Thursday, December 31, 2020

ശ്രീദേവി സുനിൽ


ഡിസംബറിൻ്റെ യാത്രാമൊഴി

പിന്നേയും മൗനത്തിൻ്റെ ജാലകം തുറന്നു നീ,

എന്നേയും തനിച്ചാക്കി പോയല്ലോ പ്രകാശമേ...


തമസ്സിൻ വിഹായസ്സിൽ തനിയേ നില്ക്കുമ്പോഴും,

ഹൃദയംമന്ത്രിക്കുന്നു,

മംഗളം നേരുന്നു ഞാൻ...


മറക്കാൻ വയ്യെന്നാലും മറന്നീടുക വേണം,

സൗഹൃദം വിതുമ്പുന്നു..

വേർപിരിയുന്നോ നമ്മൾ..


കണ്ണുകൾ നിറയുന്നുവാക്കുകൾ ഇടറുന്നു,

എങ്കിലും നേരുന്നിതാ സമ്മതം ശുഭയാത്ര..


ഇനിയീ സ്വപ്നത്തിന്റെ പൂവണി കടമ്പിലായ് 

നിഴലും നിലാവുമായ് നാം കണ്ടുമുട്ടില്ലെന്നോ...


വേർപ്പിരിയുന്നു നമ്മൾ വീണ്ടുമീ ജന്മത്തിൻ്റെ

സാന്ദ്രനീലിമയിൽ നിന്നെന്തിനെന്നറിയാതെ..


അകലേക്കകലേക്കായ് അകന്നു പോകുമ്പോഴും..

പ്രിയമിത്രമേ നിനക്കെന്നുമെൻ യാത്രാമൊഴി...

                              - ശ്രീദേവി സുനിൽ

Sunday, December 20, 2020

ശുഭ കൊടക്കാട്

 

സൗഹൃദപ്പൂമരം

സഖേ ....

നറുമന്ദാരം പോൽ നന്മയാൽ പൂത്തുലഞ്ഞീടുമീ അമൂല്യമാം സ്നേഹസൗഹൃദം..!

സ്വപ്നസൗഖ്യം ഹൃദയസാന്ദ്രം..!

കാലം കാക്കുമീ സ്നേഹസഞ്ചാരം

കതിരു പോൽ കനമാർന്നിടട്ടെ..!

കൃഷ്ണാർജ്ജുനന്മാരായി വിളങ്ങട്ടെ മിത്രങ്ങൾ എക്കാലവും..!

സൗഹൃദത്തിൽ വയലിൽ നന്മക്കതിരു കൊയ്ത് കാലം ചിരിക്കട്ടെ..!

തംബുരു മീട്ടട്ടെ.., സ്നേഹവീണകൾ 

പാടട്ടെ, നന്മയുടെ സൗഹൃദഗാഥകൾ..! കൃഷ്ണകുചേലന്മാരായി

സമകാലകഥകൾ പങ്കുവെക്കട്ടെ..!

ശ്രേഷ്ഠമാം സൗഹൃദം

എഴുതിടട്ടെ പുതു സ്നേഹഗാഥകൾ..!

കാലം കരുതിവെക്കട്ടെ,

പുതുസൗഹൃദസമവാക്യങ്ങളെന്നും

കാതലുറക്കട്ടെ, വടവൃക്ഷമാകട്ടെ 

എന്നുമീ നന്മയുടെ സൗഹൃദപ്പൂമരം..!

                          - ശുഭ കൊടക്കാട് CNNBHS

Thursday, December 17, 2020

ഹരിദാസ് കൊടകര

 

ഗ്രാമചത്വരം

കണ്ടുകണ്ടിരിക്കിലും

ഓരോ കാഴ്ചയും

വിധി വിസ്മയം

ഗ്രാമചത്വരം മുറ്റത്ത്


പ്രായപൂർത്തി

പരിപാകം

മനുഷ്യനെ

വിധിവാദത്തിനായ്

കൈമാറുന്ന നീതി


നിത്യത

തത്രപ്പാടിന്റെ

കൂട്ടുഗണിതം

പരാന്ന ദൃശ്യത

മിഴിദൂരങ്ങൾ


കാരുണ്യമെല്ലാം ദയാർഹം

മാനവീയം

വേട്ടക്കാരനുമുന്നിലെ

ഇരമനസ്സ്


ഇരിക്കാൻ

നില്ക്കാൻ

കിടക്കാനാകാതെ

തിരയും മോചനം

ദുഖം ആമനസ്യം

ഐഹികം വ്യഥ

വാദനിരർത്ഥം

മൺപകലുകൾ

നിർജീവനം തുടർചിന്ത്

കടൽകാവുകൾ പിൻദൂരം

കലിദിനം ബീജഗണിതം

മൂലകാണ്ഡങ്ങൾ ധർമ്മി


ജീവനും കാലവും

സമാന്തരങ്ങൾ

ജീവനെ കാലമെന്നും

പ്രാണനെന്നും പറയാം

സമാന്തരങ്ങൾ

സന്ധിയാകുന്നിടം

കാലം ചെയ്യൽ

ഇത്തരുണത്തിൽ

മരണം സ്വാഭാവികം

മെരുക്കപ്പെടേണ്ടതും


നിലനില്ക്കാൻ വിളി

നിലവിളി

പിൻവിളി

വിട്ടുവീഴ്ചക്കല്ല

പൊറുക്കലിനുമല്ല 

ഗ്രാമചത്വരം പാതകൾ

തീരുന്ന സുചിക

ഭസ്മാന്തം ശരീരം

മസ്തിഷ്ക്കരൗദ്രവും

തീക്കനൽ സുഷുമ്നയും

ദിഗ്ദിശാ മൗനമായ്

എരിഞ്ഞടങ്ങുന്നതും

കൺകണ്ടിറങ്ങുക

കൺനിഴലാകുക

             - ഹരിദാസ് കൊടകര

Sunday, December 13, 2020

ശുഭ കൊടക്കാട്

 

മാനസായനം

മനസ്സാം പാൽക്കടൽ കറുത്ത അക്ഷരങ്ങൾ കടഞ്ഞെടുക്കുന്നു..!

പിന്നീടവയെ തിരമാലകൾ പുൽകി വെളുപ്പിക്കുന്നു..!

കറുപ്പിൻ്റെ തീക്ഷ്ണത മേഘം കൊണ്ടുപോയി മഴയായ് പെയ്യിക്കുന്നു ..!

അത് വാക്കുകളുടെ ആനന്ദനടനം..!

വീണ്ടും കടൽ കറുക്കുമ്പോൾ അക്ഷരം വാക്കുകളാകും..!

വാക്കുകൾ വെളുത്ത് കവിതയായ് പുനർജ്ജനിക്കും..!

മനസ്സെന്ന കടൽ കാറും കോളും നിറഞ്ഞലറുമ്പോൾ നീ വെളുക്കേ ചിരിക്കയാണല്ലോ..!

