Monday, May 24, 2021

ഹംപി യാത്ര - അജിത രാജൻ. (ഭാഗം - 1)


     2020 ഡിസംബർ 14 നാണ് ഞാനും രാജേട്ടനും  മകൻ അഖിൽ രാജുമൊത്ത് യാത്ര പുറപ്പെടുന്നത്. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന മൂത്ത മകൻ ജിതിൻ രാജിൻ്റെ ആവർത്തിച്ചുള്ള വിളിയും ഹംപിയിൽ പോകാമെന്ന വാഗ്ദാനവുമാണ് കൊറോണക്കാലത്തെ ഈ യാത്രയ്ക്കുള്ള പ്രചോദനം.

        ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ഞങ്ങൾ ഇന്നോവ കാറിൽ യാത്ര ആരംഭിക്കുന്നത്. ഉച്ച വെയിൽച്ചൂടിൽ നിന്ന് കാറിലെ നനുനനുത്ത തണുപ്പിലേയ്ക്ക് കയറിയിരുന്നപ്പോൾ എന്തൊരു ആശ്വാസം! വേണ്ടപ്പെട്ടവരോടെല്ലാം യാത്ര ആരംഭിച്ച വിവരം വിളിച്ചു പറഞ്ഞു. മനസ്സിൽ കൊണ്ടു നടക്കുന്ന മറ്റൊരു ഇഷ്ടം കൂടെ കൂട്ടിയിരുന്നു. എഴുത്തുകാരി ഗംഗാദേവിയുടെ 'മേഘങ്ങൾ കൊണ്ടുവന്നത് ' എന്ന കഥാസമാഹാരം! സ്പീഡ് പോസ്റ്റിൽ അയച്ചു കിട്ടിയിട്ട് രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു... നോവലിസ്റ്റ് ലിസി എഴുതിയ അവതാരിക മാത്രമെ വായിക്കാൻ കഴിഞ്ഞിരുന്നുള്ളു. ഇപ്പോഴാണൊന്ന് സ്വതന്ത്രയായത്! മനോഹരമായ പുറംച്ചട്ടയോടു കൂടിയ ഈ പുസ്തകത്തിലെ ആദ്യത്തെ കഥയ്ക്ക് പുസ്തകത്തിൻ്റെ നാമം തന്നെ.. ആദ്യ കഥയിലെ ആദ്യ പേജിലൂടെയുള്ള യാത്ര തന്നെ ആനന്ദദായകം. വായനക്കാരുടെ മനസ്സിനെ കീഴടക്കുന്ന രചനാ വൈഭവം!

ബാങ്ക് ഉദ്യോഗസ്ഥയായ കഥാകൃത്തിൻ്റെ ഒരു ദിവസത്തിൻ്റെ ആരംഭമാണ് കഥയിലെ ആദ്യ വരിയിൽ, രേഖാചിത്രമായി തെളിഞ്ഞിരിക്കുന്നത്... കഥയുടെ രചനാശൈലി എന്നെ വല്ലാതെ കൊതിപ്പിച്ചു! മനസ്സിൽ തിങ്ങിനിന്ന സന്തോഷം പങ്കുവെയ്ക്കാനായി ഞാൻ രാജേട്ടനോട് പറഞ്ഞു


"അയ്യോ... എന്തു രസായിട്ടാണ് ഈ കഥ എഴുതിയിരിക്കുന്നെപക്ഷെ ഇത് വെറും കഥയല്ലെന്ന് തോന്നുന്നു... കഥാകൃത്തിൻ്റെ അനുഭവമാണ്.അങ്ങനെയെങ്കിൽ ഗംഗാദേവി ടീച്ചറുടെ മനസ്സിന് ...?"


'ഊം.. ഈ പുസ്തകത്തിൻ്റെ മധുരം ഞാനെന്നേ നുണഞ്ഞതാ മോളേ... " 


എന്ന ധ്വനിയിലുള്ള കള്ളച്ചിരിയുമായി രാജേട്ടനിരുന്നു...


കൊറോണക്കാലത്ത് എന്നേക്കാൾ എത്രയോ കൂടുതലാണ് അദ്ദേഹം വായിച്ച പുസ്തകങ്ങൾ!


കഥയുടെ രചനാശൈലി എന്നെ വല്ലാതെ അഹ്ളാദിപ്പിക്കുന്നുണ്ടായിരുന്നുവെങ്കിലും ടീച്ചറുടെ മനസ്സിൻ്റെ താളം തെറ്റിയിരുന്നോ എന്ന ചിന്ത എന്നെ കുഴപ്പിക്കുന്നുണ്ടായിരുന്നു. ഈ എഴുത്തു രീതി. ഇങ്ങനെയൊരു അവസ്ഥയിലുണ്ടായ സംഭവങ്ങളെല്ലാം എങ്ങനെ ഓർത്തെടുത്ത് എഴുതും? വീട്ടിലുള്ളവർ പറഞ്ഞു കൊടുത്തു കാണും... അടുത്ത കഥയിലേയ്ക്ക് പോകാനാകാതെ ചിന്തകളെന്നെ വെറുതെ വട്ടം കറക്കി കൊണ്ടിരുന്നു...

ഇപ്പൊ തന്നെ ഗംഗാദേവി ടീച്ചറെ വിളിച്ചാലോ...വേണ്ട... ഹിന്ദി പാട്ട് വെച്ചാസ്വാദിച്ച് മോൻ വണ്ടിയോടിക്കുകയാണ്. എവിടെയെങ്കിലും കാറു നിറുത്തി പുറത്തിറങ്ങുമ്പോൾ ചോദിക്കാമെന്നാശ്വാസിച്ച് വീണ്ടും വായനയിലേയ്ക്ക്...


