Thursday, June 13, 2019

മഴയുടെ സ്ഥാനാന്തരങ്ങൾ


കവിത


ശോഭ ജി ചേലക്കര



പാതയോരത്തു പെയ്യുന്ന മഴയ്ക്ക്
ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ
ഛായയാണ്..
അവൾ മുഖം കുനിച്ച്
ദീനദീനം തേങ്ങുകയും
വെളുത്ത കാൽപ്പാദങ്ങളാൽ
മണ്ണിലാഞ്ഞു തിമിർത്ത് രോഷം തീർക്കുകയും ചെയ്യും...
പ്രണയമഴ പെയ്യുന്ന പുഴയോരങ്ങളുണ്ട്...
നാണം കുണുങ്ങിയായ
കന്യകയെപ്പോലെ അവൾ
കാൽനഖം കൊണ്ട്
മണൽതരികളിൽ വട്ടം വരച്ചുകൊണ്ടേയിരിക്കും...
നനുത്ത കാറ്റിനൊപ്പം
നാണത്തോടെ
മണ്ണിന്റെ നഗ്നമായ ഉടൽ ഭംഗികളിൽ
അമർത്തി ചുംബിക്കുന്നതു കാണാം...
മണ്ണിന്റെ മാദക ഗന്ധങ്ങളിലേക്ക്
ആഴ്ന്നിറങ്ങുന്നതും കാണാം..

കുന്നിൻ മുകളിലും നദികളിലും ചടുല നൃത്തം ചെയ്യുന്ന പ്രളയമഴയുമുണ്ട്‌.
ദുർഗ്ഗാദേവിയെപ്പോലെ
സർവ്വതും നശിപ്പിക്കാനുള്ള രോഷമുണ്ടാകും
ആ താണ്ഡവനൃത്തത്തിന്!

ഒടുക്കത്തേത്
വിടിന്റെ ഇറയത്തിരുന്ന്
പതം പറയുന്ന അമ്മ മഴയാണ്...
അവൾ ഇടവഴിയിലേക്കു കണ്ണുനട്ട്
മെല്ലെ മെല്ലെ വിതുമ്പിക്കരഞ്ഞു കൊണ്ടേയിരിക്കും...
പിന്നെ ശോക താളമായി
അലിഞ്ഞലിഞ്ഞില്ലാതാകുന്നതുവരെ
ആവിയായിപ്പോയ
വിയർപ്പു പാടങ്ങളിലേക്ക്‌
ഇറ്റിറ്റു വീണു കൊണ്ടേയിരിക്കും...

മിന്നലിൽ അരിവാങ്ങി മടക്കം


=======================

കവിത


ടി.പി.രാധാകൃഷ്ണൻ 



കറന്റ് വന്ന്
വെളിച്ചം വിതറിയ
കാലത്തിന്നു മുമ്പ്
ഉച്ചയ്ക്ക്
ചക്കപ്പുഴുക്കും തിന്ന്
റേഷൻ കടയിൽ പോയ
കാലത്തെ ഓർക്കൂ

കാർഡുകൾ
അട്ടിയിട്ടട്ടിയിട്ട്
അരി കിട്ടാൻ കാത്തുനിന്ന കാലം

ഒടുവിൽ.
കിട്ടുമ്പോൾ
ഇരുട്ടും
മഴയും കൂടെ പോന്ന കാലം !

