Wednesday, September 4, 2019

ഓണപ്പൂക്കളത്തിന്റെ പുണ്യം

Wednesday 4 September 2019 11:04 am IST
ര്‍ക്കടകം കഴിയുമ്പോള്‍, കാലത്തിന്റെ കുടത്തില്‍ കൊട്ടി 'കൊള്ളിയെഴാ കുടിതോറും വെള്ളിവിളക്കെരിയുന്ന' ശ്രാവണനാളുകളെ തുയിലുണര്‍ത്തി പുള്ളുവനും പുള്ളുവത്തിയും മലയാള മണ്ണിലേക്ക് മാവേലിയെ വരവേല്‍ക്കും. ചിങ്ങമാസത്തിലെ അത്തം മുതല്‍ തിരുവോണം വരെയുള്ള പത്ത് ദിവസങ്ങളില്‍, കിഴക്കേമുറ്റത്ത് ചാണകം മെഴുകിയ ഓണത്തറയില്‍, നിലവിളക്കു കൊളുത്തി, തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാന്‍ വേണ്ടി നമ്മള്‍ ഓണപ്പൂക്കളം ഒരുക്കുന്നു.
അത്തം, നാളില്‍ പരമേശ്വരന്‍ വാരിയെടുത്ത് നെറുകയില്‍ ചൂടിയ പുണ്യവതിയായ തുമ്പപ്പൂവിനെ മാത്രമാണ് ഒരുക്കിയിറക്കുക. ഒരു നിര തുമ്പപ്പൂ മാത്രമേ അത്തം നാളില്‍ കാഴ്ചവയ്ക്കൂ. പിന്നീട് മുക്കുറ്റി, ചെമ്പരത്തി, തുളസി, പൂവാങ്കുരുന്നില, അരിപ്പൂ, കദളിപ്പൂ, കോളാമ്പിപ്പൂ എന്നിങ്ങനെ ഓരോ ദിവസവും പൂക്കളത്തിന്റെ നിരയും നിറവും വലിപ്പവും കൂടിവരും. ചോതി നാളില്‍ ചെമ്പരത്തിപ്പൂവിനാണ് സ്ഥാനം. മൂലം നാളില്‍ പൂക്കളം ചതുരത്തിലാണ് ഇടുന്നത്. പൂക്കളത്തിനു നടുവില്‍ ഈര്‍ക്കിലില്‍ ഒരു പൂവ് കുത്തിനിര്‍ത്തും. ഉത്രാടത്തിന്‍ നാളിലാണ് പൂക്കളത്തിനു വലിപ്പം കൂടുക. തിരുവോണ ദിവസം ഓണത്തറയില്‍ ആവണപ്പലകയിട്ട് അരിമാവ് പൂശി, അതിന്റെ പുറത്ത് തൂശനില വിരിച്ച്, ഓണത്തപ്പനെ വയ്ക്കും. ഗണപതി, ശിവന്‍, വിഷ്ണു എന്നിങ്ങനെ അധിഷ്ഠാന ദേവതകളെ സങ്കല്‍പ്പിച്ചാണ് പത്ത് മണ്‍തട്ടുകളൊരുക്കി, ഓലക്കുടകുത്തി, കെടാവിളക്കു കൊളുത്തി ഓണത്തപ്പനെ പ്രതിഷ്ഠിക്കുക. മണ്ണുകൊണ്ടോ മരംകൊണ്ടോ പിരമിഡ് ആകൃതിയില്‍ നിര്‍മ്മിച്ച വിഗ്രഹത്തില്‍ പൂക്കളര്‍പ്പിച്ച് പാലട, പഴം, ശര്‍ക്കര, മലര് തുടങ്ങിയവ നിവേദിക്കുകയും ചെയ്യും. പിന്നീട് കൈക്കൊട്ടയില്‍ നിറച്ചുവച്ചിരിക്കുന്ന തുമ്പപ്പൂക്കളും കുരുത്തോല കഷ്ണങ്ങളും വീട്ടുപടിയോളം വിതറി മഹാബലിത്തമ്പുരാനെ വരവേല്‍ക്കുന്നു.
പ്രാദേശിക ഭേദമനുസരിച്ച് പൂക്കള്‍ക്കും പൂക്കളത്തിനും ഓണത്തപ്പനും നിവേദ്യ ദ്രവ്യങ്ങള്‍ക്കും സ്വാഭാവികമായ വ്യത്യാസങ്ങള്‍ വരും. പത്തു ദിവസവും ചിലയിടങ്ങളില്‍ പത്തു നിറത്തിലുള്ള പൂക്കളാവുമിടുക.
പച്ചിലക്കുമ്പിളിലാണ് പണ്ടൊക്കെ ഓണപ്പൂവ് ശേഖരിക്കാന്‍ കുട്ടിത്തങ്ങള്‍ കാടും മേടും കയറിയിറങ്ങിയത്. പ്രകൃതി അടിമുടി പൂവിട്ട മറ്റൊരു പൂപ്രപഞ്ചം ആവണി മാസത്തിലെ അവരുടെ കണിയായിരുന്നു. നന്മകള്‍ വിളക്കുവച്ച ആ നല്ല നാളുകള്‍ പൂക്കളം തീര്‍ത്ത മനസ്സിന്റെ ഗൃഹാതുരതകളില്‍ പൂപ്പൊലിപ്പാട്ടുകളുടെ മണവും നിറവും ഊഞ്ഞാലാടിയ കൗതുകങ്ങളുണ്ടായിരുന്നു. സന്തോഷവും സൗന്ദര്യവും നിറപറയൊരുക്കി ഓണമൊരു പൊന്നിന്‍ കതിര്‍ക്കുലയായി മുന്നിലെത്തുമ്പോള്‍ രണ്ടുനാള്‍ കഴിഞ്ഞ് പറയാതെ തിരിച്ചുപോകുന്ന ആ നോവിനെ, ഭാവനയുടെ പൂക്കുമ്പിള്‍കൊണ്ടു നിറയ്ക്കുന്ന മലയാളിക്ക് ഓണം ചേണാര്‍ന്ന പൂക്കളില്‍ കാല്‍വച്ചെഴുന്നള്ളുന്ന ചരിത്രം തന്നെയായിരുന്നു.
 പൂക്കള്‍ പുണ്യം നിറച്ച മനഃശാസ്ത്രമായിരുന്നു ഹൈന്ദവാരാധനയുടെ ശക്തി. ഉത്തമം, മധ്യമം, അധമമെന്ന് (നിറത്തിന്റെയും ഗുണത്തിന്റെയും അടിസ്ഥാനത്തില്‍) പൂജാപുഷ്പങ്ങളെ ശാസ്ത്രീയമായി വര്‍ഗ്ഗീകരിച്ച്  ഗ്രഹങ്ങള്‍ക്കും ദേവതകള്‍ക്കും ക്രമപ്പെടുത്തിയ വിശ്വാസത്തിന്റെയും അനുഷ്ഠാനത്തിന്റെയും പാരമ്പര്യം നമുക്കുണ്ട്.
ഓണമെന്ന വികാരത്തെ, ആത്മസമര്‍പ്പണമെന്ന സമ്മോഹനമായ ആ പ്രകൃതി ദര്‍ശനത്തെ അവ്യാഖ്യേയമായ ഏതൊക്കെ തലത്തിലേക്കാണ് മലയാളി തരംതാഴ്ത്തിക്കളഞ്ഞത്?
ഇന്ന് നമ്മുടെ അടച്ചിട്ട വാതിലിന്‍ മേലെ ചിങ്ങപ്പൂങ്കാറ്റ് മുട്ടിവിളിക്കുമ്പോള്‍, സന്ധ്യയ്ക്ക് വിളക്കുവയ്ക്കാന്‍ വിളിച്ചുചോദിക്കേണ്ട ഗതികേടിലെത്തുമ്പോള്‍, മാതേവരുടെ പീഠം പാമ്പുകളിഴയുന്ന കൊമ്പന്‍ പുറ്റുകളാകുമ്പോള്‍, തുമ്പയും തുളസിയും കണ്ണാന്തളിപ്പൂക്കളും കണ്ണിയറ്റ കാലങ്ങളില്‍... ബാല്യത്തിന്റെ വിരല്‍ത്തുമ്പുകളെ പൂനുള്ളിക്കാനല്ല, മൊബൈല്‍ ആപ്പുകളുടെ സ്വകാര്യ ലോകത്തെ പൂചൂടിക്കാനാണ് മലയാളി ശീലിപ്പിക്കുക.

