Saturday, June 26, 2021

ഹംപി യാത്ര - അജിത രാജൻ. (ഭാഗം 9)

 

ഹേമകൂട കുന്നിൻ്റെ പടിഞ്ഞാറ് ഭാഗത്താണ് ഉഗ്രനരസിംഹമൂർത്തിയുടെ ക്ഷേത്രം. ഞങ്ങൾ അങ്ങോട്ട് നടന്നു.. കൊറോണക്കാലമായിരുന്നിട്ടും തിരക്കുണ്ടല്ലോയെന്ന എൻ്റെ ചിന്ത വാക്കുകളായി പുറത്തു വന്നപ്പോൾ മോൻ പറഞ്ഞത് ഇതൊന്നും തിരക്കേയല്ല, ഒരു വർഷം മുൻപ് അവരിടെ വന്നപ്പോൾ, ധാരാളം വിദേശിയർ ഇവിടെ വന്ന് മാസങ്ങളോളം നടന്ന് കാണുന്നു എന്നാണ്. സൈക്കിളും ഓട്ടോയും കാറുമെടുത്ത് എല്ലാ കാഴ്ചകളിലേയ്ക്കും എത്തുന്നുവത്രെ! തകർത്തു തരിപ്പണമാക്കിയിട്ടും എത്ര മാത്രം വിസ്മയങ്ങളുടെ കൂമ്പാരമാണിവിടെ! കല്ലുകൾ പൂത്തു നിൽക്കുന്ന ഹംപിയിലെ ഓരോ കല്ലിനും ഓരോ കഥ പറയുവാനുണ്ടാകും..


വിഷ്ണുഭഗവാൻ്റെ ഇരിപ്പിടമായ ഏഴു തലയുള്ള ആദിശേഷൻ്റെ പുറത്തിരിക്കുന്ന രൂപത്തിലുള്ള നരസിംഹ പ്രതിമയാണ് ഇവിടെയുള്ളത്. ശരിയ്ക്കും നോക്കിയാൽ ഈ വിഗ്രഹത്തിൽ ഒരു കൈപ്പത്തികൂടി കാണാം, നരസിംഹമൂർത്തിയുടെ മടിയിൽ ലക്ഷ്മീദേവി ഇരിക്കുന്ന രൂപത്തിലായിരുന്നുവെന്നും മുഗളരുടെ ആക്രമണത്തിൽ ലക്ഷ്മീദേവിയുടെ ബാക്കി ഭാഗം നഷ്ടപ്പെട്ടുവെന്നുമാണ് പറയുന്നത്. വളരെ സുന്ദരമായൊരു ശില്പമാണ് നമുക്ക് നഷ്ടപ്പെട്ടതെന്നതിൽ സംശയമില്ല. നരസിംഹമൂർത്തിയുടെ രൂപവും രൗദ്രതയും കണ്ട് ഭയന്നിട്ടായിരിക്കുമോ അവരത് തകർക്കാതെ പോയതെന്ന് ഞാനോർത്തു... പുറത്തു കടന്നപ്പോൾ പാറയുടെ മുകളിൽ ചുവന്ന പൂക്കളുള്ള ഒരു പാലമരം... ഇവിടെ ഒരു ആഞ്ജനേയ ക്ഷേത്രം ഉണ്ട്... അവിടേയും ഞങ്ങൾ തൊഴുതു. ഇവിടേയും പൂജകളൊന്നും നടക്കുന്നില്ല.

