തെരുക്കൂത്ത്
പോരാടി നേടുവാൻ മുഷ്ടിയുയർത്തി നീ
പോർവിളിച്ചതീ തെരുവിൻ്റെയോരത്ത്,
സമത്വം വാഴുവാൻ നേരിനെ വാഴ്ത്തുവാൻ,
സ്വാതന്ത്ര്യത്തീക്കാറ്റായ് വീശിയടിക്കുവാൻ,
നീ കണ്ട സ്വപ്നങ്ങൾ നീറിപ്പൊലിയാതെ
'നിഷ്ക്കിഞ്ചനന്മാരെ ' പോരാളികളാക്കാൻ,
ചോര നീരാക്കുവാൻ, പതിയെപ്പതിയെ
രാവെഴും ഊരിൻ്റെ ജാതകം മാറ്റുവാൻ
കുഞ്ഞേ, നടന്നു നീ പിന്നിട്ട വഴികൾ
ഇന്നും കനച്ചു കിടപ്പതീനെഞ്ചത്തായ് ..
വെടിയേറ്റ നെഞ്ചിൽ നിന്നൂറിത്തെറിക്കും
ചുടുചോര, അമ്മ തൻ മാറിൽ പിടയ്ക്കേ
പിഞ്ചിളം കൈകളായ് പാൽവിളിക്കായിട്ടു
കൊഞ്ചുന്നുവോ നീ മൃതിക്കു വഴങ്ങാതെ?
ആയുധം തന്ന് ഞാൻ വിട്ടതില്ല നിന്നെ
സായുധവിപ്ലവം ചൊല്ലിപ്പഠിച്ചില്ല!
എന്നിട്ടുമെന്തേയെൻ മകനേ, നിനക്കായ്
ഇന്നാട്ടിലമ്മയ്ക്കീ ഗാന്ധാരീ രോദനം?
ഏതേതിടങ്ങളിൽ , ഏതേതു മക്കളെ
മാതാക്കളീ വിധം കാണാതെ കാണണം?
- ഇ. സുമതിക്കുട്ടി.

No comments:
Post a Comment