Sunday, June 6, 2021

ഹംപി യാത്ര - അജിത രാജൻ (ഭാഗം - 5)

 

ബട്ടർഫ്ലൈ പാർക്കിലേയ്ക്ക് പ്രവേശന ഫീ 30 രൂപയാണ്. ക്യാമറയ്ക്ക് 25. കവാടത്തിൽ തന്നെ പൂമ്പാറ്റയുടെ വലിയൊരു സ്റ്റാച്ചുവുണ്ട്. ഉള്ളിൽ വലിയ തിരക്കില്ല എന്നത് ആശ്വാസമായി... ധാരാളം പൂച്ചെടികളുണ്ട് പുതിയ ഇനങ്ങളും നമ്മുടെ പഴയ ഇനങ്ങളായ തെച്ചി ചെമ്പരത്തി മുല്ല മാങ്ങനാറി ഇവയെല്ലാം സ്ഥാനം പിടിച്ചിട്ടുണ്ടിവിടെ.. പൂമ്പാറ്റകൾക്കായി വിടർന്ന പൂക്കൾ! നൂറുകണക്ക് പൂമ്പാറ്റകളെ ഒരുമിച്ചു കാണുകയെന്നത് നയനാമൃതം തന്നെ! 


"ഈ വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ

പോവുന്നിതാ പറന്നമ്മേ...

തെറ്റി നിനക്കുണ്ണി 

ചൊല്ലാം - നൽ- പൂമ്പാറ്റകളല്ലേയിതെല്ലാം..."


കുമാരനാശാൻ്റെ വരികൾ മനസ്സിലേയ്ക്കോടി വന്നു!

പല പല വർണ്ണങ്ങളിലും വലുപ്പത്തിലുമുള്ള പൂമ്പാറ്റകൾ ദൃശ്യവിരുന്നാകുന്ന കാഴ്ച!

പാർക്കിന്, ഗ്രില്ലും ഫൈബറും ഉപയോഗിച്ചുള്ള റൂഫ് ഉണ്ട്.ഒരു ഗ്ലാസ് ഹൗസ് ... വെള്ളച്ചാട്ടം സെററ് ചെയ്തിട്ടുണ്ട്. ചെറിയൊരു നീർച്ചാല് അതിന്മേൽ കൂടിയൊരു പാലം... കൂടാതെ എക്സിബിഷൻ സെൻ്ററും ഉണ്ട്. നാനാതരം പൂമ്പാറ്റകളുടെ പടങ്ങളും അവയുടെ ശാസ്ത്രീയ നാമങ്ങളും മറ്റു വിശദീകരണങ്ങളുമാണ് അവിടെയുള്ളത്... 

എല്ലാം കണ്ടാസ്വദിച്ച് ഞങ്ങൾ അവിടെ നിന്നും പുറത്തിറങ്ങി.

 


260 രൂപ ടിക്കറ്റിൽ സൂ കൂടി കാണുവാനാകും. കാഴ്ചബഗ്ലാവിലേക്ക് കടന്നാൽ ആദ്യം കാണുന്നത് അസാധാരണ വലുപ്പത്തിൽ പണിതീർത്ത ഒരു ഡൈനോസറിൻ്റെ സ്റ്റാച്ചുവാണ്. കാട്ടിൽ കണ്ട കാഴ്ചകളുടെ ആവർത്തനമാണ് ഇവിടെ അധികവും. ആന, കടുവ, പുലി, സിംഹം മാൻ, മ്ലാവ്, സീബ്ര അങ്ങനെ ... എന്നാൽ വ്യത്യസ്തങ്ങളായ കളറിലുള്ള മയിൽ ആകർഷകമായിരുന്നു. ഒറ്റ നിറത്തിൽ നീണ്ട വാലുള്ള നീല, വെള്ള മയിലുകൾ.. പക്ഷി വിഭാഗത്തിൽ പുതുമയാർന്ന പല കാഴ്ചകളും ഇവിടെ ആസ്വാദിക്കാനായി.. മനോഹരമായ വിവിധയിനം പ്രാവുകളുടെ കാഴ്ച ഹൃദ്യമായിരുന്നു. ഒട്ടകപക്ഷി, കാട്ടുകോഴിയടക്കം എല്ലാ വിഭാഗത്തിലുമുള്ള പക്ഷികളും ആന മുതൽ കുറുക്കൻ, കാട്ടുപൂച്ച വരെയുള്ള എല്ലാ മൃഗങ്ങളുമുണ്ട്. ഒരു പാട് സ്ഥലമുണ്ടിവിടെ  നടന്നു കാണാൻ.. ഒറ്റയ്ക്കും കുടുംബമായും വെള്ളത്തിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു സല്ലപിക്കുന്ന ഹിപ്പോകളുടെ കാഴ്ച കണ്ട് കുറച്ചു സമയം ഞാൻ നിന്നു ... പിന്നെ കൗതുക മുണർത്തിയത് പാമ്പ് ഹൗസ് ആണ്. വ്യത്യസ്തമായ പാമ്പുകളെ ചില്ലുകൂട്ടിൽ ഇട്ടിരിക്കയല്ല ഇവിടെ പാമ്പുകൾക്കും കുറച്ചു ഭൂമി വിട്ടുകൊടുത്തുകൊണ്ട്, അവിടെ പുററും അളകളും എല്ലാമായി സ്വെെരവിഹാരം നടത്തുന്നു... ഒരു പാട് സ്ഥലവും മരങ്ങളും ഭംഗിയായി വെട്ടിനിർത്തിയ ചെടികളും... ഒരു ദുർഗന്ധവുമില്ല എന്നതും ശ്രദ്ധേയമാണ്. നടന്നു കാണാനൊരുപാടുണ്ട്... ഞങ്ങൾ പുറത്തിറങ്ങി... ഫ്രൂട്സും മററും വാങ്ങി കാറിൻ്റെ അടുത്തേയ്ക്ക്... ഫ്ലാറ്റിലെത്തിയപ്പോൾ മൂന്നു മണിയായിരുന്നു.