അരിസഞ്ചി
വാഴയില കൊണ്ട് മൂടി
മിന്നൽ വെളിച്ചത്തിൽ
പേടിയെ തളർത്താൻ
മൂളിപ്പാട്ടും പാടി
പാമ്പിന്റെ പല്ലിൽ കുടുങ്ങാതെ
വീടെത്തിയ കാലം

മിന്നലേറ്റ് മരിക്കാതെയുണ്ണി
വീട്ടിലേയ്ക്കെത്തുവാൻ അമ്മ
തിറയാടുന്ന പരദേവതയ്ക്ക്
ഉള്ളുരുകി നേർച്ച നേർന്ന കാലം

ഓർമ്മയുടെ
പൊടി തട്ടിയെടുത്താൽ
നിശ്ചയമായും കാണാം
വിശപ്പിന്റെ വിളിയുള്ള കാലം


Wednesday, June 12, 2019

മഴ


             കവിത


ദീപ്തി ഭരതൻ




മഴനൂലുകൾ ആവേശത്തോടെ മണ്ണിനെ പുണരുമ്പോൾ
മഴയാ സ്വദിക്കാനിഷ്ടമാണ്....
കമ്പിളി പുതപ്പിനുള്ളിലൂടെ ഇഴഞ്ഞെെത്തുന്ന മഴയുടെ സംഗീതം കേട്ടുറങ്ങാൻ അതിലേറെയിഷ്ടം
മഴ തിമിർക്കുമ്പോൾ മധുരസ്വപ്നങ്ങളിലേക്ക് ആഴ്ന്നിറങ്ങണം.
എന്നാൽ ', ....
ഓടിൻ വിടവിലൂടെ നൂണിറങ്ങുന്ന മഴത്തുള്ളികൾ കൊണ്ട്, തറയിലൂടെ
ഒരു പുതിയ പുഴ ഒഴുകുന്നത് കാണുമ്പോൾ നോവുന്ന മനസുണ്ട്
ചൂടുള്ള വിശപ്പു കൊണ്ട്
തണുത്ത വയറിനെ ആശ്വസിപ്പിക്കുമ്പോൾ
നിറയുന്നത് ആരുടെയോ മിഴികളാണ്..
പഴന്തുണികൊണ്ട് പൊതിഞ്ഞ്, മഴച്ചാറലുകളേൽക്കാതെ ,ഇരുട്ടിലേക്ക്
മിഴിച്ചു നോക്കുമ്പോൾ
ഭയപ്പെടുത്തുന്നത് വിടരാൻ ബാക്കി നിൽക്കുന്ന പകലുകളാണ്...
മഴ ചിരിച്ചും, കരഞ്ഞും പെയ്തു തീർക്കുകയാണ്...
ആരോടും പറയാതെ ,ആരെയും ഭയക്കാതെ....
പെയ്തു തിമർക്കുകയാണ്.

പാവം മഴത്തുള്ളികൾ


                 കവിത


ഡോ. പത്മിനി ഗോപിനാഥ്




ജലകണികകൾ
നടുമുറ്റത്തിററിറ്റു
വീണപ്പോൾ
അമ്പരന്നു ഞാൻ
 ഒരു നിമിഷം
ദൈവമേ
മറഞ്ഞു പോയോയെൻ
ഗ്രീഷ്മകാലം
മധുരം
നിറഞ്ഞൊരു മാമ്പഴക്കാലം
മുറ്റമാകെ കടലായി മാറിയ നേരം
ഒരു തുള്ളി ദാഹജലത്തിനായ്
കാതോർത്തു കേണ
വേഴാമ്പലിൻ്റ
ദുഃഖമൊന്നോർത്തു
പോയി വെറുതെ
ഞാൻ
 തുള്ളിക്കൊരു
കടമായ്
പേമാരി
ചൊരിഞ്ഞപ്പോൾ
ഉള്ളൂ നിറഞ്ഞ് കുളിർന്നു
വൃക്ഷലതാദികളെല്ലാം
ഒരു നിമിഷം
ഓലക്കുടയും
ചൂടി
വിദ്യാലയത്തിലേക്കോടിയോടിപ്പോയിരുന്ന
എൻ്റെ
ബാല്യത്തിലേക്ക്
തിരിഞ്ഞൊന്നു
നോക്കി ഞാൻ
കാൽത്തളകൾ പോലെ
കിലുങ്ങിയൊഴുകുന്ന
മഴവെള്ളമെൻ്റെ
കൂട്ടായിരുന്ന

കുട്ടിക്കാലം
മേഘമാലകളിൽ
നിന്നു
പൊട്ടിച്ചിതറി
നിളയിൽ
തുളി ക്കു ന്ന
തീർത്ഥത്തുള്ളി പോലെ സ്ഫടിക മണികൾ
പോലെ
മഴത്തുള്ളികൾ
കുളിർ വാരി
ച്ചൊരിയുന്ന
പാവം
മഴത്തുള്ളികൾ.

