Tuesday, December 26, 2017

കാവാലം അനിൽ - ക്രിസ്തുമസ് ഓർമ്മ


കൊച്ചിയിൽ നിന്നും  പാലക്കാട്ടേയ്ക്കുള്ള   ബസ്സിൽ   യാത്ര പുറപ്പെടും മുമ്പേ  സീറ്റുകൾ നിറഞ്ഞിരുന്നു.   വൈകിയെത്തിയവർ   സീറ്റുകിട്ടിയില്ലെങ്കിലും   രാത്രി വളരെ വൈകുംമുമ്പ്   ലക്ഷ്യസ്ഥാനത്തെത്താമല്ലോ  എന്ന  ആശ്വാസത്തിൽ   ബസ്സിന്റെ ചിണുക്കങ്ങൾക്ക് ശരീരം വിട്ടുകൊടുത്ത്   പുറംകാഴ്ചകളിൽ  കണ്ണുനട്ടു.  ക്രിസ്മസ്സിന്റെ   തലേദിവസമായതിനാൽ    റോഡിൽ  വാഹനത്തിരക്ക്.   കവലകൾതോറും ആൾത്തിരക്ക്  വേണ്ടത്ര.....

പുതിയ പുസ്തകത്തിന്റെ  പ്രകാശനച്ചടങ്ങിൽ പങ്കെടുക്കുവാനുള്ള  യാത്രയാണ്, എന്റേത്.  പത്തു പുസ്തകങ്ങളും  ഒരു നേരം മാറാനുള്ള  വസ്ത്രങ്ങളും  മറ്റും  ബാഗിൽ കരുതിയിട്ടുണ്ട്. രണ്ടു പേർക്കിരിക്കാവുന്ന  സീറ്റിൽ,  എന്റെയിരട്ടി  ഭാരമുള്ള   ഒരു വൃദ്ധന്റെ ശരീരമർദ്ദനം  അസഹ്യമായി  തോന്നുന്നുണ്ട്.   ആലുവ കഴിഞ്ഞു,  അങ്കമാലി  സ്റ്റാൻറിൽ വണ്ടി കയറി.  ആലുവായിൽ  നിന്നും  കുറച്ചു പേർ കൂടി കയറിയതോടെ   ബസ്സിൽ വായുസഞ്ചാരം കുറഞ്ഞു.  അങ്കമാലിയിൽ  വലിയൊരാൾക്കൂട്ടം  ബസ്സിനെ പൊതിഞ്ഞു.  താഴെനിന്ന്  ഒരു ബാഗ്   സൈഡ് സീറ്റിലിരുന്ന  എന്റെ നേർക്കുയർന്നു.  കൂടെ ഒരു യാചന ,"ചേട്ടാ, ഈ ബാഗൊന്ന്  പിടി ക്കോ ... ഞാൻ  കയറുവാണേ "
ഒരു കൗമാരപ്രായക്കാരിയാണ് .
ബാഗെടുത്ത്  പിടിച്ചു.  തിക്കിത്തിരക്കി  അവൾ ഒരുവിധം  കയറിവന്നു.    ഞാൻ നോക്കി,   കരുവാളിച്ച  മുഖം , വെയിൽ കൊണ്ടതാവാം,   വെളുത്തു മെലിഞ്ഞ   ആ കുട്ടി   പാലക്കാട്ടേയ്ക്ക്  ആണെന്ന് പറഞ്ഞു.  അവളുടെ ബാഗ്  എന്റെ ബാഗിന്റെ മുകളിൽ ചേർത്തുവച്ചു ഞാനിരുന്നു. മുകളിലെ കമ്പിയിൽ തൂങ്ങി  തെല്ലു പരിഭ്രമത്തോടെ  അവളും....

ഇടയ്ക്ക്  ഞാനവളോട്  പേരു ചോദിച്ചു.  വീണ എന്നു പറഞ്ഞു - വീണാ മത്തായി.  അച്ഛന്റെ പേരായിരിക്കുമതെന്ന്  ഞാനൂഹിച്ചു.   അങ്കമാലിയിൽ  ഒരു  ടെക്സ്റ്റയിലിൽ  സെയിൽസ് ഗേളായി  ഒരു വർഷമായി  ജോലി ചെയ്യുകയാണെന്നവൾ  പറഞ്ഞു.  ഏജൻസി  മുഖേന വന്നതാണ്.  ജോലി കിട്ടിയ ശേഷം  ആദ്യമായി  ക്രിസ്മസിന്  വീട്ടിൽ പേകുകയാണ്.

ഞങ്ങൾ പരസ്പരം  പരിചയപ്പെട്ടു.  എന്റെ യാത്രാ  ഉദ്ദേശം  സൂചിപ്പിച്ചപ്പോൾ  വീണ പറഞ്ഞു,
"മണ്ണാർക്കാട്ടല്ലേ പരിപാടി, എന്റെ നാടാ അത്. പൂരം നടക്കുന്ന  അമ്പലമില്യേ,  അതിന്നടുത്താ.... "

ഞാനാശ്വസിച്ചു.   അവൾ  ആ പ്രദേശത്തിന്റെ പ്രത്യേകതകൾ  പറഞ്ഞുതന്നു.  മണ്ണ്,  ആറ്, കാട്  എന്നിവ  ചേർന്നതിനാണത്രേ  മണ്ണാർക്കാട്  എന്നു പേരു വന്നത്.   ബസ്സിലെ ബഹളങ്ങൾക്കിടയിലും  അവൾ നിർത്താതെ  സംസാരിച്ചുകൊണ്ടിരുന്നു.  ഈ  പ്രായത്തിൽ  ഇത്രയും  പാകത വരണമെങ്കിൽ  കഷ്ടജീവിത പശ്ചാത്തലം  ഇവൾക്കുണ്ടായിരിക്കണം .ഞാൻ വെറുതെ  ചിന്തിച്ചു.    ബസ്സ് തൃശൂർ കഴിഞ്ഞ് പാലക്കാട്  ലക്ഷ്യമാക്കി  പ്രയാണം  തുടർന്നുകൊണ്ടിരുന്നു....

ഇരുൾ  വീണു.  ഡിസംബർ തണുപ്പ്  മെല്ലെ  ബസ്സിലെ  ഉഷ്ണസഞ്ചാരത്തെ ശാന്തമാക്കാൻ തുടങ്ങി.  അതിനിടയിൽ  തൃശൂരിൽ എവിടെയോ വച്ച്  തടിയൻ  ഇറങ്ങിപ്പോയിരുന്നു.  ഒട്ടും കൂസാതെ  വീണ  എന്നോട്  ചേർന്നിരുന്നു.   അവളുടെ മുടിയിഴകൾ  പകുതി തുറന്നുവച്ച  ബസ് ഷെൽറ്ററിലൂടെ  വീശുന്ന കാറ്റിൽ  എന്റെ നെഞ്ചിനെ  തഴുകുവാൻ തുടങ്ങി.  മെല്ലെമെല്ലെ അവളൊരു മയക്കത്തിലേക്ക് വഴുതിവീണു.  നിഷ്കളങ്കതയാർന്ന   അവളുടെ  മുഖത്ത്  ഒരു പുഞ്ചിരി കളിയാടുന്നത്  ഒരുവേള  നോക്കിയപ്പോൾ ഞാൻ കണ്ടുപിടിച്ചു.   ചെറുപ്പത്തിലേ  പെറ്റമ്മ  മരിച്ചു പോയ ,  രണ്ടു കുട്ടികളെ  വളർത്തി വലുതാക്കിയ  അപ്പന്റെ, അനുജന്റെ  അടുത്തേക്ക്   വീണ്ടുമെത്തുന്നതിലുള്ള  സന്തോഷമായിരിക്കാം അവളുടെ....  ഉറങ്ങട്ടെ, അവൾ ശാന്തമായി ....

പാലക്കാട്ടെത്തി. നേരം  എട്ടുമണി കഴിഞ്ഞു.  മണ്ണാർക്കാട്ടേയ്ക്കുള്ള   അടുത്ത  ബസ്സ് പിടിക്കണം. മുന്നേ ചെല്ലുമെന്ന്  അറിയിച്ചിട്ടുള്ളതിനാൽ  സൈലന്റ് വാ'ലി  പ്രോജക്റ്റ്   ഓഫീസിനടുത്ത്   ലൈഫ് വാർഡനായ  നാട്ടുകാരനായ സുഹൃത്ത്  കാത്തു നിൽക്കും.

"ഞാൻ  പോയി  ബസ്സ്  ഉണ്ടോ എന്നു നോക്കിയിട്ടു വരാം, ചേട്ടൻ  ഇവിടെ നില്ല് " . വീണ  ബസ്സ് തിരഞ്ഞു പോയി.  കുറച്ച് കഴിഞ്ഞ് അവൾ വന്നു പറഞ്ഞു, "കുറച്ചു മുമ്പേ  ഒരു ബസ്സ് പോയേ ഉള്ളൂ, ഇനി  9 നേ വണ്ടിയുള്ളൂ."

"ശരി,നമുക്കെന്തെങ്കിലും കഴിക്കാം,  അപ്പോഴേക്കും  ബസ്സിനുള്ള സമയമാകുമല്ലോ" . ഞാൻ പറഞ്ഞു.

