Sunday, October 17, 2021
Saturday, October 9, 2021
Saturday, September 18, 2021
Monday, September 13, 2021
Sunday, September 12, 2021
Saturday, September 11, 2021
Thursday, September 9, 2021
Wednesday, September 8, 2021
Tuesday, September 7, 2021
Wednesday, August 25, 2021
ഹംപി യാത്ര - അജിത രാജൻ (അവസാന ഭാഗം)
ഞങ്ങൾ സുന്ദരിയായ തുoഗഭദ്രയുടെ അരികിലെത്തി.. മനസ്സിൽ തിരതല്ലുന്ന ആഹ്ളാദം ഉണ്ടെങ്കിലും മുൻപ് കൊട്ട വഞ്ചിയിൽ കയറിയിട്ടില്ലാത്തതിനാൽ മനസ്സിലൊരു പേടിയുണ്ടായിരുന്നു. ഒരാൾക്ക് ആയിരം രൂപയാണ് ചാർജ്ജ് പറഞ്ഞത്.രാജേട്ടൻ അവരോട് ഒന്നു കൂടി സംസാരിച്ച് 800 രൂപയ്ക്ക് സമ്മതിപ്പിച്ചു. ജാക്കറ്റണിഞ്ഞ് ഞങ്ങൾ വഞ്ചിയിലേയ്ക്ക് കയറി. രണ്ടു പേരുള്ള മറ്റൊരു വഞ്ചിയിലാണ് രാജേട്ടൻ കയറിയത്.ഭാരം കൂടുമെന്ന പേടി..
തുംഗ,ഭദ്ര എന്നീ രണ്ട് നദികൾ കൂടിച്ചേർന്നാണ് തുംഗഭദ്രയെന്ന ഒറ്റ നദിയാകുന്നത്. വിജയനഗര രാജാക്കന്മാരുടെ കാലത്ത് തുംഗഭദ്രയെ ആശ്രയിച്ചായിരുന്നു കനാലുകളും അക്വഡക്ടുകളും നിർമ്മിച്ചിരുന്നത്. കൊട്ടാരവളപ്പിലേയ്ക്കും ക്ഷേത്രങ്ങളിലേയ്ക്കും വെള്ളമെത്തിക്കാനായിരുന്നു ഇവയിൽ പലതും പണിതത്. ഇത് കാർഷികാവശ്യത്തിനായി ഇപ്പോഴും ഉപയോഗിക്കുന്നു. പണ്ടുകാലത്ത് തുംഗഭദ്ര, പമ്പ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.ബ്രഹ്മാവിൻ്റെ പ്രിയപുത്രി പമ്പ ശിവഭഗവാനെ ആരാധിക്കുകയും പ്രണയിക്കുകയും ചെയ്തിരുന്നു. പമ്പയുടെ ആരാധനയിൽ സംപ്രീതനായ ശിവ ഭഗവാൻ അവരെ വിവാഹം കഴിക്കുകയും പമ്പയുടെ ഭർത്താവ് എന്നർത്ഥം വരുന്ന പമ്പാ പതിയെന്ന പേര് സ്വീകരിക്കുയും ചെയ്തു. പമ്പയെന്ന പേരിൽ നിന്നാണ് ഹംപി എന്ന പേരുണ്ടായതെന്നും പറയുന്നു.
എന്തായാലും സന്ധ്യാസമയത്തുള്ള ഈ ജലയാത്ര ഏറ്റവും ആഹ്ളാദകരമായിരുന്നു. ജിത്തു മോൻ മുൻപ് ഇവിടെ വന്നപ്പോൾ അക്കരെയുള്ള ഹിപ്പി ഐലൻറിൽ പോയിരുന്നു. ഉദയാ -സ്തമയങ്ങൾ കാണാൻ പറ്റിയ സ്ഥലമാണെന്നും തെങ്ങും പാടങ്ങളും ഉള്ള മനോഹരമായ ആ സ്ഥലത്ത് ധാരാളം കഫേകളും ബിയർ പാർലറും താമസിക്കാൻ ചെറിയ കൂടാരങ്ങളും ഉണ്ടെന്നും ഞങ്ങളുടെ അറിവിലേയ്ക്കായി പറഞ്ഞു തന്നു. ധാരാളം വിദേശിയർ അവിടെ വന്നിരുന്നുവെന്നുമുള്ള ഓർമ്മകൾ പങ്കുവച്ചു. തമിഴനായ ഒരു ചെറുപ്പക്കാരനായിരുന്നു വഞ്ചി തുഴഞ്ഞിരുന്നത്. വർഷങ്ങൾക്കു മുൻപ് ഇവിടെ വന്നുപെട്ടതാണത്രെ. തുഴയുന്നതിന്നിടയിൽ പുഴയെക്കുറിച്ചും മറ്റും വാതോരാതെ സംസാരിക്കുന്നുണ്ട്. എല്ലാം കേൾക്കാൻ ഞങ്ങൾക്കും താൽപ്പര്യമുണ്ടായിരുന്നു. കർണ്ണാടകത്തിലൂടേയും ആന്ധ്രപ്രദേശിലൂടേയും ഒഴുകുന്ന തുംഗഭദ്ര നദി.. ദക്ഷിണേന്ത്യയിലെ പുണ്യനദിയുടെ മാറിലൂടെ ഒരു യാത്ര... ഞങ്ങൾക്കൊപ്പം യാത്രയ്ക്ക് രാജേട്ടൻ കയറിയ വഞ്ചി മാത്രം! തിരിച്ചു വരുന്ന വഞ്ചികളെ ഇടയ്ക്കിടെ കാണാം. ധാരാളം വെള്ളമില്ലാതെ ശാന്തമായി ഒഴുകുന്ന നദി മനസ്സിലെ പേടിയെ മെല്ലെ കാട്ടിടവഴി കടത്തിവിട്ടു... പുഴയുടെ രണ്ടു വശത്തും പാറകൾക്കാെപ്പം പഴമയുടെ അഴക് തുളുമ്പുകയാണ്.. പുഴയുടെ സംഗീതം ശ്രവിച്ചങ്ങിനെ... പല ആകൃതിയിലുള്ള മനോഹരമായ പാറക്കൂട്ടങ്ങൾ... നൂറ്റാണ്ടുകളായി, ശാന്തമായും തല്ലിയലച്ചും കടന്നു പോയ തുംഗഭദ്രയിലെ ജലം വരുത്തിയ രൂപഭേദങ്ങൾ.. അവയിലേയ്ക്ക് പടർന്നിറങ്ങിയ കരുത്തുള്ള വേരുകൾ.. ഇപ്പോൾ നമുക്ക് ഈ നദിയുടെ മനോഹാരിത മാത്രമേ കാണുവാനാകുന്നുള്ളുവെങ്കിലും ആഗസ്റ്റ് മാസത്തിൽ ഡാം തുറന്നു വിട്ടാൽ ഭയാനകമായ വിധത്തിൽ ഈ പാറകളൊന്നും കാണാനാകാത്ത വിധത്തിൽ കരകവിഞ്ഞ് ഒഴുകുമത്രെ... ഹംപി നഗരത്തിന് തെക്കുപടിഞ്ഞാറായി ഇരുപത് കി.മീ. അകലെ തുംഗഭദ്രയിൽ വലിയ അണക്കെട്ടുണ്ട്.
പുഴക്കരയിലെ പാറക്കൂട്ടങ്ങൾക്കിടയിൽ ഏകദേശം പത്തടി അകലത്തിലെങ്കിലും അമ്പലങ്ങളുടേയോ വിഗ്രഹങ്ങളുടേയോ.മണ്ഡപങ്ങളുടേയോ ചെറുതോ വലുതോ ആയ രൂപങ്ങൾ ഉണ്ടായിരിക്കും. ചില കവാടങ്ങളിലൂടെ ഒരാൾക്ക് കടന്നു പോകുവാൻ സാധിക്കുന്നവ. ഈ കാഴ്ച നമ്മെ അത്ഭുതപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യും. ഇതെങ്ങിനെ സംഭവിച്ചു... ഇവിടെ ജീവിതം ഉണ്ടായിരുന്നു... അതിനിടയിലൂടെ തുംഗഭദ്ര ഒഴുകി വന്നതായിരിക്കുമോ... ഗന്ധമാത പർവ്വതം, മാതംഗ പർവ്വതം ഹനുമുൻകുന്ന് തുടങ്ങി നാല്കുന്നുകൾ നാലുഭാഗത്തായി ഉണ്ടെന്ന് തുഴക്കാരൻ പറഞ്ഞു.പാറയ്ക്കുള്ളിലേയ്ക്ക് ഒരു കവാടം മാത്രo കാണുന്നു അതിനുള്ളിൽ സൂര്യനാരായണമൂർത്തിയാണെന്നും അടുത്തു തന്നെ കാണുന്ന മറ്റൊരു വിഗ്രഹം പരശുരാമനാണെന്നും പറഞ്ഞു. കുറച്ചു കൂടി മുന്നോട് നീങ്ങുമ്പോൾ കാളിമൂർത്തിയുടേയും നടരാജ മൂർത്തിയുടേയും കല്ലുകൊണ്ടുള്ള വിഗ്രഹങ്ങൾ വ്യക്തമായി കാണാം. നമ്മൾ പോകുമ്പോൾ വലതുഭാഗത്താണ് ഇതെല്ലാം കാണുന്നത്. തുംഗഭദ്രയുടെ ശക്തമായ ഒഴുക്കിൽ രൂപപ്പെട്ട വലിയ ദ്വാരങ്ങൾ പാറകളിൽ കാണാം. ഈ പുഴയിൽ മീൻ പിടിക്കാറുള്ള നമ്മുടെ തുഴക്കാരൻ ചുഴിയുള്ള ഭാഗങ്ങൾ എവിടെയൊക്കെയെന്നും പുഴയിലെ വമ്പൻ മീനുകൾ ഏതെല്ലാമെന്നും പറഞ്ഞു. നദിക്കരികിലെ പാറക്കൂട്ടത്തിൽ കണ്ട മറ്റൊരു ക്ഷേത്രമാണ് മെഡിറ്റേറിയൻ ക്ഷേത്രം. പാറയിൽ കൊത്തിയ ധാരാളം പടികൾ ഇവിടെ ഉണ്ട്. നദിയ്ക്കു കുറുകെ ഒരു പാലം ഉണ്ടായിരുന്നുവെന്നും അതിനോടനുബന്ധിച്ചുള്ളതാണ് ഈ പടികളെന്നും പറയപ്പെടുന്നു. കൃഷ്ണദേവരായരും കുടുംബവും ഊണു കഴിച്ചിരുന്നിടമാണ് അതെന്ന്, ഒരു വലിയ മണ്ഡപത്തെ ചൂണ്ടിക്കാട്ടി അയാൾ പറഞ്ഞപ്പോൾ അത്ഭുതപ്പെടാതിരിക്കുന്നതെങ്ങനെ? ഈ കാഴ്ചകൾ കണ്ടങ്ങനെ സഞ്ചരിക്കുമ്പോൾ, അത്ഭുതം, മനോഹരം,സുന്ദരം തുടങ്ങിയ വാക്കുകൾ എത്ര വാരി വിതറിയാലും അധികമാവില്ല!
