വീണ്ടും യാത്ര ആരംഭിച്ചപ്പോൾ ഇരുട്ട് പരക്കാൻ തുടങ്ങിയിരുന്നു. കൃഷ്ണഗിരി - ഒസൂർ പിന്നിട്ട് ബെംഗളൂരു സിറ്റിയിലേയ്ക്ക് പ്രവേശിക്കുമ്പോൾ രാത്രി പത്തു മണി ആയിക്കാണും. ഇരുട്ടിന് പ്രവേശിക്കാൻ ഒരിടവും കൊടുക്കാതെ മുകളിലും താഴെയും നക്ഷത്രങ്ങൾ... എങ്കിലും റോഡിൽ പൊതുവെ തിരക്ക് കുറവായിരുന്നു കൊറോണക്കാലമായതുകൊണ്ടോ എന്തോ...
പത്തേമുക്കാൽ ആയപ്പോൾ ഇന്ദിര നഗറിലുള്ള (പഴയ വിമാനത്താവളത്തിനുഎതിർവശം) ഫ്ളാററിനു താഴെ ഞങ്ങളെത്തി. മോനവിടെ ഞങ്ങളേയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. പിന്നെ
സ്നേഹാശ്ളേഷങ്ങൾ...
പുതിയ ഫ്ളാറ്റിൽ നല്ല സൗകര്യമുണ്ട്... അതിനൊത്ത ഫർണീച്ചറുകളും... എല്ലാവർക്കും ഇഷ്ടപ്പെട്ടു... പരസ്പരമുള്ള കുശലാന്വേഷണങ്ങൾ... ഷൂ മാറ്റിയപ്പോൾ നല്ല തണുപ്പ്. കാല് തറയിൽ കുത്താൻ വയ്യാത്ത അവസ്ഥ. ജിത്തു മോൻ രണ്ട് സ്ലിപ്പറുകൾ കൊണ്ടുവന്നു തന്നപ്പോഴാണ് ആശ്വാസമായത്.
എയർപോർട്ടിൽ യുദ്ധ വിമാനങ്ങളും പരിശീലന വിമാനങ്ങളും വന്നും പോയുമിരിക്കുന്ന ശബ്ദം നന്നായി കേൾക്കുന്നുണ്ട്. വിശാലമായ ടെറസ്സിലേയ്ക്കു കടന്നാൽ തൊട്ടടുത്തു കാണുന്ന കാഴ്ചയാണിത്. അവിടമാകെ കോടമഞ്ഞ് നിറഞ്ഞിരിക്കുകയാണ്. ലാൻറ് ചെയ്തിരിക്കുന്ന അഞ്ച് വിമാനങ്ങൾ അവയുടെ ലൈറ്റ്... നയന സുഖം തരുന്ന കാഴ്ച...
എല്ലാവരും ഉറങ്ങാനുള്ള തയ്യാറെടുപ്പിൽ...ഹൊ! എന്തൊരു തണുപ്പ്! ഡുവേ എടുത്ത് പുതച്ചപ്പോൾ ആശ്വാസമായി. സുഖകരമായ ഉറക്കത്തിലേയ്ക്ക്...
പിറ്റേ ദിവസം രാവിലെ മോൻ വന്നു കുലുക്കി വിളിച്ചപ്പോഴാണ് ഉണരുന്നത്. ഞങ്ങൾ കിടക്കുന്ന റൂമിൻ്റെ ഒരു വശം ഗ്ലാസ്സാണ് . (എയർപോർട്ടിന് അഭിമുഖമായ ഭാഗം) കർട്ടൻ രണ്ടായി പകുത്തു കൊണ്ട് മോൻ പറഞ്ഞു
"അച്ഛാ, അമ്മേ.. പുറത്തേയ്ക്കൊന്നു നോക്കു..."
