Wednesday, August 25, 2021

ഹംപി യാത്ര - അജിത രാജൻ (അവസാന ഭാഗം)


ഞങ്ങൾ സുന്ദരിയായ തുoഗഭദ്രയുടെ അരികിലെത്തി.. മനസ്സിൽ തിരതല്ലുന്ന ആഹ്ളാദം ഉണ്ടെങ്കിലും മുൻപ് കൊട്ട വഞ്ചിയിൽ കയറിയിട്ടില്ലാത്തതിനാൽ മനസ്സിലൊരു പേടിയുണ്ടായിരുന്നു. ഒരാൾക്ക് ആയിരം രൂപയാണ് ചാർജ്ജ് പറഞ്ഞത്.രാജേട്ടൻ അവരോട് ഒന്നു കൂടി സംസാരിച്ച് 800 രൂപയ്ക്ക് സമ്മതിപ്പിച്ചു. ജാക്കറ്റണിഞ്ഞ് ഞങ്ങൾ  വഞ്ചിയിലേയ്ക്ക് കയറി. രണ്ടു പേരുള്ള മറ്റൊരു വഞ്ചിയിലാണ് രാജേട്ടൻ കയറിയത്.ഭാരം കൂടുമെന്ന പേടി..

തുംഗ,ഭദ്ര എന്നീ രണ്ട് നദികൾ കൂടിച്ചേർന്നാണ് തുംഗഭദ്രയെന്ന ഒറ്റ നദിയാകുന്നത്. വിജയനഗര രാജാക്കന്മാരുടെ കാലത്ത് തുംഗഭദ്രയെ ആശ്രയിച്ചായിരുന്നു കനാലുകളും അക്വഡക്ടുകളും നിർമ്മിച്ചിരുന്നത്. കൊട്ടാരവളപ്പിലേയ്ക്കും ക്ഷേത്രങ്ങളിലേയ്ക്കും വെള്ളമെത്തിക്കാനായിരുന്നു ഇവയിൽ പലതും പണിതത്. ഇത് കാർഷികാവശ്യത്തിനായി ഇപ്പോഴും ഉപയോഗിക്കുന്നു. പണ്ടുകാലത്ത് തുംഗഭദ്ര, പമ്പ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.ബ്രഹ്മാവിൻ്റെ പ്രിയപുത്രി പമ്പ ശിവഭഗവാനെ ആരാധിക്കുകയും പ്രണയിക്കുകയും ചെയ്തിരുന്നു. പമ്പയുടെ ആരാധനയിൽ സംപ്രീതനായ ശിവ ഭഗവാൻ അവരെ വിവാഹം കഴിക്കുകയും പമ്പയുടെ ഭർത്താവ് എന്നർത്ഥം വരുന്ന പമ്പാ പതിയെന്ന പേര് സ്വീകരിക്കുയും ചെയ്തു. പമ്പയെന്ന പേരിൽ നിന്നാണ് ഹംപി എന്ന പേരുണ്ടായതെന്നും പറയുന്നു.

എന്തായാലും സന്ധ്യാസമയത്തുള്ള ഈ ജലയാത്ര ഏറ്റവും ആഹ്ളാദകരമായിരുന്നു. ജിത്തു മോൻ മുൻപ് ഇവിടെ വന്നപ്പോൾ അക്കരെയുള്ള ഹിപ്പി ഐലൻറിൽ പോയിരുന്നു. ഉദയാ -സ്തമയങ്ങൾ കാണാൻ പറ്റിയ സ്ഥലമാണെന്നും തെങ്ങും പാടങ്ങളും ഉള്ള മനോഹരമായ ആ സ്ഥലത്ത്  ധാരാളം കഫേകളും ബിയർ പാർലറും താമസിക്കാൻ ചെറിയ കൂടാരങ്ങളും ഉണ്ടെന്നും ഞങ്ങളുടെ അറിവിലേയ്ക്കായി പറഞ്ഞു തന്നു. ധാരാളം വിദേശിയർ അവിടെ വന്നിരുന്നുവെന്നുമുള്ള ഓർമ്മകൾ പങ്കുവച്ചു. തമിഴനായ ഒരു ചെറുപ്പക്കാരനായിരുന്നു വഞ്ചി തുഴഞ്ഞിരുന്നത്. വർഷങ്ങൾക്കു മുൻപ് ഇവിടെ വന്നുപെട്ടതാണത്രെ. തുഴയുന്നതിന്നിടയിൽ പുഴയെക്കുറിച്ചും മറ്റും വാതോരാതെ സംസാരിക്കുന്നുണ്ട്. എല്ലാം കേൾക്കാൻ ഞങ്ങൾക്കും താൽപ്പര്യമുണ്ടായിരുന്നു. കർണ്ണാടകത്തിലൂടേയും ആന്ധ്രപ്രദേശിലൂടേയും ഒഴുകുന്ന തുംഗഭദ്ര നദി.. ദക്ഷിണേന്ത്യയിലെ പുണ്യനദിയുടെ മാറിലൂടെ ഒരു യാത്ര... ഞങ്ങൾക്കൊപ്പം യാത്രയ്ക്ക്  രാജേട്ടൻ കയറിയ വഞ്ചി മാത്രം! തിരിച്ചു വരുന്ന വഞ്ചികളെ ഇടയ്ക്കിടെ കാണാം. ധാരാളം വെള്ളമില്ലാതെ ശാന്തമായി ഒഴുകുന്ന നദി മനസ്സിലെ പേടിയെ മെല്ലെ കാട്ടിടവഴി കടത്തിവിട്ടു... പുഴയുടെ രണ്ടു വശത്തും പാറകൾക്കാെപ്പം പഴമയുടെ അഴക് തുളുമ്പുകയാണ്.. പുഴയുടെ സംഗീതം ശ്രവിച്ചങ്ങിനെ... പല ആകൃതിയിലുള്ള മനോഹരമായ പാറക്കൂട്ടങ്ങൾ... നൂറ്റാണ്ടുകളായി, ശാന്തമായും തല്ലിയലച്ചും കടന്നു പോയ തുംഗഭദ്രയിലെ ജലം വരുത്തിയ രൂപഭേദങ്ങൾ.. അവയിലേയ്ക്ക് പടർന്നിറങ്ങിയ കരുത്തുള്ള വേരുകൾ.. ഇപ്പോൾ നമുക്ക് ഈ നദിയുടെ മനോഹാരിത മാത്രമേ കാണുവാനാകുന്നുള്ളുവെങ്കിലും ആഗസ്റ്റ് മാസത്തിൽ ഡാം തുറന്നു വിട്ടാൽ ഭയാനകമായ വിധത്തിൽ ഈ പാറകളൊന്നും കാണാനാകാത്ത വിധത്തിൽ കരകവിഞ്ഞ് ഒഴുകുമത്രെ... ഹംപി നഗരത്തിന്  തെക്കുപടിഞ്ഞാറായി ഇരുപത് കി.മീ. അകലെ തുംഗഭദ്രയിൽ വലിയ അണക്കെട്ടുണ്ട്.