അഞ്ചു മണിയായപ്പോൾ വീണ്ടും പുറത്തേയ്ക്ക്... ഇത്തവണയും ജിത്തു മോൻ പോന്നില്ല. ഇപ്പോൾ പോകുന്നത്, ബ്രിഗേഡ് റോഡ്, എം.ജി റോഡ്, വിധാൻ സൗധ, തുടങ്ങിയ റോഡുകളിലൂടെ വെറുതെയൊന്നു ചുറ്റിയടിച്ചു കാണാൻ വേണ്ടിയാണ്. കാറ് പാർക്കു ചെയ്യാൻ ശരിക്കും കഷ്ടപ്പെട്ടു... പാർക്ക് ചെയ്ത് കുറച്ചധികം ദൂരം നടന്നു.. എങ്കിലും സന്ധ്യാ സമയം ആയതു കൊണ്ട് നടക്കാനൊരു സുഖമുണ്ടായിരുന്നു. രാത്രി തിരിച്ചു വരുമ്പോൾ വഴി തെറ്റുമോയെന്ന ഭയം മാത്രമേ എനിക്കുള്ളു... കൊറോണക്കാലമായിരുന്നിട്ടും റോഡിൽ നല്ല തിരക്കുണ്ടായിരുന്നു. കൊമേഴ്സ്യൽ സ്ട്രീറ്റാണല്ലോ. സന്ധ്യയായാൽ ആരും വീട്ടിലിരിക്കില്ലേയെന്നു ചിന്തിച്ചു പോയി! ഒറ്റയ്ക്കും കൂട്ടുകാരുമായും ഫാമിലിയായും ആളുകൾ വന്നു കൊണ്ടേയിരിക്കുന്നു. വഴിയോര വില്പനക്കാരിൽ നിന്ന് സാധനങ്ങൾ വിലപേശി വാങ്ങുകയാണ് അധികം പേരും. നിത്യവും ജോലിയ്ക്കു പോകുന്നവർ ഇവിടെ നിന്നായിരിക്കാം ഡ്രസ്സും ആഭരണങ്ങളുമെല്ലാം വാങ്ങുന്നത്. ഒരാൾക്ക് അല്ലെങ്കിൽ ഒരു വീട്ടിലേയ്ക്ക് ആവശ്യമുള്ള ഏതു സാധനങ്ങവും റോഡ് സൈഡിൽ തന്നെ വിൽപ്പനയ്ക്ക് വയ്ച്ചിട്ടുണ്ട്. ഉന്തുവണ്ടിയിലും പാർക്ക് ചെയ്തിരിക്കുന്ന ബൈക്കുകളുടെ പുറത്ത് ഒരു പലക വച്ച് അതിന്മേൽ പോലും വില്പന സാധനകൾ... ഇവരുടെ അടുത്ത് പോലും ക്രെഡിറ്റ് കാർഡും കേഷ് ലെസ്സ് പേമെൻ്റും നടക്കും. കയ്യിൽ പൈസയില്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട.. രാജ്യത്തിൻ്റെ പുരോഗതി ..!


നല്ല മുഴുത്ത പേരയ്ക്ക ഉന്തുവണ്ടിയിൽ.. കണ്ടാൽ  വാങ്ങാതിരിക്കാൻ തോന്നില്ല... ഞങ്ങളും വാങ്ങി. ഒരെണ്ണത്തിന് 80 

രൂപ! ഇവിടെ ഏറ്റവും കൂടിയ വില വാങ്ങുന്നത് ഇതിനാണെന്ന് തോന്നി! പൊട്ടും വളയും മാലയും വില ചോദിച്ചും കണ്ടു രസിച്ചും ഞാനും നടന്നു. ചില ഭക്ഷണ സാധനണളും ട്രൈ ചെയ്തു. ഒരു റോഡിൽ നിന്നും മറ്റൊരു റോഡിലേക്ക്... സന്ധ്യ മയങ്ങാൻ തുടങ്ങിയതോടെ എല്ലായിടവും പ്രകാശപൂരിതമായി.ഞങ്ങൾ നല്ലൊരു ഹോട്ടലിൽ കയറി പേര്, ടേസ്ററ് ഓഫ് ടിബറ്റ്.. ചിക്കൻ സൂപ്പും നൂഡിൽസും കഴിച്ചു.. സ്വാദു മുകുളങ്ങളെ ഉണർത്താൻ പോന്ന ഭക്ഷണം... തിരികെ കാറിൻ്റെയടുത്തേക്ക് നടന്നു...

വീട്ടിലെത്തി കുളിച്ച് ഉറങ്ങണം... നാളെ ഹംപിയിലേയ്ക്ക് പുറപ്പെടാനുള്ളതാണല്ലോ...

1 comment:

  1. മൂത്തുമധുരിക്കുന്ന പേരക്കാപോലെ സ്വാദിഷ്ടം

    ReplyDelete