ട്രഡീഷണൽ ഫുഡ് ട്രെെ ചെയ്യാം' എന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ

എല്ലാവർക്കും സമ്മതം... ഒരു ചെറിയ ഭക്ഷണാലയം  കണ്ടു അവിടെ കയറിച്ചെല്ലുമ്പോൾ കാണുന്ന വിശാലമായ ഇടത്ത് അവിടവിടെ, കയറുവരിഞ്ഞു കെട്ടിയ രണ്ടു മൂന്നു കട്ടിലുകൾ... ബഞ്ചുകൾ.. കെട്ടിടത്തിൻ്റെ സൈഡിൽ തൊഴുത്തു പോലെ ഒരു ചായ്പ്പ് അതിൽ പശുവും കുട്ടിയും... റൊട്ടിയും സ്പെഷ്യൽ വെണ്ടയ്ക്കാ മെഴുക്കുപുരട്ടിയുമാണ് ലഭ്യമാകുന്ന ഭക്ഷണങ്ങൾ. ഓർഡർ കിട്ടിയാലുടനെ പാകം ചെയ്യാൻ തയ്യാറായി 5-6 ജോലിക്കാർ ... ആ പ്രദേശത്തുകാർ പലരും അവിടെയിരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. എല്ലാവരും സ്വന്തമായി വീട്ടിൽ നിന്നും കൊണ്ടുവരുന്ന  നെയ്‌പുരട്ടിയാണ് റൊട്ടി കഴിക്കുന്നത്. ചെറിയ  ഭരണി, കുപ്പി ഇവയുടെ കഴുത്തിൽ ചൂടി ക്കയർ കെട്ടിയിട്ടുണ്ട് പിടിക്കാൻ സൗകര്യത്തിനായിരിയ്ക്കണം. ഇങ്ങനെ നെയ്യുകഴിച്ചാൽ കൊളസ്ട്രോൾ വരില്ലെയെന്ന് ഞാൻ ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ രാജേട്ടൻ അവിടെ നിന്നും ഇറങ്ങിപ്പോയി കാറിൽ ചെന്നിരുന്നു.. പിന്നാലെ ഞാനും പോന്നു... അടുപ്പുകല്ലിൻ്റെ ഭിത്തിയിൽ പതിച്ച് റൊട്ടി ഉണ്ടാക്കുന്നതിനെക്കുറിച്ച് ചോദിച്ചും കണ്ടും നിന്നിരുന്ന മക്കൾ ഞങ്ങളുടെ പോക്ക് കണ്ട് തിരികെ വന്ന് എന്ത് പറ്റിയെന്ന് ആരാഞ്ഞപ്പോഴാണ്, എനിയ്ക്കും കാര്യം കൂടുതൽ മനസ്സിലായത്. വൃത്തി പോര. പുറത്ത് നിന്നും വരുന്ന  ലോറികൾ അവിടെ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടോ... ഡ്രൈവർമാർ ആ കട്ടിലിലാണ് കിടക്കുക വരുന്നവർക്ക് ഭക്ഷണം കൊടുക്കുന്നതും അവിടെത്തന്നെ... നമുക്ക് പോകാം എന്ന ഓർഡറും... വീണ്ടും യാത്ര ആരംഭിച്ചു ഇനിയെത്ര ദൂരം പിന്നിടുമ്പോഴാണ് ഹോട്ടൽ കാണുകയെന്നറിയില്ല. വളരെ ദൂരം പിന്നിടുമ്പോഴാണ് ഓരോ കൊച്ചു ഹോട്ടലുകൾ കാണാനാവുക. ഹൈവേയുടെ ഇരുവശവും പരന്നു കിടക്കുന്ന വയലുകൾ... സൂര്യൻ കത്തിനിൽക്കുന്നു... ഭാഗ്യം! അതാ

മറെറാരു ഹോട്ടൽ. ഭക്ഷണം കഴിക്കാനായി പുറത്ത് നല്ലൊരു ബാൽക്കണി ഒരുക്കിയിട്ടുണ്ട് ഇവിടെ. തിരക്ക് ഒഴിഞ്ഞിരിക്കുന്നു. മനോഹരമായ സീനറിയാണ് അവിടെയിരുന്നു നോക്കുമ്പോൾ.. പുറത്തു നിന്നുവരുന്ന ചുടു കാറ്റിനെ ചെറുക്കാൻ ടേബിൾഫാനുകൾ... റൊട്ടിയും ചപ്പാത്തി യും മസാലക്കറിയും സ്പെഷ്യൽ വെണ്ടയ്ക്കാ റോസ്റ്റും... രുചികരമായ ഭക്ഷണം. എല്ലാവർക്കും മനസ്സുo വയറും നിറഞ്ഞു. യാത്ര ആരംഭിച്ചു.


