നന്ദി ഹിൽസിൽ അസ്തമയം കാണാൻ നിൽക്കുന്നിടത്ത്, വിരിച്ചിട്ടതു പോലെ പരന്നു കിടക്കുന്ന പാറകൾ... കാൽ തെന്നി വീണാൽ താഴേയ്ക്ക് ഉരുണ്ടു പോയേക്കാം വളരെ സൂക്ഷിച്ചു വേണം നടക്കാൻ. സഞ്ചാരി കളുടെ പ്രിയപ്പെട്ട സ്ഥലമായ വ്യൂ പോയിൻ്റിലേയ്ക്ക് ഞങ്ങളും കയറി. ആഞ്ഞടിക്കുന്ന തണുത്ത കാറ്റ്... കയ്യിൽ കരുതിയിരുന്നപ്പോളെടുത്ത് പുതച്ചു... അസ്തമയ സമയമായിട്ടില്ല.
സൂര്യൻ അകാശത്തിൽ പടിഞ്ഞാറെ ചെരുവിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു .. ആകാശഗംഗയിൽ നീന്തി കുളിക്കുന്ന കരിമാടി കുട്ടന്മാരെ കണ്ടപ്പോൾ ഇവർ അസ്തമയ കാഴ്ചയെ മറച്ചു കളയുമോയെന്ന ആശങ്ക ദൃശ്യവിരുന്നിനെത്തിയവരിൽ ചെറിയ ആശങ്കയുണത്തി...
പാറയിലേയ്ക്ക് ആളുകൾ എത്തി കൊണ്ടേയിരുന്നു. തലയിൽ തട്ടമിട്ട സ്ത്രീകളാണ് ഏറേയും... പാറയുടേയും താഴ് വരയുടേയും അതിർത്തികൾ ഗ്രില്ലിട്ട് സംരക്ഷിച്ചിട്ടുണ്ട്. അവിടെ നിന്ന് താഴേയ്ക്ക് നോക്കുമ്പോഴാൾ മനം കവരുന്ന കാഴ്ചയാണ് അനുഭവിക്കാനാവുക! കർണ്ണാടകയിലെ പല ഗ്രാമങ്ങളും അങ്ങ് ദൂരെ പൊട്ടുപോലെ കാണാനാവുന്നുണ്ട്... നമ്മൾ കയറിപ്പോന്ന വഴികൾ... എല്ലാം അവ്യക്തമായേ കാണാനാവൂ കോട നിറയാൻ തുടങ്ങിയിരിക്കുന്നു..... കാറ്റും തണുപ്പും ഏറിവരികയാണ്. ടിപ്പു സുൽത്താൻ്റെ വേനൽക്കാല സുഖവാസ കേന്ദ്രമായിരുന്നത്രെ ഇവിടം. അക്കാലത്തെ നിർമ്മിതികളുടെ ശേഷിപ്പുകൾ ഇന്നുമുണ്ടിവിടെ: കുറ്റവാളികളെ താഴേയ്ക്കെറിഞ്ഞു കൊന്നിരുന്ന സ്ഥലം ഭയാനകം! അവിടം കമ്പിവേലിയിട്ട് സുരക്ഷിതമാക്കിയിട്ടുണ്ട്..
അതാ... പടിഞ്ഞാറെ ചക്രവാളമാകെ ചുവന്നു തുടുക്കാൻ തുടങ്ങി. എല്ലാവരും മാനത്തേയ്ക്ക് കണ്ണും നട്ട് നിൽപ്പാണ്. അങ്ങകലെ ആകാശത്തെ ചുംബിച്ചു നിൽക്കുന്ന മലനിരകൾ ... ഭാഗ്യമെന്നു പറയട്ടെ, കറുത്ത മേഘങ്ങൾ എങ്ങോ പോയി മറഞ്ഞിരിക്കുന്നു!
മലകൾക്കിടയിലേയ്ക്ക് മെല്ലെ നീങ്ങികൊണ്ടിരിക്കുന്ന സൂര്യൻ്റെ സഞ്ചാര വീഥിയിലും കുന്നുകളിലും മഞ്ഞ ചുവപ്പ് പട്ടു വിരിച്ചിട്ടുണ്ട്. എന്തൊരു മനോഹാരിത! തൻ്റെ അസ്തമയക്കാഴ്ച ഒരു നോക്കു കാണുവാൻ എത്തിയവരുടെ മനം കുളിർപ്പിച്ചു കൊണ്ട് അതാ ചുവന്നു തുടുത്ത സൂര്യബിംബം 'മലനിരകൾക്കിടയിലേയ്ക്ക് മെല്ലെ താഴ്ന്നിറങ്ങി... അതോടെ കുന്നകളുടെ കാഴ്ച്ചയും അപ്രത്യക്ഷമാകുന്നു. പ്രപഞ്ചവും പ്രകൃതിയും എന്തെന്തു കാഴ്ചകളാണ് മനുഷ്യർക്കായി ഒരുക്കി വെച്ചിരി ക്കുന്നത്!
എല്ലാവരും ഫോട്ടോഗ്രാഫർമാരാവുന്നു ഈ സമയം! പ്രകൃതിയൊരുക്കുന്ന വിസ്മയം ആവോളം നുകരാൻ മറന്നു പോകുന്നു...!!
അസ്തമയം കഴിഞ്ഞാലും അവിടം വിട്ടുപോരാൻ തോന്നില്ല. താഴേയ്ക്ക് നോക്കുമ്പോൾ, കോടമഞ്ഞ് മററു കാഴ്ചകളെയെല്ലാം മറച്ചുകൊണ്ട് വല്ലാത്തൊരു ഫീൽ തരുന്ന താഴ് വരയായി മാറി! സുഖകരമായ ആ അന്തരീഷത്തിൽ കുറച്ചു സമയം കൂടി ചെലവഴിച്ച്, നന്ദി ക്ഷേത്രത്തിൽ പോയി തൊഴുതു. ഒറ്റക്കല്ലിൽ അസാധാരണ വലുപ്പത്തിലുള്ള യോഗ നന്ദീശ്വരനാണ് ഇവിടത്തെ പ്രതിഷ്ഠ.
