ഗന്ധമില്ലാതെ
ഇതൊരെളുപ്പവഴിയാണ്. വീട്ടിൽ നിന്നും റബ്ബറെസ്റ്റേറ്റിനുള്ളിലൂടെ ഒന്ന് മുറിച്ചു കടന്നാൽ നടപ്പും സമയവും ഏറെ ലാഭിക്കാം. എളുപ്പവഴികളിലൂടെയുള്ള ലാഭിക്കലുകളോടു കൂടിയ യാത്രകൾ തന്നെയാണല്ലോ എല്ലാവരേയും ഒടുവിൽ വീണ്ടും വീടുകളിലേക്കെത്തിക്കുന്നത്. റബ്ബർ മരത്തിന്റെ ഇലകൾ, അതിൽ പച്ചയും വാടിയതും കരിഞ്ഞതുമായവ... കാറ്റുപൊഴിച്ചിട്ടത്, വഴിയിലിങ്ങനെ പരന്നുകിടക്കുന്നതിന്റെ കാഴ്ചക്കൊരു ചന്തമുണ്ട്.
പണ്ട്... അമ്മ കൈ പിടിച്ച് സ്കൂളിലേക്ക് കൊണ്ടുപോയിരുന്നപ്പോൾ തൊട്ട് നടന്നുതേഞ്ഞ വഴിയാണ്. ആദ്യമൊക്കെ വലിച്ചിഴച്ചായിരുന്നു യാത്ര. കുറേയൊക്കെ അമ്മ ഒക്കത്തെടുത്തും. പിന്നീട് അമ്മയുടെ കൈ വിടുവിച്ച് ഓടി വഴിയുടെ അറ്റത്ത്, റോഡിലേക്കിറങ്ങുന്നിടത്ത് ചെന്നു നില്ക്കും. അമ്മയുടെ കൈ പിടിച്ചല്ലാതെ റോഡിലൂടുള്ള നടപ്പ് അന്ന് പേടിയായിരുന്നു. കാലം പോകേ പിന്നീട് ഏതൊക്കെ രാജ്യങ്ങളിൽ, എത്രയോ തിരക്കുള്ള വീഥികളിലൂടെ .... ഒറ്റയ്ക്ക്,
പിന്നെ കൂട്ടായി വന്ന ഭാനുവുമൊത്ത്. മക്കളെ രണ്ടുപേരേയും കൈപിടിച്ച് നടന്നത് കൂടുതലും കടൽതീരങ്ങളിലും പൂന്തോട്ടങ്ങളിലുമായിരുന്നു. അധികമൊന്നും അവരെ കൊണ്ടുനടക്കേണ്ടി വന്നിട്ടുമില്ല. ഭാനു അവരെ വളർത്തിയിരുന്നതും അവർ തന്നെ അവരുടെ കാര്യങ്ങൾ ചെയ്തു പഠിക്കട്ടെ എന്ന മനോഭാവത്തിലായിരുന്നു. അവൾക്ക് ജീവിതത്തോടുള്ള ആ ഒരു ഉത്തരവാദിത്വം കൊണ്ടാണല്ലോ നാട്ടിൽ നിന്നുമുള്ള ഒരു വിളിയിൽ പിറ്റേന്ന് തന്നെ തനിക്ക് പ്രത്യേകിച്ച് തയ്യാറെടുപ്പൊന്നും വേണ്ടാതെ അമേരിക്കയിൽ നിന്നും ഇങ്ങെത്താനായത്.
നടക്കുന്നതിനിടയിൽ ഫോണെടുത്ത് വാട്സ്ആപ് ഒന്നുനോക്കി. ഭാനുവിന്റേതായി കുറേ ഫോട്ടോസ്... മക്കളുമൊത്തുള്ള പാചകമാണ്. അതെ. അവർ സുഖമായിരിക്കുന്നു എന്നവൾ തന്നോട് പറയാതെ പറഞ്ഞിരിക്കുന്നു.
"രാമാ... നിൽക്ക്. ഞാനങ്ങെത്തട്ടെ"
അയ്യോ... അമ്മയിൽ നിന്നും ഇത്രയും ദൂരം നടന്നോ. തിരിഞ്ഞുനിന്നു.
പ്രായാധിക്യം അമ്മയുടെ നടത്തത്തിന് വേഗത കുറച്ചിരിക്കുന്നു. പക്ഷേ അത്ര പ്രായമായോ അമ്മയ്ക്ക്...
എഴുപത്തിനാല് ഒരു വയസ്സാണോ ...
ഫോൺ പോക്കറ്റിലിട്ട് രണ്ടടി പിന്നോട്ട് നടന്ന് അമ്മയുടെ കൈപിടിച്ചു. ഇനി മുന്നോട്ട്. കൈപിടിച്ചപ്പോൾ അമ്മയുടെ നടപ്പിന് പ്രത്യേകമൊരു ഊർജം വന്നപോലെ. ഇടവഴി കഴിഞ്ഞ് റോഡിലെത്തി. അല്പം കൂടിയേയുള്ളു പകൽവീട്ടിലെത്താൻ. ഇപ്പോൾ അമ്മ കൈ മുറുകെ പിടിച്ചിട്ടുണ്ട്. ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങൾ അമ്മയ്ക്കെത്ര പേടിയാണ്. ഗേറ്റ് കടന്ന് പകൽവീടിന്റെ മുൻവശത്തെത്തിയപ്പോൾ പതിവ് പരിചയമുഖങ്ങൾ അഭിവാദനങ്ങളറിയിച്ചു.
ഏറെ സന്തോഷത്തോടെ തിരിച്ചും. ജീവിതത്തിലെ സായന്തനകാലം ഒരുമിച്ചൊരാഘോഷമാക്കാൻ ഒന്നായ് ചേർന്നവർ.
വീടും സൗകര്യങ്ങളും ഒരു ഡോക്ടറുടേതാണ്. വേണ്ടപ്പെട്ടവരെല്ലാം മരണത്തിന് കീഴടങ്ങിയപ്പോൾ തനിച്ചായ ഡോക്ടർക്കു തോന്നിയ നല്ല ചിന്ത. അവിചാരിതമായ പരിചയപ്പെടലായിരുന്നു അദ്ദേഹവുമായി. പിന്നെയാണ് അമ്മയേയും കൊണ്ടുള്ള ഈ വരവ് തുടങ്ങിയത്. ഇതിപ്പോൾ മക്കളുടെ ഈ വർഷത്തെ വിദ്യാഭ്യാസം കഴിഞ്ഞാൽ ഇങ്ങോട്ട് പോന്നോളൂ എന്ന് ഭാനുവിനോട് കഴിഞ്ഞ ദിവസം പറയാനുള്ള അടുപ്പമുണ്ടാക്കിയിരിക്കുന്നു ഈ അന്തരീക്ഷം. അവൾക്കും സന്തോഷം.
അമ്മയെ ആയ വന്ന് കൂട്ടിക്കൊണ്ടു പോയിട്ട് ഒരു നേരമായിരിക്കുന്നു. ഡോക്ടറെ ഒന്ന് കണ്ടിട്ട് പോകാം എന്നു കരുതിയാണ് ആ മുറിക്കടുത്തേക്കു നടന്നത്.
"എന്താ ദേവകിയമ്മേ ഇങ്ങനെ..."
ഡോക്ടറാണ്.
അകത്തേക്ക് നോക്കി. അമ്മ തല താഴ്ത്തി ഇരിക്കുന്നു. കണ്ണ് തുടക്കുന്നുണ്ട്. തന്നെ ഡോക്ടർ കണ്ടിരിക്കുന്നു. അദ്ദേഹം അമ്മയുടെ അടുത്ത് ചെന്ന് ഒന്ന് കുനിഞ്ഞ് മെല്ലെ ചോദിച്ചു
"ആട്ടെ...ദേവകിയമ്മ ഇന്ന് അപ്പോ ആരുടെ കൂട്യാ വന്നത് ? "
" അതൊന്നും എനിയ്ക്കറീല്ല്യാ...എനിക്കെന്റെ മോനെ കാണണം"
തലയുയർത്താതെ , കണ്ണീരു തന്റെ മേൽമുണ്ട് കൊണ്ട് തുടച്ച് , തന്റെയമ്മ. ഓർമ്മകളുടെ സുഗന്ധം നഷ്ടപ്പെട്ട്....ഒഴുക്ക് നഷ്ടപ്പെട്ട്..... അല്ല തുടർച്ച നഷ്ടപ്പെട്ട് ... അമ്മ. കണ്ണൊന്ന് തുടച്ച് ഇനിയെങ്ങോട്ടുമില്ലെന്നുറപ്പിച്ച മനസ്സുമായി പകൽവീടിന്റെ പടിവാതിലിൽ അമ്മയിനി വരുന്നതും കാത്തിരിക്കാം. തിരിച്ചുപോകുമ്പോഴെപ്പോഴെങ്കിലും ഇനിയും തന്നെ പേര് വിളിച്ചുകൂടെന്നില്ലലോ.
- ഷാജു കളപ്പുരയ്ക്കൽ

No comments:
Post a Comment