Saturday, September 30, 2017

കഥ - യമുന ദിലീപ്


മകളുടെ കുട്ടിയെ കൊണ്ട് അയാളെ "അച്ഛൻ എന്നു വിളിപ്പിക്കണോ, മുത്തച്ഛൻ എന്നു വിളിപ്പിക്കണോ "എന്ന സംശയമായി അമ്മയ്ക്ക്.

Thursday, September 21, 2017

കവിത - സന്ധ്യ ദേവദാസ്


നീരുറവ വറ്റി
ശ്വാസം നിലച്ച പുഴ
പ്രാണസങ്കടത്താൽ
ചോദ്യചിഹ്നമായി
തുറിച്ചു നോക്കുന്നു.
കുടിനീരിനു വേണ്ടി
വറ്റിവരണ്ട പുഴയുടെ
ഹൃത്തടം പിളർക്കുന്ന
മനുഷ്യാ...
തെളിനീരിനു വേണ്ടി
പുഴ കേഴുകയാണ്
ദാഹിക്കുന്ന.. മോഹിക്കുന്ന
മനസ്സുമായ്...
സ്വപ്നം കാണുകയാണ് !!
ഒരു വെൺതിര പോലെ
മേഘപുഷ്പമഴയായ്
മധുമൊഴിയായ്
കുളിരു കൊണ്ട് കുണുങ്ങി
ഇരുകരകളെയും
ചുംബിച്ചു കൊണ്ട്
കാലവർഷത്തിൽ
പുളകിതയായി.....
സൂര്യനോട്... തന്റെ
സങ്കടവും, പ്രണയവും
പറഞ്ഞ് ,നിറഞ്ഞ്
കരകവിഞ്ഞൊഴുകാൻ
സ്വപ്നം കാണുകയാണ് !!
നിശബ്ദതയുടെ നടുവിൽ
കുമിഞ്ഞുകൂടുന്നുവോ?
മരണത്തിന്റെ മലീമസമായ
സങ്കടമിന്നെനിക്ക്?
പുനർചിന്തയില്ലാത്ത
മനുഷ്യാ....... സത്യം
അതൊഴുകിയെത്തും
നീയറിയാതെ നിൻ
കരങ്ങളിലേക്കു തന്നെ.
നീ ചെയ്ത പാപത്തിൻ
ദുരന്തഫലമെന്റെ
കറുത്ത സങ്കടമായ്,
നിന്റെ ശ്വാസത്തിലൂടെ
കുടിനീരിലൂടെ......
നിന്നിലേക്കു തന്നെ
നെറ്റി ചുളിക്കാതെ നീ
നെല്ലിട ചിന്തിക്കൂ.....
നീരുറവ വറ്റിയയെന്റെ
സങ്കടത്തെ കുറിച്ച്..

Monday, September 18, 2017

കവിത - സന്ധ്യ എ.കെ.