കരിമ്പ്, സവാള, വാഴ, തെങ്ങ് ഇതൊക്കെയാണ് കൂടുതലായി ഇവിടങ്ങളിൽ കൃഷി ചെയ്യുന്നതായി കണ്ടത്. കരിമ്പിൻ തോട്ടത്തിനിടയിലൂടെ അതി മനോഹരമായ സൂര്യാസ്തമയം കാണുവാനുള്ള ഭാഗ്യവുമുണ്ടായി..

തുംഗൂർ ടോളിലെ നല്ല ക്യൂ കഴിഞ്ഞ് യാത്ര ആരംഭിക്കുന്നത് ഹംപി എക്സ്പ്രസ്സ് ഹൈവേയിലേയ്ക്ക്... അടിപൊളി റോഡിലൂടെയാണ് യാത്ര. സൈഡിൽ നിറയെ ചെടികൾ പൂത്തു വിരിഞ്ഞു നിൽക്കുന്നു.


പത്ത് ലൈനുള്ള ടോൾ പ്ലാസ യാത്ര എനിക്ക് പുതിയൊരു അനുഭവമായിരുന്നു. പിന്നീട് പാറ തുരന്നുണ്ടാക്കിയ വലിയൊരു തുരംങ്കത്തിനുള്ളിലൂടെയുള്ള യാത്ര! നിറയെ ലൈറ്റ് അറേജ്മെൻറ്.. മനോഹരമായ തുരംങ്കം...


അങ്ങനെ ഉത്തര കർണ്ണാടകത്തിലെ ഒരു ഗ്രാമമായ ഹംപിയെന്ന ലക്ഷ്യത്തിലേയ്ക്ക് നമ്മൾ എത്തിച്ചേർന്നിരിക്കയാണ്. തുഗഭദ്ര നദിയുടെ തെക്കേക്കരയിലാണ് ഹംപി. വിജയനഗരത്തിൻ്റെ ചരിത്രാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന ഹംപി വിജയനഗര സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായിരുന്നു.

ജീവിത നിലവാരത്തിൽ സാധാരണക്കാരിലും താഴ്ന്ന  ജീവിതമാണ് നമുക്കവിടെ കാണാനാവുക ചെറിയ വീടുകൾ മുറ്റം ചാണകം മെഴുകി വൃത്തിയാക്കി ഇട്ടിട്ടുണ്ട്.  ഒരു പറ്റം സ്ത്രീകൾ നോട്ടീസുമായി ഇറങ്ങിയിട്ടുണ്ട് സന്ധ്യാസമയത്ത്. ഇവരോട് വിരൂപാ ക്ഷ ക്ഷേത്രത്തിലേയ്ക്കുള്ള വഴി ചോദിച്ചു. അടുത്തു തന്നെ... അവിടെ വലിയ പാർക്കിംഗ് ഏരിയ തന്നെയുണ്ട്. കാറ് നിന്ന ഉടനെ  ഏജൻ്റ് മാരുടെ ലഹളയായി.. ഗൈഡിനെ വേണോ..റും വേണോ തുടങ്ങിയ ചോദ്യങ്ങളുമായി.. അഖിമോൻ ഒരു കൊല്ലം മുൻപ് ഇവിടെ വന്നിട്ടുള്ളതിനാലും ഭാഷ അത്യാവശ്യം അറിയുന്നതിനാലും ഗൈഡിനെ ഒഴിവാക്കി ഞങ്ങൾ നടന്നു...