പുഴക്കരയിലെ പാറക്കൂട്ടങ്ങൾക്കിടയിൽ ഏകദേശം പത്തടി അകലത്തിലെങ്കിലും അമ്പലങ്ങളുടേയോ വിഗ്രഹങ്ങളുടേയോ.മണ്ഡപങ്ങളുടേയോ ചെറുതോ വലുതോ ആയ രൂപങ്ങൾ ഉണ്ടായിരിക്കും. ചില  കവാടങ്ങളിലൂടെ ഒരാൾക്ക് കടന്നു പോകുവാൻ സാധിക്കുന്നവ. ഈ കാഴ്ച നമ്മെ അത്ഭുതപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യും. ഇതെങ്ങിനെ സംഭവിച്ചു... ഇവിടെ ജീവിതം ഉണ്ടായിരുന്നു... അതിനിടയിലൂടെ തുംഗഭദ്ര ഒഴുകി വന്നതായിരിക്കുമോ... ഗന്ധമാത പർവ്വതം, മാതംഗ പർവ്വതം ഹനുമുൻകുന്ന് തുടങ്ങി നാല്കുന്നുകൾ നാലുഭാഗത്തായി ഉണ്ടെന്ന് തുഴക്കാരൻ പറഞ്ഞു.പാറയ്ക്കുള്ളിലേയ്ക്ക് ഒരു കവാടം മാത്രo കാണുന്നു അതിനുള്ളിൽ സൂര്യനാരായണമൂർത്തിയാണെന്നും അടുത്തു തന്നെ കാണുന്ന മറ്റൊരു വിഗ്രഹം പരശുരാമനാണെന്നും പറഞ്ഞു. കുറച്ചു കൂടി മുന്നോട് നീങ്ങുമ്പോൾ കാളിമൂർത്തിയുടേയും നടരാജ മൂർത്തിയുടേയും കല്ലുകൊണ്ടുള്ള വിഗ്രഹങ്ങൾ വ്യക്തമായി കാണാം. നമ്മൾ പോകുമ്പോൾ വലതുഭാഗത്താണ്  ഇതെല്ലാം കാണുന്നത്. തുംഗഭദ്രയുടെ ശക്തമായ ഒഴുക്കിൽ രൂപപ്പെട്ട  വലിയ ദ്വാരങ്ങൾ പാറകളിൽ കാണാം. ഈ പുഴയിൽ മീൻ പിടിക്കാറുള്ള നമ്മുടെ തുഴക്കാരൻ ചുഴിയുള്ള ഭാഗങ്ങൾ എവിടെയൊക്കെയെന്നും പുഴയിലെ വമ്പൻ മീനുകൾ ഏതെല്ലാമെന്നും പറഞ്ഞു. നദിക്കരികിലെ പാറക്കൂട്ടത്തിൽ കണ്ട മറ്റൊരു ക്ഷേത്രമാണ് മെഡിറ്റേറിയൻ ക്ഷേത്രം. പാറയിൽ കൊത്തിയ ധാരാളം പടികൾ ഇവിടെ ഉണ്ട്. നദിയ്ക്കു കുറുകെ ഒരു പാലം ഉണ്ടായിരുന്നുവെന്നും അതിനോടനുബന്ധിച്ചുള്ളതാണ് ഈ പടികളെന്നും പറയപ്പെടുന്നു. കൃഷ്ണദേവരായരും കുടുംബവും ഊണു കഴിച്ചിരുന്നിടമാണ് അതെന്ന്, ഒരു വലിയ മണ്ഡപത്തെ ചൂണ്ടിക്കാട്ടി അയാൾ പറഞ്ഞപ്പോൾ അത്ഭുതപ്പെടാതിരിക്കുന്നതെങ്ങനെ? ഈ കാഴ്ചകൾ കണ്ടങ്ങനെ സഞ്ചരിക്കുമ്പോൾ, അത്ഭുതം, മനോഹരം,സുന്ദരം തുടങ്ങിയ വാക്കുകൾ എത്ര വാരി വിതറിയാലും അധികമാവില്ല!


