"അച്ഛനും അമ്മയും പെട്ടെന്ന് ഇറങ്ങുകയാണെങ്കിൽ, മൂന്നു - നാല് കിലോമീറ്റർ അപ്പുറമുള്ള മാതംഗ ഹിൽസിൽ ചെന്നാൽ നമുക്ക് നല്ലൊരു സൂര്യോദയം കാണാം"
പുലർ കാലത്തെ സുഖകരമായ ഉറക്കത്തിൽ നിന്നും ഞങ്ങളെ ഉണർത്തിക്കൊണ്ട് കുട്ടികൾ തിരക്കു കൂട്ടി...
പ്രാഥമികാവശ്യങ്ങൾ നിർവ്വഹിച്ചതിനു ശേഷം എല്ലാവരും പെട്ടെന്നൊരുങ്ങിയിറങ്ങി... ദുർഘടമായ വഴിയിലൂടെ ദൂരം കുറച്ചു പോകണം... നല്ല റോഡിലൂടെ കാറ് വേഗത്തിൽ പോയിരുന്നുവെങ്കിലും കുറെ കൂടി ദൂരം പിന്നിട്ടപ്പോൾ കല്ലും കുഴിയും നിറഞ്ഞ വഴിയിലൂടെ വളരെ പ്രയാസപ്പെട്ടാണ് കാറ് പൊയ്ക്കൊണ്ടിരുന്നത്.ആ റോഡ് അവസാനിക്കുന്നത് വിശാലമായി കിടക്കുന്ന കൃഷിയിടത്താണ്. അവിടെ കാറ് പാർക്ക് ചെയ്ത് ഞങ്ങൾ വേഗം നടന്നു. കുറച്ചു നടന്നപ്പോൾ വളരെ വലിയൊരു കുന്ന് കാണുന്നുണ്ട്. അതിന്മേൽ പൊട്ടു പോലെ കാണുന്ന ഏതാനും ആൾരൂപങ്ങൾ... ഈശ്വരാ! ഇവരെങ്ങനെ അവിടെ എത്തി! അവരുടെ വീട്ടിലുള്ളവരിത് കണ്ടാൽ സഹിക്കുമോ... ജീവൻ പണയം വച്ചാണോ സൂര്യോദയം കാണാൻ പോകുന്നത്... ഞാനായിരുന്നുവെങ്കിൽ ഇതിന് അനുവദിക്കില്ലെന്ന് ചിന്തിച്ചു കൊണ്ട് ഓടിയോടി നടന്നു കൊണ്ടിരുന്നു. എതിർ ഭാഗത്തു നിന്നും നടന്നു വരുന്ന ഒരു കൃഷിക്കാരനെ കണ്ടപ്പോൾ മോൻ അയാളോട് വഴി ചോദിച്ചു... കുറെ കൂടി നടന്നപ്പോൾ ഉഗ്രൻ പാറക്കൂട്ടങ്ങളുടെ അടുത്ത്... കുന്നിൻ്റെ അടിവാരത്ത് ചെന്നെത്തി... ഇനി അര മണിക്കൂറെങ്കിലും പാറകൾ ഒന്നൊന്നായി ചവിട്ടിക്കയറിയാൽ അങ്ങോട്ടെത്തുമായിരിക്കും അമ്മേ... എന്നു പറഞ്ഞു കൊണ്ട് അഖിമോൻ നിന്നു ചിരിക്കുന്നുണ്ട്...