കാൻറീനിൽ തിരക്കില്ല. ദോശ കഴിക്കുന്നതിന്നിടയിൽ  അവൾ  കുറ്റബോധത്തോടെ ഓർമ്മിച്ചു.  ഇന്നൊന്നും  കഴിക്കാൻ തരം കിട്ടിയില്ല.  കുറച്ചു സാധനങ്ങൾ വാങ്ങി.  കടയിൽ നിന്ന്  ഒരുവിധത്തിലാണ്  ലീവ്  കിട്ടിയത്.  കടയ്ക്ക്  അവധിയില്ലല്ലോ.  മിക്കവർക്കും നാട്ടിൽ പോകുകയും വേണം...

ഞാൻ  അവളുടെ   പ്രശ്നങ്ങളിലേക്ക്   മനസ്സു പായിച്ചു.  ഇതുപോലെ  എത്രയോ  ജീവിതങ്ങൾ ഉണ്ടാവും....!

ബസ്സ് വന്നു.  അധികം  യാത്രക്കാരില്ല.  ബസ്സിനുള്ളിൽ  വച്ച്  അപ്പനോടവൾ  എന്നെക്കുറിച്ച്  പറയുന്നത്  കേട്ടു.  അപ്പൻ  അവളെ കാത്ത്  സ്റ്റോപ്പിൽ  നില്പ്പുണ്ടെന്ന്  സംസാരത്തിൽ നിന്നും  വ്യക്തമായി.

ഫോൺ   വച്ചശേഷം  അവളെന്റെ നേരെ തിരിഞ്ഞ് ചോദിച്ചു,
"ചേട്ടന്  ഇന്നു  കൂട്ടുകാരന്റെ അടുക്കൽ പോകണോ? നാളെ ക്രിസ്മസ്സല്ലേ,  അപ്പൻ പറഞ്ഞു ഞങ്ങളുടെ  വീട്ടിൽ കൂടാമെന്ന്.  വലിയ സന്തോഷാകും  ഞങ്ങൾക്കത് ...."
അവൾ  പ്രതീക്ഷയോടെ  എന്നെ നോക്കി.  ഞാനാകെ  ആശയക്കുഴപ്പത്തിലായി. സുഹൃത്തിനോട് ഉറപ്പ് പറഞ്ഞതാണ്,  അയാളെ വീണ്ടും കാണേണ്ടതാണ്.  മാത്രമല്ല, അട്ടപ്പാടിയിലെ  ഗോത്രവർഗ്ഗ വിഭാഗങ്ങളെ പരിചയമെടുത്താമെന്നും മലീശ്വരൻമുടിയിൽ കൊണ്ടുപോകാമെന്നും  അയാൾ  ഏറ്റിട്ടുള്ളതുമാണ്.
പക്ഷേ, നാളെ  ലോകം  ആഘോഷിക്കുന്ന  ക്രിസ്മസ്സാണ്, ഉണ്ണിയേശുവിന്റെ  തിരുപ്പിറവി.  ഒരു സാധാരണ കുടുംബത്തിന്റെ  അതിഥിയായി,   അല്ലാ, അവരിലൊരാളായി  ആഹ്ളാദമായി കഴിയണോ - ഒടുവിൽ  സുഹൃത്തിനെ  വിളിച്ച് കാര്യം പറഞ്ഞു.  പ്രതീക്ഷിച്ച  പോലെ  അവൻ  ദേഷ്യപ്പെട്ടില്ല. നാളെ  ബുക്കിന്റെ  പ്രകാശനത്തിന് കാണാം എന്നു പറഞ്ഞ് ഫോൺ വച്ചു.

അവളുടെ  അപ്പനോടൊപ്പം  നടന്നു.  ഒരു പാലക്കാട്ടുകാരന്റെ  ഹൃദയനൈർമ്മല്യമുള്ള  ഒരു കർഷകൻ.  ''നിങ്ങളൊക്കെ  ജ്ഞാനികൾ, എനിക്ക് പഠിപ്പില്ല,  ഇതാണ് എന്റെ ലോകം...."
സംസാരത്തിനിടയിൽ  മാഷേ, എന്നു വിളിച്ച്    എന്നെ  ആ മനുഷ്യൻ  ഞെട്ടിച്ചുകൊണ്ടിരുന്നു......
അവൾ  കിലുകിലെ അപ്പനോട്  അങ്കമാലി വിശേഷങ്ങൾ പറയുകയും  വീടന്വേഷണങ്ങൾ  തുടരുകയും  ചെയ്തു.  വീട്ടിലെത്തി. മുറ്റത്തെ ഉയർന്ന തെച്ചിക്കൊമ്പിൽ നക്ഷത്രം തൂക്കിയിട്ടുണ്ട്.  ഇലക്ട്രിക് ബൾബുകളും  പുൽക്കൂടിനുള്ള സാധനങ്ങളും അവളും  അനുജനും  പുറത്തെടുത്തു സെറ്റു ചെയ്യുന്ന നേരം കൊണ്ട് ഞാൻ ഓലിയിൽ പോയി കുളിച്ചുവന്നു. ടേപ്പ്റിക്കാർഡറിൽ ഉണ്ണിയേശുവിനെ  സ്വാഗതം ചെയ്യുന്ന  പാട്ടുകൾ മുഴങ്ങി.  ഞങ്ങളെല്ലാവരും  ഒരുമിച്ചിരുന്ന് അത്താഴം കഴിച്ചു.  ഗായകസംഘങ്ങൾ ശബ്ദഘോഷത്തോടെ  വന്നും പോയ്ക്കൊണ്ടുമിരുന്നു....
അടുത്തുള്ള     ഇടവകപ്പള്ളിയിൽ പാതിരാമണി മുഴങ്ങി.  "മാഷ് വര്യോ  പാതിരാ കുർബാനയ്ക്ക്....?" മത്തായിച്ചൻ ക്ഷണിച്ചു....

ആൾത്താര  വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരുന്നു.  ഗായകസംഘങ്ങൾ  മനോഹരമായി പാടി.ആദ്യം
വി.  ബൈബിൾ വായിച്ചനേരത്തെ  അനുഭവം  ഞാനോർത്തു.  തിരുപ്പിറവിയുടെ  ദിവ്യസന്ദേശം  മുഴങ്ങി..... നാഥൻ പിറന്നു .....

പിറ്റേന്ന്,  പള്ളിയിൽ നിന്നുംവന്ന ശേഷം  ആ പിതാവ് ഒരു കാര്യം പറഞ്ഞു.  വീണയ്ക്ക്  ഹൃദയവാൽവ് ചുരുങ്ങുന്ന  അസുഖമാണെന്ന്.  അതിന്റെ  കൂടുതൽ വിവരങ്ങൾ  അവളെ അറിയിച്ചിട്ടില്ലെന്ന്.
"എനിക്കെന്റ മോടെ  ചിരി  കാണണം, മാഷേ, ഞാൻ ജീവിക്കുന്നതു തന്നെ  ഈ കൊച്ചുങ്ങൾക്കു വേണ്ടിയാ... അതിങ്ങളില്ലെങ്കിൽ പിന്നെ  ഞാനെന്തിനാ ...."
അയാൾ പെരുമുള ചീന്തുന്നതു പോൽ കരഞ്ഞു ....

ഞാൻ  നിശ്ചലനായിപ്പോയി.  എന്താ  ആ പിതാവിനോട് പറയുക. കുറച്ചു മുമ്പുവരെ  എന്നോട് തമാശ പറഞ്ഞു ചിരിച്ചുകൊണ്ടോടിപ്പോയ,  പ്രോഗ്രാമിന്  കൂടെവരുമെന്ന്  പറഞ്ഞ ആ പെൺകുട്ടിക്ക് ഇത്തരത്തിൽ ഒരസുഖമുണ്ടെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല.  മെഡിക്കൽരേഖകൾ  അവളുടെ മരണം  നിർണ്ണയിച്ചു കഴിഞ്ഞിരിക്കുന്നു. വലിയ തുകയ്ക്ക് കൃത്രിമവാൽവ് മാറ്റിവച്ചാലും  അതുകൊണ്ട്  പ്രയോജനമുണ്ടാകുമെന്ന്  മെഡിക്കൽ സംഘത്തിന് ഉറപ്പുമില്ല.  ഒന്നുമറിയാതെ, ദാ, പൊട്ടിച്ചിരിച്ച്  അവളും അനുജനും  കയറിവന്നതു കണ്ടപ്പോൾ  മത്തായിച്ചൻ പണിപ്പെട്ടു കരച്ചിലടക്കി ....

പ്രകാശനകർമ്മം കഴിഞ്ഞു.  വേദിയിൽ സിവിക് ചന്ദ്രൻ മാഷും  ടി.ഡി രാമകൃഷ്ണൻ മാഷും  സൗഹൃദത്തിൽ കണ്ണികളായി.   സുഹൃത്ത്  ചടങ്ങിനെത്തിയിരുന്നു.  അട്ടപ്പാടി യാത്രയും  മല്ലീശ്വരൻമുടി സന്ദർശനവും  മറ്റൊരു അവസരത്തിലേക്ക്  മാറ്റിവച്ച്   മണ്ണാർക്കാട്  കടന്നു.  അതെ, അക്ഷരാർത്ഥത്തിൽ  അതൊരു             വല്ലാത്ത നീറ്റലായി  ഉള്ളിൽ നിറഞ്ഞു.  ബസ്സ്  കയറുമ്പോൾ  മുമ്പ്  എന്നെ  ഒരു പരിചയവുമില്ലാതിരുന്ന  ആ  അപ്പനും  മക്കളും  നിറമിഴികളോടെ  യാത്രാമംഗളം നേർന്നു ...