(പന്തളം എന്‍എസ്എസ് കോളജ് മലയാള വിഭാഗം അസി.പ്രൊഫസറും തപസ്യ സംസ്ഥാന സെക്രട്ടറിയുമാണ് ലേഖിക

Thursday, August 8, 2019

വിളിച്ചു വരുത്തിയ ദുരന്തം


എവിടെയൊക്കെ പ്രകൃതിക്ക് മുറിവേറ്റിട്ടുണ്ടോ അവിടെയൊക്കെ കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭവും സംഭവ്യമായിട്ടുണ്ട്. പ്രകൃതിയോടും പ്രകൃതി ഘടകങ്ങളോടും ആദരം അര്‍പ്പിച്ചിരുന്ന ഭാരതീയ തത്വചിന്തയ്ക്ക് ബദലായി പാശ്ചാത്യ അധിനിവേശശക്തികള്‍ മുന്നോട്ടുവച്ച ഉപഭോഗ, വാണിജ്യ സംസ്‌കാരമാണ് പാരമ്പര്യനിരാസത്തിനും അതിലൂടെ പ്രകൃതിക്ഷോഭത്തിനും ആക്കംകൂട്ടിയത്. വയല്‍നാടായിരുന്ന വയനാടും കൊടുംകാടായിരുന്ന ഇടുക്കിയും ഇന്ന്  പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകര്‍ക്കുന്ന നിര്‍മ്മിതികളുടെ കേന്ദ്രമായി മാറിയിരിക്കുന്നു. ഈ ജില്ലകളിലുണ്ടായിക്കൊണ്ടിരിക്കുന്ന ആള്‍നാശത്തിനും കൃഷിനാശത്തിനും കാരണം ഭൂമിയെ വെല്ലുവിളിച്ചുകൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തന്നെ.

ഗാഡ്ഗില്‍ പറഞ്ഞത് !

കര്‍ഷകര്‍ക്ക് എതിരായിരുന്നില്ല ഈ റിപ്പോര്‍ട്ട്. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് മനുഷ്യജീവന്‍ പിടിച്ചുനിര്‍ത്താനാണ് റിപ്പോര്‍ട്ടില്‍ പ്രാധാന്യം നല്‍കിയത്. തൊടുപുഴയില്‍ പരിസ്ഥിതിപ്രവര്‍ത്തകരായ എം.എന്‍ ജയചന്ദ്രന്‍, ജോണ്‍ പെരുവന്താനം എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ച മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ മാനവികത വ്യക്തമാക്കിയതുമാണ്. ഭൂമിയും മണ്ണും തലചിരിഞ്ഞ രീതിയില്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനുള്ള ശ്രമം റിപ്പോര്‍ട്ടിലുണ്ട്. വനങ്ങള്‍ സംരക്ഷിച്ച് പാരിസ്ഥിതിക ദുരന്തങ്ങള്‍ കുറയ്ക്കാനുള്ള പോംവഴി വിശദീകരിക്കുന്നുണ്ട്. കാലാവസ്ഥാവ്യതിയാനം വരാതിരിക്കാനുള്ള മുന്നൊരുക്കങ്ങളും വ്യക്തമാക്കുന്നു. മലയുടെ ചെരിവുകളില്‍ കൃഷി പാടില്ല, പരിസ്ഥിതി ദുര്‍ബ്ബലപ്രദേശത്ത് പാറപൊട്ടിക്കാന്‍ പാടില്ല, ഏലമലക്കാടുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനം അവസാനിപ്പിക്കണം എന്നിങ്ങനെയുള്ള പ്രായോഗികമായ നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ട് മുന്നോട്ടുവെച്ചത്. നിയമത്തിന്റെ കണ്ണുകെട്ടി ഇടുക്കിയില്‍ നടത്തുന്ന ക്വാറി, റിസോര്‍ട്ട്, ഭൂമാഫിയകളുടെ പ്രവര്‍ത്തനത്തിന് തടസ്സമാകുമെന്നുള്ളതുകൊണ്ടാണ് റിപ്പോര്‍ട്ടിനെതിരെ ആസൂത്രിതമായ നീക്കം നടന്നത്.

പശ്ചിമ ഘട്ടങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി മാധവ് ഗാഡ്ഗില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ  ശക്തമായ സമരം സംസ്ഥാനത്ത് അരങ്ങേറി. കോഴിക്കോട്ടും വയനാട്ടിലും സമരം നടന്നെങ്കിലും  ഇടുക്കിയിലേതുപോലെ രാഷ്ട്രീയ ധ്രുവീകരണമുണ്ടാക്കിയ സമരം മറ്റൊരിടത്തും നടന്നില്ല. ഹര്‍ത്താല്‍ നടത്തിയും നടുറോഡില്‍ മൃഗങ്ങളെ കൊന്ന് ഭക്ഷണം പാകപ്പെടുത്തിയും നടന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിരുദ്ധ സമരം ഇടുക്കിയിലെ ക്രൈസ്തവസഭയുടെ സ്‌പോണ്‍സേഡ് സമരമായിരുന്നു. സമരമുഖത്ത്് ബിഷപ്പ് ഉള്‍പ്പെടെയുള്ള പുരോഹിതന്മാര്‍ രംഗത്തെത്തിയിരുന്നു. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ലേബലില്‍ നടത്തിയ സമരത്തെ സിപിഎം പിന്തുണച്ചതിന്റെ ഫലമാണ് ജോയിസ് ജോര്‍ജ് എന്ന എം.പിയെ സൃഷ്ടിച്ചെടുക്കാനായത്. പ്രഖ്യാപിത നയങ്ങളെ തൂത്തെറിഞ്ഞ് സിപിഎം നടത്തിയ പുത്തന്‍ കൂട്ടുകെട്ട് കൈയേറ്റ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ബാക്കിപത്രമാണ്. പ്രക്ഷോഭങ്ങളെ ഇടത്, വലത് മുന്നണികള്‍ സഹായിച്ചതിനാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് കാട്ടി കേന്ദ്ര സര്‍ക്കാരിലേക്ക് കത്ത് അയക്കുകയും ചെയ്തു. സംഘടിത നീക്കത്തിലൂടെ കൈയേറി വെച്ചിരിക്കുന്ന ഭൂമി കൈവിട്ട് പോകാതിരിക്കാനുള്ള നാടകമായിരുന്നു ഗാഡ്ഗില്‍ വിരുദ്ധ സമരമെന്ന് കാലംതെളിയിച്ചു. ഗാര്‍ഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതിദുര്‍ബ്ബല പ്രദേശമായി അടയാളപ്പെടുത്തിയ സ്ഥലങ്ങളില്‍  കൃഷിചെയ്യാനും വീട് വയ്ക്കാനും പറ്റില്ലെന്നായിരുന്നു കുപ്രചരണം. പശ്ചിമ ഘട്ടങ്ങളിലൂടെ സാഹസിക യാത്ര നടത്തി തയ്യാറാക്കിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് പ്രകൃതിയെ ചൂഷണത്തില്‍ നിന്ന് രക്ഷിച്ച് നാടിനെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥ, സംഘടിത മത, രാഷ്ട്രീയ കൂട്ടുകെട്ടില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മനുഷ്യവിരുദ്ധമാണെന്ന തെറ്റിദ്ധാരണ പരത്തുകയാണുണ്ടായത്. ഭൂമി വെട്ടിപ്പിടിച്ച്, പ്രകൃതിയെ ചൂഷണവസ്തുവാക്കിയതിന്റെ ശേഷിപ്പുകള്‍ കാലവര്‍ഷം ബാക്കിവയ്ക്കുമ്പോള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്തവര്‍ പ്രതികരിക്കേണ്ടതും അനിവാര്യമാണ്. പൊതുസമൂഹത്തെ വ്യാജസന്ദേശങ്ങള്‍ നല്‍കി തെരുവിലിറക്കിയതിന് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കാന്‍ ഇടുക്കിയിലെ ക്രൈസ്തവ സഭയ്ക്കും സിപിഎമ്മിനും ബാധ്യതയുണ്ട്.

