Monday, January 25, 2021

ശുഭ കൊടക്കാട്

 

ഓർമ്മയിലെന്നും

ഓർമ്മയുടെ അഭ്രപാളിയിൽ 

ഓങ്കാരമായി നിറയുന്നിതച്ഛൻ..! 

വേദനയുടെ നിറകൺചിരിയായ്, സാന്ദ്ര സാന്ത്വനമന്ത്രമായ് മായാത്തൊരോർമ്മയായ്

എന്നിൽത്തുടിക്കുന്നു നിത്യം..!

ശബരീശസന്നിധിയിലാണച്ഛൻ..! എന്നോർക്കുവാനാണ്

എന്നുമെനിക്കിഷ്ടം..!

തീവണ്ടിപോൽ കിതച്ച്, കൂകിപ്പായുന്നിതോർമ്മകൾ പിന്നിലേക്ക്..!

കുഞ്ഞായിരുന്ന നാൾ, കൊഞ്ചിച്ചുകൊണ്ടച്ഛൻ ഉരുവിട്ടുതന്ന ശ്ശോകങ്ങളൊക്കെ ഇന്നും നിറവോടെ മഴവില്ലായ്ത്തെളിയുന്നു, 

മനസാകാശത്തിൽ..! ഓരോ നിറമായെടുത്ത് നെറ്റിയിൽ കുറി വരയ്ക്കുന്നു ഞാൻ നിത്യം..!

വൃശ്ചികപ്പുലർകാലവേളയിൽ അച്ഛൻ്റെ ശരണംവിളികളാൽ മുഖരിതമാകുമെന്നന്തരംഗം..!

ഭക്തിതൻമാത്രകൾ ചേർന്നെൻ്റെ ബാല്യം മന്ത്രമധുരമായി മാറ്റൊലി കൊള്ളുന്നുണ്ടിപ്പോഴും..!

മായാത്ത സ്മരണതൻ നാലുകെട്ടിൽ, അച്ഛൻ്റെ നാമജപങ്ങളാൽ, ഭഗവതീസേവ കണ്ടുണരുന്ന ബാല്യം..!

അച്ഛന്റെ കൈയിൽ

തൂങ്ങിനടന്നു ഞാൻ ദേശങ്ങൾക്കപ്പുറമെത്തിയപ്പോൾ

മറ്റുള്ള ഭാഷയും ധാത്രിമാരായല്ലോ..!

ദേവാലയങ്ങളും ടിപ്പുവിൻകോട്ടയും സൈക്കിൾസവാരിയും പൂക്കൾ നിറയുന്ന മോഹനക്കാഴ്ചകൾ..! അന്നേ നിറഞ്ഞെന്നിൽ കവിതതൻനോവുകൾ..! തേങ്ങലിന്നപ്പുറമുയരുന്നെൻ ഭാവന..!

കുളിരാർന്ന ആ കരസ്പർശത്തിൻ വർണ്ണകണങ്ങൾ എന്നും കവിതതൻ കുഞ്ഞല തീർത്തിരുന്നു..!

പ്രണവമന്ത്രധ്വനികളിൽ

നിറയുന്നൊരച്ഛൻ..!

തപിക്കുന്നൊരോർമ്മയായിന്നും  നന്മകളോതിത്തരും പുണ്യമാണച്ഛൻ..!

ഇല്ലക്കുളം വിഴുങ്ങിയ പൊന്നനുജനെപ്പോലെ,

അച്ഛനും പോയെന്നോർത്തിടാതെ,

ഇന്നും ഞാൻ തേടിനടന്നിടുന്നു..!

കവിതതൻ ഓങ്കാരമന്ത്രമായ്,

വിട്ടാക്കടങ്ങളായ്, 

സ്മൃതി സുഗന്ധമായ്, കുത്തിക്കുറിക്കുവാൻ

മോഹിപ്പു ഞാൻ...!!!

                         - ശുഭ കൊടക്കാട് (സുഭദ്ര) തൃശൂർ.

No comments:

Post a Comment