ഫോണിൽ  സംസാരിക്കുമ്പോൾ   വീണ മെല്ലെ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയെന്ന്  ഞാനറിഞ്ഞു.  അവൾ കരഞ്ഞില്ല, അപ്പോഴും ജീവിതത്തെ നോക്കി  ചിരിച്ചു....

പിന്നെ, ഒരിക്കൽ കൂടി ഞാനാ വീട്ടിൽ പോയി. മൂന്നുവർഷങ്ങൾക്കു  മുമ്പ്. അതൊരു  ക്രിസ്മസ്ദിനമായിരുന്നു .....

അന്നവൾ നിശ്ചലയായി   ഉമ്മറത്തിണ്ണയിൽ ശയിക്കുന്നുണ്ടായിരുന്നു.  കരഞ്ഞു കലങ്ങിയ മിഴികളുമായി  ആ പിതാവ്  അവളെ കിടത്തിയ കട്ടിലിൽ മുഖം ചേർത്തിരിപ്പുണ്ടായിരുന്നു.

ഞാനിപ്പോഴുമോർക്കാറുണ്ട്,  ക്രിസ്മസ്സ് രാവിൽ എന്നെനോക്കി  ദൂരെ തെളിഞ്ഞുനിൽക്കുന്ന  ആ നക്ഷത്രം  നീയാണോ എന്ന് .......

Tuesday, December 19, 2017

കഥ..                  - ശ്രീദേവി

ആകാശം നഷ്ടപെടുന്നവർ

----------------



 ആകാശംനോക്കി പുഴക്കരയിലെ മണലിൽ മലർന്നു കിടക്കവേ എനിക്കുമുന്നിൽ (പതീക്ഷകൾ ഇല്ലായിരുന്നു. നഷ്ടങ്ങളുടെ പട്ടികയിൽ അവസാന ആണിയും തറച്ച് ഇന്നലെ അമ്മയും പടിയിറങ്ങി.
 മരണം തികച്ചും ഒരു (പഹേളിക യാണെന്ന് ഞാനറിഞ്ഞത് അപ്പോഴാണ്...

എൻറ 10 വയസ്സിലായിരുന്നു അച്ഛനും അനിയത്തിയും ഒരു റോഡപകടത്തിൽ മരിക്കുന്നത്.അതിനുശേഷം എനിക്കായി മാ(തം ജീവിച്ച അമ്മ..

 ഇന്നലെ എൻറ ജന്മദിനമായിരുന്നു.എനിക്കായി സദ്യയൊരുക്കി എന്നെ വയറുനിറച്ചൂട്ടി തൊടിയിലേക്കിറങ്ങിയതാണമ്മ... അവിടെ അമ്മയെ കാത്തിരുന്ന മരണത്തിൻറ ഗന്ധമുളള സർപ്പത്തിനറിയില്ലായിരുന്നു..,അമ്മയല്ലാതെ എനിക്കാരുമില്ലെന്ന്..

 സൂര്യനിപ്പോൾ അസ്തമയത്തിൻറ തിരക്കിലാണ്..കിളികൾ കൂടണയാനുളള തിരക്കിലും.
 എനിക്കുമാ(തം ഒരു തിരക്കുമില്ല...അനാഥനാണെന്ന തിരിച്ചറിവിൻറ വേദനയിൽ നിറയുന്ന എൻറ കണ്ണുനീർ തുളളികൾ മണ്ണിൽ വീണലിയുകയാണ്.

മരണം ഒരു (പതീക്ഷ യാണെൻകിൽ...
(പിയപ്പെട്ടവരെ എന്നിൽ നിന്നടർത്തിയ മരണമേ...ഈ മണൽപരപ്പിൽ ഞാൻ നിന്നെയും കാത്തിരിക്കയാണ്...
    

Saturday, September 30, 2017

കഥ - യമുന ദിലീപ്


മകളുടെ കുട്ടിയെ കൊണ്ട് അയാളെ "അച്ഛൻ എന്നു വിളിപ്പിക്കണോ, മുത്തച്ഛൻ എന്നു വിളിപ്പിക്കണോ "എന്ന സംശയമായി അമ്മയ്ക്ക്.

Thursday, September 21, 2017

കവിത - സന്ധ്യ ദേവദാസ്


നീരുറവ വറ്റി
ശ്വാസം നിലച്ച പുഴ
പ്രാണസങ്കടത്താൽ
ചോദ്യചിഹ്നമായി
തുറിച്ചു നോക്കുന്നു.
കുടിനീരിനു വേണ്ടി
വറ്റിവരണ്ട പുഴയുടെ
ഹൃത്തടം പിളർക്കുന്ന
മനുഷ്യാ...
തെളിനീരിനു വേണ്ടി
പുഴ കേഴുകയാണ്
ദാഹിക്കുന്ന.. മോഹിക്കുന്ന
മനസ്സുമായ്...
സ്വപ്നം കാണുകയാണ് !!
ഒരു വെൺതിര പോലെ
മേഘപുഷ്പമഴയായ്
മധുമൊഴിയായ്
കുളിരു കൊണ്ട് കുണുങ്ങി
ഇരുകരകളെയും
ചുംബിച്ചു കൊണ്ട്
കാലവർഷത്തിൽ
പുളകിതയായി.....
സൂര്യനോട്... തന്റെ
സങ്കടവും, പ്രണയവും
പറഞ്ഞ് ,നിറഞ്ഞ്
കരകവിഞ്ഞൊഴുകാൻ
സ്വപ്നം കാണുകയാണ് !!
നിശബ്ദതയുടെ നടുവിൽ
കുമിഞ്ഞുകൂടുന്നുവോ?
മരണത്തിന്റെ മലീമസമായ
സങ്കടമിന്നെനിക്ക്?
പുനർചിന്തയില്ലാത്ത
മനുഷ്യാ....... സത്യം
അതൊഴുകിയെത്തും
നീയറിയാതെ നിൻ
കരങ്ങളിലേക്കു തന്നെ.
നീ ചെയ്ത പാപത്തിൻ
ദുരന്തഫലമെന്റെ
കറുത്ത സങ്കടമായ്,
നിന്റെ ശ്വാസത്തിലൂടെ
കുടിനീരിലൂടെ......
നിന്നിലേക്കു തന്നെ
നെറ്റി ചുളിക്കാതെ നീ
നെല്ലിട ചിന്തിക്കൂ.....
നീരുറവ വറ്റിയയെന്റെ
സങ്കടത്തെ കുറിച്ച്..

Monday, September 18, 2017

കവിത - സന്ധ്യ എ.കെ.



കനവായ് കണ്ടതെല്ലാം
കനലിൽ കരിഞ്ഞല്ലോ,
കരിവണ്ടാം കണ്ണിണകൾ
കണ്ണീരിൽ കുതിർന്നല്ലോ,
കസവിൽ കൊരുത്തതെല്ലാം
കരളിൽ കുരുങ്ങിയല്ലോ,
കനകത്തിൻ കൊലുസിലെല്ലാം
കദനത്തിൻ കറയായല്ലോ,
കനിയായ് കണ്ടതെല്ലാം
കാഴ്ചക്കാർ കവർന്നല്ലോ,
കാറ്റിൻ കാടത്തമെല്ലാം
കാനനം കലക്കിയല്ലോ,
കാതരയായ് കഥിച്ചതെല്ലാം
കാനോലായ് കരുതിയല്ലോ,
കയ്പേറും കാമനയിലെല്ലാം
കർപ്പൂരം കത്തിയല്ലോ,
കാമ്പേറും കാഴ്ചകളെല്ലാം
കണ്ണിലെ കരടായല്ലോ,
കുയിലിൻ കൂജനമെല്ലാം
കാക്കതൻ കനിവാണല്ലോ,
കണ്മണി തൻ കുറുമ്പെല്ലാം
കിളിക്കൊഞ്ചലായല്ലോ,
കാരിരുമ്പിൻ കടുപ്പമെല്ലാം
കാറ്റിലെ കരിയിലയല്ലോ,
കൗമാര കാ ഹ ള മെ'ല്ലാം
കാഞ്ഞിരത്തിൻ കയ്പാണല്ലോ,
കർമ്മത്തിൻ കണക്കെല്ലാം
കരിങ്കല്ലിൽ കൊത്തിയല്ലോ,
കടപ്പാടിൻ കഥയെല്ലാം
കാണാക്കിനാവായല്ലോ,
കാലത്തിൻ കയ്യൊപ്പെല്ലാം
കൈരേഖ കനപ്പിച്ചല്ലോ,
കളിയല്ലാ കല്യാണമെല്ലാം -
കാരണവർ കലമ്പിച്ചല്ലോ,
കതിരോന്റെ കനിവെല്ലാം
കടലിൽ കലങ്ങിയല്ലോ,
കഥയില്ലാ കാര്യമെല്ലാം
കണക്കിലും കവിഞ്ഞല്ലോ!!!