നദിയിലേയ്ക്ക് ഇറങ്ങിക്കിടക്കുന്ന വലിയ പാറകൾ.. കണ്ടാൽ ഒരു ഗുഹ പോലെ തോന്നും അതിൻ്റെ ഉള്ളിലേയ്ക്ക് കുട്ട വഞ്ചി പ്രവേശിപ്പിച്ചു... ആ പാറയിൽ കയറി നിന്ന് അയാൾ ഞങ്ങളുടെ ഫോട്ടോ എടുത്തു തന്നു. അവിടെ നിന്നും തിരിച്ച് കരയിലേയ് പോകും വഴി ചുറ്റുമുള്ള വീഡിയോ പിടിക്കാനായി അയാൾ വേഗത്തിൽ വഞ്ചി കറക്കി.മറക്കാനാകാത്ത സുന്ദര നിമിഷങ്ങൾ ഹൃദയത്തിലേയ്ക്കാവാഹിച്ച് തിരിച്ച് കരയിലേയ്ക്ക്... അന്നത്തെ അവസാന യാത്രക്കാർ ഞങ്ങളായിരുന്നു. തുഴക്കാരൻ പയ്യന് നല്ലൊരു ടിപ്പും കൊടുത്ത് ഞങ്ങൾ കരയിലേയ്ക്ക് കയറി... എത്രയോ പേർ ചേർന്നാണ് ഓരോ കുട്ട വഞ്ചിയും പിടിച്ച് കരയിൽ കമഴ്ത്തിയിടുന്നതെന്ന് ഞാൻ നോക്കി നിൽക്കുമ്പോഴായിരുന്നു ,നമുക്കു പോകാം എന്ന് രാജേട്ടൻ്റെ അറിയിപ്പ് ...
നല്ല തണുപ്പും കാറ്റും തുടങ്ങിയിരുന്നു.. ഇരുട്ടായിത്തുടങ്ങി ഞങ്ങൾ വേഗം കാറിൻ്റെ അടുത്തേക്ക് നടന്നു.
പ്രിയപ്പെട്ട ഹംപി, രാത്രിയിൽ യാത്ര പറയുന്നില്ല... ഭാഗ്യമുണ്ടെങ്കിൽ വീണ്ടും കാണാം എന്ന് പറഞ്ഞു കൊണ്ട് യാത്ര പുറപ്പെടുമ്പോൾ മനസ്സ് വികാരനിർഭരമായിരുന്നു...
ഹംപി ഗ്രാമം പിന്നിട്ട് വന്ന വഴിയിലൂടെ വേഗത്തിലായിരുന്നു യാത്ര... പത്തു മണിക്കു മുൻപായി, നല്ലൊരു ഹോട്ടൽ കണ്ടപ്പോൾ അത്താഴം കഴിക്കാനായി അവിടെ കയറി.. സ്പെഷ്യൽ ആയി ആട്ടിറച്ചി പലവിധത്തിൽ പാകം ചെയ്തതായിരുന്നു. നോൺ ഒന്നും കഴിക്കാത്ത അഖിമോനൊഴികെ എല്ലാവരും ഒരേ സമയം പറഞ്ഞു.. സൂപ്പർ.. ശരിയ്ക്കും സ്വാദു മുകുളങ്ങളെ ത്രസിപ്പിക്കുന്ന വിഭവങ്ങൾ... ഹംപിയിൽ കണ്ട ആടുകളെ ഓർത്തപ്പോൾ ഞാൻ ഭക്ഷണം മതിയാക്കി..നല്ല സേവനം തന്ന സപ്ലയർക്ക് നന്ദി പറഞ്ഞ് ടിപ്പും കൊടുത്ത് ഞങ്ങളിറങ്ങി..പുലർച്ച മൂന്നു മണിയോടെ ഫ്ലാറ്റിലെത്തി.
പിറ്റേ ദിവസം ഷോപ്പിങ്ങിനായി പത്തു മണിയോടെ ബാംഗ്ലൂർ സിറ്റിയിലേയ്ക്ക്... ഞങ്ങൾ പോകാത്ത പുതിയ ചില റോഡുകളിലൂടെ കാഴ്ചകൾ കണ്ട് കുറച്ച് നടന്നു.. ശേഷം സിറ്റിയിലെ വലിയ തുണിക്കടയായ വെസ്റ്റ് സൈഡിൽ കയറി... തുണികൾക്ക് വില കൂടതലാണ് ഇവിടെയെന്ന് എനിയ്ക്കു തോന്നി. എല്ലാവർക്കും ഇഷ്ടപ്പെട്ട ഡ്രസ്സുകൾ വാങ്ങിക്കഴിഞ്ഞ് ഇറങ്ങുമ്പോഴേയ്ക്കും മൂന്നു മണി കഴിഞ്ഞിരുന്നു. ടിബറ്റൻ റസ്റെറാറൻ്റിൽ കയറി ടിബറ്റൻ ഭക്ഷണം കഴിച്ചു. വളരെ നല്ല ഭക്ഷണം എല്ലാവർക്കും ഇഷ്ടപ്പെട്ടു. അതു കഴിഞ്ഞ് ഡിമാർട്ടിൽ കയറി.. മൂന്നാം നിലയിലാണ് ഷോപ്പ് ചെയ്യാനുള്ള സ്ഥലം. ഇവിടെ കിട്ടാത്തതായി യാതൊന്നുമില്ല.. അമിതവില ഇല്ലാത്തതുകൊണ്ടാണെന്നു തോന്നുന്നു നല്ല തിരക്കായിരുന്നു ഇവിടെ... സാധനങ്ങളെല്ലാം വാങ്ങി ഇറങ്ങിയപ്പോഴേയ്ക്കും സമയം ഒരു പാടായിരുന്നു. പിന്നീട് എസ്ക്രീം ഷോപ്പിലും കയറിയതിനു ശേഷം കർണ്ണാടകയുടെ നിയമസഭാ മന്ദിരവും ഹൈകോർട്ടും പബ്ലിക് ലൈബ്രറിയും കാറിലിരുന്ന് ചുറ്റിക്കണ്ടു. സമയം പത്തു മണി കഴിഞ്ഞു. ഫൈൻഡയിൻ റസ്റ്റോറൻ്റായ ബർമാ ബർമ റസ്റേറാറൻ്റിലെ നൂഡിൽസൂപ്പ് തന്നെ കഴിക്കണമെന്ന് ജിത്തു മോന് നിർബന്ധം. സൂപ്പിൻ്റെ പേര്, ഖോ സ്യൂയി. വെജിറ്റേറിയൻ സൂപ്പാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. ഒരെണ്ണത്തിന് 800 രൂപയാണ് വില.നൂഡിൽസ് ചേർത്ത സൂപ്പും അതിൽ ചേർത്തു കഴിക്കാനായി അഞ്ചു തരം സാധനങ്ങൾ മറ്റു പ്ലെയിറ്റുകളിൽ, അണ്ടിപ്പരിപ്പ്, ബദാം പരിപ്പ്, കപ്പലണ്ടി ഇതെല്ലാം ക്രഷ് ചെയ്തത്. പിന്നെ ചെറുനാരങ്ങ മുറിച്ചത്. സ്പ്രിങ്ങ് ഒണിയൻ, എല്ലാം ആവശ്യാനുസരണം സൂപ്പിൽ ചേർത്ത് ചൂടോടെ കഴിക്കാം. നല്ല ഭക്ഷണം തന്നെ... പക്ഷെ ഓരോരുത്തരും പകുതി പോലും കഴിച്ചിട്ടില്ല! ഭക്ഷണം പാഴായി പോകുന്നതു കണ്ടപ്പോൾ പ്രയാസം തോന്നി.ബില്ലിൻ്റെ ഒപ്പം പുളിമിഠായി വെച്ചിരുന്നു. അത് കുറച്ചെടുത്ത് ഞാൻ കയ്യിൽപിടിച്ചു.. യാത്രാമദ്ധ്യേ ഒരു പബ്ബ് കണ്ടപ്പോൾ നമുക്കവിടെ വെറുതെയൊന്നു കയറാമെന്ന് മോൻ പല പ്രാവശ്യം പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. പുറത്തും നിറയെ ആളുകളുണ്ട്. ഇപ്പോൾ തോന്നുന്നു ഒന്നുകയറേണ്ടതായിരുന്നു...അതും പുതിയൊരു അനുഭവമായേനെ... എം.ജി.റോഡിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ കാറോടിച്ച് ബെംഗ്ലൂരുവിലെ ഏറ്റവും വലിയ വ്യവസായ സമുച്ചയമായ യു.ബി.സിററി കാണുവാൻ പോയി.13 ഏക്കറിൽ പരന്നു കിടക്കുന്നു. ഇവിടെ നാലുകെട്ടിടങ്ങളാണ് ഉള്ളത്.മൂന്നിലൊരു ഭാഗം ഉദ്യാനമാണ്.യു.ബി.സി. ടവറിൻ്റെ മുകളിൽ ഒരു ഹെലിപേഡ് ഉണ്ട്.
രണ്ടു ദിവസം കൂടി ബെംഗ്ലൂരുവിൽ നിൽക്കാൻ സമയമില്ലാത്തതിനാലാണ് ഈ ഓട്ടപ്രദക്ഷിണം.. പിറ്റേ ദിവസം ഉച്ചതിരിഞ്ഞ് ഞങ്ങൾ മൂന്നു പേരും കേരളത്തിലേയ്ക്ക് പുറപ്പെട്ടു. പുലർച്ച മൂന്നു മണിക്ക് വീട്ടിൽ വന്ന് വാതിൽ തുറക്കുമ്പോൾ മോൻ്റെ വിളി വന്നു, വീട്ടിലെത്തിയില്ലേ എന്നു ചോദിച്ചു കൊണ്ട്...
(അവസാനിച്ചു.)
ഹംപി യാത്ര - അജിത രാജൻ (ഭാഗം 15)
പതിനാറാം നൂറ്റാണ്ടിൽ ദേവരായർ രണ്ടാമൻ്റെ കാലത്താണ് ദ്രാവിഡ വിദ്യയിൽ വിറ്റാല (വിത്തല) ക്ഷേത്രം നിർമ്മിക്കപ്പെട്ടത്. പിന്നീട് കൃഷ്ണദേവരായരുടെ കാലത്ത് ക്ഷേത്രത്തിൽ കുറച്ചു കൂടി മിനുക്കുപണികൾ നടന്നു. വിഷ്ണുവിനെയാണ് വിറ്റാല നാഥനായി ആരാധിയ്ക്കുന്നത്.അമ്പലത്തിനോടനുബന്ധിച്ച് ഏക്കർ കണക്കിന് സ്ഥലമുള്ള വിശാലമായ ക്ഷേത്ര മുറ്റത്ത് നിറയെ കരിങ്കൽ പാകിയിട്ടുണ്ട്. വിറ്റാല ക്ഷേത്രത്തിലും ഈ ക്ഷേത്ര പരിസരത്തുമുള്ള മറ്റു അമ്പലങ്ങളിലും വിഗ്രഹങ്ങളില്ല. ഇവിടത്തെ പ്രധാന ആകർഷണം കൽമണ്ഡപങ്ങളും സംഗീതം പൊഴിക്കുന്ന തൂണുകളുമാണ്. ക്ഷേത്രത്തിനുള്ളിൽ തറനിരപ്പിനു താഴെ ശ്രീകോവിലിൽ ഗർഭഗൃഹം ഉൾക്കൊള്ളുന്ന പ്രധാന മണ്ഡപവും മറ്റും അപകടാവസ്ഥയിലായതിനാൽ അടച്ചിട്ടിരിക്കയാണ്.
