Wednesday, June 12, 2019

പാവം മഴത്തുള്ളികൾ


                 കവിത


ഡോ. പത്മിനി ഗോപിനാഥ്




ജലകണികകൾ
നടുമുറ്റത്തിററിറ്റു
വീണപ്പോൾ
അമ്പരന്നു ഞാൻ
 ഒരു നിമിഷം
ദൈവമേ
മറഞ്ഞു പോയോയെൻ
ഗ്രീഷ്മകാലം
മധുരം
നിറഞ്ഞൊരു മാമ്പഴക്കാലം
മുറ്റമാകെ കടലായി മാറിയ നേരം
ഒരു തുള്ളി ദാഹജലത്തിനായ്
കാതോർത്തു കേണ
വേഴാമ്പലിൻ്റ
ദുഃഖമൊന്നോർത്തു
പോയി വെറുതെ
ഞാൻ
 തുള്ളിക്കൊരു
കടമായ്
പേമാരി
ചൊരിഞ്ഞപ്പോൾ
ഉള്ളൂ നിറഞ്ഞ് കുളിർന്നു
വൃക്ഷലതാദികളെല്ലാം
ഒരു നിമിഷം
ഓലക്കുടയും
ചൂടി
വിദ്യാലയത്തിലേക്കോടിയോടിപ്പോയിരുന്ന
എൻ്റെ
ബാല്യത്തിലേക്ക്
തിരിഞ്ഞൊന്നു
നോക്കി ഞാൻ
കാൽത്തളകൾ പോലെ
കിലുങ്ങിയൊഴുകുന്ന
മഴവെള്ളമെൻ്റെ
കൂട്ടായിരുന്ന

കുട്ടിക്കാലം
മേഘമാലകളിൽ
നിന്നു
പൊട്ടിച്ചിതറി
നിളയിൽ
തുളി ക്കു ന്ന
തീർത്ഥത്തുള്ളി പോലെ സ്ഫടിക മണികൾ
പോലെ
മഴത്തുള്ളികൾ
കുളിർ വാരി
ച്ചൊരിയുന്ന
പാവം
മഴത്തുള്ളികൾ.

മഴ, ജനാലയ്ക്കപ്പുറവും ഇപ്പുറവും..

........................................

കവിത


     P N രാജേഷ് കുമാർ



മഴ, ജനാലയ്ക്കപ്പുറത്ത്
വന്മരത്തിന്റെ
പൊടിപുരണ്ടയിലകളെ കഴുകി
തായ്ത്തടിയുടെ
 ചുക്കിച്ചുളിഞ്ഞ
തണ്ടിലൂടൂർന്ന്
വറ്റിവരണ്ടയതിന്റെ
 വേരുനാവിലൂടെ
തൊണ്ടക്കുഴിയിലേക്ക്
തന്നുപ്പായ് പടർന്നിറങ്ങി...

മഴ, ജനാലയ്ക്കപ്പുറത്ത്
ചുട്ടുപൊള്ളിക്കുന്ന
നഗരകാമനകളെ
തഴുകിയൊഴുകി
ആതുരാലയത്തിലെയും ആരാധനാലയത്തിലെയും
കോടതി പരിസരത്തെയും
മാലിന്യങ്ങളെയൊന്നാക്കി
മദിച്ച് രസിച്ച് ഒഴുകിയകന്നു....

മഴ, ജനാലയ്ക്കപ്പുറത്ത്
പറന്നു തളർന്ന
ചിറകുകളിലെ
വിയർപ്പുകണങ്ങളെയും
പുഴയുടെ ഇരുകരകളി -
ലുമൊളിപ്പിച്ചിരുന്ന
കനവുകളെയുമൊന്നാക്കി
കടലാഴങ്ങളിൽ
പ്രണയത്തിന്റെ
ഉപ്പു രുചിച്ചുറങ്ങി....

എന്നാൽ,

മഴ, ജനാലയ്ക്കിപ്പുറത്ത്
വേദനയുടെ
ഒറ്റമുറിമൂലയിലെ
കാലിളകിയ കസേരയിൽ
ജനൽതിരശ്ശീല
മാറ്റിനോക്കുന്ന
അതിജീവനത്തിന്റെ
വറ്റിവരണ്ട മിഴികളിൽ
കണ്ണീർനനവായ്
പെയ്തിറങ്ങി.....

കേവലം നീരല്ല നീ..


