Monday, May 31, 2021

ഹംപി യാത്ര - അജിത രാജൻ ഭാഗം 3

 


നന്ദി ഹിൽസിൽ അസ്തമയം കാണാൻ നിൽക്കുന്നിടത്ത്, വിരിച്ചിട്ടതു പോലെ പരന്നു കിടക്കുന്ന പാറകൾ... കാൽ തെന്നി വീണാൽ താഴേയ്ക്ക് ഉരുണ്ടു പോയേക്കാം വളരെ സൂക്ഷിച്ചു വേണം നടക്കാൻ. സഞ്ചാരി കളുടെ പ്രിയപ്പെട്ട സ്ഥലമായ വ്യൂ പോയിൻ്റിലേയ്ക്ക് ഞങ്ങളും കയറി. ആഞ്ഞടിക്കുന്ന തണുത്ത കാറ്റ്... കയ്യിൽ കരുതിയിരുന്നപ്പോളെടുത്ത് പുതച്ചു... അസ്തമയ സമയമായിട്ടില്ല. 

സൂര്യൻ  അകാശത്തിൽ പടിഞ്ഞാറെ ചെരുവിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു .. ആകാശഗംഗയിൽ നീന്തി കുളിക്കുന്ന  കരിമാടി കുട്ടന്മാരെ കണ്ടപ്പോൾ ഇവർ അസ്തമയ കാഴ്ചയെ മറച്ചു കളയുമോയെന്ന ആശങ്ക ദൃശ്യവിരുന്നിനെത്തിയവരിൽ ചെറിയ ആശങ്കയുണത്തി...

പാറയിലേയ്ക്ക് ആളുകൾ എത്തി കൊണ്ടേയിരുന്നു. തലയിൽ തട്ടമിട്ട സ്ത്രീകളാണ് ഏറേയും... പാറയുടേയും താഴ് വരയുടേയും അതിർത്തികൾ ഗ്രില്ലിട്ട് സംരക്ഷിച്ചിട്ടുണ്ട്. അവിടെ നിന്ന് താഴേയ്ക്ക് നോക്കുമ്പോഴാൾ മനം കവരുന്ന കാഴ്ചയാണ് അനുഭവിക്കാനാവുക! കർണ്ണാടകയിലെ പല ഗ്രാമങ്ങളും അങ്ങ് ദൂരെ പൊട്ടുപോലെ കാണാനാവുന്നുണ്ട്... നമ്മൾ കയറിപ്പോന്ന വഴികൾ... എല്ലാം അവ്യക്തമായേ കാണാനാവൂ കോട നിറയാൻ തുടങ്ങിയിരിക്കുന്നു..... കാറ്റും തണുപ്പും ഏറിവരികയാണ്. ടിപ്പു സുൽത്താൻ്റെ വേനൽക്കാല സുഖവാസ കേന്ദ്രമായിരുന്നത്രെ ഇവിടം. അക്കാലത്തെ നിർമ്മിതികളുടെ ശേഷിപ്പുകൾ ഇന്നുമുണ്ടിവിടെ: കുറ്റവാളികളെ താഴേയ്ക്കെറിഞ്ഞു കൊന്നിരുന്ന സ്ഥലം ഭയാനകം! അവിടം കമ്പിവേലിയിട്ട് സുരക്ഷിതമാക്കിയിട്ടുണ്ട്..

അതാ... പടിഞ്ഞാറെ ചക്രവാളമാകെ ചുവന്നു തുടുക്കാൻ തുടങ്ങി. എല്ലാവരും മാനത്തേയ്ക്ക് കണ്ണും നട്ട് നിൽപ്പാണ്. അങ്ങകലെ ആകാശത്തെ ചുംബിച്ചു നിൽക്കുന്ന മലനിരകൾ ... ഭാഗ്യമെന്നു പറയട്ടെ, കറുത്ത മേഘങ്ങൾ എങ്ങോ പോയി മറഞ്ഞിരിക്കുന്നു!

മലകൾക്കിടയിലേയ്ക്ക് മെല്ലെ നീങ്ങികൊണ്ടിരിക്കുന്ന സൂര്യൻ്റെ സഞ്ചാര വീഥിയിലും കുന്നുകളിലും മഞ്ഞ ചുവപ്പ് പട്ടു വിരിച്ചിട്ടുണ്ട്. എന്തൊരു മനോഹാരിത! തൻ്റെ അസ്തമയക്കാഴ്ച ഒരു നോക്കു കാണുവാൻ എത്തിയവരുടെ മനം കുളിർപ്പിച്ചു കൊണ്ട് അതാ ചുവന്നു തുടുത്ത സൂര്യബിംബം 'മലനിരകൾക്കിടയിലേയ്ക്ക് മെല്ലെ താഴ്ന്നിറങ്ങി... അതോടെ കുന്നകളുടെ കാഴ്ച്ചയും അപ്രത്യക്ഷമാകുന്നു. പ്രപഞ്ചവും പ്രകൃതിയും എന്തെന്തു കാഴ്ചകളാണ് മനുഷ്യർക്കായി ഒരുക്കി വെച്ചിരി ക്കുന്നത്! 

എല്ലാവരും ഫോട്ടോഗ്രാഫർമാരാവുന്നു ഈ സമയം! പ്രകൃതിയൊരുക്കുന്ന വിസ്മയം ആവോളം നുകരാൻ മറന്നു പോകുന്നു...!!

അസ്തമയം കഴിഞ്ഞാലും അവിടം വിട്ടുപോരാൻ തോന്നില്ല. താഴേയ്ക്ക് നോക്കുമ്പോൾ, കോടമഞ്ഞ് മററു കാഴ്ചകളെയെല്ലാം മറച്ചുകൊണ്ട് വല്ലാത്തൊരു ഫീൽ തരുന്ന താഴ് വരയായി മാറി! സുഖകരമായ ആ അന്തരീഷത്തിൽ കുറച്ചു സമയം കൂടി ചെലവഴിച്ച്, നന്ദി ക്ഷേത്രത്തിൽ പോയി തൊഴുതു. ഒറ്റക്കല്ലിൽ അസാധാരണ വലുപ്പത്തിലുള്ള യോഗ നന്ദീശ്വരനാണ് ഇവിടത്തെ പ്രതിഷ്ഠ. 

ലഘുഭക്ഷണത്തിനു ശേഷം ചുരമിറങ്ങാൻ തുടങ്ങി... ധാരാളം വണ്ടികൾ താഴേക്കിറങ്ങാനുണ്ട്...

രാവുറങ്ങുമ്പോൾ ഉണരുന്ന അമ്പിളിച്ചന്തം ആസ്വാദിച്ചു കൊണ്ട് താഴേയ്ക്കുള്ള യാത്ര... എതിരെ വരുന്ന വണ്ടികളൊന്നുമില്ലെന്നു പറയാം. ബെംഗളൂരു സിറ്റിയിലേയ്ക്കെത്തിയാൽ നല്ല ട്രാഫിക്ക് ഉണ്ടാവും...

രാത്രിയിലും ഉറങ്ങാത്ത തിരക്കേറിയ ജീവിതങ്ങൾ... ബെംഗളുരു ഇൻ്റർനേഷണൽ എയർപോർട്ടും പിന്നിട്ടുള്ള യാത്ര... വൈകിട്ട് എട്ട് മണിയ്ക്ക് ശ്രീ. കാവാലം അനിലിനെ ഓൺലൈൻ വഴി ഇൻ്റർവ്യു ചെയ്യേണ്ടതുണ്ടായിരുന്നു എനിയ്ക്ക്. ഫോറസ്റ്റ് ഏരിയ കഴിഞ്ഞതിനാൽ റേയ്ഞ്ചിൻ്റെ പ്രശ്നമുണ്ടാകില്ലെന്നത് ആശ്വാസമായി.  'ഡിക്കാത് ലൊൺ' എന്ന പേരുള്ള ഫ്രഞ്ച് ഷോപ്പിൻ്റെ  മുൻപിൽ കാറ് നിറുത്തി. അതിൻ്റെ വിശാലമായ ഷോറുമിൽ കയറി രാജേട്ടനും കുട്ടികളും എന്തൊക്കെയോ വാങ്ങാനുള്ള ഒരുക്കമാണ്.   കുറച്ചു സമയമേ സെലക്ഷന് വേണ്ടി അവരെയെനിക്ക് സഹായിക്കാനൊയുള്ളു... എട്ടുമണിയാകുന്നു...  റൂമിലിടാനുള്ള രണ്ടു ചെരുപ്പുകൾ മാത്രം എടുത്തു കൊണ്ട് ഞാൻ തിരക്കൊഴിഞ്ഞ ഒരിടത്ത് നല്ലൊരു സീറ്റ് കണ്ടു പിടിച്ച്, ശ്രീ. കാവലം അനിലുമായുള്ള ഇൻ്റർവ്യു കൃത്യം എട്ടു മണിക്ക് ആരംഭിച്ചു... എട്ടേമുക്കാൽ ആയപ്പോൾ, പർച്ചേയ്സ് ചെയ്ത് ബില്ലിട്ടു കഴിഞ്ഞ സാധനങ്ങൾ നിറച്ച ട്രോളിയുമായി എന്നെ വിളിക്കാനവരെത്തി, 'വരൂ ബാക്കി കാറിലിരുന്നു കൊണ്ടാകാം എന്ന നിർദ്ദേശവും...

കൃത്യം ഒൻപതു മണിക്ക് ഇൻ്റർവ്യു കഴിഞ്ഞ് വീണ്ടും പുറത്തെ രാത്രിക്കാഴ്ചകളിലേയ്ക്ക്... രാത്രിയിലെ നഗര സൗന്ദര്യം ഇവിടെ ആസ്വാദ്യകരമാണ്.

ഒൻപതര കഴിഞ്ഞപ്പോൾ നല്ലൊരു ഹോട്ടലിൽ കയറി പലതരം വിഭവങ്ങൾ വാങ്ങി എല്ലാവരും പങ്കിട്ടു കഴിച്ചു. നല്ല ഭക്ഷണം എല്ലാവരും സംതൃപ്തരായി യാത്ര തുടർന്നു. രാത്രിയിലും ചൂടുള്ള ഭക്ഷണവുമായി കാത്തിരിക്കുന്ന ദാബകൾ വഴിയോരക്കാഴ്ചകളിൽ ശ്രദ്ധേയമാകുന്നു.. രാത്രി പത്തു മണി കഴിഞ്ഞിട്ടും ഭക്ഷണം തേടിയെത്തുന്നവർക്കായി തുറന്നിരിക്കുന്ന ഹോട്ടലുകൾ... പകലിൻ്റെ ബഹളങ്ങൾ കഴിഞ്ഞിട്ടും രാത്രി ഏറെ വൈകിയും ഉറങ്ങാത്ത നാട്... പകൽ പൂട്ടിട്ടതിനെയെല്ലാം രാത്രിയിൽ പുറത്തെടുക്കുന്ന നഗരക്കാഴ്ചകൾ...

സുഖകരമായി ഫ്ലാറ്റിൽ എത്തിച്ചേർന്നു...


(തുടരും)

Thursday, May 27, 2021

ഹംപി യാത്ര - അജിത രാജൻ (ഭാഗം 2)

 


വീണ്ടും യാത്ര ആരംഭിച്ചപ്പോൾ ഇരുട്ട് പരക്കാൻ തുടങ്ങിയിരുന്നു. കൃഷ്ണഗിരി - ഒസൂർ പിന്നിട്ട് ബെംഗളൂരു സിറ്റിയിലേയ്ക്ക് പ്രവേശിക്കുമ്പോൾ രാത്രി പത്തു മണി ആയിക്കാണും. ഇരുട്ടിന് പ്രവേശിക്കാൻ ഒരിടവും കൊടുക്കാതെ മുകളിലും താഴെയും നക്ഷത്രങ്ങൾ... എങ്കിലും റോഡിൽ പൊതുവെ തിരക്ക് കുറവായിരുന്നു കൊറോണക്കാലമായതുകൊണ്ടോ എന്തോ...

പത്തേമുക്കാൽ ആയപ്പോൾ ഇന്ദിര നഗറിലുള്ള (പഴയ വിമാനത്താവളത്തിനുഎതിർവശം) ഫ്ളാററിനു താഴെ ഞങ്ങളെത്തി. മോനവിടെ ഞങ്ങളേയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. പിന്നെ

സ്നേഹാശ്ളേഷങ്ങൾ...

പുതിയ ഫ്ളാറ്റിൽ നല്ല സൗകര്യമുണ്ട്... അതിനൊത്ത ഫർണീച്ചറുകളും... എല്ലാവർക്കും ഇഷ്ടപ്പെട്ടു... പരസ്പരമുള്ള കുശലാന്വേഷണങ്ങൾ... ഷൂ മാറ്റിയപ്പോൾ നല്ല തണുപ്പ്. കാല് തറയിൽ കുത്താൻ വയ്യാത്ത അവസ്ഥ. ജിത്തു മോൻ രണ്ട് സ്ലിപ്പറുകൾ കൊണ്ടുവന്നു തന്നപ്പോഴാണ് ആശ്വാസമായത്.

   എയർപോർട്ടിൽ യുദ്ധ വിമാനങ്ങളും പരിശീലന വിമാനങ്ങളും വന്നും പോയുമിരിക്കുന്ന  ശബ്ദം നന്നായി കേൾക്കുന്നുണ്ട്. വിശാലമായ ടെറസ്സിലേയ്ക്കു കടന്നാൽ തൊട്ടടുത്തു കാണുന്ന കാഴ്ചയാണിത്. അവിടമാകെ കോടമഞ്ഞ് നിറഞ്ഞിരിക്കുകയാണ്. ലാൻറ് ചെയ്തിരിക്കുന്ന അഞ്ച് വിമാനങ്ങൾ അവയുടെ ലൈറ്റ്... നയന സുഖം തരുന്ന കാഴ്ച...

എല്ലാവരും ഉറങ്ങാനുള്ള തയ്യാറെടുപ്പിൽ...ഹൊ! എന്തൊരു തണുപ്പ്! ഡുവേ എടുത്ത് പുതച്ചപ്പോൾ ആശ്വാസമായി. സുഖകരമായ ഉറക്കത്തിലേയ്ക്ക്...

പിറ്റേ ദിവസം രാവിലെ മോൻ വന്നു കുലുക്കി വിളിച്ചപ്പോഴാണ് ഉണരുന്നത്. ഞങ്ങൾ കിടക്കുന്ന റൂമിൻ്റെ ഒരു വശം ഗ്ലാസ്സാണ് . (എയർപോർട്ടിന് അഭിമുഖമായ ഭാഗം) കർട്ടൻ രണ്ടായി പകുത്തു കൊണ്ട് മോൻ പറഞ്ഞു

"അച്ഛാ, അമ്മേ.. പുറത്തേയ്ക്കൊന്നു നോക്കു..."

ആകാംഷയോടെ ഞങ്ങൾ പുറത്തേയ്ക്ക് നോക്കി

മനോഹരമായ ആ കാഴ്ച ഒരിക്കലും മറക്കാനാവില്ല!