കൊത്തുപണികളാൽ അലംകൃതമായ തൂണുകളോടു കൂടിയ നാല് മണ്ഡപങ്ങളാണ് ഇവിടെയുള്ളത്. ശ്രീകോവിലിനു മുൻപിലുള്ള മഹാമണ്ഡപം (രാഗ മണ്ഡപം) ഹൃദയഹാരിയാണ് . പക്ഷെ ഇപ്പോഴങ്ങോട്ട് പ്രവേശനമില്ല. അടുത്തു പോയി ആ തൂണുകളിലൊന്നു തൊട്ടു നോക്കാൻ കൊതി തോന്നി. എന്നാൽ ഭാവി തലമുറയ്ക്കു വേണ്ടി ഈ വിസ്മയക്കാഴ്ചകൾ കാത്തു സൂക്ഷിക്കേണ്ടതു തന്നെയെന്നോർത്ത് സ്വയം ആശ്വസിച്ചു. മറ്റുമണ്ഡപങ്ങളും ആകർഷണീയമാണ്. ഓരോ തൂണും ശില്പങ്ങൾ ചേർത്ത് വച്ച് ഉണ്ടാക്കിയതാണോ എന്നു തോന്നിപ്പോകും. വിഷ്ണു .ഗണപതി, ഗരുഡൻ. നൃത്തം ചെയ്യുന്ന നാരിമാർ, വാദ്യക്കാർ എന്നിവർ തൂണുകളിൽ മിഴി വോടെ നില്ക്കുന്നു. ഹിരണ്യകശിപുവിനെ മടിയിൽവച്ച് നരസിംഹം കൊലപ്പെടുത്തുന്ന ചിത്രവുo, സമീപത്തു തന്നെ പ്രഹ്ളാദൻ പ്രാർത്ഥിച്ചിരിയ്ക്കുന്ന ചിത്രവും മനോഹരമായി കല്ലിൽ കൊത്തി വച്ചിട്ടുണ്ട്. അവിസ്മരണീയമായ വാസ്തുവിദ്യയുടേയും ശില്പകല കളുടേയും കേന്ദ്രമാണിവിടം.
ക്ഷേത്രത്തിൻ്റെ നടുമുറ്റത്തുള്ള രാഗ മണ്ഡപം പ്രശസ്തമായ അമ്പത്തിയാറ് സരിഗമത്തൂണുകളാൽ അലംകൃതമാണ്. സംഗീതം പൊഴിക്കുന്ന ഈ തൂണുകളിലോരോന്നിൻ്റേയും ചുറ്റും നേർത്ത ഏഴു തൂണുകൾ കൂടിയുണ്ട്. ഓരോന്നും ഓരോ സ്വരങ്ങളെ സൂചിപ്പിക്കുന്നു. ഈ തൂണുകളിൽ കൈ കൊണ്ട് പതുക്കെ തട്ടിയാൽ സംഗീതം കേൾക്കാം. ബ്രിട്ടീഷുകാർ ഇതിൻ്റെ രഹസ്യം കണ്ടു പിടിക്കാനായി രണ്ടു തൂണുകൾ മുറിച്ചു നോക്കിയത്രെ. ഒന്നും കണ്ടെത്താനാകാതെയായപ്പോൾ അവർ അത്ഭുതപരതന്ത്രരായി നിന്നിരിക്കാം! എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപേ നമ്മുടെ പൂർവ്വ കലാകാരൻമാർ സംഗീതം പൊഴിക്കുന്ന കൽത്തൂണുകളൊരുക്കിയിരുന്നു! ദക്ഷിണേന്ത്യൻ ക്ഷേത്ര നിർമ്മാണ കലയുടെ വിരുത്!
സന്ദർശകരെല്ലാം തങ്ങളുടെ ക്യാമറകളിലേയ്ക്ക് വിസ്മയ ചിത്രങ്ങൾ പകർത്തിക്കൊണ്ടിരുന്നു. വെയിലും ചൂടുമില്ലാത്ത സുഖകരമായ അന്തരീക്ഷം... മണ്ഡപത്തിൻ്റെ സോപാനത്തിൽ ഞാൻ വെറുതെയിരുന്നു ഇളംതെന്നലേറ്റ്... പക്ഷെ ജിത്തു മോൻ അരികത്തു വന്നിരുന്നു പറഞ്ഞു, അച്ഛൻ വിളിക്കുന്നുണ്ട്... നമുക്ക് ഇറങ്ങിയാലോ അമ്മേ.. നടക്കാൻ ദൂരമുണ്ട് കുട്ട വഞ്ചിയിൽ യാത്ര ചെയ്യണ്ടേ?
മനമില്ലാ മനമോടെ അവിടെ നിന്നിറങ്ങുമ്പോഴുംഎൻ്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു...ഒരിക്കൽ കൂടി എനിയ്ക്കിവിടെ വരണം...
തിരിച്ചു പോകാനായി ഞങ്ങൾ ചെമ്മൺപ്പാതയിലേയ്ക്കിറങ്ങിയപ്പോൾ, ഓപ്പൺ ഇലക്ട്രിക് കാറിൽ തിരിച്ചു പോകാനായി തങ്ങളുടെ ഊഴത്തിനായി ധാരാളം പേർ കാത്തു നിൽക്കുന്നുണ്ടായിരുന്നു. കാറ് ഇടതടവില്ലാതെ സർവ്വീസ് നടത്തുന്നുണ്ട്. അന്തരീക്ഷ മലിനീകരണത്തിൽ നിന്നും ക്ഷേത്രത്തെ സംരക്ഷിക്കാൻ വേണ്ടിയാണ് യുനസ്കോ ഇങ്ങിനെയൊരു നിർദ്ദേശം വച്ചതും ആർക്കിയോളജി അത് ഏറ്റെടുത്തതും. ആറു മണിവരെ മാത്രമേ ക്ഷേത്രത്തിൽ സന്ദർശകരെ അനുവദിക്കുകയുള്ളു. ഒരു കാലത്ത് ആരവങ്ങളടങ്ങാത്ത ഈ ശിലാ നിർമ്മിത മണ്ഡപത്തിൻ്റെ നിശബ്ധദയ്ക്ക് കൂരിരുട്ട് മാത്രമായിരിക്കാം കൂട്ട്...
ഞങ്ങൾ വന്ന വഴിയിലൂടെ തിരിച്ചിറങ്ങാൻ തുടങ്ങി .. കണ്ട കാഴ്ച്ചകൾ എല്ലാവരുടേയും മനസ്സിനെ മഥിച്ചിരുന്നതുകൊണ്ടാകാം അധികം സംസാരിക്കാതെയായിരുന്നു തിരിച്ചു നടത്തം. അങ്ങോട്ടു പോകുമ്പോൾ ചായ കുടിക്കാൻക്ഷണിച്ച ചായക്കടക്കാരനോട് തിരിച്ചു വരുമ്പോൾ കയറാമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഞങ്ങൾ വരുമ്പോഴേയ്ക്കുംഅയാൾ കട അടച്ച് പോയിരുന്നു. നമ്മൾ പോരുമ്പോൾ കണ്ട പരന്ന പാറയിന്മേൽ എത്തിയപ്പോൾ വീട്ടിലേയ്ക്ക് തിരിച്ചു പോകുന്ന ആട്ടിൻ കൂട്ടം വീണ്ടും ഞങ്ങൾക്ക് കൂട്ടായി. അഖിമോൻ അവയെ തൊട്ടുതലോടുകയും ഫോട്ടോ എടുക്കുകയും ചെയ്തു. കൃഷിക്കാരന് സന്തോഷമായി. പാവങ്ങൾ... കന്നുകാലികൾക്കൊപ്പം ചേർത്തുവച്ച കൊച്ചു ജീവിതങ്ങൾ... ഇവിടെ വച്ച്, തെളിഞ്ഞ ആകാശത്ത് വളരെ പ്രകാശപൂരിതമല്ലാതെ അസ്തമയത്തിനൊരുങ്ങുന്ന സുര്യനെ കാണാനായി.പാറയിലെ താഴ്ന്ന പ്രദേശത്ത് കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഈ കാഴ്ച പ്രതിഫലിച്ചപ്പോൾ അഖിമോൻ അത് ക്യാമറയിലേയ്ക്ക് പകർത്തി...സന്ധ്യയാകുന്നു...
തുഗഭദ്രാനദിയോരത്തുകൂടി ഞങ്ങൾ വിറ്റാല ക്ഷേത്രത്തിലേയ്ക്ക് പോകുമ്പോൾ അവൾ വശ്യമായി കുണുങ്ങിച്ചിരിക്കുന്നുണ്ടായിരുന്നു... അവളുടെയരികെ പോകാതിരിക്കുന്നതെങ്ങിനെ?
(തുടരും)
Thursday, August 12, 2021
ഹംപി യാത്ര - അജിത രാജന്‍ - ഭാഗം -14
ആർക്കിയോളജി മ്യൂസിയം കണ്ടിറങ്ങിയതിനു ശേഷം രണ്ടു കിലോമീറ്റർ അപ്പുറത്തുള്ള സിറ്റിയിലേയ്ക്ക് ഞങ്ങൾ ഭക്ഷണം കഴിക്കാൻ പോയി. ഉച്ചഭക്ഷണത്തിൻ്റെ സമയം ഒരു പാട് വൈകിയിരുന്നെങ്കിലും നല്ല ഭക്ഷണം തന്നെ അവിടെ നിന്നും കഴിക്കാനായി. അടുത്തതായി തുംഗഭദ്ര നദിയുടെ ബോട്ടുജട്ടിയിലേയ്ക്ക് പോകുവാനാണ് തീരുമാനിച്ചത്. അഞ്ചു കിലോമീറ്ററോളം കാർ യാത്രയ്ക്കു ശേഷം ഒന്നര കിലോമീറ്ററെങ്കിലും നടക്കേണ്ടി വരും തുംഗഭദ്ര ബോട്ടു ജട്ടിയിലെത്താൻ. അവിടെ കുട്ട വഞ്ചിയിൽ ഒരു ജലയാത്ര..