                           കവിത

അജിത രാജൻ



തനുവിലൂറുന്ന സ്വേദം
ഊറ്റി കുടിക്കുന്ന താപം
അരമണി
കുലുക്കിയെത്തി
വാളുമായുച്ചിയിൽ നിൽക്കേ,
തപസ്സിലാണിന്നു
ജീവന്റെ വേരുകൾ...
കുളിരുതേടുന്നു
ഹരിതാഭമാകുവാൻ;
തിരയുന്നുണ്ടാകാശസീമയിൽ
ജീവാമൃതമാം വ്യോമതീർത്ഥം!!

മണ്ണിന്നടിയിൽ മയങ്ങും വിത്തിനെ
തുരുതുരെയിക്കിളിയിട്ടുണർത്താൻ,
കവിതയിൽ മുത്തുകൾകോർക്കാൻ
താഴെ കൊമ്പിലെ കൊച്ചു കിളിക്കു, കല്യാണസൗഗന്ധികത്തിൻ
സ്നിഗ്ധമാം ശയ്യയിൽ
തൂവൽ പുതച്ചിരിക്കാൻ...
താളത്തിലാടും മാരി തൻ നാദംകേൾക്കെ,
നിന്നധരങ്ങളാലൊരുമ്മയേൽക്കെ
അറിയുന്നു, കേവലം നീരല്ല നീയെന്ന്..!!

വികാരങ്ങളെ മെല്ലെയുണർത്തി
ധരണി, ഭാവങ്ങൾ നെയ്യും നേരം,
വെയിൽ നനയുമ്പോൾ
എരിയുന്ന മഴയെ കൊതിക്കും...
മോഹചക്രവാളങ്ങളിൽ
ജലച്ചാമരം വീശും...
വിണ്ടലം മെല്ലെയിടിച്ചിറക്കി നീ
മൺമണ്ഡലെ ചിറകൾ തകർത്തെറിഞ്ഞു
ഭ്രാന്തു പെയ്തു ചോര തുപ്പിടല്ലേ
യെങ്കിലേ വ്യോമതീർത്ഥം 
ജീവ തീർത്ഥമാകൂ...!!

Tuesday, June 11, 2019

വ്യോമതീർത്ഥം  

-----------------                കവിത

ശ്രീദേവി



ആകാശസീമകൾക്കപ്പുറം നിന്നിതാ,
ഒരുതുളളി മഴയായി മണ്ണിലൂർന്നു...
ആർദ്രമാം സ്നേഹമായ് നനവാർന്നൊരോർമ്മയായ് മാനസ്സത്തീരത്തു വീണലിഞ്ഞു..

മഴപെയ്തുനിറയുന്ന തൊടിയുടെ കോണിലെ,
ഒരുമുറിഇന്നെന്നിൽ ബാല്യമായീ..
അവിടെയാമുറിയിലായ് എന്നെ തളച്ചമ്മ
റാങ്കെന്ന സ്വപ്നത്തിൻ  വിത്തുനട്ടൂ..

മേഘമായ്മാറിയാ പുല്ക്കൊടിതുമ്പിനെ, കെട്ടിപ്പിടിക്കാൻ കൊതിക്കുമെന്റെ-
മഴവില്ലിൻ നിറമുളള സ്വപ്നങ്ങളൊക്കെയും
മാമരപെയ്ത്തിൽ വിതുമ്പലായീ.

അഴികൾ നിറഞ്ഞൊരാ കാഞ്ചന കൂട്ടിൽ ഞാൻ
ചിറകറ്റ രാക്കിളി മാത്രമായീ...

വീണ്ടും വരുന്നിതാ ഇടിയായി മിന്നലായ്,
എന്നിൽ നിറയുവാൻ വ്യോമതീർത്ഥം..

പേരക്കിടാങ്ങളുമായമ്മ മുററത്തു,
മഴയേററു നനയുന്ന കാഴ്ച്ചനോക്കീ-
ഡോക്ടറായ്യീവിധം
വീട്ടിലിരിക്കുന്ന ഇത്തിരിനേരമെൻ ഓർമ്മയെല്ലാം.
തുളളിത്തുളുമ്പി മഴയായൊഴുകിയെൻ കൗമാരനാളിലേക്കെത്തി നോക്കേ.

ഒരു കുഞ്ഞു നൊമ്പരമന്നേരമറിയാതെ
ദാവണിസ്വപ്നമായ് നെഞ്ചിലെത്തി...

