Saturday, October 31, 2020

ഹരിദാസ് കൊടകര

 

ചിലന്തി


സൃഷ്ടിയിൽ ഭൂമിയോടൊപ്പം

സമഷ്ടിയാണ് ചിലന്തികൾ

എട്ടുകാലുള്ള ചിലന്തിക്ക് നട്ടെല്ലില്ല

ശിരോവക്ഷം ഉദരം കാലുകൾ

തീർന്നു

ഇതിലും ഭാരമേറ്റാൻ

നാലുജോടിക്കൾക്കാവില്ല

ചവയ്ക്കില്ല പറക്കില്ല

സ്രവനൂൽ ചിലന്തികൾ


അച്ഛന്റെ ചൂണ്ടുവിരൽ അടച്ച്

കുട്ടി ചോദിച്ചു

ചിലന്തിയുടെ നട്ടെല്ലെവിടെ

അച്ഛൻ പറഞ്ഞു

നട്ടെല്ലുകൾ രൂപാന്തരേ സ്വാശ്രയം

നൂലും സ്രവവും ഉള്ളിലൊതുക്കാൻ

ഉദരസഞ്ചി


അകന്നിരിക്കുന്ന അഗ്രങ്ങളിൽ

വലയുടെ ആണികൾ

അന്യാദൃശം പൂക്കളം പോല

ചിലന്തിവലകൾ

സർപ്പാളം വിരിപ്പ്

കടുക്ക് കുഴൽ വലകൾ


ഉദരസ്രവത്തിൽ വലനെയ്യുന്നു

കൂടെക്കൂട്ടാൻ ആരുമില്ല

നട്ടെല്ല്സ്വാശ്രയം വലനെയ്യുന്നു

ധ്യാനതംഗങ്ങളിൽ കാറ്റൊഴുക്കുപോലെ

ആയുസ്സ് തീർന്നവ വലയിലെത്തുന്നു

വലവിരിച്ച് ഇരകാത്തിരിക്കുന്നിടം

ചിലന്തിധ്യാനം


അപ്പോൾ കടുവച്ചിലന്തികൾ ?

കുട്ടി ചോദിച്ചു

കടുവച്ചിലന്തികൾ ജനിതകഭ്രംശം

ഇരുന്നിടം മുടിക്കും

പുരോഹിതരുടെ കലം തല്ലിയുടക്കും

സന്യാസത്തിന് തീയിടും

ചരിത്രനേരുകൾ കടഞ്ഞ്മാറ്റും

അച്ഛൻ മുഴുവൻ പറഞ്ഞില്ല

കുട്ടി ഉറങ്ങിയിരുന്നു


മനുഷ്യനുള്ളിടത്തേ ചിലന്തിയുള്ളു

ഇനി ചിലന്തികൾക്കായി

ഒരു മനുഷ്യയുഗം കാത്തിരിക്കണം

                                  - ഹരിദാസ് കൊടകര


ശുഭ- കൊടക്കാട്

 എന്റെ ഭാഷ - മലയാളം


മലയാളമാണെന്റെ മാതൃ ഭാഷ 

മധുരം തുളുമ്പുന്ന ശ്രേഷ്ഠ ഭാഷ

മലരുകൾ വിരിയുന്ന പുണ്യ ഭാഷ

ഭാവന തളിരിടും നന്മ ഭാഷ

മാധുര്യമേറി മനം കവരും

മലയാളമാണെന്റെ മാനകഭാഷ

ഹൃദയം കൊണ്ടറിയുന്ന ജീവൽ ഭാഷ

സന്തോഷം പങ്കിടും, നന്മ പകർന്നിടും

മലരണിക്കാടുകൾ പൂത്തിടുമ്പോൾ 

മലയും പുഴയും നിറയും ഭാഷ...

കാടുകൾ മേടുകൾ കാനനങ്ങൾ

കാട്ടാറിൻ കളനിസ്വനങ്ങൾ

കുഞ്ചനും തുഞ്ചനും പാടിപ്പതിഞ്ഞൊരാ

കാൽചിലമ്പിട്ട് നീ നൃത്തമാടും...

അമ്മിഞ്ഞപ്പാലിന്റെ മാധുര്യമേകി

അമ്മ പകർന്നിട്ടും നല്ല ഭാഷ

തൂമണിമുത്തുകൾ മാണിക്യമായി

മാസ്മരഭംഗി നീ തൂകിടുന്നു...

പുസ്തകത്താളിലൊളിക്കും മയിൽപ്പീലി

കാട്ടിക്കൊതിപ്പിക്കും കാതരഭാഷ...

പരിപാവന കർമ്മങ്ങൾ, കർമ്മകുശലരും

നെഞ്ചോടു ചേർക്കും മനുഷ്യ ഭാഷ ...

പച്ചപ്പു നിറയുന്ന പാടങ്ങളിൽ

വേർപ്പിൻ കതിരുകൾ കമാർന്ന് കുമ്പിട്ട്

നൽതൂമൊഴിമുത്തായി തിളങ്ങിടുമ്പോൾ

കല്പവൃക്ഷങ്ങൾ നിറഞ്ഞ പ്രകൃതിയാൽ

തലയാട്ടി മാടിവിളിക്കുമീ ഭാഷ...

നന്മ നിറഞ്ഞൊരു ചങ്ങാതിയും,

നാടറിയുന്ന സൽഗുരുനാഥനും

പുഞ്ചിരിത്തൂമൊഴിയാലെന്നും 

മനം നിറഞ്ഞൊഴുകുന്ന

മലയാളമാണെന്റെ മാതൃഭാഷ...!!

മലയാളമാണെന്റെ ഹൃദയഭാഷ...!!! 

                                - ശുഭ കൊടക്കാട് ( സുഭദ്ര)

                                  CNNBHS, ചേർപ്പ്, തൃശൂർ.

                                  Mob. 9400843971

ചന്ദ്രമോഹൻ കുമ്പളങ്ങാട്


അമ്മഭാഷയെ അറിയുന്നതും മാതൃഭാഷയിൽ മൊഴിയുന്നതുമൊക്കെ അപമാനവും പരിഷ്കാരമില്ലായ്മയുമൊക്കെയായി കണ്ടും കൊണ്ടും നടന്നിരുന്ന മലയാളികൾക്കിടയിലേക്ക് വീണ്ടുമൊരു ഭാഷാദിനം കടന്നുവരികയാണ്  "കേരളപ്പിറവി " എന്ന ഓമനപ്പേരിൽ. ഈ സുവർണ്ണ ,സുന്ദര ശുഭദിനത്തിൽ വലിയഭാഷാ സ്നേഹവും എളിയ ഭാഷാജ്ഞാനവുമുള്ള ഞാൻ  (തുഞ്ചത്താചാര്യന്റെ കവി വാക്യം കടമെടുത്തു പറഞ്ഞാൽ, 

"അജ്ഞാനിനാം ആദ്യ നായുള്ളോരു ഞാൻ") എഴുതിയ ഒരു ചെറിയ കവിത ലോകത്തെമ്പാടുമുള്ള എല്ലാ മലയാളികൾക്കും മാതൃഭാഷാ സ്നേഹികൾക്കും വേണ്ടി സമർപ്പിക്കുന്നു 

മലയാളം


പാരാകെ വളരുന്നു മലയാളം

വാനോളമുയരുന്നൊരഭിമാനം

ആഴിത്തിരകളിൽ ആനന്ദ നർത്തനം 

ആടിത്തിമർക്കുന്നു മലയാളം


പശ്ചിമഗിരികളിൽ പച്ചത്തഴപ്പുകൾ

പട്ടുടയാട ഞൊറിഞ്ഞുടുത്ത്

ഹരിതാഭചൂടി നിന്നാടിടുന്നു

ഹൃദയാഭിരാമിയായ് മേവിടുന്നു


പുണ്യപ്രവാഹമാം നിളയിൽ നീരാടിയും 

പുളിനങ്ങളിൽ ഹരിശ്രീ കുറിച്ചും

അറിവിന്റെ അക്ഷരത്തിരി തെളിച്ചും

വിജ്ഞാനദീപ്തി ചൊരിഞ്ഞിടുന്നു


തുഞ്ചന്റെ നാരായത്തുമ്പിൽ നിന്നും

കുഞ്ചന്റെനൽക്കാൽ ചിലമ്പിൽനിന്നും

ചിന്തുന്നു ചന്തം തികഞ്ഞുള്ളൊരീ

മലയാള നാടിന്റെ മൊഴി മാധുരി.....


ഏവർക്കും എന്റേയും ഞാൻ പ്രതിനിധീകരിക്കുന്ന കുമ്പളങ്ങാട് ഗ്രാമത്തിന്റേയും മധുരം നിറഞ്ഞ മലയാള മംഗളാശംസകൾ നേർന്നുകൊണ്ട്

                                             സ്നേഹപൂർവ്വം

                                    ചന്ദ്രമോഹൻ കുമ്പളങ്ങാട്

                  (കൗൺസിലർ, വടക്കാഞ്ചേരി നഗരസഭ)

സന്ധ്യ - അറയ്ക്കൽ

ഇന്ന് കേരളപ്പിറവി ദിനം - പക്ഷേ തുഞ്ചന്റെ കിളിമകൾ ഇന്നു പാടുമ്പോൾ തൊണ്ടയിടറുന്നതെന്തേ .....????

ഒരു കവിതയിലൂടെ ഞാൻ ചോദിക്കുകയാണ്..             

പൊള്ളും കിളി മനം

        

മലയാള ഭാഷയ്ക്കു ശ്വാസ കനിവേകി

പുഷ്ടിപ്പെടുത്തിയ കിളിമകളേ.....

തുഞ്ചന്റെ മാനസ തത്തേ... നീയിന്നു -

പാടുമ്പോൾ കണ്ഠമിടറുന്നതെന്തേ..?

മലയാളത്തെ "മലയാല"മാക്കിയതു -

കണ്ടിട്ടോ നിൻ മനമിടറുന്നൂ, അതോ -

മലയാള ഭാഷയോടു ള്ളൊരാ ,പുതു

തലമുറയുടെ മുഖം തിരിക്കൽ കണ്ടിട്ടോ?

മലയാള ഭാഷ തൻ ശോചനീയം, നിൻ

മാനം" കപ്പലു കേറ്റുന്നു "വെന്നോ..?

മലയാളത്തിനിനി മാർക്കറ്റില്ലെന്നു ചൊല്ലി

മലയാള ഭാഷ തൻവേരറുക്കുന്നൂ ചിലർ

ഭാഷ പരന്ത്രീസായാൽ ബഹുകേമമെന്നും

പുത്തനൂറ്റുകാർ ഭോഷത്തം ചൊല്ലുന്നു.!

ഭാഷയിന്മേലുള്ള പുതു നിയമങ്ങൾ

കോലം കെടുത്തുന്നൂ അക്ഷരങ്ങളെ ..

അക്ഷരസ്ഫുടതയെന്തെന്നറിയാത്ത

അക്ഷരവൈരികൾ നയിക്കുന്ന ഭാഷയെ 

വികൃതസ്വരങ്ങളാൽ കൊല്ലുന്നതു കണ്ടു

കിളിമകളേ നിൻ മനം പൊള്ളിപ്പോയോ ....?


ഏവർക്കും കേരളപ്പിറവി ദിനാശംസകൾ - കണ്o മിടറിയാണെങ്കിലും ഞാൻ നേരുന്നു.

                               - സന്ധ്യ - അറയ്ക്കൽ.

ശ്രീദേവി

 കടലെടുത്ത കിനാവുകൾ


കടലിലേക്കു നോക്കി ആ കാറ്റേറ്റുനില്ക്കെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. ഒരു നഷ്ടമല്ല, ഒരായിരം നഷ്ടമായിട്ടാണ് ആ വേർപ്പാട് തന്നെ തളർത്തുന്നത്...

ദേവൂ... എന്നെങ്കിലുമൊരിക്കൽ, ഒരിക്കലും കാണാത്ത നിന്നെക്കാണാൻ കടലിന്റെ നീലിമയിലൂടെ ഒരുതോണി തുഴഞ്ഞ് ഞാൻ വരും. അന്ന്, നിനക്കു നല്കാൻ ഞാനൊരു സമ്മാനം വാങ്ങി വച്ചിട്ടുണ്ട്...വായനയെ ഏറെ സ്നേഹിക്കുന്ന നിനക്കായ് നീയേറെ ഇഷ്ടപ്പെടുന്ന കുറെ പുസ്തകങ്ങൾ... അതായിരിക്കും എഴുതാനുള്ള കഴിവിന് നിനക്കാദ്യമായി ഞാൻ നല്കുന്ന സമ്മാനം..

സ്നേഹം തുളുമ്പുന്ന ആ ശബ്ദം ഇപ്പോഴുമുണ്ട് കാതിൽ..

ആരായിരുന്നു തനിക്കദ്ദേഹം.

ഒരിക്കലും ഒരുസുഹൃത്ത് മാത്രമായിരുന്നില്ല. അതിനുമെല്ലാമപ്പുറം മറ്റെന്തൊക്കെയോ...തകർന്നുപോകുമ്പോഴെല്ലാംതനിക്ക് താങ്ങാകുന്ന, വിഷമിക്കുമ്പോഴെല്ലാം ''കുഞ്ഞേ നിനക്ക് ഞാനുണ്ട്  സങ്കടപ്പെടരുത്'' എന്നു പറയാറുളള, ''അടുത്ത ജന്മത്തിൽ നീയെനിക്കു മകളാകണം. ഈ ജന്മത്തിൽ നീയ്യെന്റെ പിറക്കാതെ പോയ മകളാണ്'' എന്ന് എപ്പോഴും മെസ്സേജ് ഇടാറുണ്ടായിരുന്ന അച്ഛനെപ്പോലെ താൻ സ്നേഹിച്ചിരുന്ന ഒരാൾ...

ദേവൂ എന്നുവിളിച്ച് അക്ഷരങ്ങളിലൂടെ അദ്ദേഹം സംസാരിക്കുമ്പോൾ വല്ലാത്തൊരു ആരാധനയായിരുന്നു ആ അക്ഷരങ്ങളോടും ലാളിത്യത്തോടും.....

കുട്ടികളെപ്പോലെ അക്ഷരങ്ങളിലൂടെ അടിച്ചും പിച്ചിയും പിണങ്ങിയും വളർന്ന ഞങ്ങളുടെ സൗഹൃദം.. അല്ല അതൊരു ആത്മബന്ധം തന്നെയായിരുന്നല്ലോ തനിക്ക്..

''നീയെന്നെ എന്നെങ്കിലും മറക്കുമോ കുട്ടീ?'' എന്ന ചോദ്യത്തിന്  ''മിക്കവാറും'' എന്ന് കുസൃതി പറഞ്ഞ് ''എന്നെ മാഷ് മറക്കുമോ?'' എന്ന മറുമൊഴിയാണ്  ഞാൻ ചോദിക്കാറുള്ളത്. ''നിന്നെ മറക്കുകയോ! ഞാനോ...!! അതിനെനിക്ക് ചിന്നന്റെ അസുഖം വരണല്ലോ കുട്ടീ? ഈ ഓർമ്മ ഇങ്ങനെ എന്നിൽ നിലനില്ക്കുന്ന കാലം വരെ ഞാൻ നിന്നെ മറക്കില്ല.'' എന്നു പറഞ്ഞ ആൾ...

കടലിനെ തൊട്ടുരുമ്മി ഒരു സങ്കടത്തിര മനസ്സിലൂടെ കടന്നുപോയി. കണ്ണുകളെ ഈറനണിയിച്ചുകൊണ്ട്... കൊടുങ്കാററായി വീശി.. വേണ്ടായിരുന്നു, ഒരിക്കലും ഈ ഫോൺ തനിക്ക് കിട്ടേണ്ടായിരുന്നു. അതുകൊണ്ടാണീ സങ്കടം അനുഭവിക്കേണ്ടി വന്നത്.  നഷ്ടസ്നേഹത്തിന്റെ നീറുന്ന വേദനയിൽ എരിയേണ്ടി വന്നത്..

ഒരു ദത്തുപുത്രിയാണ് താനെന്ന് സ്നേഹത്തോടെ അതിലേറെ വേദനയോടെ തന്നെ അടുത്തിരുത്തി അച്ഛനും അമ്മയും കണ്ണീരോടെ പറഞ്ഞനാളിലനുഭവിച്ച സങ്കടം..                

അന്നാണ് ആദ്യ കവിത പിറന്നത്...      പിന്നെപ്പിന്നെ കഥയും കവിതയുമായി എത്രയോ രചനകൾ... എല്ലാത്തിലും തന്റെ സങ്കടങ്ങളായിരുന്നു മുന്നിട്ടു നിന്നത്.

ചന്ദ്രൻ മാഷുടെ പ്രോത്സാഹനമാണ് കുറച്ചെങ്കിലും തന്നെയൊരു എഴുത്തുകാരിയാക്കിയത്. അതോടൊപ്പം മനസ്സുകൊണ്ട് താൻ സ്വയമൊരു ലോകത്തേക്ക് ചുരുങ്ങുകയായിരുന്നു...

കടപ്പുറത്തിന്റെ മീൻ മണക്കുന്ന കാറ്റിനോടുപോലും ഒരു അകല്‌ച്ച...

പഠിച്ച് ജോലിവാങ്ങി കടപ്പുറത്തുനിന്നൊരു മാറ്റം  ആഗ്രഹിച്ച നാളുകൾ..

ഓണത്തിന് അച്ഛനോടൊത്ത് ഡ്രസ്സെടുക്കാൻ പോകുമ്പോൾ ഉളളിൽ അന്യതാബോധമായിരുന്നു..തനിക്ക് ആരുമല്ലാത്ത ഒരാൾ എന്നതോന്നൽ. ആ സ്നേഹം ഇപ്പോഴും മുറിപ്പെടുത്തുന്നൊരു വേദനയാണ്... അന്നു ഡ്രസ്സെടുത്തപ്പോൾ കിട്ടിയ സമ്മാനക്കൂപ്പണിൽ നിന്ന് ലഭിച്ച സ്മാർട്ട് ഫോൺ.. എത്രസന്തോഷത്തോടെയാണ് അച്ഛനത് തനിക്ക് നല്കിയത്... ഒരു മകൾക്കുളള അച്ഛന്റെ ഹൃദയം നിറഞ്ഞ സ്നേഹസമ്മാനമായിരുന്നല്ലോ അത്.

അതിലൂടെ വളർന്ന സൗഹൃദങ്ങൾ.. ഗ്രൂപ്പുകൾ...എഴുത്തുസൗഹൃദക്കൂട്ടായ്മകൾ... എവിടേയും കാലിടറിയില്ല.. ഉളളിലെ ലക്ഷ്യബോധം അത്രവലുതായിരുന്നു..  

നേഴ്സിങ്ങ് അവസാന വർഷത്തിലാണ് കടൽ ഒരു സുനാമിയായി  തങ്ങളുടെ മോഹങ്ങൾക്കുമേൽ താണ്ഡവമാടിയത്.. അതിനൊടുവിൽ  അച്ഛനേയും കവർന്നെടുത്ത് കടൽ പിൻവാങ്ങി..

അതിനു ശേഷമായിരുന്നു ആ സൗഹൃദം അത്രമേൽ ദൃഢമായത്.... താനെഴുതിയ കഥയുടെ തെറ്റ് ചൂണ്ടിക്കാണിച്ച് കടന്നു വന്ന സൗഹൃദം.