ആകാശത്തിൻ്റെ കിഴക്കേ ചെരുവിൽ നിന്നിറങ്ങിവന്ന്, മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന വിമാനത്താവളത്തിലാണോ സുര്യഭഗവാൻ തേരിറങ്ങിയത് എന്നു തോന്നിപ്പോകും! കണ്ണിൽ ഉൾക്കൊള്ളാവുന്ന തിലധികം ചന്തം! ഇനി എൻ്റെ വിഭ്രാന്തിയാണോ? ഇത്രയും അടുത്ത് എന്നു തോന്നിപ്പിക്കുന്ന ഒരു ഉദയം ആദ്യമായി കാണുകയാണ്. മറ്റു പ്രകൃതി ദൃശ്യങ്ങളുടെയൊ കെട്ടിടങ്ങളുടേയോ തടസ്സങ്ങളൊന്നും ഇല്ലാതെ പരന്നു കിടക്കന്ന എയർപോർട്ടിലൂടെയുള്ള  ദർശനമായതുകൊണ്ടാകാം... ഉദയ സൂര്യൻ വിതറിയ കുങ്കുമം മഞ്ഞിൽ വീണു കിടക്കുന്നതു കൊണ്ടാണോ ഇത്രയും ദൂരം പരന്നു കിടക്കുന്ന ശോഭ! എന്നാൽ ഇവിടേയും സൂര്യന് അലങ്കാരമായി രണ്ടു തെങ്ങുകൾ രണ്ടു വശങ്ങളിലായി കാണാനായത് കൗതുകമായി തോന്നി. എഴുന്നേൽക്കുമ്പോൾ ആ തെങ്ങുകളെവിടെ നിൽക്കുന്നുവെന്ന് നോക്കുണമെന്ന് തീരുമാനിച്ചുകൊണ്ട് ഡുവെ എടുത്തു പുതച്ചു കൊണ്ട് വീണ്ടും കിടന്നു.  ഈ കാഴ്ച മോനെന്നും കാണാമല്ലോ എന്നോർത്തപ്പോൾ ഏറെ സന്തോഷം തോന്നി.

പതിനഞ്ചാം തിയ്യതി പകൽ മോന് ജോലിത്തിരക്കായതിനാൽ പുറത്ത് പോയില്ല. ഞാൻ വായനയിലേയ്ക്കു തിരിഞ്ഞു. രാജേട്ടൻ ടി.വി കണ്ടു കൊണ്ട് വിശ്രമത്തിൽ... കുട്ടികൾ രണ്ടു പേരും ലാപ്ടോപ്പിൽ മുഴുകിയിരിക്കുന്നു... സമയാസമയങ്ങളിൽ ഇഷ്ടപ്പെട്ടപ്പെട്ട ഭക്ഷണങ്ങളെല്ലാം വീട്ടിൽ വരുത്തി കഴിച്ചു.

നാല് മണിയായപ്പോൾ മോൻ പറഞ്ഞു, പെട്ടെന്ന് ഒരുങ്ങിയിറങ്ങിയാൽ ഭാഗ്യമുണ്ടെങ്കിൽ നന്ദി ഹിൽസിലെ അസ്തമയം കാണാം. രണ്ടു മണിക്കൂർ ഡ്രൈവിംഗ് ഉണ്ട് 62 Km ദൂരം താണ്ടണം! ഞങ്ങൾ പെട്ടെന്ന് തന്നെ യാത്ര ആരംഭിച്ചു. മൂന്നു കഥകൾ കൂടി ബാക്കിയുണ്ടായിരുന്നതിനാൽ ഞാൻ പുസ്തകം കൈ പിടിച്ചു. യാത്രാരംഭത്തിൽ തന്നെ വായിച്ചു തീർത്തു. നല്ലൊരു കൃതി വായിച്ചു കഴിഞ്ഞതിൻ്റെ സുഖം...

സൂര്യൻ പടിഞ്ഞാറോട്ട് ചായാൻ തുടങ്ങിയപ്പോൾ ഞാൻ പുറം കാഴ്ചകളിലേയ്ക്ക് കണ്ണും നട്ടിരുന്നു. രാജേട്ടൻ മുൻപ് ബാംഗ്ലൂരിൽ ജോലി ചെയ്തിട്ടുള്ളതിനാൽ ഇപ്പോൾ വന്ന മാറ്റങ്ങളെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചുമുള്ള കാര്യങ്ങൾ മക്കളോട് സംസാരിച്ചുകൊണ്ടിരുന്നു.റോഡിൽ മെട്രോ വർക്കുകളും വീതികൂട്ടലും ഓവർ ബ്രിഡ്ജ് വർക്കുകളും  നടക്കുന്നുണ്ടായിരുന്നു. കേരളത്തിലെ അത്ര തന്നെ മാസ്ക് ഉപയേഗത്തിൽ കർണ്ണാടകയിലുള്ളവരും ശ്രദ്ധിക്കുന്നില്ല എന്നുള്ളതൊരു വാസ്തവമാണ്. രോഗം കൂടുതൽ കേരളത്തിലും!

അസ്തമയത്തിനു മുമ്പ് എത്തിച്ചേരാനാകില്ലേയെന്ന ആശങ്കയിൽ നല്ല സ്പീഡിലാണ് വണ്ടി പോയി കൊണ്ടിരുന്നത്! രണ്ട് ടോൾ പ്ലാസ്സകൾ പിന്നിട്ടു.

ഹൈദരാബാദ് - ബോംബെ ഹൈവേയിലൂടെ യശ്വന്തപൂർ റെയിൽവേ സ്റ്റേഷൻ്റെ വശത്തുകൂടി വേഗത്തിലുള്ള യാത്രയിൽ, നന്ദി ഹിൽസിൽ എങ്ങനെയുള്ളൊരു അസ്തമയമായിരിക്കും ഞങ്ങളേയും കാത്തിരിക്കുന്നത് എന്നോർത്തുപോയി. 

നന്ദി ഹിൽസ്... ഇങ്ങനെയൊരു പേര് വരാൻ എന്തായിരിക്കും കാരണം? ഞാൻ ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു അഖിമോൻ പറഞ്ഞത് 

 ''അമ്മേ, അവിടെ ചില ക്ഷേത്രങ്ങളുണ്ട്...  കുന്നിൽ മുകളിലുള്ള ക്ഷേത്രം സാക്ഷാൽ ശിവഭഗവാൻ്റെ വാഹനമായ നന്ദിയുടേതാണ്. ഒറ്റക്കല്ലിൽ തീർത്ത വിഗ്രഹമാണ് അവിടെയുള്ളത്.  ഹിൽസിൻ്റെ താഴ്വരയിൽ ഒരു പ്രാചീന ക്ഷേത്ര മുണ്ട്, ഭോഗനന്ദീശ്വര ക്ഷേത്രം. കൂടാതെ കാളീ ഭക്തനായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻ തപസ്സു ചെയ്തിരുന്നുവെന്ന് വിശ്വസിക്കുന്നയിടവും ഉണ്ട്  'ബ്രഹ്മാശ്രമം' എന്നാണ് പറയുന്നത്. ഇറങ്ങാനുള്ള പടിക്കെട്ടുകളോടുകൂടിയ മനോഹരമായ ഒരു കുളവുമുണ്ടിവിടെ. അമൃത സരോവരം എന്നറിയപ്പെടുന്ന ഈ കുളത്തിലെപ്പോഴും നിറയെ വെള്ളമുണ്ടിരിക്കും... ഞങ്ങളന്ന് രാവിലെ എത്തിയതുകൊണ്ടാണ് എല്ലാം കാണാനായത്. ഒരു പാട് കാണാനുണ്ട് നമുക്ക് വീണ്ടുമൊരിക്കൽ വരാം. രാവിലെ വന്നിരുന്നുവെങ്കിൽ സൗകര്യമായേനേ..."

കെ.എസ്.ടി.ഡി.സിയുടെ ചില ബസ്സുകൾ അങ്ങോട്ട് സർവീസ് നടത്തുന്നുണ്ട്. ഫോറസ്റ്റ് ഏരിയ ആയ ഇവിടെ റോഡിൻ്റെ ഇരുവശവും യൂക്കാലിപ്റ്റസ് മരങ്ങളാണ് അധികവും. കുരങ്ങൻമാരും മാനുകളും ഒറ്റയ്ക്കും കൂട്ടാമായും ഇരിക്കുന്നു... അസ്തമയം കാണാൻ ധാരാളം വാഹനങ്ങളങ്ങോട്ട് കുതിക്കുന്നുണ്ട്! അവിടെ മുന്തിരിത്തോട്ടങ്ങൾ ഉള്ളതുകൊണ്ടാകാം

റോഡ് സൈഡിൽ പച്ച മുന്തിരി ധാരാളമായി വില്പനയ്ക്ക് വച്ചിരിക്കുന്നു... സമുദ്രനിരപ്പിൽ നിന്നും 4500 അടി മുകളിലാണത്രെ നന്ദി ഹിൽസ്! രണ്ടാമത്തെ ടോൾപ്ലാസയിൽ എഴുതി വെച്ചിട്ടുണ്ടായിരുന്നു,നന്ദി ഹിൽസിലേയ്ക്ക് രാവിലെ 6 മണി മുതൽ വൈകിട്ട് 6 വരെ മാത്രമാണ് പ്രവേശനം എന്ന്...കുന്നുകൾ വിദൂര കാഴ്ചയായി കാണുവാൻ തുടങ്ങി ..

40 ഓളം ഹെയർ പിൻ വളവുകൾ... കൊടൈക്കനാൽ യാത്രയെ ഓർമ്മിച്ചു. എങ്കിലും നല്ല റോഡാണ്. എല്ലാ കാറുകളും നല്ല സ്പീഡിലാണ് പോകുന്നത് അസ്തമയ സമയത്തിനു മുൻപ് എത്തിച്ചേരാനുള്ള വ്യഗ്രതയിൽ!

ടിപ്പു സുൽത്താൻ്റെ കൊട്ടാരകവാടത്തിലൂടെയാണ് നമ്മളങ്ങോട്ട് പ്രവേശിക്കുന്നത്. പാർക്കിംഗ് ഫീ കൊടുത്ത് പ്രവേശന ടിക്കറ്റുമെടുത്ത് വ്യൂപോയൻറിലേയ്ക്ക് നടന്നു. നല്ല തിരക്കുണ്ട്. പല ഭാഷക്കാർ ഉണ്ടെങ്കിലും മലയാളികളാണ് അധികവുമെന്നത് എന്നെ അതിശയിപ്പിച്ചു!


(തുടരും)



ഒന്നാം ഭാഗം വായിക്കാൻ ഇവിടെ സ്പർശിക്കുക..

.







Tuesday, May 25, 2021

കവിത - ജയപ്രകാശ് എറവ്


സഫ്ടിക കൂട്ടിനുള്ളിലെ

വർണ്ണ മീനുകൾക്ക്

പുഴയുടെ ആഴമറിയില്ല.

ഓളങ്ങളിൽ നീന്തി

ഊയലാടിത്തിമർക്കുന്ന

കൂട്ടരെ അറിയില്ല.

കൂട് തുറക്കുമ്പോൾ

ലോകം പുതുതായി

പിറന്ന് വീഴുന്നു

ക്ഷണിക നേരമീ കാഴ്ച.

ഒരേ ആവർത്തനം,

പകലിനും രാത്രിയ്ക്കും ഒരേ നിറം.

കുതിച്ച് ചാടാതെ

കുലംകുത്തി മറിയാതെ

പുതിയ കുലമഹിമ ഞങ്ങൾ

പഠിച്ച് കൊണ്ടേയിരിക്കുന്നു.

ഒന്നുറപ്പ് ,

കാഴ്ചകളുടെ വർണപ്പൊലിമയിൽ

ഞങ്ങൾ -

തീൻമേശ ദുരന്തങ്ങളായ്

എത്തപ്പെടുന്നില്ല.

 

Monday, May 24, 2021

ഹംപി യാത്ര - അജിത രാജൻ. (ഭാഗം - 1)


     2020 ഡിസംബർ 14 നാണ് ഞാനും രാജേട്ടനും  മകൻ അഖിൽ രാജുമൊത്ത് യാത്ര പുറപ്പെടുന്നത്. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന മൂത്ത മകൻ ജിതിൻ രാജിൻ്റെ ആവർത്തിച്ചുള്ള വിളിയും ഹംപിയിൽ പോകാമെന്ന വാഗ്ദാനവുമാണ് കൊറോണക്കാലത്തെ ഈ യാത്രയ്ക്കുള്ള പ്രചോദനം.

        ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ഞങ്ങൾ ഇന്നോവ കാറിൽ യാത്ര ആരംഭിക്കുന്നത്. ഉച്ച വെയിൽച്ചൂടിൽ നിന്ന് കാറിലെ നനുനനുത്ത തണുപ്പിലേയ്ക്ക് കയറിയിരുന്നപ്പോൾ എന്തൊരു ആശ്വാസം! വേണ്ടപ്പെട്ടവരോടെല്ലാം യാത്ര ആരംഭിച്ച വിവരം വിളിച്ചു പറഞ്ഞു. മനസ്സിൽ കൊണ്ടു നടക്കുന്ന മറ്റൊരു ഇഷ്ടം കൂടെ കൂട്ടിയിരുന്നു. എഴുത്തുകാരി ഗംഗാദേവിയുടെ 'മേഘങ്ങൾ കൊണ്ടുവന്നത് ' എന്ന കഥാസമാഹാരം! സ്പീഡ് പോസ്റ്റിൽ അയച്ചു കിട്ടിയിട്ട് രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു... നോവലിസ്റ്റ് ലിസി എഴുതിയ അവതാരിക മാത്രമെ വായിക്കാൻ കഴിഞ്ഞിരുന്നുള്ളു. ഇപ്പോഴാണൊന്ന് സ്വതന്ത്രയായത്! മനോഹരമായ പുറംച്ചട്ടയോടു കൂടിയ ഈ പുസ്തകത്തിലെ ആദ്യത്തെ കഥയ്ക്ക് പുസ്തകത്തിൻ്റെ നാമം തന്നെ.. ആദ്യ കഥയിലെ ആദ്യ പേജിലൂടെയുള്ള യാത്ര തന്നെ ആനന്ദദായകം. വായനക്കാരുടെ മനസ്സിനെ കീഴടക്കുന്ന രചനാ വൈഭവം!

ബാങ്ക് ഉദ്യോഗസ്ഥയായ കഥാകൃത്തിൻ്റെ ഒരു ദിവസത്തിൻ്റെ ആരംഭമാണ് കഥയിലെ ആദ്യ വരിയിൽ, രേഖാചിത്രമായി തെളിഞ്ഞിരിക്കുന്നത്... കഥയുടെ രചനാശൈലി എന്നെ വല്ലാതെ കൊതിപ്പിച്ചു! മനസ്സിൽ തിങ്ങിനിന്ന സന്തോഷം പങ്കുവെയ്ക്കാനായി ഞാൻ രാജേട്ടനോട് പറഞ്ഞു


"അയ്യോ... എന്തു രസായിട്ടാണ് ഈ കഥ എഴുതിയിരിക്കുന്നെപക്ഷെ ഇത് വെറും കഥയല്ലെന്ന് തോന്നുന്നു... കഥാകൃത്തിൻ്റെ അനുഭവമാണ്.അങ്ങനെയെങ്കിൽ ഗംഗാദേവി ടീച്ചറുടെ മനസ്സിന് ...?"


'ഊം.. ഈ പുസ്തകത്തിൻ്റെ മധുരം ഞാനെന്നേ നുണഞ്ഞതാ മോളേ... " 


എന്ന ധ്വനിയിലുള്ള കള്ളച്ചിരിയുമായി രാജേട്ടനിരുന്നു...


കൊറോണക്കാലത്ത് എന്നേക്കാൾ എത്രയോ കൂടുതലാണ് അദ്ദേഹം വായിച്ച പുസ്തകങ്ങൾ!


കഥയുടെ രചനാശൈലി എന്നെ വല്ലാതെ അഹ്ളാദിപ്പിക്കുന്നുണ്ടായിരുന്നുവെങ്കിലും ടീച്ചറുടെ മനസ്സിൻ്റെ താളം തെറ്റിയിരുന്നോ എന്ന ചിന്ത എന്നെ കുഴപ്പിക്കുന്നുണ്ടായിരുന്നു. ഈ എഴുത്തു രീതി. ഇങ്ങനെയൊരു അവസ്ഥയിലുണ്ടായ സംഭവങ്ങളെല്ലാം എങ്ങനെ ഓർത്തെടുത്ത് എഴുതും? വീട്ടിലുള്ളവർ പറഞ്ഞു കൊടുത്തു കാണും... അടുത്ത കഥയിലേയ്ക്ക് പോകാനാകാതെ ചിന്തകളെന്നെ വെറുതെ വട്ടം കറക്കി കൊണ്ടിരുന്നു...