മഴയേറ്റു മൺക്കൂനക്കുളളിലുറങ്ങുമെൻ,
സ്വപ്നത്തെ നെഞ്ചിലൊതുക്കിഞാനും,
ഇന്നീ മഴയുടെ മടിയിൽകിടന്നോട്ടെ
തീർത്ഥമായെന്നിൽ പതിച്ചിടാമോ,
എന്റെ ഹൃത്തിലൊഴുകുമരുവി പോലെ...

💦 മഴ💦              - കവിത


🌧🌧🌧🌧🌧

ഡോ.വിനിത അനിൽകുമാർ



കാത്തിരുന്നു കിട്ടിയ നിധിപോലെ,
നോക്കിയിരുന്നു പെയ്തൊരു മഴ...

ചോദ്യം ചെയ്യപ്പെട്ട അപരാധിയെപ്പോലെ,
ചിണുങ്ങിക്കരഞ്ഞ്,
ഏങ്ങിയേങ്ങി ചുണ്ടുകോട്ടി,
നെഞ്ചത്തലച്ചലറിപ്പെയ്യുന്ന മഴ..

വെയിൽവെങ്ങാരം നൂണ്ടു കയറിയ ജനൽപ്പാളികളിൽ
മുഷ്ഠി കൊണ്ടിടിച്ചൊച്ചവച്ച്,
എത്തിനോക്കവേ പെട്ടെന്നു മാറിനിന്ന്
നിക്കറിട്ടയഞ്ചുവയസ്സുകാരന്റെ
കുസൃതിത്തരങ്ങളുമായി പെയ്തിറങ്ങിയ മഴ...

മുറ്റത്ത് ഓളം വെട്ടുന്ന വെള്ളത്തിലെ കടലാസു വള്ളങ്ങളായി
 ബാല്യമൊഴുകി നടക്കവേ,
പൊടിമീശക്കാരന്റെ കുറുമ്പുകാട്ടിയാഞ്ഞു പെയ്ത്
മനസ്സിൽ സുഖമുള്ള നൊമ്പരത്തുള്ളികൾ
 വാരി നിറച്ചൊരു മഴ...

കടന്നു വരാനാരുമില്ലാതെയടഞ്ഞ പടിപ്പുരയ്ക്കകത്തേക്ക്
 നിഷേധിയുടെ കാല്പ്പ്പെരുമാറ്റത്തോടെയോടിക്കയറിയ മഴ..

മാമ്പൂക്കളിലും നെൽക്കതിർക്കുലകളിലും
റിബലിസം പെയ്ത്
 അശാന്തിയുടെ മേളപ്പെരുക്കങ്ങളോടെയൊരു മഴ...

ചീവിടുപാട്ടിന് താളംകൊട്ടി,
പോക്കാച്ചിത്തവളകളുടെ വായ്ത്താരിക്ക് മൃദംഗവാദനവുമായി
പാതിരാക്കാറ്റിന്റെ കൈയും പിടിച്ചൊരു മഴ...

മഴയുടെ സംഗീതം പതിഞ്ഞ മന്ത്രസ്ഥായിയിലെ സരളവരിശ പോലെയാണ്..

മഴയുടെ സൗന്ദര്യം,
നിലാവുനനഞ്ഞ ഭൂമിയുടെ
വശ്യമാദകാകർഷണം പോലെയാണ്..

മഴയുടെ സൗഭഗം
മാമ്പൂവാസനയിലുറഞ്ഞ
മണ്ണിന്റെ
പുതിയ ഗന്ധമുയരും പോലെയാണ്...

മഴ എന്നും
സ്മൃതിപഥങ്ങളിലെ
ചില്ലുചിത്രങ്ങളെ
തുടച്ചുമിനുക്കുന്നൊരു
പട്ടുപാവാടക്കാരിയാണ്...

ഒരുപാടു കിനാക്കളിൽ
ഒളിച്ചും പാത്തും നിന്ന്,
മനോരഥങ്ങളുടെ ഏകാന്ത താഴ്വരകളിൽ
ചാഞ്ഞും ചരിഞ്ഞും കള്ളനോട്ടങ്ങളെറിഞ്ഞ
സ്വപ്നസുന്ദരിയാണ്...

അതെ, മഴ എന്നും ഒരു കുളിർ സ്പർശവും
തണുവാർന്നൊരനുഭൂതിയുമാണ്...