കാറ് പാർക്കു ചെയ്തതിനു ശേഷം ഞങ്ങൾക്ക് നടക്കേണ്ട വഴി അത്ര സുഖമുള്ളതായിരുന്നില്ല. ആൾ താമസമില്ലാത്ത ചെറിയ കാടുപോലെയാണ് തോന്നിയത്. ചിലപ്പോൾ ചെറിയ നടപ്പാതയിലൂടെ പായ വിരിച്ചതു പോലെയുള്ള പാറയിലൂടെ നടക്കുമ്പോൾ ഒരു പാട് ആടുകളെ മേച്ചു കൊണ്ട് ഒരു ഗ്രാമീണൻ വരുന്നു.. കയ്യിൽ ഒരു അരിവാളും വടിയും ചോറ്റിൻ പാത്രവും. അടുത്തെവിടെയോ ഉള്ള കാട്ടിൽ നിന്നുള്ള മടക്കം. നല്ല തടിച്ചുകൊഴുത്ത കറുത്ത ആട്ടിൻ കൂട്ടങ്ങളെയാണ് ഹംപിയിൽ കണ്ടതിലധികവും.എന്നാൽ അവരുടെ യജമാനൻമാരെ കണ്ടാൽ എനിക്ക് മന:പ്രയാസമാണ്.. ഒരിക്കൽ കൂടി നോക്കാതെ തന്നെ അവരുടെ ദൈന്യത നിറഞ്ഞ ജീവിതം മനസ്സിൽ നിറയും.
വഴിയരികിൽ മൾബറി പഴം കണ്ടപ്പോൾ ഞങ്ങളത് പറിച്ചെടുത്ത് കഴിച്ചു.. പിന്നേയും ദൂരം പിന്നിട്ടപ്പോൾ ചെറുതായി മഴ ചാറാൻ തുടങ്ങിയെങ്കിലും കുട കയ്യിലില്ലാത്ത ഞങ്ങളോട് ദയവു കാട്ടിയതുപോലെ മഴ തിരിച്ചു പോയി. വഴിയിൽ കണ്ട ഒരു യാത്രികനോട് വഴി ചോദിച്ചപ്പോൾ, വിറ്റാല ക്ഷേത്രത്തിലേയ്ക്ക് ദാ.. ഇതിലെ പോയാൽ മതിയെന്ന് കൈ ചൂണ്ടിക്കാട്ടിക്കൊണ്ട് അയാൾ സ്വന്തം ഭാഷയിൽ പറഞ്ഞു തന്നു. തിരിച്ചു ചെന്നതിനു ശേഷം ഹംപിയിലെ അവസാന കാഴ്ചയായി വിറ്റാല ക്ഷേത്രത്തിൽ പോകാനായിരുന്നു ഞങ്ങൾ കരുതിയിരുന്നത്. ഇപ്പോഴാണ് അറിയുന്നത് ഈ വഴിയിലൂടെ പോയാൽ വിറ്റാല ക്ഷേത്രം ഇവിടെ അടുത്താണെന്നും അഞ്ച് മണി കഴിഞ്ഞാൽ അവിടെ അടയ്ക്കുമെന്നും. അങ്ങനെയെങ്കിൽ ആദ്യം വിറ്റാല ക്ഷേത്രത്തിലേയ്ക്ക് പോകാമെന്ന തീരുമാനമായി. ഇടയ്ക്കിടെ വലിയ പാറക്കൂട്ടങ്ങളും കടന്നാണ് യാത്ര.. ബോട്ടു ജട്ടിയിലേയ്ക്ക് വരുന്ന ടൂറിസ്റ്റുകളെ പ്രതീക്ഷിച്ചു കൊണ്ട് നടവഴിയിലെ ഒരു പാറയ്ക്കു കീഴിൽ രണ്ടു സ്ത്രീകൾ ഒരു പിടി ബേബികാരറ്റും കുറച്ചു മാങ്ങ ചെത്തിയതും ഉപ്പും മുളകുമായി വില്പനയ്ക്കിരിക്കുന്നുണ്ട്. വളരെ മെലിഞ്ഞ് കറുത്തവർ. ഒററ നോട്ടത്തിലേ അവരുടെ ജീവിത ചിത്രം വ്യക്തമാക്കുന്ന രൂപമാണ് ഇവിടെ നാം കണ്ടുമുട്ടുന്ന ഗ്രാമീണരുടേത്..ശക്തനായൊരു രാജാവിൻ്റെ കീഴിൽ സുരക്ഷയോടെ കഴിഞ്ഞിരുന്ന ജനതയുടെ പിൻതലമുറക്കാർ... രത്നവും സ്വർണ്ണവും പറകൊണ്ടളന്നിരുന്ന പാരമ്പര്യമുള്ളവർ..പാവങ്ങൾ എല്ലാം കൊള്ളയടിക്കപ്പെട്ട് നാഥനില്ലാതെ...
ചെറിയൊരു കാടെന്നു തോന്നുന്നിടത്തു കൂടി നടക്കുമ്പോഴായിരുന്നു കൗതുകം ജനിപ്പിക്കുന്നൊരു കാഴ്ച കണ്ടത്. ഒരു വലിയ ആൽമരം ഇതിൻ്റെ താഴെയുള്ള വേരുകളിലെല്ലാം നിറയെ തുണികൾ കെട്ടിയിട്ടിരിക്കുന്നു. ചിലത് ഭാണ്ഡം പോലെ.. അതിൻ്റെ ഉള്ളിലെന്തായിരിക്കുമെന്ന് അറിയില്ല. താഴെ കൊച്ചു കല്ലുകൾ അടുക്കി വച്ചിരിക്കുന്നു. ഈ പരിസരങ്ങളിൽ ജനവാസമുണ്ടാകാമെന്നും അവരുടെ ഏതോ ആചാരങ്ങളുടെ ഭാഗമായിരിക്കുമെന്നും രാജേട്ടൻ പറഞ്ഞു. മോനത് ക്യാമറയിലേയ്ക്ക് പകർത്തി.
ക്ഷേത്ര കവാടത്തിനു മുൻപായി വടക്കുഭാഗത്ത് കിംഗ്സ് ബാലൻസ് ആണ് ആദ്യം കണ്ടത്. രണ്ട് വലിയ കരിങ്കൽ തൂണുകളിൽ താങ്ങി നിറുത്തപ്പെട്ടിട്ടുള്ള ഒരു വലിയ ബീമുണ്ട്. ഇതും കല്ലുകൊണ്ട് നിർമ്മിച്ചിട്ടുള്ളതാണ്. തുലാസ് തൂക്കാനുള്ള ഹുക്കുകളും ഉണ്ട്. ആഘോഷങ്ങൾ, സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം, ജന്മദിനം എന്നീ വിശേഷ ദിവസങ്ങളിൽ രാജാവ് തുലാഭാരം കഴിക്കുന്നത് ഇവിടെയാണ്. സ്വർണ്ണം ,വെള്ളി, രത്നം എന്നിവയാണ് തുലാസിൻ്റെ മറു തട്ടിൽ വെച്ചിരുന്നതത്രെ! തുലാഭാരത്തിനു ശേഷം ക്ഷേത്രത്തിനും പൂജാരിമാർക്കും അവകാശപ്പെട്ടതാണത്രെ ഇത്.
വിററാല ക്ഷേത്രത്തിൻ്റെ പുറകുവശത്താണ് ഞങ്ങൾ നടന്നെത്തിയത്. മുൻവശത്തുകൂടി വരികയാണെങ്കിൽ ഒരു കിലോമീറ്റർ ദൂരെ വാഹനങ്ങൾ പാർക്ക് ചെയ്യണം. എന്നു കരുതി സന്ദർകർക്ക് നടക്കേണ്ടതില്ല. ക്ഷേത്രം വക ഇലക്ട്രിക് കാറിൽ അമ്പലത്തിലേയ്ക്ക് സൗജന്യമായി കൂട്ടിക്കൊണ്ടു വരും! സ്ത്രീകളാണ് ഈ വണ്ടികൾ ഓടിക്കുന്നത്. ഞങ്ങൾ ക്ഷേത്രത്തിൻ്റെ മുൻവശത്തേയ്ക്ക്... ഹംപിയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രത്തിൽ നാം ആദ്യo കാണുന്നത് കൽ രഥമാണ്. നമ്മുടെ അമ്പതു രൂപ നോട്ടിൽ കാണുന്ന അതേ രഥം . കർണ്ണാടക സർക്കാരിൻ്റെ ടൂറിസം മുദ്രയും ഇതു തന്നെ. കല്ലിലെ കൊത്തുപണികളിൽ അധികവും ദൈവത്തിൻ്റെ പല രൂപങ്ങളാണ്. നൃത്തം ചെയ്യുന്ന നാരിമാരുടേയും ഗജവീരൻമാരുടേയം ചിത്രങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ഇരുപത്തിനാല് പീസുകൾ ചേർത്താണ് ഈ രഥം ഉണ്ടാക്കിയിട്ടുള്ളത്. കുതിരകൾ രഥം വലിക്കുന്ന രീതിയിലാണ് മുൻപുണ്ടായിരുന്നതെന്ന് പറയപ്പെടുന്നു എന്നാൽ ഇന്ന് നമ്മൾ കാണുന്നത് ആനകൾ രഥം വലിക്കുന്ന രീതിയിലാണ്. വലിയ കൽ ചക്രങ്ങളാണിതിനുള്ളത്. വിത്താല ദേവൻ്റെ വാഹനമായ ഗരുഡന് സമർപ്പിച്ചു കൊണ്ട് നിർമ്മിച്ചിട്ടുള്ളതാണിത്. ഈ രഥത്തിനു മുകളിൽ ഗോപുരവും കൂറ്റൻ ഗരുഡൻ പ്രതിമയും ഉണ്ടായിരുന്നുവത്രെ. നൂററാണ്ടുകൾ പഴക്കമുള്ള രഥത്തിൻ്റെ അപകടാവസ്ഥ ഒഴിവാക്കുവാനായി ഇത് നീക്കം ചെയ്തു.
എന്തായാലും ഇന്നും സന്ദർശകരെ ഏറെ ആകർഷിക്കുന്നുണ്ട് ഈ രഥം. ഇതിനു ചുറ്റും സന്ദർശകരുടെ തിരക്കാണ്. കണ്ട് ആസ്വദിക്കുന്നതിനുപരി ഫോട്ടോകൾ എടുക്കാനുള്ള തിരക്ക്.. ഞങ്ങളും കുറച്ചു ഫോട്ടോകൾ എടുത്തു. ഇവിടെയുള്ള ഏതാണ്ടെല്ലാ കാഴ്ചകളും കൃഷ്ണദേവരായർ പണി ചെയ്യിപ്പിച്ചതാണെന്നു പറയുമ്പോൾ ഇതിനായി പണിയെടുത്ത അജ്ഞാതരായ ശില്പികളുടെ കരങ്ങളിലെ തയമ്പാണ് ഞാനോർത്തത്...
വിഷ്ണുവിനെ വിറ്റാല നാഥനായി ആരാധിക്കുന്ന ഈ ക്ഷേത്രത്തിൽ കാഴ്ചകളുടെ ഉത്സവമാണ്...