ഇപ്പൊ തന്നെ ഗംഗാദേവി ടീച്ചറെ വിളിച്ചാലോ...വേണ്ട... ഹിന്ദി പാട്ട് വെച്ചാസ്വാദിച്ച് മോൻ വണ്ടിയോടിക്കുകയാണ്. എവിടെയെങ്കിലും കാറു നിറുത്തി പുറത്തിറങ്ങുമ്പോൾ ചോദിക്കാമെന്നാശ്വാസിച്ച് വീണ്ടും വായനയിലേയ്ക്ക്...


വാളയാർ ചെക്കു പോസ്റ്റിലെത്തിയപ്പോൾ കുറച്ചു സമയം അവിടെ വെയ്റ്റു ചെയ്യേണ്ടി വന്നു. പുറത്തേയ്ക്ക് നോക്കാൻ വയ്യ കണ്ണു പുളിയ്ക്കുന്ന വെയില് ... തലയെടുപ്പോടെ നിൽക്കുന്ന മലബാർ സിമൻറ് ഫാക്ടറി... ഞാൻ പുസ്തകവായന തുടർന്നു ...


കോയമ്പത്തൂർ - തിരൂർ പിന്നിട്ട് സേലം എത്തിയപ്പോഴാണ് ഞങ്ങൾ ചായ കുടിക്കാനായി പുറത്തിറങ്ങിയത്. സമയം ആറു മണി ആയിക്കാണും. ഇതേ ഉദ്ദേശ്യത്തോടെ തന്നെയായിരിക്കണം ഏതാനും വണ്ടികൾ അവിടെ പാർക്ക് ചെയ്തിട്ടുണ്ട്. അതൊരു ഹോട്ടലൊന്നുമായിരുന്നില്ല ബേക്കറിയാണ്. ചായയും ചെറു കടികളും അവിടെ കിട്ടും...കടയിൽ കുറച്ചു തിരക്കുണ്ട്... കൊറോണ പേടിയിലിരിക്കെ ഞങ്ങളെ അതിശയിപ്പിച്ചൊരു കാര്യം തമിഴ്നാട്ടിൽ യാത്രികർ അധികം പേരും മാസ്ക്ക് വെച്ചിട്ടില്ല എന്നതാണ്. ഹെൽമെറ്റ് ഉപയോഗവും കുറവാണെന്ന് നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നു... 

കൂടാതെ തമിഴ്നാട്ടിലെപ്പോലെ ടോൾ ഉള്ള മറ്റൊരിടവും ഇല്ലെന്ന് തോന്നി...

കാറിനു പുറത്തിറങ്ങിയ ഞാൻ കടയിലേയ്ക്ക് പോകാതെ ഗംഗാദേവി ടീച്ചറോട് സംസാരിക്കാനൊരു ശ്രമം നടത്തിയെങ്കിലും കിട്ടിയില്ല. എനിക്കു കഴിക്കാനുള്ളത് മോൻ കാറിൻ്റെ അടുത്തേയ്ക്ക് കൊണ്ടുവന്ന് തന്നിരുന്നു. സമയം ഇരുട്ടാൻ തുടങ്ങിയിട്ടും

ഒരു തമിഴ് സ്ത്രീ കുറച്ച് കരിമ്പിൻ തണ്ടുകളും കരിക്കുകളുമായി ആവശ്യക്കാരെ കാത്തിരിക്കുന്നുണ്ടായിരുന്നു... ആവശ്യക്കാരെയാരേയും കാണുന്നില്ലല്ലോയെന്ന നിരാശയിൽ ഇരിക്കുന്ന അവരുടെ അടുത്തേയ്ക്ക് പാർക്ക് ചെയ്ത വണ്ടികൾക്ക് ഇടയിലൂടെ ഓടിക്കളിച്ചിരുന്ന അഞ്ചു വയസ്സു തോന്നിക്കുന്ന അവരുടെ മകൻ ഓടി വന്നു... കുട്ടിയോട് അമ്മ ആവശ്യപ്പെടാതെ തന്നെ, കരിമ്പിൻ തണ്ടുകൾ ഒന്നൊന്നായെടുത്ത് പുറകിൽ ഒഴിഞ്ഞുകിടക്കുന്ന കടമുറിയിൽ കൊണ്ടുവയ്ക്കാൻ തുടങ്ങി... അമ്മ പറയാതെ തന്നെ വീട്ടിൽ പോകാറായെന്ന് സ്വയം മനസ്സിലാക്കി ചെയ്യുകയാണ്  കുട്ടി. ഒരു നിമിഷം നമ്മുടെ അഞ്ചു വയസുകാരായ കുട്ടികളുടെ കാര്യം ഓർത്തു പോയി ...

                                          (തുടരും..)

Sunday, May 23, 2021

കഥ - അബ്ദുൾ കലാം



ട്രെയിൻ പാലത്തിനുമുകളിലേക്ക് കയറിയപ്പോൾ വേഗത അല്പം കുറഞ്ഞു. താഴെ നദിയിൽ വെയിൽ നാളങ്ങൾ തുള്ളി കളിച്ചു. തണുത്ത കാറ്റ് വീശിക്കൊണ്ടിരുന്നു. അതൊരു നവംബർ മാസമായിരുന്നു. യാത്ര ചെയ്യാൻ എന്നും അയാൾ ഇഷ്ടപ്പെട്ടിരുന്ന മാസം.

 

"സൂക്ഷിക്കണം , വാതിൽപ്പടിയിൽ നിൽക്കുന്നത് അപകടമാണ് "



പിറകിൽ നിന്നും ഒരു സ്ത്രീ ശബ്ദം.

സുന്ദരിയായ ഒരു ഇരുനിറക്കാരി . അയാൾ ചിരിച്ചു.


"നല്ല കാറ്റ് പിന്നെ, പുഴയിലെ കാഴ്ചയും "


നീലസാരിയും ബ്ലൗസും ധരിച്ച കൃശഗാത്രയായ സ്ത്രീ. കുലീനത്വമുള്ള മുഖത്ത് ഐലീനർ എഴുതിയ തിളങ്ങുന്ന കണ്ണുകൾ.

അനുസരണയില്ലാത്ത മുടി കാറ്റിനോടൊപ്പം ഒഴുകി കളിക്കുന്നു.

താനീ ട്രെയിനിൽ കയറിയിട്ട് മണിക്കൂറുകൾ ആയി. ഇങ്ങനെ ഒരു സ്ത്രീയെ ഇതുവരെ കണ്ടില്ല. 


"കഴിഞ്ഞ സ്റ്റേഷനിൽ നിന്നും കയറിയതാണ് "


അയാളുടെ മനോഗതം മനസ്സിലാക്കിയ പോലെ അവൾ പറഞ്ഞു.

ഏതോ സ്വർഗ്ഗ ഗായികയുടെ സ്വരം പോലെ അയാൾക്ക് തോന്നി.

അവൾ അയാളോട് ചേർന്ന് നിന്ന് പുറത്തെ കാഴ്ച കാണാൻ ശ്രമിച്ചു.

അവളിൽ നിന്നും വശ്യസുന്ദരമായ ഒരു വാസന  അയാളിലേക്ക് പ്രവഹിച്ചു.


"എങ്ങോട്ടാണ് യാത്ര " 

സ്വപ്നത്തിലെന്നപോലെ അയാൾ ചോദിച്ചു.

" നഗരത്തിലേക്ക് "

നഗരം എന്നു കേട്ടപ്പോൾ അയാൾക്ക് തലവേദനിച്ചു. ബാങ്ക്, മാനേജർ, കണക്കുകൾ, ക്യാഷ് അങ്ങിനെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി അയാളെ മടുപ്പിച്ചിരുന്ന ഒരോന്നോരോന്നായി അയാളുടെ ഓർമയിലേക്ക് കടന്നുവന്നു.

പക്ഷെ ,

അയാൾക്ക് നഗരത്തിലേക്ക് എത്തിച്ചേരാതിരിക്കാൻ കഴിയുമായിരുന്നില്ല. ആരും ഇല്ലാത്ത തറവാട്ടിലെ എകാന്തത അയാളെ അത്രക്ക് വീർപ്പുമുട്ടിച്ചിരുന്നു.

ജോലിയിലെ മടുപ്പിൽ നിന്നും ഓടിപ്പോകുന്ന വേഗത്തിൽ തന്നെ അയാൾ തിരികെ നഗരത്തിലേക്കും ചേക്കേറിയിരുന്നു.

                  

                    ട്രെയിൻ എതോ സ്റ്റേഷൻ എത്താറായിരിക്കുന്നു. ചക്രങ്ങൾ വലിഞ്ഞു മുറുകി പാളങ്ങളിൽ ഉരഞ്ഞു ശബ്ദമുണ്ടാക്കി.


"നമ്മുക്ക് ഇവിടെ ഇറങ്ങിയാലോ !

ഏതോ സ്വപ്നത്തിൽ നിന്നെന്ന പോലെ അവൾ ചോദിച്ചു.

കാലങ്ങളായി അടച്ചു വെച്ച പനിനീർ കുപ്പി തട്ടി തൂവിയതു പോലെ അയാൾക്കു ചുറ്റും സുഗന്ധം പരന്നു.

" ഇറങ്ങാം "

അയാൾ പെട്ടെന്ന് ഉത്തരം പറഞ്ഞു.


അയാൾ അവളുടെ കനമുള്ള ബാഗെടുത്ത് തൊളിലിട്ടു. അയാളുടെ പെട്ടി വലതു കൈയിൽ പിടിച്ച് ഇറങ്ങാൻ ശ്രമിക്കുമ്പോഴെക്കും അവൾ പ്ലാറ്റ്ഫോമിൽ ഇറങ്ങി കഴിഞ്ഞിരുന്നു.


സ്റ്റേഷനടുത്തുള്ള ലോഡ്ജിലേക്ക് അവൾ മുമ്പിൽ നടന്നുകയറി. മുറ്റത്തേ റോസാപ്പുവിതളിൽ ഒരു ചിത്രശലഭം വർണ്ണ ചിറകിളക്കി മുഖം പൂഴ്ത്തി  നിൽക്കുന്നു. മുറിക്കുള്ളിലേക്ക് അയാൾ പ്രവേശിച്ചപ്പോൾ അവളുടെ മുഖം ചുവന്ന റോസാപ്പു പോലെ തുടുത്തിരുന്നു. പടിഞ്ഞാറ് ചായുന്ന സൂര്യന്റെ കിരണങ്ങളൊടൊപ്പം തണുത്ത കാറ്റും അവളെ തഴുകി തലോടി കൊണ്ടിരുന്നു.



                   അയാൾ അവളുടെ മുടിയിഴകളെ ചുംബിച്ചു. അവൾ അയാളുടെ മാറിലേക്ക് ഒതുങ്ങി നിന്നു. കടിഞ്ഞാണില്ലാത്ത കാമന അയാളെ അതിവേഗം പറത്തി. തീരാത്ത തളരാത്ത ആവേശത്തിൽ അയാൾ പിടഞ്ഞു. ആദ്യ ഉന്മാദത്തിന്റെ ലഹരിയിൽ അയാൾ വിയർത്തു. കൊടുങ്കാറ്റിൽ ഇളകി പറന്ന ഒരില പോലെ ചെന്നെത്താൻ കൊതിച്ച ഇടങ്ങളിലോക്കെ ചുറ്റികറങ്ങി ഒടുവിൽ ശാന്തനായി അയാൾ ഉറങ്ങി.


മനോഹരമായ ഒരു സ്വപ്നത്തിന്റെ പരിസമാപ്തിയിൽ അയാൾ കണ്ണുകൾ തുറന്നു. ഉടുത്തൊരുങ്ങി പോകാൻ തയ്യാറായി അവൾ നിൽക്കുന്നത് കണ്ട് അയാൾ ആശ്ചര്യപ്പെട്ടു.


" ഞാനിറങ്ങുന്നു. ഇപ്പോഴൊരു വണ്ടിയുണ്ട് അതിന് നഗരത്തിലെത്തണം"

അവൾ പറഞ്ഞു.

" നിൽക്കു, ഞാനും വരാം "

അയാൾ കിടക്കയിൽ നിന്നും പിടഞ്ഞ് എഴുന്നേൽക്കാൻ ശ്രമിച്ചു.

"വേണ്ട!"

അവൾ അയാളെ തടഞ്ഞു.

"നിങ്ങൾ അടുത്ത വണ്ടിക്ക് വന്നാൽ മതി.

നമ്മൾ ഒരുമിച്ചിറങ്ങേണ്ട "

"എന്താ ഇത്ര പെട്ടെന്ന് , നമുക്ക് കുറച്ചു കഴിഞ്ഞ് പോകാം"

നിരാശ മറച്ചു കൊണ്ട് അയാൾ കെഞ്ചി.

"പറ്റില്ല"

അവൾ അയാളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.

" സ്റ്റേഷനിൽ ഭർത്താവും കുഞ്ഞും കാത്തു നിൽക്കുന്നുണ്ടാകും. "

അയാളുടെ മുഖം താഴ്ന്നു. പിന്നെ സാവധാനം അയാൾ ചോദിച്ചു.

"എന്താ പേര് ? "

" അതിലെന്തിരിക്കുന്നു. "

ബാഗുമെടുത്ത് മുറിവിട്ടിറങ്ങി കൊണ്ട് അവൾ ചിരിച്ചു.


കുറെ സമയം അയാൾ ആ കിടക്കയിൽ തന്നെയിരുന്നു. കഴിഞ്ഞ ഒരു രാത്രി താനാരായിരുന്നു. ? എവിടെയായിരുന്നു ?

 ആരായിരുന്നു തന്നൊടൊപ്പം ഉണ്ടായിരുന്ന സുന്ദരി?. 

എല്ലാം വെറും സ്വപ്നം മാത്രമായിരുന്നുവോ ?.

: അയാളുടെ മനസ്സിൽ സങ്കടത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങി. അപ്പോഴും അവളൊടുള്ള പ്രേമത്തിന്റെ തീവ്രത അയാളുടെ സിരകളിൽ കുതികൊണ്ടു..

ജീവിതത്തിലെ ഏറ്റവും വലിയ  നഷ്ടത്തിൽ അയാൾ എകാകിയായി.

അവളെയോർത്ത് അയാൾ തേങ്ങി.

അപ്പോൾ ദൂരെ ഒരു ട്രയിൻ ചൂളമടിച്ച് കടന്നുപോകുന്നത് അയാൾ കേട്ടു.

                               

                     abdulkalam882@gmail.com

Thursday, May 20, 2021

കഥ - ആതിര ദാസ്

 

എനിക്ക് നിങ്ങളുടെ ഭാഷയറിയില്ല, എഴുത്തറിയില്ല, വായനയറിയില്ല.. പക്ഷേ എനിക്കും വിശപ്പുണ്ടായിരുന്നു. എനിക്ക് നിങ്ങളുടെ വകതിരിവില്ല, തിരിച്ചറിവില്ല... പക്ഷേ എനിക്കും ജീവനുണ്ടായിരുന്നു. നിങ്ങളുടെ ജീവിത സ്വപ്നങ്ങളും എനിക്ക് അപരിചിതമാണ്. എനിക്ക് ഉപദേശിക്കാനറിയില്ല.. പറയാനുമറിയില്ല.. തടയാനുമാവില്ല. പക്ഷേ ജീവനറ്റ് പോവുന്ന അവസാന നിമിഷത്തിന്റെ അങ്കലാപ്പ് എനിക്കുമുണ്ട്.