നിനക്കറിയില്ലല്ലോ കടലിൽ മുങ്ങിക്കുളിച്ച് കരകയറി വരുന്ന കവിതയുടെ വേദന..!!

മനസ്സ്, മാന്ത്രിക കുതിരയെ പൂട്ടിയ തേരിൽ തീർത്ഥായനത്തിലായത് എപ്പോഴാവാം..!?

കാറ്റിനോടും കടലിനോടും ആകാശത്തോടും മനസ്സ് മന്ത്രിക്കുന്നത് അതു തന്നെയാവാം..!നമുക്കീ മാനസയാത്രയെ പലയിടങ്ങളിലേക്കുള്ള തീർത്ഥായനമാക്കാം..!

അതിൻവിചാരലോകം വിസ്തൃതമാകും വരെ..!!

                              - ശുഭ കൊടക്കാട്, തൃശൂർ

Thursday, December 10, 2020

സുധീർ


യാത്ര

ഒരു യാത്രപോകണ

മലഞ്ഞകാലത്തിൻ്റെ

യലിയാത്തയോർമ്മൾ പങ്കുവെക്കാൻ....


മിഥുനമാസത്തിലെ

ഇടമഴച്ചാറ്റലും

പൊന്നിളംവെയിലിൻ്റെ

ചന്ദനം പൂശലും


വീഥിയിൽ വിസ്മയം

തീർക്കട്ടെ പ്രണയത്തി നായുസ്സനന്തമാം

ജാലകക്കാഴ്ചകൾ...


മഞ്ഞുരുകുന്ന

മനസ്സിൻ്റെതാഴ്‌വ

ക്കൊത്തനടുവിലായ്

താമരപ്പൊയ്കകൾ


അതിലുള്ളതോണിതൻ സ്വച്ഛഗമനങ്ങ

ളാത്മാവിൽ ശാന്തിതൻ

കളഭം നിറക്കണം


കുളിരിൻ്റെയൂഷ്മാവിൽ

കമ്പളം പൂകണം

സൗഗന്ധികങ്ങൾ

നമുക്കായ് വിരിയണം...

                                - സുധീർ

Monday, December 7, 2020

ഇ സുമതിക്കുട്ടി

 

നേരത്തിനും പറയാനുണ്ട് !

നേരമില്ലൊന്നിനും നേരമില്ലെന്നു നീ

ചൊല്ലുന്നിതെപ്പോഴും വായ്ത്താരിയായ് ...

നേരമെനിക്കും നിനക്കുമൊരു പോലെ

നേരോടെയല്ലയോ തന്ന തീശൻ?


പരനെ ദുഷിച്ചുമൊളിനോട്ടമെയ്തും

വെറുതെ പഴിച്ചു കളഞ്ഞിടാതെ

വേണം നിയതമായ് കർത്തവ്യ ബോധവും

കാണണം അദ്യൈവ ചെയ്തിടേണം!


അന്യോപകാരങ്ങളാചരിച്ചീടു നീ

'ആനക്കാര്യ'മായ് കണ്ടിടാതെ ,

കനമെഴും പാറകളാദ്യം നിറയ്ക്കാം

കനവിൽ തരികളും ചേരുമല്ലോ


ചരടറ്റ പട്ടമായ് ചെളിയിൽ പതിക്കാതെ

അതിരെഴാ വാനിൻ്റെ മേലാപ്പിലായ് -

ചേക്കേറുവാൻ പറക്ക നീ മനമതിൽ

ഊക്കോടെ സിദ്ധിയായ് സാധനയാൽ!


നേരമില്ലെന്നിനി ചൊല്ലുവാനാകില്ല,

നേരോടെയെന്നും വിജയിക്ക നീ ...

                                 - ഇ. സുമതിക്കുട്ടി

പി ബി രമാദേവി


ആർട്ട് ഗ്യാലറി

നിങ്ങളിപ്പോൾ ആർട്ട് ഗ്യാലറിയിലല്ലെ

ഒന്ന് സൂക്ഷിച്ച് നോക്കൂ

അവ വെറും ചിത്രങ്ങളല്ല

ജീവൻ്റെ തുടിപ്പുകളാണ്.


പ്രതീക്ഷയുടെ ബലൂണിൽ

സൂചികൊണ്ടതറിയാതെ

പടിക്കലേക്കെറിഞ്ഞ

നാലു കണ്ണുകൾ കാണാം.


മോർച്ചറിയിൽ

മരുന്ന് വാങ്ങാൻ പോയ

മകനെ കാത്തു കിടക്കും

അകക്കണ്ണുകൾ കാണാം.


കുഞ്ഞിക്കാലിനായി

പിളർത്തി മലർത്തിയ

കിളുന്തു നെഞ്ചിൽ

പിടയ്ക്കുന്ന കരൾ കാണാം.


കുന്നിൻ ചെരുവിൽ

കളിക്കൂട്ടുകാരിയെ തെരയുന്ന

കുട്ടിക്കുതിരകളുടെ

പകച്ച കണ്ണുകൾ കാണാം.


ജനലഴികളിൽ 

തൂങ്ങിക്കിടക്കുന്ന കയറിൽ

പെൺപൂക്കളുടെ

കഴുത്തിലെ വിയർപ്പുകാണാം.


ആമ്പുലൻസിൻ്റെ മൂലയിൽ

വില്ലൊടിഞ്ഞൊരു കുഞ്ഞിക്കുട

നനഞ്ഞിരിക്കുന്നതു

കാണാം.


ആതുരാലയ അകത്തളങ്ങളിൽ

കച്ചവടത്തിൻ്റെ  കഥ പറഞ്ഞിരിക്കുന്ന

അവയവങ്ങളെ കാണാം.


കണ്ണേ, എല്ലാം കണ്ട്

കയ്യും വീശി മടങ്ങരുത്

അനീതിയുടെ തായ്‌വേര് 

തേടിപ്പിടിച്ച് അറുക്കണം.


ഇനിയൊരു മുള 

പൊട്ടാത്ത വിധം

കത്തിച്ച് ചാമ്പലാക്കണം.

                      - പി.ബി.രമാദേവി

Saturday, December 5, 2020

ശുഭ കൊടക്കാട്

 

കളവിൻ്റെ ജാതകം

കളവിൻ്റെ ജാതകം തിരയാൻ നാമാരുമല്ല; എങ്കിലും

കളവിൻ്റെ ജനിതകമാറ്റം

ഒറ്റുകാരൻ്റെ വേദാന്തമാകുന്നു..!

അത് ചിലപ്പോൾ യൂദാസിൻ്റെ സുവിശേഷം പോലെ  ജാരൻ്റെ കുമ്പസാരവുമാകാം..!

നിഷിദ്ധ സ്വർഗ്ഗം പോലെ അത് നിഷ്ഠൂര നരകവുമാകാം..!