ശ്രാദ്ധം - കവിത - അജിത രാജൻ


ചീന്തിലയിൽ
അരിയും, എള്ളും, പൂവുമായ്
ബലിപിണ്ഡമർപ്പിക്കുമ്പോൾ
പഞ്ചാക്ഷരി ,
ത്രിമൂർത്തീനാമജപങ്ങളാലെ
മൺമറഞ്ഞ പ്രിയപ്പെട്ട ആത്മാ വിന്
ബലിതർപ്പണം.
മനസ്സിൽ
വിശ്വാസത്തിന്റെ മണൽപരപ്പിൽ
മറ്റൊരു ചീന്തില യിൽ
സ്നേഹാനുഭവങ്ങളുടെ
ഊഷ്മള ഓർമ്മയിൽ
ഹൃദയം കൊണ്ടുള്ള ആദരവിൽ
ബലിപിണ്ഡമർപ്പിച്ച് പ്രണമിക്കുന്നു.
അച്ഛട്ടായും ആണ്ടിലൊരിക്കലല്ലല്ലോ
ഞാനോർമ്മിക്കുന്നത്.
പോയകാലത്തിന്റെ തെളിനീർ ചാലിലൂടെ
ആസാമീപ്യം,
നിശബ്ദയിലെ മൗനം പോലെ
എനിക്കു സുതാര്യമായിരുന്നു.
എന്നിലൂടെ ഊളിയിട്ട്
കണ്ടെടുക്കുന്ന കനൽപൊട്ടുകൾ
തല്ലിക്കെടുത്തി,
നെറുകയിൽ തലോടി
കണ്ണുകളിലുമ്മ വെച്ചെന്നെ
ആശ്വസിപ്പിക്കാനായിരുന്നെങ്കിൽ
കാത്തിരിക്കുന്ന
എന്റെ ബലിക്കാക്കയ്ക്ക് .

Sunday, September 10, 2017

കവിത - ജ്യോതിരാജ് തെക്കൂട്ട്


ഉള്ളുലച്ചു  മുഴങ്ങുന്നുവോ
മരണഗന്ധം നിറച്ചെത്തും
പകലുകളുടെ പൊള്ളലുകൾ
വക്കുടഞ്ഞ ചില്ലുകൾ.

പുകയുന്നുവോ അഷ്ടഗന്ധം,
വിങ്ങലോളങ്ങൾ പേറും
ഒാ൪മ്മപ്പുകപുരണ്ട ഹൃദയാക്ഷരങ്ങൾ
പൂ൪വ്വപ്രണയത്തിന്റെ നിത്യാക്ഷരങ്ങൾ.

ബാക്കിയാകുന്നുവോ,
വായ്ക്കരിയും ബലികാക്കയും
തീവ്രനിസ്വനത്തി൯ ചുടുകണ്ണുനീരും
നിലവിളികൾ  ഒളിപ്പിച്ച ചിഹ്നങ്ങളും.

നി൯ ചിതക്കരികെ ,
നിലറാന്തലി൯ വിളറും വെളിച്ചത്തിൽ
അജ്ഞാതമായൊരു കാറ്റിന്റെ മ൪മ്മരം
ഒരു മരണസങ്കീ൪ത്തനം..

കയ്ച്ചിട്ടു മധുരിച്ചിട്ട് - കവിത - ശ്രീകൃഷ്ണദാസ് മാത്തൂർ


കാക്കകിലുങ്ങും വേപ്പുമരം
കയ്ച്ചിട്ടിറക്കാനാവാതൊരു പാട്ട്
മധുരിച്ചു തുപ്പാതെയുമിരിക്കുന്നു.

എതിരിടാനാവില്ല നിന്നെ
മഴയ്ക്കു മലർന്നു കൊടുത്ത്
ഞാനുമിടിവെട്ടി നടുങ്ങി
മുരിങ്ങ പോൽ വിറയുന്നു.

'പൊയ്'ചാലിലിറങ്ങിപ്പോയ
കടലാസുവള്ളം രണ്ടുമൂന്നാവർത്തി
നങ്കൂരമിടാനാവതു കിണഞ്ഞ്
ഓവിലേയ്ക്കു മറിയുന്നു.
അതിൽ നിന്നൊരക്ഷരമടർന്ന്
തോർച്ചയോടടുക്കുന്നേരം
ഞാനാം ഇണ്ടൽപുരയിൽ മുട്ടി
നെഞ്ചിലേയ്ക്കു നനഞ്ഞൊലിക്കുന്നു.

മേലേ പാഞ്ഞ മേഘക്കണ്ടെയ്നർ
പൊട്ടിച്ചാറും എണ്ണയാം മഴയിതിൽ
രണ്ടനത്തുമായ് വശംകെട്ട
കല്ലടുപ്പുകൾ പോലെരിയുന്നു
ഉള്ളിലൊന്നും പുറത്തൊന്നുമെന്ന
പ്രണയനീതി, പൊള്ളിയും തണുത്തും.

ആഴത്തിൽ ചാടിയെന്നാലും
മുങ്ങാതിരിക്കും സ്വപ്നത്തിന്റെ
മേലൊഴുക്കത്തെ വഴുക്കലിൽ
ഒരുപ്പോക്കു പോകുന്നു.

ആളൊഴുക്കത്തു നൂർന്ന
ഞാനാം എതിർ തിട്ടമേൽ
മഴ മുഴുവൻ വടിച്ചെടുക്കാ-
നൊരോലവാലൻ തന്നാലാവും വിധം
കൊക്കിൽ മഴക്കുഴി കുത്തുന്നു.

പ്രജ്ഞയിലഗാധ മുറിവ്
കുട ചൂടി കുനിഞ്ഞു നടക്കുന്നേരം
കയ്ച്ചിട്ടിറക്കാനാവാത്ത വിധം
നീയെന്നെ
മധുരിച്ചിട്ടു തുപ്പാതെയുമിരിക്കുന്നു.

Friday, September 8, 2017

ഭാരത പൗരൻ - കവിത - ജയേഷ് പായം


മാറുവിൻ, നിങ്ങളെൻ പാതയിൽ
നിന്നൊരായിരം കാതമകലെ
മാറിയില്ലെങ്കിൽ ഞാൻ മാറ്റും
എനിക്കതിൽ തെല്ലും ഭയപ്പെടാനില്ല
ഇല്ലെങ്കിലെന്നരയിൽ കാണുമീ കൃപാ-
ണത്തിൻ വായ്ത്തല ഞാൻ ചുരത്തും
രക്തം കുടിച്ചു ഞാൻ ദാഹമടക്കി
ഒരു രക്തരക്ഷസ്സായി മാറും
കൈകളിൽ സ്റ്റൺ ഗൺ ഉയർത്തിപ്പിടി-
ച്ചെന്റെ അമ്മയെ നിർദ്ദയം കൊന്നു
ആ മുലപ്പാലൂട്ടി വളർത്തിയ
മാറിടം തല്ലിത്തകർത്തു
എന്റെ കുതിരക്കുളമ്പടി ഒച്ചയിൽ
ഈ ചക്രവാളം നടുങ്ങും
എന്റെ ചാട്ടവാറിൻ ഗർജ്ജനം കേട്ടീ-
ദ്വിദ് മുഖം സ്തംഭിച്ചു നിൽക്കും
ഈ ലോകമെല്ലാം ഒരു ചുടലക്കള-
മാക്കി ഞാൻ മാറ്റും
ആ ചുടലക്കളത്തിലെ തീഗോളമെല്ലാം
ഞാനമ്മാനമാടിക്കളിക്കും
നെറ്റി ചുളിച്ചൊളികണ്ണിട്ട് നോക്കേണ്ട
ഞാനാണ് ഭാരത പൗരൻ
നൂറ്റാണ്ടിരുപത്തിയൊന്നിലെ
ഭാരതം കാണുന്ന പൗരൻ.

ലൈബ്രറി - കഥ - യമുന ദിലീപ്


          നേതാവിന്റെ ആധുനിക വസതിയുടെ പാലു കാച്ചലായിരുന്നു അന്ന്. ജീവിതത്തിന്റെ നാനതുറയിൽ പെട്ട വരെല്ലാം ചടങ്ങിൽ സംബന്ധിച്ചിരുന്നു.
മുൻ വശത്തെ നീളൻ വരാന്തയുടെ അരികിലായി സ്ഥാപിച്ചിട്ടുള്ള ചില്ലല മാരയിലായിരുന്നു പുസ്തകപ്രേമികളുടെ കണ്ണുകൾ. അപൂർവങ്ങളായ പുസ്തകങ്ങൾ പോലും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു

എന്തെങ്കിലും വിടുവായത്തo പറയുമെങ്കിലും അവന് നല്ല വായന ശീലമുണ്ടല്ലോ, തലമുതിർന്ന നേതാക്കൾ അടക്കം പറഞ്ഞു.
തിരക്കൊന്നൊഴിഞപ്പോൾ അണി കളിലൊരാൾ നേതാവിനോട് അതിലൊരു പുസ്തകം വായിക്കാൻ ആവശ്യപെട്ടു. നേതാവ് അവനെ അരികിൽ വിളിച്ചു സ്വരമൊന്നു താഴ്ത്തി പറഞ്ഞു. "എടാ ആ അലമാര തുറക്കാൻ പറ്റാത്ത വിധമാ, ഞാൻ പണി കഴിപ്പിച്ചത്. "കിടക്കട്ടെ, കുറച്ചു വിവരം അലമാരയിലും. 😀നേതാവിന്റെ ചിരി അവിടെ മുഴുവൻ മുഴങ്ങികൊണ്ടിരിന്നു. 