ഹംപിയിലെ ഏറ്റവും പഴക്കം ചെന്ന ഈ അമ്പലം തുംഗഭദ്ര നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടങ്ങളിൽ കാണപ്പെടുന്ന ധാരാളം അമ്പലങ്ങളിൽ ഇവിടെ മാത്രമേ പൂജകൾ നടക്കുന്നുള്ളു എന്നറിവ് എന്നെ അത്ഭുതപ്പെടുത്തി. എന്തായാലും കുറച്ചു ദൂരം നടന്നാലെ അമ്പലത്തിലെത്തു... അങ്ങോട്ടു നടന്നു കൊണ്ടിക്കുന്ന ഈ ഇടം ഹംപി ബസാർ  വിരൂപാക്ഷ ബസാർ എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഒരു കിലോമീറ്ററോളം ദൂരം പരന്നു കിടക്കുന്ന ഇവിടം പണ്ട് കൃഷ്ണദേവരായരുടെ കാലത്ത് സ്വർണ്ണവും രത്നങ്ങളുമൊക്കെ കച്ചവടം ചെയ്തിരുന്ന സ്ഥലമാണെന്ന് പറഞ്ഞാണ്, അഖിമോൻ ഗയ്ഡിൻ്റെ റോൾ ഏറ്റെടുത്തത്. പറകൊണ്ട് രത്നങ്ങൾ അളന്നു കൊടുത്തിരുന്ന ഇവിടെ ഇന്ന് നമുക്ക് കാണാനാകുന്നത് ഫ്രൂട്സുകളും കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും മറ്റും വിൽപ്പനയ്ക്കു വച്ചിരിക്കുന്നതാണ്!


ക്ഷേത്രത്തിൻ്റെ മുൻവശത്തുള്ള പൈപ്പിൽ കയ്യും മുഖവും കഴുകി...

ക്ഷേത്ര മുറ്റത്തുള്ള ഗോപുരം 165 അടി ഉയരത്തിൽ 11 നിലകൾ ഉള്ളതാണ്. ബിസ്തപ്പയ ഗോപുരം എന്നാണിത് അറിയപ്പെടുന്നത്. വിശാലമായ ക്ഷേത്ര മുറ്റമാകെ കരിങ്കൽ പാകിയിട്ടുണ്ട്. നടു ഭാഗത്തു കൂടി ചെറിയൊരു കനാൽ ഒഴുകുന്നുണ്ട്.ഇതിലൂടെ ഒഴുകുന്നത് തുംഗഭദ്രാനദിയിലെ വെള്ളമാണ്.  ഈ അമ്പലവും ഗോപുരവും ഏതു കാലത്ത് ഉണ്ടാക്കിയതാണെന്ന് വ്യക്തമായ തെളിവില്ലത്രെ.ഇത്രയും പഴക്കമുള്ള ക്ഷേത്രത്തിൻ്റെ പ്രൗഢി കാണുമ്പോൾ നമ്മുടെ പൂർവ്വികരോട് എന്തെന്നില്ലാത്ത ആദരവ് തോന്നുന്നുണ്ട്. അമ്പലത്തിനുള്ളിലേയ്ക്ക് പ്രവേശിയ്ക്കുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ് അനുഭവപ്പെടുന്നത്.ഇവിടെയുള്ള ശിവ വിഗ്രഹം ഏഴാം നൂറ്റാണ്ടിൽ പ്രതിഷ്ഠിച്ചതാണെന്ന്പറയുന്നു എന്ന് മോൻ ശബ്ദം താഴ്ത്തി പറഞ്ഞു തന്നു. അമ്പലത്തിൻ്റെ ഉൾവശവും എത്ര വിശാലമാണ്! രണ്ടാമത്തെ ഗോപുരം കൃഷ്ണദേവരായരുടെ ഭരണകാലത്ത് പണി തീർത്തതാണത്രെ. പഴമയുടെ അഴകും ഐശ്വര്യവും തുടിച്ചു നിൽക്കുന്നുണ്ട്.... മനസ്സിന് വല്ലാത്തൊരു കുളിർമ്മ...ഭക്തി പാരവശ്യം... ഭഗവാനെ തൊഴുതു നിന്നപ്പോൾ എന്തുകൊണ്ടോ കണ്ണുകൾ നിറഞ്ഞു പോയി.


ചുറ്റമ്പലമുറ്റത്തേയ്ക്കിറങ്ങി... വിശാലമായ ഈ മുറ്റവും കരിങ്കൽ പാകിയിരിക്കയാണ്. ഉപദേവതാപ്രതിഷ്ഠകളെല്ലാം ഇവിടെയാണ് .ഇടതു വശത്ത്, പട്ടാലേശ്വര, മുക്തി നരസിംഹ, സൂര്യനാരായണ തുടങ്ങിയ ഉപദേവതകളുടെ ക്ഷേത്രങ്ങളും മറുവശത്ത്, സ്വയംഭൂ ലിംഗം,  പമ്പാ ദേവി, അഞ്ജനാ ദേവി, നരസിംഹമൂർത്തി, വെങ്കിടേശ്വരൻ, രക്ത ഗർഭഗണപതി, ചാമുണ്ഡി, കാലഭൈരവേശ്വര, കനഗിരി കോപ്പർ തുടങ്ങിയ ദേവതകളുടെ ചെറിയ ക്ഷേത്രങ്ങളുമുണ്ട്.