ആകാംഷയോടെ ഞങ്ങൾ പുറത്തേയ്ക്ക് നോക്കി
മനോഹരമായ ആ കാഴ്ച ഒരിക്കലും മറക്കാനാവില്ല!
ആകാശത്തിൻ്റെ കിഴക്കേ ചെരുവിൽ നിന്നിറങ്ങിവന്ന്, മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന വിമാനത്താവളത്തിലാണോ സുര്യഭഗവാൻ തേരിറങ്ങിയത് എന്നു തോന്നിപ്പോകും! കണ്ണിൽ ഉൾക്കൊള്ളാവുന്ന തിലധികം ചന്തം! ഇനി എൻ്റെ വിഭ്രാന്തിയാണോ? ഇത്രയും അടുത്ത് എന്നു തോന്നിപ്പിക്കുന്ന ഒരു ഉദയം ആദ്യമായി കാണുകയാണ്. മറ്റു പ്രകൃതി ദൃശ്യങ്ങളുടെയൊ കെട്ടിടങ്ങളുടേയോ തടസ്സങ്ങളൊന്നും ഇല്ലാതെ പരന്നു കിടക്കന്ന എയർപോർട്ടിലൂടെയുള്ള ദർശനമായതുകൊണ്ടാകാം... ഉദയ സൂര്യൻ വിതറിയ കുങ്കുമം മഞ്ഞിൽ വീണു കിടക്കുന്നതു കൊണ്ടാണോ ഇത്രയും ദൂരം പരന്നു കിടക്കുന്ന ശോഭ! എന്നാൽ ഇവിടേയും സൂര്യന് അലങ്കാരമായി രണ്ടു തെങ്ങുകൾ രണ്ടു വശങ്ങളിലായി കാണാനായത് കൗതുകമായി തോന്നി. എഴുന്നേൽക്കുമ്പോൾ ആ തെങ്ങുകളെവിടെ നിൽക്കുന്നുവെന്ന് നോക്കുണമെന്ന് തീരുമാനിച്ചുകൊണ്ട് ഡുവെ എടുത്തു പുതച്ചു കൊണ്ട് വീണ്ടും കിടന്നു. ഈ കാഴ്ച മോനെന്നും കാണാമല്ലോ എന്നോർത്തപ്പോൾ ഏറെ സന്തോഷം തോന്നി.
പതിനഞ്ചാം തിയ്യതി പകൽ മോന് ജോലിത്തിരക്കായതിനാൽ പുറത്ത് പോയില്ല. ഞാൻ വായനയിലേയ്ക്കു തിരിഞ്ഞു. രാജേട്ടൻ ടി.വി കണ്ടു കൊണ്ട് വിശ്രമത്തിൽ... കുട്ടികൾ രണ്ടു പേരും ലാപ്ടോപ്പിൽ മുഴുകിയിരിക്കുന്നു... സമയാസമയങ്ങളിൽ ഇഷ്ടപ്പെട്ടപ്പെട്ട ഭക്ഷണങ്ങളെല്ലാം വീട്ടിൽ വരുത്തി കഴിച്ചു.
നാല് മണിയായപ്പോൾ മോൻ പറഞ്ഞു, പെട്ടെന്ന് ഒരുങ്ങിയിറങ്ങിയാൽ ഭാഗ്യമുണ്ടെങ്കിൽ നന്ദി ഹിൽസിലെ അസ്തമയം കാണാം. രണ്ടു മണിക്കൂർ ഡ്രൈവിംഗ് ഉണ്ട് 62 Km ദൂരം താണ്ടണം! ഞങ്ങൾ പെട്ടെന്ന് തന്നെ യാത്ര ആരംഭിച്ചു. മൂന്നു കഥകൾ കൂടി ബാക്കിയുണ്ടായിരുന്നതിനാൽ ഞാൻ പുസ്തകം കൈ പിടിച്ചു. യാത്രാരംഭത്തിൽ തന്നെ വായിച്ചു തീർത്തു. നല്ലൊരു കൃതി വായിച്ചു കഴിഞ്ഞതിൻ്റെ സുഖം...