നദിയിലേയ്ക്ക് ഇറങ്ങിക്കിടക്കുന്ന വലിയ പാറകൾ.. കണ്ടാൽ ഒരു ഗുഹ പോലെ തോന്നും അതിൻ്റെ ഉള്ളിലേയ്ക്ക് കുട്ട വഞ്ചി പ്രവേശിപ്പിച്ചു... ആ പാറയിൽ കയറി നിന്ന് അയാൾ ഞങ്ങളുടെ ഫോട്ടോ എടുത്തു തന്നു. അവിടെ നിന്നും തിരിച്ച് കരയിലേയ് പോകും വഴി ചുറ്റുമുള്ള വീഡിയോ പിടിക്കാനായി അയാൾ വേഗത്തിൽ വഞ്ചി കറക്കി.മറക്കാനാകാത്ത സുന്ദര നിമിഷങ്ങൾ ഹൃദയത്തിലേയ്ക്കാവാഹിച്ച് തിരിച്ച് കരയിലേയ്ക്ക്... അന്നത്തെ അവസാന യാത്രക്കാർ ഞങ്ങളായിരുന്നു. തുഴക്കാരൻ പയ്യന് നല്ലൊരു ടിപ്പും കൊടുത്ത് ഞങ്ങൾ കരയിലേയ്ക്ക് കയറി... എത്രയോ പേർ ചേർന്നാണ് ഓരോ കുട്ട വഞ്ചിയും പിടിച്ച് കരയിൽ കമഴ്ത്തിയിടുന്നതെന്ന് ഞാൻ നോക്കി നിൽക്കുമ്പോഴായിരുന്നു ,നമുക്കു പോകാം എന്ന് രാജേട്ടൻ്റെ അറിയിപ്പ് ...

നല്ല തണുപ്പും കാറ്റും തുടങ്ങിയിരുന്നു.. ഇരുട്ടായിത്തുടങ്ങി ഞങ്ങൾ വേഗം കാറിൻ്റെ അടുത്തേക്ക് നടന്നു.


പ്രിയപ്പെട്ട ഹംപി, രാത്രിയിൽ യാത്ര പറയുന്നില്ല... ഭാഗ്യമുണ്ടെങ്കിൽ വീണ്ടും കാണാം എന്ന് പറഞ്ഞു കൊണ്ട് യാത്ര പുറപ്പെടുമ്പോൾ മനസ്സ് വികാരനിർഭരമായിരുന്നു...

ഹംപി ഗ്രാമം പിന്നിട്ട് വന്ന വഴിയിലൂടെ  വേഗത്തിലായിരുന്നു യാത്ര... പത്തു മണിക്കു മുൻപായി, നല്ലൊരു ഹോട്ടൽ കണ്ടപ്പോൾ അത്താഴം കഴിക്കാനായി അവിടെ കയറി.. സ്പെഷ്യൽ ആയി ആട്ടിറച്ചി പലവിധത്തിൽ പാകം ചെയ്തതായിരുന്നു. നോൺ ഒന്നും കഴിക്കാത്ത അഖിമോനൊഴികെ എല്ലാവരും ഒരേ സമയം പറഞ്ഞു.. സൂപ്പർ.. ശരിയ്ക്കും സ്വാദു മുകുളങ്ങളെ ത്രസിപ്പിക്കുന്ന വിഭവങ്ങൾ... ഹംപിയിൽ കണ്ട ആടുകളെ ഓർത്തപ്പോൾ ഞാൻ ഭക്ഷണം മതിയാക്കി..നല്ല സേവനം തന്ന സപ്ലയർക്ക് നന്ദി പറഞ്ഞ് ടിപ്പും കൊടുത്ത് ഞങ്ങളിറങ്ങി..പുലർച്ച മൂന്നു മണിയോടെ ഫ്ലാറ്റിലെത്തി.