മഴ, ജനാലയ്ക്കപ്പുറവും ഇപ്പുറവും..

........................................

കവിത


     P N രാജേഷ് കുമാർ



മഴ, ജനാലയ്ക്കപ്പുറത്ത്
വന്മരത്തിന്റെ
പൊടിപുരണ്ടയിലകളെ കഴുകി
തായ്ത്തടിയുടെ
 ചുക്കിച്ചുളിഞ്ഞ
തണ്ടിലൂടൂർന്ന്
വറ്റിവരണ്ടയതിന്റെ
 വേരുനാവിലൂടെ
തൊണ്ടക്കുഴിയിലേക്ക്
തന്നുപ്പായ് പടർന്നിറങ്ങി...

മഴ, ജനാലയ്ക്കപ്പുറത്ത്
ചുട്ടുപൊള്ളിക്കുന്ന
നഗരകാമനകളെ
തഴുകിയൊഴുകി
ആതുരാലയത്തിലെയും ആരാധനാലയത്തിലെയും
കോടതി പരിസരത്തെയും
മാലിന്യങ്ങളെയൊന്നാക്കി
മദിച്ച് രസിച്ച് ഒഴുകിയകന്നു....

മഴ, ജനാലയ്ക്കപ്പുറത്ത്
പറന്നു തളർന്ന
ചിറകുകളിലെ
വിയർപ്പുകണങ്ങളെയും
പുഴയുടെ ഇരുകരകളി -
ലുമൊളിപ്പിച്ചിരുന്ന
കനവുകളെയുമൊന്നാക്കി
കടലാഴങ്ങളിൽ
പ്രണയത്തിന്റെ
ഉപ്പു രുചിച്ചുറങ്ങി....

എന്നാൽ,

മഴ, ജനാലയ്ക്കിപ്പുറത്ത്
വേദനയുടെ
ഒറ്റമുറിമൂലയിലെ
കാലിളകിയ കസേരയിൽ
ജനൽതിരശ്ശീല
മാറ്റിനോക്കുന്ന
അതിജീവനത്തിന്റെ
വറ്റിവരണ്ട മിഴികളിൽ
കണ്ണീർനനവായ്
പെയ്തിറങ്ങി.....

കേവലം നീരല്ല നീ..


                           കവിത

അജിത രാജൻ



തനുവിലൂറുന്ന സ്വേദം
ഊറ്റി കുടിക്കുന്ന താപം
അരമണി
കുലുക്കിയെത്തി
വാളുമായുച്ചിയിൽ നിൽക്കേ,
തപസ്സിലാണിന്നു
ജീവന്റെ വേരുകൾ...
കുളിരുതേടുന്നു
ഹരിതാഭമാകുവാൻ;
തിരയുന്നുണ്ടാകാശസീമയിൽ
ജീവാമൃതമാം വ്യോമതീർത്ഥം!!

മണ്ണിന്നടിയിൽ മയങ്ങും വിത്തിനെ
തുരുതുരെയിക്കിളിയിട്ടുണർത്താൻ,
കവിതയിൽ മുത്തുകൾകോർക്കാൻ
താഴെ കൊമ്പിലെ കൊച്ചു കിളിക്കു, കല്യാണസൗഗന്ധികത്തിൻ
സ്നിഗ്ധമാം ശയ്യയിൽ
തൂവൽ പുതച്ചിരിക്കാൻ...
താളത്തിലാടും മാരി തൻ നാദംകേൾക്കെ,
നിന്നധരങ്ങളാലൊരുമ്മയേൽക്കെ
അറിയുന്നു, കേവലം നീരല്ല നീയെന്ന്..!!

