Saturday, May 15, 2021

കഥ - സുബിൻ അയ്യമ്പുഴ

 

ക്ഷീണം ഭാരമേറ്റിയ കൺപോളകൾ, അതിനുമുകളിലായി നേരം ഇരുട്ടി കറുത്തപോയ മലനിരകളെപോലെ നീണ്ട പുരികങ്ങൾക്കിടയിൽ അസ്തമയസൂര്യൻ ചുവന്നിരുന്നു. കലങ്ങി ഒഴുകുന്ന കണ്ണുകൾ പോലെ സൂര്യനും മുഖമാകെ ഒഴുകിയിരുന്നു. ആ ജലകണമേറ്റു നനഞ്ഞുമരവിച്ച മനസ്സും ശരീരവും ഇപ്പോൾ പൂർണ്ണമായും നഗ്നമായ സത്യം എഴുതികൊണ്ടിരുന്നു. 'മടുത്തു' എന്ന വാക്ക് പലയിടുത്തും അവൾ ആവർത്തിച്ചു. ഏറെ ആസ്വസ്ഥമായി തീർന്ന എഴുത്തിന് സാക്ഷിയായി അവൾക്കു പുറകിൽ സ്തംഭിച്ചു നിന്ന തൂക്കുകയർ വിധിയെ പഴിച്ചുകൊണ്ട് പതുക്കെയാടി. എത്രയെഴുതിയിട്ടും മനഃശാന്തി ലഭിക്കാതെ വിട്ടുമുറ്റത്ത് ഗതികിട്ടാതെ അലഞ്ഞിരുന്ന പ്രേതാത്മാവായ തന്റെ ഭർത്താവിനെ മനസിലോർത്തു. കലങ്ങിയ കണ്ണുകളിൽ വീണ്ടും ജലപ്രവാഹം. വിവാഹശേഷം സ്വപ്‌നങ്ങളിൽ പോലും ചായം പൂശിയ ചിത്രങ്ങൾ കാണുവാൻ കഴിഞ്ഞിട്ടില്ല. ദുസ്വപ്നങ്ങൾ ആയിരുന്നു സർവ്വത്രയും. ഒരിക്കൽ 'ഋ' എന്ന അക്ഷരത്തിനുള്ളിൽ അകപ്പെട്ട് നൂൽബന്ധമില്ലാതെ കിടന്നു നിലവിളിക്കുന്ന തന്റെ ഭർത്താവിനെ സ്വപ്നം കണ്ടു. ആ ദൃശ്യം യാതൊന്നും ഓർമ്മിച്ചെടുക്കാനാവാത്ത വിധം ബോധത്തെ ചിതറിത്തെറിപ്പിച്ചു. വിറകൊണ്ട കൈകൾ ഇപ്പോൾ തണുത്ത് മരവിച്ചിരിക്കുന്നു. കത്തിന്റെ അവസാന മെത്തി. ആ വാചകം ഇങ്ങനെ അവസാനിക്കുന്നു.......

"നിങ്ങൾ എനിക്കു അന്യമായി തീർന്നിട്ട് കാലങ്ങൾ ഏറെ കഴിഞ്ഞു. ഈ കാലമത്രയും ഞാൻ മരണത്തെപറ്റി ചിന്തിച്ചിരുന്നു. എന്നാൽ മരുഭൂമിയിലെ മരുപച്ചയെന്ന പഴകിയ ആരുടെയൊക്കെയോ ഛര്‍ദ്ദിലേറ്റ വാചകം മനസ്സിലൊരു പ്രതീക്ഷ തന്നിരുന്നു. എന്നാൽ ആ പ്രതീക്ഷയാണ് ഇന്ന് എന്നെ നായാടി തളർത്തുന്നത്. മടുത്തു. അതുകൊണ്ട് വിടപറയുന്നു. ഇനിയൊരിക്കലും കാണാത്ത ലോകത്തേക്ക് ഞാൻ മടുങ്ങുകയായി"

എന്ന്

ലക്ഷ്മി.