പിറ്റേ ദിവസം ഷോപ്പിങ്ങിനായി പത്തു മണിയോടെ ബാംഗ്ലൂർ സിറ്റിയിലേയ്ക്ക്... ഞങ്ങൾ പോകാത്ത പുതിയ ചില റോഡുകളിലൂടെ കാഴ്ചകൾ കണ്ട് കുറച്ച് നടന്നു.. ശേഷം സിറ്റിയിലെ വലിയ തുണിക്കടയായ വെസ്റ്റ് സൈഡിൽ കയറി... തുണികൾക്ക് വില കൂടതലാണ് ഇവിടെയെന്ന് എനിയ്ക്കു തോന്നി. എല്ലാവർക്കും ഇഷ്ടപ്പെട്ട ഡ്രസ്സുകൾ വാങ്ങിക്കഴിഞ്ഞ് ഇറങ്ങുമ്പോഴേയ്ക്കും മൂന്നു മണി കഴിഞ്ഞിരുന്നു. ടിബറ്റൻ റസ്റെറാറൻ്റിൽ കയറി ടിബറ്റൻ ഭക്ഷണം കഴിച്ചു. വളരെ നല്ല ഭക്ഷണം എല്ലാവർക്കും ഇഷ്ടപ്പെട്ടു. അതു കഴിഞ്ഞ് ഡിമാർട്ടിൽ കയറി.. മൂന്നാം നിലയിലാണ് ഷോപ്പ് ചെയ്യാനുള്ള സ്ഥലം. ഇവിടെ കിട്ടാത്തതായി യാതൊന്നുമില്ല.. അമിതവില ഇല്ലാത്തതുകൊണ്ടാണെന്നു തോന്നുന്നു നല്ല തിരക്കായിരുന്നു ഇവിടെ... സാധനങ്ങളെല്ലാം വാങ്ങി ഇറങ്ങിയപ്പോഴേയ്ക്കും സമയം ഒരു പാടായിരുന്നു. പിന്നീട് എസ്ക്രീം ഷോപ്പിലും കയറിയതിനു ശേഷം  കർണ്ണാടകയുടെ നിയമസഭാ മന്ദിരവും ഹൈകോർട്ടും പബ്ലിക് ലൈബ്രറിയും കാറിലിരുന്ന് ചുറ്റിക്കണ്ടു. സമയം പത്തു മണി കഴിഞ്ഞു. ഫൈൻഡയിൻ റസ്റ്റോറൻ്റായ ബർമാ ബർമ റസ്റേറാറൻ്റിലെ നൂഡിൽസൂപ്പ് തന്നെ കഴിക്കണമെന്ന് ജിത്തു മോന് നിർബന്ധം. സൂപ്പിൻ്റെ പേര്, ഖോ സ്യൂയി. വെജിറ്റേറിയൻ സൂപ്പാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. ഒരെണ്ണത്തിന് 800 രൂപയാണ് വില.നൂഡിൽസ് ചേർത്ത  സൂപ്പും അതിൽ ചേർത്തു കഴിക്കാനായി അഞ്ചു തരം സാധനങ്ങൾ മറ്റു പ്ലെയിറ്റുകളിൽ, അണ്ടിപ്പരിപ്പ്, ബദാം പരിപ്പ്, കപ്പലണ്ടി ഇതെല്ലാം ക്രഷ്‌ ചെയ്തത്. പിന്നെ ചെറുനാരങ്ങ മുറിച്ചത്. സ്പ്രിങ്ങ് ഒണിയൻ, എല്ലാം ആവശ്യാനുസരണം സൂപ്പിൽ ചേർത്ത് ചൂടോടെ കഴിക്കാം. നല്ല ഭക്ഷണം തന്നെ... പക്ഷെ ഓരോരുത്തരും പകുതി പോലും കഴിച്ചിട്ടില്ല! ഭക്ഷണം പാഴായി പോകുന്നതു കണ്ടപ്പോൾ പ്രയാസം തോന്നി.ബില്ലിൻ്റെ ഒപ്പം പുളിമിഠായി വെച്ചിരുന്നു. അത് കുറച്ചെടുത്ത് ഞാൻ കയ്യിൽപിടിച്ചു.. യാത്രാമദ്ധ്യേ ഒരു പബ്ബ് കണ്ടപ്പോൾ നമുക്കവിടെ വെറുതെയൊന്നു കയറാമെന്ന് മോൻ പല പ്രാവശ്യം പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. പുറത്തും നിറയെ ആളുകളുണ്ട്. ഇപ്പോൾ തോന്നുന്നു ഒന്നുകയറേണ്ടതായിരുന്നു...അതും പുതിയൊരു അനുഭവമായേനെ... എം.ജി.റോഡിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ കാറോടിച്ച് ബെംഗ്ലൂരുവിലെ ഏറ്റവും വലിയ വ്യവസായ സമുച്ചയമായ യു.ബി.സിററി കാണുവാൻ പോയി.13 ഏക്കറിൽ പരന്നു കിടക്കുന്നു. ഇവിടെ നാലുകെട്ടിടങ്ങളാണ് ഉള്ളത്.മൂന്നിലൊരു ഭാഗം ഉദ്യാനമാണ്.യു.ബി.സി. ടവറിൻ്റെ മുകളിൽ ഒരു ഹെലിപേഡ് ഉണ്ട്.

രണ്ടു ദിവസം കൂടി ബെംഗ്ലൂരുവിൽ നിൽക്കാൻ സമയമില്ലാത്തതിനാലാണ് ഈ ഓട്ടപ്രദക്ഷിണം.. പിറ്റേ ദിവസം ഉച്ചതിരിഞ്ഞ് ഞങ്ങൾ മൂന്നു പേരും കേരളത്തിലേയ്ക്ക് പുറപ്പെട്ടു. പുലർച്ച മൂന്നു മണിക്ക് വീട്ടിൽ വന്ന് വാതിൽ തുറക്കുമ്പോൾ മോൻ്റെ വിളി വന്നു, വീട്ടിലെത്തിയില്ലേ എന്നു ചോദിച്ചു കൊണ്ട്...

(അവസാനിച്ചു.)

ഹംപി യാത്ര - അജിത രാജൻ (ഭാഗം 15)


പതിനാറാം നൂറ്റാണ്ടിൽ ദേവരായർ രണ്ടാമൻ്റെ കാലത്താണ് ദ്രാവിഡ വിദ്യയിൽ വിറ്റാല (വിത്തല) ക്ഷേത്രം നിർമ്മിക്കപ്പെട്ടത്. പിന്നീട് കൃഷ്ണദേവരായരുടെ കാലത്ത് ക്ഷേത്രത്തിൽ കുറച്ചു കൂടി മിനുക്കുപണികൾ നടന്നു. വിഷ്ണുവിനെയാണ് വിറ്റാല നാഥനായി ആരാധിയ്ക്കുന്നത്.അമ്പലത്തിനോടനുബന്ധിച്ച് ഏക്കർ കണക്കിന് സ്ഥലമുള്ള വിശാലമായ ക്ഷേത്ര മുറ്റത്ത് നിറയെ കരിങ്കൽ പാകിയിട്ടുണ്ട്. വിറ്റാല ക്ഷേത്രത്തിലും ഈ ക്ഷേത്ര പരിസരത്തുമുള്ള മറ്റു അമ്പലങ്ങളിലും വിഗ്രഹങ്ങളില്ല.  ഇവിടത്തെ പ്രധാന ആകർഷണം കൽമണ്ഡപങ്ങളും സംഗീതം പൊഴിക്കുന്ന തൂണുകളുമാണ്. ക്ഷേത്രത്തിനുള്ളിൽ തറനിരപ്പിനു താഴെ ശ്രീകോവിലിൽ ഗർഭഗൃഹം ഉൾക്കൊള്ളുന്ന പ്രധാന മണ്ഡപവും മറ്റും അപകടാവസ്ഥയിലായതിനാൽ അടച്ചിട്ടിരിക്കയാണ്.