മണ്ണിനും ❣
മനസ്സിനും❣




Saturday, April 21, 2018

കവിത - കെ. ബി. മധുസൂദനൻ

കെ.ബി. മധുസൂദനൻ



കാത്തിരിപ്പ്


ഒരു ചെറു നാളമായ്, പന്തമായ്, ഗോളമായ്
കത്തി പ്രകാശിക്കുവാനായ് കൊതിച്ചു ഞാൻ
എൻമനക്കാമ്പിൽനിന്നൂർജoവലിച്ചുകൊണ്ട- മ്പരംപോൽവ്യാപ്തമാകാൻകൊതിച്ചു ഞാൻ '

ദിക്കാകയൊക്കെപ്പരതിയെൻ ദൃഷ്ടികൾ
ദൃഷ്ടാന്ത മെത്രയാണെത്രയെന്നോതുവാൻ
നാടും നഗരവും ചുറ്റിയീ ധിഷ്ണയും
ദീർഘമായ് തർക്കിച്ചു തെറ്റും ശരികളും
വേറിട്ട ശബ്ദം ഉയിർക്കൊണ്ടിതെന്നുളളി-
ലിക്കാല മക്കലികാലമെന്നോർക്കണo
നല്ലതേ നല്ലതേ ചെയ്െതന്നിരിക്കിലും
നല്ലതല്ലെന്നുവരുത്തുവാനാളുകൾ
നാളം കണക്കെത്തെളിയാൻ കൊതിക്കവെ
തോയം തളിച്ചങ്ങണയ്ക്കുവാനാളുകൾ
വേണ്ട വേണ്ടിത്തരം ബുദ്ധിമോശം വേണ്ട
കാത്തിരിക്കിന്നിനിക്കാലം വരുന്നേരം.

തീർക്ക പടച്ചട്ടനല്ലതെന്നാകിലോ
ബുദ്ധിയും ചിന്തയും തീഷ്ണമായ് ചാലിക്ക
നേർവഴിക്കായ് നടക്ക, നടക്കയീ തീയിൽ
സ്വയം ചുട്ടുപൊള്ളിത്തിളയ്ക്കുക.
                 

കെ.ബി. മധുസൂദനൻ

Wednesday, April 18, 2018

കവിത - ഷാബു പ്രസാദ്

പ്രണയാഹുതി 

_______________

കാണാത്ത നോട്ടം
നുണയാത്ത മധുരം
അറിയാത്ത ചുംബനം
ഒരുപരിരംഭണം

പെയ്യാതെ മഴയും
പൊടിയാതെ വേർപ്പുമായ്
പിണയാതെ കൈപ്പടം
നുകരാത്ത രുചികളും

ചുഴലുന്ന കണ്ണിണ
വിറയാർന്ന ചുണ്ടുകൾ
ഉയരുന്ന വേഗങ്ങൾ
ഘനമാർന്ന മൗനങ്ങൾ

അടയുന്ന കൺകളിൽ
അറിവിൻ ഗുഹാമുഖം
കനകാദ്രി മുനകളിൽ
കനിവിന്റെ തേൻനിറം

കടലാണ് നീ സഖീ
അരയനാണിന്നു ഞാൻ
കടലാഴമിന്നിതാ
നിൻദേഹമല്ലയോ

ഒരുവേളയെന്നെ നീ
മൃതമാക്കുമെങ്കിലും
കഴിയില്ലെനിക്കു നി-
ന്നാഴം വെടിയുവാൻ

ഇതുതന്നെ സുകൃതം
ഇതുതന്നെ പ്രണയവും
ഇനിവേണ്ട മറ്റൊരു
കനവിൻ നിലാവൊളി

Friday, April 13, 2018

മാറ്റത്തിന്റെ അലകളുയർത്തി തപസ്യ സർഗ്ഗവസന്തം സാഹിത്യ സംഗമം


------------

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച സർഗ്ഗവസന്തം സാഹിത്യ സംഗമം മലയാള സാഹിത്യലോകത്ത് പുതിയ ഭാവുകത്വത്തിന്റെ അലകളുയർത്തുന്നതായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി എത്തിച്ചേർന്ന നാല്പതോളം കവികളും കഥാകൃത്തുക്കളും ചേർപ്പ് തുഞ്ചൻ സ്മൃതിവനത്തിലൊത്തു ചേർന്നപ്പോൾ കടുത്ത വേനൽച്ചൂടിലും കവിതയുടെ പെരുമഴപെയ്തു. മലയാള സാഹിത്യത്തിന്റെ നവ ഭാവുകത്വം തുഞ്ചത്താചാര്യന്റെ ഭാഷാപാരമ്പര്യത്തിലഭിമാനിക്കുന്നതും, പ്രാചീന ആധുനിക കവിത്രയങ്ങളുടെയും, ആധുനികതയുടെയും, ശക്തമായ ആശയാവിഷ്കാരത്തിന്റെയും പാത പിൻതുടരുന്നതുമാണ് എന്നതിന്റെ പ്രഖ്യാപനം കൂടിയായിരുന്നു സാഹിത്യ സംഗമം. ദേശീയതയെ തള്ളിപ്പറയുന്നതും, ഭാരതീയവും കേരളീയവുമായ സാംസ്കാരിക ബിംബങ്ങളെ അവഹേളിക്കുന്നതുമാണ് പുരോഗമനമെന്നും, ആധുനിക കവിതയെന്നുമുള്ള ഭരണകൂടം നട്ടുവളർത്തുന്ന ചില കവിനാട്യക്കാരുടെ ജല്പനങ്ങൾക്കുള്ള ശക്തമായ മറുപടി കൂടിയായിരുന്നു സാഹിത്യ സംഗമത്തിൽ അവതരിപ്പിക്കപ്പെട്ട കവിതകൾ. മലയാള സാഹിത്യ ലോകത്ത് വളർന്നുവരുന്ന കവികളും, കഥാകൃത്തുക്കളും തപസ്യ കലാസാഹിത്യവേദിയോടൊപ്പം ദേശീയതയുടെയും, മാനവികതയുടെയും വക്താക്കളാണെന്നും, മനുഷ്യന്റെ തലകൊയ്യുന്ന അക്രമരാഷ്ട്രീയത്തിന്റെയും, അന്നം വിളയിക്കുന്ന കർഷകനെ വയലേലകളിൽ നിന്നും കുടിയിറക്കുന്ന ഭരണകൂട ഭീകരതയുടെ ചൊൽപ്പടിക്കുനിൽക്കുന്നവരല്ലെന്നുമുള്ള സാഹിത്യലോകത്തിന്റെ നയവ്യതിയാന വിളംബരം കൂടിയായിരുന്നു സർഗ്ഗവസന്തം സാഹിത്യ സംഗമം. തൃശൂർ ജില്ലയിലെ ചേർപ്പ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂളിൽ സ്ഥാപിക്കപ്പെട്ട തുഞ്ചത്ത് എഴുത്തച്ഛന്റെ ശില്പത്തിനു മുന്നിൽ സംഘടിപ്പിക്കപ്പെട്ട സാഹിത്യ സംഗമം പ്രശസ്ത നോവലിസ്റ്റ് ഗംഗാധരൻ ചെങ്ങാലൂർ ഉൽഘാടനം ചെയ്തു. തപസ്യ തൃശൂർ ജില്ലാ വർക്കിംഗ് പ്രസിഡണ്ട് ശ്രീജിത്ത് മൂത്തേടത്ത് അദ്ധ്യക്ഷനായി. തപസ്യ സംസ്ഥാന സഹസംഘടനാ സെക്രട്ടറി സി.സി. സുരേഷ് ആമുഖ ഭാഷണവും, ജില്ലാ സംഘടനാ സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. കവികളായ കാശിനാഥൻ പത്തനം തിട്ട, ഷീന ഹരി വയനാട്, ഉണ്ണികൃഷ്ണൻ കീച്ചേരി, ജയേഷ് പായം കണ്ണൂർ, സുമതിക്കുട്ടി, അജിത രാജൻ, ഷാജു കളപ്പുരയ്ക്കൽ തൃശൂർ തുടങ്ങിയ നാല്പതോളം കവികൾ കവിതകൾ അവതരിപ്പിച്ചു.
എസ്. രമേശൻ നായർ - മയിൽപ്പീലിക്കണ്ണുള്ള കാവ്യ വ്യക്തിത്വം.

(കന്യാകുമാരി മലയാളീസ് fb pageനോട് കടപ്പാട്.)