ഇവിടെ നിന്നും പുറത്തിറങ്ങിയാൽ ക്ഷേത്ര മതിൽ കെട്ടിനകത്തുള്ള ഒരേക്കറോളം വരുന്ന, സമൃദ്ധമായി വെള്ളമുള്ള മനോഹരമായൊരു കുളം... ചുറ്റുമുള്ള കൽപ്പടവുകൾക്കും മതിൽക്കെട്ടിനും കാര്യമായ കേടുപാടുകളൊന്നുമില്ല. ഇവിടെ കുറച്ചധിക സമയം ചെലവഴിച്ചു. ഇവിടെ ഒരു ആനയും പാപ്പാനും ചുറ്റും ധാരാളം ഭക്തരുമുണ്ട്. 10 രൂപ തുമ്പിക്കയ്യിൽ വച്ചു കൊടുത്താൽ നമ്മുടെ നെറുകയിൽ തുമ്പിക്കൈ വച്ച് അനുഗ്രഹിയ്ക്കുന്ന ആന. ഞാനും ആ അനുഗ്രഹം വാങ്ങി... ഭയവും സന്തോഷവും ഭക്തിയും നിറഞ്ഞ കുറച്ചു നിമിഷങ്ങൾ... ക്ഷേത്രത്തിൻ്റെ മുൻവശത്തു ചെന്നപ്പോൾ ഈ ആന അവിടെയും എത്തി ഭക്തരെ അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നു! ഇത്തവണ രാജേട്ടനും കുട്ടികളും ആനയുടെ തുമ്പിക്കൈ തലയിൽ വെപ്പിച്ചു...

ക്ഷേത്രത്തിൻ്റെ അകത്തളം എത്രയോ വിശാലമാണെന്നത് എന്നെ അതിശയിപ്പിച്ചു! കല്യാണമണ്ഡപം എന്നറിയപ്പെടുന്ന ഫല പൂജാ മണ്ഡപവും കിണറും ക്ഷേത്ര മതിൽ കെട്ടിനകത്തുണ്ട്.തൊഴുത് പുറത്തു കടക്കുമ്പോൾ അഭയാർത്ഥികളായി എത്തുന്നവർക്ക് താമസിക്കാനുള്ള മന്ദിരവും കാണാം.കൂടാതെ തൊഴുത് ഇറങ്ങുന്നവരെ ഒരു ഭക്ഷണാലയത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.വലിയൊരു ഹാൾ നല്ല ചൂടുള്ള ചുക്കു കാപ്പിയും ഉപ്പുമാവും കൊടുക്കുന്നുണ്ട്.


നേരം വളരെ ഇരുട്ടിയിരുന്നു ഞങ്ങൾ കാറിന്നരികിലേയ്ക്ക് നടന്നു.


റൂം വേണോയെന്ന് ചോദിച്ച് ഏജൻ്റുമാർ പിന്നാലെ കൂടുന്നുണ്ടായിരുന്നു... ഓൺലൈൻ വഴി റൂം ബുക്ക് ചെയ്തിരുന്നതിനാൽ നമ്മൾ നേരെ റൂമിലേയ്ക്ക്... അങ്ങോട്ട് പോകുമ്പോൾ, നോട്ടീസുമായി വീടുകൾ കയറിയിറങ്ങിയിരുന്ന സ്ത്രീകൾ തിരിച്ചു പോകുന്നു... രാത്രി ഒൻപതുമണിയാകാറായിട്ടും സ്ത്രീകളും കുട്ടികളും പുറത്ത് റോഡിൽ പാലത്തിന്മേലും മറ്റും കാറ്റു കൊള്ളാനിരിക്കുന്ന കാഴ്ച മനസ്സിന് കുളിർമ്മയേകി... ഈ ഭാഗത്തുള്ളവർ  സാമ്പത്തികമായി സാമാന്യം ഉയർന്നവരായി തോന്നി. റൂം എല്ലാവർക്കും ഇഷ്ടപ്പെട്ടു. എല്ലാ സൗകര്യങ്ങളോടും കൂടിയ അടിപൊളി റൂം... രണ്ടു സൈഡിലും ബാൽക്കണിയുണ്ട്.ഫോണുകളും ലാപ്പ്ടോപ്പുകളും ക്യാമറയുമെല്ലാം ചാർജ്ജ് ചെയ്യാൻ വച്ച് എല്ലാവരും സുഖസുഷപ്തിയിലേയ്ക്ക്....


(തുടരും)

3 comments: