ഹൃദയരാഗം
ട്രെയിൻ്റെ താളത്തിനൊത്ത് ശരീരം ഉലയവേ എൻ്റെ മനസ്സ് അങ്ങ് ദൂരെ അച്ചേച്ചിക്കടുത്തായിരുന്നു. വെളളതുണിയിൽ മൂടിപുതച്ച് കിടത്തിയിരിക്കയാണ് ആ ശരീരം.ഇനിയൊരു ദുഖവും സഹിക്കാൻ ആ ശരീരം ഈ ഭൂമിയിലില്ലെന്ന തിരിച്ചറിവ് ഇന്നെന്നെ ഏറെ വേദനിപ്പിക്കുന്ന ഓർമ്മയാണത്.
എൻ്റെ അച്ചേച്ചി..
എന്നോ മനസ്സിൽ പതിഞ്ഞ മയിൽപീലി നിറമുളള ഒരോർമ്മ. ഒരു എട്ടാം ക്ലാസ്സുകാരൻറ മനസ്സിൽ പതിഞ്ഞ ആദ്യ പ്രണയം..
അതെ കുട്ടികാലത്തെങ്ങോ മനസ്സിലും ശരീരത്തിലും സ്പർശിച്ച ചന്ദനഗന്ധം നിറഞ്ഞ ഒരു സ്ത്രീ സ്വപ്നം..അതായിരുന്നു അശ്വതി എന്ന അച്ചേച്ചി എനിക്ക്...
അയൽ വീട്ടിലെ സുന്ദരി പെൺകുട്ടിയോട് തോന്നിയ ആരാധനയായിരുന്നില്ല അത്. മരണത്തിൻറ നിലയില്ലാ കയത്തിലേക്ക് ആഴ്ന്നുപോകവെ ഒപ്പം ചാടി രക്ഷിച്ച പത്താം ക്ലാസ്സുകാരിയെ അന്നായിരുന്നു സ്നേഹിച്ചു തുടങ്ങിയത്.
"പോകല്ലേ കണ്ണാ..നീ പോയാൽ അച്ചേച്ചിക്കാരൂല്ല" എന്ന വിലാപം ഇന്നും കാതിലുണ്ട്. നെഞ്ചിലും വയററിലും അമർത്തി തടവി നിൽക്കാൻ പോയ ശ്വാസത്തെ ചുണ്ടോട് ചുണ്ട് ചേർത്ത് ഊതിതന്ന് നനഞ്ഞ് മരവിച്ച ശരീരത്തിന് സ്വന്തം ശരീരത്തിലെ ചൂട്പകർന്നു തന്ന് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നപ്പോൾ ആ ശ്വാസം മാത്രമല്ല ഹൃദയവും എനിക്കാണെന്ന് ഞാൻ വിശ്വസിച്ചു.
മരണം ഒരു ദുസ്വപ്നം പോലെ ഉളളിൽ കടക്കവേ ഞാൻ പോയാൽ ഒററക്കാവുന്ന അച്ചേച്ചി എന്നിൽ ജീവിക്കാനുളള ഊർജ്ജമായി.
കണ്ണ് തുറക്കുമ്പോൾ നനഞ്ഞൊട്ടിയ ശരീരവുമായീ കരയുന്ന എന്നെ ജീവിപ്പിക്കാൻ ശ്രമിക്കുന്ന അച്ചേച്ചിയെയാണ് ഞാൻ കാണൂന്നത്. ഒരിക്കലും ഒരുപെൺശരീരത്തെ ഇത്ര അടുത്ത് ഞാൻ കണ്ടിട്ടില്ല..
എനിക്ക് വേണ്ടി കരയുന്ന ആ പത്താം ക്ലാസ്സുകാരി അങ്ങിനെ എൻ്റെ മനസ്സിലേക്ക് കടന്നുവന്നു.
പിന്നീടങ്ങോട്ട് അവർ അരികിൽ വരുമ്പോഴെല്ലാം ഒരു വസന്തകാലം ഉളളിൽ നിറയുന്നതു പോലെ ഞാൻ സന്തോഷിച്ചു.
ഒരിക്കൽ ഞാൻ ചോദിച്ചു
"എന്തിനാണ് ഞാൻ പോയാൽ ആരൂല്ല എന്ന് പറഞ്ഞ് കരഞ്ഞതെന്ന്. അത്രക്കിഷ്ടമാണോ എന്നോടെന്ന്.. "
ഒരുത്തരവും പറയാതെ എൻ്റെ നെററിയിൽ ചുംബിച്ച ആ ചുണ്ടുകളുടെ സ്നിഗ്ദത ഇന്നും ഓർമ്മയിലുണ്ട്.
ഞാൻ വളരുന്നതിനോടൊപ്പം വളരുകയായിരുന്നു ആ ഇഷ്ടവും. മറ്റൊരു പെൺകുട്ടിക്കും എന്നെ സ്വാധീനിക്കാൻ ഇന്നുവരെ കഴിഞ്ഞിട്ടില്ല..
അച്ഛൻ്റേയും രണ്ടാനമ്മയുടേയും സംരക്ഷണയിൽ കഴിയുന്ന അച്ചേച്ചിക്ക് അന്നും സ്വപ്നങ്ങളില്ലായിരുന്നു.മററുളളവർ പറയുന്നതനുസരിക്കുന്ന ഒരു പാവമായിരുന്നു അവർ. +2 വരെ മാത്രമേ പഠനത്തിൽ മിടുക്കിയായിട്ടും അവർക്ക് പഠിക്കാനായുളളൂ. ഒരു കണ്ണീർത്തുളളി പോലെ യായീരുന്നു ആ ജന്മവും ജീവിതവും..
ഒരിക്കൽ ഒരു ഡിഗ്രിക്കാരൻ ചോദിക്കാൻ പാടില്ലാത്ത ചോദ്യമായിട്ടും ആ കഷ്ടപ്പാട് കണ്ട് ചോദിച്ചുപോയി..
"എൻ്റെ കൂടെ വീട്ടിലേക്ക് വരാമോ എന്ന്..എനിക്ക് അത്രക്ക് ഇഷ്ടമാണെന്ന്.. "
"കണ്ണൻ നല്ലവനാ. ആ ജീവിതം അച്ചേച്ചിയുടെ പേരിൽ നശിപ്പിക്കരുത്. പഠിച്ച് ഒരുപാട് വലിയവനാകുമ്പോൾ ഓർക്കണം എന്നെ..അതിലപ്പുറം ഒന്നും ആ മനസ്സിൽ അരുത്... "
കണ്ണീരോടെ അതായിരുന്നു മറുപടി...
സ്വയം വേദനിക്കുമ്പോഴും ആരെയും വേദനിപ്പിക്കാൻ ആഗ്രഹിക്കാത്ത നന്മ... അതായിരുന്നു എനിക്ക് അച്ചേച്ചി.
ഒരുതരം വാശിയോടെയാണ് ഞാനവരെ മനസ്സിൽ സൂക്ഷിച്ചത്..എന്നേക്കാൾ മുതിർന്ന അവരെ സ്നേഹിക്കുന്നത് തെററാണെന്ന് ഒരിക്കലും മനസ്സിൽ തോന്നിയില്ല. ഈഓരോ ക്ലാസ്സിലും ഒന്നാമനായി ഞാൻ മുന്നേറുമ്പോൾ മററാരേക്കാളുമധികം സന്തോഷിച്ചത് അവരായിരുന്നു.
.അവർക്ക് വരുന്ന ഓരോ വിവാഹവും മുടങ്ങിയത് അറിയുമ്പോൾ എത്രയോ സന്തോഷിച്ചിരുന്നു ഞാൻ. 24 വയസ്സിലും എൻ്റെ മനസ്സിൽ അവരാ 15 കാരിയായിരുന്നു.
ഒരു ഓഫീസിൽ തത്കാലികമായി ഒരു ജോലി തരപ്പെട്ടപ്പോൾ ഒരിക്കൽ കൂടി ഞാനാവശ്യപ്പെട്ടു, ഒപ്പം വരാൻ. അല്ല കരഞ്ഞ് കാലുപിടിക്കയായിരുന്നു മറക്കാൻ കഴിയാത്ത വല്ലാത്തൊരവസ്ഥയിലായിരുന്നു മനസ്സ്..
"ഇല്ല കണ്ണാ പാപജാതകക്കാരിയായ ഞാൻ ആ ജീവിതത്തിലേക്കില്ല. ഒരുപാടിഷ്ടമാണ് പക്ഷേ...വേണ്ട.. ഈ ജന്മം ഇങ്ങിനെ തീരട്ടെ.. ജനനത്തോടെ അമ്മയുടെ മരണത്തിന് കാരണക്കാരിയായ ഞാൻ മൂലം എൻറ കണ്ണൻ കൂടി..വയ്യ അതോർക്കാൻ... എവിടെയായാലും ജീവനോടെ ഉണ്ടെന്ന അറിവ് മതി എനിക്ക് ജീവിക്കാൻ.." അതായിരുന്നു മറുപടി..
എങ്കിലും നിരാശ്ശനായില്ല ഞാൻ..പിടിച്ചു വാങ്ങലല്ലായിരുന്നു എനിക്കാവശ്യം.. എന്നെങ്കിലുമോരിക്കൽ അച്ചേച്ചി എന്നെ തേടി വരുമെന്ന് ഉറച്ചു വിശ്വസിച്ചു ഞാൻ.
പക്ഷേ... കാത്തിരിപ്പിനൊടുവിൽ ഏറെ വേദനയോടെ ഞാനറിഞ്ഞു അവർ മറ്റൊരു പാപജാതകക്കാരൻറ വധു ആകുകയാണെന്ന്..
ഗൾഫിലേക്ക് ഒരു ചാൻസ് വന്ന സമയത്തായിരുന്നു അത്.. ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞാനാ അരികിലെത്തി.
"പോവ്വ്വാലെ..എന്നെവിട്ട്..എന്റെ സ്നേഹം കണ്ടില്ലാന്ന് നടിച്ച്.. എനിക്ക് പക്ഷേ മറക്കാനാവുന്നില്ലല്ലോ. ജീവിതമായാലും മരണമായാലും ഒന്നിച്ചെന്ന് കരുതി വന്നൂടെ എൻ്റെ കൂടെ " ആ വിരലുകളെ പിടിച്ച എൻ്റെ കൈകൾ അടർത്തിമാററി എന്നെ മുറുകെ ചേർത്തണച്ചു അവർ.. ആ ഹൃദയം കരയുന്നത് എനിക്ക് കേൾക്കാമായിരുന്നു.
"ഈ ലോകത്ത് എന്നെ സ്നേഹിക്കുന്ന ഞാൻ സ്നേഹിക്കുന്ന കണ്ണൻ ഉണ്ടാകണം.. ചില സ്നേഹങ്ങൾ അങ്ങിനേയാകുട്ടീ..
ഒരിക്കലും ഒന്നിക്കാനാകാതെ.. രണ്ട് സമാന്തര രേഖ പോലെ. ഈ ജന്മം..ഇതിങ്ങനെ തീരട്ടെ...ഇനിയൊരിക്കലും നമ്മൾ കാണില്ല... ഇനിയെനിക്ക് കാണാൻ വയ്യ ഈ മുഖം.. "
നെറുകയിൽ ചുംബിച്ച് എന്നെ അടർത്തിമാററി നേർത്ത നിലാവിലൂടെ അവർ നടന്നകന്നു. മാംസനിബദ്ധമല്ലാത്ത ഞങ്ങളുടെ സ്നേഹം ആ ചന്ദ്രപ്രഭയിൽ വീണ് ഹൃദയം തകർന്ന് കരഞ്ഞു..