കളവിന് ശിക്ഷ വിധിക്കുന്നതാര്?

ധർമ്മപുത്രരോ..? ശ്രീകൃഷ്ണനോ..?

കളവ് പിടിക്കപ്പെടുമ്പോൾ നീ ദ്രോണരെ വധിച്ച ധൃഷ്ടദ്യുമ്നനാകും..!

ചോരശാസ്ത്രം അങ്ങനെ ചോര ചിന്തുന്ന ശാസ്ത്രമാകും..!

ധർമ്മാധർമ്മങ്ങൾ പുലരാൻ പലപ്പോഴും കള്ളം അനിവാര്യമാകാം..!

എന്നാൽ കൊള്ളമുതൽ

തൻ്റേതെന്ന് സ്ഥാപിക്കാനുള്ള കള്ളന്യായീകരണങ്ങളുടെ രീതിശാസ്ത്രം നാമിപ്പോൾ

പതിവായി കാണുകയല്ലേ..! 

തസ്ക്കരഭാഷ്യം ഇന്നത്തെ

ആചാരമായി ഭവിക്കുമോ..?

തർക്കവിതർക്കങ്ങൾക്കൊടുവിൽ 

നീ സർവ്വജ്ഞപീഠം കയറിയേക്കാം..!

ആർക്ക് വേണ്ടി..?എന്തിനു വേണ്ടി..?

                           -  ശുഭ കൊടക്കാട്, CNNBHS.

Tuesday, December 1, 2020

ഹരിദാസ് കൊടകര

 

നദീവേശം

ഇലതഴപ്പിൽ

തെന്നലായോ

വന്നതിന്നെൻ

മൂർത്ത ഭൂപാളം


ദുർനിമിത്തം

തൊലികളഞ്ഞു

മൃഷ്ടമന്നം

കറിവിളമ്പി

പൂരമാറാടി


എല്ലുരുക്കി

തോലുകെട്ടി

ചെണ്ടകൊട്ടി

മുയലുപേടിച്ചോ


പങ്കുചേരുക

പങ്കുപറ്റുക

കാട്ടുലേലത്തിൽ

ആനവഴികൾ

കൂട്ടുലേലം

വാറ്റുചെമ്പിൽ

നദീവേര്

ചത്തപാമ്പുകൾ

വീര്യമേകാൻ

തുമ്പിമുട്ട


വെയിൽ വിതയാൻ

ഉൾവയലുകൾ

ശീതമണ്ണിൽ

മഞ്ഞുമൗനം

ധ്യാനവൃക്ഷം

കാടനക്കം


തൊഴിലിനും

തൊഴിലാളനും

കതിർവളം

കപടന്റെ കള്ളം

കഥ കവിതകൾ

പൊയ്മുഖം

സ്വപ്നസൗഭഗം

പാഴ്കണ്ണേറുകൾ

ഇലതൂർന്ന്

വേരറ്റ വൃക്ഷം


പരാന്നരാഗിലം

മൃതിരേതസ്സ്

പ്രജനനപ്പിച്ച

ഇഴയകലം

ദേഹഭാരം

നദീവേശം

                   - ഹരിദാസ് കൊടകര


Monday, November 30, 2020

ശ്രീദേവി

 

ഹൃദയരാഗം 

ട്രെയിൻ്റെ താളത്തിനൊത്ത് ശരീരം ഉലയവേ എൻ്റെ മനസ്സ് അങ്ങ് ദൂരെ അച്ചേച്ചിക്കടുത്തായിരുന്നു. വെളളതുണിയിൽ മൂടിപുതച്ച് കിടത്തിയിരിക്കയാണ് ആ ശരീരം.ഇനിയൊരു ദുഖവും സഹിക്കാൻ  ആ ശരീരം ഈ ഭൂമിയിലില്ലെന്ന തിരിച്ചറിവ് ഇന്നെന്നെ ഏറെ വേദനിപ്പിക്കുന്ന  ഓർമ്മയാണത്.

എൻ്റെ അച്ചേച്ചി..

എന്നോ മനസ്സിൽ പതിഞ്ഞ മയിൽപീലി നിറമുളള ഒരോർമ്മ. ഒരു എട്ടാം ക്ലാസ്സുകാരൻറ മനസ്സിൽ  പതിഞ്ഞ ആദ്യ പ്രണയം..

അതെ കുട്ടികാലത്തെങ്ങോ മനസ്സിലും ശരീരത്തിലും സ്പർശിച്ച ചന്ദനഗന്ധം നിറഞ്ഞ ഒരു സ്ത്രീ സ്വപ്നം..അതായിരുന്നു അശ്വതി എന്ന അച്ചേച്ചി എനിക്ക്...

അയൽ വീട്ടിലെ സുന്ദരി പെൺകുട്ടിയോട് തോന്നിയ ആരാധനയായിരുന്നില്ല അത്. മരണത്തിൻറ നിലയില്ലാ കയത്തിലേക്ക് ആഴ്ന്നുപോകവെ ഒപ്പം ചാടി രക്ഷിച്ച പത്താം ക്ലാസ്സുകാരിയെ അന്നായിരുന്നു സ്നേഹിച്ചു തുടങ്ങിയത്. 

"പോകല്ലേ കണ്ണാ..നീ പോയാൽ അച്ചേച്ചിക്കാരൂല്ല" എന്ന വിലാപം ഇന്നും കാതിലുണ്ട്. നെഞ്ചിലും വയററിലും അമർത്തി തടവി നിൽക്കാൻ പോയ ശ്വാസത്തെ ചുണ്ടോട് ചുണ്ട് ചേർത്ത് ഊതിതന്ന് നനഞ്ഞ് മരവിച്ച ശരീരത്തിന് സ്വന്തം ശരീരത്തിലെ ചൂട്പകർന്നു തന്ന് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നപ്പോൾ ആ ശ്വാസം മാത്രമല്ല ഹൃദയവും എനിക്കാണെന്ന് ഞാൻ വിശ്വസിച്ചു.

മരണം ഒരു ദുസ്വപ്നം പോലെ  ഉളളിൽ കടക്കവേ ഞാൻ പോയാൽ ഒററക്കാവുന്ന അച്ചേച്ചി എന്നിൽ ജീവിക്കാനുളള ഊർജ്ജമായി.

കണ്ണ് തുറക്കുമ്പോൾ നനഞ്ഞൊട്ടിയ ശരീരവുമായീ കരയുന്ന എന്നെ ജീവിപ്പിക്കാൻ ശ്രമിക്കുന്ന അച്ചേച്ചിയെയാണ് ഞാൻ കാണൂന്നത്. ഒരിക്കലും ഒരുപെൺശരീരത്തെ ഇത്ര അടുത്ത് ഞാൻ കണ്ടിട്ടില്ല..