പണ്ടെങ്ങോ ഒരു കാളരാത്രിയിൽ ശവരതിയിൽ ഏർപ്പെട്ടു മലിനമായ മെത്തയുടെ മുകളിൽ അധികം വൈകാതെ തന്നെ ലക്ഷ്മിയുടെ കാലുകൾ പിടഞ്ഞുകൊണ്ടിരുന്നു. അവളുടെ പാദസ്വരങ്ങൾ അറ്റുവിണു. വലിയൊരു താളത്തിൽ അവ മെത്തയുടെ മാറിൽ വീണുയർന്നു പൊങ്ങി. കണ്ണുകൾ ചുവന്നു, കൃഷ്ണമണികൾ അപ്രത്യക്ഷമാവാൻ തുടങ്ങി, കൈകൾ വലിഞ്ഞുമുറുകി, രക്തവും ഉമിനീരും ഒഴുക്കി നാവ്പുറത്തേക്ക് ചാടി. അവളൊരു രക്തരക്ഷസായി മാറി. അവസാന പിടച്ചിലിൽ അറിയാതെ ഒഴുകിയ ജലം അവളുടെ തണുത്തകാലുകൾക്കിടയിലുടെ ധാരയായി ഒഴുകി. ആ കണ്ണുനീർ കലർന്ന ജലധാര ശവരതിയേറ്റ് പാപിയായ മെത്തയെ മോചിതനാക്കുകയോ വ്രണപ്പെടുത്തുകയോ ചെയ്തു.

എഴുത്തുകാരുടെ കൂട്ടായ്‌മയായ ഭാഷാ സ്നേഹിയുടെ ദീർഘമായ ചർച്ച കഴിഞ്ഞ് ഏറെ വൈകിയാണ് അയാൾ വീട്ടിലെത്തിയത്. ക്ഷീണിച്ചു തളർന്നതും വളഞ്ഞതുമായ ശരീരം, കുഴിഞ്ഞ് അപ്രത്യക്ഷമായ കണ്ണ്, നിഗൂഢതയിൽ ഇരുൾ മൂടിയ മുഖം. അയാൾ കൈയ്യിൽ കൂട്ടിപ്പിടിച്ചിരുന്ന വലിയ പുസ്തകം മേശപ്പുറത്തേക്ക് വച്ചു. വലിയൊരു ദിർഘശ്വാസമെടുത്തുപോയി. വിയർത്തുനാറിയ ജുബ്ബ ഒട്ടി ചേർന്ന് കിടന്ന് മരണവെപ്രാളമെടുത്തു. നെറ്റിയിലെ വിയർപ്പ് മുഖമാക്കെ പടർന്നു. കറുത്തിരുണ്ട കാടുകൾക്കിടയിലൂടെ അതൊരു പുഴയായി ഒഴുകി ഒരു നേർരേഖയായി കഴുത്തിലൂടെ താഴേക്ക് നീങ്ങി. പാതിജീവൻ തുടിക്കുന്ന ആ ശരീരത്തെ നേർരേഖ രണ്ടായി ഭാഗിച്ചു. ജുബ്ബ ഏറെ കഷ്ടപ്പെട്ട് ഊരിയെടുത്ത് നനഞ്ഞ് ഒഴുകിയ മുഖം തുടച്ചുകൊണ്ടിരിക്കെയാണ് കത്ത് ശ്രദ്ധയിൽപെട്ടത്. അപ്പോഴേക്കും ലക്ഷ്മിയുടെ ഒടുവിലെ കണ്ണിരും വറ്റിപോയിരുന്നു. തൂങ്ങിയാടുന്ന അവളുടെ ജഡത്തിനു സാക്ഷിയായി നിന്നു കൊണ്ട് കത്തിലേക്ക് കണ്ണോടിച്ചു. പതിവുപോലെ കസേര വലിച്ചിട്ടിരുന്നു, അറിയാതെ താടിയിൽ തടവി. മേശവലിപ്പിൽ നിന്നും ഒരു ബീഡിയെടുത്തു കത്തിച്ചു, കത്തിൽ കാമ്പുള്ള ഭാഷകണ്ട് കണ്ണ് നിറഞ്ഞു. ആ കണ്ണുനീരിൽ കലർന്ന പുഞ്ചിരിയുമായി അയാൾ കത്തിൽ പലതവണ മുങ്ങിനിവർന്നു. മതിയാവോളം നീന്തിതുടിച്ചു. കത്തിന്റെ ആഴത്തിൽ പലതവണ മുങ്ങിനിവർന്നതിനാലാവാം മങ്ങിയ ഉൾബനിയനിൽ പായലും വിയർപ്പും ജലവും ചളിയും ചേർന്ന് കറുത്ത ചോദ്യചിഹ്നങ്ങൾ വരച്ചു. അവ ശരീരമാകെ പടർന്നു. ഏകദ്ദേശം ഈ സമയത്താണ് ലക്ഷ്മിയുടെ ശരീരത്തിൽ നിന്നും മോചിതയായ ആത്മാവ് അല്ലെങ്കിൽ പ്രേതം അയാളുടെ മുൻപിലേക്ക് നിളപോലെ ഒഴുകി വന്നത്. ജീവിതത്തിൽ കണ്ണുനീർ കൊണ്ട് ശ്വാസം മുട്ടിയവർ ചിരിക്കുമ്പോഴുള്ള മഞ്ഞ വെളിച്ചം അവൾക്കുണ്ടായിരുന്നു. നീണ്ട നഖങ്ങളും മൂർച്ച യേറിയ ദംഷ്ട്രകളും ഉള്ള രക്ഷസ്സായി മാറിയെങ്കിലും നിലാവുദിച്ച ചന്ദ്രികപോലെ വെളുത്ത ആ കണ്ണുകളിൽ ഒരു വലിയ കടൽ തന്നെ ഭ്രാന്തമായി ഒഴുകുവാൻ തടം കെട്ടിനിന്നിരുന്നു. ആ വേദനയിൽ സ്വന്തം ശരീരത്തെ നിശബ്ദയാക്കി അയാൾക്കുമുമ്പിൽ അവളിരുന്നു. ഒരു രാത്രി പുലരുവരെ ആ നിശബ്ദത തുടർന്നു...