കനവായ് കണ്ടതെല്ലാം
കനലിൽ കരിഞ്ഞല്ലോ,
കരിവണ്ടാം കണ്ണിണകൾ
കണ്ണീരിൽ കുതിർന്നല്ലോ,
കസവിൽ കൊരുത്തതെല്ലാം
കരളിൽ കുരുങ്ങിയല്ലോ,
കനകത്തിൻ കൊലുസിലെല്ലാം
കദനത്തിൻ കറയായല്ലോ,
കനിയായ് കണ്ടതെല്ലാം
കാഴ്ചക്കാർ കവർന്നല്ലോ,
കാറ്റിൻ കാടത്തമെല്ലാം
കാനനം കലക്കിയല്ലോ,
കാതരയായ് കഥിച്ചതെല്ലാം
കാനോലായ് കരുതിയല്ലോ,
കയ്പേറും കാമനയിലെല്ലാം
കർപ്പൂരം കത്തിയല്ലോ,
കാമ്പേറും കാഴ്ചകളെല്ലാം
കണ്ണിലെ കരടായല്ലോ,
കുയിലിൻ കൂജനമെല്ലാം
കാക്കതൻ കനിവാണല്ലോ,
കണ്മണി തൻ കുറുമ്പെല്ലാം
കിളിക്കൊഞ്ചലായല്ലോ,
കാരിരുമ്പിൻ കടുപ്പമെല്ലാം
കാറ്റിലെ കരിയിലയല്ലോ,
കൗമാര കാ ഹ ള മെ'ല്ലാം
കാഞ്ഞിരത്തിൻ കയ്പാണല്ലോ,
കർമ്മത്തിൻ കണക്കെല്ലാം
കരിങ്കല്ലിൽ കൊത്തിയല്ലോ,
കടപ്പാടിൻ കഥയെല്ലാം
കാണാക്കിനാവായല്ലോ,
കാലത്തിൻ കയ്യൊപ്പെല്ലാം
കൈരേഖ കനപ്പിച്ചല്ലോ,
കളിയല്ലാ കല്യാണമെല്ലാം -
കാരണവർ കലമ്പിച്ചല്ലോ,
കതിരോന്റെ കനിവെല്ലാം
കടലിൽ കലങ്ങിയല്ലോ,
കഥയില്ലാ കാര്യമെല്ലാം
കണക്കിലും കവിഞ്ഞല്ലോ!!!

ശ്രാദ്ധം - കവിത - അജിത രാജൻ


ചീന്തിലയിൽ
അരിയും, എള്ളും, പൂവുമായ്
ബലിപിണ്ഡമർപ്പിക്കുമ്പോൾ
പഞ്ചാക്ഷരി ,
ത്രിമൂർത്തീനാമജപങ്ങളാലെ
മൺമറഞ്ഞ പ്രിയപ്പെട്ട ആത്മാ വിന്
ബലിതർപ്പണം.
മനസ്സിൽ
വിശ്വാസത്തിന്റെ മണൽപരപ്പിൽ
മറ്റൊരു ചീന്തില യിൽ
സ്നേഹാനുഭവങ്ങളുടെ
ഊഷ്മള ഓർമ്മയിൽ
ഹൃദയം കൊണ്ടുള്ള ആദരവിൽ
ബലിപിണ്ഡമർപ്പിച്ച് പ്രണമിക്കുന്നു.
അച്ഛട്ടായും ആണ്ടിലൊരിക്കലല്ലല്ലോ
ഞാനോർമ്മിക്കുന്നത്.
പോയകാലത്തിന്റെ തെളിനീർ ചാലിലൂടെ
ആസാമീപ്യം,
നിശബ്ദയിലെ മൗനം പോലെ
എനിക്കു സുതാര്യമായിരുന്നു.
എന്നിലൂടെ ഊളിയിട്ട്
കണ്ടെടുക്കുന്ന കനൽപൊട്ടുകൾ
തല്ലിക്കെടുത്തി,
നെറുകയിൽ തലോടി
കണ്ണുകളിലുമ്മ വെച്ചെന്നെ
ആശ്വസിപ്പിക്കാനായിരുന്നെങ്കിൽ
കാത്തിരിക്കുന്ന
എന്റെ ബലിക്കാക്കയ്ക്ക് .

Sunday, September 10, 2017

കവിത - ജ്യോതിരാജ് തെക്കൂട്ട്


ഉള്ളുലച്ചു  മുഴങ്ങുന്നുവോ
മരണഗന്ധം നിറച്ചെത്തും
പകലുകളുടെ പൊള്ളലുകൾ
വക്കുടഞ്ഞ ചില്ലുകൾ.

പുകയുന്നുവോ അഷ്ടഗന്ധം,
വിങ്ങലോളങ്ങൾ പേറും
ഒാ൪മ്മപ്പുകപുരണ്ട ഹൃദയാക്ഷരങ്ങൾ
പൂ൪വ്വപ്രണയത്തിന്റെ നിത്യാക്ഷരങ്ങൾ.

