Sunday, May 28, 2017

തപസ്യ - സാഹിത്യ ശില്പശാല - കഥാമത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ രചന


ജയകുമാർ കാലടി

നിഴലിൽ നിന്നു മകന്ന്

തസ്രാക്കിലേക്ക് പതിവിലും കൂടുതൽ ആളുകളെത്തി.ഇതിഹാസകാരന്റെ കഥാപാത്രങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് അബ്ദുൾ ഖാദർ പറഞ്ഞത് നമ്മുടെ അപ്പുക്കിളി മിനിഞ്ഞാന്ന് പറന്നു പോയി. ആദ്യമൊന്നമ്പരന്നു, എന്നും അപ്പുക്കിളി ഒരു നിഴലായി ഒപ്പമുണ്ടായിരുന്നു .എല്ലാവരോടും വല്യ ഗമയിൽ പറയുമായിരുന്നു തസ്രാക്കിൽ കൊത്തിവച്ചിരുന്ന തന്റെ ചിത്രത്തെപ്പറ്റി .തസ്രാക്കിലൂടെ കടന്നുപോകുന്ന തീവണ്ടിയുടെ ചൂളം വിളിപോലും അപ്പുക്കിളീന്നാണെന്ന്. ആ അപ്പുക്കിളിയാണ് യാത്ര പറഞ്ഞത് '

മടക്കയാത്രയൽ മനസ്സിലൊരു നൊമ്പരം അനുഭവപ്പെട്ടു. ഇനി അവശേഷിക്കുന്നത് മൈമുന മാത്രം  കാണണം. മൈമുനയോടൊപ്പം ഒരു ഫോട്ടോ '.. പിന്നെ മരുന്നു വാങ്ങാൻ എ ന്നെങ്കിലും...

പണിതീരാത്ത  വീട്ടമുറ്റത്തെ മരബെഞ്ചിലിരുന്ന് ചൂലുണ്ടാക്കുകയായിരുന്നു ഇതിഹാസ കഥാകാരന്റെ മൈമുന .കാലമേൽപ്പിച്ച ക്ഷതങ്ങൾ ആ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു. നീര് വന്ന് തടിച്ച കാലുകൾ ചൂണ്ടിക്കാട്ടി പ്രാരാബ്ദങ്ങളുടെ ഭാണ്ഡക്കെട്ടുകളിറക്കി വച്ച് മൈമുന ഭൂതകാലത്തെക്കുറിച്ച് വാചാലയായി .കഥാകാരനെ ക്കുറിച്ച് പറയുമ്പോൾ  കണ്ണുകൾ കൂടുതൽ തിളങ്ങി


തസ്രാക്കിന്റെ നിഴലിൽ നിന്നു മകന്ന് മൈമുന
ആ പഴയ കൊലുന്ന് പെണ്ണായി....


Saturday, May 27, 2017

തപസ്യ - സാഹിത്യ ശില്പശാല - കഥാമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ രചന

ജ്യോതിരാജ് തെക്കൂട്ട്
ആംബുല൯സുകളും കരയാറുണ്ട്
            ......................
      ഒരു ഫോൺകോൾ മതി എനിക്കവിടെയെത്താ൯.തലയറ്റയുടലും,ചിന്നിച്ചിതറിയശരീരഭാഗങ്ങളുമായി മരണവെപ്രാളത്തോടെയലറിവിളിച്ച് തിരിച്ചുപായുമ്പോൾ ഈശ്വരാ......ഒന്നുംസംഭവിക്കരുതേയെന്നു പ്രാ൪ത്ഥിക്കാറുണ്ട്.നിലവിളികളുടെമഹാപ്രളയത്തിലും കരയാതിരിക്കാ൯ പാടുപ്പെടാറുണ്ട്.
        തണുത്തുറഞ്ഞൊരു വെളുപ്പാ൯ക്കാലത്തായിരുന്നു ആ വിളിവന്നത്.ആമ്പല്ലൂ൪ ടോൾപ്ലാസക്കടുത്ത് ചരക്കുലോറിയും,കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തക൪ന്നകാറിലുണ്ടായിരുന്ന ആറുപേരിലഞ്ചുപേരും തൽക്ഷണം മരണപ്പെട്ടു.ശേഷിക്കുന്നതൊരു കുരുന്നുജീവന്റെ പതിഞ്ഞ ഹൃദയമിടിപ്പ്മാത്രമായിരുന്നു.
       വാരിയെടുത്തു മടിത്തട്ടിൽ കിടത്തിയപ്പോൾ അന്നാദ്യമായി ഹൃദയംനൊന്തുവിലപിച്ചു. വാവിട്ടു കരഞ്ഞു. മാറുചുരന്നപ്പോൾ മതിവരുവോളം കുഞ്ഞിനെ പാലൂട്ടി.
       ഒടുവിലെന്റെ നിഴലിൽനിന്നുമകന്ന്പോകുന്ന മാലാഖകുഞ്ഞിനെ വാത്സല്യത്തോടെ നോക്കിനിന്നു.
          ....................