-ഡോ.സംഗീത് രവീന്ദ്രൻ കേസരി വാരികയിൽ എഴുതിയ 'വിളിച്ചു വരുത്തിയ ദുരന്തം " എന്ന ലേഖനത്തിൽ നിന്നും

Monday, August 5, 2019

കാശ്മീർ - സുകുമാർ അഴീക്കോടിന്റെ ലേഖനം.

       കശ്മീര്‍ താഴ്‌വരയെ 'സന്തോഷത്തിന്റെ താഴ്‌വര' (Happy valley) എന്ന് മുമ്പ് പുകഴ്ത്തി വിളിച്ചിരുന്നെന്ന് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയില്‍ വായിച്ചതോര്‍ക്കുന്നു. ഇന്ന് കശ്മീരിനെ ആരും അങ്ങനെ പറയുകയില്ല. കുറെക്കാലമായി അത് 'സന്തോഷമില്ലാത്ത താഴ്‌വര'യായി മാറിയിരിക്കുന്നു.

ഇതിന്റെ വേദനയാകാം, ദീര്‍ഘകാലമായി പട്ടാളത്തിന്റെ അധിനിവേശംകൊണ്ട് കഷ്ടപ്പെടുന്ന ജമ്മുകശ്മീരിലെ ജനങ്ങള്‍ക്കും അവിടെനിന്ന് ബഹിഷ്‌കൃതരായ കശ്മീര്‍ പണ്ഡിറ്റുകള്‍ക്കും ജീവനൊടുക്കിയ പാവപ്പെട്ട പട്ടാളക്കാര്‍ക്കും വേണ്ടി ഹൃദയമലിഞ്ഞ്, കഥാകാരിയും പ്രതികരണധീരയുമായ അരുന്ധതി റോയിയുടെ വിവാദപരങ്ങളായ ചില അഭിപ്രായങ്ങള്‍ പുറത്തുവന്നത്. അവര്‍ ഈയിടെയായി ശ്രീനഗറില്‍ ഹുറിയത്ത് നേതാക്കളോടൊപ്പം നടത്തിയ പ്രസംഗങ്ങളില്‍, ദുരിതം അനുഭവിച്ചുവരുന്ന ഈ 'ദുഃഖത്തിന്റെ താഴ്‌വര'യ്ക്ക് ഉടനെതന്നെ 'ആസാദി' നല്‍കണമെന്ന് ആവശ്യപ്പെട്ടത് ഈ വികാരക്ഷോഭം മൂലമാകണം. കഥാരചനയും പ്രായോഗികരാഷ്ട്രീയവും തമ്മിലുള്ള അന്തരം എന്തെന്ന് അവര്‍ ചിന്തിച്ചില്ലെന്ന് സ്പഷ്ടമാണ്. ഈ ഹിമാലയഭൂമിക്ക് സ്വാതന്ത്ര്യം കൊടുത്ത് ഇന്ത്യന്‍ പട്ടാളം ബാരക്കുകള്‍ ഒഴിഞ്ഞുപോയാല്‍ അവിടെ മറ്റൊരു പട്ടാളം വന്നുനിറയുന്ന കാര്യത്തെപ്പറ്റി ഇവര്‍ ആലോചിച്ചിട്ടുണ്ടോ? തന്റെ പ്രസംഗത്തിന് എതിര്‍ വിമര്‍ശനങ്ങളും കോടതിനടപടി വേണമെന്ന വാദങ്ങളും ഉയര്‍ന്നു വന്നതിനെത്തുടര്‍ന്ന് മിസ്സിസ് റോയി ഇറക്കിയ (ഒക്ടോബര്‍ 20) ഒരു കുറിപ്പില്‍ ഈ വക ചിന്തയൊന്നും കണ്ടില്ല. ഇന്ത്യാ ഗവണ്മെന്റ് നെഹ്രുവിന്റെ കാലംതൊട്ട്, ഇവയെക്കുറിച്ചെല്ലാം വളരെയേറെ ചിന്തിച്ചിട്ടുണ്ട്. കശ്മീര്‍ വിട്ടുപോയ പണ്ഡിറ്റുകള്‍ക്ക് തിരിച്ചുവരാന്‍ ഈ മാറ്റത്തോടുകൂടി അവസരം കിട്ടുമോ?പാവപ്പെട്ട ദളിത് ഭടന്മാരുടെ മരണം അതോടെ അവസാനിക്കുമോ? ഇതൊന്നും സംഭവിക്കുകയില്ലെന്ന് ഉറപ്പിച്ചു പറയാന്‍ അരുന്ധതീ റോയിക്ക് ആവില്ല. ആ ഉറപ്പ് കിട്ടാത്ത കാലത്തോളം ഇന്ത്യാ ഗവണ്‍മെന്റ് കശ്മീരില്‍നിന്ന് ഒഴിഞ്ഞുമാറുന്ന ചോദ്യമേയില്ല; അരുന്ധതിയല്ല, ഐക്യരാഷ്ട്രസഭ പറഞ്ഞാല്‍പോലും!

ഈ കഥാകാരിയെ നേരിടേണ്ടത് കേസ് എടുത്തിട്ടോ അവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടോ മറ്റോ ആകണമെന്ന് കരുതുന്ന ബി.ജെ.പി.യും അവരെ ഭയന്ന് ഒന്നും ചെയ്യാതെ കണ്ണടച്ചു കഴിയുന്ന കേന്ദ്ര ഗവണ്‍മെന്റും അരുന്ധതി റോയിയെപ്പോലെത്തന്നെ ഇന്ത്യാ-കശ്മീര്‍-പാകിസ്താന്‍ പ്രശ്‌നത്തെ വേണ്ടവണ്ണം മനസ്സിലാക്കിയതായി തോന്നുന്നില്ല. ഒന്നാമത് ഇവിടെ എഴുത്തുകാര്‍ക്ക് മിണ്ടാനാവാത്ത പ്രശ്‌നമില്ല. എഴുത്തുകാര്‍ക്കെന്നല്ല, എഴുത്തില്ലാത്തവര്‍ക്കും ഇന്ത്യയില്‍ അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അവനവനുള്ള അഭിപ്രായ പ്രകടനസ്വാതന്ത്ര്യം നീതിപൂര്‍വ്വമാകണമെങ്കില്‍ ആ അഭിപ്രായം സുചിന്തിതമാക്കാനുള്ള ഉത്തരവാദിത്വം അഭിപ്രായം പ്രകടിപ്പിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കണം. ആ പരീക്ഷണത്തില്‍ അരുന്ധതിറോയി വിജയിക്കുന്നില്ല എന്ന് എനിക്ക് തോന്നുന്നു.