ബാക്കിയാകുന്നുവോ,
വായ്ക്കരിയും ബലികാക്കയും
തീവ്രനിസ്വനത്തി൯ ചുടുകണ്ണുനീരും
നിലവിളികൾ  ഒളിപ്പിച്ച ചിഹ്നങ്ങളും.

നി൯ ചിതക്കരികെ ,
നിലറാന്തലി൯ വിളറും വെളിച്ചത്തിൽ
അജ്ഞാതമായൊരു കാറ്റിന്റെ മ൪മ്മരം
ഒരു മരണസങ്കീ൪ത്തനം..

കയ്ച്ചിട്ടു മധുരിച്ചിട്ട് - കവിത - ശ്രീകൃഷ്ണദാസ് മാത്തൂർ


കാക്കകിലുങ്ങും വേപ്പുമരം
കയ്ച്ചിട്ടിറക്കാനാവാതൊരു പാട്ട്
മധുരിച്ചു തുപ്പാതെയുമിരിക്കുന്നു.

എതിരിടാനാവില്ല നിന്നെ
മഴയ്ക്കു മലർന്നു കൊടുത്ത്
ഞാനുമിടിവെട്ടി നടുങ്ങി
മുരിങ്ങ പോൽ വിറയുന്നു.

'പൊയ്'ചാലിലിറങ്ങിപ്പോയ
കടലാസുവള്ളം രണ്ടുമൂന്നാവർത്തി
നങ്കൂരമിടാനാവതു കിണഞ്ഞ്
ഓവിലേയ്ക്കു മറിയുന്നു.
അതിൽ നിന്നൊരക്ഷരമടർന്ന്
തോർച്ചയോടടുക്കുന്നേരം
ഞാനാം ഇണ്ടൽപുരയിൽ മുട്ടി
നെഞ്ചിലേയ്ക്കു നനഞ്ഞൊലിക്കുന്നു.

മേലേ പാഞ്ഞ മേഘക്കണ്ടെയ്നർ
പൊട്ടിച്ചാറും എണ്ണയാം മഴയിതിൽ
രണ്ടനത്തുമായ് വശംകെട്ട
കല്ലടുപ്പുകൾ പോലെരിയുന്നു
ഉള്ളിലൊന്നും പുറത്തൊന്നുമെന്ന
പ്രണയനീതി, പൊള്ളിയും തണുത്തും.

ആഴത്തിൽ ചാടിയെന്നാലും
മുങ്ങാതിരിക്കും സ്വപ്നത്തിന്റെ
മേലൊഴുക്കത്തെ വഴുക്കലിൽ
ഒരുപ്പോക്കു പോകുന്നു.

ആളൊഴുക്കത്തു നൂർന്ന
ഞാനാം എതിർ തിട്ടമേൽ
മഴ മുഴുവൻ വടിച്ചെടുക്കാ-
നൊരോലവാലൻ തന്നാലാവും വിധം
കൊക്കിൽ മഴക്കുഴി കുത്തുന്നു.

പ്രജ്ഞയിലഗാധ മുറിവ്
കുട ചൂടി കുനിഞ്ഞു നടക്കുന്നേരം
കയ്ച്ചിട്ടിറക്കാനാവാത്ത വിധം
നീയെന്നെ
മധുരിച്ചിട്ടു തുപ്പാതെയുമിരിക്കുന്നു.