കൊത്തുപണികളാൽ അലംകൃതമായ തൂണുകളോടു കൂടിയ നാല് മണ്ഡപങ്ങളാണ് ഇവിടെയുള്ളത്. ശ്രീകോവിലിനു മുൻപിലുള്ള മഹാമണ്ഡപം (രാഗ മണ്ഡപം) ഹൃദയഹാരിയാണ് . പക്ഷെ ഇപ്പോഴങ്ങോട്ട് പ്രവേശനമില്ല. അടുത്തു പോയി ആ തൂണുകളിലൊന്നു തൊട്ടു നോക്കാൻ കൊതി തോന്നി. എന്നാൽ ഭാവി തലമുറയ്ക്കു വേണ്ടി ഈ വിസ്മയക്കാഴ്ചകൾ കാത്തു സൂക്ഷിക്കേണ്ടതു തന്നെയെന്നോർത്ത് സ്വയം ആശ്വസിച്ചു. മറ്റുമണ്ഡപങ്ങളും  ആകർഷണീയമാണ്. ഓരോ തൂണും ശില്പങ്ങൾ ചേർത്ത് വച്ച് ഉണ്ടാക്കിയതാണോ എന്നു തോന്നിപ്പോകും. വിഷ്ണു .ഗണപതി, ഗരുഡൻ. നൃത്തം ചെയ്യുന്ന നാരിമാർ, വാദ്യക്കാർ എന്നിവർ തൂണുകളിൽ മിഴി വോടെ നില്ക്കുന്നു. ഹിരണ്യകശിപുവിനെ മടിയിൽവച്ച് നരസിംഹം കൊലപ്പെടുത്തുന്ന ചിത്രവുo, സമീപത്തു തന്നെ പ്രഹ്ളാദൻ പ്രാർത്ഥിച്ചിരിയ്ക്കുന്ന ചിത്രവും മനോഹരമായി കല്ലിൽ കൊത്തി വച്ചിട്ടുണ്ട്. അവിസ്മരണീയമായ വാസ്തുവിദ്യയുടേയും ശില്പകല കളുടേയും കേന്ദ്രമാണിവിടം.

ക്ഷേത്രത്തിൻ്റെ നടുമുറ്റത്തുള്ള രാഗ മണ്ഡപം പ്രശസ്തമായ അമ്പത്തിയാറ് സരിഗമത്തൂണുകളാൽ അലംകൃതമാണ്. സംഗീതം പൊഴിക്കുന്ന ഈ തൂണുകളിലോരോന്നിൻ്റേയും ചുറ്റും നേർത്ത ഏഴു തൂണുകൾ കൂടിയുണ്ട്. ഓരോന്നും ഓരോ സ്വരങ്ങളെ സൂചിപ്പിക്കുന്നു. ഈ തൂണുകളിൽ കൈ കൊണ്ട് പതുക്കെ തട്ടിയാൽ സംഗീതം കേൾക്കാം. ബ്രിട്ടീഷുകാർ ഇതിൻ്റെ രഹസ്യം കണ്ടു പിടിക്കാനായി രണ്ടു തൂണുകൾ മുറിച്ചു നോക്കിയത്രെ. ഒന്നും കണ്ടെത്താനാകാതെയായപ്പോൾ അവർ അത്ഭുതപരതന്ത്രരായി  നിന്നിരിക്കാം! എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപേ നമ്മുടെ പൂർവ്വ കലാകാരൻമാർ  സംഗീതം പൊഴിക്കുന്ന കൽത്തൂണുകളൊരുക്കിയിരുന്നു! ദക്ഷിണേന്ത്യൻ ക്ഷേത്ര നിർമ്മാണ കലയുടെ വിരുത്!


സന്ദർശകരെല്ലാം തങ്ങളുടെ ക്യാമറകളിലേയ്ക്ക് വിസ്മയ ചിത്രങ്ങൾ പകർത്തിക്കൊണ്ടിരുന്നു. വെയിലും ചൂടുമില്ലാത്ത സുഖകരമായ അന്തരീക്ഷം... മണ്ഡപത്തിൻ്റെ സോപാനത്തിൽ ഞാൻ വെറുതെയിരുന്നു ഇളംതെന്നലേറ്റ്... പക്ഷെ ജിത്തു മോൻ അരികത്തു വന്നിരുന്നു പറഞ്ഞു, അച്ഛൻ വിളിക്കുന്നുണ്ട്... നമുക്ക് ഇറങ്ങിയാലോ അമ്മേ.. നടക്കാൻ ദൂരമുണ്ട് കുട്ട വഞ്ചിയിൽ യാത്ര ചെയ്യണ്ടേ?

മനമില്ലാ മനമോടെ അവിടെ നിന്നിറങ്ങുമ്പോഴുംഎൻ്റെ മനസ്സ്  മന്ത്രിച്ചുകൊണ്ടിരുന്നു...ഒരിക്കൽ കൂടി എനിയ്ക്കിവിടെ വരണം...

