എനിക്ക് നിങ്ങളുടെ ഭാഷയറിയില്ല, എഴുത്തറിയില്ല, വായനയറിയില്ല.. പക്ഷേ എനിക്കും വിശപ്പുണ്ടായിരുന്നു. എനിക്ക് നിങ്ങളുടെ വകതിരിവില്ല, തിരിച്ചറിവില്ല... പക്ഷേ എനിക്കും ജീവനുണ്ടായിരുന്നു. നിങ്ങളുടെ ജീവിത സ്വപ്നങ്ങളും എനിക്ക് അപരിചിതമാണ്. എനിക്ക് ഉപദേശിക്കാനറിയില്ല.. പറയാനുമറിയില്ല.. തടയാനുമാവില്ല. പക്ഷേ ജീവനറ്റ് പോവുന്ന അവസാന നിമിഷത്തിന്റെ അങ്കലാപ്പ് എനിക്കുമുണ്ട്.
ഞാൻ ഒരു നായാണ്. തെരുവുനായ. വെള്ളപ്പൊക്കത്തിന്റെ തിരുശേഷിപ്പായി തകഴിയുടെ തഴമ്പിൽ നിന്നും ജന്മമെടുത്ത് സഹൃദയരുടെ സഹാനുഭൂതി നേടിയ നായല്ല, യജമാന സ്നേഹത്തിന്റെ അതിർവരമ്പുകൾ അതിലംഘിച്ചു വീരമൃത്യു വരിച്ച 'ശേഖുട്ടി'യുമല്ല. അവരെന്റെ വർഗ്ഗമായിരുന്നുമില്ല. ഞാൻ കാലങ്ങളായി കല്ലെറിയപ്പെട്ട് ആട്ടിയോടിക്കപ്പെട്ടവന്റെ വർഗ്ഗമാണ്. ആരുടെയും സഹാനുഭൂതിയോ സഹൃദയന്റെ ആസ്വാദനമോ നേടാതെ ചത്തുമലയ്ക്കാൻ വിധിക്കപ്പെട്ടവന്റെ വർഗം. തെരുവുപട്ടി. കടപ്പാടുകളില്ലാതെ, കരുതലുകളില്ലാതെ, ഉടമകളില്ലാതെ...
ജനിച്ചത് എവിടെയാണെന്നറിയില്ല... വളർന്നത് ദാ ഇവിടെ തന്നെയാണ്. ഈ പുണ്യ പുരാതന ഭൂവിൽ.. ഈ മഹാ നദിയുടെ തീരത്ത്.. പുണ്യ നദി ഗംഗാ തീരത്ത്...! ഞങ്ങൾ ബലിച്ചോറുകളുണ്ടു, ചുടലകളിൽ മറിഞ്ഞുരുണ്ടു... രാത്രികളിൽ ആത്മാക്കൾക്കൊപ്പം അഗാധമായ ഓരികളിട്ടു. ഇന്ന് അന്ത്യ ശ്വാസത്തിനായി പിടഞ്ഞു കൊണ്ടിരിക്കുന്നു.
ഞങ്ങൾക്കാരും മുന്നറിയിപ്പുകൾ തന്നിരുന്നില്ല, പടർന്നു കയറുന്ന മഹാമാരിയെ ആകുലതയോടെ കാണാനും അകലം പാലിക്കാനും ഞങ്ങളെയാരും പരിശീലിപ്പിച്ചില്ല. തിരക്കൊഴിഞ്ഞ ഗംഗാ തീരങ്ങളിൽ ഞങ്ങൾ ബലിചോറിനായി അനേക നാൾ പ്രതീക്ഷിച്ചു. മുഖം മറച്ചു നടക്കാനോ, സാനിറ്റൈസർ ഉപയോഗിക്കാനോ ആരും ഞങ്ങളെ ശട്ടം കെട്ടിച്ചില്ല. അലഞ്ഞു നടക്കുന്ന ഞങ്ങളെ ആട്ടി ഓടിക്കാൻ പോലും ആരും ഉണ്ടായില്ല. അഴുക്കുചാലുകളിൽ മണം പിടിച്ചുകൊണ്ട് അലയുമ്പോഴും എന്തിന് ഇപ്പോൾ ഈ നിമിഷത്തിലും എന്റെ വിശപ്പിൽ നിന്ന് ഒരു വ്യത്യാസവും എനിക്ക് നിങ്ങളുടെ വിശപ്പിൽ കാണാനാവുന്നില്ല.
ആ വിശപ്പാണ്, അതേ വിശപ്പാണ്, ഈ ആത്മഹത്യയിലേക്ക് (അല്ല, അറിയാതെ ആവുമ്പോൾ അത് ആത്മഹത്യ ആവില്ലല്ലോ. കൊലപാതകത്തിന്റെ ഇരകളാണ് ) എന്നെയും എനിക്കു മുൻപും പിൻപും ആയി പോയവരെയും വരാനിരിക്കുന്നവരെയും എത്തിച്ചത്. അതെ... പുണ്യ നദിയിലേക്ക് നിങ്ങൾ ഒഴുക്കിവിട്ട ' രോഗ ശരീരങ്ങളെ ' നീന്തി ചെന്ന് പിടിച്ച് കടിച്ചു തിന്നത് വിശപ്പു കൊണ്ടായിരുന്നു. അറിയില്ലായിരുന്നു, മരണമാണ് ഒഴുകി നടക്കുന്നതെന്ന്...!
എന്തു വ്യത്യാസമാണ് ഞങ്ങളുടെ ജീവനിൽ നിന്നും നിങ്ങളുടെ ജീവനിൽ ഉള്ളത്..? അതിന് പ്രത്യേക മൂല്യമുണ്ടോ? ഉണ്ടെങ്കിൽ തന്നെ ഞങ്ങളുടെ തെറ്റ് എന്തായിരുന്നു..? വിശന്നതോ..? പ്രാണവായു കിട്ടാതാകുമ്പോൾ നിങ്ങളിൽ ഉണ്ടാകുന്ന ആന്തലിൽ നിന്നെന്തു മാറ്റമാണ് ഞങ്ങളിലുണ്ടാകുന്നത്.. ഭാഷയറിയാത്തതാണോ, പറയാനറിയാത്തതാണോ കുറ്റം. പറയാനറിയാവുന്നവർ ആരാണ്? ദിനംപ്രതി നിങ്ങളെടുക്കുന്ന മരണ കണക്കുകളിൽ ഞങ്ങളുടെ ജീവന്റെ എണ്ണമെവിടെ..? ഈ കൊലപാതകങ്ങൾക്ക് നിങ്ങളാരോട് ഉത്തരം പറയും..? ചോദിക്കാൻ ആളില്ലെങ്കിൽ ഉത്തരമെന്തിന്.. അല്ലേ..? ഏത് സ്വച്ഛ ഭാരതത്തിന്റെ തിരുശേഷിപ്പുകളാണീ ഒഴുകി നടക്കുന്നത്..? ഞങ്ങളെപ്പോലെ ചാവു കാത്തു കിടക്കുന്നത്..? കണ്ണിലിരുട്ടു കയറുന്നു.. ശ്വാസഗതി കുറഞ്ഞുവരുന്നു.. ഒരു കാര്യം കൂടി.. ഈ പാപങ്ങളെ നിങ്ങളേതു ഗംഗയിലൊഴുക്കും..? അവസാനത്തെ ഒഴുക്കിൽ ശവങ്ങളെ പേറിനടക്കുന്ന ഈ ഗംഗയിലോ...????



Reality and Very Nice
ReplyDeleteGood wishes for becoming a great future