 എനിക്ക് വേണ്ടി കരയുന്ന ആ പത്താം ക്ലാസ്സുകാരി അങ്ങിനെ എൻ്റെ മനസ്സിലേക്ക് കടന്നുവന്നു.

പിന്നീടങ്ങോട്ട് അവർ അരികിൽ വരുമ്പോഴെല്ലാം ഒരു വസന്തകാലം ഉളളിൽ നിറയുന്നതു പോലെ ഞാൻ സന്തോഷിച്ചു. 

ഒരിക്കൽ ഞാൻ ചോദിച്ചു 

"എന്തിനാണ് ഞാൻ പോയാൽ ആരൂല്ല എന്ന് പറഞ്ഞ് കരഞ്ഞതെന്ന്. അത്രക്കിഷ്ടമാണോ എന്നോടെന്ന്.. "

ഒരുത്തരവും പറയാതെ എൻ്റെ നെററിയിൽ ചുംബിച്ച ആ ചുണ്ടുകളുടെ സ്നിഗ്ദത ഇന്നും  ഓർമ്മയിലുണ്ട്.

ഞാൻ വളരുന്നതിനോടൊപ്പം വളരുകയായിരുന്നു ആ ഇഷ്ടവും. മറ്റൊരു പെൺകുട്ടിക്കും എന്നെ സ്വാധീനിക്കാൻ ഇന്നുവരെ കഴിഞ്ഞിട്ടില്ല..

അച്ഛൻ്റേയും രണ്ടാനമ്മയുടേയും സംരക്ഷണയിൽ കഴിയുന്ന അച്ചേച്ചിക്ക് അന്നും സ്വപ്നങ്ങളില്ലായിരുന്നു.മററുളളവർ പറയുന്നതനുസരിക്കുന്ന ഒരു പാവമായിരുന്നു അവർ. +2 വരെ മാത്രമേ പഠനത്തിൽ മിടുക്കിയായിട്ടും അവർക്ക് പഠിക്കാനായുളളൂ. ഒരു കണ്ണീർത്തുളളി പോലെ യായീരുന്നു ആ ജന്മവും ജീവിതവും..

ഒരിക്കൽ ഒരു ഡിഗ്രിക്കാരൻ ചോദിക്കാൻ പാടില്ലാത്ത ചോദ്യമായിട്ടും ആ കഷ്ടപ്പാട് കണ്ട് ചോദിച്ചുപോയി..

"എൻ്റെ കൂടെ വീട്ടിലേക്ക് വരാമോ എന്ന്..എനിക്ക് അത്രക്ക് ഇഷ്ടമാണെന്ന്.. "

"കണ്ണൻ നല്ലവനാ. ആ ജീവിതം അച്ചേച്ചിയുടെ പേരിൽ നശിപ്പിക്കരുത്. പഠിച്ച് ഒരുപാട് വലിയവനാകുമ്പോൾ ഓർക്കണം എന്നെ..അതിലപ്പുറം ഒന്നും ആ മനസ്സിൽ അരുത്... "

കണ്ണീരോടെ അതായിരുന്നു മറുപടി...

സ്വയം വേദനിക്കുമ്പോഴും ആരെയും വേദനിപ്പിക്കാൻ ആഗ്രഹിക്കാത്ത നന്മ... അതായിരുന്നു എനിക്ക് അച്ചേച്ചി.

ഒരുതരം വാശിയോടെയാണ് ഞാനവരെ മനസ്സിൽ സൂക്ഷിച്ചത്..എന്നേക്കാൾ മുതിർന്ന അവരെ സ്നേഹിക്കുന്നത് തെററാണെന്ന് ഒരിക്കലും മനസ്സിൽ തോന്നിയില്ല. ഈഓരോ ക്ലാസ്സിലും ഒന്നാമനായി ഞാൻ മുന്നേറുമ്പോൾ മററാരേക്കാളുമധികം സന്തോഷിച്ചത് അവരായിരുന്നു.

.അവർക്ക് വരുന്ന ഓരോ വിവാഹവും മുടങ്ങിയത് അറിയുമ്പോൾ  എത്രയോ സന്തോഷിച്ചിരുന്നു ഞാൻ. 24 വയസ്സിലും എൻ്റെ മനസ്സിൽ അവരാ 15 കാരിയായിരുന്നു.

ഒരു ഓഫീസിൽ തത്കാലികമായി ഒരു ജോലി തരപ്പെട്ടപ്പോൾ ഒരിക്കൽ കൂടി ഞാനാവശ്യപ്പെട്ടു, ഒപ്പം വരാൻ. അല്ല കരഞ്ഞ് കാലുപിടിക്കയായിരുന്നു  മറക്കാൻ കഴിയാത്ത വല്ലാത്തൊരവസ്ഥയിലായിരുന്നു മനസ്സ്.. 

"ഇല്ല കണ്ണാ പാപജാതകക്കാരിയായ ഞാൻ ആ ജീവിതത്തിലേക്കില്ല. ഒരുപാടിഷ്ടമാണ് പക്ഷേ...വേണ്ട.. ഈ ജന്മം ഇങ്ങിനെ തീരട്ടെ.. ജനനത്തോടെ അമ്മയുടെ മരണത്തിന് കാരണക്കാരിയായ ഞാൻ മൂലം എൻറ കണ്ണൻ കൂടി..വയ്യ അതോർക്കാൻ... എവിടെയായാലും ജീവനോടെ ഉണ്ടെന്ന അറിവ് മതി എനിക്ക് ജീവിക്കാൻ.." അതായിരുന്നു മറുപടി.. 

എങ്കിലും നിരാശ്ശനായില്ല ഞാൻ..പിടിച്ചു വാങ്ങലല്ലായിരുന്നു എനിക്കാവശ്യം.. എന്നെങ്കിലുമോരിക്കൽ അച്ചേച്ചി എന്നെ  തേടി വരുമെന്ന് ഉറച്ചു വിശ്വസിച്ചു ഞാൻ. 

പക്ഷേ... കാത്തിരിപ്പിനൊടുവിൽ ഏറെ വേദനയോടെ ഞാനറിഞ്ഞു അവർ മറ്റൊരു പാപജാതകക്കാരൻറ വധു ആകുകയാണെന്ന്..

ഗൾഫിലേക്ക് ഒരു ചാൻസ് വന്ന സമയത്തായിരുന്നു അത്.. ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞാനാ അരികിലെത്തി.

 "പോവ്വ്വാലെ..എന്നെവിട്ട്..എന്റെ സ്നേഹം കണ്ടില്ലാന്ന് നടിച്ച്.. എനിക്ക് പക്ഷേ മറക്കാനാവുന്നില്ലല്ലോ.  ജീവിതമായാലും മരണമായാലും ഒന്നിച്ചെന്ന് കരുതി വന്നൂടെ എൻ്റെ കൂടെ " ആ വിരലുകളെ പിടിച്ച എൻ്റെ കൈകൾ  അടർത്തിമാററി എന്നെ മുറുകെ ചേർത്തണച്ചു അവർ.. ആ ഹൃദയം കരയുന്നത് എനിക്ക് കേൾക്കാമായിരുന്നു.

