കാൽപന്തിനുള്ളിലെ വായു
ലോകകപ്പിന്നായി
കാൽപന്തുരുളുന്നു
ആർത്തലക്കുന്നാവേശ-
മായിരംകണ്ഠത്തിൽ
വാതുവെക്കുന്നു
വശംവദരാവുന്നു
വീറോടെ ഇഷ്ട്ടർക്കായ്
വാദം പറയുന്നു
പന്തിന്നുചിത്തത്തിൽ
പാർത്ഥന്റെ സ്ഥാനമായ്
പാതിരയെല്ലാം
പകലുകളാകുന്നു.
ഒരുലോക കപ്പും
കാണുവാനാകാതെ
കാല്പന്തിനുള്ളിൽ
കയറിയ വായു ഞാൻ
ഓരോ അടിയും
പുറത്തു വീഴുന്നേര-
മുണ്ടായിരിക്കാം
ആരവാഘോഷങ്ങൾ!!!
കൃത്യമായെപ്പോഴു
മുള്ളിലടയിരു
ന്നാവേശം പോകാതെ
കാത്തിടേണം
എന്നെങ്കിലുമൊരു
കളി കാണുവാനായാൽ
എന്നൊരുമോഹം
ഉയർന്നു പൊങ്ങുന്നേരം
ഓർമ്മയിൽവന്നെത്തും
പന്തിനെ തന്നുടെ
പ്രാണനെക്കാളും
പ്രിയപ്പെട്ട കൂട്ടരെ
ഉള്ളിലൊതുങ്ങും
പതിവുപോൽ പ്രാർത്ഥിക്കും
സ്വപ്നത്തിൽ കാണും
പുറത്തിറങ്ങുന്ന നാൾ.
- സുധീർ

No comments:
Post a Comment