Wednesday, May 10, 2017

വിശപ്പ് - ശ്രീമോൾ മാരാരി

തപസ്യ സാഹിത്യ ശില്പശാല  കവിതാരചനാ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ കവിത 


കനകവെയിലും
കുനുകുനെപ്പെയ്യും മഴയും
നിഴലേതുമില്ലാത്തൊരു
നാടാണിങ്ങിവിടെ.

നാട്ടുകാരിവർ സാഹസികർ
കടൽപെറ്റമക്കളെപ്പോൽ
യാനങ്ങൾ തീർത്തെന്നും
യാത്രയതുക്ലേശമാകിലും.

തനിയെ തുഴയുന്നവർ,
കൂട്ടായിചിലർ,
പതിയും പാതിയുമായി ചിലർ
സകുടുംബമായും ചിലർ.

അവിടെയൊരുകൊച്ചു -
സാഹസികരവർ കുടുംബമല്ലോ ..
അച്ഛനുമമ്മയും സ്നേഹമായി
വളർന്ന യുവകോമളർ മക്കളും.

തീനും തിമിർപ്പുമവരൊന്നുപോലെ
കളിയുംചിരിയും മാറ്റമില്ലാ
ഇതുപോലെസന്തോഷമേതുമില്ല.


കാലങ്ങളങ്ങനെ
കളിച്ചുംചിരിച്ചും
ഋതുക്കളായി പടവുകൾ
ഓരോന്നും താണ്ടിടുന്നു.

യാനമൊന്നൊരുക്കിയവർ
കുടുംബമായികൂട്ടമായ്
യാത്രതിരിച്ചിതുമോദമായി
തിരകൾചിരിച്ചാര്‍ത്തവർക്കുവേണ്ടി.

പെട്ടെന്നു,കാറും കോളുമുരുണ്ടുകൂടി
മിന്നൽപിണറും പറന്നിറങ്ങി
യാനമതുയേറെ നീങ്ങിയെങ്ങോ
ദിക്കേതെന്നറിയാതെ കുഴങ്ങിയല്ലോ.

ദിവസങ്ങളാഴ്ചകൾ നീങ്ങിപ്പോയി
ആഹാരമൊക്കെ കഴിഞ്ഞുപോയി
കഷ്ടം! മറുകര കണ്ടതില്ല, മരണമി -
ങ്ങെത്തിയെന്നവരോർത്തുപോയി.

വിശപ്പിന്റെ ആധിക്യമറിഞ്ഞവരോ
അമ്മയതുരഹസ്യമായി പറഞ്ഞിടുന്നു,
മക്കളേയച്ഛനെതിന്നിടാംനമുക്ക്.

മെല്ലേമടിച്ചുംശപിച്ചും
കൃത്യമതുതീർത്തവർ
വിശപ്പിൻവലുപ്പം
അറിഞ്ഞോരവർ.

പിന്നെപലനാൾകടന്നുപോയി
ദുർബലയവളുമിരയായിവീണു
മക്കളവർപഠിച്ചതുപാടിവീണ്ടും
വിശപ്പിനുസ്വന്തബന്ധങ്ങളേതുമില്ല.

പിന്നെപ്പറഞ്ഞിട്ടെന്തുകാര്യം
വിശപ്പതുവിജയം കുറിച്ചുപോയി
ജ്യേഷ്ഠന്റെകഴുത്തരിഞ്ഞ -
നുജൻപഠിച്ചതുംചൊല്ലിയപ്പോൾ.

കാറ്റൊന്നടങ്ങി
കാറെല്ലാമൊഴിഞ്ഞു
യാനം കരയിലടുത്തനേരം
വിശപ്പാണതിൽ
വിശപ്പുമാത്രം...

