Wednesday, January 13, 2021

ഷാജു കളപ്പുരയ്ക്കൽ

 

മടക്കം

തുറന്നു വെച്ച ജാലകം കടത്തിവിട്ട കാറ്റിനെ

എടുത്തുവെച്ചു ഞാൻ സഖീ

നിനക്കു വരികളാക്കുവാൻ


കൊളുത്തിവെച്ച നിലവിളക്കുതിർത്ത ശോഭയാകവേ 

കരുതിവെച്ചു ഞാൻ സഖീ 

നിനക്കു വരികളാക്കുവാൻ.


പറന്നുവന്ന പക്ഷിയന്നു പാടിയുള്ള പാട്ടുകൾ

കടം പറഞ്ഞു വാങ്ങി ഞാൻ

നിനക്കു വരികളാക്കുവാൻ.


തെളിഞ്ഞു നിന്ന വാനിലെ കിനാവുതൂവുമമ്പിളി

പകർന്നതെന്നിലേക്കതേ

നിനക്കു വരികളാക്കുവാൻ.


പറഞ്ഞതും പറഞ്ഞിടാതെ  പോയതും സഖീ സുഖം, 

പറഞ്ഞു ബാക്കി വെച്ചിടാം

നിനക്കു വരികളാക്കുവാൻ.


നിനക്കു വരികളാക്കുവാൻ എടുത്തു വെച്ചതൊക്കെയും

മടക്കിനൽകിടുന്നു ഞാൻ

ഒടിച്ചിടുന്നു പെരുവിരൽ.


വരില്ല വരികളീ വിരൽ പകർന്നിടില്ല പാട്ടുകൾ

നിനക്കു വേണ്ടിയൊന്നുമേ,

മടങ്ങിടുന്നു ഞാൻ സ്വയം.

                   - ഷാജു കളപ്പുരയ്ക്കൽ

No comments:

Post a Comment