പാകിസ്താന്‍ ഇന്ത്യയേക്കാള്‍ ഒരു ദിവസം മുന്നെ പിറന്നു - 1947 ആഗസ്ത് 14. അത് ജിന്നയുടെ വെറും ദുര്‍വാശിയുടെ സൃഷ്ടിയായിരുന്നു. പാകിസ്താന്റെ ജനനത്തീയതിയില്‍ ഒരു സംശയവും ആര്‍ക്കുമില്ല. പക്ഷേ, സ്വതന്ത്രഭാരതം ഉണ്ടായത് 1947 ആഗസ്ത് 15-നാണെങ്കിലും ഇന്ത്യ ഉണ്ടായത് എത്രയോ ആയിരം ആണ്ടുകള്‍ക്കപ്പുറത്താണ്. ഇന്നത്തെ ഇന്ത്യയുടെ പിന്നില്‍ ഒരു പ്രാചീനഭാരതമുണ്ട്. പക്ഷേ, അതുപോലെ ഒരു പ്രാചീന പാകിസ്താനില്ല. ആ അറിവിന്റെ ഉറപ്പിലാണ് ഇന്ത്യന്‍ നേതാക്കള്‍, ഒരുനാള്‍ വൈകിക്കൊണ്ട് ഇന്ത്യയുടെ മോചനദിനം ആകാമെന്ന് സമ്മതിച്ചത്. ഇന്ത്യയെ കണ്ടെത്തിയ പ്രധാനമന്ത്രിയാണ് അന്നുണ്ടായിരുന്നത്.

അതുകൊണ്ടുതന്നെ ഇന്ത്യന്‍ നേതാക്കള്‍ തീരുമാനിച്ചു, ഇനി ഇന്ത്യയുടെ ഒരംശംപോലും വിഭജിക്കാന്‍ അനുവദിക്കില്ലെന്ന്. തനിക്ക് ലഭിച്ചത് 'കീടങ്ങള്‍ തിന്ന' പാകിസ്താന്‍ ആണെന്ന് ജിന്ന ആദ്യം വിലാപം നടത്തിയെങ്കിലും (3-6-1947), പാകിസ്താന്റെ ഒന്നാമത്തെ പ്രസിഡന്റ് ആയതിനുശേഷം കുറേക്കൂടി പരിപാകം വന്ന അദ്ദേഹം ഇത്തരത്തില്‍ ഒരു പ്രസ്താവനയും നടത്തി: ''കാലക്രമേണ ഇവിടത്തെ ഹിന്ദുക്കള്‍ ഹിന്ദുക്കള്‍ മാത്രമല്ലാതെയും മുസ്‌ലിംകള്‍ മുസ്‌ലിംകള്‍ മാത്രമായിട്ടല്ലാതെയും തീരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു -മതപരമായിട്ടല്ല, രാഷ്ട്രീയമായിട്ടും''.

ദ്വിരാഷ്ട്രവാദത്തിന്റെ അപ്പോസ്തലന്‍ ഭരണ പരമാധികാരത്തിലെത്തിയപ്പോള്‍, പേരു പറയാതെയാണെങ്കിലും മതേതരത്വത്തില്‍ ചെന്നുവീണുപോയി. അഥവാ, ജിന്നയുടെ ജീവചരിത്രകാരനായ സ്റ്റാന്‍ലി വോള്‍പട്ട് ചോദിച്ചതുപോലെ, താന്‍ രോഗബാധിതനായി മൃത്യുവക്ത്രത്തിലാണെന്ന് ജിന്ന അപ്പോള്‍ മനസ്സിലാക്കിയിരുന്നോ?

ജിന്നയില്‍ ഇങ്ങനെയൊരു ആന്തരവ്യതിയാനം വന്നതുപോലെ മഹാത്മാ ഗാന്ധിയിലും എതിര്‍വശത്തോട്ട് ഒരു മാറ്റം വന്നു. തന്റെ ശവശരീരത്തിനു മുകളില്‍ മാത്രമേ ഇന്ത്യാവിഭജനം നടക്കുകയുള്ളൂവെന്ന് ഗാന്ധിജി നിര്‍ബന്ധം പിടിച്ചിരുന്നു. ഒടുവില്‍, പാകിസ്താന്‍ അസത്യം ആണെന്ന് 1947 ജൂണ്‍ 13-ന് പറഞ്ഞു. ഇതിന്റെ പേരില്‍ ചോരചൊരിയുന്ന സ്ഥിതി ഉണ്ടാകാതിരിക്കാന്‍, ഇന്ത്യ വിഭജിക്കപ്പെടട്ടെ എന്ന് സമ്മതിക്കുകയും ചെയ്തു.

ഇതാണ് സത്യനിഷ്ഠ; അഹിംസാനിഷ്ഠയിലൂടെയുള്ള സത്യനിഷ്ഠ. പിന്നീട് പാകിസ്താന്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റക്കാരെ കടത്തിവിട്ടു. കൃത്രിമമായ ഒരു ആസാദ് കശ്മീര്‍ സൃഷ്ടിക്കാന്‍ പരിശ്രമിക്കുന്നതിന്റെ പിന്നിലുള്ള പാകിസ്താന്റെ ഗൂഢതന്ത്രം ഗാന്ധിജി കണ്ടറിഞ്ഞു. അതിനാല്‍ ഗാന്ധിജി അചഞ്ചലമായ ദൃഢതയോടെ പ്രഖ്യാപിച്ചു: 'ഇനി ഇന്ത്യയുടെ ഒരു ഭാഗവും വിഭജിക്കാന്‍ പാടില്ലാത്തതാണ്'.

ഇതാണ് ഇന്നും ഇന്ത്യയുടെ കശ്മീര്‍ നയത്തിന്റെ അടിവേര്. ഇതൊന്നും ശ്രദ്ധിക്കാന്‍ ശ്രമിക്കാതെ (എഴുത്തില്‍ അത് തെളിയാത്തതുകൊണ്ട് പറയുകയാണ്) കുറെ കൂട്ടരുടെ കഷ്ടപ്പാട് എണ്ണിപ്പറഞ്ഞ് ഒരു നാടിന്റെ അഭിമാനസത്തയായ ഒരു മഹത്തായ നിലപാട് മാറ്റണമെന്ന് വിളിച്ചുപറയുന്ന ഒരാള്‍ക്ക് ഒരെഴുത്തുകാരന്റെ ദീര്‍ഘവീക്ഷണമോ ഒരു ആക്ടിവിസ്റ്റിന്റെ സത്യദീക്ഷയോ ഉണ്ടെന്ന് പറയാനാവില്ല. ആസാദ് കശ്മീര്‍ അനുവദിച്ചാല്‍ത്തന്നെ ചൈനയുടെ പിടിയിലുള്ള പ്രദേശത്തിന്റെ (14500 ച. നാഴിക) കാര്യത്തെപ്പറ്റി മിസ്സിസ് റോയിക്ക് ഒന്നും പറയാനില്ല. അവര്‍ അതിനെപ്പറ്റി ചിന്തിച്ചിട്ടേയില്ലെന്ന് തോന്നുന്നു. അവര്‍ ചിന്തിച്ചിട്ടില്ലാത്ത മറ്റൊരു കാര്യംകൂടെ ചൂണ്ടിക്കാണിക്കാം - ഇന്ത്യയുടേതല്ലെന്ന് പറഞ്ഞ് നുഴഞ്ഞുകയറ്റക്കാര്‍ പിടിച്ചെടുത്ത ആസാദ് കശ്മീര്‍ (650 ച. നാഴിക) പാകിസ്താന്‍ തങ്ങളുടെ രാജ്യത്തിലെ ഒരു സംസ്ഥാനമായി ഇന്നോളം അംഗീകരിച്ചിട്ടില്ല. എല്ലാ അന്താരാഷ്ട്ര നിയമങ്ങള്‍ക്കും എതിരാണ് അത്. അതിനെ പാകിസ്താന്‍ ഉണങ്ങാനനുവദിക്കാതെ ഒരു വ്രണമായി നിലനിര്‍ത്തിയിരിക്കുകയാണ്. പാകിസ്താനേക്കാള്‍ ആസാദ് കശ്മീരിനുവേണ്ടി അരുന്ധതി റോയി വാദിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.

