Thursday, January 21, 2021

ഹരിദാസ് കൊടകര

 

എള്ളകം

എള്ളകമേറാനുള്ളിൽ

അടർന്നൂ ജ്വരം കണ്ണ്

ഋതുക്കൾ നാന്ദിരേകം

കടഞ്ഞൂ ഉഷ്ണശീതം


പഴുത്തുലർന്നൂ വാനം

പച്ചിലപ്പകലുകൾ

പ്രസാദം മുഖത്തുള്ളി

പതിച്ചൂ പാലിച്ഛപോൽ


പകൽനീറ്റീ രാവുനീളം

ഉൾനാമ്പുണർന്നേറ്റം

പച്ചയെള്ളിൻ കുലംകാലം

പുലർന്നൂ അഹം വേദം


തലകീഴ് ചോദ്യനാളം

തൊട്ടിയായ് ജലം കോരി

നിറച്ചൂ ഉടൽക്കിഴി

ഉദിച്ചൂ എള്ളരിപ്പൂ


എണ്ണയായ് എള്ളുണങ്ങി

ഗർഭഗൃഹേ നീൾവിതാനി

ഉൾച്ചുവരിൽ ഉടൽഛായം

പരേതം തുടൽമാറ്റ്


മനംചൊല്ലി കരേറി ഞാൻ

എൻവൃത്തിയാമം തോറും

പ്രണവാന്തബീജച്ചുറ്റിൽ

രാസനാം അർദ്ധമാത്ര


മേലടങ്ങീ ജരാവനം

കൈകാൽ സന്ധികൂടം

ഉണങ്ങീ ജഡാംശമായ്

നിറച്ചൂ എണ്ണത്തോണി


എള്ളകമേറാനുള്ളിൽ

പിടഞ്ഞൂ പെരുംവഴി

പിണഞ്ഞൂ പടവുകൾ

അഹം തല്ലീ ചിരിപ്പടം


എള്ളിലുളെണ്ണപോൽ

നിറഞ്ഞൂ മായാദ്രവം

കനത്തൂ നിഴൽമേഘം

തമോകാസം ചുമത്താളം


കണ്ണടക്കാം കൂടിൻ-

പ്പലകപ്പിളർന്നു ഞാൻ

അക്ഷരം ധ്യാനിയെ തെല്ലം

ഉണർത്തിയിരുത്തൂ ചാരെ

                   - ഹരിദാസ് കൊടകര


No comments:

Post a Comment