ചിലയിടത്ത്, ഒരു പാറയിന്മേൽ മറ്റൊരു പാറ ആരോ പൊക്കി വച്ചതു പോലെ തോന്നും! കാലപ്പഴക്കത്തിൽ പൊട്ടിയടർന്ന് ഒററപ്പെട്ടു പോയതാകാം... ഇളം മഞ്ഞ നിറത്തിലുള്ള പാറകൾ ഹംപിയിൽ പലയിടങ്ങളിലും കാണാം.. ഹംപിയിലേയ്ക്ക് പ്രവേശിക്കുമ്പോഴെ ഇത്തരത്തിലുള്ള വൻപാറയാണ് നമ്മെ സ്വാഗതം ചെയ്യുന്നത്... ഞങ്ങൾ പാറകളിലൂടെ കുത്തനെ കയറി കൊണ്ടിരിക്കുകയാണ്. കയറാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ അവർ തിരിഞ്ഞു നിന്ന് എന്നെ കൈപിടിച്ച് കയറ്റി...സൂക്ഷിക്കണമെന്ന് പരസ്പരം പറഞ്ഞ് കയറി കൊണ്ടിരിക്കുമ്പോഴും ഗുഹകൾ പോലെ തോന്നുന്ന പാറയിടുക്കുകൾ കാണുമ്പോൾ അവിടെ നിന്നെങ്ങാനും പുലിയോ മറ്റോ വരുമോ എന്നും ഞാൻ ഭയപ്പെടാതിരുന്നില്ല... എന്തായാലും ഉദയത്തിനു മുൻപ് മുകളിലേയ്ക്ക് എത്തുക എന്ന ലക്ഷ്യമായിരിക്കാം ക്ഷീണമറിയാതെ മുകളിലേയ്ക്ക് കയറാൻ സഹായിച്ചത്... അവസാനമാകുമ്പോഴേയ്ക്കും ഞാൻ കൈകൾ രണ്ടും കുത്തിയും കയറാൻ തുടങ്ങിയിരുന്നു... തികച്ചും സാഹസികമായ യാത്ര! കാലൊന്നു തെന്നിപ്പോയാൽ ഹൊ! ഓർക്കാൻ പോലും വയ്യ... അഖിമോൻ ബാഗിൽ നിന്നും ക്യാമറകൾ രണ്ടും പുറത്തെടുത്തപ്പോൾ ഏതാണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിയെന്ന് മനസ്സിലായി... അതാ... താഴെ നിന്നും അവ്യക്തമായി കണ്ട ആളുകളുടെ അരികത്ത് ഞങ്ങളും എത്തിയിരിക്കുന്നു! ദൂരക്കാഴ്ചയിൽ ഒരു നിഴലു പോലെ തോന്നിയ മനുഷ്യരെ കണ്ട് ഭയപ്പെട്ടതാണ് ഞാൻ! വല്ലാത്തൊരു അത്ഭുതവും അഭിമാനവും തോന്നി എനിയ്ക്ക്.
ആഹാ! ഞാൻ മാത്രമേ ഒരു സ്ത്രീയുള്ളു എന്ന തോന്നലിൽ നിന്നും കുറച്ചു അഹങ്കാരം മുളപൊട്ടി അതേ നിമിഷം അതു കരിഞ്ഞുപോയി! അതാ... ഞങ്ങൾക്കും മുകളിൽ നിന്നും കുന്നിറങ്ങി സ്ത്രീകളും കുട്ടികളും ഇറങ്ങി വരുന്നു! അവർ മറ്റൊരു വഴിയിൽ കൂടിയാണത്രെ കയറിയത്. എന്തായാലും നല്ലൊരു ട്രക്കിംഗിൻ്റെ ത്രിൽ ഞാനാദ്യമായി അറിയുകയായിരുന്നു... കൃത്യ സമയത്താണ് ഞങ്ങളവിടെ എത്തിയത്. നല്ല തണുത്ത കാറ്റു വീശുന്നുണ്ടായിരുന്നു. താഴ്വാരത്തിൽ പരന്നു കിടക്കുന്ന കൃഷിയിടങ്ങളും തുംഗഭദ്ര നദിയും പൊളിഞ്ഞു കിടക്കുന്ന അച്ചുതരായ ക്ഷേത്രവും.. മുകളിൽ നിന്നും താഴേയ്ക്കു നോക്കുമ്പോഴുള്ള കാഴ്ച അതി മനോഹരമാണ്. എല്ലാ ക്ഷീണവും പമ്പ കടക്കും. അഞ്ചു മിനിറ്റ് വിശ്രമിച്ചപ്പോഴേയ്ക്കും കിഴക്ക് അംബര ദേവിയുടെ തിരുനെറ്റിയിലെ സിന്ധൂര തിലകം പോലെ ബാലാർക്കൻ്റെ വരവ്... വരവേൽക്കാനായി കിഴക്കേ ചക്രവാളമാകെ ചെമ്പട്ട് വിരിച്ചിട്ടുണ്ട്. ഉഷ പ്രഭയുടെ ചന്തം നിറഞ്ഞ ആകാശക്കാഴ്ച കാണികൾക്ക് നയനാമൃതമേകി മനസ്സുകളെ തരളിതമാക്കി... സൂര്യ കിരണങ്ങൾ തുംഗഭദ്രാ നദിയിലൂടെ ഒഴുകുന്ന ജലത്തെ കൂടുതൽ സുന്ദരമാക്കി! ചന്ദന നിറമുള്ള പാറകളിൽ സൂര്യരശ്മി പതിക്കുമ്പോൾ കാണാൻ നല്ല അഴകാണ്. ഈ പശ്ചാത്തലത്തിൽ നിന്നു കൊണ്ടുള്ള പല ഫോട്ടോസും മോൻ്റെ ഓപ്രോ ക്യാമറ പകർത്തി കൊണ്ടിരുന്നു. നമ്മുടെ നാടും വീടും വിട്ടതിൽ പിന്നെ പകലോൻ്റെ വരവിനെ വിളിച്ചോതി ക്കൊണ്ടുള്ള കിളികളുടെ കളകൂജനം അധികം കേട്ടിട്ടില്ലെന്ന് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. അഞ്ചാറു തരം മാവുകളും റംബൂട്ടാനും മാങ്കോസ്റ്റിനും ലച്ചിയും മറ്റു ഫലവൃക്ഷങ്ങളുമുള്ള നമ്മുടെ വീട്ടിൽ നിന്നു കേൾക്കുന്ന കിളികളുടെ ആരവം
പാറയിടുക്കുകളിൽ നിന്ന് കേൾക്കാനാവില്ലല്ലോ എന്ന് സ്വയം ഉത്തരമേകി...