ബലിതർപ്പണം - കവിത - ശിവ കൊട്ടിളിയിൽ



വേരറ്റുപോകാതെ കാത്ത പിതൃക്കൾക്കാത്മശാന്തിക്കായ്
നോവോടെയൊരു പിടി സ്നേഹത്തെ കവ്യമായുരുട്ടി
ഇരുകൈൾ കൊട്ടി
കാകനെ ക്ഷണിക്കുന്നു
ഋണമോചന ഹേതുവായ്

മൺമറഞ്ഞകലങ്ങളിലൊരു
നോവായ് ചേക്കേറുമാ
രക്തത്തിൻ വേരുകൾതൻ
അദൃശ്യമാമൊരു സാമിപ്യമരികി-
ലെത്തിടുമെന്നിൽ  കുളിർക്കാറ്റിൻ
 തലോടലായ്,നൊന്തുപെറ്റൊരാ
അമ്മതൻ വാത്സല്യവും
പോറ്റിവളർത്തിയൊരാ
അച്ഛൻതൻ ആശ്ലേഷവും....

പോയ്മറഞ്ഞൊരാ വസന്തകാല
ങ്ങളിലൊരു നുള്ളു നോവു
 നൽകാതരികിലേക്കൊരു
തണൽ പോൽ ചേർന്നിടുമൊരാ
 സ്നേഹവാത്സല്യങ്ങൾ
ശൂന്യമാമൊരു വേളയിൽ
ഒരുപിടി ചോറിലൊരു നുളള്
എള്ളും പൂവുമർപ്പിച്ചൊരു തുളളി
കണ്ണുനീരുപ്പു കലർത്തി
 കാത്തിരിപ്പാണെന്നിലെ
മകൻതൻ വാത്സല്യമീ
മണൽത്തരികൾതൻ മാറിലായ്...

നാക്കിലചാർത്തിലേക്കുരുട്ടി
വെച്ചൊരാ അന്നത്തിൽ
നിന്നൊരു നുള്ളു കൊത്തി-
യെടുത്തകലങ്ങളിലൊരു
മരകൊമ്പിലിരുന്നാത്മനിർവൃതി-
യോടെന്നെ നോക്കവേ,
അശ്രുബിന്ദുക്കൾ പൊഴിഞ്ഞിടുന്നെന്നിൽ-
നിന്നൊരാ സ്നേഹത്തിൻ
 കണിക വറ്റാത്തൊരാ
ആത്മാവിനെ നോക്കി...
മാതാപിതാക്കൾതൻ സ്നേഹമറ്റിടാ-
ത്തൊരാ ആത്മാവിനെ നോക്കി...

Thursday, September 7, 2017

ചിത - കവിത - ഉണ്ണികൃഷ്ണൻ കീച്ചേരി


അടുപ്പാണെന്നു കരുതി
നീ
അടുക്കി വച്ച
വിറകുകളത്രയും
എന്റെ
കിടപ്പറക്കുള്ളിലായിരുന്നു.

കുത്തുവിളക്കിൽ
തിരി തെറുത്ത്
നീ
തീ കൊളുത്തിയത്
എന്റെ
ചിതയ്ക്കായിരുന്നു.

ഇഷ്ടഭോജ്യമായി
നീ
വേവിച്ചത്
എന്റെ മാംസമായിരുന്നു.

ഒടുവിൽ
ജീവന്റെതുഞ്ചത്ത്
ഊറി നിൽക്കുന്ന
ഒരുതുള്ളിരക്തം
ഊറ്റി കുടിച്ച്
നിൻ ദാഹം ശമിപ്പിക്കുക.

തെറിച്ചവൾ - കവിത - തസ്മിൻ ഷിഹാബ്


പേനരിച്ച തല
മക്കന കൊണ്ട് മറച്ച്
വാതോരാതെ കലമ്പി....
ഉടൽ മൂടി
മുഖം കുനിച്ച്
അച്ചടക്കപ്പടി
എണ്ണിതീരാതെ
കണ്ണു തളർന്ന്‌
കാലുവിറച്ച്
വാ മൂടി
ഉമ്മറത്തിണ്ണ കാണാതെ
പുറം കോലായി തൂണിൽ
കെട്ടിയിട്ട അഴക്‌
ഒറ്റച്ചാട്ടത്തിന്
ആഞ്ഞു വലിച്ച്
ഉമ്മറത്തേക്ക്
മലർന്നു വീണു -
നെഞ്ചിൽ
കൈപ്പടം പൊത്തി
പകച്ച പെണ്ണിന്റെ
മുഖമറ പറിച്ചെറിഞ്ഞ്
കാഴ്ചയുടെ
നിറഭേദങ്ങൾ
കാവൽ നിൽക്കുന്ന
കുന്നിൻ മുകളിലേക്ക്
അവളോടി.
ഉടലായ്
അറിവായ്
അലിവായ്
അഴകായ്
ആനന്ദമായ്....
തല തെറിച്ചവളുടെ
സുവിശേഷം.

Monday, July 3, 2017

കല്ലറ അജയന്റെ കവിത


ഒറ്റപ്പെട്ടുപോകുന്നത് വേദനയല്ല,
തിരിച്ചറിവിന്റെ സംഗീതമാണത്.

കുറ്റപ്പെടുത്തലുകൾക്കു മേയാൻ
ഒരു പുൽത്തകിടിയാകുന്നത് ദുഃഖമല്ല.
അപ്പോഴും മനസ്സിൽ മന്ത്രസ്ഥായിയിൽ
ഒരു ശ്രുതിയുണ്ടാകും.
മറ്റുള്ളവർക്കു കേൾക്കാനാകാത്ത ലയം.

അക്ഷരങ്ങൾ കൊണ്ട് അന്യനായിപ്പോകുന്നത്
ആത്മാവിന്റെ വറുതിയല്ല
അജ്ഞാത രാഗങ്ങളുടെ ആത്മപ്രകാശമാണത്.

പിറവിയുടെ ദുഃഖത്താൽ
കനം തൂങ്ങുന്ന ഈ ജീവിതം
ഒരു സമസ്യയല്ല.
മറ്റുള്ളവർ വായിച്ചെടുക്കാത്ത
ഉത്തരമാണത്.



Tuesday, June 27, 2017

മോഹനകൃഷ്ണൻ കാലടിയുടെ കവിത


പകലൊരു പൂവ്
ഇരവൊരു മുള്ള്
പൂവിന് കാവൽ മുള്ള്


2
പുറത്ത് മഴ
അകത്ത് വെയിൽ
നടുക്കൊരു നിഴൽ
ഒരു കണ്ണാടിയുടെ നിഴൽ


3
ഭൂമിയും ആകാശവും
പ്രണയകലഹത്തിൽ
പ്രളയനൈരാശ്യത്തിൽ..


4
ഓരോ വെയിൽനാളവും
ഒരു പൂവിടർത്തുന്നു
ഓരോ മഴത്തുള്ളിയും
ഇതളിലുറങ്ങുന്നു

Sunday, May 28, 2017

തപസ്യ - സാഹിത്യ ശില്പശാല - കഥാമത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ രചന


ജയകുമാർ കാലടി

നിഴലിൽ നിന്നു മകന്ന്

തസ്രാക്കിലേക്ക് പതിവിലും കൂടുതൽ ആളുകളെത്തി.ഇതിഹാസകാരന്റെ കഥാപാത്രങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് അബ്ദുൾ ഖാദർ പറഞ്ഞത് നമ്മുടെ അപ്പുക്കിളി മിനിഞ്ഞാന്ന് പറന്നു പോയി. ആദ്യമൊന്നമ്പരന്നു, എന്നും അപ്പുക്കിളി ഒരു നിഴലായി ഒപ്പമുണ്ടായിരുന്നു .എല്ലാവരോടും വല്യ ഗമയിൽ പറയുമായിരുന്നു തസ്രാക്കിൽ കൊത്തിവച്ചിരുന്ന തന്റെ ചിത്രത്തെപ്പറ്റി .തസ്രാക്കിലൂടെ കടന്നുപോകുന്ന തീവണ്ടിയുടെ ചൂളം വിളിപോലും അപ്പുക്കിളീന്നാണെന്ന്. ആ അപ്പുക്കിളിയാണ് യാത്ര പറഞ്ഞത് '

മടക്കയാത്രയൽ മനസ്സിലൊരു നൊമ്പരം അനുഭവപ്പെട്ടു. ഇനി അവശേഷിക്കുന്നത് മൈമുന മാത്രം  കാണണം. മൈമുനയോടൊപ്പം ഒരു ഫോട്ടോ '.. പിന്നെ മരുന്നു വാങ്ങാൻ എ ന്നെങ്കിലും...