ഗാന്ധിജി പ്രഖ്യാപിച്ചതുപോലെ, ഇനിയൊരിക്കലും ഇന്ത്യയിലെ ഒരു ദേശവും ഹിന്ദു ഭൂരിപക്ഷം എന്നും മുസ്‌ലിം ഭൂരിപക്ഷം എന്നുമുള്ള ന്യായത്തില്‍ വിഭജിക്കപ്പെടാന്‍ ഇന്ത്യ അനുവദിക്കില്ല. ഇതാണ് എഴുത്തുകാരും പ്രതികരണക്കാരും ഘോഷിക്കേണ്ടത്. കശ്മീരിന്റെ വര്‍ത്തമാനസ്ഥിതി മാത്രം കണ്ടാല്‍ പോരാ, ഭൂതകാലചരിത്രവും അറിയണം. കശ്മീരിനെ കാശ്യപമഹര്‍ഷിയുടെ സൃഷ്ടിയാണെന്ന് ഇതിഹാസങ്ങള്‍ പറയും. കുങ്കുമം ഏറ്റവും കൂടുതല്‍ ഉണ്ടാകുന്ന നാടാകയാലാകാം ആ പേരു വന്നത്. ഇന്ന് ചോരയുടെ കുങ്കുമനിറംകൊണ്ടും ആ പേര് അന്വര്‍ഥമായിരിക്കുന്നു! കശ്മീര്‍ പ്രാചീനഭാരതത്തിന്റെ മഹത്തായ ഒരു അംഗമാണ്. അശോകന്‍ മുതല്‍ അക്ബര്‍ വരെയുള്ള രാജാക്കന്മാര്‍ കശ്മീരില്‍ ഭരണം നടത്തിയത് ഇന്ത്യാചക്രവര്‍ത്തിമാര്‍ എന്ന നിലയ്ക്കാണ്. 14-ാം നൂറ്റാണ്ടില്‍ ആണ് ഇസ്‌ലാം അവിടെ എത്തുന്നത്. അതുകൊണ്ട് അത് ഇന്ത്യയുടെ ഭാഗം അല്ലാതാവില്ലല്ലോ. പിന്നീട് ദോഗ്ര വംശക്കാരായി ഭരണാധിപന്മാര്‍. നിവൃത്തിയില്ലാതെ വന്നപ്പോള്‍ ഹരിസിങ് രാജാവ് ഇന്ത്യയുമായി സംയോജനം നടത്തി.

പിന്നെ നടന്നത് പാകിസ്താന്റെ ഗൂഢപ്രേരണയില്‍ നുഴഞ്ഞുകയറ്റക്കാരും ചാരന്മാരും സായുധരായ അക്രമികളും കശ്മീരിലേക്ക് കടന്നുകയറുക എന്നതായിരുന്നു. ഇതു കണ്ടു മടുത്തിട്ടാണ് ഗാന്ധിജി 'ഇനി വിഭജിക്കില്ല' എന്ന് തറപ്പിച്ചു പറഞ്ഞത്. വിഘടിച്ചുപോകണമെന്ന് തോന്നുന്നവര്‍ ഏതു നാട്ടിലുമുണ്ടാകാം. തിരുവിതാംകൂര്‍ സ്വതന്ത്രമാകുമെന്ന് സി.പി. രാമസ്വാമി അയ്യര്‍ വീരസ്യം പറഞ്ഞതും ജുനഗഢിന്റെ സ്വാതന്ത്ര്യമോഹവും ഇന്ത്യ അനുവദിച്ചുകൊടുത്തില്ല. ഗോവയുടെ മോഹവും നടന്നില്ല. അതുപോലെ ആസാദ് കാശ്മീരിന്റെ മോഹവും സമ്മതിക്കില്ല.

രാഷ്ട്രീയചരിത്രവും നമ്മുടെ സംസ്‌കാരചരിത്രവും കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് ആയിരം നാക്കുകൊണ്ട് വിളംബരം ചെയ്യുന്നുണ്ട്. ആസേതുഹിമാചലം എന്നൊരു സങ്കല്പം ഇന്ത്യക്കാര്‍ക്കെല്ലാം ഉണ്ട്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ എന്നാണ് അതിനര്‍ഥം. ഇന്ത്യയിലെ പണ്ഡിതന്മാരുടെ മേല്‍ തന്റെ ധൈഷണികമായ പ്രാഭവം ചെലുത്തിയ ആചാര്യ ശങ്കരന്‍ അതിനെ ശക്തിപ്പെടുത്തിയത്, കശ്മീരില്‍ ചെന്ന് ശാരദാംബികാക്ഷേത്രത്തില്‍ വെച്ച് സര്‍വ്വജ്ഞപീഠം കയറിയിട്ടാണ്. ഈ സങ്കല്പമൊക്കെ മിഥ്യയാക്കാന്‍ പറ്റുമോ?

കശ്മീരിന്റെ സംഭാവനകളെ ഒഴിച്ചുനിര്‍ത്തിയാല്‍ ഭാരതീയസാഹിത്യം അഥവാ സംസ്‌കൃതസാഹിത്യം മുടന്തിപ്പോകും. കല്‍ഹണന്‍, ക്ഷേമേന്ദ്രന്‍, സോമദേവന്‍, ആനന്ദവര്‍ദ്ധനന്‍, അഭിനവഗുപ്തന്‍, രുയ്യകന്‍, ലോല്ലടന്‍, മാഘന്‍, തുംഖന്‍ തുടങ്ങിയ പേരുകള്‍ അരുന്ധതി റോയിക്ക് അപരിചിതമായിക്കൂടാത്തതാണ്. ഒരു ഇന്ത്യന്‍ എഴുത്തുകാരിയുടെ പ്രാഥമികയോഗ്യതകളില്‍ ഈ അറിവും പെടും. ലോകത്തിന്റെ തന്നെ പ്രാചീന കഥാമാതൃകയായി നില്‍ക്കുന്ന നിസ്തുലമായ കൃതിയാണ് ഗുണാഢ്യന്റെ ബൃഹല്‍കഥ. ഇന്ന് അത് ലഭ്യമല്ല. പക്ഷേ, അതിന്റെ രണ്ട് സംക്ഷേപങ്ങള്‍ നമുക്ക് നല്‍കിയത് കശ്മീരാണ് - ക്ഷേമേന്ദ്രന്റെ 'ബൃഹല്‍കഥാമഞ്ജരി'യും സോമദേവന്റെ 'കഥാസരില്‍സാഗര'വും സാഹിത്യചിന്തയില്‍ അതിമഹത്തായ ഔചിത്യസിദ്ധാന്തം അവതരിപ്പിച്ചത് ക്ഷേമേന്ദ്രനാണ് -'ഔചിത്യവിചാരചര്‍ച്ച'. ലോകത്തിലെ സാദൃശ്യമില്ലാത്ത ചരിത്രകാവ്യം നമുക്ക് തന്നത് 'രാജതരംഗിണി' എഴുതിയ കല്‍ഹണന്‍ ആണ്. കിരാതാര്‍ജ്ജുനീയം എഴുതിയ മാഘനെ വിട്ടുകളയാമോ?