സൂര്യോദയ കാഴ്ചയ്ക്കുശേഷം പാറകളിന്മേൽ ഞങ്ങളിരുന്നു. അവിടെയിരുന്നാൽ അങ്ങ് ദൂരെ കാണുന്ന കുന്നാണ് ആഞ്ജനേയ ഹിൽ. മുൻപ് ഹംപിയിൽ വന്നപ്പോൾ മക്കളവിടെ പോയിരുന്നു. ഹനുമാൻ്റെ ജന്മസ്ഥലമെന്ന് പറയപ്പെടുന്ന അവിടെയുള്ള ക്ഷേത്രത്തിലെത്താൻ 540പടികൾ കയറണം! അവിടെ നിന്നു കൊണ്ടുള്ള ഹംപി കാഴ്ച ചേതോഹരമാണെന്നും അവിടെ അസാധാരണ വലുപ്പമുള്ള ഹനുമാൻ കുരങ്ങൻമാർ ദിവസങ്ങളോളം ചലനമില്ലാതെയും ഭക്ഷണം കഴിക്കാതേയും ഇരിയ്ക്കുമെന്നും അവിടെ മരങ്ങളില്ലെന്നും ചെല്ലുന്ന ഭക്തർ കൊടുക്കുന്ന പഴവും മലരുo ഒക്കെയാണ് ഭക്ഷണമെന്നും അവർ എൻ്റെ അറിവിലേയ്ക്കായി പറഞ്ഞു തന്നു. ഈയിടെയായി അവിടെ അടച്ചിട്ടിരിക്കയാണ്. കാരണം അഞ്ചു വയസ്സായ ഒരു പെൺകുട്ടിയെ പുലി പിടിച്ചിരുന്നുവത്രെ!
എന്തായാലും ഇത്തവണ അങ്ങോട്ട് പോക്ക് ഉണ്ടാവില്ല.. 4100 ഏക്കറിൽ പരന്നു കിടക്കുന്ന ഹംപി മുഴുവനായും നടന്നു കാണണമെങ്കിൽ 5 ദിവസമെങ്കിലും എടുക്കുമെന്നും നമ്മുടെ കയ്യിലുള്ള രണ്ടു ദിവസം കൊണ്ട് പറ്റാവുന്നിടത്തോളം കാണുവാനായി എല്ലായിടത്തു നിന്നും പെട്ടെന്ന് കണ്ട് ഇറങ്ങണമെന്നും മോൻ നേരത്തെ പറഞ്ഞിരുന്നു..
മാതംഗ കുന്നിൻ്റെ ഏറ്റവും മുകളിലെത്താൻ കുറച്ചു കൂടെ കയറണം! രാമായണവുമായി ബന്ധപ്പെട്ടുകിടക്കുന്ന സ്ഥലമാണ് ഹംപിയും പരിസരങ്ങളും. പുരാണത്തിലെ മാതംഗ മുനിയുടെ ആശ്രമം ഈ കുന്നിൽ മുകളിലായിരുന്നുവത്രെ.അങ്ങിനെ വരുമ്പോൾ ബാലികേറാമല ഇതായിരുന്നില്ലേ...