പൊള്ളുന്ന സൂര്യകിരണങ്ങളാൽ അർച്ചന ചെയ്ത് ഹംപി നമ്മെ ഒന്നിൽ നിന്ന് മറ്റൊന്നിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നു... ഗ്രൂപ്പ് ഓഫ് ടെoമ്പിൾസിൽ ഇനിയുള്ളത് ബടവ ശിവക്ഷേത്രമാണ്. കനാലിലൂടെ ഒഴുകിയെത്തുന്ന വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്നു ഇവിടത്തെ ശിവലിംഗം. ഭൂനിരപ്പിൽ നിന്ന് അല്പം താഴ്ത്തിയാണ് ഇതിൻ്റെ നിർമ്മാണം.'ബടവ' എന്നാൽ ദരിദ്ര എന്നർത്ഥം. ദരിദ്രയായ ഒരു സ്ത്രീയാണ് ഈ വിഗ്രഹം നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. തനിക്ക് സൗഭാഗ്യങ്ങ ളുണ്ടാകാൻ വേണ്ടിയായിരുന്നു വത്രെ. ആഡംബരങ്ങളൊന്നുമില്ലാത്ത ഈ ക്ഷേത്രത്തിലേയ്ക്ക് ചെല്ലുമ്പോൾ ഒരു ചെറിയ വീടിൻ്റെ മുൻവശത്തെത്തിയ പ്രതീതി. ഉള്ളിലേയ്ക്ക് പ്രവേശിക്കുമ്പോൾ നല്ല ഇരുട്ട്... വെയിലത്തു നിന്നും വന്നതുകൊണ്ടാകാം എന്നു ഞാൻ ധരിച്ചത് വെറുതെയാണെന്ന് പിന്നീട് മനസ്സിലായി. എന്തൊക്കെയായാലും അവിടെ നിന്നു തൊഴുതപ്പോൾ എന്നിൽ വല്ലാത്തൊരു അനുഭൂതി  നിറയുന്നത് ഞാനറിഞ്ഞു. കണ്ണുകൾ നിറയുന്നുവോ... മനസ്സ് എന്തിനോ വേണ്ടി കേഴുന്നതു പോലെ... വിഗ്രഹത്തിനു ചുറ്റും വെള്ളമുണ്ട്. എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാഴ്ച ചെറിയ തോതിലെങ്കിലും അവിടെ പൂജ നടത്തുന്നത് ഒരു സ്ത്രീയാണ് എന്നതാണ്.വളരെ മെലിഞ്ഞു കറുത്ത സാരിയുടുത്ത ഒരു സ്ത്രീ. അവർ ഒരു തട്ടത്തിൽ ഭസ്മവുമായി ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു. ദക്ഷിണ കൊടുത്ത് ഭസ്മം തൊട്ടു കഴിഞ്ഞപ്പോൾ മനസ്സിന് നല്ല തൃപ്തി തോന്നി. ക്ഷേത്രത്തിനടുത്ത് പാറയിൽ തീർത്ത കൊച്ചു പൊയ്ക പോലെ ഒരിടമുണ്ട്... അതിൽ വെള്ളവും ഉണ്ട്. ഇവിടെയിരുന്ന് സന്ദർശകർ ഫോട്ടോകൾ എടുക്കുന്നു... തൊട്ടു തന്നെ കാണുന്നത് വലിയ പാറക്കൂട്ടമാണ്.

അടുത്ത കാഴ്ചകൾക്കായി ഞങ്ങൾ കുന്നിറങ്ങി കുറച്ചു ദൂരം നടന്നപ്പോൾ കണ്ട മറ്റൊരു ക്ഷേത്രമാണ് ബദാവിലിംഗ ക്ഷേത്രം... മറ്റൊരു അത്ഭുത കാഴ്ചയായിരുന്നു ഇവിടുത്തെ ശിവപ്രതിഷ്ഠ മൂന്നു മീററർ ഉയരത്തിലുള്ള ശിവലിംഗം !വിജയനഗര ഭരണാധികാരികളുടെ കാലത്താണ് ഈ ക്ഷേത്രം പണിതിട്ടുള്ളതെന്ന് പറയപ്പെടുന്നു .ഇവിടേയും ക്ഷേത്ര പ്രതിഷ്ഠയോട് ചേർന്ന് വെള്ളം നിറഞ്ഞു കിടക്കുന്നുണ്ട്... അസാധാരണമായ ഒരു കാഴ്ചയാണിത്. ഒരു പാട് സ്ഥലങ്ങൾ ഇനിയും കാണാനുള്ളതിനാൽ ഞങ്ങൾ വേഗം നടന്നു...

ഭൂമിക്കടിയിൽ നിന്നും കുഴിച്ചെടുത്ത ശിവക്ഷേത്രം കാണുക എന്നുള്ളതാണ് അടുത്ത ലക്ഷ്യം കുറച്ചു നേരം റോഡിലൂടെ നടന്നു വേണം അവിടെയെത്താൻ റോഡ് സൈഡിൽ ടൂറിസ്റ്റുകളെ പ്രതീക്ഷിച്ച് പല വിധ സാധനങ്ങളുടെ വില്നക്കാർ.. ഇവിടെ നിന്നും ഞങ്ങൾ കരിക്ക് കുടിച്ചു.. ബാഗും മറ്റു കൗതുകവസ്തുക്കളുമായി വില്പനയ്ക്കിരിക്കുന്ന സ്ത്രീകൾ. ഒരു നിമിഷവും വെറുതെ കളയാതെ അവിടെ തന്നെ ഇരുന്നു കൊണ്ട് അവയുടെ നിർമ്മാണത്തിലാണ്. അവരുടെ കൈവേഗം കാണേണ്ടതു തന്നെയാണ്... നിർമ്മാണവും വില്പനയും ഒരേ സമയം നടക്കുന്നതിനാൽ സമയലാഭം മാത്രമല്ല ഇടനിലക്കാരുടെ കൊള്ളയും ഒഴിവാക്കാനാകുമല്ലോ എന്നോർത്തു കൊണ്ട് വേഗം കരിക്കു കുടിച്ച്, മണ്ണിന്നടിയിൽ നിന്നും കുഴിച്ചെടുത്ത ശിവക്ഷേത്രo കാണാനുള്ള ആകാംഷയോടെ നടന്നു... നോബിൾസ് മാൻ ക്വാട്ടേഴ്സിൻ്റെ അടുത്തുകൂടിയാണ് ഞങ്ങളുടെ യാത്ര...


(തുടരും)

2 comments: