അമ്മഭാഷയെ അറിയുന്നതും മാതൃഭാഷയിൽ മൊഴിയുന്നതുമൊക്കെ അപമാനവും പരിഷ്കാരമില്ലായ്മയുമൊക്കെയായി കണ്ടും കൊണ്ടും നടന്നിരുന്ന മലയാളികൾക്കിടയിലേക്ക് വീണ്ടുമൊരു ഭാഷാദിനം കടന്നുവരികയാണ് "കേരളപ്പിറവി " എന്ന ഓമനപ്പേരിൽ. ഈ സുവർണ്ണ ,സുന്ദര ശുഭദിനത്തിൽ വലിയഭാഷാ സ്നേഹവും എളിയ ഭാഷാജ്ഞാനവുമുള്ള ഞാൻ (തുഞ്ചത്താചാര്യന്റെ കവി വാക്യം കടമെടുത്തു പറഞ്ഞാൽ,
"അജ്ഞാനിനാം ആദ്യ നായുള്ളോരു ഞാൻ") എഴുതിയ ഒരു ചെറിയ കവിത ലോകത്തെമ്പാടുമുള്ള എല്ലാ മലയാളികൾക്കും മാതൃഭാഷാ സ്നേഹികൾക്കും വേണ്ടി സമർപ്പിക്കുന്നു
മലയാളം
പാരാകെ വളരുന്നു മലയാളം
വാനോളമുയരുന്നൊരഭിമാനം
ആഴിത്തിരകളിൽ ആനന്ദ നർത്തനം
ആടിത്തിമർക്കുന്നു മലയാളം
പശ്ചിമഗിരികളിൽ പച്ചത്തഴപ്പുകൾ
പട്ടുടയാട ഞൊറിഞ്ഞുടുത്ത്
ഹരിതാഭചൂടി നിന്നാടിടുന്നു
ഹൃദയാഭിരാമിയായ് മേവിടുന്നു
പുണ്യപ്രവാഹമാം നിളയിൽ നീരാടിയും
പുളിനങ്ങളിൽ ഹരിശ്രീ കുറിച്ചും
അറിവിന്റെ അക്ഷരത്തിരി തെളിച്ചും
വിജ്ഞാനദീപ്തി ചൊരിഞ്ഞിടുന്നു
തുഞ്ചന്റെ നാരായത്തുമ്പിൽ നിന്നും
കുഞ്ചന്റെനൽക്കാൽ ചിലമ്പിൽനിന്നും
ചിന്തുന്നു ചന്തം തികഞ്ഞുള്ളൊരീ
മലയാള നാടിന്റെ മൊഴി മാധുരി.....
ഏവർക്കും എന്റേയും ഞാൻ പ്രതിനിധീകരിക്കുന്ന കുമ്പളങ്ങാട് ഗ്രാമത്തിന്റേയും മധുരം നിറഞ്ഞ മലയാള മംഗളാശംസകൾ നേർന്നുകൊണ്ട്
സ്നേഹപൂർവ്വം
ചന്ദ്രമോഹൻ കുമ്പളങ്ങാട്
(കൗൺസിലർ, വടക്കാഞ്ചേരി നഗരസഭ)

No comments:
Post a Comment