തിരിച്ചു പോകാനായി ഞങ്ങൾ ചെമ്മൺപ്പാതയിലേയ്ക്കിറങ്ങിയപ്പോൾ,  ഓപ്പൺ ഇലക്ട്രിക് കാറിൽ തിരിച്ചു പോകാനായി തങ്ങളുടെ ഊഴത്തിനായി ധാരാളം പേർ കാത്തു നിൽക്കുന്നുണ്ടായിരുന്നു. കാറ് ഇടതടവില്ലാതെ സർവ്വീസ് നടത്തുന്നുണ്ട്. അന്തരീക്ഷ മലിനീകരണത്തിൽ നിന്നും ക്ഷേത്രത്തെ സംരക്ഷിക്കാൻ വേണ്ടിയാണ് യുനസ്കോ ഇങ്ങിനെയൊരു നിർദ്ദേശം വച്ചതും ആർക്കിയോളജി അത് ഏറ്റെടുത്തതും. ആറു മണിവരെ മാത്രമേ ക്ഷേത്രത്തിൽ സന്ദർശകരെ അനുവദിക്കുകയുള്ളു.   ഒരു കാലത്ത് ആരവങ്ങളടങ്ങാത്ത ഈ ശിലാ നിർമ്മിത മണ്ഡപത്തിൻ്റെ നിശബ്ധദയ്ക്ക് കൂരിരുട്ട് മാത്രമായിരിക്കാം കൂട്ട്...


ഞങ്ങൾ വന്ന വഴിയിലൂടെ തിരിച്ചിറങ്ങാൻ തുടങ്ങി .. കണ്ട കാഴ്ച്ചകൾ എല്ലാവരുടേയും മനസ്സിനെ മഥിച്ചിരുന്നതുകൊണ്ടാകാം അധികം സംസാരിക്കാതെയായിരുന്നു തിരിച്ചു നടത്തം. അങ്ങോട്ടു പോകുമ്പോൾ ചായ കുടിക്കാൻക്ഷണിച്ച ചായക്കടക്കാരനോട് തിരിച്ചു വരുമ്പോൾ കയറാമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഞങ്ങൾ വരുമ്പോഴേയ്ക്കുംഅയാൾ കട അടച്ച് പോയിരുന്നു. നമ്മൾ പോരുമ്പോൾ കണ്ട പരന്ന പാറയിന്മേൽ എത്തിയപ്പോൾ വീട്ടിലേയ്ക്ക് തിരിച്ചു പോകുന്ന ആട്ടിൻ കൂട്ടം വീണ്ടും ഞങ്ങൾക്ക് കൂട്ടായി. അഖിമോൻ അവയെ തൊട്ടുതലോടുകയും ഫോട്ടോ എടുക്കുകയും ചെയ്തു. കൃഷിക്കാരന് സന്തോഷമായി. പാവങ്ങൾ... കന്നുകാലികൾക്കൊപ്പം ചേർത്തുവച്ച കൊച്ചു ജീവിതങ്ങൾ... ഇവിടെ വച്ച്, തെളിഞ്ഞ ആകാശത്ത് വളരെ പ്രകാശപൂരിതമല്ലാതെ അസ്തമയത്തിനൊരുങ്ങുന്ന സുര്യനെ കാണാനായി.പാറയിലെ താഴ്ന്ന പ്രദേശത്ത് കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഈ കാഴ്ച പ്രതിഫലിച്ചപ്പോൾ അഖിമോൻ അത് ക്യാമറയിലേയ്ക്ക് പകർത്തി...സന്ധ്യയാകുന്നു...


തുഗഭദ്രാനദിയോരത്തുകൂടി ഞങ്ങൾ വിറ്റാല ക്ഷേത്രത്തിലേയ്ക്ക് പോകുമ്പോൾ അവൾ വശ്യമായി കുണുങ്ങിച്ചിരിക്കുന്നുണ്ടായിരുന്നു... അവളുടെയരികെ പോകാതിരിക്കുന്നതെങ്ങിനെ?


(തുടരും)

Thursday, August 12, 2021

ഹംപി യാത്ര - അജിത രാജന്‍ - ഭാഗം -14

ആർക്കിയോളജി മ്യൂസിയം കണ്ടിറങ്ങിയതിനു ശേഷം രണ്ടു കിലോമീറ്റർ അപ്പുറത്തുള്ള സിറ്റിയിലേയ്ക്ക് ഞങ്ങൾ ഭക്ഷണം കഴിക്കാൻ പോയി. ഉച്ചഭക്ഷണത്തിൻ്റെ സമയം ഒരു പാട് വൈകിയിരുന്നെങ്കിലും നല്ല ഭക്ഷണം തന്നെ അവിടെ നിന്നും  കഴിക്കാനായി. അടുത്തതായി തുംഗഭദ്ര നദിയുടെ ബോട്ടുജട്ടിയിലേയ്ക്ക് പോകുവാനാണ് തീരുമാനിച്ചത്. അഞ്ചു കിലോമീറ്ററോളം കാർ യാത്രയ്ക്കു ശേഷം ഒന്നര കിലോമീറ്ററെങ്കിലും നടക്കേണ്ടി വരും തുംഗഭദ്ര ബോട്ടു ജട്ടിയിലെത്താൻ. അവിടെ കുട്ട വഞ്ചിയിൽ ഒരു ജലയാത്ര..