     ഞാൻ ഒരു നായാണ്. തെരുവുനായ. വെള്ളപ്പൊക്കത്തിന്റെ തിരുശേഷിപ്പായി തകഴിയുടെ തഴമ്പിൽ നിന്നും ജന്മമെടുത്ത് സഹൃദയരുടെ സഹാനുഭൂതി നേടിയ നായല്ല, യജമാന സ്നേഹത്തിന്റെ അതിർവരമ്പുകൾ അതിലംഘിച്ചു വീരമൃത്യു വരിച്ച 'ശേഖുട്ടി'യുമല്ല. അവരെന്റെ വർഗ്ഗമായിരുന്നുമില്ല. ഞാൻ കാലങ്ങളായി കല്ലെറിയപ്പെട്ട് ആട്ടിയോടിക്കപ്പെട്ടവന്റെ വർഗ്ഗമാണ്. ആരുടെയും സഹാനുഭൂതിയോ സഹൃദയന്റെ ആസ്വാദനമോ നേടാതെ ചത്തുമലയ്ക്കാൻ വിധിക്കപ്പെട്ടവന്റെ വർഗം. തെരുവുപട്ടി. കടപ്പാടുകളില്ലാതെ, കരുതലുകളില്ലാതെ, ഉടമകളില്ലാതെ...

   


  ജനിച്ചത് എവിടെയാണെന്നറിയില്ല... വളർന്നത് ദാ ഇവിടെ തന്നെയാണ്. ഈ പുണ്യ പുരാതന ഭൂവിൽ.. ഈ മഹാ നദിയുടെ തീരത്ത്.. പുണ്യ നദി ഗംഗാ തീരത്ത്...! ഞങ്ങൾ ബലിച്ചോറുകളുണ്ടു, ചുടലകളിൽ മറിഞ്ഞുരുണ്ടു... രാത്രികളിൽ ആത്മാക്കൾക്കൊപ്പം അഗാധമായ ഓരികളിട്ടു. ഇന്ന് അന്ത്യ ശ്വാസത്തിനായി പിടഞ്ഞു കൊണ്ടിരിക്കുന്നു.

     ഞങ്ങൾക്കാരും മുന്നറിയിപ്പുകൾ തന്നിരുന്നില്ല, പടർന്നു കയറുന്ന മഹാമാരിയെ ആകുലതയോടെ കാണാനും അകലം പാലിക്കാനും ഞങ്ങളെയാരും പരിശീലിപ്പിച്ചില്ല. തിരക്കൊഴിഞ്ഞ ഗംഗാ തീരങ്ങളിൽ ഞങ്ങൾ ബലിചോറിനായി അനേക നാൾ പ്രതീക്ഷിച്ചു. മുഖം മറച്ചു നടക്കാനോ, സാനിറ്റൈസർ  ഉപയോഗിക്കാനോ ആരും ഞങ്ങളെ ശട്ടം കെട്ടിച്ചില്ല. അലഞ്ഞു നടക്കുന്ന ഞങ്ങളെ ആട്ടി ഓടിക്കാൻ പോലും ആരും ഉണ്ടായില്ല. അഴുക്കുചാലുകളിൽ മണം പിടിച്ചുകൊണ്ട് അലയുമ്പോഴും എന്തിന് ഇപ്പോൾ ഈ നിമിഷത്തിലും എന്റെ വിശപ്പിൽ നിന്ന് ഒരു വ്യത്യാസവും  എനിക്ക് നിങ്ങളുടെ വിശപ്പിൽ കാണാനാവുന്നില്ല.

   


  ആ വിശപ്പാണ്, അതേ വിശപ്പാണ്, ഈ ആത്മഹത്യയിലേക്ക് (അല്ല, അറിയാതെ ആവുമ്പോൾ അത് ആത്മഹത്യ ആവില്ലല്ലോ. കൊലപാതകത്തിന്റെ ഇരകളാണ് ) എന്നെയും എനിക്കു മുൻപും പിൻപും ആയി പോയവരെയും വരാനിരിക്കുന്നവരെയും എത്തിച്ചത്. അതെ... പുണ്യ നദിയിലേക്ക് നിങ്ങൾ ഒഴുക്കിവിട്ട ' രോഗ ശരീരങ്ങളെ ' നീന്തി ചെന്ന് പിടിച്ച് കടിച്ചു തിന്നത് വിശപ്പു കൊണ്ടായിരുന്നു. അറിയില്ലായിരുന്നു, മരണമാണ് ഒഴുകി നടക്കുന്നതെന്ന്...!

     എന്തു വ്യത്യാസമാണ് ഞങ്ങളുടെ ജീവനിൽ നിന്നും നിങ്ങളുടെ ജീവനിൽ  ഉള്ളത്..? അതിന് പ്രത്യേക മൂല്യമുണ്ടോ? ഉണ്ടെങ്കിൽ തന്നെ ഞങ്ങളുടെ തെറ്റ് എന്തായിരുന്നു..? വിശന്നതോ..? പ്രാണവായു കിട്ടാതാകുമ്പോൾ നിങ്ങളിൽ ഉണ്ടാകുന്ന ആന്തലിൽ നിന്നെന്തു മാറ്റമാണ് ഞങ്ങളിലുണ്ടാകുന്നത്.. ഭാഷയറിയാത്തതാണോ, പറയാനറിയാത്തതാണോ കുറ്റം. പറയാനറിയാവുന്നവർ ആരാണ്? ദിനംപ്രതി നിങ്ങളെടുക്കുന്ന  മരണ കണക്കുകളിൽ ഞങ്ങളുടെ ജീവന്റെ എണ്ണമെവിടെ..? ഈ കൊലപാതകങ്ങൾക്ക് നിങ്ങളാരോട് ഉത്തരം പറയും..? ചോദിക്കാൻ ആളില്ലെങ്കിൽ ഉത്തരമെന്തിന്.. അല്ലേ..? ഏത് സ്വച്ഛ ഭാരതത്തിന്റെ തിരുശേഷിപ്പുകളാണീ ഒഴുകി നടക്കുന്നത്..? ഞങ്ങളെപ്പോലെ ചാവു കാത്തു കിടക്കുന്നത്..? കണ്ണിലിരുട്ടു കയറുന്നു.. ശ്വാസഗതി   കുറഞ്ഞുവരുന്നു.. ഒരു കാര്യം കൂടി.. ഈ പാപങ്ങളെ നിങ്ങളേതു ഗംഗയിലൊഴുക്കും..? അവസാനത്തെ ഒഴുക്കിൽ ശവങ്ങളെ പേറിനടക്കുന്ന ഈ ഗംഗയിലോ...????

Wednesday, May 19, 2021

കവിത - ഡോ. സംഗീത് രവീന്ദ്രൻ


ഡോക്ടർ സംഗീത് രവീന്ദ്രൻ രചിച്ച രണ്ട് കവിതകൾ വായിക്കാം.

______________________________


ദഹിച്ചലിയണമെന്നുണ്ട്

ഉള്ളിൽ അലിയാതിരിക്കുന്നതാം

ജീവിത വിഭവങ്ങളാകവേ.

നീ നശിപ്പ് കുടിച്ചിരിക്കുമ്പോൾ അതേ കൈയ്പ്പ് പാളിയിൽ നുണഞ്ഞിരുന്നു

ഞാനെന്നാരറിവൂ നീയല്ലാതെ ..

ഓർമയിൽ കെട്ടിയാടിയ

ഊഞ്ഞാലിൻ ചരടുകൾ പൊട്ടിവീണതിൻ

ജീവിത പരുക്കായ് ഞാൻ

വേച്ചു വേച്ചു നടക്കുന്നൂ.

കരളുകയാണല്ലോ നിൻ

അദൃശ്യ സാന്നിധ്യങ്ങൾ

ഇളം കാറ്റേ കരുതലേ....

_______________________________

ദു:ഖം കുടിച്ച് 

തടിച്ചതിനാലിന്നും

ദു:ഖമാണുള്ളം

നിറയ്ക്കുന്നതിപ്പോഴും .


ഓർമകളെന്നും

ഇരുണ്ടതേയുളളൂ

ജീവിതമെന്നും

നിഴൽ നിറം പൂണ്ടതും.


ചരിത്രം വിളമ്പും

കയ്പും നുണഞ്ഞിനി

ദുഖ പതാകയായ്

കരിങ്കറുപ്പായ് തുടരണോ ?


ക്ലേശം നിരന്തരം

കരിങ്കൊടി വീശുന്നു

ജീവിതം ആടിക്കളിക്കുന്നു

കാറ്റായ് ചുഴലിയായ്


നോവിൻ കൂട്ടിലെ

വൻവരങ്ങൾ വീഴുന്നു

സ്വപ്ന തളിർപ്പുകൾ

റാഞ്ചിപ്പറക്കുന്നൂ.


എന്നും കെട്ടിരിക്കുന്ന

വീട്ടു വിളക്കുകൾ

കരിന്തിരിയാളിയ

മുഖനെടുവീർപ്പുകൾ.


നന്മ മരിക്കാത്ത നാമ്പിൽ

ഇതൾ പൂക്കളായ്

കിനാവ് വിരിയും

നാൾ വരും നേരമേ


സ്നേഹം വിലങ്ങിയ

നെഞ്ചിൻ നടുവിലായ്

ജീവിതം ആഞ്ഞ് ആഞ്ഞ്

അമർത്തട്ടെ പ്രേമമേ...

Tuesday, May 18, 2021

കഥ - സന്ധ്യ ജലേഷ്

 

"ഹലോ.. രാംജി.. ഈ ലാബീഗം ബോൽറാ ഹും. ആബ് കഹാം ഹേ.. കേരൾ സേ ഏക് ഖൂബ് സൂരത്ത് ലഡ്കി ആയാ ഹേ...ഏക് ദം നയാ ഹേ..    (ഹലോ രാംജി ഈലാബീഗമാണ് സംസാരിക്കുന്നത്.  താങ്കൾ എവിടെയാണ്.  കേരളത്തിൽ നിന്നും സുന്ദരിയായ ഒരു പെൺകുട്ടി എത്തിയിട്ടുണ്ട് പുതിയതാണ്).     

മറുപടി കേട്ട അവർ പൊട്ടിച്ചിരിച്ചു കൊണ്ട് ഫോൺ ഓഫ് ചെയ്തു. വജ്ര വ്യാപാരിയാണ് ഗുജറാത്ത് കാരനായ രാംജി സേഠ്. ഈലാബീഗത്തിന്റെ കയ്യിൽ എത്തിപ്പെടുന്ന പുതിയ പെൺകുട്ടികളുടെ ആദ്യ അവകാശി രാംജി സേഠാണ്.  അതിന് കാരണവുമുണ്ട്.  അയാൾ പറയുന്നിടത്ത് ഒന്നോ രണ്ടോ ദിവസത്തേക്ക് പെൺകുട്ടിയെ എത്തിച്ചു കൊടുത്താൽ... മലയാളിയോ തമിഴ നോ ഹിന്ദിക്കാരനോ എണ്ണികൊടുക്കുന്ന കാശ് പോലെയല്ല.. കയ്യിലുള്ള പെട്ടി ഈലാബീഗത്തിന്റെ മുന്നിൽ വെച്ച് തുറക്കും. ഇഷ്ടമുള്ള തെടുക്കാം. ...." കൽക്കട്ട " (കൊൽക്കത്ത ).. ഹുഗ്ളി നദിയുടെ തീരത്ത് സ്ഥിചെയ്യുന്ന കൊൽക്കത്ത പശ്ചിമ ബംഗാൾ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്.  