വികാരങ്ങളെ മെല്ലെയുണർത്തി
ധരണി, ഭാവങ്ങൾ നെയ്യും നേരം,
വെയിൽ നനയുമ്പോൾ
എരിയുന്ന മഴയെ കൊതിക്കും...
മോഹചക്രവാളങ്ങളിൽ
ജലച്ചാമരം വീശും...
വിണ്ടലം മെല്ലെയിടിച്ചിറക്കി നീ
മൺമണ്ഡലെ ചിറകൾ തകർത്തെറിഞ്ഞു
ഭ്രാന്തു പെയ്തു ചോര തുപ്പിടല്ലേ
യെങ്കിലേ വ്യോമതീർത്ഥം 
ജീവ തീർത്ഥമാകൂ...!!

Tuesday, June 11, 2019

വ്യോമതീർത്ഥം  

-----------------                കവിത

ശ്രീദേവി



ആകാശസീമകൾക്കപ്പുറം നിന്നിതാ,
ഒരുതുളളി മഴയായി മണ്ണിലൂർന്നു...
ആർദ്രമാം സ്നേഹമായ് നനവാർന്നൊരോർമ്മയായ് മാനസ്സത്തീരത്തു വീണലിഞ്ഞു..

മഴപെയ്തുനിറയുന്ന തൊടിയുടെ കോണിലെ,
ഒരുമുറിഇന്നെന്നിൽ ബാല്യമായീ..
അവിടെയാമുറിയിലായ് എന്നെ തളച്ചമ്മ
റാങ്കെന്ന സ്വപ്നത്തിൻ  വിത്തുനട്ടൂ..

മേഘമായ്മാറിയാ പുല്ക്കൊടിതുമ്പിനെ, കെട്ടിപ്പിടിക്കാൻ കൊതിക്കുമെന്റെ-
മഴവില്ലിൻ നിറമുളള സ്വപ്നങ്ങളൊക്കെയും
മാമരപെയ്ത്തിൽ വിതുമ്പലായീ.

അഴികൾ നിറഞ്ഞൊരാ കാഞ്ചന കൂട്ടിൽ ഞാൻ
ചിറകറ്റ രാക്കിളി മാത്രമായീ...

വീണ്ടും വരുന്നിതാ ഇടിയായി മിന്നലായ്,
എന്നിൽ നിറയുവാൻ വ്യോമതീർത്ഥം..

പേരക്കിടാങ്ങളുമായമ്മ മുററത്തു,
മഴയേററു നനയുന്ന കാഴ്ച്ചനോക്കീ-
ഡോക്ടറായ്യീവിധം
വീട്ടിലിരിക്കുന്ന ഇത്തിരിനേരമെൻ ഓർമ്മയെല്ലാം.
തുളളിത്തുളുമ്പി മഴയായൊഴുകിയെൻ കൗമാരനാളിലേക്കെത്തി നോക്കേ.

ഒരു കുഞ്ഞു നൊമ്പരമന്നേരമറിയാതെ
ദാവണിസ്വപ്നമായ് നെഞ്ചിലെത്തി...

മഴയേറ്റു മൺക്കൂനക്കുളളിലുറങ്ങുമെൻ,
സ്വപ്നത്തെ നെഞ്ചിലൊതുക്കിഞാനും,
ഇന്നീ മഴയുടെ മടിയിൽകിടന്നോട്ടെ
തീർത്ഥമായെന്നിൽ പതിച്ചിടാമോ,
എന്റെ ഹൃത്തിലൊഴുകുമരുവി പോലെ...