''ദേവൂ'' എന്ന ആ വിളിയിൽ  പലപ്പോഴും മറന്നത് അച്ഛന്റെ നഷ്ടമായിരുന്നു. മോഹിച്ചത് ഒരു കടലോളം സ്നേഹമായിരുന്നു. അച്ഛനോളം പ്രായമുളള ഒരാൾ... സ്നേഹത്തോടെ പലപ്പോഴും മാഷേയെന്ന് വിളിക്കുമ്പോൾ ഒരിക്കലും കാണാത്ത അച്ഛന്റെ മുഖമായിരുന്നു മനസ്സിൽ...

ഓൺലൈനിൽ വന്നാൽ ദേവൂ എന്ന വിളി ഇല്ലാത്ത ദിവസങ്ങൾ കുറവായിരുന്നു.  താനൊന്നു മിണ്ടാതിരുന്നാൽ ഇന്നെന്താ ഒരു പരിഭവം എന്ന ചോദ്യത്തോടെ എന്റെ സങ്കടക്കടലിലേക്ക് തോണിയിറക്കിയിരുന്ന ആൾ..

പാട്ടെഴുതിയാൽ

''ഇതൊരു ആൽബം സോങ്ങിനു പറ്റുമല്ലോ കുട്ടീ! നമുക്കു നോക്കാം.'' എന്നു പറഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്ന ആൾ..

തന്റെ കവിതകളെ ആലാപനത്താൽ മനോഹരമാക്കിയ ആ സ്വരം.

അദ്ദേഹത്തിന്റെ വീട്ടിലെ പല പ്രശ്നങ്ങളും  ചോദിക്കാതിരുന്നിട്ടു കൂടി തന്നോട് പങ്കുവച്ച ആളായിരുന്നു. ഒരു  രചന എഴുതിയാൽ ''ഇതൊന്ന് വായിച്ച് അഭിപ്രായം പറയണേ ദേവൂ..നീ പറഞ്ഞാൽ എനിക്കത് വിശ്വാസമാണ് " എന്ന് പറയാറുളള ബന്ധം.. അതൊരു സ്വകാര്യ അഹങ്കാരം തന്നെയായിരുന്നു എന്നും  തനിയ്ക്ക്.. അതാണ് യാതൊരു ഉടമ്പടികളുമില്ലാതെ തനിക്ക്  നഷ്ടമായത്.

പെട്ടെന്നൊരു നാൾ തീരെ പ്രതീക്ഷിക്കാത്ത ഒരു സമയത്ത് വിളിച്ച് ''ഇനി എന്നെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യരുത്. കുറെ പ്രശ്നങ്ങളുണ്ട്. ഞാൻ നാളെ വിളിച്ച് വിശദമായി പറയാം മോളേ...'' എന്നു പറഞ്ഞപ്പോൾ ഞെട്ടിപ്പോയി താൻ. 

''എന്തേ മാഷേ എന്തുപറ്റി?'' എന്ന തന്റെ ചോദ്യത്തിന് ''കാരണങ്ങൾ പലതാണ് കുട്ടീ ക്ഷമിക്കണം നീയെന്നോട്.'' എന്ന വാക്കുകളോടെ എന്നിൽ നിന്നും അകന്നുപോയ ശബ്ദം. അന്നു ഞാനനുഭവിച്ച വേദന!!! ഉറങ്ങാതെ നേരം വെളുപ്പിച്ച കണ്ണീർ നനവുള്ള രാവ്. പിന്നെ ആ സ്വരം എന്നെത്തേടി വന്നില്ല..                    സങ്കടങ്ങൾ പറയാൻ ആരുമില്ലാതെ കടലിലകപ്പെട്ട  നൗക പോലെ ഞാനാകെ ഒറ്റപ്പെട്ടു..

എന്നിട്ടും ഒരിക്കൽ ഞാനദ്ദേഹത്തെ വിളിച്ചു. ഒരുപാടാഗ്രഹത്തോടെ...ആ ശബ്ദമൊന്നു കേൾക്കാൻ.. ബെല്ലടിച്ച് നിന്നതല്ലാതെ ആ സ്വരം എന്നെത്തേടി വന്നില്ല, പിന്നീടൊരിക്കലും.

എന്തിനായിരുന്നു ഒരു വർഷം എന്നെ അദ്ദേഹം സൗഹൃദത്തിൽ തളച്ചിട്ടത് എന്നോർക്കുമ്പോൾ ഒരു വല്ലാത്ത വേദന ഉടലെടുക്കും. ഇത്രനാളായിട്ടും എനിക്ക് മറക്കാനാവുന്നില്ല ഒന്നും... ഇടയ്ക്ക് ഞാനെഴുതിയ വരികൾ  മനോഹരമെന്ന് പറഞ്ഞ് അദ്ദേഹം പാടിയത് ഞാൻ കേട്ടിരിക്കും..

"ഒരു രാവിൽ ഞെട്ടറ്റു വീണ കിനാവിന്റെ തേങ്ങലാണോമനേ നീയെനിക്ക്" എന്നവരികളിലെത്തുമ്പോൾ കണ്ണ് താനെ നിറയും മറക്കാനാവുന്നില്ല ആ ആലാപനം.അപ്പോഴും ഞാനോർക്കുക എന്റെ സങ്കടം ഒന്നദ്ദേഹം മനസ്സിലാക്കിയെങ്കിൽ എന്നാണ്. എന്നിട്ട് ഒന്നെന്നെ വിളിച്ചെങ്കിലെന്ന്..