അങ്ങോട്ട് കയറാൻ
കൂടുതൽ പേരുണ്ടായിരുന്നു... നമ്മളെത്തുന്നത് വിശാലമായ ഒരിടത്താണ്. അവിടെയുള്ള ക്ഷേത്രo അറിയപ്പെടുന്നത് വീരഭദ്രേശ്വര ക്ഷേത്രം എന്നാണ്.. വളരെ പഴക്കമുള്ള അലങ്കാരങ്ങളൊന്നുമില്ലാത്ത ക്ഷേത്രം. അവിടെ ചെറിയ തോതിൽ പൂജ നടക്കുന്നുണ്ട്. എല്ലാവരും തൊഴുന്നുണ്ട്... ഇത്രയും ഉയരത്തിൽ പാറകൾ മാത്രമുള്ള കുന്നിൽ മുകളിൽ നൂറ്റാണ്ടുകൾക്ക് മുൻപ് ക്ഷേത്രം പണിതതിനെക്കുറിച്ച് ചിന്തിച്ച് അന്തം വിട്ടു പോയി ഞാൻ... ഉള്ളിൽ നിന്നും പുറത്തു കടന്നാൽ അവർണ്ണനീയമായ കാഴ്ചയാണ് പ്രകൃതി ഒരുക്കി വച്ചിരിക്കുന്നത്. ഒരു ഭാഗം കോടമഞ്ഞിനാൽ മൂടി കിടക്കുന്നു... അവിടെ നിന്നും പാഞ്ഞുവന്ന് നമ്മെ പുൽകുന്ന തണുത്ത കാററ്! അകലെയുള്ള കാട് അടുത്തെന്നപ്പോലെ കാണുന്നു! സൂര്യോദയകിരണങ്ങൾക്കായി കൂപ്പു ക്കയ്യോടെ നിൽക്കുന്ന വൃക്ഷങ്ങൾ.. താഴെ വയലുകൾക്ക് നടുവിൽ ചുറ്റും മതിലുകളോടുകൂടിയ അച്ചുതരായ ക്ഷേത്രം മാതംഗ ഹിൽസിനും ഗന്ധമദന ഹിൽസിനും ഇടയിലാണിതുള്ളത്.വിജയനഗരം ഇല്ലാതാകുന്നതിനു മുൻപേ നിർമ്മിക്കപ്പെട്ട ഏറ്റവും വലിയ നിർമ്മിതി. അങ്ങകലെ തുംഗഭദ്രാ നദി ഒരു നീർച്ചാലു പോലെ കാണാം... എവിടെ നിന്നെടുത്താലും അടിപൊളി ഫോട്ടോസ് കിട്ടും... എല്ലാവരും ഫോട്ടോസ് എടുക്കാള്ള തിരക്കിലാണ്. ഹംപിയിലെ ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്നാണ് മാതംഗ ഹിൽസ് പ്രകൃതിയുടെ അത്ഭു തങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലുന്ന അനുഭവം!
സമയം കളയേണ്ട തിരിച്ചിറങ്ങാം എന്ന് രാജേട്ടൻ തിരക്കുകൂട്ടാൻ തുടങ്ങി... സത്യത്തിൽ എനിയ്ക്ക് അവിടെ നിന്ന് മതിയായില്ല.. തിരിച്ചിറങ്ങിയത് മറ്റൊരു വഴിയിലൂടെയായിരുന്നു. ഇറങ്ങാനാണ് എനിയ്ക്ക് പേടി തോന്നിയത്... എങ്കിലും കുട്ടികളുടെ സഹായത്തോടെ പ്രശ്നങ്ങളൊന്നുമില്ലാതെ സന്തോഷത്തോടെപാറകളിലൂടെ താഴേയ്ക്ക്... ധാരാളം ചെരുപ്പുകൾ അവിടവിടെ ഊരി കിടക്കുന്നുണ്ട്... ഷൂ ധരിക്കാൻ മടി കാണിച്ചതിൻ്റെ ഫലമാകാം... ഹംപിയിലെത്തിയാൽ മാതംഗ ഹിൽസിൽ വന്നില്ലെങ്കിൽ വലിയ നഷ്ടമാണെന്ന എൻ്റെ തോന്നൽ വാക്കുകളായി പുറത്തു വന്നു...
വിജയകരമായി കുന്നിറങ്ങി ഞങ്ങൾ കാറെടുത്ത് റൂമിലേയ്ക്ക്... കുളിച്ചു ഫ്രഷായി ബ്രേക്ക് ഫാസ്ററിനു ശേഷം റൂം വെക്കേറ്റു ചെയ്തു... യുദ്ധങ്ങൾ തകർത്തു കളഞ്ഞ ഹംപിയുടെ ശേഷിപ്പുകളിലേയ്ക്ക്...
(തുടരും)




മനോഹരവർണ്ണന
ReplyDeleteമനോഹരമായവർണ്ണ എന്നും ഈ കഴിവ് നിലനില്ക്കട്ടെ! അഭിനന്ദനങ്ങൾ
ReplyDeleteസുന്ദരം...മനോഹരം..എന്താ ഒരു വർണ്ണന. ഇനിയും ഒരുപാട് എഴുതാൻ സാധിക്കട്ടെ. എഴുത്തിന്റെ ഉച്ചിയിൽ കയറാൻ സാധിക്കട്ടെ. ആശംസകൾ👍🏻🤝👍🏻
ReplyDelete