(തുടരും)
Friday, July 30, 2021
ഹംപി യാത്ര - അജിത രാജന്‍ (ഭാഗം 13)
മണ്ഡപത്തിൽ നിന്നും ഇറങ്ങി ഞങ്ങൾ തുടർക്കാഴ്ചകൾക്കായി നടന്നപ്പോൾ, അസാധാരണമായ വലുപ്പത്തിൽ പണികഴിപ്പിച്ചൊരു അടിത്തറ കണ്ടു.ആർക്കിയോളജി വിഭാഗം പുതിയ എന്തെങ്കിലും കെട്ടിടം പണിയുവാനുളള തുടക്കമാകുമെന്നാണ് ഞാനാദ്യം കരുതിയത്. മുൻപേ നടന്നിരുന്ന അഖിമോനാണ് പറഞ്ഞത് ഇത് രാജ്ഞിയുടെ തകർത്തു കളഞ്ഞ കൊട്ടാരത്തിൻ്റെ ബെയ്സ്മെൻറ് ആണെന്ന്. തറയുടെ ഓരോ കല്ലിലും എന്തെന്തുകൊത്തുപണികളാണെന്നോ.. നൂറ്റാണ്ടുകൾക്കപ്പുറം പണിതിട്ടുള്ള ഈ തറയിലെ കല്ലുകൾ ഇത്രയേറെ ചിത്രപ്പണികളാൽ അലങ്കരിച്ചിട്ടുണ്ടെങ്കിൽ അതിന്മേൽ പടുത്തുയർത്തിയ രാജകൊട്ടാരം എങ്ങിനെയായിരിക്കുമല്ലേ... ഓരോ ആക്രമണത്തിലും വാളിൻ്റെ ചിലമ്പൊലികൾ ശ്രവിച്ച് കൊട്ടാരത്തിലെ പെൺ മനസ്സുകൾ എന്തുമാത്രം വേദനിച്ചിരിയ്ക്കും! നൂറ്റാണ്ടുകൾക്ക് മുൻപ് കടന്നു പോയ കാലത്തിൻ്റെ കുളമ്പടി കേൾക്കുന്നുവോ...
തറയല്ലാതെ ഒരു കല്ലു പോലും അവിടെ അവശേഷിക്കുന്നില്ല. ഹസാര രാമക്ഷേത്രം ആണ് അടുത്ത ലക്ഷ്യം. കുറച്ച് ദൂരം നടക്കാനുണ്ട്. ഹംപിയിലെ ഒരേ ഒരു രാമക്ഷേത്രമാണത്രെ അത്. പുൽത്തകിടിയിൽ കൂടിയാണ് നടത്തo നടക്കുന്ന വഴിയരികിൽ മൈലാഞ്ചിച്ചെടി നട്ട് ഭംഗിയിൽ വെട്ടിനിറുത്തിയിട്ടുണ്ട്. അവിടെ എങ്ങിനേയോ വന്നു പെട്ട ഒരു കൊച്ചു നായക്കുട്ടി.. നല്ല ഓമനത്തവും ഇണക്കവും ഉള്ള കുട്ടി അതിനെ കളിപ്പിച്ചും കൂടെ കൂട്ടിയും നടന്നതിനാൽ രസകരമായിരുന്നു നടത്തം.
കൊട്ടാരവളപ്പിൽ റാണി മന്ദിരത്തിൽ നിന്ന് അധികം ദൂരെയല്ല ക്ഷേത്രം.. ശ്രീരാമനാണ് പ്രതിഷ്ഠ. ഈ ക്ഷേത്രത്തിൽ വിജയനഗര ചക്രവർത്തിമാർ സ്ഥിരമായി ദർശനത്തിനെത്തുമായിരുന്നുവത്രെ. ഇവിടെയിപ്പോൾ പൂജകളൊന്നും തന്നെ നടക്കുന്നില്ല. പതിനഞ്ചാം നൂറ്റാണ്ടിൽ പണിത ഈ ക്ഷേത്രത്തിലെ കൊത്തുപണികൾ...ഹ! അവർണ്ണനീയം.. എങ്ങോട്ടു നോക്കിയാലും വിസ്മയിപ്പിക്കുന്ന കാലാവിരുത്. കൊത്തുപണികളാൽ മനംകവരാത്ത ഒരു കല്ലു പോലും ഇവിടെ കാണാനാവില്ല! ദ്രാവിഡകാല വിരുതിൻ്റെ മായാത്ത കയ്യൊപ്പ്! കാഴ്ചക്കാർ നമിച്ചു പോകും... രാമായണത്തിലെ രാമജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കാഴ്ചകളാണ് ചിത്രങ്ങളിലൂടെ നമുക്ക് കാണുവാനാവുക. ഇനി പുറത്തു കടന്നാൽ ക്ഷേത്രത്തിൻ്റെ ചുറ്റുമതിലിൽ വിജയനഗര സാമ്രാജ്യത്തിലെ വിവിധ കലാരൂപങ്ങളും മറ്റും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. ഇവിടെ ഒരു നൃത്ത മണ്ഡപവും ഉണ്ട്. രാമായണത്തിലെ ലവകുശൻമാരുടെ കഥ ഏതാണ്ട് മുഴുവനും വായിച്ചെടുക്കാനാവും ഈ ചിത്രങ്ങളിലൂടെ.കൂടാതെ ഭാഗവത പുരാണം കൊത്തുപണികളാൽ ചുരുക്കി പ്രതിപാദിച്ചിട്ടുണ്ട് ഇവിടെ. അമ്പലത്തിലേക്കാവശ്യമുള്ള വെള്ളം പുറത്തു നിന്നും കൊണ്ടുവരുവാനായി കല്ലുകൊണ്ടു നിർമ്മിച്ച പാത്തിയും ഇവിടെ കാണാം. ഹസാര രാമക്ഷേത്രത്തിലെ മറക്കാനാവാത്ത ഹൃദ്യമായ കാഴ്ചകളെല്ലാം കൺനിറയെ കണ്ട് മനസ്സിലേക്കാവാഹിച്ച് അവിടെ നിന്നും പോന്നു.
ഉച്ചഭക്ഷണത്തിൻ്റെ പതിവു സമയം കഴിഞ്ഞിരുന്നു.. എല്ലാവർക്കും വിശക്കാൻ തുടങ്ങിയെങ്കിലും അധികം ദൂരത്തല്ലാത്ത കമലാ പുരിയിലുള്ള ആർക്കിയോളജിക്കൽ മ്യൂസിയം കൂടി കണ്ടിട്ട് പോകാം എന്ന തീരുമാനത്തിലെത്തി അങ്ങോട്ട് യാത്രയാരംഭിച്ചു..
ഈ മ്യൂസിയം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് പരിപാലിക്കുന്നത്. ഇവിടെ ഇന്ത്യൻ സന്ദർശകർക്കുള്ള ടിക്കറ്റ് നിരക്ക് പത്തു രൂപയും വിദേശിയർക്ക് 10 ഡോളറുമാണ്.ഇവർക്ക് ഇതേ ടിക്കറ്റിൽ ഹംപിയിൽ ടിക്കറ്റെടുക്കേണ്ട ചില സ്ഥലങ്ങളിൽ കൂടി സന്ദർശിക്കുവാനാകും.
ചുറ്റും ശക്തമായ മതിലോടു കൂടിയ ഇവിടെ പ്രവേശിക്കുമ്പോൾ തന്നെ മുറ്റത്ത് ഹംപി താഴ്വരയുടെ സ്കെയിൽ ചെയ്ത മാതൃകയുണ്ട്. ഈ ഒരു കാഴ്ച മാത്രമാണ് ഇവിടെ സന്തോഷത്തോടെ എനിയ്ക്ക് കാണുവാനായത്. മറ്റൊന്നും കൊണ്ടല്ല തകർത്തെറിയപ്പെട്ട ഹംപി പ്രതാപത്തിൻ്റെ അവശിഷ്ടങ്ങളാണ് ഇവിടെയുള്ളത്. പോലീസ് കാവലിൽ കുറെയേറെ പുരാതന വസ്തുക്കൾ മുറ്റത്തു തന്നെ ഭംഗിയായി പ്രദർശനത്തിനുവച്ചിട്ടുണ്ട്. ഇടയ്ക്കിടെ മനോഹരമായ കുററിച്ചെടികളും കാണാം. നമ്മൾ കണ്ടതും കാണാത്തതുമായ ക്ഷേത്രങ്ങളിൽ നിന്നും കണ്ടെടുത്ത ലോഹം കൊണ്ടും കല്ലുകൊണ്ടുമുള്ള ശില്പങ്ങൾ, വിഗ്രഹങ്ങളുടെ നഷ്ടപ്പെട്ട ഭാഗങ്ങൾ തുടങ്ങി വിജയനഗര സാമ്രാജ്യത്തിൻ്റെ നാണയങ്ങൾ, ലോഹ വസ്തുക്കൾ കയ്യെഴുത്തുപ്രതികൾ ചരിത്രാതീതകാലത്തെ കല്ലുകൊണ്ടുണ്ടാക്കിയ ഉപകരണങ്ങൾ, മൺപാത്രങ്ങൾ അങ്ങനെ പലവക വസ്തുക്കൾ... ഹംപിയുടെ ചുറ്റുപാടുകളിൽ നിന്ന് കണ്ടെടുത്ത പലതരത്തിലുള്ള പുരാതന വസ്തുക്കൾ നമുക്കിവിടെ കാണാം.മ്യൂസിയത്തിൽ മൂന്നു ഗാലറികൾ ഉണ്ട്. ശൈവ, വൈഷ്ണവ ,പലവക എന്നീ പേരുകളിൽ സാധനങ്ങൾ തരംതിരിച്ചാണ് സൂക്ഷിച്ചിട്ടുള്ളത്. എല്ലാ കാഴ്ചകൾക്കും ഒടുവിൽ കരളിലൊരു കട്ടുറുമ്പു കടിച്ച വേദന ബാക്കിയാവുന്നതറിഞ്ഞു ഞാൻ...
(തുടരും)
Friday, July 23, 2021
ഹംപി യാത്ര - അജിത രാജന്‍ - ഭാഗം 12
ഹംപിയിലെ കാഴ്ചകൾ അവസാനിക്കുന്നില്ല .കൽ നിർമ്മിതികളുടെ എണ്ണമറ്റ കാഴ്ചകൾ ഇനിയും ബാക്കി..കണ്ടു കഴിഞ്ഞ ചില ക്ഷേത്രങ്ങളെക്കുറിച്ച് എഴുതാതേയും പോയിട്ടുണ്ട്. എവിടെ നോക്കിയാലും ക്ഷേത്രങ്ങളും പൊട്ടിപ്പൊളിഞ്ഞ സ്മാരകങ്ങളും. വിലപ്പെട്ടതെല്ലാം കവർന്നെടുത്തത്തിനുശേഷo മാസങ്ങളോളമെടുത്ത് തകർത്തു കളഞ്ഞവരുടെ ചോതോവികാരം എന്തായിരിക്കുമെന്ന് ഞാൻ ഇടയ്ക്കിടെ ഓർത്തു പോകുമായിരുന്നു.അവർ ഉപേക്ഷിച്ചു പോയതിൻ്റെ ശേഷിപ്പുകൾ കാണുവാൻ ഓരോ വർഷവും വിദേശികളടക്കം ആയിരക്കണക്കിന് നന്ദർശകരാണ് ഇവിടെ വരുന്നതത്രെ! സമ്പന്നമായിരുന്ന ഹംപിയുടെ അഞ്ചു ശതമാനം പോലും ഇന്ന് ശേഷിക്കുന്നില്ലെന്ന് പറയുമ്പോൾ, തകർക്കപ്പെട്ടില്ലായിരുന്നെങ്കിൽ ഹംപിയൊരു മഹാത്ഭുതം തന്നെയായിരുന്നേനെ! എന്തായാലും നമ്മുടെ കയ്യിലുള്ള പരിമിതമായ സമയത്തിൽ പ്രധാനപ്പെട്ട കുറച്ചു കാഴ്ചകൾ കുട്ടികൾ പ്ലാൻ ചെയ്തിരുന്നു.