അവളുടെ തൂങ്ങിയാടുന്ന കാലുകളിൽ പടർന്ന വേരുകൾക്കിടയിൽ കിടന്നു പിടയുവാനോ അവസാന നീരും വറ്റി ശൂന്യമായ കണ്ണുകളിൽ നോക്കി സ്വയം പഴിക്കുവാനോ അയാൾ തയ്യാറായില്ല. ആ രാത്രി പുലരുംവരെ അവളുടെ ഒടുവിലെ രക്തവും തുപ്പലും ഛർദ്ദലും വീണ് കടലായി മാറിയ ആ ആത്മഹത്യാകുറുപ്പിൽ അയാൾ നീന്തികൊണ്ടിരുന്നു. ആ കത്തിനെ ഒരർത്ഥമില്ലാത്ത കവിതയാക്കി അയാൾ മാറ്റികൊണ്ടിരുന്നു. 'ഋ' എന്ന അക്ഷരത്തിനുള്ളിൽ പരിപൂർണ്ണ നഗ്നനായി അലറിവിളിക്കുന്ന ആ ഭ്രാന്തനെ അവൾ വീണ്ടും കണ്ടു. ചുരുട്ടി വലിച്ചെറിഞ്ഞ കടലാസുകഷണങ്ങൾക്കിടയിൽ അവൾക്കും ആ രാത്രിക്കും ഒടുവിൽ മരണം സംഭവിച്ചു...

5 comments:

  1. എവിെടൊക്കെയോ കൊണ്ടുകയറുന്ന വാക്കുകൾ...
    അഭിനന്ദനങ്ങൾ

    ReplyDelete
  2. ഇനിയും എഴുതുക ❤️

    ReplyDelete