സര്‍വ്വോപരി കശ്മീര്‍ ഇന്ത്യയെയും ലോകത്തെയും കടപ്പെടുന്നത് സാഹിത്യപഠനത്തിന് ഏറ്റവും സഹായിക്കുന്ന ധ്വനീസിദ്ധാന്തം അവതരിപ്പിച്ച 'ധ്വന്യാലോക'കാരനായ ആനന്ദവര്‍ദ്ധനാചാര്യനെക്കൊണ്ടാണ്. ഇതിന്റെ വ്യാഖ്യാതാവായ അഭിനവഗുപ്തനേയും വിശ്വപണ്ഡിതനായി ആദരിക്കണം. സാഹിത്യദര്‍ശനത്തിന്റെ ഇരിപ്പിടമായ വ്യംഗ്യചിന്തയില്‍ അധിഷ്ഠിതമാണ് ഈ ധ്വനിവാദം.

മറ്റുള്ളവരെപ്പറ്റിയൊന്നും വിവരിക്കുന്നില്ല. ചരിത്രവും സംസ്‌കാരവും സാഹിത്യവും ഇന്ത്യയോട് കനകച്ചങ്ങലകൊണ്ട് വരിഞ്ഞുകെട്ടിയ കശ്മീരിനെ ഒരു വര്‍ഗീയ ഭൂരിപക്ഷത്തിന്റെ പേരില്‍ വിട്ടുകൊടുക്കണമെന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ല. വിഘടനവാദികള്‍ക്ക് നാടുവിട്ടുപോകാം. ദേശത്തെ അന്യാധീനമാക്കാന്‍ പാടില്ല.

ഗാന്ധിജിയും നെഹ്രുവും പട്ടേലും അസന്ദിഗ്ധമായി വിശദമാക്കിയ 'ഇനി വിഭജനമില്ല' എന്ന ചിന്ത ഇന്ത്യയുടെ എല്ലാ കാലത്തേയും സ്വത്വപ്രഖ്യാപനം ആണ്. പഴയ സംസ്‌കാരത്തിന്റെ ശിരസ്സുമുറിച്ച് ഒരു ദേശത്തിനു 'ആസാദി' കൊടുക്കാന്‍ പറയുന്നവര്‍ എഴുത്തുകാരില്‍ ഉണ്ടായിരിക്കാന്‍ പാടില്ലാത്തതാണ്. ഇന്ത്യയെ ചെറുതാക്കാന്‍ ഇവര്‍ക്ക് ആരും അധികാരം കൊടുത്തിട്ടില്ല.

(മാതൃഭൂമിയോട് കടപ്പാട്)

Thursday, June 13, 2019

മഴയുടെ സ്ഥാനാന്തരങ്ങൾ


കവിത


ശോഭ ജി ചേലക്കര



പാതയോരത്തു പെയ്യുന്ന മഴയ്ക്ക്
ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ
ഛായയാണ്..
അവൾ മുഖം കുനിച്ച്
ദീനദീനം തേങ്ങുകയും
വെളുത്ത കാൽപ്പാദങ്ങളാൽ
മണ്ണിലാഞ്ഞു തിമിർത്ത് രോഷം തീർക്കുകയും ചെയ്യും...
പ്രണയമഴ പെയ്യുന്ന പുഴയോരങ്ങളുണ്ട്...
നാണം കുണുങ്ങിയായ
കന്യകയെപ്പോലെ അവൾ
കാൽനഖം കൊണ്ട്
മണൽതരികളിൽ വട്ടം വരച്ചുകൊണ്ടേയിരിക്കും...
നനുത്ത കാറ്റിനൊപ്പം
നാണത്തോടെ
മണ്ണിന്റെ നഗ്നമായ ഉടൽ ഭംഗികളിൽ
അമർത്തി ചുംബിക്കുന്നതു കാണാം...
മണ്ണിന്റെ മാദക ഗന്ധങ്ങളിലേക്ക്
ആഴ്ന്നിറങ്ങുന്നതും കാണാം..

കുന്നിൻ മുകളിലും നദികളിലും ചടുല നൃത്തം ചെയ്യുന്ന പ്രളയമഴയുമുണ്ട്‌.
ദുർഗ്ഗാദേവിയെപ്പോലെ
സർവ്വതും നശിപ്പിക്കാനുള്ള രോഷമുണ്ടാകും
ആ താണ്ഡവനൃത്തത്തിന്!

ഒടുക്കത്തേത്
വിടിന്റെ ഇറയത്തിരുന്ന്
പതം പറയുന്ന അമ്മ മഴയാണ്...
അവൾ ഇടവഴിയിലേക്കു കണ്ണുനട്ട്
മെല്ലെ മെല്ലെ വിതുമ്പിക്കരഞ്ഞു കൊണ്ടേയിരിക്കും...
പിന്നെ ശോക താളമായി
അലിഞ്ഞലിഞ്ഞില്ലാതാകുന്നതുവരെ
ആവിയായിപ്പോയ
വിയർപ്പു പാടങ്ങളിലേക്ക്‌
ഇറ്റിറ്റു വീണു കൊണ്ടേയിരിക്കും...

മിന്നലിൽ അരിവാങ്ങി മടക്കം


=======================

കവിത


ടി.പി.രാധാകൃഷ്ണൻ 



കറന്റ് വന്ന്
വെളിച്ചം വിതറിയ
കാലത്തിന്നു മുമ്പ്
ഉച്ചയ്ക്ക്
ചക്കപ്പുഴുക്കും തിന്ന്
റേഷൻ കടയിൽ പോയ
കാലത്തെ ഓർക്കൂ

കാർഡുകൾ
അട്ടിയിട്ടട്ടിയിട്ട്
അരി കിട്ടാൻ കാത്തുനിന്ന കാലം

ഒടുവിൽ.
കിട്ടുമ്പോൾ
ഇരുട്ടും
മഴയും കൂടെ പോന്ന കാലം !