പണിതീരാത്ത  വീട്ടമുറ്റത്തെ മരബെഞ്ചിലിരുന്ന് ചൂലുണ്ടാക്കുകയായിരുന്നു ഇതിഹാസ കഥാകാരന്റെ മൈമുന .കാലമേൽപ്പിച്ച ക്ഷതങ്ങൾ ആ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു. നീര് വന്ന് തടിച്ച കാലുകൾ ചൂണ്ടിക്കാട്ടി പ്രാരാബ്ദങ്ങളുടെ ഭാണ്ഡക്കെട്ടുകളിറക്കി വച്ച് മൈമുന ഭൂതകാലത്തെക്കുറിച്ച് വാചാലയായി .കഥാകാരനെ ക്കുറിച്ച് പറയുമ്പോൾ  കണ്ണുകൾ കൂടുതൽ തിളങ്ങി


തസ്രാക്കിന്റെ നിഴലിൽ നിന്നു മകന്ന് മൈമുന
ആ പഴയ കൊലുന്ന് പെണ്ണായി....


Saturday, May 27, 2017

തപസ്യ - സാഹിത്യ ശില്പശാല - കഥാമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ രചന

ജ്യോതിരാജ് തെക്കൂട്ട്
ആംബുല൯സുകളും കരയാറുണ്ട്
            ......................
      ഒരു ഫോൺകോൾ മതി എനിക്കവിടെയെത്താ൯.തലയറ്റയുടലും,ചിന്നിച്ചിതറിയശരീരഭാഗങ്ങളുമായി മരണവെപ്രാളത്തോടെയലറിവിളിച്ച് തിരിച്ചുപായുമ്പോൾ ഈശ്വരാ......ഒന്നുംസംഭവിക്കരുതേയെന്നു പ്രാ൪ത്ഥിക്കാറുണ്ട്.നിലവിളികളുടെമഹാപ്രളയത്തിലും കരയാതിരിക്കാ൯ പാടുപ്പെടാറുണ്ട്.
        തണുത്തുറഞ്ഞൊരു വെളുപ്പാ൯ക്കാലത്തായിരുന്നു ആ വിളിവന്നത്.ആമ്പല്ലൂ൪ ടോൾപ്ലാസക്കടുത്ത് ചരക്കുലോറിയും,കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തക൪ന്നകാറിലുണ്ടായിരുന്ന ആറുപേരിലഞ്ചുപേരും തൽക്ഷണം മരണപ്പെട്ടു.ശേഷിക്കുന്നതൊരു കുരുന്നുജീവന്റെ പതിഞ്ഞ ഹൃദയമിടിപ്പ്മാത്രമായിരുന്നു.
       വാരിയെടുത്തു മടിത്തട്ടിൽ കിടത്തിയപ്പോൾ അന്നാദ്യമായി ഹൃദയംനൊന്തുവിലപിച്ചു. വാവിട്ടു കരഞ്ഞു. മാറുചുരന്നപ്പോൾ മതിവരുവോളം കുഞ്ഞിനെ പാലൂട്ടി.
       ഒടുവിലെന്റെ നിഴലിൽനിന്നുമകന്ന്പോകുന്ന മാലാഖകുഞ്ഞിനെ വാത്സല്യത്തോടെ നോക്കിനിന്നു.
          ....................

Wednesday, May 10, 2017

വിശപ്പ് - ശ്രീമോൾ മാരാരി

തപസ്യ സാഹിത്യ ശില്പശാല  കവിതാരചനാ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ കവിത 


കനകവെയിലും
കുനുകുനെപ്പെയ്യും മഴയും
നിഴലേതുമില്ലാത്തൊരു
നാടാണിങ്ങിവിടെ.

നാട്ടുകാരിവർ സാഹസികർ
കടൽപെറ്റമക്കളെപ്പോൽ
യാനങ്ങൾ തീർത്തെന്നും
യാത്രയതുക്ലേശമാകിലും.

തനിയെ തുഴയുന്നവർ,
കൂട്ടായിചിലർ,
പതിയും പാതിയുമായി ചിലർ
സകുടുംബമായും ചിലർ.

അവിടെയൊരുകൊച്ചു -
സാഹസികരവർ കുടുംബമല്ലോ ..
അച്ഛനുമമ്മയും സ്നേഹമായി
വളർന്ന യുവകോമളർ മക്കളും.

തീനും തിമിർപ്പുമവരൊന്നുപോലെ
കളിയുംചിരിയും മാറ്റമില്ലാ
ഇതുപോലെസന്തോഷമേതുമില്ല.


കാലങ്ങളങ്ങനെ
കളിച്ചുംചിരിച്ചും
ഋതുക്കളായി പടവുകൾ
ഓരോന്നും താണ്ടിടുന്നു.

യാനമൊന്നൊരുക്കിയവർ
കുടുംബമായികൂട്ടമായ്
യാത്രതിരിച്ചിതുമോദമായി
തിരകൾചിരിച്ചാര്‍ത്തവർക്കുവേണ്ടി.

പെട്ടെന്നു,കാറും കോളുമുരുണ്ടുകൂടി
മിന്നൽപിണറും പറന്നിറങ്ങി
യാനമതുയേറെ നീങ്ങിയെങ്ങോ
ദിക്കേതെന്നറിയാതെ കുഴങ്ങിയല്ലോ.

ദിവസങ്ങളാഴ്ചകൾ നീങ്ങിപ്പോയി
ആഹാരമൊക്കെ കഴിഞ്ഞുപോയി
കഷ്ടം! മറുകര കണ്ടതില്ല, മരണമി -
ങ്ങെത്തിയെന്നവരോർത്തുപോയി.

വിശപ്പിന്റെ ആധിക്യമറിഞ്ഞവരോ
അമ്മയതുരഹസ്യമായി പറഞ്ഞിടുന്നു,
മക്കളേയച്ഛനെതിന്നിടാംനമുക്ക്.

മെല്ലേമടിച്ചുംശപിച്ചും
കൃത്യമതുതീർത്തവർ
വിശപ്പിൻവലുപ്പം
അറിഞ്ഞോരവർ.

പിന്നെപലനാൾകടന്നുപോയി
ദുർബലയവളുമിരയായിവീണു
മക്കളവർപഠിച്ചതുപാടിവീണ്ടും
വിശപ്പിനുസ്വന്തബന്ധങ്ങളേതുമില്ല.

പിന്നെപ്പറഞ്ഞിട്ടെന്തുകാര്യം
വിശപ്പതുവിജയം കുറിച്ചുപോയി
ജ്യേഷ്ഠന്റെകഴുത്തരിഞ്ഞ -
നുജൻപഠിച്ചതുംചൊല്ലിയപ്പോൾ.

കാറ്റൊന്നടങ്ങി
കാറെല്ലാമൊഴിഞ്ഞു
യാനം കരയിലടുത്തനേരം
വിശപ്പാണതിൽ
വിശപ്പുമാത്രം...

Friday, May 5, 2017

വിശപ്പ് - ജ്യോതിരാജ് തെക്കൂട്ട്

തപസ്യ സാഹിത്യ ശില്പശാല  കവിതാമത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ രചന


പ്രാണന്റെ ആദ്യപിറവിയിൽ
ഉറവപ്പൊട്ടിയ വിശപ്പിന്
അമ്മിഞ്ഞപാലിന്റെ അറുതി.

വള൪ന്നപ്പോൾ കൂടെ വള൪ന്നതും
ഇണപിരിയാതെ കൂടെ നടന്ന
വയറ്റിലെ തീയായിരുന്നു വിശപ്പ്.

അണ്ഡകടാഹങ്ങളെ മുറിപ്പെടുത്തി
വിശപ്പിന്റെ ഒളിയിടങ്ങളിലുറങ്ങി
ഉണ്ടെഴുന്നേറ്റവന്റെ എച്ചിലുണ്ട്
വരണ്ട പുഞ്ചിരിയോടെ
ലോകത്തെ പ്രകാശമാ
നമാക്കുന്നവരുണ്ട്.


ഏതോ ഉൾപ്രേരണകൾക്ക് വിശന്നപ്പോൾ
കാമമായും ഹിംസയായും വിപ്ലവമായും
പ്രാണനിൽ കത്തിപ്പട൪ന്നതും വിശപ്പ്.
..............................................

വിശപ്പ് - ഷാജു കളപ്പുരക്കൽ

(തപസ്യ സാഹിത്യ ശില്പശാല - കവിതാരചനാമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കവിത)

പകലിന്റെ ചൂടൊന്നാറുന്ന നേരത്ത്
പറയാതെ പലതും പങ്കുവെച്ചോർ നമ്മള്‍.

സന്ധ്യയൊന്നായാലിടക്കിടെ ഘടികാര -
മെന്തേ ചലിക്കാത്തതെന്നു  ചിന്തിച്ചവർ..

തിങ്കളിന്‍ ഭംഗിയെ
തൊട്ടറിയാന്‍ രാത്രി
തെല്ലും കളയാതെ ഒന്നിച്ചിരുന്നവർ..

പുലരി തന്‍ മഞ്ഞുകണങ്ങളെയൊരുപോലെ
തൊട്ടു തലോടി തിരിഞ്ഞു കിടന്നവർ..

ഇന്നീയിരുട്ടിന്റെയറ്റങ്ങള്‍ വാരി-
പ്പുതച്ചു നാം നിദ്രയെ തേടിക്കിടക്കവെ,

അറിയാതെയറിയുന്ന ദൂരങ്ങളൊരുപോലെ
നമ്മില്‍ വിശപ്പായി കത്തിപ്പടരവേ..

