Sunday, May 23, 2021

കഥ - അബ്ദുൾ കലാം



ട്രെയിൻ പാലത്തിനുമുകളിലേക്ക് കയറിയപ്പോൾ വേഗത അല്പം കുറഞ്ഞു. താഴെ നദിയിൽ വെയിൽ നാളങ്ങൾ തുള്ളി കളിച്ചു. തണുത്ത കാറ്റ് വീശിക്കൊണ്ടിരുന്നു. അതൊരു നവംബർ മാസമായിരുന്നു. യാത്ര ചെയ്യാൻ എന്നും അയാൾ ഇഷ്ടപ്പെട്ടിരുന്ന മാസം.

 

"സൂക്ഷിക്കണം , വാതിൽപ്പടിയിൽ നിൽക്കുന്നത് അപകടമാണ് "



പിറകിൽ നിന്നും ഒരു സ്ത്രീ ശബ്ദം.

സുന്ദരിയായ ഒരു ഇരുനിറക്കാരി . അയാൾ ചിരിച്ചു.


"നല്ല കാറ്റ് പിന്നെ, പുഴയിലെ കാഴ്ചയും "


നീലസാരിയും ബ്ലൗസും ധരിച്ച കൃശഗാത്രയായ സ്ത്രീ. കുലീനത്വമുള്ള മുഖത്ത് ഐലീനർ എഴുതിയ തിളങ്ങുന്ന കണ്ണുകൾ.

അനുസരണയില്ലാത്ത മുടി കാറ്റിനോടൊപ്പം ഒഴുകി കളിക്കുന്നു.

താനീ ട്രെയിനിൽ കയറിയിട്ട് മണിക്കൂറുകൾ ആയി. ഇങ്ങനെ ഒരു സ്ത്രീയെ ഇതുവരെ കണ്ടില്ല. 


"കഴിഞ്ഞ സ്റ്റേഷനിൽ നിന്നും കയറിയതാണ് "


അയാളുടെ മനോഗതം മനസ്സിലാക്കിയ പോലെ അവൾ പറഞ്ഞു.

ഏതോ സ്വർഗ്ഗ ഗായികയുടെ സ്വരം പോലെ അയാൾക്ക് തോന്നി.

അവൾ അയാളോട് ചേർന്ന് നിന്ന് പുറത്തെ കാഴ്ച കാണാൻ ശ്രമിച്ചു.

അവളിൽ നിന്നും വശ്യസുന്ദരമായ ഒരു വാസന  അയാളിലേക്ക് പ്രവഹിച്ചു.


"എങ്ങോട്ടാണ് യാത്ര " 

സ്വപ്നത്തിലെന്നപോലെ അയാൾ ചോദിച്ചു.

" നഗരത്തിലേക്ക് "

നഗരം എന്നു കേട്ടപ്പോൾ അയാൾക്ക് തലവേദനിച്ചു. ബാങ്ക്, മാനേജർ, കണക്കുകൾ, ക്യാഷ് അങ്ങിനെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി അയാളെ മടുപ്പിച്ചിരുന്ന ഒരോന്നോരോന്നായി അയാളുടെ ഓർമയിലേക്ക് കടന്നുവന്നു.

പക്ഷെ ,

അയാൾക്ക് നഗരത്തിലേക്ക് എത്തിച്ചേരാതിരിക്കാൻ കഴിയുമായിരുന്നില്ല. ആരും ഇല്ലാത്ത തറവാട്ടിലെ എകാന്തത അയാളെ അത്രക്ക് വീർപ്പുമുട്ടിച്ചിരുന്നു.

ജോലിയിലെ മടുപ്പിൽ നിന്നും ഓടിപ്പോകുന്ന വേഗത്തിൽ തന്നെ അയാൾ തിരികെ നഗരത്തിലേക്കും ചേക്കേറിയിരുന്നു.

                  

                    ട്രെയിൻ എതോ സ്റ്റേഷൻ എത്താറായിരിക്കുന്നു. ചക്രങ്ങൾ വലിഞ്ഞു മുറുകി പാളങ്ങളിൽ ഉരഞ്ഞു ശബ്ദമുണ്ടാക്കി.


"നമ്മുക്ക് ഇവിടെ ഇറങ്ങിയാലോ !

ഏതോ സ്വപ്നത്തിൽ നിന്നെന്ന പോലെ അവൾ ചോദിച്ചു.

കാലങ്ങളായി അടച്ചു വെച്ച പനിനീർ കുപ്പി തട്ടി തൂവിയതു പോലെ അയാൾക്കു ചുറ്റും സുഗന്ധം പരന്നു.

" ഇറങ്ങാം "

അയാൾ പെട്ടെന്ന് ഉത്തരം പറഞ്ഞു.


അയാൾ അവളുടെ കനമുള്ള ബാഗെടുത്ത് തൊളിലിട്ടു. അയാളുടെ പെട്ടി വലതു കൈയിൽ പിടിച്ച് ഇറങ്ങാൻ ശ്രമിക്കുമ്പോഴെക്കും അവൾ പ്ലാറ്റ്ഫോമിൽ ഇറങ്ങി കഴിഞ്ഞിരുന്നു.