"സോനാഗച്ചി"   ഏഷ്യയിലെ ഏറ്റവും വലിയ വേശ്യാലയം ഈ തെരുവിലാണ്. ബംഗാൾ, നേപ്പാൾ ' തുടങ്ങി ഒട്ടുമിക്ക ഭാഷക്കാരും ഇവിടെയുണ്ട്.  എത്തിപ്പെട്ടാൽ ഒരു രക്ഷപെടൽ അസാധ്യമാണ്.  അടിവില്ലിൽ വീണ എലിയുടെ അവസ്ഥ. രക്ഷപെടാൻ നോക്കിയാൽ കഴുത്ത് മുറുകും അനങ്ങാതെ എതിർക്കാതെ അനുസരിച്ചാൽ കുറേ കാലം കൂടി ജീവിക്കാം. ഇവിടുള്ള തൊണ്ണൂറ്റി ഒൻപത് ശതമാനം സ്ത്രീകളും കാമുകനോ ഭർത്താവോ വിലപേശി വിറ്റ വരാണ്.. നേപ്പാളികളിൽ ചിലർ മാത്രമാണ് എതിർപ്പില്ലാതെ ജോലി ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് പതിനഞ്ചാമത്തെ ദിവസം ഇവിടെ എത്തിപ്പെട്ടതാണ് പാലക്കാട്ട് കാരി ശ്രീവിദ്യ. ചില ദിവസം പത്തിൽ കൂടുതൽ പുരുഷൻമാർക്ക് മുൻപിൽ വസ്ത്രമഴിക്കേണ്ടി വരും." ഇന്നിനി വയ്യാ " എന്ന് പറഞ്ഞാൽ ഈലാ ബീഗത്തിന്റെ തടിച്ച കൈപ്പത്തി കവിളിൽ പോറൽ വീഴ്ത്തും. കൂടെ പൂരത്തെറിയും. അഴകും ആരോഗ്യവും നശിച്ച് രഹസ്യ രോഗങ്ങൾക്ക് അടിമയാകുമ്പോൾ ഇവിടെ നിന്നും പുറത്താക്കും.  വയറ് കത്തുമ്പോൾ തെരുവ് വേശ്യയുടെ പുതിയ കുപ്പായമണിയും.. അവിടെ കാമദാഹം തീർക്കാനെത്തുന്നവരിൽ ഏറിയ പങ്കും ഭിക്ഷക്കാരും കുഷ്ഠരോഗികളുമാണ്. ഇന്നലെ നൈറ്റ് ഷിഫ്റ്റായതിനാൽ ഇന്നുച്ചമുതലേ ശ്രീദേവിക്ക് ഡ്യുട്ടിയുള്ളു. ശരീരമാസകലം ഇടിച്ചു നുറുക്കിയ വേദന.. ഇന്നലെ വെളുപ്പിനാണ് വന്നുകിടന്നത്.. പത്ത് മണിയായിട്ടും എഴുന്നേറ്റിട്ടില്ല. വല്ലാത്ത ക്ഷീണം..... വെറുതെ കിടന്നോരോന്നാലോചിക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകും. സിഗരറ്റിന്റെയും മദ്യത്തിനേറെയും വിയർപ്പിൽ കുഴഞ്ഞ ഈ ഇരുട്ടറയ്ക്കുള്ളിൽ നിന്നും ഇനിയുള്ള രക്ഷപെടൽ മരണം മാത്രമാണന്നറിയാം.. 
എങ്കിലും..... കാടും മേടും മഞ്ഞും മലയും മഴയുമൊക്കെയുള്ള ഒരോർമ്മ ഇന്നും മനസ്സിലുണ്ട്. ................ എട്ടാം വയസ്സിലും അമ്മയേ കെട്ടിപ്പിടിച്ച് കിടന്നേ ഉറങ്ങിയിട്ടുള്ളു. തൊട്ടടുത്ത ശിവക്ഷേത്രത്തിൽ സുപ്രഭാതം കേൾക്കുമ്പോൾ പറ്റിച്ചേർന്നു കിടക്കുന്ന തന്നെ ഉണർത്താതെ അമ്മ എഴുന്നേറ്റ് അടുക്കളയിലേക്കു പോകും.... തെങ്ങോലമെടഞ്ഞ് മറച്ച കുളിപ്പുരയിൽ പച്ച വെള്ളത്തിൽ കുളിക്കുമ്പോൾ അമ്മ പറയും
 "നല്ലോണം മേല് തേക്ക്.. പെമ്പിള്ളാരായാൽ ഇത്തിരി വൃ ത്തീം മെനേമൊക്കെ വേണം"   
തല അമർത്തി തോർത്തി ഉച്ചിയിൽ രാസ്നാദിപ്പൊടി തിരുമ്മിത്തരും.  
''ഉച്ചിയിൽ വെള്ളമിറങ്ങി പനി പിടിക്കണ്ട "  
പൂജാമുറിയുടെ വാതിൽക്കൽ തൂക്കിയിരിക്കുന്ന കുടുക്കയിൽ നിന്നും ഭസ്മം തോണ്ടി നെറ്റിയിൽ തൊടും.  ഇതിനിടയിൽ അടുക്കളയിലേക്കെത്തി നോക്കുമ്പോൾ വിറകടുപ്പിലിരുന്ന് പുട്ട് കുറ്റിചൂളം വിളിക്കുന്നത് കേൾക്കാം. ചെമ്പാവരി പുഴുങ്ങി ഉണക്കി തടിയുരലിൽ അമ്മ തന്നെ കുത്തിയെടുത്ത അരി പൊടിച്ച് അത് കൊണ്ടുണ്ടാക്കുന്ന പുട്ടാണ്. അതിൽ നിന്നുയരുന്ന അവിക്ക് തവിടും തേങ്ങാപ്പീരയും കൂടി വെന്ത കൊതിപ്പിക്കുന്ന ഒരു മണമാണ്. തൊടിയിൽ നിന്നും വെട്ടിയെടുത്ത് പഴുപ്പിച്ച ചാമ്പ പൂവൻ പഴവും ഞെരടി പുട്ട് ചെറു ഉരുളയാക്കി കഴിക്കുമ്പോൾ പ്രത്യേകിച്ച് പഞ്ചസാര ചേർക്കേണ്ട കാര്യമില്ല. അത്ര മധുരമാണ് ആപഴത്തിന്. മുടി ഉച്ചിയിൽ വെച്ച് പകുത്ത് പുറകോട്ടിട്ട് അറ്റത്ത് ഒരു റിബണും കെട്ടും. 
സ്കൂൾ ജീവിതത്തിൽ കൂടുതലും 'ഇട്ടിട്ടുള്ളത് പാവാടയും ബ്ളൗസുമാണ്. ഒൻപത് മണിയാകുമ്പോൾ സ്കൂളിലേക്ക് പുറപ്പെടും. കടത്ത് വള്ളം കയറി ഇറങ്ങി അൽപം നടന്നാൽ ഒരു മൺറോഡാണ്. ആ വഴി അൽപം പോയാൽ വിശാലമായ പാടം. വയൽ വരമ്പിലൂടെ തണുത്ത ഇളം കാറ്റേറ്റ് വിളഞ്ഞ് സ്വർണ്ണ നിറത്തിൽ കുലകുത്തി കിടക്കുന്ന നെൻ മണി കളിലൊന്ന് ആരും കാണാതെ പറിച്ച് വായിലിട്ട് ചവച്ച് നടക്കുമ്പോൾ ഒരു പ്രത്യേക ശബ്ദമുണ്ടാക്കി കാളകളുടെ ചന്തിയിൽ മൃദുവായി അടിച്ചു കൊണ്ട് വയലുഴുതു മറിക്കുന്ന തൊപ്പി പാളവെച്ച കർഷകൻ. താഴ്ത്തികൊടുക്കുന്ന കലപ്പ മറിച്ചിടുന്ന ചെളിക്കട്ട കളിൽ നിന്ന് തല പൊന്തിക്കുന്ന ചെറുപ്രാണികളെ നീളമുള്ള കൊക്കുകൾ കൊണ്ട് കൊത്തിത്തിന്നുന്ന അനേകമനേകം വെള്ള കൊക്കുകൾ... 
ഇതൊക്കെ ഭൂമിയിൽ ഗ്രാമങ്ങളിൽ മാത്രമുള്ള ആത്മനിർവൃതിയേറുന്ന കാഴ്ചകളാണ്.  സ്കൂളിലെ ഇടവേള സമയത്ത് മൈതാനത്തിന്റെ മൂലയിൽ നിൽക്കുന്ന പുളിമരത്തിൻ ചുവട്ടിൽ നിന്ന് പൊഴിഞ്ഞു വീണ അച്ചിങ്ങാപ്പുളി പെറുക്കി ഉപ്പും കൂട്ടി തിന്നും. ഉച്ചഭക്ഷണത്തിന് മണിയടിക്കുമ്പോൾ കുടുതുറന്നു വിട്ടതാറാവിൻ കൂട്ടങ്ങളെപ്പോലെ ശബ്ദമുണ്ടാക്കിക്കൊണ്ട് പൈപ്പിൻചുവട്ടിലേക്കോടും. കൈ കഴുകി പാവാടത്തുമ്പിൽ തുടച്ച് വീണ്ടും ക്ലാസ് മുറിയിലേക്കോടും. ബഞ്ചിലിരുന്ന് അമ്മ തന്നു വിട്ട ചോറ് പൊതിസഞ്ചിയിൽ നിന്നെടുത്ത് തുറക്കും... തേങ്ങാച്ചമ്മന്തി, ചീരത്തോരൻ, ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി. ചൂട് ചോറിരുന്ന വാഴയില വാടിയ ഹൃദ്യമായ ഒരു ഗന്ധം ചുറ്റിലുമുയരും... 
ഓർമ്മകളിൽ ചാലിച്ച കണ്ണീർ കവിളുകളിലൂടെ ഒഴുകിയിറങ്ങുന്നതിനിടയിൽ വീണ്ടും ഒന്നു മയങ്ങി...... "ക്യാ ഹേരേ ചൂടൽ ബിനാ... സ്വപ്നാദേഖർ അപ് നേ കമരേ മേ ജാവോ " ( എന്ത് വാടി പിശാ ചേ. സ്വപ്നം കണ്ടിരിക്കാതെ മുറിയിലോട്ട് പോ" ) ഈ ലാബീഗത്തിന്റെ ചീത്ത കേട്ട് ഞെട്ടി ഉണർന്നു.   സമയമായിരിക്കുന്നു.. തിളച്ചുപൊന്തി കുതിച്ച് പായുന്ന രക്തം തുള്ളി കളാക്കി തന്റെ ഉദ രത്തിലേക്കിറ്റിക്കാൻ വീണ്ടും ഏതോ ഒരു വൃത്തികെട്ട പുരുഷൻ എത്തിയിരിക്കുന്നു.. അവൾ പതുക്കെ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു.....

Saturday, May 15, 2021

കഥ - സുബിൻ അയ്യമ്പുഴ

 

ക്ഷീണം ഭാരമേറ്റിയ കൺപോളകൾ, അതിനുമുകളിലായി നേരം ഇരുട്ടി കറുത്തപോയ മലനിരകളെപോലെ നീണ്ട പുരികങ്ങൾക്കിടയിൽ അസ്തമയസൂര്യൻ ചുവന്നിരുന്നു. കലങ്ങി ഒഴുകുന്ന കണ്ണുകൾ പോലെ സൂര്യനും മുഖമാകെ ഒഴുകിയിരുന്നു. ആ ജലകണമേറ്റു നനഞ്ഞുമരവിച്ച മനസ്സും ശരീരവും ഇപ്പോൾ പൂർണ്ണമായും നഗ്നമായ സത്യം എഴുതികൊണ്ടിരുന്നു. 'മടുത്തു' എന്ന വാക്ക് പലയിടുത്തും അവൾ ആവർത്തിച്ചു. ഏറെ ആസ്വസ്ഥമായി തീർന്ന എഴുത്തിന് സാക്ഷിയായി അവൾക്കു പുറകിൽ സ്തംഭിച്ചു നിന്ന തൂക്കുകയർ വിധിയെ പഴിച്ചുകൊണ്ട് പതുക്കെയാടി. എത്രയെഴുതിയിട്ടും മനഃശാന്തി ലഭിക്കാതെ വിട്ടുമുറ്റത്ത് ഗതികിട്ടാതെ അലഞ്ഞിരുന്ന പ്രേതാത്മാവായ തന്റെ ഭർത്താവിനെ മനസിലോർത്തു. കലങ്ങിയ കണ്ണുകളിൽ വീണ്ടും ജലപ്രവാഹം. വിവാഹശേഷം സ്വപ്‌നങ്ങളിൽ പോലും ചായം പൂശിയ ചിത്രങ്ങൾ കാണുവാൻ കഴിഞ്ഞിട്ടില്ല. ദുസ്വപ്നങ്ങൾ ആയിരുന്നു സർവ്വത്രയും. ഒരിക്കൽ 'ഋ' എന്ന അക്ഷരത്തിനുള്ളിൽ അകപ്പെട്ട് നൂൽബന്ധമില്ലാതെ കിടന്നു നിലവിളിക്കുന്ന തന്റെ ഭർത്താവിനെ സ്വപ്നം കണ്ടു. ആ ദൃശ്യം യാതൊന്നും ഓർമ്മിച്ചെടുക്കാനാവാത്ത വിധം ബോധത്തെ ചിതറിത്തെറിപ്പിച്ചു. വിറകൊണ്ട കൈകൾ ഇപ്പോൾ തണുത്ത് മരവിച്ചിരിക്കുന്നു. കത്തിന്റെ അവസാന മെത്തി. ആ വാചകം ഇങ്ങനെ അവസാനിക്കുന്നു.......

"നിങ്ങൾ എനിക്കു അന്യമായി തീർന്നിട്ട് കാലങ്ങൾ ഏറെ കഴിഞ്ഞു. ഈ കാലമത്രയും ഞാൻ മരണത്തെപറ്റി ചിന്തിച്ചിരുന്നു. എന്നാൽ മരുഭൂമിയിലെ മരുപച്ചയെന്ന പഴകിയ ആരുടെയൊക്കെയോ ഛര്‍ദ്ദിലേറ്റ വാചകം മനസ്സിലൊരു പ്രതീക്ഷ തന്നിരുന്നു. എന്നാൽ ആ പ്രതീക്ഷയാണ് ഇന്ന് എന്നെ നായാടി തളർത്തുന്നത്. മടുത്തു. അതുകൊണ്ട് വിടപറയുന്നു. ഇനിയൊരിക്കലും കാണാത്ത ലോകത്തേക്ക് ഞാൻ മടുങ്ങുകയായി"

എന്ന്

ലക്ഷ്മി.

പണ്ടെങ്ങോ ഒരു കാളരാത്രിയിൽ ശവരതിയിൽ ഏർപ്പെട്ടു മലിനമായ മെത്തയുടെ മുകളിൽ അധികം വൈകാതെ തന്നെ ലക്ഷ്മിയുടെ കാലുകൾ പിടഞ്ഞുകൊണ്ടിരുന്നു. അവളുടെ പാദസ്വരങ്ങൾ അറ്റുവിണു. വലിയൊരു താളത്തിൽ അവ മെത്തയുടെ മാറിൽ വീണുയർന്നു പൊങ്ങി. കണ്ണുകൾ ചുവന്നു, കൃഷ്ണമണികൾ അപ്രത്യക്ഷമാവാൻ തുടങ്ങി, കൈകൾ വലിഞ്ഞുമുറുകി, രക്തവും ഉമിനീരും ഒഴുക്കി നാവ്പുറത്തേക്ക് ചാടി. അവളൊരു രക്തരക്ഷസായി മാറി. അവസാന പിടച്ചിലിൽ അറിയാതെ ഒഴുകിയ ജലം അവളുടെ തണുത്തകാലുകൾക്കിടയിലുടെ ധാരയായി ഒഴുകി. ആ കണ്ണുനീർ കലർന്ന ജലധാര ശവരതിയേറ്റ് പാപിയായ മെത്തയെ മോചിതനാക്കുകയോ വ്രണപ്പെടുത്തുകയോ ചെയ്തു.

എഴുത്തുകാരുടെ കൂട്ടായ്‌മയായ ഭാഷാ സ്നേഹിയുടെ ദീർഘമായ ചർച്ച കഴിഞ്ഞ് ഏറെ വൈകിയാണ് അയാൾ വീട്ടിലെത്തിയത്. ക്ഷീണിച്ചു തളർന്നതും വളഞ്ഞതുമായ ശരീരം, കുഴിഞ്ഞ് അപ്രത്യക്ഷമായ കണ്ണ്, നിഗൂഢതയിൽ ഇരുൾ മൂടിയ മുഖം. അയാൾ കൈയ്യിൽ കൂട്ടിപ്പിടിച്ചിരുന്ന വലിയ പുസ്തകം മേശപ്പുറത്തേക്ക് വച്ചു. വലിയൊരു ദിർഘശ്വാസമെടുത്തുപോയി. വിയർത്തുനാറിയ ജുബ്ബ ഒട്ടി ചേർന്ന് കിടന്ന് മരണവെപ്രാളമെടുത്തു. നെറ്റിയിലെ വിയർപ്പ് മുഖമാക്കെ പടർന്നു. കറുത്തിരുണ്ട കാടുകൾക്കിടയിലൂടെ അതൊരു പുഴയായി ഒഴുകി ഒരു നേർരേഖയായി കഴുത്തിലൂടെ താഴേക്ക് നീങ്ങി. പാതിജീവൻ തുടിക്കുന്ന ആ ശരീരത്തെ നേർരേഖ രണ്ടായി ഭാഗിച്ചു. ജുബ്ബ ഏറെ കഷ്ടപ്പെട്ട് ഊരിയെടുത്ത് നനഞ്ഞ് ഒഴുകിയ മുഖം തുടച്ചുകൊണ്ടിരിക്കെയാണ് കത്ത് ശ്രദ്ധയിൽപെട്ടത്. അപ്പോഴേക്കും ലക്ഷ്മിയുടെ ഒടുവിലെ കണ്ണിരും വറ്റിപോയിരുന്നു. തൂങ്ങിയാടുന്ന അവളുടെ ജഡത്തിനു സാക്ഷിയായി നിന്നു കൊണ്ട് കത്തിലേക്ക് കണ്ണോടിച്ചു. പതിവുപോലെ കസേര വലിച്ചിട്ടിരുന്നു, അറിയാതെ താടിയിൽ തടവി. മേശവലിപ്പിൽ നിന്നും ഒരു ബീഡിയെടുത്തു കത്തിച്ചു, കത്തിൽ കാമ്പുള്ള ഭാഷകണ്ട് കണ്ണ് നിറഞ്ഞു. ആ കണ്ണുനീരിൽ കലർന്ന പുഞ്ചിരിയുമായി അയാൾ കത്തിൽ പലതവണ മുങ്ങിനിവർന്നു. മതിയാവോളം നീന്തിതുടിച്ചു. കത്തിന്റെ ആഴത്തിൽ പലതവണ മുങ്ങിനിവർന്നതിനാലാവാം മങ്ങിയ ഉൾബനിയനിൽ പായലും വിയർപ്പും ജലവും ചളിയും ചേർന്ന് കറുത്ത ചോദ്യചിഹ്നങ്ങൾ വരച്ചു. അവ ശരീരമാകെ പടർന്നു. ഏകദ്ദേശം ഈ സമയത്താണ് ലക്ഷ്മിയുടെ ശരീരത്തിൽ നിന്നും മോചിതയായ ആത്മാവ് അല്ലെങ്കിൽ പ്രേതം അയാളുടെ മുൻപിലേക്ക് നിളപോലെ ഒഴുകി വന്നത്. ജീവിതത്തിൽ കണ്ണുനീർ കൊണ്ട് ശ്വാസം മുട്ടിയവർ ചിരിക്കുമ്പോഴുള്ള മഞ്ഞ വെളിച്ചം അവൾക്കുണ്ടായിരുന്നു. നീണ്ട നഖങ്ങളും മൂർച്ച യേറിയ ദംഷ്ട്രകളും ഉള്ള രക്ഷസ്സായി മാറിയെങ്കിലും നിലാവുദിച്ച ചന്ദ്രികപോലെ വെളുത്ത ആ കണ്ണുകളിൽ ഒരു വലിയ കടൽ തന്നെ ഭ്രാന്തമായി ഒഴുകുവാൻ തടം കെട്ടിനിന്നിരുന്നു. ആ വേദനയിൽ സ്വന്തം ശരീരത്തെ നിശബ്ദയാക്കി അയാൾക്കുമുമ്പിൽ അവളിരുന്നു. ഒരു രാത്രി പുലരുവരെ ആ നിശബ്ദത തുടർന്നു...