Monday, July 12, 2021
ഹംപി യാത്ര - അജിത രാജന്‍ - ഭാഗം 11
ലോട്ടസ് മഹൽ നിൽക്കുന്നിടത്തു നിന്നും കുറച്ചു നടന്നാൽ ആനപ്പന്തി (എലിഫൻറ് സ്റ്റേബിൾ ) നിൽക്കുന്നിടത്തേയ്ക്കെത്താം.. നടക്കുന്ന വഴിയും പരിസവും വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. ആർക്കിയോളജി വിഭാഗത്തിൻ്റെ കീഴിലാണ് ഇപ്പോഴിതെല്ലാം ഉള്ളത്. വഴിയരികിൽ കരിക്ക് വില്പനക്കാർ ധാരാളമുണ്ട്. മണ്ഡരി ബാധിക്കാത്ത നല്ല കരിക്ക് കണ്ടപ്പോൾ എല്ലാവരും കരിക്ക് കഴിച്ചു. മുപ്പത് രൂപയേ ഉള്ളു... ശരീരം റീചാർജ്ജ് ചെയ്തപ്പോൾ എല്ലാവരും ഉന്മേഷത്തോടെ നടന്ന് ആനപ്പന്തിയ്ക്കരികെയെത്തി... കാക്ക പോലും കൊള്ളാത്ത വെയിലത്താണ് നടപ്പ്. വെയിൽ നനയാൻ മടിച്ച് ഞാൻ ആനപ്പന്തിയുടെ വരാന്തയിലേയ്ക്ക് ഓടിക്കയറി.. എന്തു പറയണം...കണ്ടുതന്നെ അറിയേണ്ട നിർമ്മിതിയാണിത്!
രാജാക്കൻമാർ ഉപയോഗിച്ചിരുന്ന ആനകൾക്കുള്ള വിശ്രമസ്ഥലം. അതിൻ്റേതായ എല്ലാ പ്രൗഢിയോടും കൂടിയാണ് ഈ ആനപ്പുരയുടെ പണി. വിശാലമായ പതിനൊന്ന് മുറികൾ ഉണ്ട്. ഇതിൽ ഓരോന്നിലും രണ്ട് ആനകളെ വീതം തളയ്ക്കുവാനുള്ള സൗകര്യമുണ്ട്.നിർമ്മാണം കരിങ്കല്ല് കൊണ്ടാണ് മുറിയുടെ മേൽക്കൂര നല്ല ഉയരത്തിലാണുള്ളത്...രാജകീയ പ്രൌഢി വിളിച്ചോതുന്ന കൊത്തുപണികൾ.. ആനകളെ കെട്ടിയിടാനുള്ള ഇരമ്പു കൊളുത്തുകൾ മുകളിലെ മനോഹരമായ ചിത്രപ്പണികളോടുകൂടിയ തട്ടിന്മേൽ ഇപ്പോഴും കാണാം. ആനകൾ ഉപയോഗിച്ചിരുന്ന സ്ഥലമായിരിന്നിട്ടും ഈ കെട്ടിടത്തിൻ്റെ അകത്തും പുറത്തും വലിയ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. ആനപ്പരിചാരകർക്ക് പ്രവേശിക്കാനായിരിക്കണം മുറിയുടെ പുറകിലും കവാടമുണ്ട്. ആ മുറികളിൽ കയറിയിറങ്ങി നടക്കുമ്പോൾ എൻ്റെ മനസ്സ് വല്ലാത്തൊരവസ്ഥയിലായിപ്പോയി... രാജാവിൻ്റെ സുന്ദരക്കുട്ടപ്പൻമാരായ ആനകൾ എത്ര ആർഭാടമായി ജീവിച്ചിരുന്നയിടമാണിത്! അവയുടെ ചങ്ങലക്കിലുക്കം കേൾക്കുന്നുണ്ടോയെന്നറിയാൻ വെറുതെ ചെവി കൂർപ്പിച്ചു... ശരിയ്ക്കും സമ്പന്നമായിരുന്ന നമ്മുടെ രാജഭരണ കാലം. അതിൽ എത്രയോ സന്തോഷമായി ജീവിച്ചു പോന്ന കുറെ ജീവിതങ്ങൾ... പുറത്തു നിന്നുള്ളവരുടെ ആക്രമണത്തിൽ, കൊള്ളയിൽ എല്ലാം പെട്ടെന്ന് നഷ്ടപ്പെടുന്നു... എന്തൊരു അന്യായം! ജീവനോടെ ബാക്കിയിരുന്നവർ എങ്ങിനെയായിരിക്കും ഈ അവസ്ഥയെ തരണം ചെയ്തത്... ഇങ്ങനെയൊരു നാശം സംഭവിക്കരുതായിരുന്നു... അവരുടെ തലമുറകൾ നിലനിൽക്കേണ്ടതായിരുന്നു...വെറുതെ എൻ്റെ മനസ്സ് കേണു കൊണ്ടിരുന്നു...
കൂടെയുള്ളവരെ തിരഞ്ഞപ്പോൾ അവർ മുറ്റത്തു നിന്ന് കെട്ടിടത്തിൻ്റെ പുറം ഭാഗം നോക്കി കാണുകയാണ്.കൂടെ നിൽക്കുന്ന മറ്റു കാഴ്ചക്കാരോട് അവർ എന്തൊക്കെയോ ചോദിച്ചു മനസ്സിലാക്കുന്നുണ്ട്. ചരിത്രകാരൻമാർക്കും പുരാവസ്തു ഗവേഷണ ശാസ്ത്രജ്ഞൻ മാർക്കും ഒഴിവാക്കാനാവാത്ത ഇടമാണല്ലോ ഹംപി. അതിൽപ്പെട്ടവരാകാം.. എന്തായാലും എനിയ്ക്കും ഉപകാരപ്പെടുമല്ലോ ഞാനും അങ്ങോട്ടു ചെന്നു. വെയിൽ വകവയ്ക്കാതെ എല്ലാവരും നോക്കിക്കാണുകയാണ്. നീളത്തിൽ അറബിക്, പേർഷ്യൻ, ഇന്ത്യൻ എന്നീ സംസ്കാരങ്ങളുടെ മിശ്രണമായാണ് ഇത് പണിതിരിക്കുന്നത്.പതിനൊന്നു മുറികളിൽ പത്തെണ്ണത്തിൻ്റെ മുകളിലും വ്യത്യസ്തമായ ആ കൃതിയിൽ താഴികക്കുടങ്ങൾ നിർമ്മിച്ചിട്ടുണ്ട്. നടുവിലെ താഴികക്കുടം മാത്രം മറ്റൊരു ആകൃതിയിലാണ്. അനകളെ ഉൾപ്പെടുത്തിയുള്ള പരിപാടികൾ നടക്കുമ്പോൾ സംഗീതജ്ഞർക്കും ബാൻ്റ് ട്രൂപ്പിനും ഇരിക്കാൻ പറ്റും വിധമാണ് ഇത് പണി തിരിക്കുന്നത്...
അവിടെ നിന്ന് ഏതാനും ഫോട്ടോകൾ എടുത്തതിനു ശേഷം .ഞങ്ങൾ ക്വീൻസ് ബാത്ത് കാണാനിറങ്ങി.റോയൽ എൻക്ലോഷറിനോട് ചേർന്നാണിതുള്ളത്.വിജയനഗര സാമ്രാജ്യത്തിലെ രാജ്ഞിമാർക്കു കുളിക്കാനുള്ള വലിയ കുളവും കുളിപ്പുരയും.വിജയനഗര സാമ്രാജ്യത്തിലെ അച്ച്യുതായരാണ് തൻ്റെ റാണിമാർക്കും കൊട്ടാരത്തിലെ മറ്റു സ്ത്രീകൾക്കും വേണ്ടി ഇത് പണി കഴിപ്പിച്ചത്, ഇൻഡോ-ഇസ്ലാമിക് ശൈലിയിലുള്ള സവിശേഷമായ രൂപകല്പനയിൽ... കുളപ്പുരയുടെ ചുറ്റും ഒരു കനാലുണ്ട്.ഇതിനെ മറികടക്കാൻ ഒരു പാലവും ഉണ്ട്. ഈ കനാലിൽ നിറയെ വെള്ളം ഉണ്ടാകുമായിരുന്നെന്നും പുറത്തു നിന്നുള്ളവരുടെ പ്രവേശനത്തെ തടയുവാനാണ് ഇതെന്നും പറയപ്പെടുന്നു. ഉള്ളിൽ കയറിയാൽ രാജകീയ ആഡംബരത്തിൻ്റെ മറ്റൊരു ദൃശ്യവിരുന്നാണ് നമ്മെ കാത്തിരിക്കുന്നത്. പുറത്ത് നിന്നു കണ്ടപ്പോൾ ലളിതമായ നിർമ്മിതിയായി തോന്നിയിരുന്നു. അലങ്കരിച്ച ഉൾവശത്ത് ചതുരാകൃതിയിലുള്ള കുളത്തിനു യോജിച്ച വിധത്തിൽ നീണ്ട വരാന്ത 15. ചതുരശ്ര മീറ്റർ വിസ്ത്രീർണ്ണവും 1.8 മീറ്റർ ആഴവുമാണ് കുളത്തിനുള്ളത്. വറ്റിവരണ്ട് കിടക്കുന്ന കുളം കണ്ടപ്പോൾ, ഇതു നിറയെ വെള്ളമുണ്ടായിരു ന്നെങ്കിലെന്ന് വെറുതെ ആശിച്ചു പോയി. ചുറ്റും മനോഹരമായ കമാനങ്ങളും ഇടനാഴികളും... മേൽക്കൂരയില്ലാതെ തുറന്ന ആകാശം കാണാവുന്ന വിധത്തിലാണ് ഇതിൻ്റെ നിർമ്മാണം. കുളത്തിലേക്ക് ഇറങ്ങുവാൻ ഒരു വ ശത്തുകൂടി മാത്രമേ സാധിക്കുകയുള്ളു. ബാൽക്കണിയിലെ കൊത്തുപണികളും അലങ്കാരവും അതി മനോഹരമാണ്. ഓരോ ബാൽക്കണിയ്ക്കും മൂന്നു ജനലുകൾ വീതമുണ്ട്. വരാന്തയിലെ തിണ്ണയിൽ കുളത്തിലേക്ക് നേക്കി ഞാൻ അല്പം നേരം ഇരുന്നു... മനസ്സിൽ റാണിമാരുടെ നീരാട്ടായിരുന്നു...