അരിസഞ്ചി
വാഴയില കൊണ്ട് മൂടി
മിന്നൽ വെളിച്ചത്തിൽ
പേടിയെ തളർത്താൻ
മൂളിപ്പാട്ടും പാടി
പാമ്പിന്റെ പല്ലിൽ കുടുങ്ങാതെ
വീടെത്തിയ കാലം

മിന്നലേറ്റ് മരിക്കാതെയുണ്ണി
വീട്ടിലേയ്ക്കെത്തുവാൻ അമ്മ
തിറയാടുന്ന പരദേവതയ്ക്ക്
ഉള്ളുരുകി നേർച്ച നേർന്ന കാലം

ഓർമ്മയുടെ
പൊടി തട്ടിയെടുത്താൽ
നിശ്ചയമായും കാണാം
വിശപ്പിന്റെ വിളിയുള്ള കാലം


Wednesday, June 12, 2019

മഴ


             കവിത


ദീപ്തി ഭരതൻ




മഴനൂലുകൾ ആവേശത്തോടെ മണ്ണിനെ പുണരുമ്പോൾ
മഴയാ സ്വദിക്കാനിഷ്ടമാണ്....
കമ്പിളി പുതപ്പിനുള്ളിലൂടെ ഇഴഞ്ഞെെത്തുന്ന മഴയുടെ സംഗീതം കേട്ടുറങ്ങാൻ അതിലേറെയിഷ്ടം
മഴ തിമിർക്കുമ്പോൾ മധുരസ്വപ്നങ്ങളിലേക്ക് ആഴ്ന്നിറങ്ങണം.
എന്നാൽ ', ....
ഓടിൻ വിടവിലൂടെ നൂണിറങ്ങുന്ന മഴത്തുള്ളികൾ കൊണ്ട്, തറയിലൂടെ
ഒരു പുതിയ പുഴ ഒഴുകുന്നത് കാണുമ്പോൾ നോവുന്ന മനസുണ്ട്
ചൂടുള്ള വിശപ്പു കൊണ്ട്
തണുത്ത വയറിനെ ആശ്വസിപ്പിക്കുമ്പോൾ
നിറയുന്നത് ആരുടെയോ മിഴികളാണ്..
പഴന്തുണികൊണ്ട് പൊതിഞ്ഞ്, മഴച്ചാറലുകളേൽക്കാതെ ,ഇരുട്ടിലേക്ക്
മിഴിച്ചു നോക്കുമ്പോൾ
ഭയപ്പെടുത്തുന്നത് വിടരാൻ ബാക്കി നിൽക്കുന്ന പകലുകളാണ്...
മഴ ചിരിച്ചും, കരഞ്ഞും പെയ്തു തീർക്കുകയാണ്...
ആരോടും പറയാതെ ,ആരെയും ഭയക്കാതെ....
പെയ്തു തിമർക്കുകയാണ്.

പാവം മഴത്തുള്ളികൾ


                 കവിത


ഡോ. പത്മിനി ഗോപിനാഥ്




ജലകണികകൾ
നടുമുറ്റത്തിററിറ്റു
വീണപ്പോൾ
അമ്പരന്നു ഞാൻ
 ഒരു നിമിഷം
ദൈവമേ
മറഞ്ഞു പോയോയെൻ
ഗ്രീഷ്മകാലം
മധുരം
നിറഞ്ഞൊരു മാമ്പഴക്കാലം
മുറ്റമാകെ കടലായി മാറിയ നേരം
ഒരു തുള്ളി ദാഹജലത്തിനായ്
കാതോർത്തു കേണ
വേഴാമ്പലിൻ്റ
ദുഃഖമൊന്നോർത്തു
പോയി വെറുതെ
ഞാൻ
 തുള്ളിക്കൊരു
കടമായ്
പേമാരി
ചൊരിഞ്ഞപ്പോൾ
ഉള്ളൂ നിറഞ്ഞ് കുളിർന്നു
വൃക്ഷലതാദികളെല്ലാം
ഒരു നിമിഷം
ഓലക്കുടയും
ചൂടി
വിദ്യാലയത്തിലേക്കോടിയോടിപ്പോയിരുന്ന
എൻ്റെ
ബാല്യത്തിലേക്ക്
തിരിഞ്ഞൊന്നു
നോക്കി ഞാൻ
കാൽത്തളകൾ പോലെ
കിലുങ്ങിയൊഴുകുന്ന
മഴവെള്ളമെൻ്റെ
കൂട്ടായിരുന്ന

കുട്ടിക്കാലം
മേഘമാലകളിൽ
നിന്നു
പൊട്ടിച്ചിതറി
നിളയിൽ
തുളി ക്കു ന്ന
തീർത്ഥത്തുള്ളി പോലെ സ്ഫടിക മണികൾ
പോലെ
മഴത്തുള്ളികൾ
കുളിർ വാരി
ച്ചൊരിയുന്ന
പാവം
മഴത്തുള്ളികൾ.

മഴ, ജനാലയ്ക്കപ്പുറവും ഇപ്പുറവും..

........................................

കവിത


     P N രാജേഷ് കുമാർ



മഴ, ജനാലയ്ക്കപ്പുറത്ത്
വന്മരത്തിന്റെ
പൊടിപുരണ്ടയിലകളെ കഴുകി
തായ്ത്തടിയുടെ
 ചുക്കിച്ചുളിഞ്ഞ
തണ്ടിലൂടൂർന്ന്
വറ്റിവരണ്ടയതിന്റെ
 വേരുനാവിലൂടെ
തൊണ്ടക്കുഴിയിലേക്ക്
തന്നുപ്പായ് പടർന്നിറങ്ങി...

മഴ, ജനാലയ്ക്കപ്പുറത്ത്
ചുട്ടുപൊള്ളിക്കുന്ന
നഗരകാമനകളെ
തഴുകിയൊഴുകി
ആതുരാലയത്തിലെയും ആരാധനാലയത്തിലെയും
കോടതി പരിസരത്തെയും
മാലിന്യങ്ങളെയൊന്നാക്കി
മദിച്ച് രസിച്ച് ഒഴുകിയകന്നു....

മഴ, ജനാലയ്ക്കപ്പുറത്ത്
പറന്നു തളർന്ന
ചിറകുകളിലെ
വിയർപ്പുകണങ്ങളെയും
പുഴയുടെ ഇരുകരകളി -
ലുമൊളിപ്പിച്ചിരുന്ന
കനവുകളെയുമൊന്നാക്കി
കടലാഴങ്ങളിൽ
പ്രണയത്തിന്റെ
ഉപ്പു രുചിച്ചുറങ്ങി....

എന്നാൽ,

മഴ, ജനാലയ്ക്കിപ്പുറത്ത്
വേദനയുടെ
ഒറ്റമുറിമൂലയിലെ
കാലിളകിയ കസേരയിൽ
ജനൽതിരശ്ശീല
മാറ്റിനോക്കുന്ന
അതിജീവനത്തിന്റെ
വറ്റിവരണ്ട മിഴികളിൽ
കണ്ണീർനനവായ്
പെയ്തിറങ്ങി.....

കേവലം നീരല്ല നീ..


                           കവിത

അജിത രാജൻ



തനുവിലൂറുന്ന സ്വേദം
ഊറ്റി കുടിക്കുന്ന താപം
അരമണി
കുലുക്കിയെത്തി
വാളുമായുച്ചിയിൽ നിൽക്കേ,
തപസ്സിലാണിന്നു
ജീവന്റെ വേരുകൾ...
കുളിരുതേടുന്നു
ഹരിതാഭമാകുവാൻ;
തിരയുന്നുണ്ടാകാശസീമയിൽ
ജീവാമൃതമാം വ്യോമതീർത്ഥം!!

മണ്ണിന്നടിയിൽ മയങ്ങും വിത്തിനെ
തുരുതുരെയിക്കിളിയിട്ടുണർത്താൻ,
കവിതയിൽ മുത്തുകൾകോർക്കാൻ
താഴെ കൊമ്പിലെ കൊച്ചു കിളിക്കു, കല്യാണസൗഗന്ധികത്തിൻ
സ്നിഗ്ധമാം ശയ്യയിൽ
തൂവൽ പുതച്ചിരിക്കാൻ...
താളത്തിലാടും മാരി തൻ നാദംകേൾക്കെ,
നിന്നധരങ്ങളാലൊരുമ്മയേൽക്കെ
അറിയുന്നു, കേവലം നീരല്ല നീയെന്ന്..!!