അവളുടെ തൂങ്ങിയാടുന്ന കാലുകളിൽ പടർന്ന വേരുകൾക്കിടയിൽ കിടന്നു പിടയുവാനോ അവസാന നീരും വറ്റി ശൂന്യമായ കണ്ണുകളിൽ നോക്കി സ്വയം പഴിക്കുവാനോ അയാൾ തയ്യാറായില്ല. ആ രാത്രി പുലരുംവരെ അവളുടെ ഒടുവിലെ രക്തവും തുപ്പലും ഛർദ്ദലും വീണ് കടലായി മാറിയ ആ ആത്മഹത്യാകുറുപ്പിൽ അയാൾ നീന്തികൊണ്ടിരുന്നു. ആ കത്തിനെ ഒരർത്ഥമില്ലാത്ത കവിതയാക്കി അയാൾ മാറ്റികൊണ്ടിരുന്നു. 'ഋ' എന്ന അക്ഷരത്തിനുള്ളിൽ പരിപൂർണ്ണ നഗ്നനായി അലറിവിളിക്കുന്ന ആ ഭ്രാന്തനെ അവൾ വീണ്ടും കണ്ടു. ചുരുട്ടി വലിച്ചെറിഞ്ഞ കടലാസുകഷണങ്ങൾക്കിടയിൽ അവൾക്കും ആ രാത്രിക്കും ഒടുവിൽ മരണം സംഭവിച്ചു...

Friday, May 14, 2021

കവിത - റബീഹ ഷബീർ


ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത

ഗർഭപാത്രത്തിന്റെ സംരക്ഷണമാണ്

ആദ്യമായെനിക്ക് നഷ്ടപ്പെട്ടത്.

ആർത്തുകരഞ്ഞതും അതിനാലാവണം.

ഓരോ ജന്മദിനം രേഖപ്പെടുത്തുമ്പോഴും
എത്ര രാപ്പകലുകളുടെ നഷ്ടങ്ങളാണ്
നാം ആഘോഷങ്ങളാക്കുന്നത്.

ഓരോ ദിനാന്ത്യക്കുറിപ്പുകളും
എത്രയെത്ര നഷ്ടങ്ങളുടെ കണക്കുകളാണ്
അടയാളപ്പെടുത്തുന്നത്.

നിഷ്കളങ്കമായ ബാല്യത്തിന്റെ ,
സ്വപ്‌നങ്ങൾ കത്തുന്ന യൗവ്വനത്തിന്റെ ,
മധുരം പങ്കുവെച്ച ദാമ്പത്യത്തിന്റെ ,
അങ്ങനെയങ്ങനെ എത്രയെത്ര
ഓർമ്മകളാണ് നഷ്ടങ്ങളുടെ
നിഴൽ വിഴുങ്ങുന്നത്.

ഇനി മരണത്തിന്റെ കൈകളുണ്ട് ;
ജീവിതത്തിന്റെയവസാനത്തെ
കണക്കുകൾ എഴുതിവെക്കാൻ.

അനന്തരം,
ജീവന്റെ നഷ്ടം ഓർമ്മപ്പെടുത്തിയൊരു 
ശിലയുറഞ്ഞു നിൽപ്പുണ്ടാവും 
പേരും വയസ്സും കൊത്തിവെച്ച്,
ഞാനുറങ്ങുന്ന മൺകൂനക്കരികിൽ!

മിനിക്കഥ - പി. രഘുനാഥ്

കോവിഡ് ബാധിച്ചു ഹോം ക്വറന്റൈനിൽ ഇരിക്കുന്നയാൾ കോവിഡ് വന്നു പോയ കൂട്ടുകാരനെ വിളിച്ച് എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും ചെയ്യാൻ പാടില്ലാത്തതെന്നും ചോദിച്ചു.

ഉടൻ വന്നു മറുപടി:

ടീവിയും പേപ്പറും നോക്കുകയേ വേണ്ട...

Thursday, May 13, 2021

മിനിക്കഥ - ഉണ്ണി വാരിയത്ത്

 ഉണ്ണി വാരിയത്ത് എഴുതിയ രണ്ട് മിനിക്കഥകൾ വായിക്കാം.


അവന്റെ മനസ്സ് തങ്കമാണെന്ന് ചിലർ പറഞ്ഞു.  പലരും അത് ഏറ്റുപറഞ്ഞു.  വിശ്വസിക്കാതിരിക്കുന്നതെങ്ങനെ?
          ഒടുവിൽ, അത് തങ്കമല്ല വെറും പൂച്ചാണെന്ന് തെളിഞ്ഞു.  എങ്കിലും, അത് പറയാനും ഏറ്റുപറയാനും അവരാരും തുനിയാത്തത് അവർക്ക് എന്തെങ്കിലും നേട്ടമുള്ളതിനാലാവാമെന്ന് വിശ്വസിക്കാതിരിക്കുന്നതെങ്ങനെ?

 

അയാൾ പറയും -

          ആരുടെയും ജനനം ഒരു സംഭവമല്ല.  അതുകൊണ്ട്,  ഓർമ്മിക്കേണ്ടതില്ല.  മരണവും ഒരു സംഭവമല്ല.  അതുകൊണ്ട്, മറക്കാവുന്നതാണ്.  പക്ഷെ, ജീവിതം അങ്ങനെയല്ല.  അതൊരു സംഭവംതന്നെ.  എങ്ങനെ ജീവിച്ചുവെന്നത് മഹാസംഭവവും.
അതുകൊണ്ട്, എങ്ങിനെയെങ്കിലും ജീവിച്ചാൽ പോരാ എന്നു സാരം.

Tuesday, May 11, 2021

അരുൺ എം. പ്രസാദ്

 


പൈതൃകം സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് വരുമ്പോള്‍, സിനിമയിലേക്ക് അഭിനയിക്കാനായി കൊണ്ടുവന്ന കഴുതയെ മാടമ്പ് കൂടെക്കൂട്ടി. മനയില്‍ മാടമ്പിന്റെ ഗീതയായി അവള്‍ വളര്‍ന്നു. പ്രത്യേകിച്ച് അവളെക്കൊണ്ട് ഒരു കാര്യവുമില്ല. എന്നാലും ഒരു രസം. കഴുത പറമ്പിലും തൊടിയിലുമൊക്കെ ഇഷ്ടാനുസരം മേഞ്ഞുനടന്നു. മാടമ്പിന്റെ ഭാരം മാടമ്പ് തന്നെ ചുമക്കുന്നതിനാല്‍ കഴിതയ്ക്ക് വലിയ പണിയൊന്നുമില്ല. മാടമ്പിനെ കണ്ടു പഠിച്ച്, കഴുത മാടമ്പിനേക്കാള്‍ വല്യ തോന്ന്യാസക്കാരിയായി മാറി. വാഴയും പച്ചക്കറികളുമൊക്കെ നശിപ്പിക്കാന്‍ തുടങ്ങി. തന്നോളം വളര്‍ന്ന് തോന്നാസ്യം മാടമ്പിനെ പഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു കുതിരക്കാരന് ഗീതയെ വെറുതേ കൊടുക്കേണ്ടിവന്നു. ഒരു വീട്ടില്‍ ഒരു തോന്ന്യാസക്കാരന്‍ മതീല്ലോ!



കുരങ്ങുകളിപ്പിക്കുന്ന ഒരാളോട് 50 രൂപ വിലകൊടുത്താണ് മാടമ്പ് പിന്നീട് ഒരു കുരങ്ങനെ വാങ്ങിയത്. കുഞ്ഞനായിരുന്നു അവന്‍. വാഴപ്പഴവും സകലമാനസാധാനങ്ങളും ഇഷ്ടംപോലെ കിട്ടിത്തുടങ്ങിയപ്പോള്‍ ആളൊരു യമണ്ടന്‍ കുരങ്ങനായി മാറി. മാടമ്പിന്റേതല്ലേ മൊതല്- ഈ കാണുന്നതെല്ലാം സ്വന്തമാണെന്നൊരു തോന്നലാ കുരങ്ങന്. അവന്‍ തീറ്റയ്ക്കായി മറ്റു സ്ഥലങ്ങളിലേക്കും പോയിത്തുടങ്ങി. വൈകിട്ടാകുമ്പോള്‍ വീട്ടിലേക്ക് തിരിച്ചെത്തും. കുരങ്ങന്‍ വീട്ടിലെത്തി ഏതാനും നിമിഷങ്ങള്‍ക്കകും അഞ്ചാറുപേരും മനയിലേക്കെത്തും. അവര്‍ ഒരു ലിസ്റ് വായിക്കും, അഞ്ച് വാഴ, പത്തിരുപത് മാങ്ങ, തേങ്ങ....

അപ്പോഴേക്കും മാടമ്പിന്റെ പിന്നില്‍ ഒളിച്ചിരുന്ന കുരങ്ങന്‍ മാടമ്പിനെ നോക്കിയിളിക്കും, "മിസ്റര്‍ മാടമ്പ്, ഒരു അമ്പതുരൂപ ആ വാസൂന് കൊടുത്തേക്ക്. പിന്നില് നില്‍ക്കുന്ന രാമന്‍ എനിക്കിട്ട് ഒരടി തന്നിട്ടുണ്ട്, അയാള്‍ക്ക് പത്തുരൂപ കുറച്ചുകൊടുത്താ മതീട്ടോ!''

ഓരോ ദിവസവും ഓരോരുത്തര്‍. കുരങ്ങനും കൈവിട്ട കളിയാണെന്നറിയാം. ലിസ്റുമായി ആരെങ്കിലും വരുമ്പോള്‍ അപ്പോള്‍ത്തന്നെ അവന്‍ അവിടുന്ന് സ്ഥലം വിടും. അപ്പോള്‍ മാടമ്പ് അവരോട് പറയും, "ഇവിടുത്തേതല്ല. ഇനി അവനെ കണ്ടാല്‍ എന്താന്നുവെച്ചാല്‍ നിങ്ങള് ചെയ്തോളൂ.'' പഴം തിന്ന് പല്ലിന്റെയിടയില്‍ കുത്തിക്കൊണ്ടുനില്‍ക്കുമ്പോഴായിരിക്കണം അവനും ആ വാക്ക് കേട്ടത്. മാടമ്പിന് വേണ്ടെങ്കില്‍പ്പിന്നെ തനിക്ക് മാടമ്പിനെയും വേണ്ടാ എന്ന് മനസില്‍ കുറിച്ചിട്ടൊരു പോക്കായിരുന്നു. പിന്നീടവന്‍ മനയിലേക്ക് വന്നില്ല.


കാലൊടിഞ്ഞുവീണ പരുന്തിനെയും വീട്ടിലെ സ്ഥിരം അതിഥിയായെത്തിയ ചേരയെയും മാടമ്പ് വളര്‍ത്തി. പാമ്പിനെ വളര്‍ത്തിയ മാടമ്പിന് ഒരു പാമ്പ് ഒരിക്കല്‍ എട്ടിന്റെ പണി കൊടുത്തു.

രാജവെമ്പാലയെക്കുറിച്ച് ഡോക്യുമെന്ററി ചെയ്യാനായിട്ടായിരുന്നു ചെറു സംഘത്തോടൊപ്പം മാടമ്പും പോയത്. കൂട്ടത്തില്‍ മലമ്പുഴ സ്നേക്ക്പാര്‍ക്കിലെ പാമ്പ് വിദഗ്ധനും അദ്ദേഹത്തിന്റെ കരിമൂര്‍ഖന്‍ പാമ്പുമുണ്ടായിരുന്നു. രാവിലത്തെ ഷൂട്ട് കഴിഞ്ഞ് വിശ്രമിക്കാന്‍ മുറിയിലേക്ക് കയറുമ്പോള്‍ പാമ്പ് വിദഗ്ധന് ഒരു പ്രശ്നം. മൂപ്പര്‍ക്ക് ഒരു സ്ഥലംവരെ പോകണം. കരിമൂര്‍ഖനെയും കൊണ്ടുപോകാനും വയ്യ. അങ്ങനെയെങ്കില്‍ തന്റെ മുറിയില്‍ വച്ചോളൂ എന്ന് മാടമ്പ്. പാമ്പിനെയൊക്കെ വളര്‍ത്തിയ ആളല്ലേ മാടമ്പ്.

മാര്‍ബിളിട്ട തറയില്‍ പാമ്പിന്റെ കൂട വച്ച് അയാള്‍ യാത്ര പറയുമ്പോള്‍ വിശ്രമത്തിന് ഒരു ലഹരി കൂട്ടാന്‍ കരുതിവച്ചിരുന്ന പൈന്റും ഗ്ളാസും പുറത്തെടുത്ത് മേശമേല്‍ വച്ചു. ഗ്ളാസിലേക്ക് ഒരു പെഗ് ഒഴിച്ച് വെള്ളവുമൊഴിച്ചുവെച്ചു. അപ്പോഴാണ് ഒരു പൂതി തോന്നിയത്, പാമ്പിനെ ഒന്നു കണ്ടാലോ! എങ്ങനീണ്ട് എന്നറിയാലോ!

കസേരയില്‍ നിന്നെഴുന്നേറ്റ് പാമ്പിന്‍കൂട് തുറന്നതും കരിമൂര്‍ഖന്‍ എടുത്തോപൊത്തോ പുറത്തേക്ക്. അതിനേക്കാളും വേഗത്തില്‍ മാടമ്പ് കസേരയിലെത്തി കാലുംപൊക്കിയിരിപ്പുമായി. കരിമൂര്‍ഖന്‍ പുറത്തേക്കിറങ്ങി, മാര്‍ബിള്‍ തറയായതിനാല്‍ നീങ്ങാന്‍ പറ്റാതെ നില്‍ക്കുകയാണ്. ഒന്നനങ്ങിയാല്‍ കരിമൂര്‍ഖന്റെ നോട്ടം മാടമ്പിലേക്കാകും. ഒഴിച്ചുവെച്ച മദ്യത്തിലേക്ക് നോക്കാന്‍ പോലും മൂര്‍ഖന്‍ സമ്മതിക്കുന്നില്ല. വരുന്നതുവരട്ടെയെന്ന് വിചാരിച്ച് കൈ പതുക്കെ ഗ്ളാസിന്റെ അടുത്തേക്ക് നീക്കി. മൂര്‍ഖന്‍ അതിനേക്കാളും വേഗത്തില്‍ കഴുത്ത് വെട്ടിച്ച് ആഞ്ഞൊരു നില്‍പ്. നീട്ടിയ കൈയോടെ മാടമ്പ് അങ്ങനെത്തന്നെ നിന്നു മണിക്കൂറോളം. കരിമൂര്‍ഖനാണ്, അതിനോട് മാടമ്പാണ്, മാദംഗശാസ്ത്രം.. ചേരയ്ക്ക് പാലു കൊടുത്തിരുന്നു, ജന്തുജാലങ്ങളോടൊക്കെ പ്രേമമാണ് എന്നു പറഞ്ഞാലൊന്നും കാര്യമില്ല. പ്രതിമ പോലെ ഇരിക്കുകതന്നെ. മണിക്കൂറേറെ കഴിഞ്ഞപ്പോള്‍ പാമ്പ് വിദഗ്ദന്‍ വിദ്വാന്‍ വാതിലുംതുറന്ന് അകത്തെത്തി. അകത്തേക്ക് കാലെടുത്തുവച്ചതും പാമ്പ് കടിക്കുന്നതിനേക്കാള്‍ വേഗത്തില്‍ മാടമ്പ് നാലഞ്ച് തെറി. താന്‍ തുറന്നതുകൊണ്ടാണ് പാമ്പ് പുറത്തുവന്നതെന്ന് അറിഞ്ഞ് അയാള്‍ ഇങ്ങോട്ട് ചീത്ത പറയുന്നതിനുംമുന്നേ അങ്ങോട്ട് കേറി അടിച്ചതാ. പാമ്പിനെയുംകൊണ്ട് അയാള്‍ പോയി. രണ്ട് ലാര്‍ജ് ഒറ്റവലിക്ക് അകത്താക്കിയശേഷമാണ് പിന്നെ മാടമ്പ് കാല്‍ നിലത്തുകുത്തിയത്.