സ്റ്റേഷനടുത്തുള്ള ലോഡ്ജിലേക്ക് അവൾ മുമ്പിൽ നടന്നുകയറി. മുറ്റത്തേ റോസാപ്പുവിതളിൽ ഒരു ചിത്രശലഭം വർണ്ണ ചിറകിളക്കി മുഖം പൂഴ്ത്തി  നിൽക്കുന്നു. മുറിക്കുള്ളിലേക്ക് അയാൾ പ്രവേശിച്ചപ്പോൾ അവളുടെ മുഖം ചുവന്ന റോസാപ്പു പോലെ തുടുത്തിരുന്നു. പടിഞ്ഞാറ് ചായുന്ന സൂര്യന്റെ കിരണങ്ങളൊടൊപ്പം തണുത്ത കാറ്റും അവളെ തഴുകി തലോടി കൊണ്ടിരുന്നു.



                   അയാൾ അവളുടെ മുടിയിഴകളെ ചുംബിച്ചു. അവൾ അയാളുടെ മാറിലേക്ക് ഒതുങ്ങി നിന്നു. കടിഞ്ഞാണില്ലാത്ത കാമന അയാളെ അതിവേഗം പറത്തി. തീരാത്ത തളരാത്ത ആവേശത്തിൽ അയാൾ പിടഞ്ഞു. ആദ്യ ഉന്മാദത്തിന്റെ ലഹരിയിൽ അയാൾ വിയർത്തു. കൊടുങ്കാറ്റിൽ ഇളകി പറന്ന ഒരില പോലെ ചെന്നെത്താൻ കൊതിച്ച ഇടങ്ങളിലോക്കെ ചുറ്റികറങ്ങി ഒടുവിൽ ശാന്തനായി അയാൾ ഉറങ്ങി.


മനോഹരമായ ഒരു സ്വപ്നത്തിന്റെ പരിസമാപ്തിയിൽ അയാൾ കണ്ണുകൾ തുറന്നു. ഉടുത്തൊരുങ്ങി പോകാൻ തയ്യാറായി അവൾ നിൽക്കുന്നത് കണ്ട് അയാൾ ആശ്ചര്യപ്പെട്ടു.


" ഞാനിറങ്ങുന്നു. ഇപ്പോഴൊരു വണ്ടിയുണ്ട് അതിന് നഗരത്തിലെത്തണം"

അവൾ പറഞ്ഞു.

" നിൽക്കു, ഞാനും വരാം "

അയാൾ കിടക്കയിൽ നിന്നും പിടഞ്ഞ് എഴുന്നേൽക്കാൻ ശ്രമിച്ചു.

"വേണ്ട!"

അവൾ അയാളെ തടഞ്ഞു.

"നിങ്ങൾ അടുത്ത വണ്ടിക്ക് വന്നാൽ മതി.

നമ്മൾ ഒരുമിച്ചിറങ്ങേണ്ട "

"എന്താ ഇത്ര പെട്ടെന്ന് , നമുക്ക് കുറച്ചു കഴിഞ്ഞ് പോകാം"

നിരാശ മറച്ചു കൊണ്ട് അയാൾ കെഞ്ചി.

"പറ്റില്ല"

അവൾ അയാളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.

" സ്റ്റേഷനിൽ ഭർത്താവും കുഞ്ഞും കാത്തു നിൽക്കുന്നുണ്ടാകും. "

അയാളുടെ മുഖം താഴ്ന്നു. പിന്നെ സാവധാനം അയാൾ ചോദിച്ചു.

"എന്താ പേര് ? "

" അതിലെന്തിരിക്കുന്നു. "

ബാഗുമെടുത്ത് മുറിവിട്ടിറങ്ങി കൊണ്ട് അവൾ ചിരിച്ചു.


കുറെ സമയം അയാൾ ആ കിടക്കയിൽ തന്നെയിരുന്നു. കഴിഞ്ഞ ഒരു രാത്രി താനാരായിരുന്നു. ? എവിടെയായിരുന്നു ?

 ആരായിരുന്നു തന്നൊടൊപ്പം ഉണ്ടായിരുന്ന സുന്ദരി?. 

എല്ലാം വെറും സ്വപ്നം മാത്രമായിരുന്നുവോ ?.

: അയാളുടെ മനസ്സിൽ സങ്കടത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങി. അപ്പോഴും അവളൊടുള്ള പ്രേമത്തിന്റെ തീവ്രത അയാളുടെ സിരകളിൽ കുതികൊണ്ടു..

ജീവിതത്തിലെ ഏറ്റവും വലിയ  നഷ്ടത്തിൽ അയാൾ എകാകിയായി.

അവളെയോർത്ത് അയാൾ തേങ്ങി.

അപ്പോൾ ദൂരെ ഒരു ട്രയിൻ ചൂളമടിച്ച് കടന്നുപോകുന്നത് അയാൾ കേട്ടു.

                               

                     abdulkalam882@gmail.com

1 comment:

  1. കഥ നന്നായി. ഇതുപോലെ ചില
    ആകസ്മികതകൾ കൂടിയാണ് ജീവിതത്തെ അടയാളപ്പെടുത്തുന്നത്. ഇനിയും എഴുതുക.

    ReplyDelete