Sunday, November 29, 2020

ശുഭ കൊടക്കാട്

 

വിശപ്പ്

വിശപ്പ് ഇരുതലമൂരിയാണ് !

ഇന്നലെകളിലെ വിശപ്പല്ല

ഇന്ന്, ഇടറുന്ന മനസ്സിൽ,

വരണ്ട തൊണ്ടയിൽ 

ഒരിറ്റ് ദാഹജലത്തിന്

 ആത്മാവ് ദാഹിക്കുമ്പോൾ

വിശപ്പ് ആത്മാവിനുമുണ്ട്..!

ദൈവങ്ങളും പിതൃക്കളും ഒരേ പന്തിയിലിരുന്നുണ്ണുകയാണിപ്പോൾ..!

വിശപ്പിൻ്റെ ചുക്കിച്ചുളിഞ്ഞ മുഖത്തെ മാറാല  തട്ടിക്കളഞ്ഞപ്പോൾ തട്ടകത്തെ മച്ചിലിരുന്ന് ഗൗളി ചിലച്ചു ..!

വിശപ്പ് പ്രണയവും പ്രളയവുമാണ്..!

ഒരുമിച്ച് കൈകോർത്ത് നടക്കും

തെക്കിനിയിലും ചായ്പ്പിലും അതിൻ്റെ

മെതിയടി ശബ്ദം കേൾക്കാം..!

കഞ്ഞി കുടിച്ച്, കൈ നിലത്തു കുത്തി എഴുന്നേൽക്കുന്ന ഏമ്പക്കം ഞാൻ തിരിച്ചറിയുകയാണ്..!

വിശപ്പിൻ്റെ ശ്ലഥചിത്രങ്ങൾ നാലുകെട്ടിൽ ഇപ്പോഴും കാണാം..!

മൂകമാം അകത്തളങ്ങളിൽ ആത്തേമ്മമാരുടെ നെടുവീർപ്പുകൾ 

എനിക്കിപ്പോഴും കേൾക്കാം..!

വിശപ്പിൻ്റെ ആഴമളക്കാം..!

വിശപ്പ് എന്നും ഒരു കെടാവിളക്കാണ്..!

അണയാത്ത തിരിയാണ്..!

 അതേ സമയം തിരിമുറിയാത്ത ഇടവപ്പാതിയുമാണ് ..!

വിശപ്പ്, പോർവിളിയുടെ

 പോരാട്ടവും പടയോട്ടവുമാണ്..!

ചരിത്രത്താളിൽ  മന്ത്രമുഖരിതവുമാണ്..!

വിശപ്പിന് അകം, പുറം തിരിവുകളില്ല..! മതിഭ്രമങ്ങളുടെ വിസ്തൃതാകാശമാണത്..!

അറിവും അലിവുമാണത്..!

അസ്തിയിലും ആസ്തിയിലും അത് അള്ളിപ്പിടിച്ചിരിക്കും..!

വിശപ്പ് ഒരു ആഗോള സത്യവും വ്യഥയുമാണ് ..!

അത്, ഒരേ സമയം സർഗ്ഗാത്മകതയുടെ വേണുഗാനവും ഓങ്കാരവുമാണ് ..!

വിശപ്പേ, നീ സാക്ഷിയും പ്രതിയും വക്കീലും ജഡ്ജിയുമാണ്..!

വാദമുഖങ്ങളിൽ തീപ്പന്തമാണ്, ഒരായുഷ്ക്കാല ദാനവും ദൈന്യവുമാണ്..!

 കാലം സാക്ഷി..! സൂര്യചന്ദ്രന്മാർ, ദേവകൾ, പഞ്ചഭൂതങ്ങൾ സാക്ഷി..!!

                 - ശുഭ കൊടക്കാട് (സുഭദ്ര)                                                 CNNBHS, ചേർപ്പ്, തൃശൂർ                

No comments:

Post a Comment