അമ്മക്കടൽ
കടലോളം കണ്ണീർ കുടിച്ചു വറ്റിക്കുന്നൊരമ്മയാണെന്നമ്മ കൂട്ടരേ..!
വാക്കിൻ പൊരുളറിയാതെ, നോക്കിൻ കടലാഴമറിയാതെ, തീരാനൊമ്പരത്തിരച്ചുഴിയറിയാതെ ഞാനുഴറവേ, മനം താങ്ങുന്ന ശക്തിദുർഗ്ഗയാണെന്നുമെന്നമ്മ..!
കടൽ പോലെ പരന്നൊഴുകുന്ന സ്നേഹത്തിൻ പാലാഴിയായമ്മ,
പശുവിനെ കറന്ന്, പാൽ ഉറയൊഴിച്ചീടുന്നു, പ്രതീക്ഷതൻ കുഞ്ഞു കിടാങ്ങൾക്കായി നിത്യം..!
കടലിൻ്റെ തിരയായലയടിക്കുമമ്മതൻ നോവുകൾ, ഏറ്റുവാങ്ങുന്നു, ഞാൻ പോലുമറിയാതെ..! കാരണം, കടലോളം കണ്ണീർ കുടിച്ചു വറ്റിക്കുന്നൊരമ്മയുണ്ടെന്നുമെന്നുള്ളിലും..!!
ആർത്തലയ്ക്കുന്നൊരാ കടലിൻ്റെ നാദമാണെന്നുമെനിക്കമ്മ കൂട്ടരേ..!
കാർമേഘജാലങ്ങളെല്ലാമൊരുമിച്ചു പെയ്യുന്ന കണ്ണീർക്കടലെന്നുമെന്നമ്മ..!
ഉൾക്കടൽ തോറും ആശാകിരണമായ്, ദീപസ്തംഭമായ് നിൽക്കുന്നൊരമ്മതൻ
മകളാണു ഞാനും..!
കടലോളം കണ്ണീർക്കയങ്ങൾ താണ്ടിയെത്തിയ പോരാളി നാവികയെന്നമ്മ..! കടലാണു സത്യം, അവസാനം, കടൽ കടന്നേറെയകലേയ്ക്ക് പോകുന്ന നിത്യപ്രവാസ സത്യമാണമ്മ..!
നിർവ്വചനമില്ലാ നിലവിളിയാണമ്മ..!
അമ്മക്കടലിനെ പിൻതുടരുന്നൊരു കുട്ടിക്കടലല്ലോ നമ്മൾ..!
വെറും കുഞ്ഞുകടലല്ലോ നമ്മൾ..!!
- ശുഭ കൊടക്കാട്

No comments:
Post a Comment