"ഈ ലോകത്ത് എന്നെ സ്നേഹിക്കുന്ന ഞാൻ സ്നേഹിക്കുന്ന കണ്ണൻ ഉണ്ടാകണം.. ചില സ്നേഹങ്ങൾ  അങ്ങിനേയാകുട്ടീ..

ഒരിക്കലും ഒന്നിക്കാനാകാതെ.. രണ്ട് സമാന്തര രേഖ പോലെ.  ഈ ജന്മം..ഇതിങ്ങനെ തീരട്ടെ...ഇനിയൊരിക്കലും നമ്മൾ കാണില്ല... ഇനിയെനിക്ക് കാണാൻ വയ്യ  ഈ മുഖം.. "

 നെറുകയിൽ ചുംബിച്ച് എന്നെ അടർത്തിമാററി നേർത്ത നിലാവിലൂടെ അവർ നടന്നകന്നു. മാംസനിബദ്ധമല്ലാത്ത ഞങ്ങളുടെ സ്നേഹം  ആ ചന്ദ്രപ്രഭയിൽ വീണ് ഹൃദയം തകർന്ന് കരഞ്ഞു..

പിന്നെ ഞാനവരെ കണ്ടിട്ടില്ല. ഒന്നെനിക്കറിയാം എവിടെയായിരുന്നാലും ആ ഹൃദയം എനിക്കായി പ്രാർത്ഥിച്ചിരുന്നെന്ന്. എൻറ നന്മ ആഗ്രഹിച്ചിരുന്നെന്ന്...

പക്ഷേ എന്തേ എന്റെ പ്രാർത്ഥനകൾ മാത്രം വിഫലമായത്...

ഞാനെന്നും പ്രാർത്ഥിച്ചിരുന്നത് അവർക്കുവേണ്ടിയായിരുന്നല്ലോ..എൻറ അച്ചേച്ചിയുടെ നല്ല ജീവിതത്തിനു വേണ്ടി...എന്നിട്ടും..

ആഗ്രഹിച്ച പോലൊരു ജീവിതമല്ല അവർക്കു കിട്ടിയത്. സംശയ രോഗിയും മദ്യപനുമായ  ആ മനുഷ്യന് തല്ലിയുടക്കാൻ കിട്ടിയ വെൺ ശംഖ് ആയിരുന്നു ആ ജന്മം.ഭാരമൊഴിവാക്കാൻ ശ്രമിച്ചവർക്കു മുന്നിൽ നിശബ്ദം നിന്നുകൊടുത്ണ ജീവിതം. കണ്ണീരിൽ ഉരുകി ഇല്ലാതാകുമ്പോൾ ആ മനസ്സ് കൊതിച്ചിരുന്നൊ എന്നെയൊന്ന് കാണാൻ.. അറിയില്ല ..

ആ മരണത്തിന് രണ്ടുദിവസം മുമ്പാണ് ആദ്യലീവിന് നാട്ടിലെത്തിയത്..

കാണാൻ ആഗ്രഹിച്ചിരുന്നു.പക്ഷേ പലരും പറഞ്ഞറിഞ്ഞ ആ രൂപം കാണാൻ വയ്യായിരുന്നു..

ഒരു ഷോക്കായിരുന്നു അച്ചേച്ചിയുടെ മരണം.സ്വയം ഇല്ലാതായി പോയെന്ന് തോന്നിയ നിമിഷം. ആരുമറിയാതെ മനസ്സിൻറ ഉളളറയിൽ സൂക്ഷിച്ച ഒരു തുളസിക്കതിരായിരുന്നു ആ ഓർമ്മ..വിശുദ്ധിയുടെ ഒരുനിലാതുണ്ട്...എന്നിട്ടും..

ലീവ് ക്യാൻസലാക്കി മടങ്ങുമ്പോൾ വീട്ടുകാരോട് പറയാൻ ഒരു കളളവും കിട്ടിയില്ല... അമ്മയുടെ കരച്ചിൽ അവഗണിച്ച് നടക്കുമ്പോൾ ഉളളം ഉരുകുകയായിരുന്നു. കരിന്തിരി പോലെ തോന്നിച്ച ആ രൂപത്തിൻ്റെ ഓർമ്മ എത്ര ശ്രമിച്ചിട്ടും ഉളളിൽ നിന്ന് മായുന്നില്ല..

ഒരുപാട് സ്നേഹിച്ച്..ഒരുമിക്കാനാകാതെ..എത്ര ജന്മങ്ങൾക്കപ്പുറമാണ് ഇനിയൊന്ന് കാണുക. ഈ ജന്മം ഇനിയാ നനവാർന്നചിരി കാണാനാകില്ല.. ഓർക്കുമ്പോൾ ഹൃദയം തകരുന്ന നൊമ്പരം..

എല്ലാം മറക്കാൻ ഒന്നുറങ്ങാൻ ആഗ്രഹിച്ചെങ്കിലും ഒന്നിനും കഴിയാതെ സ്വയം തകർന്ന് ഇരിക്കാനെ എനിക്കായുളളൂ...

                                    - ശ്രീദേവി സുനിൽ 


Sunday, November 29, 2020

ശുഭ കൊടക്കാട്

 

വിശപ്പ്

വിശപ്പ് ഇരുതലമൂരിയാണ് !

ഇന്നലെകളിലെ വിശപ്പല്ല

ഇന്ന്, ഇടറുന്ന മനസ്സിൽ,

വരണ്ട തൊണ്ടയിൽ 

ഒരിറ്റ് ദാഹജലത്തിന്

 ആത്മാവ് ദാഹിക്കുമ്പോൾ

വിശപ്പ് ആത്മാവിനുമുണ്ട്..!

ദൈവങ്ങളും പിതൃക്കളും ഒരേ പന്തിയിലിരുന്നുണ്ണുകയാണിപ്പോൾ..!

വിശപ്പിൻ്റെ ചുക്കിച്ചുളിഞ്ഞ മുഖത്തെ മാറാല  തട്ടിക്കളഞ്ഞപ്പോൾ തട്ടകത്തെ മച്ചിലിരുന്ന് ഗൗളി ചിലച്ചു ..!

വിശപ്പ് പ്രണയവും പ്രളയവുമാണ്..!

ഒരുമിച്ച് കൈകോർത്ത് നടക്കും

തെക്കിനിയിലും ചായ്പ്പിലും അതിൻ്റെ

മെതിയടി ശബ്ദം കേൾക്കാം..!

കഞ്ഞി കുടിച്ച്, കൈ നിലത്തു കുത്തി എഴുന്നേൽക്കുന്ന ഏമ്പക്കം ഞാൻ തിരിച്ചറിയുകയാണ്..!

