കുരങ്ങുകളിപ്പിക്കുന്ന ഒരാളോട് 50 രൂപ വിലകൊടുത്താണ് മാടമ്പ് പിന്നീട് ഒരു കുരങ്ങനെ വാങ്ങിയത്. കുഞ്ഞനായിരുന്നു അവന്‍. വാഴപ്പഴവും സകലമാനസാധാനങ്ങളും ഇഷ്ടംപോലെ കിട്ടിത്തുടങ്ങിയപ്പോള്‍ ആളൊരു യമണ്ടന്‍ കുരങ്ങനായി മാറി. മാടമ്പിന്റേതല്ലേ മൊതല്- ഈ കാണുന്നതെല്ലാം സ്വന്തമാണെന്നൊരു തോന്നലാ കുരങ്ങന്. അവന്‍ തീറ്റയ്ക്കായി മറ്റു സ്ഥലങ്ങളിലേക്കും പോയിത്തുടങ്ങി. വൈകിട്ടാകുമ്പോള്‍ വീട്ടിലേക്ക് തിരിച്ചെത്തും. കുരങ്ങന്‍ വീട്ടിലെത്തി ഏതാനും നിമിഷങ്ങള്‍ക്കകും അഞ്ചാറുപേരും മനയിലേക്കെത്തും. അവര്‍ ഒരു ലിസ്റ് വായിക്കും, അഞ്ച് വാഴ, പത്തിരുപത് മാങ്ങ, തേങ്ങ....
അപ്പോഴേക്കും മാടമ്പിന്റെ പിന്നില്‍ ഒളിച്ചിരുന്ന കുരങ്ങന്‍ മാടമ്പിനെ നോക്കിയിളിക്കും, "മിസ്റര്‍ മാടമ്പ്, ഒരു അമ്പതുരൂപ ആ വാസൂന് കൊടുത്തേക്ക്. പിന്നില് നില്‍ക്കുന്ന രാമന്‍ എനിക്കിട്ട് ഒരടി തന്നിട്ടുണ്ട്, അയാള്‍ക്ക് പത്തുരൂപ കുറച്ചുകൊടുത്താ മതീട്ടോ!''
ഓരോ ദിവസവും ഓരോരുത്തര്‍. കുരങ്ങനും കൈവിട്ട കളിയാണെന്നറിയാം. ലിസ്റുമായി ആരെങ്കിലും വരുമ്പോള്‍ അപ്പോള്‍ത്തന്നെ അവന്‍ അവിടുന്ന് സ്ഥലം വിടും. അപ്പോള്‍ മാടമ്പ് അവരോട് പറയും, "ഇവിടുത്തേതല്ല. ഇനി അവനെ കണ്ടാല്‍ എന്താന്നുവെച്ചാല്‍ നിങ്ങള് ചെയ്തോളൂ.'' പഴം തിന്ന് പല്ലിന്റെയിടയില്‍ കുത്തിക്കൊണ്ടുനില്‍ക്കുമ്പോഴായിരിക്കണം അവനും ആ വാക്ക് കേട്ടത്. മാടമ്പിന് വേണ്ടെങ്കില്‍പ്പിന്നെ തനിക്ക് മാടമ്പിനെയും വേണ്ടാ എന്ന് മനസില്‍ കുറിച്ചിട്ടൊരു പോക്കായിരുന്നു. പിന്നീടവന്‍ മനയിലേക്ക് വന്നില്ല.
കാലൊടിഞ്ഞുവീണ പരുന്തിനെയും വീട്ടിലെ സ്ഥിരം അതിഥിയായെത്തിയ ചേരയെയും മാടമ്പ് വളര്‍ത്തി. പാമ്പിനെ വളര്‍ത്തിയ മാടമ്പിന് ഒരു പാമ്പ് ഒരിക്കല്‍ എട്ടിന്റെ പണി കൊടുത്തു.
രാജവെമ്പാലയെക്കുറിച്ച് ഡോക്യുമെന്ററി ചെയ്യാനായിട്ടായിരുന്നു ചെറു സംഘത്തോടൊപ്പം മാടമ്പും പോയത്. കൂട്ടത്തില്‍ മലമ്പുഴ സ്നേക്ക്പാര്‍ക്കിലെ പാമ്പ് വിദഗ്ധനും അദ്ദേഹത്തിന്റെ കരിമൂര്‍ഖന്‍ പാമ്പുമുണ്ടായിരുന്നു. രാവിലത്തെ ഷൂട്ട് കഴിഞ്ഞ് വിശ്രമിക്കാന്‍ മുറിയിലേക്ക് കയറുമ്പോള്‍ പാമ്പ് വിദഗ്ധന് ഒരു പ്രശ്നം. മൂപ്പര്‍ക്ക് ഒരു സ്ഥലംവരെ പോകണം. കരിമൂര്‍ഖനെയും കൊണ്ടുപോകാനും വയ്യ. അങ്ങനെയെങ്കില്‍ തന്റെ മുറിയില്‍ വച്ചോളൂ എന്ന് മാടമ്പ്. പാമ്പിനെയൊക്കെ വളര്‍ത്തിയ ആളല്ലേ മാടമ്പ്.