കാറ് പാർക്കു ചെയ്തതിനു ശേഷം ഞങ്ങൾക്ക് നടക്കേണ്ട വഴി അത്ര സുഖമുള്ളതായിരുന്നില്ല. ആൾ താമസമില്ലാത്ത ചെറിയ കാടുപോലെയാണ് തോന്നിയത്. ചിലപ്പോൾ ചെറിയ നടപ്പാതയിലൂടെ  പായ വിരിച്ചതു പോലെയുള്ള പാറയിലൂടെ നടക്കുമ്പോൾ ഒരു പാട് ആടുകളെ മേച്ചു കൊണ്ട് ഒരു ഗ്രാമീണൻ വരുന്നു.. കയ്യിൽ ഒരു അരിവാളും വടിയും ചോറ്റിൻ പാത്രവും. അടുത്തെവിടെയോ ഉള്ള കാട്ടിൽ നിന്നുള്ള മടക്കം. നല്ല തടിച്ചുകൊഴുത്ത കറുത്ത ആട്ടിൻ കൂട്ടങ്ങളെയാണ് ഹംപിയിൽ കണ്ടതിലധികവും.എന്നാൽ അവരുടെ യജമാനൻമാരെ കണ്ടാൽ എനിക്ക് മന:പ്രയാസമാണ്.. ഒരിക്കൽ കൂടി നോക്കാതെ തന്നെ അവരുടെ ദൈന്യത നിറഞ്ഞ ജീവിതം മനസ്സിൽ നിറയും. 

വഴിയരികിൽ മൾബറി പഴം കണ്ടപ്പോൾ ഞങ്ങളത് പറിച്ചെടുത്ത് കഴിച്ചു.. പിന്നേയും ദൂരം പിന്നിട്ടപ്പോൾ ചെറുതായി മഴ ചാറാൻ തുടങ്ങിയെങ്കിലും കുട കയ്യിലില്ലാത്ത ഞങ്ങളോട് ദയവു കാട്ടിയതുപോലെ മഴ തിരിച്ചു പോയി. വഴിയിൽ കണ്ട ഒരു യാത്രികനോട് വഴി ചോദിച്ചപ്പോൾ, വിറ്റാല ക്ഷേത്രത്തിലേയ്ക്ക് ദാ.. ഇതിലെ പോയാൽ മതിയെന്ന് കൈ ചൂണ്ടിക്കാട്ടിക്കൊണ്ട് അയാൾ സ്വന്തം ഭാഷയിൽ  പറഞ്ഞു തന്നു. തിരിച്ചു ചെന്നതിനു ശേഷം ഹംപിയിലെ അവസാന കാഴ്ചയായി  വിറ്റാല ക്ഷേത്രത്തിൽ പോകാനായിരുന്നു ഞങ്ങൾ കരുതിയിരുന്നത്. ഇപ്പോഴാണ് അറിയുന്നത് ഈ വഴിയിലൂടെ പോയാൽ വിറ്റാല ക്ഷേത്രം ഇവിടെ  അടുത്താണെന്നും അഞ്ച് മണി കഴിഞ്ഞാൽ അവിടെ അടയ്ക്കുമെന്നും. അങ്ങനെയെങ്കിൽ ആദ്യം വിറ്റാല ക്ഷേത്രത്തിലേയ്ക്ക് പോകാമെന്ന തീരുമാനമായി. ഇടയ്ക്കിടെ വലിയ പാറക്കൂട്ടങ്ങളും കടന്നാണ് യാത്ര.. ബോട്ടു ജട്ടിയിലേയ്ക്ക് വരുന്ന ടൂറിസ്റ്റുകളെ പ്രതീക്ഷിച്ചു കൊണ്ട് നടവഴിയിലെ ഒരു പാറയ്ക്കു കീഴിൽ രണ്ടു സ്ത്രീകൾ ഒരു പിടി ബേബികാരറ്റും കുറച്ചു മാങ്ങ ചെത്തിയതും ഉപ്പും മുളകുമായി വില്പനയ്ക്കിരിക്കുന്നുണ്ട്. വളരെ മെലിഞ്ഞ് കറുത്തവർ. ഒററ നോട്ടത്തിലേ അവരുടെ ജീവിത ചിത്രം വ്യക്തമാക്കുന്ന രൂപമാണ് ഇവിടെ നാം കണ്ടുമുട്ടുന്ന ഗ്രാമീണരുടേത്..ശക്തനായൊരു രാജാവിൻ്റെ കീഴിൽ സുരക്ഷയോടെ കഴിഞ്ഞിരുന്ന ജനതയുടെ പിൻതലമുറക്കാർ... രത്നവും സ്വർണ്ണവും പറകൊണ്ടളന്നിരുന്ന പാരമ്പര്യമുള്ളവർ..പാവങ്ങൾ എല്ലാം കൊള്ളയടിക്കപ്പെട്ട് നാഥനില്ലാതെ...

ചെറിയൊരു കാടെന്നു തോന്നുന്നിടത്തു കൂടി നടക്കുമ്പോഴായിരുന്നു കൗതുകം ജനിപ്പിക്കുന്നൊരു കാഴ്ച കണ്ടത്. ഒരു വലിയ ആൽമരം ഇതിൻ്റെ താഴെയുള്ള വേരുകളിലെല്ലാം നിറയെ തുണികൾ കെട്ടിയിട്ടിരിക്കുന്നു. ചിലത് ഭാണ്ഡം പോലെ.. അതിൻ്റെ ഉള്ളിലെന്തായിരിക്കുമെന്ന് അറിയില്ല. താഴെ കൊച്ചു കല്ലുകൾ അടുക്കി വച്ചിരിക്കുന്നു. ഈ പരിസരങ്ങളിൽ ജനവാസമുണ്ടാകാമെന്നും അവരുടെ ഏതോ ആചാരങ്ങളുടെ ഭാഗമായിരിക്കുമെന്നും രാജേട്ടൻ പറഞ്ഞു. മോനത് ക്യാമറയിലേയ്ക്ക് പകർത്തി.