വിശപ്പിൻ്റെ ശ്ലഥചിത്രങ്ങൾ നാലുകെട്ടിൽ ഇപ്പോഴും കാണാം..!

മൂകമാം അകത്തളങ്ങളിൽ ആത്തേമ്മമാരുടെ നെടുവീർപ്പുകൾ 

എനിക്കിപ്പോഴും കേൾക്കാം..!

വിശപ്പിൻ്റെ ആഴമളക്കാം..!

വിശപ്പ് എന്നും ഒരു കെടാവിളക്കാണ്..!

അണയാത്ത തിരിയാണ്..!

 അതേ സമയം തിരിമുറിയാത്ത ഇടവപ്പാതിയുമാണ് ..!

വിശപ്പ്, പോർവിളിയുടെ

 പോരാട്ടവും പടയോട്ടവുമാണ്..!

ചരിത്രത്താളിൽ  മന്ത്രമുഖരിതവുമാണ്..!

വിശപ്പിന് അകം, പുറം തിരിവുകളില്ല..! മതിഭ്രമങ്ങളുടെ വിസ്തൃതാകാശമാണത്..!

അറിവും അലിവുമാണത്..!

അസ്തിയിലും ആസ്തിയിലും അത് അള്ളിപ്പിടിച്ചിരിക്കും..!

വിശപ്പ് ഒരു ആഗോള സത്യവും വ്യഥയുമാണ് ..!

അത്, ഒരേ സമയം സർഗ്ഗാത്മകതയുടെ വേണുഗാനവും ഓങ്കാരവുമാണ് ..!

വിശപ്പേ, നീ സാക്ഷിയും പ്രതിയും വക്കീലും ജഡ്ജിയുമാണ്..!

വാദമുഖങ്ങളിൽ തീപ്പന്തമാണ്, ഒരായുഷ്ക്കാല ദാനവും ദൈന്യവുമാണ്..!

 കാലം സാക്ഷി..! സൂര്യചന്ദ്രന്മാർ, ദേവകൾ, പഞ്ചഭൂതങ്ങൾ സാക്ഷി..!!

                 - ശുഭ കൊടക്കാട് (സുഭദ്ര)                                                 CNNBHS, ചേർപ്പ്, തൃശൂർ                

Thursday, November 26, 2020

ഷാജു കളപ്പുരയ്ക്കൽ

 

ഒന്നിനുമില്ലൊരു നിശ്ചയം

ഒന്നിനുമില്ലൊരു നിശ്ചയം...

കാണാനൊരു പുലരി 

നാളെയുദിക്കുമോയെന്നു പോലും.


അക്ഷരം വിഴുങ്ങി ആത്മഹത്യ ചെയ്യുവാൻ

നിന്റെയൊരു നാലുവരി കവിതയെനിക്കു വേണം.


വാക്കെടുത്തു വാളാക്കി എന്റെ ഗളഛേദത്തിനായി

നിന്റെ കഥയിലൊന്നിന്റെ ഖണ്ഡിക നീയെനിക്കു പകുത്തു തരിക.


വായനയൊതുക്കി, വാലും ചുരുട്ടി,  വാചകങ്ങളെത്തായിടത്തേക്കോടിയൊളിക്കാൻ

നിന്റെയൊരാസ്വാദനകുറിപ്പെനിക്കനുവദിക്കുക.


ആരുമേ,  ഇങ്ങനൊന്നുമേയല്ലെഴുത്തെന്നറിഞ്ഞെഴുതിത്തെളിയാൻ, 

നീയൊരുപാടു വരച്ച്  പശ്ചാത്തലമൊരുക്കുക.


അറിയുന്ന സ്നേഹങ്ങള്‍

കളംതിരിച്ച് അടയാളപ്പെടുത്തി 

അറിയാത്ത ലോകത്ത് 

ഒറ്റപ്പെട്ടിങ്ങനെ എനിക്കിനിയുമെത്ര നാള്‍....

ഒന്നിനുമില്ലൊരു നിശ്ചയം.

            - ഷാജു കളപ്പുരയ്ക്കൽ



Wednesday, November 25, 2020

സുധീർ


കാൽപന്തിനുള്ളിലെ വായു

ലോകകപ്പിന്നായി

കാൽപന്തുരുളുന്നു

ആർത്തലക്കുന്നാവേശ-

മായിരംകണ്ഠത്തിൽ


വാതുവെക്കുന്നു

വശംവദരാവുന്നു

വീറോടെ ഇഷ്ട്ടർക്കായ് 

വാദം പറയുന്നു


പന്തിന്നുചിത്തത്തിൽ

പാർത്ഥന്റെ സ്ഥാനമായ്

പാതിരയെല്ലാം

പകലുകളാകുന്നു.


ഒരുലോക കപ്പും

കാണുവാനാകാതെ

കാല്പന്തിനുള്ളിൽ

കയറിയ വായു ഞാൻ


ഓരോ അടിയും

പുറത്തു വീഴുന്നേര-

മുണ്ടായിരിക്കാം

ആരവാഘോഷങ്ങൾ!!!


കൃത്യമായെപ്പോഴു

മുള്ളിലടയിരു

ന്നാവേശം പോകാതെ

കാത്തിടേണം


എന്നെങ്കിലുമൊരു

കളി കാണുവാനായാൽ

എന്നൊരുമോഹം

ഉയർന്നു പൊങ്ങുന്നേരം


ഓർമ്മയിൽവന്നെത്തും

പന്തിനെ തന്നുടെ

പ്രാണനെക്കാളും

പ്രിയപ്പെട്ട കൂട്ടരെ


ഉള്ളിലൊതുങ്ങും

പതിവുപോൽ പ്രാർത്ഥിക്കും

സ്വപ്നത്തിൽ കാണും

പുറത്തിറങ്ങുന്ന നാൾ.

                                -  സുധീർ

Tuesday, November 24, 2020

ശുഭ കൊടക്കാട്


 പെണ്ണുല

എരിഞ്ഞു കത്താൻ

വിധിക്കപ്പെട്ടവൾ..!

എരിയാതിരുന്നാൽ എതിർപ്പുകളുണ്ടാവും,

 എതിരിടാൻ ആളുകളും..!

തീപ്പന്തമായി കത്തണം;

തീക്കുണ്ഡമായി എരിയണം!

ആകാശത്തോളം ഉയർന്നാളണം..!

ഉള്ളും പുറവും വേവണം..!

ഉല ചൂടിൽ വെന്തുരുകണം

ഇല്ലെങ്കിൽ, അതിന് ഇന്ധനം

 തൂവാനും ആളുകളുണ്ട്..!

അപവാദച്ചൂടിൽ അകം പുറം വെന്ത് പാകമായോ എന്നും നോക്കും..!