എന്തിനാണ് സ്വയം മറന്ന് ഈ നോവെന്നു ചിന്തിക്കുമ്പോഴും എനിക്കൊരുത്തരം കിട്ടുന്നില്ല. ഹൃദയം നുറുങ്ങുന്ന ഈ നൊമ്പരം എന്നാണെന്നെ വിട്ടുപിരിയുക..

ഇല്ല എഴുത്തുവഴികൾ എനിക്കേകിയ സങ്കടമാണിത്. ഇതിൽനിന്നൊരു മോചനമില്ല..വിഷാദസ്മൃതികളോടെ അലയുകയാണ് മനസ്സ്..

അവസാനമായി ഞാനദ്ദേഹത്തിനയച്ച മെസ്സേജ് എന്തിനോ അപ്പോൾ എന്റെ ഓർമ്മയിലെത്തി. ഓൺ ലൈനിൽ ആ പേര് കണ്ടതും ഒരാവേശത്തോടെ ''മാഷേ ദേവു പോകുന്നു...'' എന്നതിനോടൊപ്പം രണ്ട് കണ്ണീർ മുഖവും ഞാനയച്ചു. ഉടനെ നീല ടിക്ക് വീണെങ്കിലും അഞ്ചു മിനിറ്റിന് ശേഷം ''യാത്രാമംഗളം'' എന്ന വാക്കു മാത്രമാണ്  എന്നെ തേടിയെത്തിയത്.

എത്ര നിയന്ത്രിച്ചിട്ടും കരഞ്ഞു പോയീ ഞാനപ്പോൾ.                                മുമ്പായിരുന്നെങ്കിൽ

''എവിടേക്കാ ദേവൂ നീ, നിന്നെ തനിച്ച് വിടില്ലാട്ടോ.. ഞാൻ കൂടി വരും നിന്റൊപ്പം.'' എന്നൊക്കെ വാത്സല്യത്തോടെ കളി പറയാറുള്ള ആളായിരുന്നു അതെന്ന ഓർമ്മ എന്റെ നെഞ്ചിനെ വല്ലാതെ നൊമ്പരപ്പെടുത്തി.

ഇല്ല.. ഇനിയാ സൗഹൃദമില്ല.. മാഷേയെന്ന സ്നേഹപൂർണ്ണമായ വിളിയോ ദേവൂ എന്ന വാത്സല്യം നിറഞ്ഞ മറുമൊഴികളോ ഇല്ല.

ആ ഓർമ്മയിൽ വല്ലാതെ തളരവേ ഞാനാ അലറുന്ന കടലിനു നേർക്കു നടന്നു.

വല്ലാത്തൊരു ശൂന്യതയാണ് മനസ്സിലപ്പോൾ തോന്നിയത്.. അടക്കാനാവാത്ത ഹൃദയവേദന.

ഇനിയീ ഫോണെന്തിന് തനിക്ക്? തനിക്കിതു വേണ്ട. അതിൽ നിറയെ അക്ഷരങ്ങളുടെ നോവാണ്.. ആ ഓർമ്മകളും പാട്ടുകളും. എല്ലാ ഓർമ്മകളിൽനിന്നും ഒരു മോചനമാണ് വേണ്ടത് മനസ്സിലതായിരുന്നു ആ നിമിഷത്തെ ചിന്ത.

കടൽ ഒരിരമ്പമായ് കാലിൽ തൊട്ട നിമിഷമാണ് മോളേയെന്ന വിളി പിന്നിൽ നിന്നുയർന്നത്.  തിരിഞ്ഞു നോക്കാതെ ആ വിളിയുടെ ഉറവിടം മനസ്സറിഞ്ഞു.

അമ്മ. തന്നെ സനാഥയാക്കിയ തന്റെ അമ്മ. താനില്ലാതായാൽ അനാഥയാകുന്ന തന്റെ പാവം അമ്മ...അടുത്ത കാലടി മുന്നോട്ട് വയ്ക്കാനായില്ല..

അമ്മയുടെ സ്വരത്തിലെ വിങ്ങൽ മനസ്സ് തൊട്ടറിഞ്ഞു..

കുട്ടിക്കാലത്തെങ്ങോ കടൽവെള്ളത്തിൽ മുങ്ങിയപ്പോൾ പ്രാണവായുവിനായി പിടഞ്ഞ പിടച്ചിൽ.. കടലിലേക്കെടുത്തു ചാടി അമ്മ നെഞ്ചോട് ചേർക്കവേ വിമ്മിക്കരഞ്ഞത് എല്ലാം പൊടുന്നനെ ഒരു തിരത്തള്ളലായി ഹൃദയത്തിലേക്കോടിയെത്തി.