സൂര്യൻ പടിഞ്ഞാറോട്ട് ചായാൻ തുടങ്ങിയപ്പോൾ ഞാൻ പുറം കാഴ്ചകളിലേയ്ക്ക് കണ്ണും നട്ടിരുന്നു. രാജേട്ടൻ മുൻപ് ബാംഗ്ലൂരിൽ ജോലി ചെയ്തിട്ടുള്ളതിനാൽ ഇപ്പോൾ വന്ന മാറ്റങ്ങളെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചുമുള്ള കാര്യങ്ങൾ മക്കളോട് സംസാരിച്ചുകൊണ്ടിരുന്നു.റോഡിൽ മെട്രോ വർക്കുകളും വീതികൂട്ടലും ഓവർ ബ്രിഡ്ജ് വർക്കുകളും നടക്കുന്നുണ്ടായിരുന്നു. കേരളത്തിലെ അത്ര തന്നെ മാസ്ക് ഉപയേഗത്തിൽ കർണ്ണാടകയിലുള്ളവരും ശ്രദ്ധിക്കുന്നില്ല എന്നുള്ളതൊരു വാസ്തവമാണ്. രോഗം കൂടുതൽ കേരളത്തിലും!
അസ്തമയത്തിനു മുമ്പ് എത്തിച്ചേരാനാകില്ലേയെന്ന ആശങ്കയിൽ നല്ല സ്പീഡിലാണ് വണ്ടി പോയി കൊണ്ടിരുന്നത്! രണ്ട് ടോൾ പ്ലാസ്സകൾ പിന്നിട്ടു.
ഹൈദരാബാദ് - ബോംബെ ഹൈവേയിലൂടെ യശ്വന്തപൂർ റെയിൽവേ സ്റ്റേഷൻ്റെ വശത്തുകൂടി വേഗത്തിലുള്ള യാത്രയിൽ, നന്ദി ഹിൽസിൽ എങ്ങനെയുള്ളൊരു അസ്തമയമായിരിക്കും ഞങ്ങളേയും കാത്തിരിക്കുന്നത് എന്നോർത്തുപോയി.
നന്ദി ഹിൽസ്... ഇങ്ങനെയൊരു പേര് വരാൻ എന്തായിരിക്കും കാരണം? ഞാൻ ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു അഖിമോൻ പറഞ്ഞത്
''അമ്മേ, അവിടെ ചില ക്ഷേത്രങ്ങളുണ്ട്... കുന്നിൽ മുകളിലുള്ള ക്ഷേത്രം സാക്ഷാൽ ശിവഭഗവാൻ്റെ വാഹനമായ നന്ദിയുടേതാണ്. ഒറ്റക്കല്ലിൽ തീർത്ത വിഗ്രഹമാണ് അവിടെയുള്ളത്. ഹിൽസിൻ്റെ താഴ്വരയിൽ ഒരു പ്രാചീന ക്ഷേത്ര മുണ്ട്, ഭോഗനന്ദീശ്വര ക്ഷേത്രം. കൂടാതെ കാളീ ഭക്തനായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻ തപസ്സു ചെയ്തിരുന്നുവെന്ന് വിശ്വസിക്കുന്നയിടവും ഉണ്ട് 'ബ്രഹ്മാശ്രമം' എന്നാണ് പറയുന്നത്. ഇറങ്ങാനുള്ള പടിക്കെട്ടുകളോടുകൂടിയ മനോഹരമായ ഒരു കുളവുമുണ്ടിവിടെ. അമൃത സരോവരം എന്നറിയപ്പെടുന്ന ഈ കുളത്തിലെപ്പോഴും നിറയെ വെള്ളമുണ്ടിരിക്കും... ഞങ്ങളന്ന് രാവിലെ എത്തിയതുകൊണ്ടാണ് എല്ലാം കാണാനായത്. ഒരു പാട് കാണാനുണ്ട് നമുക്ക് വീണ്ടുമൊരിക്കൽ വരാം. രാവിലെ വന്നിരുന്നുവെങ്കിൽ സൗകര്യമായേനേ..."