പ്രണയിച്ചാലും, ഇല്ലെന്നറിയിച്ചാലും 

ഉല നിറഞ്ഞു കത്തുകയായി..!

അവസാന യാത്രയിലും കൂടെ എരിയാൻ സ്വന്തം മനസ്സു മാത്രം..! സൂര്യനായ് എന്നുമത് എരിഞ്ഞു കൊണ്ടേയിരിക്കുന്നു..!!

                       - ശുഭ കൊടക്കാട് (സുഭദ്ര)

                         CNNBHS, ചേർപ്പ്, തൃശൂർ.

Sunday, November 22, 2020

ഹരിദാസ് കൊടകര

 

ചിന്താമേഘം

ഭൂമി ചിന്തയാണ് മേഘങ്ങൾ

മണ്ണും മരവും പോലെ

മനുഷ്യനും ചിന്തിക്കുന്നു

ചിന്തകൾ ശരീരിയല്ല

കൺഗോചരവുമല്ല

പെറ്റുവീണ ചിന്തകൾ

തങ്ങിനില്ക്കില്ല

വായുകുമിളയായി

ഉയർന്ന് പൊങ്ങും

വായുപോലെ

നീരാവിപോലെ

വാതപിണ്ഡംപോലെ

അന്തരീക്ഷപാളിയിൽ

വെള്ളിമലരായ്

കൂമ്പാരമായ്

ഘനീഭവിക്കും

തൂവൽകെട്ടുപോലെ

മൂടൽമഞ്ഞുപോലെ

പഞ്ഞിക്കെട്ടുകൾ

മഞ്ഞുപരലുകൾ


മനുഷ്യചിന്തയൊഴികെ

എല്ലാം മേഘവും

മഴയായും മഞ്ഞായും

ഭൂമിയിലേക്ക് തന്നെ

പെയ്തിറങ്ങും

ഇടിയും മഴയുമായി

ചാരവർണ്ണനും നീലനും

കരിമേഘനും

മണ്ണും മരവുമായിത്തന്നെ

തിരിച്ചിറങ്ങും


മാനുഷചിന്തകൾ

ഉയിർമേഘങ്ങൾ

അത്യുന്നതത്തിൽ

പരഗതിയില്ലാതെ

ചിന്താശീർഷങ്ങളായി

താറാവുകൂട്ടംപോലെ

അലഞ്ഞുകൊണ്ടിരിക്കും


പരശ്ശതംകോടി

മാനുഷചിന്താമേഘം

ചേർന്നാൽ

ഒരു അവധൂതദൗത്യം

ഭൂമിയിറങ്ങും

ഉണ്ണാതുറങ്ങാതെ

കുളിനനയില്ലാതെ

കടത്തിണ്ണയിലും

വഴിയമ്പലത്തിലും

വിമലനായ്

അടിപ്പടവുകളിൽ

കപടന്റെ കലാപവും

ചൂണ്ടി നടക്കും

കീറചുമൽകെട്ടിൽ

വെയിലും ശീതവും

അന്നോപേയമാക്കി

പറവപ്പറക്കലിലെ

സമനിലം കണ്ട്

പ്രളയംവരെ

ശോകാതപംപോലെ

മണ്ണടക്കുപോലെ

സംവഹനം കാത്ത്

മനക്കാമ്പിടകളിൽ

ഭൂമിചേർന്നിരിക്കും

ചിന്താമേഘവൃത്തികൾ

                             - ഹരിദാസ് കൊടകര


Saturday, November 21, 2020

അജിത രാജൻ

 

കണ്ണേ മടങ്ങാതിരിക്കുക

മകളേ മെല്ലെത്തലോടി മായ്ക്ക നീ

ചോപ്പുകണ്ട കൈനഖപ്പാടുകൾ!


നീ കൊണ്ട തീച്ചൂളയിൽ നന്നായ്

തേച്ചുമിനുക്ക മനക്കരുത്ത്...


പോർച്ചട്ടയൊന്നു തുന്നിത്തരുമച്ഛൻ

അന്ധയോ ബധിര യോയാകേണ്ടതില്ല നീ


തടയണയൊന്നു തീർക്കണം നിത്യമായ്

അശ്രുപ്രവാഹത്തിൻ കുറുകെ നന്നായ്


ഇരുൾവീണ നിൻ സരണിയിലിനിയും

ചൊരിയും നവ കിരണങ്ങളൂർജ്ജമായി...


കണ്ണേ മടങ്ങാതിരിക്കുകയോമനേ

കൊടിമരത്തുഞ്ചത്തെ കൊടിക്കൂറയാകണ്ടേ...


നെറികേടിൻ വന്മരച്ചില്ലയിൽ ചെല്ലണം

ചെത്തിയെറിയണം ചില്ലകളോരോന്നും


ജ്വലിക്കണം നിൻ മഷിയിട്ട കണ്ണുകൾ

കരുത്തു നിറയ്ക്കണം വളയിട്ട കൈകളിൽ...


കാലത്തിന്നധരത്തിൽ വിടരും പൂക്കളിൽ

ഒന്നു നിനക്കുള്ളതാക്കണം മടിയാതെ


ഇന്നലെ,യിന്നും നാളെയും പുലരും 

ഉണ്മയെ; ഉൾപ്പേറും 

സത്യമാകണം നീ..

                                         - അജിത രാജൻ

Friday, November 20, 2020

ശുഭ കൊടക്കാട്


കടലാഴം 

പ്രണയം കടലാണ്,

തിര അടിച്ചു കൊണ്ടേയിരിക്കും!

അത് കടലാഴം അളക്കാൻ ശ്രമിക്കും..! 

അടിത്തട്ടിലെത്താൻ പാടുപെടും..!

എത്തിയാലോ..

പ്രക്ഷുബ്ദമാവാൻ മനസ്സ് വെമ്പും..!

ചിലപ്പോൾ സുനാമിയായെന്നും വരും..!

അപ്പോഴും പിടി വിടരുത്,

 വ്യാകുലതകൾ ആരും

കാണരുത്; അറിയരുത്..!

ഉള്ളിൽ താഴിട്ട് പൂട്ടിവെക്കണം..!

ആകാശം ഭൂമിയെ തൊടുന്ന

മഴനൂലായ് ഇണപിരിയാതെ കടലിൽ പതിക്കണം; കടലാഴങ്ങളിലേക്ക് ഊളിയിട്ട് പവിഴപ്പുറ്റുകൾ തിരയണം..!

പെട്ടെന്ന് കണ്ടെത്താനാവില്ല

ശ്രമം തുടരുമ്പോഴും പിടി വിടരുത്

തിമിംഗലങ്ങൾ, മറ്റു ജലജീവികൾ

തിന്നാനടുത്തേക്കാം..

പിടികൊടുക്കരുത്..!

പ്രണയക്കടലാഴത്തിൽ നിങ്ങളെക്കാത്ത് നിധികുംഭങ്ങളുണ്ടാകും ..!