കടപ്പാട്: നൊസ്റ്റാൾജിയ മാഗസിൻ

Sunday, May 9, 2021

മേദിനി കൃഷ്ണൻ

 പ്രായശ്ചിത്തം 



വെറുതെ... എന്നെയൊന്നു കെട്ടിപ്പിടിച്ചൂടേ നിനക്ക് "

അമ്മയുടെ വിറയാർന്ന ആ സ്വരവും തളർന്ന ശരീരവും വെളുത്തു മെലിഞ്ഞ കൈത്തണ്ടയിലെ തടിച്ചു പൊന്തിയ പച്ച ഞരമ്പും.. ഒന്നും എന്നിൽ അലിവുണർത്തിയില്ല. 

"എന്റെ അവസാനത്തെ..

 ആഗ്രഹമാണ്.. "

തളർന്ന സ്വരം. 

ഞാൻ അമ്മയുടെ കണ്ണുകളിലേക്കു പകയോടെ  നോക്കി. 

"എനിക്കുമുണ്ട്  ഒരാഗ്രഹം.. 

ആദ്യത്തെയും... പിന്നെ അവസാനത്തെയും.. 

അമ്മയുടെ കണ്ണുകളിൽ ചോദ്യഭാവം.. 


        "എനിക്കു അമ്മയുടെ മുലപ്പാൽ കുടിക്കണം."

ആഗ്രഹം അമ്മയുടെ നെഞ്ചിൽ തറച്ചു. 

പ്രായശ്ചിത്തം.. 

കവിളുകളെ നനച്ചു. 

അമ്മയുടെ ചുരുങ്ങിയ മാറിടം വിറച്ചു.. 

മുലപ്പാൽ തേടിയ ഒരു കുഞ്ഞിന്റെ ചുണ്ടിൽ കൊണ്ട വിഷമുനയുടെ നൊമ്പരം..

മാറിടത്തിലെ ചൂടിൽ നിന്നും വലം കൈകൊണ്ടു ആട്ടിയിറക്കിയപ്പോൾ കാലിടറിയ നൊമ്പരം. 

അമ്മ.. എനിക്കതിന്റെ അർത്ഥം അറിയില്ല. 

എന്നിട്ടും... 

ഞാൻ അമ്മയ്ക്കരുകിൽ കിടന്നു. 

ചുരുങ്ങി ഉള്ളിലേക്ക് വലിഞ്ഞു കയറിയ മുലഞെട്ടു വലിച്ചെടുത്തു വായിൽ തിരുകി.. 

ഉപ്പു രസം.. 

കയ്പ്.. 

വിളയാത്ത പച്ച നെല്ലിനുള്ളിലെ പാലിന്റെ ഗന്ധം.. 

എനിക്കു നഷ്ടപ്പെട്ടു പോയ എന്തിനെയോ ഞാൻ ആ മാറിടത്തിൽ തിരഞ്ഞു കൊണ്ടിരുന്നു. 

എന്റെ വഴി തെറ്റിയ ചിന്തകളുടെ.. സ്വപ്നങ്ങളുടെ തുടക്കം ഇവിടെ നിന്നായിരുന്നുവോ? 

"മീനാക്ഷി.... "

അമ്മയുടെ വിറയാർന്ന സ്വരം.

       മുപ്പതാം വയസ്സിൽ ഞാൻ അമ്മയുടെയരികിൽ ഒരു കുഞ്ഞിനെ പോലെ ആ മാറിലെ അമൃത് തേടി ചുരുണ്ടു കൂടിയങ്ങനെ കിടക്കുകയാണ്.

പതിയെ പതിയെ ഞാനറിഞ്ഞു.

ആഴിയിൽ നിന്നും ഉയർന്നു വരുന്ന അമൃത്.. 

ചുണ്ടിനെ നനച്ചു കൊണ്ടു അതൊഴുകുകയാണ്. 

മനസ്സിലേക്ക്.. 

ശരീരത്തിലേക്ക്.. ആത്മാവിലേക്ക്.. 

അമ്മയുടെ രുചി.. 

അമ്മയുടെ ഗന്ധം.. 

ആ അമൃതിൽ നനഞ്ഞൊഴുകി ഞാൻ കണ്ണടച്ചു കിടന്നു.. അമ്മയുടെ കണ്ണുനീരിന്റെ നനവിൽ ഞാൻ മുങ്ങി നിവർന്നു. വരണ്ട ചുണ്ടുകളുടെ സ്പർശനത്തിൽ ഞാൻ എന്റെ ശാപം അറുത്തു മുറിച്ചിട്ടു. 

ക്ഷമ ചോദിച്ചു തേങ്ങുന്ന ആ  ഹൃദയത്തിന്റെ സ്വരം  ഞാൻ കേൾക്കുന്നുണ്ടായിരുന്നു.."അമ്മേ.."ഞാൻ ഹൃദയത്തിൽ തട്ടിയൊന്നു ആദ്യമായി ആ വാക്കുച്ചരിച്ചു. 

ശുഭ കൊടക്കാട്

 

അമ്മക്കടൽ

കടലോളം കണ്ണീർ കുടിച്ചു വറ്റിക്കുന്നൊരമ്മയാണെന്നമ്മ കൂട്ടരേ..!

വാക്കിൻ പൊരുളറിയാതെ, നോക്കിൻ കടലാഴമറിയാതെ, തീരാനൊമ്പരത്തിരച്ചുഴിയറിയാതെ ഞാനുഴറവേ, മനം താങ്ങുന്ന ശക്തിദുർഗ്ഗയാണെന്നുമെന്നമ്മ..!

കടൽ പോലെ പരന്നൊഴുകുന്ന സ്നേഹത്തിൻ പാലാഴിയായമ്മ,

പശുവിനെ കറന്ന്, പാൽ ഉറയൊഴിച്ചീടുന്നു, പ്രതീക്ഷതൻ കുഞ്ഞു കിടാങ്ങൾക്കായി നിത്യം..!

കടലിൻ്റെ തിരയായലയടിക്കുമമ്മതൻ നോവുകൾ, ഏറ്റുവാങ്ങുന്നു, ഞാൻ പോലുമറിയാതെ..! കാരണം, കടലോളം കണ്ണീർ കുടിച്ചു വറ്റിക്കുന്നൊരമ്മയുണ്ടെന്നുമെന്നുള്ളിലും..!!


ആർത്തലയ്ക്കുന്നൊരാ കടലിൻ്റെ നാദമാണെന്നുമെനിക്കമ്മ കൂട്ടരേ..!

കാർമേഘജാലങ്ങളെല്ലാമൊരുമിച്ചു പെയ്യുന്ന കണ്ണീർക്കടലെന്നുമെന്നമ്മ..!

ഉൾക്കടൽ തോറും ആശാകിരണമായ്, ദീപസ്തംഭമായ് നിൽക്കുന്നൊരമ്മതൻ

മകളാണു ഞാനും..!

കടലോളം കണ്ണീർക്കയങ്ങൾ താണ്ടിയെത്തിയ പോരാളി നാവികയെന്നമ്മ..! കടലാണു സത്യം, അവസാനം, കടൽ കടന്നേറെയകലേയ്ക്ക് പോകുന്ന നിത്യപ്രവാസ സത്യമാണമ്മ..!

നിർവ്വചനമില്ലാ നിലവിളിയാണമ്മ..!

അമ്മക്കടലിനെ പിൻതുടരുന്നൊരു കുട്ടിക്കടലല്ലോ നമ്മൾ..!

വെറും കുഞ്ഞുകടലല്ലോ നമ്മൾ..!!

                                   - ശുഭ കൊടക്കാട്

അമ്മയോർമ്മകൾ - ദിവാകരൻ വിഷ്ണുമംഗലം


എൻ്റെ ചെറിയ പ്രായത്തിലേ ഞങ്ങളുടെ അച്ഛൻ മരിച്ചു. എന്നെയും എൻ്റെ മൂത്ത രണ്ട് സഹോദരിമാരെയും പിന്നെയങ്ങോട്ട് അമ്മയും അമ്മമ്മയുമാണ്  വളർത്തിയത്. അമ്മമ്മ മരിച്ചതോടെ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അമ്മ ഒറ്റയ്ക്ക് നോക്കി നടത്തി. 

അമ്മ അമ്മമ്മയെ അമ്മ എന്ന് വിളിക്കുന്നത് കേട്ട് ഞങ്ങളും അമ്മമ്മയെയാണ് അമ്മയെന്ന് വിളിച്ചത്. അമ്മയെ ഏട്ടി എന്നാണ് ഞങ്ങൾ വിളിച്ചു വന്നത്. അച്ഛനില്ലാതായതോടെ വളരെ കരുതലോടെയും പേടിയോടെയുമാണ് അമ്മ ഞങ്ങളെ വളർത്തിയത്. കൂട്ടുകൂടി നടക്കാനോ ദൂരെ എവിടെയെങ്കിലും യാത്ര പോവാനോ ഞങ്ങൾക്കായിരുന്നില്ല. അതു കൊണ്ടുതന്നെ പുറത്തു പോയാൽ എന്നും സന്ധ്യയ്ക്കു മുമ്പേ വീട്ടിൽ വരുന്ന ശീലമായി.

ചെറിയ പ്രായത്തിലേ വിവാഹം കഴിഞ്ഞതോടെ അമ്മയുടെ വിദ്യാഭ്യാസം എട്ടാം ക്ലാസ്സിൽ അവസാനിച്ചതാണ് എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. പഴയ എട്ടാം ക്ലാസ്സാണ്. നന്നായി പഠിച്ചിരുന്നു. അന്ന് കൂടെ പഠിച്ചിരുന്നവർ പലരും ടീച്ചർമാരായി. തുടർന്നു പഠിക്കാൻ പറ്റാതിരുന്ന ജീവിത സാഹചര്യത്തിൽ അമ്മ അമ്മമ്മയോടൊപ്പം പാടത്ത് നാട്ടിപ്പണിക്കും  മറ്റും പോയി ഞങ്ങളെപ്പോറ്റി വളർത്തി.

"കൊയ്ത്തുകാലത്ത് അമ്മമ്മയും അമ്മയും മൂരാൻ പോകും. ഞങ്ങൾ കറ്റ കൊണ്ടിടാൻ പോകും. കൂലിനെല്ല് പുഴുങ്ങി അമ്മമ്മ അടുപ്പിനു മുകളിൽ കെട്ടിത്തൂക്കിയ ബരൂമ്മേൽ ത്രാവും ഉണക്ക നെല്ല് കുത്തി ചോറു വയ്ക്കും ഞങ്ങളുടെ കാഞ്ഞ വയറുനിറയ്ക്കും."

"രാവോർമ്മ"എന്ന   കവിതയിൽ  ഞാൻ ആ ബാല്യകാലസ്മൃതികളെ ഇങ്ങനെ അടയാളപ്പെടുത്തിയിട്ടുണ്ട്.

കവി ദിവാകരൻ വിഷ്ണുമംഗലം അമ്മയോടൊപ്പം

വിദ്യാഭ്യാസത്തിൻ്റെ വിലയറിയുന്നതുകൊണ്ടാവാം ഞങ്ങളെ അമ്മ സ്ക്കൂളിൽ പഠിപ്പിക്കുന്നത് നിർത്തിയില്ല. രണ്ടു സഹോദരിമാരെ എസ്.എസ്സ്.എൽ.സി. വരെ പഠിപ്പിച്ചു. പിന്നെ അവരെ ടൈപ്പ്റൈറ്റിംഗ് പഠിക്കാനയച്ചു. എന്നെ കോളേജിലയച്ചു പഠിപ്പിക്കാൻ അമ്മ തയ്യാറായി. അതിന് അമ്മാമൻമാരുടെ സഹായവും തേടി. അങ്ങനെ ഞങ്ങൾ പഠനം തുടർന്നു.

പല കൈത്തൊഴിലുകളും അമ്മ പഠിച്ചിരുന്നു. എംബ്രോയ്ഡറി ബനിയൻ തുന്നൽ, ടൈലറിംഗ്, കസേര മെടയൽ, പ്ലാസ്റ്റിക് വയർ കൊണ്ട് ബാഗ് മെടയൽ. ഇവയെല്ലാം അമ്മയിൽ നിന്ന് ഞാനും പഠിച്ചിരുന്നു. സ്ക്കൂളിൽ പഠിക്കുമ്പോൾ അമ്മ പഠിപ്പിച്ച തരത്തിൽ പ്ലാസ്റ്റിക് ബാഗ് മെടഞ്ഞ് എനിക്ക് വർക്ക് എക്സ്പീരിയൻസിൽ സമ്മാനം കിട്ടിയിരുന്നു. കസേര മെടയാൻ വേണ്ട ഇരുമ്പ് ഫ്രെയിം ചെമ്മട്ടംവയൽ മിനി ഇൻ്റസ്ട്രീസ് വരെ നടന്ന് പോയി കൊണ്ടുവന്നത് ഓർമ്മയുണ്ട്. അക്കാലത്ത് ഞങ്ങൾ സ്ക്കൂളിൽ പുസ്തകങ്ങൾ കൊണ്ടു പോയിരുന്നത്  പ്ലാസ്റ്റിക് കെയിൻ കൊണ്ട് അമ്മ മെടഞ്ഞ ബാഗുകളിലായിരുന്നു.അമ്മ വീട്ടിൽ ടൈലറിംഗ് ക്ലാസ്സും നടത്തിയിരുന്നു. ഓരോ തൊഴിൽ ചെയ്ത് ജീവിതമാർഗ്ഗം കണ്ടെത്താൻ പ്രേരണ നൽകുന്നതായിരുന്നു അമ്മയുടെ ഓരോ ചെറു ജോലിയും.  പഠിക്കുന്ന സമയത്തു തന്നെ കുട്ടികൾക്ക് ട്യൂഷനെടുക്കാനും മറ്റും എന്നെ പ്രാപ്തനാക്കിയത് അമ്മയുടെ ഇത്തരം  "തൊഴിലധിഷ്ഠിത വിദ്യാഭ്യാസ " ചിന്തകൾ തന്നെ ചിങ്ങമാസങ്ങളിൽ അമ്മ വീട്ടിൽ കൃഷ്ണപ്പാട്ട് വായിക്കുന്ന പതിവുണ്ടായിരുന്നു. കൂടാതെ വടക്കൻ പാട്ടുകൾ പലതും അമ്മയ്ക്ക് മന:പാഠമായിരുന്നു. അതു പോലെ നാട്ടിപ്പാട്ടുകളും സ്കൂളിൽ പണ്ട് പഠിച്ച പല പദ്യഭാഗങ്ങളും അമ്മ ഞങ്ങൾക്ക് പാടിത്തരാറുണ്ടായിരുന്നു. മാത്രമല്ല അവയുടെ അർത്ഥവും മൂല്യവും അമ്മ പറഞ്ഞു തരും. ഇന്നും ഏതു കാര്യം വായിക്കുമ്പോഴും ഓരോ പദത്തിൻ്റെയും വാക്യത്തിൻ്റെയും അർത്ഥം അറിഞ്ഞ് പഠിക്കാൻ പ്രേരിപ്പിക്കുന്നത് അമ്മയുടെ പദാർത്ഥഗ്രാഹകശക്തി തന്നെയാണ്. ശീലാവതി, നീതിസാരം, കമ്പരാമായണം ഇവയെല്ലാം അമ്മ വീട്ടിൽ വാങ്ങി വച്ചിട്ടുണ്ടായിരുന്നു. അവയിലെ നൈതികബോധം ജീവിതത്തിൽ പകർത്താനും ഞങ്ങൾക്ക് ഉപദേശിക്കാനും അമ്മയ്ക്ക് വളരെ താൽപര്യമായിരുന്നു. അവസാന കാലങ്ങളിൽ ഷുഗർ വർദ്ധിച്ചതു മൂലം കണ്ണു കാണാതായപ്പോൾ അമ്മയ്ക്ക് വായിക്കാൻ പറ്റുന്നില്ലല്ലോ എന്ന വലിയ സങ്കടം ഉണ്ടായിരുന്നു. വായന വെളിച്ചമാണെന്ന് അമ്മയ്ക്കറിയാമായിരുന്നു.സത്യം, നീതി എന്നിവയുടെ ഭാഗത്തായിരുന്നു എന്നും അമ്മ. സ്നേഹിക്കാനും ശാസിക്കാനും മനസ്സിലാക്കാനും സമാശ്വസിപ്പിക്കാനും നല്ല മാർഗ്ഗം പറഞ്ഞു തരാനും എല്ലാ കാര്യങ്ങളും  ചെലവ് ചുരുക്കിയും കൃത്യമായും ചെയ്യാനും നോക്കി നടത്താനും അവയ്ക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ യഥാസമയം തരാനും അമ്മ ഞങ്ങൾക്ക് ഒരു ഉൾബലമായി എന്നും നിന്നു.


