ആർട്ട് ഗ്യാലറി
നിങ്ങളിപ്പോൾ ആർട്ട് ഗ്യാലറിയിലല്ലെ
ഒന്ന് സൂക്ഷിച്ച് നോക്കൂ
അവ വെറും ചിത്രങ്ങളല്ല
ജീവൻ്റെ തുടിപ്പുകളാണ്.
പ്രതീക്ഷയുടെ ബലൂണിൽ
സൂചികൊണ്ടതറിയാതെ
പടിക്കലേക്കെറിഞ്ഞ
നാലു കണ്ണുകൾ കാണാം.
മോർച്ചറിയിൽ
മരുന്ന് വാങ്ങാൻ പോയ
മകനെ കാത്തു കിടക്കും
അകക്കണ്ണുകൾ കാണാം.
കുഞ്ഞിക്കാലിനായി
പിളർത്തി മലർത്തിയ
കിളുന്തു നെഞ്ചിൽ
പിടയ്ക്കുന്ന കരൾ കാണാം.
കുന്നിൻ ചെരുവിൽ
കളിക്കൂട്ടുകാരിയെ തെരയുന്ന
കുട്ടിക്കുതിരകളുടെ
പകച്ച കണ്ണുകൾ കാണാം.
ജനലഴികളിൽ
തൂങ്ങിക്കിടക്കുന്ന കയറിൽ
പെൺപൂക്കളുടെ
കഴുത്തിലെ വിയർപ്പുകാണാം.
ആമ്പുലൻസിൻ്റെ മൂലയിൽ
വില്ലൊടിഞ്ഞൊരു കുഞ്ഞിക്കുട
നനഞ്ഞിരിക്കുന്നതു
കാണാം.
ആതുരാലയ അകത്തളങ്ങളിൽ
കച്ചവടത്തിൻ്റെ കഥ പറഞ്ഞിരിക്കുന്ന
അവയവങ്ങളെ കാണാം.
കണ്ണേ, എല്ലാം കണ്ട്
കയ്യും വീശി മടങ്ങരുത്
അനീതിയുടെ തായ്‌വേര്
തേടിപ്പിടിച്ച് അറുക്കണം.
ഇനിയൊരു മുള
പൊട്ടാത്ത വിധം
കത്തിച്ച് ചാമ്പലാക്കണം.
- പി.ബി.രമാദേവി

No comments:
Post a Comment