പൊടുന്നനെ ഒരു കരച്ചിൽ കണ്ണിനെ നനയിച്ച് തിരകളിൽ തട്ടിത്തകർന്ന് ചുണ്ടോളമെത്തി. എത്ര ശ്രമിച്ചിട്ടും അടക്കാനാകാത്ത കരച്ചിൽ...           വയ്യ ഒന്നും ഓർക്കാനും ഒന്നും മറക്കാനും.

 കടലിൽ ആടിയുലയുന്ന തോണിപോലെ ആകെ ചഞ്ചലമാണ് മനസ്സ്...എത്ര ശ്രമിച്ചിട്ടും മറക്കാനാവുന്നില്ലല്ലോ ആ ശബ്ദവും അക്ഷരങ്ങളും...നിശ്ശബ്ദവേദനയായി കീഴടക്കയാണാ വേർപ്പാട്...

കൈയ്യിലെ ഫോൺ വെള്ളത്തിൽ വീണത് ഒരു നിമിഷത്തിനു ശേഷമാണ് നടുക്കത്തോടെ അറിഞ്ഞത്. അപ്പോഴേക്കും സൗജന്യമായി കിട്ടിയ ആ ഫോൺ  ഒരു കളിപ്പാട്ടം പോലെ കടൽത്തിര കയ്യിലെടുത്തു കൊണ്ടുപോയിരുന്നു.

ഓടി വന്ന അമ്മയുടെ മാറിലേക്ക് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ വീണു പൊട്ടിക്കരഞ്ഞ് മുഖമമർത്തവേ വല്ലാത്തൊരു മോഹത്തോടെ ഒരിക്കൽക്കൂടി കടലിലേക്ക് നോക്കി. 

ദൂരെ നിന്ന് ഒരു തോണിയിൽ ''ദേവൂ...'' എന്ന വിളിയോടെ എന്നെ കാണാൻ  എനിക്കുള്ള സമ്മാനവുമായി അദ്ദേഹം വരുന്നുണ്ടോ എന്ന്.

ഇല്ല. എനിക്കറിയാം ഇനിയീ ജന്മം ഞങ്ങൾ കാണില്ലെന്ന്. സംസാരിക്കില്ലെന്ന്..  പക്ഷേ എന്തായിരുന്നു, ഞാൻചെയ്ത തെററ്. അതൊന്നറിയാനായെങ്കിൽ...വൃഥാ മോഹിച്ചു...

ഞങ്ങളെ അക്കങ്ങളാൽ പരസ്പരം ബന്ധിപ്പിച്ചിരുന്ന  ഫോൺ ഇനിയില്ല. ആ ബന്ധം തകർന്ന തോണി പോലെ കടലാഴങ്ങളിലെങ്ങോ ആണ്ടുപോയിരിക്കുന്നു.

ഇനി എനിക്കെഴുതാനാകില്ല. എന്റെ രചനകൾ വായിക്കാൻ മുൻ ബെഞ്ചിൽ ഒന്നാമനായി എന്നുമുണ്ടാകുമെന്ന് അക്ഷരങ്ങളാൽ വാഗ്ദാനം നല്കിയ ആൾ ഇനി എന്നോടൊപ്പമില്ല.

വേണ്ട എന്നിക്കിനി ഒരിക്കലും  എഴുത്തുകാരിയാകണ്ട. എത്ര നാൾ കഴിഞ്ഞാലും ഓർമ്മകളിൽ നിന്നാ മെസ്സേജുകളെ ഡിലീറ്റ് ചെയ്യാനാകില്ല. ഒരു നോവായ് അതങ്ങിനെ നിലനില്ക്കും. ഞാനുളള കാലം വരെ..

ഓരോ സൗഹൃദങ്ങളിലും ഒരു പാഠമായി. ഒരു തിരിച്ചറിവായി..

ദേവിക പഠിക്കും. ആഗ്രഹിച്ച പോലെ നേഴ്സാകും. ഈ കടൽ കടന്ന് അമ്മയുമായി മറ്റൊരു കൊച്ചു ഗ്രാമത്തിൽ താമസിക്കും ... ഒരു അനാഥയായി പോകേണ്ടിയിരുന്ന ജന്മത്തെ സനാഥമാക്കിയ കടപ്പാട് കടൽവെള്ളത്തിൽ മുക്കിക്കളയാൻ ഇനി ദേവികയ്ക്കാവില്ല. വേദനിക്കുമ്പോഴും ഇനി

തളരില്ല..

ഞാനെന്റെ മനസ്സിനോടു പറഞ്ഞു...

എങ്കിലും കിട്ടാത്ത സമ്മാനത്തിന്റെ നോവിൽ... പാലിക്കപ്പെടാത്ത കുഞ്ഞു വാഗ്ദാനങ്ങളുടെ ഓർമ്മയിൽ ഹൃദയം കരഞ്ഞത് മറക്കാൻ എത്ര ജന്മം ജനിക്കണം.

ഈ ഓർമ്മകൾ ഒരുനോവായ് നിലനില്ക്കുന്ന കാലംവരെ തനിക്ക് ചെയ്യണം,  നന്നായി പഠിക്കുന്ന കുട്ടികൾക്കായ് ഓരോ വർഷവും  കുറെ പുസ്തകങ്ങൾ വാങ്ങി നല്കുക എന്ന സത്കർമ്മം.. ഞാൻ മനസ്സുമായി ആ നിമിഷം ഒരു കരാറുണ്ടാക്കി..