Friday, May 5, 2017

വിശപ്പ് - ജ്യോതിരാജ് തെക്കൂട്ട്

തപസ്യ സാഹിത്യ ശില്പശാല  കവിതാമത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ രചന


പ്രാണന്റെ ആദ്യപിറവിയിൽ
ഉറവപ്പൊട്ടിയ വിശപ്പിന്
അമ്മിഞ്ഞപാലിന്റെ അറുതി.

വള൪ന്നപ്പോൾ കൂടെ വള൪ന്നതും
ഇണപിരിയാതെ കൂടെ നടന്ന
വയറ്റിലെ തീയായിരുന്നു വിശപ്പ്.

അണ്ഡകടാഹങ്ങളെ മുറിപ്പെടുത്തി
വിശപ്പിന്റെ ഒളിയിടങ്ങളിലുറങ്ങി
ഉണ്ടെഴുന്നേറ്റവന്റെ എച്ചിലുണ്ട്
വരണ്ട പുഞ്ചിരിയോടെ
ലോകത്തെ പ്രകാശമാ
നമാക്കുന്നവരുണ്ട്.


ഏതോ ഉൾപ്രേരണകൾക്ക് വിശന്നപ്പോൾ
കാമമായും ഹിംസയായും വിപ്ലവമായും
പ്രാണനിൽ കത്തിപ്പട൪ന്നതും വിശപ്പ്.
..............................................

വിശപ്പ് - ഷാജു കളപ്പുരക്കൽ

(തപസ്യ സാഹിത്യ ശില്പശാല - കവിതാരചനാമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കവിത)

പകലിന്റെ ചൂടൊന്നാറുന്ന നേരത്ത്
പറയാതെ പലതും പങ്കുവെച്ചോർ നമ്മള്‍.

സന്ധ്യയൊന്നായാലിടക്കിടെ ഘടികാര -
മെന്തേ ചലിക്കാത്തതെന്നു  ചിന്തിച്ചവർ..

തിങ്കളിന്‍ ഭംഗിയെ
തൊട്ടറിയാന്‍ രാത്രി
തെല്ലും കളയാതെ ഒന്നിച്ചിരുന്നവർ..

പുലരി തന്‍ മഞ്ഞുകണങ്ങളെയൊരുപോലെ
തൊട്ടു തലോടി തിരിഞ്ഞു കിടന്നവർ..

ഇന്നീയിരുട്ടിന്റെയറ്റങ്ങള്‍ വാരി-
പ്പുതച്ചു നാം നിദ്രയെ തേടിക്കിടക്കവെ,

അറിയാതെയറിയുന്ന ദൂരങ്ങളൊരുപോലെ
നമ്മില്‍ വിശപ്പായി കത്തിപ്പടരവേ..

നെരിപ്പോട്

സന്തോഷ് നെല്ലായ

ഇടനെഞ്ചിലൊരു തീ
എന്റെ ഇടനെഞ്ചിലൊരു തീ
നെരിപ്പോട് പോലെ എരിഞ്ഞിടുന്നു.
ഒരു മകളുണ്ടെനിക്ക്.
മൂന്നു വയസ്സുള്ളൊരു പെണ്‍കിടാവ്.
അവളുടെ താമരപ്പൂ പോലുള്ള
പൂമുഖം കാണുമ്പോള്‍
എന്റെ ഇടനെഞ്ചിലൊരു തീ.

ബാലവാടിയില്‍ പോകുന്നു.
ഇനി വിദ്യാലയത്തിലേക്ക്
എവിടെയാണ് കാട്ടാളന്‍മാര്‍
ആരുടെ രൂപത്തിലാണ് വരിക
അറിയില്ല......... അറിയില്ലെനിക്ക്.

ഓമനത്തം തുളുമ്പുന്ന കുഞ്ഞിനെ
ഓമനിക്കന്ന ബന്ധുക്കള്‍
അയല്‍ക്കാര്‍ ചങ്ങാതിമാര്‍
ആരെ ഞാന്‍ കരുതണം.
ഭയമാണെനിക്ക്.

തിരിച്ചറിവാകും വരെ
ജീവിതയാത്രയില്‍ ഏതു ഘട്ടത്തിലും
മൃഗതുല്ല്യരാം കാട്ടാളരൂപങ്ങളെ-
ത്തുമെന്ന തിരിച്ചറിവാകുംവരെ
കാത്തു സൂക്ഷിക്കണം
ചിപ്പിക്കകത്തെ മുത്തുപോല്‍..