വാളയാർ ചെക്കു പോസ്റ്റിലെത്തിയപ്പോൾ കുറച്ചു സമയം അവിടെ വെയ്റ്റു ചെയ്യേണ്ടി വന്നു. പുറത്തേയ്ക്ക് നോക്കാൻ വയ്യ കണ്ണു പുളിയ്ക്കുന്ന വെയില് ... തലയെടുപ്പോടെ നിൽക്കുന്ന മലബാർ സിമൻറ് ഫാക്ടറി... ഞാൻ പുസ്തകവായന തുടർന്നു ...


കോയമ്പത്തൂർ - തിരൂർ പിന്നിട്ട് സേലം എത്തിയപ്പോഴാണ് ഞങ്ങൾ ചായ കുടിക്കാനായി പുറത്തിറങ്ങിയത്. സമയം ആറു മണി ആയിക്കാണും. ഇതേ ഉദ്ദേശ്യത്തോടെ തന്നെയായിരിക്കണം ഏതാനും വണ്ടികൾ അവിടെ പാർക്ക് ചെയ്തിട്ടുണ്ട്. അതൊരു ഹോട്ടലൊന്നുമായിരുന്നില്ല ബേക്കറിയാണ്. ചായയും ചെറു കടികളും അവിടെ കിട്ടും...കടയിൽ കുറച്ചു തിരക്കുണ്ട്... കൊറോണ പേടിയിലിരിക്കെ ഞങ്ങളെ അതിശയിപ്പിച്ചൊരു കാര്യം തമിഴ്നാട്ടിൽ യാത്രികർ അധികം പേരും മാസ്ക്ക് വെച്ചിട്ടില്ല എന്നതാണ്. ഹെൽമെറ്റ് ഉപയോഗവും കുറവാണെന്ന് നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നു... 

കൂടാതെ തമിഴ്നാട്ടിലെപ്പോലെ ടോൾ ഉള്ള മറ്റൊരിടവും ഇല്ലെന്ന് തോന്നി...

കാറിനു പുറത്തിറങ്ങിയ ഞാൻ കടയിലേയ്ക്ക് പോകാതെ ഗംഗാദേവി ടീച്ചറോട് സംസാരിക്കാനൊരു ശ്രമം നടത്തിയെങ്കിലും കിട്ടിയില്ല. എനിക്കു കഴിക്കാനുള്ളത് മോൻ കാറിൻ്റെ അടുത്തേയ്ക്ക് കൊണ്ടുവന്ന് തന്നിരുന്നു. സമയം ഇരുട്ടാൻ തുടങ്ങിയിട്ടും

ഒരു തമിഴ് സ്ത്രീ കുറച്ച് കരിമ്പിൻ തണ്ടുകളും കരിക്കുകളുമായി ആവശ്യക്കാരെ കാത്തിരിക്കുന്നുണ്ടായിരുന്നു... ആവശ്യക്കാരെയാരേയും കാണുന്നില്ലല്ലോയെന്ന നിരാശയിൽ ഇരിക്കുന്ന അവരുടെ അടുത്തേയ്ക്ക് പാർക്ക് ചെയ്ത വണ്ടികൾക്ക് ഇടയിലൂടെ ഓടിക്കളിച്ചിരുന്ന അഞ്ചു വയസ്സു തോന്നിക്കുന്ന അവരുടെ മകൻ ഓടി വന്നു... കുട്ടിയോട് അമ്മ ആവശ്യപ്പെടാതെ തന്നെ, കരിമ്പിൻ തണ്ടുകൾ ഒന്നൊന്നായെടുത്ത് പുറകിൽ ഒഴിഞ്ഞുകിടക്കുന്ന കടമുറിയിൽ കൊണ്ടുവയ്ക്കാൻ തുടങ്ങി... അമ്മ പറയാതെ തന്നെ വീട്ടിൽ പോകാറായെന്ന് സ്വയം മനസ്സിലാക്കി ചെയ്യുകയാണ്  കുട്ടി. ഒരു നിമിഷം നമ്മുടെ അഞ്ചു വയസുകാരായ കുട്ടികളുടെ കാര്യം ഓർത്തു പോയി ...

                                          (തുടരും..)

5 comments:

  1. സ്വയം കണ്ട് ആസ്വദിച്ച കാഴ്ചകൾ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ എടുത്ത പരിശ്രമത്തിന് ആശംസകൾ ,അഭിനന്ദനങ്ങൾ അജിത ❤️😍👍

    ReplyDelete
  2. വായിച്ചു.
    എന്റെ പുസ്തകത്തെക്കുറിച്ച് പറഞ്ഞു തുടങ്ങിയതിൽ ഒരുപാടു സ്നേഹവും,സന്തോഷവും അജിതാ.
    കരിമ്പിൻതുണ്ടുപോലെ മധുരമുള്ള എഴുത്ത്.
    അടുത്ത ഭാഗം വായിക്കാൻ കാത്തിരിക്കുന്നു.

    ReplyDelete
  3. മനോഹരമായ യാത്രാ വിവരണം. 15 വർഷങ്ങൾക്കുമുൻപ് ഞാനും ഹംപിയിൽ പോയിരുന്നു. ഒരു രണ്ടാം യാത്ര ഈ രീതിയിൽ തരപ്പെടുത്തിയതിന് ശ്രീമതി അജിതയെ അഭിനന്ദിക്കുന്നു.. തുടരുക

    ReplyDelete
  4. നന്നായി ഇരിക്കുന്നു ചേച്ചി തുടർന്നും വായിക്കും

    ReplyDelete
  5. വളരെ നന്നായിട്ടുണ്ട്.തീരെമുഷിപ്പിക്കാത്ത എഴുത്ത്.ആശംസകൾ..

    ReplyDelete