ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത
ഗർഭപാത്രത്തിന്റെ സംരക്ഷണമാണ്
ആദ്യമായെനിക്ക് നഷ്ടപ്പെട്ടത്.
ആർത്തുകരഞ്ഞതും അതിനാലാവണം.
ഓരോ ജന്മദിനം രേഖപ്പെടുത്തുമ്പോഴും
എത്ര രാപ്പകലുകളുടെ നഷ്ടങ്ങളാണ്
നാം ആഘോഷങ്ങളാക്കുന്നത്.
ഓരോ ദിനാന്ത്യക്കുറിപ്പുകളും
എത്രയെത്ര നഷ്ടങ്ങളുടെ കണക്കുകളാണ്
അടയാളപ്പെടുത്തുന്നത്.
നിഷ്കളങ്കമായ ബാല്യത്തിന്റെ ,
സ്വപ്‌നങ്ങൾ കത്തുന്ന യൗവ്വനത്തിന്റെ ,
മധുരം പങ്കുവെച്ച ദാമ്പത്യത്തിന്റെ ,
അങ്ങനെയങ്ങനെ എത്രയെത്ര
ഓർമ്മകളാണ് നഷ്ടങ്ങളുടെ
നിഴൽ വിഴുങ്ങുന്നത്.
ഇനി മരണത്തിന്റെ കൈകളുണ്ട് ;
ജീവിതത്തിന്റെയവസാനത്തെ
കണക്കുകൾ എഴുതിവെക്കാൻ.
അനന്തരം,
ജീവന്റെ നഷ്ടം ഓർമ്മപ്പെടുത്തിയൊരു
ശിലയുറഞ്ഞു നിൽപ്പുണ്ടാവും
പേരും വയസ്സും കൊത്തിവെച്ച്,
ഞാനുറങ്ങുന്ന മൺകൂനക്കരികിൽ!

No comments:
Post a Comment