അച്ഛനെ വാക്കിന്നര്‍ത്ഥം ഞാനറിയുന്നു.
അതിന്റെ ഭയവും ഉത്കണ്ഠയും
എന്റെ ഇടനെഞ്ചിലെ തീയായ് മാറുന്നു.
അത് നെരിപ്പോട് പോലെ എരിഞ്ഞിടുന്നു.

Wednesday, May 3, 2017

കടലിൽ..

ഷാജു കളപ്പുരക്കൽ

ഞാൻ കരയേ നോക്കി കൊതിച്ചിരുന്നു.
തീരത്തെ മണല്‍ത്തരികളെ,
പച്ചപ്പിനെ, പൂക്കളെ, കിളികളെ....
അങ്ങിനെയങ്ങിനെ....

അന്നൊരിക്കല്‍...
നിന്റെ കെെക്കുമ്പിളിലേക്ക്
ഞാനോടിക്കയറുകയായിരുന്നു.

നിന്റെ കെെത്തലത്തിലെ
ഇത്തിരി ജലത്തിൽ
ഞാനെന്റെ കടലിനെ  മറന്നു.

നീയെന്നെ കൂട്ടുപിടിച്ചു  നടന്ന വഴികൾ..
നീയെന്നോടു പാടിയ പാട്ടുകൾ...
നീയെനിക്കനുഭവമാക്കിയ കുസൃതികള്‍.....

നിന്റെ കെെക്കുമ്പിളിലെ ജലം
വിരലുകള്‍ക്കുള്ളിലൂടെ ചോരുന്നത്
ഞാനറിഞ്ഞിരുന്നു.
എന്റെ ശ്വാസം നേർത്തു വരുന്നതും ഞാനറിഞ്ഞു.

എന്നിട്ടും...
കുളങ്ങളും കിണറുകളും നമ്മളൊരുമിച്ച് താണ്ടുമ്പോഴും
നിന്റെ കെെക്കുള്ളില്‍
ഞാനൊതുങ്ങി....
എനിക്കതായിരുന്നു  സുഖം.

പക്ഷെ...
നീ ....
നിസ്സഹായയാണ്.
എന്നെയീ  ചെളിയിലേക്കിറക്കി  വിടുക
ഇവിടെയും ജീവനുണ്ട്, ....
നിനക്കേറെ ദൂരം പോകാനും.

Tuesday, May 2, 2017

കവിയും മാലാഖയും

അനിത പ്രേംകുമാർ

ഭ്രാന്തമാം ജല്പനം ചൊല്ലി അലഞ്ഞിട്ടും
ഭ്രാന്തിയെന്നാരും വിളിച്ചതില്ല
ഉന്മാദലഹരിയിൽ ആറാടിയെന്നിട്ടും
ഉന്മാദിയെന്നും പറഞ്ഞതില്ല.

പ്രണയവും സ്നേഹവും പൂത്തു വിടര്‍ത്തീട്ടും
പ്രാക്കുകൾ ആരുമേ ചൊല്ലിയില്ല
കോപത്താൽ ഉച്ചത്തിലാക്രോശിച്ചിട്ടും
ഭയങ്കരിയെന്നും വിളിച്ചതില്ല

സങ്കടം കൂടിയിട്ടാര്‍ത്തു കരഞ്ഞിട്ടും
വിഷാദരോഗമെന്നോതിയില്ല
തോന്നുമ്പോള്‍ തോന്നിയത്പോലെ നടന്നിട്ടും
താന്തോന്നിയെന്നും വിളിച്ചതില്ല


പകരം നിങ്ങളവളെ വിളിച്ചത് കവി എന്നായിരുന്നു
ഭ്രാന്തിയായ,ഉണ്മാദിയായ,പ്രണയ പരവശയായ
കോപാകുലയായ,വിഷാദ രോഗിയായ,താന്തോന്നിയായ
ഒരു കവയിത്രി

അവസാനമൊരുനാൾ ആകാശത്തിലെ
മാലാഖമാരുടെ ലോകത്ത് അവളുമെത്തിയപ്പൊൾ
മാലാഖമാർ ഭൂമിയിൽ നിന്നെത്തിയ
അവളിലെ സന്തോഷം കണ്ടു പറഞ്ഞു,