അമ്മ ഒന്നും മകളോട് ചോദിച്ചില്ല. ആർദ്രമായി ആ നെറുകയിലൂടെ വിരലോടിച്ചതല്ലാതെ..

ദേവിക ഒന്നും പറഞ്ഞില്ല. ഒരു കടലിനെ ഉളളിലൊളിപ്പിച്ച്, മറ്റൊരു ഉയിർത്തെഴുന്നേൽപ്പിനായി അമ്മയുടെ നെഞ്ചിലെ ചൂടേറ്റു വാങ്ങുകയായിരുന്നു അവളുടെ ഹൃദയമപ്പോൾ...

          * * * * * * * 

കാലങ്ങൾക്കുശേഷം ഒരു പുസ്തകപ്രകാശന ചടങ്ങും ഒരു ലൈബ്രറി ഉത്ഘാടന ചടങ്ങും ശ്രീപത്മനാഭന്റെ മണ്ണിൽ നടക്കുകയാണ്.അവിടെ മുഖ്യ അഥിതിയായി ക്ഷണിക്കപ്പെട്ട സദസ്സിനുമുന്നിലിരിക്കുമ്പോഴും അവളുടെ മിഴികൾ  അദ്ദേഹത്തിന്റെ മുഖത്തായിരുന്നു..

തൂവെളളസാരിയുടുത്ത ആ നേഴ്സിന്റെ ദേവിക എന്ന പേരിലേക്ക് അവിശ്വനീയതയോടെ ഏറെനേരം അദ്ദേഹവും നോക്കി..

''മാലാഖമാരുടെ മൗനം''എന്ന ആ പുസ്തകം ഏറ്റുവാങ്ങാൻ അദ്ദേഹത്തിന്റെ മുന്നിൽ നിൽക്കേ അവളുടെ മിഴികൾ എന്തിനെന്നറിയാതെ  നനഞ്ഞു..

ആ പുസ്തകം കൈകളിലേറ്റു വാങ്ങവേ  ഒരു വിറയൽ ആ കൈകളിലൂടെ കടന്നുപോയി..

മാഷേയെന്ന വിളിയോടെ അവളാപാദം തൊട്ടു കണ്ണിൽ ചേർത്തു...അപ്പോൾ ഒരു മിഴിനീർ തുളളിയാപാദങ്ങളിൽ പതിച്ചു...കാലങ്ങളോളം ദേവിക മനസ്സിൽ സൂക്ഷിച്ച കണ്ണീരായിരുന്നു അത്...

മോളേ..ദേവൂ...അടക്കിപിടിച്ചവേദനയോടെ അദ്ദേഹമാ നെറുകയിൽ കരതലം ചേർത്തു..കാലങ്ങൾക്കപ്പുറത്തുനിന്നെന്ന പോലെ ആ ശബ്ദം കാതിൽ പതിച്ചതും ഏത്രയോനാളുകളായി മനസ്സിൽ അലയടിച്ചുകൊണ്ടിരുന്ന കടൽ ദേവികയുടെ മനസ്സിലപ്പോൾ ശാന്തമാവുകയായിരുന്നു..

                          - ശ്രീദേവി 

Thursday, October 29, 2020

ദീപ്തി റിലേഷ്റിലേഷ്



ഇനി മരണത്തെക്കുറിച്ചെഴുതില്ല

വന്നാലും കൂടെ പോവില്ല

ജീവിതമെന്നെ വല്ലാതെ കൊതിപ്പിക്കുന്നൂ .....

വാശി പിടിച്ച് ഞാനതിൻ്റെ

അവസാനയറ്റം വരെ പോകും......!

നിനക്ക് സമ്മാനിക്കാൻ

ചില മഴ വൈകുന്നേരങ്ങൾ .....

കടലിൻ്റെ സംഗീതം കേട്ടുറങ്ങാൻ.. .....

മടുപ്പില്ലാതെ നാളെയെ കുറിച്ച് നിറയെ സ്വപ്നം

കാണാൻ........

നാളെയെത്തുന്ന കാറ്റിൻ്റെ

കൈകൾ നിറയെ

സ്നേഹത്തിൻ്റെ സമ്മാന

മൊതുക്കി വച്ചിരിക്കും....

തെറ്റു ചെയ്തവർ ധാരണകളൊക്കെ തിരുത്തി

എന്നിലെ വെളിച്ചത്തെ -

തിരിച്ചറിയും.....

അപ്പോഴേക്കും കാലം വൈകിയിക്കാം

നാം അഗ്നിപരീക്ഷണത്തിൽ

വെന്തുരുക്കാം .....

എങ്കിലും കാലമേ എല്ലാത്തിനും പാകമാകാൻ എന്നെ

കാത്തു വക്കണേ.....!!

      


- ദീപ്തി റിലേഷ്