മാര്‍ബിളിട്ട തറയില്‍ പാമ്പിന്റെ കൂട വച്ച് അയാള്‍ യാത്ര പറയുമ്പോള്‍ വിശ്രമത്തിന് ഒരു ലഹരി കൂട്ടാന്‍ കരുതിവച്ചിരുന്ന പൈന്റും ഗ്ളാസും പുറത്തെടുത്ത് മേശമേല്‍ വച്ചു. ഗ്ളാസിലേക്ക് ഒരു പെഗ് ഒഴിച്ച് വെള്ളവുമൊഴിച്ചുവെച്ചു. അപ്പോഴാണ് ഒരു പൂതി തോന്നിയത്, പാമ്പിനെ ഒന്നു കണ്ടാലോ! എങ്ങനീണ്ട് എന്നറിയാലോ!
കസേരയില്‍ നിന്നെഴുന്നേറ്റ് പാമ്പിന്‍കൂട് തുറന്നതും കരിമൂര്‍ഖന്‍ എടുത്തോപൊത്തോ പുറത്തേക്ക്. അതിനേക്കാളും വേഗത്തില്‍ മാടമ്പ് കസേരയിലെത്തി കാലുംപൊക്കിയിരിപ്പുമായി. കരിമൂര്‍ഖന്‍ പുറത്തേക്കിറങ്ങി, മാര്‍ബിള്‍ തറയായതിനാല്‍ നീങ്ങാന്‍ പറ്റാതെ നില്‍ക്കുകയാണ്. ഒന്നനങ്ങിയാല്‍ കരിമൂര്‍ഖന്റെ നോട്ടം മാടമ്പിലേക്കാകും. ഒഴിച്ചുവെച്ച മദ്യത്തിലേക്ക് നോക്കാന്‍ പോലും മൂര്‍ഖന്‍ സമ്മതിക്കുന്നില്ല. വരുന്നതുവരട്ടെയെന്ന് വിചാരിച്ച് കൈ പതുക്കെ ഗ്ളാസിന്റെ അടുത്തേക്ക് നീക്കി. മൂര്‍ഖന്‍ അതിനേക്കാളും വേഗത്തില്‍ കഴുത്ത് വെട്ടിച്ച് ആഞ്ഞൊരു നില്‍പ്. നീട്ടിയ കൈയോടെ മാടമ്പ് അങ്ങനെത്തന്നെ നിന്നു മണിക്കൂറോളം. കരിമൂര്‍ഖനാണ്, അതിനോട് മാടമ്പാണ്, മാദംഗശാസ്ത്രം.. ചേരയ്ക്ക് പാലു കൊടുത്തിരുന്നു, ജന്തുജാലങ്ങളോടൊക്കെ പ്രേമമാണ് എന്നു പറഞ്ഞാലൊന്നും കാര്യമില്ല. പ്രതിമ പോലെ ഇരിക്കുകതന്നെ. മണിക്കൂറേറെ കഴിഞ്ഞപ്പോള്‍ പാമ്പ് വിദഗ്ദന്‍ വിദ്വാന്‍ വാതിലുംതുറന്ന് അകത്തെത്തി. അകത്തേക്ക് കാലെടുത്തുവച്ചതും പാമ്പ് കടിക്കുന്നതിനേക്കാള്‍ വേഗത്തില്‍ മാടമ്പ് നാലഞ്ച് തെറി. താന്‍ തുറന്നതുകൊണ്ടാണ് പാമ്പ് പുറത്തുവന്നതെന്ന് അറിഞ്ഞ് അയാള്‍ ഇങ്ങോട്ട് ചീത്ത പറയുന്നതിനുംമുന്നേ അങ്ങോട്ട് കേറി അടിച്ചതാ. പാമ്പിനെയുംകൊണ്ട് അയാള്‍ പോയി. രണ്ട് ലാര്‍ജ് ഒറ്റവലിക്ക് അകത്താക്കിയശേഷമാണ് പിന്നെ മാടമ്പ് കാല്‍ നിലത്തുകുത്തിയത്.
കടപ്പാട്: നൊസ്റ്റാൾജിയ മാഗസിൻ


No comments:
Post a Comment