നെരിപ്പോട്

സന്തോഷ് നെല്ലായ

ഇടനെഞ്ചിലൊരു തീ
എന്റെ ഇടനെഞ്ചിലൊരു തീ
നെരിപ്പോട് പോലെ എരിഞ്ഞിടുന്നു.
ഒരു മകളുണ്ടെനിക്ക്.
മൂന്നു വയസ്സുള്ളൊരു പെണ്‍കിടാവ്.
അവളുടെ താമരപ്പൂ പോലുള്ള
പൂമുഖം കാണുമ്പോള്‍
എന്റെ ഇടനെഞ്ചിലൊരു തീ.

ബാലവാടിയില്‍ പോകുന്നു.
ഇനി വിദ്യാലയത്തിലേക്ക്
എവിടെയാണ് കാട്ടാളന്‍മാര്‍
ആരുടെ രൂപത്തിലാണ് വരിക
അറിയില്ല......... അറിയില്ലെനിക്ക്.

ഓമനത്തം തുളുമ്പുന്ന കുഞ്ഞിനെ
ഓമനിക്കന്ന ബന്ധുക്കള്‍
അയല്‍ക്കാര്‍ ചങ്ങാതിമാര്‍
ആരെ ഞാന്‍ കരുതണം.
ഭയമാണെനിക്ക്.

തിരിച്ചറിവാകും വരെ
ജീവിതയാത്രയില്‍ ഏതു ഘട്ടത്തിലും
മൃഗതുല്ല്യരാം കാട്ടാളരൂപങ്ങളെ-
ത്തുമെന്ന തിരിച്ചറിവാകുംവരെ
കാത്തു സൂക്ഷിക്കണം
ചിപ്പിക്കകത്തെ മുത്തുപോല്‍..

അച്ഛനെ വാക്കിന്നര്‍ത്ഥം ഞാനറിയുന്നു.
അതിന്റെ ഭയവും ഉത്കണ്ഠയും
എന്റെ ഇടനെഞ്ചിലെ തീയായ് മാറുന്നു.
അത് നെരിപ്പോട് പോലെ എരിഞ്ഞിടുന്നു.

Wednesday, May 3, 2017

കടലിൽ..

ഷാജു കളപ്പുരക്കൽ

ഞാൻ കരയേ നോക്കി കൊതിച്ചിരുന്നു.
തീരത്തെ മണല്‍ത്തരികളെ,
പച്ചപ്പിനെ, പൂക്കളെ, കിളികളെ....
അങ്ങിനെയങ്ങിനെ....

അന്നൊരിക്കല്‍...
നിന്റെ കെെക്കുമ്പിളിലേക്ക്
ഞാനോടിക്കയറുകയായിരുന്നു.

നിന്റെ കെെത്തലത്തിലെ
ഇത്തിരി ജലത്തിൽ
ഞാനെന്റെ കടലിനെ  മറന്നു.

നീയെന്നെ കൂട്ടുപിടിച്ചു  നടന്ന വഴികൾ..
നീയെന്നോടു പാടിയ പാട്ടുകൾ...
നീയെനിക്കനുഭവമാക്കിയ കുസൃതികള്‍.....

നിന്റെ കെെക്കുമ്പിളിലെ ജലം
വിരലുകള്‍ക്കുള്ളിലൂടെ ചോരുന്നത്
ഞാനറിഞ്ഞിരുന്നു.
എന്റെ ശ്വാസം നേർത്തു വരുന്നതും ഞാനറിഞ്ഞു.

എന്നിട്ടും...
കുളങ്ങളും കിണറുകളും നമ്മളൊരുമിച്ച് താണ്ടുമ്പോഴും
നിന്റെ കെെക്കുള്ളില്‍
ഞാനൊതുങ്ങി....
എനിക്കതായിരുന്നു  സുഖം.

പക്ഷെ...
നീ ....
നിസ്സഹായയാണ്.
എന്നെയീ  ചെളിയിലേക്കിറക്കി  വിടുക
ഇവിടെയും ജീവനുണ്ട്, ....
നിനക്കേറെ ദൂരം പോകാനും.

Tuesday, May 2, 2017

കവിയും മാലാഖയും

അനിത പ്രേംകുമാർ

ഭ്രാന്തമാം ജല്പനം ചൊല്ലി അലഞ്ഞിട്ടും
ഭ്രാന്തിയെന്നാരും വിളിച്ചതില്ല
ഉന്മാദലഹരിയിൽ ആറാടിയെന്നിട്ടും
ഉന്മാദിയെന്നും പറഞ്ഞതില്ല.

പ്രണയവും സ്നേഹവും പൂത്തു വിടര്‍ത്തീട്ടും
പ്രാക്കുകൾ ആരുമേ ചൊല്ലിയില്ല
കോപത്താൽ ഉച്ചത്തിലാക്രോശിച്ചിട്ടും
ഭയങ്കരിയെന്നും വിളിച്ചതില്ല

സങ്കടം കൂടിയിട്ടാര്‍ത്തു കരഞ്ഞിട്ടും
വിഷാദരോഗമെന്നോതിയില്ല
തോന്നുമ്പോള്‍ തോന്നിയത്പോലെ നടന്നിട്ടും
താന്തോന്നിയെന്നും വിളിച്ചതില്ല


പകരം നിങ്ങളവളെ വിളിച്ചത് കവി എന്നായിരുന്നു
ഭ്രാന്തിയായ,ഉണ്മാദിയായ,പ്രണയ പരവശയായ
കോപാകുലയായ,വിഷാദ രോഗിയായ,താന്തോന്നിയായ
ഒരു കവയിത്രി

അവസാനമൊരുനാൾ ആകാശത്തിലെ
മാലാഖമാരുടെ ലോകത്ത് അവളുമെത്തിയപ്പൊൾ
മാലാഖമാർ ഭൂമിയിൽ നിന്നെത്തിയ
അവളിലെ സന്തോഷം കണ്ടു പറഞ്ഞു,

നിങ്ങൾ, ഭാഗ്യവതികൾ പ്രണയവും സ്നേഹവും
സങ്കടവും,സന്തോഷവും കോപവും,വിഷാദവും
അറിഞ്ഞവർ, പ്രകടിപ്പിച്ചവർ അനുഭവിച്ചവർ!
ഞങ്ങൾ പാവം മാലാഖമാർ

ഞങ്ങളിൽ നിന്നും നിങ്ങൾ
സ്നേഹം മാത്രംപ്രതീക്ഷിക്കുന്നു
പക്ഷേ,ഞങ്ങൾ പ്രണയം അറിയാത്തവർ
സങ്കടം, സന്തോഷം,കോപം, വിഷാദം
ഒന്നുമേ പ്രകടിപ്പിക്കാൻ അവകാശമില്ലാത്തോർ

പിന്നെ,പ്രണയിക്കാൻ ഞങ്ങൾക്ക്
ദൈവം ഇണകളെ തന്നില്ലല്ലോ!

അവധൂതൻ

- ജയകുമാർ കാലടി


അയാൾ പിറകോട്ട് നടക്കുകയാണ്.
അത്ഭുതത്തോടെ നോക്കി നിൽക്കുന്ന
ആട്ടിൻ കൂട്ടങ്ങൾക്കിടയിലൂടെ,
കാലത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത വർ അനുഗമിക്കാൻ ശ്രമിച്ചു.

പിറകോട്ടു വച്ച കാലുകൾക്കിടയിലെ അന്തരം ഘടികാരസൂചികളെപ്പോലെയായിരുന്നു.

പ്രപഞ്ചം പോലും ആ കാലടികൾക്കനുസരിച്ച് ചലിച്ചു.

ആരെയും ശ്രദ്ധിക്കാതെ ദൃഷ്ടികൾ മുന്നോട്ടാഞ്ഞ് യാത്ര തുടർന്നു. കാലുകളിടറാതെ.

വഴികളിൽ വച്ചു നീട്ടിയ പിണ്ഡങ്ങൾ അറപ്പുളവാക്കിയപ്പോൾ,
ഓവുചാലിലെ ജലം ആർത്തിയോടെ കുടിച്ചും,
തെരുവോരങ്ങളിൽ അന്തിയുറങ്ങും
ആരിൽ നിന്നും ഒന്നും ആവശ്യപ്പെടാതെയും അയാൾ പിന്നോട്ട് നടന്നു.

ഇരുളിൽ കണ്ണുകളിലെ നീല വെളിച്ചം വഴികാട്ടിയായി.
സ്വന്തം നഗ്നതയുടെ അലോസരമില്ലാതെ നടന്നു.
ഒപ്പം അനുഗമിക്കാൻ ശ്രമിച്ച ആട്ടിൻ കൂട്ടങ്ങളോട് പറഞ്ഞു -

''തത്വമസി'
ഇനി നിങ്ങൾ മടങ്ങുക
മണൽ പിരിച്ചു കെട്ടി മേഘങ്ങളെ പിടിച്ചുകെട്ടുക
മണൽക്കാറ്റ് വീശുമ്പോൾ അതിന്റെ ഈണവും താളവും അറിയുക
പെയ്തിറങ്ങുന്ന മഴയിൽ നൃത്തം ചെയ്ത് ദിഗംബരൻ മാരാവുക
ആത്മനോ മോക്ഷാർത്ഥത്തിനായി യത്നിക്കുക''

പിൻതുടർന്ന ആട്ടിൻകൂട്ടങ്ങൾ പകച്ചു നിൽക്കവേ,

ആകാശത്തിലേക്കുയർന്നു അവധൂതൻ

കണ്ണെത്താ ദൂരത്തോളമെത്തിയപ്പോൾ
സ്വത്വത്തിന്റെ ഭാഗമായ ശരീരമുപേക്ഷിച്ചു,
വസ്ത്രം മാറുന്ന പോലെ,
ഒരു തരിയായ് മാറി.
പഞ്ചഭൂതങ്ങളിലൊന്നിൽ
ഒടുവിൽ പെയ്തിറങ്ങിയ മഴയിൽ ഒരു പുതുനാമ്പിന് തുടക്കമിട്ട് അയാൾ യാത്രയായി.