കുറച്ചു ഫോട്ടോകൾ ക്യാമറയിൽ പകർത്തിയതിനു ശേഷം ഞങ്ങൾ പുറത്തേക്കിറങ്ങി.
(തുടരും)
Wednesday, June 30, 2021
ഭൂമിയിൽ നിന്നും കുഴിച്ചെടുത്ത ക്ഷേത്ര കവാടത്തിലെത്തി ഞങ്ങൾ. ചുറ്റും കരിങ്കൽ നിർമ്മിതമായ ശക്തമായ മതിൽ. ഇതിന്മേൽ സാമാന്യം ഉയരത്തിൽ ഗ്രില്ലിട്ട് കൂടുതൽ സുരക്ഷിതമാക്കിയിട്ടുണ്ട്. വലിയ ഗെയ്റ്റ് കടന്ന് ഉള്ളിലേയ്ക്ക്... ക്ഷേത്രത്തിലേയ്ക്ക് ഇറങ്ങാനുള്ള പടികളുടെ രണ്ടു വശവും പൂന്തോട്ടം നിർമ്മിക്കാനുള്ള പണികൾ നടക്കുന്നുണ്ട്. സമനിരപ്പിൽ നിന്നും ഏകദേശം പത്തടി താഴ്ചയിലാണ് ക്ഷേത്രമുള്ളത്. ഉയർന്നു നിൽക്കുന്ന ഭാഗത്തിൻ്റെ അരിക് കരിങ്കൽ പതിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ട്. മതിലിനു പുറത്ത് ചുറ്റും മാവ് അടക്കമുള്ള വലിയ വൃക്ഷങ്ങൾ തിങ്ങി നിൽക്കുന്നുണ്ടെങ്കിലും ക്ഷേത്ര മുറ്റത്ത് ഒരു പുൽനാമ്പ് പോലും ഇല്ലാതെ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. ഭൂനിരപ്പിന്നടിയിൽ മണ്ണുമൂടി കിടന്നിരുന്ന ഈ ക്ഷേത്രം പുരാവസ്തു വകുപ്പ് ഖനനം ചെയ്തെടുത്തതാണ്. അവശ്യം കൊത്തുപണികളോടുകൂടിയ കരിങ്കൽച്ചുമരുകളിൽ വാതിലുകളൊന്നും കാണുന്നില്ല. ചുറ്റമ്പലവും കഴിഞ്ഞ് വീണ്ടും ഉള്ളിലേയ്ക്ക് ചെല്ലുമ്പോഴാണ് വിഗ്രഹം ഇരുന്നിടം കാണാനാവുക. വിഗ്രഹമില്ലാത്ത ശൂന്യമായ ഇടം. കുറച്ചു നീങ്ങി ഒരു മൂലയിൽ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന പീഠം കിടക്കുന്നുണ്ട്. വിഗ്രഹം നശിപ്പിക്കുന്നതിന്നിടയിൽ തെറിച്ചു പോയതാകാം! ഇവിടെ കാൽപാദം മുങ്ങാൻ മാത്രമുള്ള വെള്ളം കാണുന്നുണ്ട്. തുംഗഭദ്ര നദിയിൽ നിന്നും കനാൽ മാർഗ്ഗം എത്തുന്നതാണത്രെ. പ്രസന്ന വീരുപക്ഷ എന്നാണ് ഇവിടത്തെ ശിവപ്രതിഷ്ഠ അറിയപ്പെട്ടിരുന്നത്. ക്ഷേത്രത്തിനകത്തു നിൽക്കുമ്പോൾ നല്ല തണുപ്പ് ഉണ്ട്. എന്തുകൊണ്ടോ തല കുനിച്ച് അഞ്ജലീ ബദ്ധയായി നിന്നു പോയി ഒരു നിമിഷം ... വിജയനഗര രാജ കുടുംബത്തിലെ അംഗങ്ങൾക്കു മാത്രമേ ഈ ക്ഷേത്രത്തിൽ പ്രവേശനമുണ്ടായിരുന്നുള്ളുവത്രെ. വേനൽക്കാലത്തു മാത്രമേ സഞ്ചാരികൾക്ക് ഇവിടേയ്ക്ക് പ്രവേശനമുള്ളു വർഷ കാലം മുഴുവനും ഇവിടെ വെള്ളം നിറഞ്ഞു കിടക്കും..
അവിടെ നിന്നും തിരിച്ച് കയറിപ്പോരുമ്പോൾ ഹംപിയിൽ ശിവ പ്രതിഷ്ഠയുള്ള എല്ലാ അമ്പലത്തിനുള്ളിനും വെള്ളം ഉണ്ടായിരുന്നുവല്ലോ, എല്ലാം തുംഗഭദ്ര നദിയിൽ നിന്നും വരുന്നതാണല്ലോയെന്നും ഞാനോർത്തു. ഇവിടത്തെ പ്രധാന ജല സ്രോതസ്സ് ഈ നദിയായിരിക്കും... ശിവലിംഗപ്രതിഷ്ഠയ്ക്കുണ്ടായിരുന്ന ഈ ജലസാന്നിദ്ധ്യമായിരിക്കുമോ ഇപ്പോൾ ശിവന് ജലധാര വഴിപാട് ആയി ചുരുങ്ങിയത്... എൻ്റെ മണ്ടൻ ചിന്തകളെ അവിടെ തന്നെ ഉപേക്ഷിച്ചു പോരുകയായിരുന്നു.
ഇനി നമ്മൾ പോകുന്നത് പ്രധാനപ്പെട്ട ഒരു കൂട്ടം നിർമ്മിതികളുടെ കാഴ്ചകളിലേയ്ക്കാണ്... കഷ്ടി ഒരു കിലോമീറററോളം നടക്കണം. വീണ്ടും പൊള്ളുന്ന വെയിലിലേയ്ക്ക്... എന്നിട്ടും ഹംപി യിലെ വിസ്മയങ്ങൾ നമ്മെ മുന്നോട്ട് നയിച്ചുകൊണ്ടേയിരിക്കും! റോഡിലെ വഴിയോര വില്പനക്കാഴ്ചകൾ ഇഷ്ടപ്പെടുന്ന ഞാൻ അത് ആസ്വദിച്ചു നടന്നു. മാർബിൾ കൊണ്ടും കല്ലുകൊണ്ടും ഉണ്ടാക്കിയ ആനകൾ... അതിലൊന്നിനെയെങ്കിലും കയ്യിലെടുക്കാനും വില ചോദിക്കാനും ആഗ്രഹിച്ചെങ്കിലും കൊറോണക്കാലമായതിനാൽ വേണ്ടെന്നു വച്ചു.. കരിമ്പ് കൃഷി ചെയ്യുന്ന പ്രദേശമായതിനാലാകാം ഒരു പാട് പേർ കരിമ്പ് ജ്യൂസ് വില്പനക്കാരായി ഉണ്ട്. രാജേട്ടന് ഇഷ്ടപ്പെട്ട ഒരു വില്പനക്കാരനെ, കണ്ടപ്പോൾ ഞങ്ങൾ ഫ്രഷ് കരിമ്പിൻ ജ്യൂസ് കഴിച്ചു... നമ്മൾ നടന്നുകയറി ചെല്ലുന്ന സ്ഥലം കുറച്ചു ഉയർന്നു നിൽക്കുന്ന ഭൂപ്രദേശമാണ്. മറ്റുള്ള സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ഉള്ളിലേയ്ക്ക് പ്രവേശിക്കണമെങ്കിൽ ടിക്കറ്റ് എടുക്കണം ഒരാൾക്ക് മുപ്പത്തിയഞ്ച് രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാൽ കൊറോണക്കാലമായതിനാൽ പണമായി വാങ്ങില്ലെന്നും ഒറിജിനൽ തിരിച്ചറിയൽ രേഖ വേണമെന്നുമായി. കുറച്ചു സമയം പിടിക്കും അമ്മ ആ തണലിൽ പോയിരുന്നോളു എന്ന് മോൻ പറഞ്ഞപ്പോൾ ഞാൻ അങ്ങോട്ടു നടന്നു.അവിടെ കുറച്ചു പേര് ഇതു പോലെ കാത്തിരിക്കുന്നുണ്ട്. കുടുംബമായി വരുന്നവരും പ്രണയിതാക്കളും എല്ലാമുണ്ട് കൂട്ടത്തിൽ... ഇ. പേയ്മെൻ്റിലൂടെ പണമടച്ച് ഞങ്ങൾ ഉള്ളിൽ പ്രവേശിച്ചു. നീണ്ടു കിടക്കുന്ന നടപ്പാതയുടെ ഇരുവശവും ചെടികൾ വച്ച് ആകർഷകമാക്കിയിട്ടുണ്ട്. അവിടെ കരിക്ക് വില്പന മാത്രം അനുവദിച്ചീട്ടുണ്ട്. സന്ദർശകർക്ക് നടന്നു കാണാൻ ഏക്കർക്കണക്കിന് സ്ഥലമാണു കിടക്കുന്നത് അതുകൊണ്ടായിരിക്കാം... കുറേ സ്ഥലം പുല്ലുപിടിപ്പിച്ച് ഭംഗിയാക്കി ഇട്ടിട്ടുണ്ട് കൂടാതെ വൃത്തിയാക്കി കൊണ്ടേയിരിക്കാൻ ധാരാളം സ്ത്രീത്തൊഴിലാളികൾ ചൂലും പിടിച്ച് നടക്കുന്നുണ്ട്...
ഞങ്ങൾ ആദ്യം കണ്ടത് ലോട്ടസ് മഹൽ ആണ്. ഇത് വാസ്തുവിദ്യയുടെ വിസ്മയം തന്നെയാണ്! താമരയിതളുകളുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന അതി മനോഹരമായ നിർമ്മിതി. രാജാക്കൻമാർ യുദ്ധത്തിനു പോകുമ്പോൾ രാജ്ഞിമാർ ഇവിടെയാണ് താമസിക്കുന്നത്. ഈ അന്ത:പുരത്തിന് ആയുധധാരികളായ സ്ത്രീപ്പടയാളികളും കാവൽ നിന്നിരുന്നു. അമ്പതടിയോളം ഉയരത്തിലുള്ള മതിലിനാൽ സുരക്ഷിതമായിരുന്നു ലോട്ടസ്മഹൽ.. ഞങ്ങൾ ഇതിൻ്റെ ചുറ്റും നടന്നു നോക്കി... ഒരു താമരപ്പൂവിൻ്റെ ചുറ്റും കാണുന്നതുപോലെ എല്ലാ ഭാഗവും ഒരുപോലെ. അത്ഭുക്കാഴ്ച തന്നെ!... ഇതിൻ്റെ ചുമര് തേച്ചിരിക്കുന്നത് ചുണ്ണാമ്പ്, മുട്ട,മണ്ണ് ഇവയുടെ മിശ്രിതം കൊണ്ടാണെന്ന അറിവ് എനിക്ക് ആശ്ചര്യമായി! രണ്ടു നിലകളിലുള്ള ഈ കെട്ടിടത്തിൻ്റെ താഴെ ഭാഗം മണ്ഡപമായും മുകൾനില താമസിക്കാനുള്ള സ്ഥലമായും ആണ് പണിതിരിക്കുന്നത്. അലങ്കാരത്തിനായി ചുമരിൽ ഒട്ടിച്ചിരുന്ന വില പിടിപ്പുള്ള കല്ലുകൾ അടർത്തിയെടുത്തതിൻ്റെ പാടുകൾ ചുമരിൽ നമുക്ക് വ്യക്തമായി കാണാം.ഇൻഡോ ഇസ്ലാമിക് വാസ്തുശില്പകലയുടെ സാക്ഷ്യമാണ് ലോട്ടസ് മഹൽ. നമ്മുടെ പൂർവ്വികരുടെ കലാബോധത്തെ അഭിമാനപൂർവ്വം സ്മരിച്ചു കൊണ്ട്
ഞങ്ങൾ ഇവിടെ നിന്നു തൊട്ടരികിലുള്ള ആനപ്പന്തിയുടെ അരികിലേയ്ക്ക് നടന്നു...