കന്യാകുമാരി ജില്ലയിലെ കൽക്കുളം; പത്മനാഭപുരം കൊട്ടാരം, തലക്കുളത്ത് വീര ദളവ വേലുതമ്പി , ഇരവിക്കുട്ടിപ്പിള്ള വലിയ പടത്തലവൻ എന്നീ നാമധേയങ്ങൾ കൊണ്ടു തന്നെ ഏറെ പ്രസിദ്ധമാണ്. നാലു താലൂക്കുകളാണ് കന്യാകുമാരി ജില്ലയിൽ. പൂക്കൾക്ക് പ്രസിദ്ധമായ തോവാള , കന്യാകുമാരി - .ശുചീന്ദ്രം ക്ഷേത്രങ്ങളുടെ ആസ്ഥാനമായ അഗസ്തീശ്വരം, രാജാ കേശവദാസൻ ജനിച്ച വിളവംകോട് എന്നിവയാണ് മറ്റു താലൂക്കുകൾ.
കൽക്കുളം താലൂക്കിൽപ്പെട്ട കുമാരപുരത്താണ് മലയാളിയെ വിസ്മയിപ്പിക്കുന്ന കാവ്യപ്രതിഭയായ എസ്. രമേശൻ നായർ ജനിച്ചത്.

1948 മേയ് 3 (11 2 3 മേടം 21 ) തിങ്കളാഴ്'ച ചതയം നക്ഷത്രത്തിൽ അനന്തകൃഷ്ണപിള്ള ഷഡാനനൻ തമ്പിയുടെയും ലക്ഷ്മി പിളള പരമേശ്വരിയമ്മയു
ടെയും പുത്രനായിപ്പിറന്ന കവി മലയാള സാഹിത്യത്തിൽ കൈ വക്കാത്ത മേഖലകളില്ല എന്നു പറയാം. പാട്ടിലും ആട്ടത്തിലും പദ സ്വീകരണത്തിലും വ്യത്യസ്തത പുലർത്തുന്ന കാവ്യസരണിയുടെ പ്രചാരകനായി കവി.
അന്താരാഷ്ട പുസ്തകോത്സവ സമിതിയുടെ യശ:ശരീരയായ . മലയാളത്തിന്റെ മാതൃബിംബമായ ബാലാമണിയമ്മയുടെ പേരിലുള്ള പുരസ്ക്കാരം ലഭിച്ച എസ്. രമേശൻ നായരുടെ സാഹിത്യ വഴിയിലൂടെ ....

*1972 മുതൽ 2 വർഷക്കാലം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററും വിവർത്തകനും . അക്കാലത്ത് രചിച്ച 'ബുദ്ധമതം - ദർശനവും ചരിത്രവും ' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു.
*1975 ജനുവരി 17 ന് ആകാശവാണിയുടെ ത്യശൂർ നിലയത്തിൽ സബ് എ ഡിറ്റായി ചേർന്നു. പത്തു വർഷം മഹാകവി അക്കിത്തവുമായി ചേർന്ന് ജോലി നോക്കി. 1985-ൽ തിരുവനന്തപുരം നിലയത്തിലേക്ക് ഉദ്യോഗക്കയറ്റം കിട്ടി 1996 - ൽ പ്രോഗ്രാം എക്സിക്യൂട്ടീവായിരിക്കെ വിരമിച്ചു. 12 വർഷത്തെ സർവീസ് ബാക്കി നിൽക്കെ സ്വമേധയാ വിരമിക്കാൻ കാരണം 1994-ലെ അഖില കേരള റേഡിയോ നാടകോത്സവത്തിൽ ഉൾപ്പെടുത്തി പ്രക്ഷേപണം ചെയ്ത 'ശതാഭിഷേകം' എന്ന ഒരു മണിക്കൂർ നാടകമായിരുന്നു.

