Sunday, May 9, 2021

മേദിനി കൃഷ്ണൻ

 പ്രായശ്ചിത്തം 



വെറുതെ... എന്നെയൊന്നു കെട്ടിപ്പിടിച്ചൂടേ നിനക്ക് "

അമ്മയുടെ വിറയാർന്ന ആ സ്വരവും തളർന്ന ശരീരവും വെളുത്തു മെലിഞ്ഞ കൈത്തണ്ടയിലെ തടിച്ചു പൊന്തിയ പച്ച ഞരമ്പും.. ഒന്നും എന്നിൽ അലിവുണർത്തിയില്ല. 

"എന്റെ അവസാനത്തെ..

 ആഗ്രഹമാണ്.. "

തളർന്ന സ്വരം. 

ഞാൻ അമ്മയുടെ കണ്ണുകളിലേക്കു പകയോടെ  നോക്കി. 

"എനിക്കുമുണ്ട്  ഒരാഗ്രഹം.. 

ആദ്യത്തെയും... പിന്നെ അവസാനത്തെയും.. 

അമ്മയുടെ കണ്ണുകളിൽ ചോദ്യഭാവം.. 


        "എനിക്കു അമ്മയുടെ മുലപ്പാൽ കുടിക്കണം."

ആഗ്രഹം അമ്മയുടെ നെഞ്ചിൽ തറച്ചു. 

പ്രായശ്ചിത്തം.. 

കവിളുകളെ നനച്ചു. 

അമ്മയുടെ ചുരുങ്ങിയ മാറിടം വിറച്ചു.. 

മുലപ്പാൽ തേടിയ ഒരു കുഞ്ഞിന്റെ ചുണ്ടിൽ കൊണ്ട വിഷമുനയുടെ നൊമ്പരം..

മാറിടത്തിലെ ചൂടിൽ നിന്നും വലം കൈകൊണ്ടു ആട്ടിയിറക്കിയപ്പോൾ കാലിടറിയ നൊമ്പരം. 

അമ്മ.. എനിക്കതിന്റെ അർത്ഥം അറിയില്ല. 

എന്നിട്ടും... 

ഞാൻ അമ്മയ്ക്കരുകിൽ കിടന്നു. 

ചുരുങ്ങി ഉള്ളിലേക്ക് വലിഞ്ഞു കയറിയ മുലഞെട്ടു വലിച്ചെടുത്തു വായിൽ തിരുകി.. 

ഉപ്പു രസം.. 

കയ്പ്.. 

വിളയാത്ത പച്ച നെല്ലിനുള്ളിലെ പാലിന്റെ ഗന്ധം.. 

എനിക്കു നഷ്ടപ്പെട്ടു പോയ എന്തിനെയോ ഞാൻ ആ മാറിടത്തിൽ തിരഞ്ഞു കൊണ്ടിരുന്നു. 

എന്റെ വഴി തെറ്റിയ ചിന്തകളുടെ.. സ്വപ്നങ്ങളുടെ തുടക്കം ഇവിടെ നിന്നായിരുന്നുവോ? 

"മീനാക്ഷി.... "

അമ്മയുടെ വിറയാർന്ന സ്വരം.

       മുപ്പതാം വയസ്സിൽ ഞാൻ അമ്മയുടെയരികിൽ ഒരു കുഞ്ഞിനെ പോലെ ആ മാറിലെ അമൃത് തേടി ചുരുണ്ടു കൂടിയങ്ങനെ കിടക്കുകയാണ്.

പതിയെ പതിയെ ഞാനറിഞ്ഞു.

ആഴിയിൽ നിന്നും ഉയർന്നു വരുന്ന അമൃത്.. 

ചുണ്ടിനെ നനച്ചു കൊണ്ടു അതൊഴുകുകയാണ്. 

മനസ്സിലേക്ക്.. 

ശരീരത്തിലേക്ക്.. ആത്മാവിലേക്ക്.. 

അമ്മയുടെ രുചി.. 

അമ്മയുടെ ഗന്ധം.. 

ആ അമൃതിൽ നനഞ്ഞൊഴുകി ഞാൻ കണ്ണടച്ചു കിടന്നു.. അമ്മയുടെ കണ്ണുനീരിന്റെ നനവിൽ ഞാൻ മുങ്ങി നിവർന്നു. വരണ്ട ചുണ്ടുകളുടെ സ്പർശനത്തിൽ ഞാൻ എന്റെ ശാപം അറുത്തു മുറിച്ചിട്ടു. 

ക്ഷമ ചോദിച്ചു തേങ്ങുന്ന ആ  ഹൃദയത്തിന്റെ സ്വരം  ഞാൻ കേൾക്കുന്നുണ്ടായിരുന്നു.."അമ്മേ.."ഞാൻ ഹൃദയത്തിൽ തട്ടിയൊന്നു ആദ്യമായി ആ വാക്കുച്ചരിച്ചു. 

No comments:

Post a Comment