നിങ്ങൾ, ഭാഗ്യവതികൾ പ്രണയവും സ്നേഹവും
സങ്കടവും,സന്തോഷവും കോപവും,വിഷാദവും
അറിഞ്ഞവർ, പ്രകടിപ്പിച്ചവർ അനുഭവിച്ചവർ!
ഞങ്ങൾ പാവം മാലാഖമാർ

ഞങ്ങളിൽ നിന്നും നിങ്ങൾ
സ്നേഹം മാത്രംപ്രതീക്ഷിക്കുന്നു
പക്ഷേ,ഞങ്ങൾ പ്രണയം അറിയാത്തവർ
സങ്കടം, സന്തോഷം,കോപം, വിഷാദം
ഒന്നുമേ പ്രകടിപ്പിക്കാൻ അവകാശമില്ലാത്തോർ

പിന്നെ,പ്രണയിക്കാൻ ഞങ്ങൾക്ക്
ദൈവം ഇണകളെ തന്നില്ലല്ലോ!

അവധൂതൻ

- ജയകുമാർ കാലടി


അയാൾ പിറകോട്ട് നടക്കുകയാണ്.
അത്ഭുതത്തോടെ നോക്കി നിൽക്കുന്ന
ആട്ടിൻ കൂട്ടങ്ങൾക്കിടയിലൂടെ,
കാലത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത വർ അനുഗമിക്കാൻ ശ്രമിച്ചു.

പിറകോട്ടു വച്ച കാലുകൾക്കിടയിലെ അന്തരം ഘടികാരസൂചികളെപ്പോലെയായിരുന്നു.

പ്രപഞ്ചം പോലും ആ കാലടികൾക്കനുസരിച്ച് ചലിച്ചു.

ആരെയും ശ്രദ്ധിക്കാതെ ദൃഷ്ടികൾ മുന്നോട്ടാഞ്ഞ് യാത്ര തുടർന്നു. കാലുകളിടറാതെ.

വഴികളിൽ വച്ചു നീട്ടിയ പിണ്ഡങ്ങൾ അറപ്പുളവാക്കിയപ്പോൾ,
ഓവുചാലിലെ ജലം ആർത്തിയോടെ കുടിച്ചും,
തെരുവോരങ്ങളിൽ അന്തിയുറങ്ങും
ആരിൽ നിന്നും ഒന്നും ആവശ്യപ്പെടാതെയും അയാൾ പിന്നോട്ട് നടന്നു.

ഇരുളിൽ കണ്ണുകളിലെ നീല വെളിച്ചം വഴികാട്ടിയായി.
സ്വന്തം നഗ്നതയുടെ അലോസരമില്ലാതെ നടന്നു.
ഒപ്പം അനുഗമിക്കാൻ ശ്രമിച്ച ആട്ടിൻ കൂട്ടങ്ങളോട് പറഞ്ഞു -

''തത്വമസി'
ഇനി നിങ്ങൾ മടങ്ങുക
മണൽ പിരിച്ചു കെട്ടി മേഘങ്ങളെ പിടിച്ചുകെട്ടുക
മണൽക്കാറ്റ് വീശുമ്പോൾ അതിന്റെ ഈണവും താളവും അറിയുക
പെയ്തിറങ്ങുന്ന മഴയിൽ നൃത്തം ചെയ്ത് ദിഗംബരൻ മാരാവുക
ആത്മനോ മോക്ഷാർത്ഥത്തിനായി യത്നിക്കുക''

പിൻതുടർന്ന ആട്ടിൻകൂട്ടങ്ങൾ പകച്ചു നിൽക്കവേ,

ആകാശത്തിലേക്കുയർന്നു അവധൂതൻ

കണ്ണെത്താ ദൂരത്തോളമെത്തിയപ്പോൾ
സ്വത്വത്തിന്റെ ഭാഗമായ ശരീരമുപേക്ഷിച്ചു,
വസ്ത്രം മാറുന്ന പോലെ,
ഒരു തരിയായ് മാറി.
പഞ്ചഭൂതങ്ങളിലൊന്നിൽ
ഒടുവിൽ പെയ്തിറങ്ങിയ മഴയിൽ ഒരു പുതുനാമ്പിന് തുടക്കമിട്ട് അയാൾ യാത്രയായി.