ക്ഷേത്ര കവാടത്തിനു മുൻപായി വടക്കുഭാഗത്ത് കിംഗ്സ് ബാലൻസ് ആണ് ആദ്യം കണ്ടത്. രണ്ട് വലിയ കരിങ്കൽ തൂണുകളിൽ താങ്ങി നിറുത്തപ്പെട്ടിട്ടുള്ള ഒരു വലിയ ബീമുണ്ട്. ഇതും കല്ലുകൊണ്ട് നിർമ്മിച്ചിട്ടുള്ളതാണ്. തുലാസ് തൂക്കാനുള്ള ഹുക്കുകളും ഉണ്ട്. ആഘോഷങ്ങൾ, സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം, ജന്മദിനം എന്നീ വിശേഷ ദിവസങ്ങളിൽ രാജാവ് തുലാഭാരം കഴിക്കുന്നത് ഇവിടെയാണ്. സ്വർണ്ണം ,വെള്ളി, രത്നം എന്നിവയാണ് തുലാസിൻ്റെ മറു തട്ടിൽ വെച്ചിരുന്നതത്രെ! തുലാഭാരത്തിനു ശേഷം ക്ഷേത്രത്തിനും പൂജാരിമാർക്കും അവകാശപ്പെട്ടതാണത്രെ ഇത്.

വിററാല ക്ഷേത്രത്തിൻ്റെ പുറകുവശത്താണ് ഞങ്ങൾ നടന്നെത്തിയത്. മുൻവശത്തുകൂടി വരികയാണെങ്കിൽ ഒരു കിലോമീറ്റർ ദൂരെ വാഹനങ്ങൾ പാർക്ക് ചെയ്യണം. എന്നു കരുതി സന്ദർകർക്ക് നടക്കേണ്ടതില്ല. ക്ഷേത്രം വക ഇലക്ട്രിക് കാറിൽ അമ്പലത്തിലേയ്ക്ക് സൗജന്യമായി കൂട്ടിക്കൊണ്ടു വരും! സ്ത്രീകളാണ് ഈ വണ്ടികൾ ഓടിക്കുന്നത്. ഞങ്ങൾ ക്ഷേത്രത്തിൻ്റെ മുൻവശത്തേയ്ക്ക്... ഹംപിയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രത്തിൽ നാം ആദ്യo കാണുന്നത് കൽ രഥമാണ്. നമ്മുടെ അമ്പതു രൂപ നോട്ടിൽ കാണുന്ന അതേ രഥം . കർണ്ണാടക സർക്കാരിൻ്റെ ടൂറിസം മുദ്രയും ഇതു തന്നെ.  കല്ലിലെ കൊത്തുപണികളിൽ അധികവും ദൈവത്തിൻ്റെ പല രൂപങ്ങളാണ്. നൃത്തം ചെയ്യുന്ന നാരിമാരുടേയും ഗജവീരൻമാരുടേയം ചിത്രങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ഇരുപത്തിനാല് പീസുകൾ ചേർത്താണ് ഈ രഥം ഉണ്ടാക്കിയിട്ടുള്ളത്. കുതിരകൾ രഥം വലിക്കുന്ന രീതിയിലാണ് മുൻപുണ്ടായിരുന്നതെന്ന് പറയപ്പെടുന്നു എന്നാൽ ഇന്ന് നമ്മൾ കാണുന്നത് ആനകൾ രഥം വലിക്കുന്ന രീതിയിലാണ്. വലിയ കൽ ചക്രങ്ങളാണിതിനുള്ളത്.  വിത്താല ദേവൻ്റെ വാഹനമായ ഗരുഡന് സമർപ്പിച്ചു കൊണ്ട് നിർമ്മിച്ചിട്ടുള്ളതാണിത്. ഈ രഥത്തിനു മുകളിൽ ഗോപുരവും കൂറ്റൻ ഗരുഡൻ പ്രതിമയും ഉണ്ടായിരുന്നുവത്രെ. നൂററാണ്ടുകൾ പഴക്കമുള്ള രഥത്തിൻ്റെ അപകടാവസ്ഥ ഒഴിവാക്കുവാനായി ഇത് നീക്കം ചെയ്തു.

എന്തായാലും ഇന്നും സന്ദർശകരെ ഏറെ ആകർഷിക്കുന്നുണ്ട് ഈ രഥം. ഇതിനു ചുറ്റും സന്ദർശകരുടെ തിരക്കാണ്. കണ്ട് ആസ്വദിക്കുന്നതിനുപരി ഫോട്ടോകൾ എടുക്കാനുള്ള തിരക്ക്.. ഞങ്ങളും കുറച്ചു ഫോട്ടോകൾ എടുത്തു. ഇവിടെയുള്ള ഏതാണ്ടെല്ലാ കാഴ്ചകളും കൃഷ്ണദേവരായർ പണി ചെയ്യിപ്പിച്ചതാണെന്നു പറയുമ്പോൾ ഇതിനായി പണിയെടുത്ത അജ്ഞാതരായ ശില്പികളുടെ കരങ്ങളിലെ തയമ്പാണ് ഞാനോർത്തത്...

വിഷ്ണുവിനെ വിറ്റാല നാഥനായി ആരാധിക്കുന്ന ഈ ക്ഷേത്രത്തിൽ കാഴ്ചകളുടെ ഉത്സവമാണ്...


(തുടരും)