💦 മഴ💦              - കവിത


🌧🌧🌧🌧🌧

ഡോ.വിനിത അനിൽകുമാർ



കാത്തിരുന്നു കിട്ടിയ നിധിപോലെ,
നോക്കിയിരുന്നു പെയ്തൊരു മഴ...

ചോദ്യം ചെയ്യപ്പെട്ട അപരാധിയെപ്പോലെ,
ചിണുങ്ങിക്കരഞ്ഞ്,
ഏങ്ങിയേങ്ങി ചുണ്ടുകോട്ടി,
നെഞ്ചത്തലച്ചലറിപ്പെയ്യുന്ന മഴ..

വെയിൽവെങ്ങാരം നൂണ്ടു കയറിയ ജനൽപ്പാളികളിൽ
മുഷ്ഠി കൊണ്ടിടിച്ചൊച്ചവച്ച്,
എത്തിനോക്കവേ പെട്ടെന്നു മാറിനിന്ന്
നിക്കറിട്ടയഞ്ചുവയസ്സുകാരന്റെ
കുസൃതിത്തരങ്ങളുമായി പെയ്തിറങ്ങിയ മഴ...

മുറ്റത്ത് ഓളം വെട്ടുന്ന വെള്ളത്തിലെ കടലാസു വള്ളങ്ങളായി
 ബാല്യമൊഴുകി നടക്കവേ,
പൊടിമീശക്കാരന്റെ കുറുമ്പുകാട്ടിയാഞ്ഞു പെയ്ത്
മനസ്സിൽ സുഖമുള്ള നൊമ്പരത്തുള്ളികൾ
 വാരി നിറച്ചൊരു മഴ...

കടന്നു വരാനാരുമില്ലാതെയടഞ്ഞ പടിപ്പുരയ്ക്കകത്തേക്ക്
 നിഷേധിയുടെ കാല്പ്പ്പെരുമാറ്റത്തോടെയോടിക്കയറിയ മഴ..

മാമ്പൂക്കളിലും നെൽക്കതിർക്കുലകളിലും
റിബലിസം പെയ്ത്
 അശാന്തിയുടെ മേളപ്പെരുക്കങ്ങളോടെയൊരു മഴ...

ചീവിടുപാട്ടിന് താളംകൊട്ടി,
പോക്കാച്ചിത്തവളകളുടെ വായ്ത്താരിക്ക് മൃദംഗവാദനവുമായി
പാതിരാക്കാറ്റിന്റെ കൈയും പിടിച്ചൊരു മഴ...

മഴയുടെ സംഗീതം പതിഞ്ഞ മന്ത്രസ്ഥായിയിലെ സരളവരിശ പോലെയാണ്..

മഴയുടെ സൗന്ദര്യം,
നിലാവുനനഞ്ഞ ഭൂമിയുടെ
വശ്യമാദകാകർഷണം പോലെയാണ്..

മഴയുടെ സൗഭഗം
മാമ്പൂവാസനയിലുറഞ്ഞ
മണ്ണിന്റെ
പുതിയ ഗന്ധമുയരും പോലെയാണ്...

മഴ എന്നും
സ്മൃതിപഥങ്ങളിലെ
ചില്ലുചിത്രങ്ങളെ
തുടച്ചുമിനുക്കുന്നൊരു
പട്ടുപാവാടക്കാരിയാണ്...

ഒരുപാടു കിനാക്കളിൽ
ഒളിച്ചും പാത്തും നിന്ന്,
മനോരഥങ്ങളുടെ ഏകാന്ത താഴ്വരകളിൽ
ചാഞ്ഞും ചരിഞ്ഞും കള്ളനോട്ടങ്ങളെറിഞ്ഞ
സ്വപ്നസുന്ദരിയാണ്...

അതെ, മഴ എന്നും ഒരു കുളിർ സ്പർശവും
തണുവാർന്നൊരനുഭൂതിയുമാണ്...

മണ്ണിനും ❣
മനസ്സിനും❣