Friday, September 8, 2017

ഭാരത പൗരൻ - കവിത - ജയേഷ് പായം


മാറുവിൻ, നിങ്ങളെൻ പാതയിൽ
നിന്നൊരായിരം കാതമകലെ
മാറിയില്ലെങ്കിൽ ഞാൻ മാറ്റും
എനിക്കതിൽ തെല്ലും ഭയപ്പെടാനില്ല
ഇല്ലെങ്കിലെന്നരയിൽ കാണുമീ കൃപാ-
ണത്തിൻ വായ്ത്തല ഞാൻ ചുരത്തും
രക്തം കുടിച്ചു ഞാൻ ദാഹമടക്കി
ഒരു രക്തരക്ഷസ്സായി മാറും
കൈകളിൽ സ്റ്റൺ ഗൺ ഉയർത്തിപ്പിടി-
ച്ചെന്റെ അമ്മയെ നിർദ്ദയം കൊന്നു
ആ മുലപ്പാലൂട്ടി വളർത്തിയ
മാറിടം തല്ലിത്തകർത്തു
എന്റെ കുതിരക്കുളമ്പടി ഒച്ചയിൽ
ഈ ചക്രവാളം നടുങ്ങും
എന്റെ ചാട്ടവാറിൻ ഗർജ്ജനം കേട്ടീ-
ദ്വിദ് മുഖം സ്തംഭിച്ചു നിൽക്കും
ഈ ലോകമെല്ലാം ഒരു ചുടലക്കള-
മാക്കി ഞാൻ മാറ്റും
ആ ചുടലക്കളത്തിലെ തീഗോളമെല്ലാം
ഞാനമ്മാനമാടിക്കളിക്കും
നെറ്റി ചുളിച്ചൊളികണ്ണിട്ട് നോക്കേണ്ട
ഞാനാണ് ഭാരത പൗരൻ
നൂറ്റാണ്ടിരുപത്തിയൊന്നിലെ
ഭാരതം കാണുന്ന പൗരൻ.

ലൈബ്രറി - കഥ - യമുന ദിലീപ്


          നേതാവിന്റെ ആധുനിക വസതിയുടെ പാലു കാച്ചലായിരുന്നു അന്ന്. ജീവിതത്തിന്റെ നാനതുറയിൽ പെട്ട വരെല്ലാം ചടങ്ങിൽ സംബന്ധിച്ചിരുന്നു.
മുൻ വശത്തെ നീളൻ വരാന്തയുടെ അരികിലായി സ്ഥാപിച്ചിട്ടുള്ള ചില്ലല മാരയിലായിരുന്നു പുസ്തകപ്രേമികളുടെ കണ്ണുകൾ. അപൂർവങ്ങളായ പുസ്തകങ്ങൾ പോലും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു

എന്തെങ്കിലും വിടുവായത്തo പറയുമെങ്കിലും അവന് നല്ല വായന ശീലമുണ്ടല്ലോ, തലമുതിർന്ന നേതാക്കൾ അടക്കം പറഞ്ഞു.
തിരക്കൊന്നൊഴിഞപ്പോൾ അണി കളിലൊരാൾ നേതാവിനോട് അതിലൊരു പുസ്തകം വായിക്കാൻ ആവശ്യപെട്ടു. നേതാവ് അവനെ അരികിൽ വിളിച്ചു സ്വരമൊന്നു താഴ്ത്തി പറഞ്ഞു. "എടാ ആ അലമാര തുറക്കാൻ പറ്റാത്ത വിധമാ, ഞാൻ പണി കഴിപ്പിച്ചത്. "കിടക്കട്ടെ, കുറച്ചു വിവരം അലമാരയിലും. 😀നേതാവിന്റെ ചിരി അവിടെ മുഴുവൻ മുഴങ്ങികൊണ്ടിരിന്നു. 

ബലിതർപ്പണം - കവിത - ശിവ കൊട്ടിളിയിൽ



വേരറ്റുപോകാതെ കാത്ത പിതൃക്കൾക്കാത്മശാന്തിക്കായ്
നോവോടെയൊരു പിടി സ്നേഹത്തെ കവ്യമായുരുട്ടി
ഇരുകൈൾ കൊട്ടി
കാകനെ ക്ഷണിക്കുന്നു
ഋണമോചന ഹേതുവായ്

മൺമറഞ്ഞകലങ്ങളിലൊരു
നോവായ് ചേക്കേറുമാ
രക്തത്തിൻ വേരുകൾതൻ
അദൃശ്യമാമൊരു സാമിപ്യമരികി-
ലെത്തിടുമെന്നിൽ  കുളിർക്കാറ്റിൻ
 തലോടലായ്,നൊന്തുപെറ്റൊരാ
അമ്മതൻ വാത്സല്യവും
പോറ്റിവളർത്തിയൊരാ
അച്ഛൻതൻ ആശ്ലേഷവും....