Monday, May 1, 2017

ഒഴിച്ചുകളഞ്ഞത് - ജ്യോതിരാജ് തെക്കൂട്ട്


അധികാരത്തിനു ഭ്രാന്തിളകി
വാക്കും  നോക്കും തുടലുപൊട്ടിച്ച്
കുന്നും പുഴകളും കന്നും കതിരുമെല്ലാം
കട്ടെടുത്തുപോയ കാലത്തിന്റെ
മരണവീട്ടിലേക്കൊന്നു പോകണം.

ഇരമ്പിമറിഞ്ഞ തെരുവുകളിൽ
ആരും ചാലിച്ചെടുക്കാത്ത
വിശപ്പിന്റെ മഹാപ്രളയത്തെ
തൂലികയിൽ കോരിയെടുക്കണം.

വഴികളും അതിരുകളും തെളിയിച്ച്
നിലവിളികളും ചോരപ്പാടുകളും മായ്ച്ച്
വിഷംചേ൪ത്തു വിളമ്പുന്ന സ്വപ്നങ്ങളെ
കറുത്തൊഴുകുന്ന ഒാടകളിൽ ഒഴിച്ചുകളയണം.

സൂര്യ൯ നെറുകയിലെത്തുമ്പോൾ
ജാതിയും മതവും പൊടിച്ചെടുത്ത്
ചുവപ്പുപട൪ന്ന നാട്ടുവഴികളിൽ വിതറണം.

തിരികെ വരുമ്പോൾ,
നിലാവിന്റെ സ്വപ്നങ്ങളിലേക്ക് വേരുപട൪ത്തി
ഒാരോ പ്രാണനിലും പ്രണയത്തെ തളച്ച്
എനിക്കൊരു കവിതയെഴുതണം.

ലോകത്തിലൊക്കെയും നിറം പട൪ത്താ൯
ഒഴിച്ചുകളഞ്ഞൊരു കവിത.
............................................

ദേശാടനക്കിളികളുടെ വീട് - ഷിബിൻ ചെമ്പരത്തി



മഴ മാന്തിപ്പൊളിച്ച
ഓലപ്പുരയിൽ നിന്നും
തണലുകളിലേയ്ക്ക്
ചേക്കേറുമ്പോൾ
ഉള്ളിലൊരു വെയിൽപ്പൂവ്
ചിരിക്കുന്നുണ്ടായിരുന്നു.
ഒരു ചുമരിനപ്പുറത്ത്
ഇത്തിൾക്കണ്ണികളെ
ഓർമ്മപ്പെടുത്തിയപ്പോൾ
പണിതീരാത്ത വീടിന്റെ
എട്ടടി സ്ലാബിനടിയിലേയ്ക്ക്
ചിറകുകളൊതുക്കി വന്നിരുന്നു.
അന്നുണ്ടാക്കിയ
സ്വപ്നത്തോണികളെല്ലാം
ഒരു മുറിയിൽ നിന്നും
അടുത്ത മുറിയിലേയ്ക്ക്
വിശപ്പും തുഴഞ്ഞുപോയി.
കൊഞ്ഞനംകുത്തിയ
മണ്ണെണ്ണവിളക്കിനോട്
ഒന്നേ പറഞ്ഞുള്ളൂ...
റേഷൻകട നിന്റപ്പന്റേതല്ല.
   
     ഷിബിൻ ചെമ്പരത്തി🌺

അരമന

ഉണ്ണികൃഷ്ണൻ കീച്ചേരി
ജപകോശങ്ങൾ
ദൈവവിളിയാൽ പിടഞ്ഞ
പാതിരാത്രിയിൽ
വെളുത്ത ചിറകുള്ള
പൂമ്പാറ്റകൾക്ക്
മധുനുകർന്ന് മത്തുപിടിച്ചു.
ജപകൂട്ടിൽ
ഉരുകിയൊലിച്ച
മെഴുകുതിരിക്കാലുകൾ
കാറ്റേറി വന്നകഴുകൻ
പിഴുതെടുത്ത്
പിശാചിന്റെ അരമനയിൽ
അലങ്കാരമാക്കി.
ദൈവത്തെകാണാൻ
കൊതിച്ചെത്തിയ
മാലാഖയുടെ മനസ്സുപിഴുതെടുത്ത്
പ്രാർത്ഥനയിൽപൊതിഞ്ഞ്
ജപചരടുകൊണ്ട്
വായ് പൊതികെട്ടി
വീഞ്ഞു ഭരണിയിൽ
നിക്ഷേപിച്ചു .
മിന്നാമിനുങ്ങുകൾ
വഴിതെളിച്ചതണുത്തവെട്ടത്തിൽ
ദൈവം
പതിയെ നടന്നു
നമ്രശിരസ് കനായി.

ഉച്ചവെയിൽ നിനവുകൾ - ശ്രീമോൾ മാരാരി




കായൽത്തെന്നലിൽ
ഉലഞ്ഞുതിർന്ന കേശഭാരം
പൂവരശിൻ തണൽപറ്റി
കവിതരചിക്കും മിഴികൾക്ക്
മിഴിവേകിയ ഉച്ചനേരം..

വെയിൽത്തുണ്ടുകൾ
കൊത്തിയിരിക്കും
ബകപ്പക്ഷീയാരുനീ
സംന്യാസിയാമോ..

കുഞ്ഞോളങ്ങളെ
കീറിമുറിച്ചുണുർന്നാടും
ഈ ചിത്രവഞ്ചികൾ
രചിക്കുവതെത്ര കവിതകൾ..

നിഴലില്ലാ തണുവിടങ്ങളിലെ
മേശക്കിരുപുറമിരുന്ന
ഹൃത്തുകൾ മോഹിച്ചു
കുടിപ്പത് തണ്ണീർ തണുവോ..

നടക്കാതെ വേഗമാർന്ന
ചവിട്ടടികൾ നമ്മെനടത്തിയ
നേരമതിൽ ഹൃത്തിൽ
വിരിഞ്ഞത് നിനവുകളോ..

പ്രഭുചുംബനച്ചേലുകൾ
അരുതെന്നോതിയത്
കാപട്യ സീമകയറിയ
ജീവിതപാഠങ്ങളോ.

           ........ശ്രീമോൾ മാരാരി .....

ഒറ്റയാത്തി - ഷാലു ജോമോൻ

നീ ഇഷ്ടപ്പെടാതെ പോയ
എന്റെ
പെൺ തത്വത്തിനെ
ഞാൻ ഒറ്റയാത്തി എന്ന്
ഓമന പേരിട്ട് വിളിക്കും.

കൂട്ടത്തിൽപ്പെടാതെ
ഭൂതകാലത്തിന്റെ മണൽക്കുഴികളിലേക്ക്
കുഴിയാനക്കാലുകളിൽ
ഒരു യാത്രക്ക് തുടക്കമിടും.

എന്റെ പരിണാമ ചക്രത്തിന്റെ ജനിതക നിയന്ത്രിതാവ്
അപ്പോഴും നീ തന്നെയായിരിക്കും!

മറന്നു പോയ വേരുകൾ
നീ കുഴിച്ചെടുക്കുമ്പോൾ
ഞാൻ എന്റെ പേര് തിന്ന് തീർക്കും!

നീയെന്റെ പേര് വിളിക്കരുതെന്ന്
പേരില്ലായ്മയുടെ ന്യായം നിരത്തുമ്പോൾ
നീ പുതിയൊരു
പേര് തേടും.

സമജാതമായതിനെ തിരഞ്ഞ്
ഒരൊറ്റയാത്തി
അലഞ്ഞു തിരിയും!

🔸🔹🔸🔹🔸🔹
*ഷാലു ജോമോൻ*

ശമനം - ഉണ്ണികൃഷ്ണൻ കേച്ചേരി



നീ
നീരാവി പോൽ നിറഞ്ഞു
തപിക്കുമെൻ
നിഗൂഡ കോശങ്ങളിൽ
നിൻ
കരാംഗുലികളാലുഴിഞ്ഞു
ശാന്തമാക്കുക.

നീ
നീഹാരമായ് നിറഞ്ഞു
കുളിർ കോരുമെൻ
അകക്കാതലിൽ
നിൻനഗ്നമേ നിയാൽ
പുതപ്പിച്ചുറക്കുക.

നീ
നിശാഗന്ധിയായ്
നിലാ ചോലയിൽ
നിഴൽ പുടവയുരിഞ്ഞ്
നാഗമായ്...  എൻ
നഗ്നദാഹങ്ങളിൽ
ശമനതാളത്തിലിഴയുക.


    ഉണ്ണികൃഷ്ണൻ കീച്ചേരി.