ഒന്നിനുമില്ലൊരു നിശ്ചയം
ഒന്നിനുമില്ലൊരു നിശ്ചയം...
കാണാനൊരു പുലരി
നാളെയുദിക്കുമോയെന്നു പോലും.
അക്ഷരം വിഴുങ്ങി ആത്മഹത്യ ചെയ്യുവാൻ
നിന്റെയൊരു നാലുവരി കവിതയെനിക്കു വേണം.
വാക്കെടുത്തു വാളാക്കി എന്റെ ഗളഛേദത്തിനായി
നിന്റെ കഥയിലൊന്നിന്റെ ഖണ്ഡിക നീയെനിക്കു പകുത്തു തരിക.
വായനയൊതുക്കി, വാലും ചുരുട്ടി, വാചകങ്ങളെത്തായിടത്തേക്കോടിയൊളിക്കാൻ
നിന്റെയൊരാസ്വാദനകുറിപ്പെനിക്കനുവദിക്കുക.
ആരുമേ, ഇങ്ങനൊന്നുമേയല്ലെഴുത്തെന്നറിഞ്ഞെഴുതിത്തെളിയാൻ,
നീയൊരുപാടു വരച്ച് പശ്ചാത്തലമൊരുക്കുക.
അറിയുന്ന സ്നേഹങ്ങള്‍
കളംതിരിച്ച് അടയാളപ്പെടുത്തി
അറിയാത്ത ലോകത്ത്
ഒറ്റപ്പെട്ടിങ്ങനെ എനിക്കിനിയുമെത്ര നാള്‍....
ഒന്നിനുമില്ലൊരു നിശ്ചയം.
- ഷാജു കളപ്പുരയ്ക്കൽ

No comments:
Post a Comment