കവിതാ സമാഹാരങ്ങൾ
__________________________
കന്നിപ്പൂക്കൾ (1966)
പാമ്പാട്ടി (1970)
ഹൃദയവീണ (1972)
കസ്തൂരിഗന്ധി (1973)
ഉർവശീ പൂജ (1974)
അഗ്രേ പശ്യാമി (1979)
ചിലപ്പതികാരം (1978)
സൂര്യഹൃദയം (1985)
ജന്മപുരാണം (1980)
അളകനന്ദ (1992)
ഭാഗപത്രം (2005)
ചരിത്രത്തിനു പറയാനുള്ളത് (2006)
ഗ്രാമക്കുയിൽ (2010)
ഗുരു പൗർണമി (2012)
ഉണ്ണി തിരിച്ചു വരുന്നു (2014)
ഭക്തിഗാന സമാഹാരങ്ങൾ -
വനമാല (2010)
ഹരിവരാസനം ( 2007
വിവർത്തന കൃതികൾ:
തിരുക്കുറൾ ( 1998)
ഭാരതി (1982)
സുബ്രഹ്മണ്യ ഭാരതിയുടെ കവിതകൾ ( 1982)
തെൻപാണ്ടി സിംഹം
സംഗീതക്കനവുകൾ (2008)
നീതിസാരം (വ്യാഖ്യാനം)
ദൈവദശകം
തിരുക്കുറൾ (ഗദ്യം)
പത്ര ദു:ഖം (ലേഖനങ്ങൾ , 2012)
സ്വാമി വിവേകാനന്ദൻ - ദർശനവും പ്രസക്തിയും (2014)
ചലച്ചിത്ര ഗാന സമാഹാരങ്ങൾ:
പൂമുഖവാതിൽക്കൽ (2007)
ഓ! പ്രിയേ... ( 2008)
മഞ്ഞു പോലെ....( 2014)

നാടകങ്ങൾ
______________
സ്ത്രീ പർവം (1979)
ആൾരൂപം (1979)
ശതാഭിഷേകം (1994)
വികടവൃത്തം (1994)
തിരക്കഥകൾ:
സ്വാമി അയ്യപ്പൻ, ദേവീ മാഹാത്മ്യം, കൃഷണ ക്യപാസാഗരം, രാമായണം എന്നീ ദൃശ്യപരമ്പരകൾ.
ബാലസാഹിത്യം
ഉറമ്പുവരി, കളിപ്പാട്ടങ്ങൾ, കുട്ടികളുടെ ചിലപ്പതികാരം , പഞ്ചാമൃതം .
ഭക്തിഗാനങ്ങൾ
3,000 ഗാനങ്ങൾ .

ചലച്ചിത്രഗാനങ്ങൾ
____________________
1985-ൽ ഇറങ്ങിയ ഐ.വി ശശി - എം ടി വാസുദേവൻ നായർ ടീമിന്റെ മോഹൻലാൽ ചിത്രം 'രംഗം' മാണ് ആദ്യമായി ഗാനരചന നിർവഹിച്ച പടം. വനശ്രീ മുഖം നോക്കി. സ്വാതി ഹൃദയദ്ധ്യനികളി കളിൽ തുടങ്ങിയവയാണ് ഗാനങ്ങൾ . സംഗീത കുലപതി കെ.വി മഹാദേവനായിരുന്നു ആദ്യഗാനങ്ങളുടെ സംവിധായകൻ. എം.ടിയാണ് ചലച്ചിത്ര രംഗത്തേക്ക് കൊണ്ടുവരുന്നത്. 160-ൽ പരം ചിത്രങ്ങൾ. 700-ൽ പരം ഗാനങ്ങൾ .
മീരാ ജാസ്മിൻ നായികയായ 'സൂത്രധാരൻ ' , കാവ്യാ മാധവൻ നായികയായ ചന്ദ്രനുദിക്കുന്ന ദിക്കിൽ' ബോബൻ കുഞ്ചാക്കോയും ശാലിനിയും നായികാനായകന്മാരായ 'അനിയത്തിപ്രാവ്' തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധേയം. ഫിലിം ക്രിട്ടിക്സ് അവാർഡും നാടകഗാനരചനയ്ക്ക് സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.

മധു ബാലക്യഷ്ണന് ആദ്യമായി സംസ്ഥാന അവാർഡു ലഭിക്കുന്നത് 'വാൽക്കണ്ണാടി'യിലെ 'അമ്മേ അമ്മേ' എന്ന ഗാനത്തിനാണ്.
സുജാതയ്ക്ക് സംസ്ഥാന അവാർഡു ലഭിച്ച ഗാനം 'സുത്രധാരനി'ലെ 'പേരറിയാം മകയിരം നാളറിയാം'.

സംഗീത സംവിധായകൻ എം.ജയചന്ദ്രന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ആദ്യ ചിത്രം 'വാൽക്കണ്ണാടി.

ചക്കയുടെ അവസ്ഥാന്തരങ്ങൾ.. - കല്ലറ അജയൻ.