Monday, May 1, 2017

ഒഴിച്ചുകളഞ്ഞത് - ജ്യോതിരാജ് തെക്കൂട്ട്


അധികാരത്തിനു ഭ്രാന്തിളകി
വാക്കും  നോക്കും തുടലുപൊട്ടിച്ച്
കുന്നും പുഴകളും കന്നും കതിരുമെല്ലാം
കട്ടെടുത്തുപോയ കാലത്തിന്റെ
മരണവീട്ടിലേക്കൊന്നു പോകണം.

ഇരമ്പിമറിഞ്ഞ തെരുവുകളിൽ
ആരും ചാലിച്ചെടുക്കാത്ത
വിശപ്പിന്റെ മഹാപ്രളയത്തെ
തൂലികയിൽ കോരിയെടുക്കണം.

വഴികളും അതിരുകളും തെളിയിച്ച്
നിലവിളികളും ചോരപ്പാടുകളും മായ്ച്ച്
വിഷംചേ൪ത്തു വിളമ്പുന്ന സ്വപ്നങ്ങളെ
കറുത്തൊഴുകുന്ന ഒാടകളിൽ ഒഴിച്ചുകളയണം.

സൂര്യ൯ നെറുകയിലെത്തുമ്പോൾ
ജാതിയും മതവും പൊടിച്ചെടുത്ത്
ചുവപ്പുപട൪ന്ന നാട്ടുവഴികളിൽ വിതറണം.

തിരികെ വരുമ്പോൾ,
നിലാവിന്റെ സ്വപ്നങ്ങളിലേക്ക് വേരുപട൪ത്തി
ഒാരോ പ്രാണനിലും പ്രണയത്തെ തളച്ച്
എനിക്കൊരു കവിതയെഴുതണം.

ലോകത്തിലൊക്കെയും നിറം പട൪ത്താ൯
ഒഴിച്ചുകളഞ്ഞൊരു കവിത.
............................................

ദേശാടനക്കിളികളുടെ വീട് - ഷിബിൻ ചെമ്പരത്തി



മഴ മാന്തിപ്പൊളിച്ച
ഓലപ്പുരയിൽ നിന്നും
തണലുകളിലേയ്ക്ക്
ചേക്കേറുമ്പോൾ
ഉള്ളിലൊരു വെയിൽപ്പൂവ്
ചിരിക്കുന്നുണ്ടായിരുന്നു.
ഒരു ചുമരിനപ്പുറത്ത്
ഇത്തിൾക്കണ്ണികളെ
ഓർമ്മപ്പെടുത്തിയപ്പോൾ
പണിതീരാത്ത വീടിന്റെ
എട്ടടി സ്ലാബിനടിയിലേയ്ക്ക്
ചിറകുകളൊതുക്കി വന്നിരുന്നു.
അന്നുണ്ടാക്കിയ
സ്വപ്നത്തോണികളെല്ലാം
ഒരു മുറിയിൽ നിന്നും
അടുത്ത മുറിയിലേയ്ക്ക്
വിശപ്പും തുഴഞ്ഞുപോയി.
കൊഞ്ഞനംകുത്തിയ
മണ്ണെണ്ണവിളക്കിനോട്
ഒന്നേ പറഞ്ഞുള്ളൂ...
റേഷൻകട നിന്റപ്പന്റേതല്ല.
   
     ഷിബിൻ ചെമ്പരത്തി🌺

അരമന

ഉണ്ണികൃഷ്ണൻ കീച്ചേരി
ജപകോശങ്ങൾ
ദൈവവിളിയാൽ പിടഞ്ഞ
പാതിരാത്രിയിൽ
വെളുത്ത ചിറകുള്ള
പൂമ്പാറ്റകൾക്ക്
മധുനുകർന്ന് മത്തുപിടിച്ചു.
ജപകൂട്ടിൽ
ഉരുകിയൊലിച്ച
മെഴുകുതിരിക്കാലുകൾ
കാറ്റേറി വന്നകഴുകൻ
പിഴുതെടുത്ത്
പിശാചിന്റെ അരമനയിൽ
അലങ്കാരമാക്കി.
ദൈവത്തെകാണാൻ
കൊതിച്ചെത്തിയ
മാലാഖയുടെ മനസ്സുപിഴുതെടുത്ത്
പ്രാർത്ഥനയിൽപൊതിഞ്ഞ്
ജപചരടുകൊണ്ട്
വായ് പൊതികെട്ടി
വീഞ്ഞു ഭരണിയിൽ
നിക്ഷേപിച്ചു .
മിന്നാമിനുങ്ങുകൾ
വഴിതെളിച്ചതണുത്തവെട്ടത്തിൽ
ദൈവം
പതിയെ നടന്നു
നമ്രശിരസ് കനായി.