(തുടരും)
Saturday, June 26, 2021
ഹംപി യാത്ര - അജിത രാജൻ. (ഭാഗം 9)
ഹേമകൂട കുന്നിൻ്റെ പടിഞ്ഞാറ് ഭാഗത്താണ് ഉഗ്രനരസിംഹമൂർത്തിയുടെ ക്ഷേത്രം. ഞങ്ങൾ അങ്ങോട്ട് നടന്നു.. കൊറോണക്കാലമായിരുന്നിട്ടും തിരക്കുണ്ടല്ലോയെന്ന എൻ്റെ ചിന്ത വാക്കുകളായി പുറത്തു വന്നപ്പോൾ മോൻ പറഞ്ഞത് ഇതൊന്നും തിരക്കേയല്ല, ഒരു വർഷം മുൻപ് അവരിടെ വന്നപ്പോൾ, ധാരാളം വിദേശിയർ ഇവിടെ വന്ന് മാസങ്ങളോളം നടന്ന് കാണുന്നു എന്നാണ്. സൈക്കിളും ഓട്ടോയും കാറുമെടുത്ത് എല്ലാ കാഴ്ചകളിലേയ്ക്കും എത്തുന്നുവത്രെ! തകർത്തു തരിപ്പണമാക്കിയിട്ടും എത്ര മാത്രം വിസ്മയങ്ങളുടെ കൂമ്പാരമാണിവിടെ! കല്ലുകൾ പൂത്തു നിൽക്കുന്ന ഹംപിയിലെ ഓരോ കല്ലിനും ഓരോ കഥ പറയുവാനുണ്ടാകും..
വിഷ്ണുഭഗവാൻ്റെ ഇരിപ്പിടമായ ഏഴു തലയുള്ള ആദിശേഷൻ്റെ പുറത്തിരിക്കുന്ന രൂപത്തിലുള്ള നരസിംഹ പ്രതിമയാണ് ഇവിടെയുള്ളത്. ശരിയ്ക്കും നോക്കിയാൽ ഈ വിഗ്രഹത്തിൽ ഒരു കൈപ്പത്തികൂടി കാണാം, നരസിംഹമൂർത്തിയുടെ മടിയിൽ ലക്ഷ്മീദേവി ഇരിക്കുന്ന രൂപത്തിലായിരുന്നുവെന്നും മുഗളരുടെ ആക്രമണത്തിൽ ലക്ഷ്മീദേവിയുടെ ബാക്കി ഭാഗം നഷ്ടപ്പെട്ടുവെന്നുമാണ് പറയുന്നത്. വളരെ സുന്ദരമായൊരു ശില്പമാണ് നമുക്ക് നഷ്ടപ്പെട്ടതെന്നതിൽ സംശയമില്ല. നരസിംഹമൂർത്തിയുടെ രൂപവും രൗദ്രതയും കണ്ട് ഭയന്നിട്ടായിരിക്കുമോ അവരത് തകർക്കാതെ പോയതെന്ന് ഞാനോർത്തു... പുറത്തു കടന്നപ്പോൾ പാറയുടെ മുകളിൽ ചുവന്ന പൂക്കളുള്ള ഒരു പാലമരം... ഇവിടെ ഒരു ആഞ്ജനേയ ക്ഷേത്രം ഉണ്ട്... അവിടേയും ഞങ്ങൾ തൊഴുതു. ഇവിടേയും പൂജകളൊന്നും നടക്കുന്നില്ല.
പൊള്ളുന്ന സൂര്യകിരണങ്ങളാൽ അർച്ചന ചെയ്ത് ഹംപി നമ്മെ ഒന്നിൽ നിന്ന് മറ്റൊന്നിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നു... ഗ്രൂപ്പ് ഓഫ് ടെoമ്പിൾസിൽ ഇനിയുള്ളത് ബടവ ശിവക്ഷേത്രമാണ്. കനാലിലൂടെ ഒഴുകിയെത്തുന്ന വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്നു ഇവിടത്തെ ശിവലിംഗം. ഭൂനിരപ്പിൽ നിന്ന് അല്പം താഴ്ത്തിയാണ് ഇതിൻ്റെ നിർമ്മാണം.'ബടവ' എന്നാൽ ദരിദ്ര എന്നർത്ഥം. ദരിദ്രയായ ഒരു സ്ത്രീയാണ് ഈ വിഗ്രഹം നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. തനിക്ക് സൗഭാഗ്യങ്ങ ളുണ്ടാകാൻ വേണ്ടിയായിരുന്നു വത്രെ. ആഡംബരങ്ങളൊന്നുമില്ലാത്ത ഈ ക്ഷേത്രത്തിലേയ്ക്ക് ചെല്ലുമ്പോൾ ഒരു ചെറിയ വീടിൻ്റെ മുൻവശത്തെത്തിയ പ്രതീതി. ഉള്ളിലേയ്ക്ക് പ്രവേശിക്കുമ്പോൾ നല്ല ഇരുട്ട്... വെയിലത്തു നിന്നും വന്നതുകൊണ്ടാകാം എന്നു ഞാൻ ധരിച്ചത് വെറുതെയാണെന്ന് പിന്നീട് മനസ്സിലായി. എന്തൊക്കെയായാലും അവിടെ നിന്നു തൊഴുതപ്പോൾ എന്നിൽ വല്ലാത്തൊരു അനുഭൂതി നിറയുന്നത് ഞാനറിഞ്ഞു. കണ്ണുകൾ നിറയുന്നുവോ... മനസ്സ് എന്തിനോ വേണ്ടി കേഴുന്നതു പോലെ... വിഗ്രഹത്തിനു ചുറ്റും വെള്ളമുണ്ട്. എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാഴ്ച ചെറിയ തോതിലെങ്കിലും അവിടെ പൂജ നടത്തുന്നത് ഒരു സ്ത്രീയാണ് എന്നതാണ്.വളരെ മെലിഞ്ഞു കറുത്ത സാരിയുടുത്ത ഒരു സ്ത്രീ. അവർ ഒരു തട്ടത്തിൽ ഭസ്മവുമായി ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു. ദക്ഷിണ കൊടുത്ത് ഭസ്മം തൊട്ടു കഴിഞ്ഞപ്പോൾ മനസ്സിന് നല്ല തൃപ്തി തോന്നി. ക്ഷേത്രത്തിനടുത്ത് പാറയിൽ തീർത്ത കൊച്ചു പൊയ്ക പോലെ ഒരിടമുണ്ട്... അതിൽ വെള്ളവും ഉണ്ട്. ഇവിടെയിരുന്ന് സന്ദർശകർ ഫോട്ടോകൾ എടുക്കുന്നു... തൊട്ടു തന്നെ കാണുന്നത് വലിയ പാറക്കൂട്ടമാണ്.
അടുത്ത കാഴ്ചകൾക്കായി ഞങ്ങൾ കുന്നിറങ്ങി കുറച്ചു ദൂരം നടന്നപ്പോൾ കണ്ട മറ്റൊരു ക്ഷേത്രമാണ് ബദാവിലിംഗ ക്ഷേത്രം... മറ്റൊരു അത്ഭുത കാഴ്ചയായിരുന്നു ഇവിടുത്തെ ശിവപ്രതിഷ്ഠ മൂന്നു മീററർ ഉയരത്തിലുള്ള ശിവലിംഗം !വിജയനഗര ഭരണാധികാരികളുടെ കാലത്താണ് ഈ ക്ഷേത്രം പണിതിട്ടുള്ളതെന്ന് പറയപ്പെടുന്നു .ഇവിടേയും ക്ഷേത്ര പ്രതിഷ്ഠയോട് ചേർന്ന് വെള്ളം നിറഞ്ഞു കിടക്കുന്നുണ്ട്... അസാധാരണമായ ഒരു കാഴ്ചയാണിത്. ഒരു പാട് സ്ഥലങ്ങൾ ഇനിയും കാണാനുള്ളതിനാൽ ഞങ്ങൾ വേഗം നടന്നു...
ഭൂമിക്കടിയിൽ നിന്നും കുഴിച്ചെടുത്ത ശിവക്ഷേത്രം കാണുക എന്നുള്ളതാണ് അടുത്ത ലക്ഷ്യം കുറച്ചു നേരം റോഡിലൂടെ നടന്നു വേണം അവിടെയെത്താൻ റോഡ് സൈഡിൽ ടൂറിസ്റ്റുകളെ പ്രതീക്ഷിച്ച് പല വിധ സാധനങ്ങളുടെ വില്നക്കാർ.. ഇവിടെ നിന്നും ഞങ്ങൾ കരിക്ക് കുടിച്ചു.. ബാഗും മറ്റു കൗതുകവസ്തുക്കളുമായി വില്പനയ്ക്കിരിക്കുന്ന സ്ത്രീകൾ. ഒരു നിമിഷവും വെറുതെ കളയാതെ അവിടെ തന്നെ ഇരുന്നു കൊണ്ട് അവയുടെ നിർമ്മാണത്തിലാണ്. അവരുടെ കൈവേഗം കാണേണ്ടതു തന്നെയാണ്... നിർമ്മാണവും വില്പനയും ഒരേ സമയം നടക്കുന്നതിനാൽ സമയലാഭം മാത്രമല്ല ഇടനിലക്കാരുടെ കൊള്ളയും ഒഴിവാക്കാനാകുമല്ലോ എന്നോർത്തു കൊണ്ട് വേഗം കരിക്കു കുടിച്ച്, മണ്ണിന്നടിയിൽ നിന്നും കുഴിച്ചെടുത്ത ശിവക്ഷേത്രo കാണാനുള്ള ആകാംഷയോടെ നടന്നു... നോബിൾസ് മാൻ ക്വാട്ടേഴ്സിൻ്റെ അടുത്തുകൂടിയാണ് ഞങ്ങളുടെ യാത്ര...
(തുടരും)

















