കെ.എസ്.ടി.ഡി.സിയുടെ ചില ബസ്സുകൾ അങ്ങോട്ട് സർവീസ് നടത്തുന്നുണ്ട്. ഫോറസ്റ്റ് ഏരിയ ആയ ഇവിടെ റോഡിൻ്റെ ഇരുവശവും യൂക്കാലിപ്റ്റസ് മരങ്ങളാണ് അധികവും. കുരങ്ങൻമാരും മാനുകളും ഒറ്റയ്ക്കും കൂട്ടാമായും ഇരിക്കുന്നു... അസ്തമയം കാണാൻ ധാരാളം വാഹനങ്ങളങ്ങോട്ട് കുതിക്കുന്നുണ്ട്! അവിടെ മുന്തിരിത്തോട്ടങ്ങൾ ഉള്ളതുകൊണ്ടാകാം
റോഡ് സൈഡിൽ പച്ച മുന്തിരി ധാരാളമായി വില്പനയ്ക്ക് വച്ചിരിക്കുന്നു... സമുദ്രനിരപ്പിൽ നിന്നും 4500 അടി മുകളിലാണത്രെ നന്ദി ഹിൽസ്! രണ്ടാമത്തെ ടോൾപ്ലാസയിൽ എഴുതി വെച്ചിട്ടുണ്ടായിരുന്നു,നന്ദി ഹിൽസിലേയ്ക്ക് രാവിലെ 6 മണി മുതൽ വൈകിട്ട് 6 വരെ മാത്രമാണ് പ്രവേശനം എന്ന്...കുന്നുകൾ വിദൂര കാഴ്ചയായി കാണുവാൻ തുടങ്ങി ..
40 ഓളം ഹെയർ പിൻ വളവുകൾ... കൊടൈക്കനാൽ യാത്രയെ ഓർമ്മിച്ചു. എങ്കിലും നല്ല റോഡാണ്. എല്ലാ കാറുകളും നല്ല സ്പീഡിലാണ് പോകുന്നത് അസ്തമയ സമയത്തിനു മുൻപ് എത്തിച്ചേരാനുള്ള വ്യഗ്രതയിൽ!
ടിപ്പു സുൽത്താൻ്റെ കൊട്ടാരകവാടത്തിലൂടെയാണ് നമ്മളങ്ങോട്ട് പ്രവേശിക്കുന്നത്. പാർക്കിംഗ് ഫീ കൊടുത്ത് പ്രവേശന ടിക്കറ്റുമെടുത്ത് വ്യൂപോയൻറിലേയ്ക്ക് നടന്നു. നല്ല തിരക്കുണ്ട്. പല ഭാഷക്കാർ ഉണ്ടെങ്കിലും മലയാളികളാണ് അധികവുമെന്നത് എന്നെ അതിശയിപ്പിച്ചു!
(തുടരും)
ഒന്നാം ഭാഗം വായിക്കാൻ ഇവിടെ സ്പർശിക്കുക..
.


സൂപ്പർ അജീ.. മനോഹരമായ ആഖ്യാനശൈലി.. ആശംസകൾ..
ReplyDeleteരചന നന്നായി എഴുതി
ReplyDeleteഞാനും ഒപ്പമുണ്ടായിരുന്ന പോലെ തോന്നി
ReplyDeleteവായിക്കുമ്പോൾ
മനോഹരമായ വർണന. ശരിക്കും കാണുമ്പോഴുള്ള അതേ അനുഭവം.Super. അനിത. അഭിനന്ദനങ്ങൾ.
ReplyDelete