ലഘുഭക്ഷണത്തിനു ശേഷം ചുരമിറങ്ങാൻ തുടങ്ങി... ധാരാളം വണ്ടികൾ താഴേക്കിറങ്ങാനുണ്ട്...
രാവുറങ്ങുമ്പോൾ ഉണരുന്ന അമ്പിളിച്ചന്തം ആസ്വാദിച്ചു കൊണ്ട് താഴേയ്ക്കുള്ള യാത്ര... എതിരെ വരുന്ന വണ്ടികളൊന്നുമില്ലെന്നു പറയാം. ബെംഗളൂരു സിറ്റിയിലേയ്ക്കെത്തിയാൽ നല്ല ട്രാഫിക്ക് ഉണ്ടാവും...
രാത്രിയിലും ഉറങ്ങാത്ത തിരക്കേറിയ ജീവിതങ്ങൾ... ബെംഗളുരു ഇൻ്റർനേഷണൽ എയർപോർട്ടും പിന്നിട്ടുള്ള യാത്ര... വൈകിട്ട് എട്ട് മണിയ്ക്ക് ശ്രീ. കാവാലം അനിലിനെ ഓൺലൈൻ വഴി ഇൻ്റർവ്യു ചെയ്യേണ്ടതുണ്ടായിരുന്നു എനിയ്ക്ക്. ഫോറസ്റ്റ് ഏരിയ കഴിഞ്ഞതിനാൽ റേയ്ഞ്ചിൻ്റെ പ്രശ്നമുണ്ടാകില്ലെന്നത് ആശ്വാസമായി. 'ഡിക്കാത് ലൊൺ' എന്ന പേരുള്ള ഫ്രഞ്ച് ഷോപ്പിൻ്റെ മുൻപിൽ കാറ് നിറുത്തി. അതിൻ്റെ വിശാലമായ ഷോറുമിൽ കയറി രാജേട്ടനും കുട്ടികളും എന്തൊക്കെയോ വാങ്ങാനുള്ള ഒരുക്കമാണ്. കുറച്ചു സമയമേ സെലക്ഷന് വേണ്ടി അവരെയെനിക്ക് സഹായിക്കാനൊയുള്ളു... എട്ടുമണിയാകുന്നു... റൂമിലിടാനുള്ള രണ്ടു ചെരുപ്പുകൾ മാത്രം എടുത്തു കൊണ്ട് ഞാൻ തിരക്കൊഴിഞ്ഞ ഒരിടത്ത് നല്ലൊരു സീറ്റ് കണ്ടു പിടിച്ച്, ശ്രീ. കാവലം അനിലുമായുള്ള ഇൻ്റർവ്യു കൃത്യം എട്ടു മണിക്ക് ആരംഭിച്ചു... എട്ടേമുക്കാൽ ആയപ്പോൾ, പർച്ചേയ്സ് ചെയ്ത് ബില്ലിട്ടു കഴിഞ്ഞ സാധനങ്ങൾ നിറച്ച ട്രോളിയുമായി എന്നെ വിളിക്കാനവരെത്തി, 'വരൂ ബാക്കി കാറിലിരുന്നു കൊണ്ടാകാം എന്ന നിർദ്ദേശവും...
കൃത്യം ഒൻപതു മണിക്ക് ഇൻ്റർവ്യു കഴിഞ്ഞ് വീണ്ടും പുറത്തെ രാത്രിക്കാഴ്ചകളിലേയ്ക്ക്... രാത്രിയിലെ നഗര സൗന്ദര്യം ഇവിടെ ആസ്വാദ്യകരമാണ്.
ഒൻപതര കഴിഞ്ഞപ്പോൾ നല്ലൊരു ഹോട്ടലിൽ കയറി പലതരം വിഭവങ്ങൾ വാങ്ങി എല്ലാവരും പങ്കിട്ടു കഴിച്ചു. നല്ല ഭക്ഷണം എല്ലാവരും സംതൃപ്തരായി യാത്ര തുടർന്നു. രാത്രിയിലും ചൂടുള്ള ഭക്ഷണവുമായി കാത്തിരിക്കുന്ന ദാബകൾ വഴിയോരക്കാഴ്ചകളിൽ ശ്രദ്ധേയമാകുന്നു.. രാത്രി പത്തു മണി കഴിഞ്ഞിട്ടും ഭക്ഷണം തേടിയെത്തുന്നവർക്കായി തുറന്നിരിക്കുന്ന ഹോട്ടലുകൾ... പകലിൻ്റെ ബഹളങ്ങൾ കഴിഞ്ഞിട്ടും രാത്രി ഏറെ വൈകിയും ഉറങ്ങാത്ത നാട്... പകൽ പൂട്ടിട്ടതിനെയെല്ലാം രാത്രിയിൽ പുറത്തെടുക്കുന്ന നഗരക്കാഴ്ചകൾ...
സുഖകരമായി ഫ്ലാറ്റിൽ എത്തിച്ചേർന്നു...
(തുടരും)



തുടർന്നും എഴുതുക
ReplyDeleteകുറ്റവാളികളെ താഴോട്ടെറിഞ്ഞ് കൊന്നിരുന്ന സ്ഥലം
ReplyDeleteകഷ്ടം അല്ലേ
വിവരണങ്ങൾ സുന്ദരമായിത്തന്നെ മുന്നേറുന്നു