പിന്നെ ഞാനവരെ കണ്ടിട്ടില്ല. ഒന്നെനിക്കറിയാം എവിടെയായിരുന്നാലും ആ ഹൃദയം എനിക്കായി പ്രാർത്ഥിച്ചിരുന്നെന്ന്. എൻറ നന്മ ആഗ്രഹിച്ചിരുന്നെന്ന്...
പക്ഷേ എന്തേ എന്റെ പ്രാർത്ഥനകൾ മാത്രം വിഫലമായത്...
ഞാനെന്നും പ്രാർത്ഥിച്ചിരുന്നത് അവർക്കുവേണ്ടിയായിരുന്നല്ലോ..എൻറ അച്ചേച്ചിയുടെ നല്ല ജീവിതത്തിനു വേണ്ടി...എന്നിട്ടും..
ആഗ്രഹിച്ച പോലൊരു ജീവിതമല്ല അവർക്കു കിട്ടിയത്. സംശയ രോഗിയും മദ്യപനുമായ ആ മനുഷ്യന് തല്ലിയുടക്കാൻ കിട്ടിയ വെൺ ശംഖ് ആയിരുന്നു ആ ജന്മം.ഭാരമൊഴിവാക്കാൻ ശ്രമിച്ചവർക്കു മുന്നിൽ നിശബ്ദം നിന്നുകൊടുത്ണ ജീവിതം. കണ്ണീരിൽ ഉരുകി ഇല്ലാതാകുമ്പോൾ ആ മനസ്സ് കൊതിച്ചിരുന്നൊ എന്നെയൊന്ന് കാണാൻ.. അറിയില്ല ..
ആ മരണത്തിന് രണ്ടുദിവസം മുമ്പാണ് ആദ്യലീവിന് നാട്ടിലെത്തിയത്..
കാണാൻ ആഗ്രഹിച്ചിരുന്നു.പക്ഷേ പലരും പറഞ്ഞറിഞ്ഞ ആ രൂപം കാണാൻ വയ്യായിരുന്നു..
ഒരു ഷോക്കായിരുന്നു അച്ചേച്ചിയുടെ മരണം.സ്വയം ഇല്ലാതായി പോയെന്ന് തോന്നിയ നിമിഷം. ആരുമറിയാതെ മനസ്സിൻറ ഉളളറയിൽ സൂക്ഷിച്ച ഒരു തുളസിക്കതിരായിരുന്നു ആ ഓർമ്മ..വിശുദ്ധിയുടെ ഒരുനിലാതുണ്ട്...എന്നിട്ടും..
ലീവ് ക്യാൻസലാക്കി മടങ്ങുമ്പോൾ വീട്ടുകാരോട് പറയാൻ ഒരു കളളവും കിട്ടിയില്ല... അമ്മയുടെ കരച്ചിൽ അവഗണിച്ച് നടക്കുമ്പോൾ ഉളളം ഉരുകുകയായിരുന്നു. കരിന്തിരി പോലെ തോന്നിച്ച ആ രൂപത്തിൻ്റെ ഓർമ്മ എത്ര ശ്രമിച്ചിട്ടും ഉളളിൽ നിന്ന് മായുന്നില്ല..
ഒരുപാട് സ്നേഹിച്ച്..ഒരുമിക്കാനാകാതെ..എത്ര ജന്മങ്ങൾക്കപ്പുറമാണ് ഇനിയൊന്ന് കാണുക. ഈ ജന്മം ഇനിയാ നനവാർന്നചിരി കാണാനാകില്ല.. ഓർക്കുമ്പോൾ ഹൃദയം തകരുന്ന നൊമ്പരം..
എല്ലാം മറക്കാൻ ഒന്നുറങ്ങാൻ ആഗ്രഹിച്ചെങ്കിലും ഒന്നിനും കഴിയാതെ സ്വയം തകർന്ന് ഇരിക്കാനെ എനിക്കായുളളൂ...
- ശ്രീദേവി സുനിൽ

No comments:
Post a Comment