വികാരങ്ങളെ മെല്ലെയുണർത്തി
ധരണി, ഭാവങ്ങൾ നെയ്യും നേരം,
വെയിൽ നനയുമ്പോൾ
എരിയുന്ന മഴയെ കൊതിക്കും...
മോഹചക്രവാളങ്ങളിൽ
ജലച്ചാമരം വീശും...
വിണ്ടലം മെല്ലെയിടിച്ചിറക്കി നീ
മൺമണ്ഡലെ ചിറകൾ തകർത്തെറിഞ്ഞു
ഭ്രാന്തു പെയ്തു ചോര തുപ്പിടല്ലേ
യെങ്കിലേ വ്യോമതീർത്ഥം 
ജീവ തീർത്ഥമാകൂ...!!

Tuesday, June 11, 2019

വ്യോമതീർത്ഥം  

-----------------                കവിത

ശ്രീദേവി



ആകാശസീമകൾക്കപ്പുറം നിന്നിതാ,
ഒരുതുളളി മഴയായി മണ്ണിലൂർന്നു...
ആർദ്രമാം സ്നേഹമായ് നനവാർന്നൊരോർമ്മയായ് മാനസ്സത്തീരത്തു വീണലിഞ്ഞു..

മഴപെയ്തുനിറയുന്ന തൊടിയുടെ കോണിലെ,
ഒരുമുറിഇന്നെന്നിൽ ബാല്യമായീ..
അവിടെയാമുറിയിലായ് എന്നെ തളച്ചമ്മ
റാങ്കെന്ന സ്വപ്നത്തിൻ  വിത്തുനട്ടൂ..

മേഘമായ്മാറിയാ പുല്ക്കൊടിതുമ്പിനെ, കെട്ടിപ്പിടിക്കാൻ കൊതിക്കുമെന്റെ-
മഴവില്ലിൻ നിറമുളള സ്വപ്നങ്ങളൊക്കെയും
മാമരപെയ്ത്തിൽ വിതുമ്പലായീ.

അഴികൾ നിറഞ്ഞൊരാ കാഞ്ചന കൂട്ടിൽ ഞാൻ
ചിറകറ്റ രാക്കിളി മാത്രമായീ...

വീണ്ടും വരുന്നിതാ ഇടിയായി മിന്നലായ്,
എന്നിൽ നിറയുവാൻ വ്യോമതീർത്ഥം..

പേരക്കിടാങ്ങളുമായമ്മ മുററത്തു,
മഴയേററു നനയുന്ന കാഴ്ച്ചനോക്കീ-
ഡോക്ടറായ്യീവിധം
വീട്ടിലിരിക്കുന്ന ഇത്തിരിനേരമെൻ ഓർമ്മയെല്ലാം.
തുളളിത്തുളുമ്പി മഴയായൊഴുകിയെൻ കൗമാരനാളിലേക്കെത്തി നോക്കേ.

ഒരു കുഞ്ഞു നൊമ്പരമന്നേരമറിയാതെ
ദാവണിസ്വപ്നമായ് നെഞ്ചിലെത്തി...

മഴയേറ്റു മൺക്കൂനക്കുളളിലുറങ്ങുമെൻ,
സ്വപ്നത്തെ നെഞ്ചിലൊതുക്കിഞാനും,
ഇന്നീ മഴയുടെ മടിയിൽകിടന്നോട്ടെ
തീർത്ഥമായെന്നിൽ പതിച്ചിടാമോ,
എന്റെ ഹൃത്തിലൊഴുകുമരുവി പോലെ...

💦 മഴ💦              - കവിത


🌧🌧🌧🌧🌧

ഡോ.വിനിത അനിൽകുമാർ



കാത്തിരുന്നു കിട്ടിയ നിധിപോലെ,
നോക്കിയിരുന്നു പെയ്തൊരു മഴ...

ചോദ്യം ചെയ്യപ്പെട്ട അപരാധിയെപ്പോലെ,
ചിണുങ്ങിക്കരഞ്ഞ്,
ഏങ്ങിയേങ്ങി ചുണ്ടുകോട്ടി,
നെഞ്ചത്തലച്ചലറിപ്പെയ്യുന്ന മഴ..

വെയിൽവെങ്ങാരം നൂണ്ടു കയറിയ ജനൽപ്പാളികളിൽ
മുഷ്ഠി കൊണ്ടിടിച്ചൊച്ചവച്ച്,
എത്തിനോക്കവേ പെട്ടെന്നു മാറിനിന്ന്
നിക്കറിട്ടയഞ്ചുവയസ്സുകാരന്റെ
കുസൃതിത്തരങ്ങളുമായി പെയ്തിറങ്ങിയ മഴ...

മുറ്റത്ത് ഓളം വെട്ടുന്ന വെള്ളത്തിലെ കടലാസു വള്ളങ്ങളായി
 ബാല്യമൊഴുകി നടക്കവേ,
പൊടിമീശക്കാരന്റെ കുറുമ്പുകാട്ടിയാഞ്ഞു പെയ്ത്
മനസ്സിൽ സുഖമുള്ള നൊമ്പരത്തുള്ളികൾ
 വാരി നിറച്ചൊരു മഴ...

കടന്നു വരാനാരുമില്ലാതെയടഞ്ഞ പടിപ്പുരയ്ക്കകത്തേക്ക്
 നിഷേധിയുടെ കാല്പ്പ്പെരുമാറ്റത്തോടെയോടിക്കയറിയ മഴ..

മാമ്പൂക്കളിലും നെൽക്കതിർക്കുലകളിലും
റിബലിസം പെയ്ത്
 അശാന്തിയുടെ മേളപ്പെരുക്കങ്ങളോടെയൊരു മഴ...

ചീവിടുപാട്ടിന് താളംകൊട്ടി,
പോക്കാച്ചിത്തവളകളുടെ വായ്ത്താരിക്ക് മൃദംഗവാദനവുമായി
പാതിരാക്കാറ്റിന്റെ കൈയും പിടിച്ചൊരു മഴ...

മഴയുടെ സംഗീതം പതിഞ്ഞ മന്ത്രസ്ഥായിയിലെ സരളവരിശ പോലെയാണ്..

മഴയുടെ സൗന്ദര്യം,
നിലാവുനനഞ്ഞ ഭൂമിയുടെ
വശ്യമാദകാകർഷണം പോലെയാണ്..

മഴയുടെ സൗഭഗം
മാമ്പൂവാസനയിലുറഞ്ഞ
മണ്ണിന്റെ
പുതിയ ഗന്ധമുയരും പോലെയാണ്...

മഴ എന്നും
സ്മൃതിപഥങ്ങളിലെ
ചില്ലുചിത്രങ്ങളെ
തുടച്ചുമിനുക്കുന്നൊരു
പട്ടുപാവാടക്കാരിയാണ്...

ഒരുപാടു കിനാക്കളിൽ
ഒളിച്ചും പാത്തും നിന്ന്,
മനോരഥങ്ങളുടെ ഏകാന്ത താഴ്വരകളിൽ
ചാഞ്ഞും ചരിഞ്ഞും കള്ളനോട്ടങ്ങളെറിഞ്ഞ
സ്വപ്നസുന്ദരിയാണ്...

അതെ, മഴ എന്നും ഒരു കുളിർ സ്പർശവും
തണുവാർന്നൊരനുഭൂതിയുമാണ്...

മണ്ണിനും ❣
മനസ്സിനും❣