ജല്പനങ്ങൾ
ജ്വലിച്ചുയരേണ്ട സമയമാഗതമാകവേ
ജല്പനങ്ങളിൽ കുടുങ്ങുന്നു കൗമാരം
ജനറേഷൻ ഗ്യാപ്പെന്നു ചൊല്ലീടുന്നു
ജഗത്തിനെപ്പോലും ഭയമില്ലാത്തവർ !
ചതിക്കുഴികൾ പതിഞ്ഞിരിക്കുന്നതവർ
മുന്നേ അറിയുന്നില്ലെന്നതോ മിഥ്യയോ
മുതിർന്നവർ തൻ വാക്കുകൾക്കൊന്നുമേ
ചെവികൊടുക്കാനവർക്കു നേരമില്ലഹോ ..!
കുതൂഹലങ്ങളിൽ കൈവിട്ടങ്ങനെ
കളിയരങ്ങിലായ് വാഴുമെപ്പോഴും
കരുണയവർക്ക് ലഹരിയോടു മാത്രം
ജീവിതമോ കയങ്ങളിലാഴുന്നതറിയാതെ !
ജീവിതത്തിൻ വിലയറിയാത്തവരേ..
നിങ്ങൾ തൻ വഴികൾ ശൂന്യമാകാതിരിക്കാൻ
കർത്തവ്യങ്ങൾ മറക്കാതെയെന്നും
ജാഗ്രതയോടെ ഗമിക്കേണമെന്നും !!!
- സന്ധ്യ അറയ്ക്കൽ

No comments:
Post a Comment