പോയ്മറഞ്ഞൊരാ വസന്തകാല
ങ്ങളിലൊരു നുള്ളു നോവു
 നൽകാതരികിലേക്കൊരു
തണൽ പോൽ ചേർന്നിടുമൊരാ
 സ്നേഹവാത്സല്യങ്ങൾ
ശൂന്യമാമൊരു വേളയിൽ
ഒരുപിടി ചോറിലൊരു നുളള്
എള്ളും പൂവുമർപ്പിച്ചൊരു തുളളി
കണ്ണുനീരുപ്പു കലർത്തി
 കാത്തിരിപ്പാണെന്നിലെ
മകൻതൻ വാത്സല്യമീ
മണൽത്തരികൾതൻ മാറിലായ്...

നാക്കിലചാർത്തിലേക്കുരുട്ടി
വെച്ചൊരാ അന്നത്തിൽ
നിന്നൊരു നുള്ളു കൊത്തി-
യെടുത്തകലങ്ങളിലൊരു
മരകൊമ്പിലിരുന്നാത്മനിർവൃതി-
യോടെന്നെ നോക്കവേ,
അശ്രുബിന്ദുക്കൾ പൊഴിഞ്ഞിടുന്നെന്നിൽ-
നിന്നൊരാ സ്നേഹത്തിൻ
 കണിക വറ്റാത്തൊരാ
ആത്മാവിനെ നോക്കി...
മാതാപിതാക്കൾതൻ സ്നേഹമറ്റിടാ-
ത്തൊരാ ആത്മാവിനെ നോക്കി...

Thursday, September 7, 2017

ചിത - കവിത - ഉണ്ണികൃഷ്ണൻ കീച്ചേരി


അടുപ്പാണെന്നു കരുതി
നീ
അടുക്കി വച്ച
വിറകുകളത്രയും
എന്റെ
കിടപ്പറക്കുള്ളിലായിരുന്നു.

കുത്തുവിളക്കിൽ
തിരി തെറുത്ത്
നീ
തീ കൊളുത്തിയത്
എന്റെ
ചിതയ്ക്കായിരുന്നു.

ഇഷ്ടഭോജ്യമായി
നീ
വേവിച്ചത്
എന്റെ മാംസമായിരുന്നു.

ഒടുവിൽ
ജീവന്റെതുഞ്ചത്ത്
ഊറി നിൽക്കുന്ന
ഒരുതുള്ളിരക്തം
ഊറ്റി കുടിച്ച്
നിൻ ദാഹം ശമിപ്പിക്കുക.

തെറിച്ചവൾ - കവിത - തസ്മിൻ ഷിഹാബ്


പേനരിച്ച തല
മക്കന കൊണ്ട് മറച്ച്
വാതോരാതെ കലമ്പി....
ഉടൽ മൂടി
മുഖം കുനിച്ച്
അച്ചടക്കപ്പടി
എണ്ണിതീരാതെ
കണ്ണു തളർന്ന്‌
കാലുവിറച്ച്
വാ മൂടി
ഉമ്മറത്തിണ്ണ കാണാതെ
പുറം കോലായി തൂണിൽ
കെട്ടിയിട്ട അഴക്‌
ഒറ്റച്ചാട്ടത്തിന്
ആഞ്ഞു വലിച്ച്
ഉമ്മറത്തേക്ക്
മലർന്നു വീണു -
നെഞ്ചിൽ
കൈപ്പടം പൊത്തി
പകച്ച പെണ്ണിന്റെ
മുഖമറ പറിച്ചെറിഞ്ഞ്
കാഴ്ചയുടെ
നിറഭേദങ്ങൾ
കാവൽ നിൽക്കുന്ന
കുന്നിൻ മുകളിലേക്ക്
അവളോടി.
ഉടലായ്
അറിവായ്
അലിവായ്
അഴകായ്
ആനന്ദമായ്....
തല തെറിച്ചവളുടെ
സുവിശേഷം.