ഉച്ചവെയിൽ നിനവുകൾ - ശ്രീമോൾ മാരാരി




കായൽത്തെന്നലിൽ
ഉലഞ്ഞുതിർന്ന കേശഭാരം
പൂവരശിൻ തണൽപറ്റി
കവിതരചിക്കും മിഴികൾക്ക്
മിഴിവേകിയ ഉച്ചനേരം..

വെയിൽത്തുണ്ടുകൾ
കൊത്തിയിരിക്കും
ബകപ്പക്ഷീയാരുനീ
സംന്യാസിയാമോ..

കുഞ്ഞോളങ്ങളെ
കീറിമുറിച്ചുണുർന്നാടും
ഈ ചിത്രവഞ്ചികൾ
രചിക്കുവതെത്ര കവിതകൾ..

നിഴലില്ലാ തണുവിടങ്ങളിലെ
മേശക്കിരുപുറമിരുന്ന
ഹൃത്തുകൾ മോഹിച്ചു
കുടിപ്പത് തണ്ണീർ തണുവോ..

നടക്കാതെ വേഗമാർന്ന
ചവിട്ടടികൾ നമ്മെനടത്തിയ
നേരമതിൽ ഹൃത്തിൽ
വിരിഞ്ഞത് നിനവുകളോ..

പ്രഭുചുംബനച്ചേലുകൾ
അരുതെന്നോതിയത്
കാപട്യ സീമകയറിയ
ജീവിതപാഠങ്ങളോ.

           ........ശ്രീമോൾ മാരാരി .....

ഒറ്റയാത്തി - ഷാലു ജോമോൻ

നീ ഇഷ്ടപ്പെടാതെ പോയ
എന്റെ
പെൺ തത്വത്തിനെ
ഞാൻ ഒറ്റയാത്തി എന്ന്
ഓമന പേരിട്ട് വിളിക്കും.

കൂട്ടത്തിൽപ്പെടാതെ
ഭൂതകാലത്തിന്റെ മണൽക്കുഴികളിലേക്ക്
കുഴിയാനക്കാലുകളിൽ
ഒരു യാത്രക്ക് തുടക്കമിടും.

എന്റെ പരിണാമ ചക്രത്തിന്റെ ജനിതക നിയന്ത്രിതാവ്
അപ്പോഴും നീ തന്നെയായിരിക്കും!

മറന്നു പോയ വേരുകൾ
നീ കുഴിച്ചെടുക്കുമ്പോൾ
ഞാൻ എന്റെ പേര് തിന്ന് തീർക്കും!

നീയെന്റെ പേര് വിളിക്കരുതെന്ന്
പേരില്ലായ്മയുടെ ന്യായം നിരത്തുമ്പോൾ
നീ പുതിയൊരു
പേര് തേടും.

സമജാതമായതിനെ തിരഞ്ഞ്
ഒരൊറ്റയാത്തി
അലഞ്ഞു തിരിയും!

🔸🔹🔸🔹🔸🔹
*ഷാലു ജോമോൻ*

ശമനം - ഉണ്ണികൃഷ്ണൻ കേച്ചേരി



നീ
നീരാവി പോൽ നിറഞ്ഞു
തപിക്കുമെൻ
നിഗൂഡ കോശങ്ങളിൽ
നിൻ
കരാംഗുലികളാലുഴിഞ്ഞു
ശാന്തമാക്കുക.

നീ
നീഹാരമായ് നിറഞ്ഞു
കുളിർ കോരുമെൻ
അകക്കാതലിൽ
നിൻനഗ്നമേ നിയാൽ
പുതപ്പിച്ചുറക്കുക.

നീ
നിശാഗന്ധിയായ്
നിലാ ചോലയിൽ
നിഴൽ പുടവയുരിഞ്ഞ്
നാഗമായ്...  എൻ
നഗ്നദാഹങ്ങളിൽ
ശമനതാളത്തിലിഴയുക.


    ഉണ്ണികൃഷ്ണൻ കീച്ചേരി.