എനിക്ക് ദിവാകരൻ എന്ന് പേരിട്ടതിന്നു പിന്നിൽ അമ്മയുടെ നിരീക്ഷണബുദ്ധിയുണ്ട്. രാവിലെ സൂര്യോദയസമയത്താണ് ഞാൻ ജനിച്ചത്. ഏത് കാര്യത്തിലും യുക്തിഭദ്രമായ തീരുമാനങ്ങൾ അമ്മയ്ക്കുണ്ടായിരുന്നു. മറ്റൊന്ന് സഹജമായ നർമ്മബോധമാണ്. അമ്മയുടെ മരണശേഷം വീട്ടിൽ വന്ന പല സുഹൃത്തുക്കൾക്കും പറയാനുണ്ടായിരുന്ന ഓർമ്മകളിൽ അവ നിറഞ്ഞുനിന്നു. പല കാര്യങ്ങൾക്കും പുരാണങ്ങളിലെ സംഭാഷണ ശകലങ്ങൾ കൊണ്ടാണ് ഞങ്ങളെ ഉപമിക്കാറ്. വടക്കൻപാട്ടിലെയും കടാങ്കോട്ട് മാക്കത്തിൻ്റെയുമെല്ലാം കഥകൾ പറഞ്ഞു തരാൻ വലിയ താൽപ്പര്യമുണ്ടായിരുന്നു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടി കുട്ടികൾക്കായി ഞാൻ രചിച്ച "ഉണ്ണിയാർച്ച ", "പാലാട്ടു കോമൻ " എന്നീ പുനരാഖ്യാന കൃതികളുടെ സൃഷ്ടിക്ക് ഞാൻ ഏറെ ആശ്രയിച്ചത് അമ്മയുടെ വടക്കൻപാട്ടിലുള്ള ഈ അക്ഷയസമ്പത്തിനെയാണ്.


ബന്ധുക്കളോടുള്ള സ്നേഹം ആഴത്തിലുള്ളതായിരുന്നു. അതു പോലെത്തന്നെ മറ്റുള്ളവരോടും അമ്മ സ്നേഹത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളൂ. അതു കൊണ്ടു തന്നെ എല്ലാവർക്കും അമ്മയോട് സ്നേഹവും ബഹുമാനവുമായിരുന്നു. എന്നും വൃത്തിയിലും വെടിപ്പിലും തന്നെ നിന്നു.മനസ്സിലും വാക്കിലും കർമ്മങ്ങളിലും. അമ്മയ്ക്ക് അന്ധമായ ദൈവവിശ്വാസമോ എന്നാൽ ദൈവനിഷേധമോ ഒന്നുമില്ല. അതുപോലെ ജാതി മത ഭേദമില്ലാതെ എല്ലാവരേയും ഒരേ പോലെ ഉൾക്കൊള്ളാനുള്ള മനസ്സ് അമ്മയ്ക്കുണ്ടായത് ചെറുപ്പത്തിലെ വിദ്യാഭ്യാസവും പിന്നീടുണ്ടായ വായനയും നല്ലിയ ഉയർന്ന ബോധ മാവണം.

ഞങ്ങൾ മൂന്നു മക്കളുടെയും വീടിൻ്റെ പണി നടക്കുമ്പോൾ അവയുടെ മേൽനോട്ടം അമ്മയായിരുന്നു. ഒന്നും പാഴായിപ്പോവാതെ എല്ലാറ്റിനും കൃത്യമായ കണക്കാണ് അമ്മയ്ക്ക്.

അമ്മയ്ക്ക് കടുത്ത ദൈവ വിശ്വാസമൊന്നുമില്ല. 'കുണ്ടോർ ചാമുണ്ഡിയമ്മേ ' എന്ന് ഇടയ്ക്ക് വിളിക്കുന്നത് കേൾക്കാറുണ്ട്. തറവാട്ടിൽ തെയ്യത്തിനു പോവുന്നതിനെക്കുറിച്ചും പറയാറുണ്ട് അമ്പലങ്ങളിൽ അധികമൊന്നും പോയിക്കണ്ടിട്ടില്ല. എന്നാൽ വീട്ടിൽ കൃഷ്ണപ്പാട്ട്, സന്ധ്യാനാമം എന്നിവ ചൊല്ലാറുണ്ടായിരുന്നു. മടിയൻ കൂലോത്ത് പാട്ടിനോ കലശത്തിനോ പോയാൽ വടക്കൻപാട്ട് പുസ്തകങ്ങൾ , ഗൗളിശാസ്ത്രം, നീതിസാരം, തൊടുകുറിശാസ്ത്രം, കൈരേഖാശാസ്ത്രം,ശീലാവതി, കടാങ്കോട്ടു മാക്കം മുതലായ പുസ്തകങ്ങൾ വാങ്ങി വരുമായിരുന്നു. തൊടുകുറിശാസ്ത്രം നോക്കി ഫലമറിയുന്നതും കണ്ടിരുന്നു.

ഞങ്ങളെ ഉപദേശിക്കുമ്പോഴും ശാസിക്കുമ്പോഴുമെല്ലാം അമ്മ സ്‌ക്കൂളിൽ പഠിച്ച പാഠങ്ങളിലെയും ശേഷം വായിച്ച പുസ്തകളിലേയും ലോകോക്തികൾ ഉദ്ധരിക്കുക പതിവായിരുന്നു. "താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താനനുഭവിച്ചീടുകെന്നേ വരൂ " എന്ന കർമ്മഫലത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലു " കൊണ്ടു പോകില്ല ചോരൻമാർ കൊടുക്കും തോറുമേറിടും " എന്ന വിദ്യയും മഹത്വമറിയിക്കലുമെല്ലാം അവയിൽ ചിലതായിരുന്നു. പലതും കവിതാശകലങ്ങളായിരുന്നു. വടക്കൻപാട്ടുകളിലെയും പാട്ടുഭാഗങ്ങൾ ഉദാഹരിക്കും. ശ്രീകൃഷ്ണചരിതം മണിപ്രവാളം അമ്മ വായിക്കുമായിരുന്നു. കൂടാതെ അതിലെ പല ശ്ലോകങ്ങളും മന:പ്പാഠവും ആയിരുന്നു. 

വീട് മേയാൻ വേണ്ടി  പണ്ട് ഓലമടയുമായിരുന്നു. അതിനിരക്കുമ്പോൾ ഞങ്ങൾ അക്ഷരശ്ലോകം കളിക്കാറുണ്ടായിരുന്നു. അറിയാതെ അതെന്നിൽ വൃത്ത ബോധവും കൂടെ മെടഞ്ഞിട്ടുണ്ടാവണം.

 പലപ്പോഴും. എൻ്റെ കവിതയുടെ അടിവേരുകൾ അമ്മയ്ക്ക് കവിതാ ഭാഗങ്ങളോടുള്ള ഇത്തരം പ്രതിപത്തിയിൽ നിന്നാവാം. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികൾക്ക് വേണ്ടി വടക്കൻപാട്ടുകഥകളുടെ പുനരാഖ്യാനത്തിനായി എന്നെ നിയോഗിച്ചപ്പോൾ അതിന് ഞാൻ അമ്മയെ ആശ്രയിച്ചു. എൻ്റെ"ഉണ്ണിയാർച്ച ", "പാലാട്ടു കോമൻ " എന്നീ പുനരാഖ്യാന കൃതികൾക്ക് ഞാൻ അമ്മയോട് എന്നും കടപ്പെട്ടിരിക്കുന്നു. പടിഞ്ഞാറോട്ട് നാട്ടിപ്പണിക്ക് പോയി സന്ധ്യയോടെ പെരുമഴയത്ത് കൊരമ്പയും ചൂടി നനഞ്ഞൊലിച്ച് വരുന്ന അമ്മയുടെയും അമ്മമ്മയുടെയും ചിത്രം ഇന്നും മനസ്സിൽ മായാതെയുണ്ട്. "കൊയക്കട്ട " എന്ന കവിതയിൽ ഞാൻ അവയെ അക്ഷരപ്പെടുത്തി. കഷ്ടപ്പാടിൻ്റെ വയൽ വരമ്പിലൂടെ നടന്നെത്തിയ ബാല്യകാലത്തിൻ്റെ ഗതകാല സ്മൃതികളിൽ അവർ നട്ടുവളർത്തി വിളയേറ്റിയത് ഞങ്ങളുടെ ജീവിതമായിരുന്നു.

''ദൂരമേറെ ഗൃഹം നിൽക്കെ ആദ്യമെത്തുന്ന ചിന്തകൾ

പ്രായമേറിയ ജൻമങ്ങൾ

കൺകളിൽ നുരയുന്നവർ

അമ്മ തൻ വിളി കേൾക്കുന്നു

ദൂരെ നിന്നു മകൻ വരാൻ

കണ്ണു പാർത്തു കിടക്കുന്ന

രോഗശയ്യകളോർമ്മയിൽ

അതിലില്ല ധനത്തിൻ്റെ

കാത്തിരിപ്പുകളേതിലും

പകരം പഴകാത്തൊ-

രെൻ്റെ രൂപമതേ നിറം "


എന്ന് എൻ്റെ "ഗൃഹാതുരം" എന്ന കവിതയിൽ അമ്മ പൊഞ്ഞാറായി നിറയുന്നുണ്ട്.

കണ്ടത് കണ്ടത് പോലെ ഞാൻ പറയും. അതിനാരെന്തു പറഞ്ഞാലും എനിക്കൊന്നുമില്ല പറയണ്ടത് ആരോടും ഞാൻ നേരെ പറയും എന്നൊരു നേരേ പോനേരെ വാ എന്ന നിലപാടായിരുന്നു അമ്മയ്ക്ക്. ഇത് പലർക്കും ഇഷ്ടപ്പെട്ടുവെന്ന് വരില്ല എങ്കിലും പിന്നീട് അത് ശരിയാണെന്ന് അവർക്ക് ബോദ്ധ്യമാവുകയും ചെയ്യും. ആരോടും ശാശ്വതമായ ദേഷ്യമോ വൈരാഗ്യമോ അമ്മയ്ക്കുള്ളതായി കണ്ടിട്ടില്ല. കാര്യം അപ്പപ്പൊ പറഞ്ഞ് അവിടെ തീർക്കും. ഈയൊരു സ്വഭാവം കുറേശ്ശെ എനിക്കും കിട്ടിക്കാണണം.

2020 ജൂൺ 21 ന് അമ്മ ഞങ്ങളെ വിട്ടുപോയി.  സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ആ ഒരു വലിയ ശൂന്യത ഞാനിപ്പോൾ അനുഭവിച്ചറിയുന്നു.

അമ്മയുടെ ദീപ്തമായ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമം.

........................................................

സന്ധ്യ അറയ്ക്കൽ

 

അമ്മ

അമ്മയെന്നത് കേവലം

അക്ഷരം രണ്ടാണെങ്കിലും ...

ആ രണ്ടക്ഷരത്തെ-

വാക്കുകളിലും

വരകളിലും -

വർണ്ണങ്ങളിലും

ഒതുക്കാനാകാതെ ഞാൻ....!

എത്ര പറഞ്ഞാലും കഴിയാത്ത

കാര്യമാണെന്നമ്മ ..!

എത്ര കരഞ്ഞാലും തീരാത്ത

നോവാണെന്നമ്മ .....!

എത്രകേട്ടാലും മതിവരാത്ത

കഥയാണെന്നമ്മ ...!

എത്ര പാടിയാലും തീരാത്ത

പാട്ടാണെന്നമ്മ ...!

എത്ര മൂളിയാലും ശ്രുതി തെറ്റാത്ത

ഈണമാണെന്നമ്മ ....!

എന്റെ ശോകാർദ്രതകളിലും

സന്തോഷാതിരേകങ്ങളിലും

ചേർത്തെന്നെ പുണർന്നവളെന്നമ്മ ..!

നമ്രശിരസ്ക്കയായ് നില്പൂ ,ഞാൻ

ഇന്നെന്നമ്മ തൻ കുഴിമാടത്തിന്നരികിൽ!!!!

                                 - സന്ധ്യ അറയ്ക്കൽ

സുധീർ

 

അമ്മ 

ഗർഭപാത്രത്തിൻ 

വടക്കെ ധ്രുവത്തിലൊ-

ന്നാഞ്ഞു ചവിട്ടി 

പ്പുറത്തക്കുവന്ന നാം 


ഓരോ അണുവിലും 

സ്നേഹവാത്സല്യങ്ങൾ 

അല്ലാതെയൊന്നും 

നിറച്ചുവെക്കാത്തവൾ 


ഏതോ നിശ്ശബ്ദമാം 

തീവ്ര ദുഃഖത്തിന്റെ 

ഓരം പിടിച്ചു 

കിതപ്പടക്കിക്കൊണ്ടു 


ചോറൂട്ടി താരാട്ടി 

നേർവഴി തെറ്റാതെ 

മുന്നോട്ടു പോകുവാൻ 

ഊർജ്ജം പകർന്നവൾ 


കാലചക്രത്തിൻ 

കറുത്ത പക്ഷത്തിലെ 

കാലൊച്ച കേൾക്കുവാൻ 

വെമ്പുന്ന നാൾകളിൽ 


ഒന്നോടിയെത്താൻ 

അരികിലിരിക്കുവാൻ 

നേരവും നേരും

നെറിയുമുണ്ടാകണം

                                - സുധീർ