നിധി കാക്കാൻ നാഗത്താന്മാരുണ്ട്..!

നിധിയെടുത്ത് പൊങ്ങിവരാൻ കഴിഞ്ഞാൽ നിങ്ങൾ 

പുതുവഴി വെട്ടുന്നവരായി

 ചരിത്രം മാറ്റിയെഴുതും..!!

                           - ശുഭ കൊടക്കാട് (സുഭദ്ര)

                              CNNBHS, ചേർപ്പ്, തൃശൂർ

Thursday, November 19, 2020

ദീപ്തി ഭരതൻ


പട്ടാളപ്പെട്ടിയിലെ കണ്ണീർ തുള്ളികൾ 

അപ്പാപ്പന്റെ വരവെന്നുമൊരാഘോഷമായിരുന്നു..

ഉറക്കം തൂങ്ങിയിരുന്ന വല്യപ്പൻതൊട്ട്എല്ലാരും പുതിയ മനുഷ്യരാകും ..

കറുമ്പി ക്കോഴിയിടുന്നമുട്ടകളെല്ലാംഅരിക്കലത്തിൽ ഒളിക്കും ....

അടുപ്പിനു മുകളിൽ  ഈർക്കിലിയിൽവെടിയിറച്ചി തൂങ്ങും.,

ഭൂമിയോളം പഴക്കമുള്ള പാറക്കെട്ടുകൾ നിറഞ്ഞകുന്നിൻചെരുവിലെ കുഞ്ഞു വീട് സന്തോഷത്താൽ തിളങ്ങും....

അപ്പാപ്പനെത്തുന്ന രാത്രി,

ആകാശത്തിലെ നക്ഷത്രങ്ങളെല്ലാംമുറ്റത്തു വന്നു മിന്നും ..

പൊട്ടിച്ചിരികൾക്കിടയിൽ,

അപ്പാപ്പന്റെപെട്ടി അകത്തളത്തിലെ വിശിഷ്ടാതിഥിആകും,

'തൊടരുത്,എന്ന താക്കീതിൽ കൈപലതവണ പിൻവലിക്കപ്പെട്ടു ..

ഒടുവിൽസ്നേഹ സമ്മാനങ്ങൾ അകത്തളത്തു നിരത്തും..

അപ്പാപ്പൻ തിരിച്ചുപോയാൽ ,

മെഴുകുതിരി പോലെ ഉരുകിത്തീരുന്ന വല്യമ്മച്ചിയുടെ കണ്ണുകൾ വീണ്ടും നിറയും.. അവരുടെ വരണ്ട മാറിൽ ഞാനുമെന്റെ കണ്ണീരൊളിപ്പിക്കും....

ഒടുവിലപ്പാപ്പനെത്തുമ്പോൾ ,

ആൾക്കൂട്ടത്തിനു നടുവിൽ,തേങ്ങലിനും  വിതുമ്പലിനുമിടയിൽവലിയ പെട്ടി ഞാൻ കണ്ടു...

സമ്മാനപ്പൊതികളായിരുന്നില്ല അതിൽ..

കണ്ണടച്ച് , ശാന്തമായുറങ്ങുന്ന അപ്പാപ്പൻ തന്നെയായിരുന്നു..

കാൽമുട്ടിൽശിരസ്സ് താഴ്ത്തി കരഞ്ഞപ്പോൾ ഉതിർന്നകണ്ണീർമണികൾപിന്നീടോർമ്മകളായി..

ചൂടും തണുപ്പും  തണലും പകർന്നുമരിച്ചവരുടെ ഓർമകൾ..

നാടുകാക്കുന്നോരുടെ ,ജീവത്യാഗത്തിൻ കണ്ണീരോർമ്മകൾ..

                                      - ദീപ്തി ഭരതൻ

Wednesday, November 18, 2020

ശ്രീദേവി

 

കരിമ്പനയിലെ കാറ്റ്


ഓർക്കുന്നുവോ നിങ്ങൾ പോയ കാലങ്ങളെ,

ഭഗവതിക്കോലങ്ങൾ മുടിയഴിച്ചാടുന്ന 

കാവിലെയമ്മത്തറകളിൽ കുരുതിക്കായ് 

ബലിയാക്കപ്പെട്ടൊരെൻ ആത്മദാഹങ്ങളെ...

ചുടുനിണമുയിർ കൊണ്ട കണ്ണിന്റെ നോവിൽ 

നിന്നൊരു കൊച്ചു സാമ്രാജ്യമടരാടി നേടി ഞാൻ...

കാറ്റു വീശുന്നെന്റെ ചിന്തയിലിപ്പഴും,

ഹുങ്കാര ശബ്ദമായ്   കരിമ്പനപട്ടയിൽ

യക്ഷിയെ പോലവൾ നൃത്തമാടുന്നിതാ..

വാളെടുക്കട്ടെ ഞാൻ സ്തന്യം കൊതിച്ചൊരെൻ 

നാവിലൊരിത്തിരി രുധിരമിറ്റിക്കുവാൻ..

കൊല്ലണമെല്ലും നഖങ്ങളും ബാക്കി വ,

ച്ചവരുടെ മാംസം കടിച്ചുകുടയണം...

യക്ഷി ഞാൻ ഈ ഭൂമിൽ കൊല ചെയ്യപ്പെട്ടൊരാ,

പാവങ്ങളിൽ നിന്നുയിർ കൊണ്ട ശക്തി ഞാൻ..

                                              - ശ്രീദേവി 

Tuesday, November 17, 2020

ഹരിദാസ് കൊടകര

 

ഉൾക്കനൽ


പേരെച്ചബാന്ധവം ന്യായവിരോധവാള്യം
വിധിവിഹിതം പൊയ്നീതിവീതാംശദാനം
സമച്ഛേദം പ്രാണാപാനം ഉദകനീർസ്വപ്നം
കാലാവതാരം അപൂർണ്ണശീതം ചാന്ദ്രിമ

വീടംശകം ഹരിതഭൂതി ചൂണ്ടെഴുത്തുകൾ
കുത്തിനോവാനകംപൊരുൾ മാപ്പ്സാക്ഷി
ഭദ്രശ്രവണമംഗളം വേദോക്തികളാത്മകം
ആദിമം അക്ഷരക്കൂനകൾ പുറങ്കാവുകൾ

സൗഹൃദതല്പങ്ങളേറി മന:പ്പറ്റ് വീഴ്ചകൾ
അയഞ്ഞുമുറുകി വിവേചകം സൗരനിത്യം
തിമിരാന്ധമാനം ദൃശഭിന്നം ധിഷണമൂകത
അന്യായമാനം ആദിമൂർദ്ധിനി വിരൽചാപ്പ്

വെളിപാടേകാതെ ദിഗ്ദിശാസൂചിയമ്പുകൾ
സൗമ്യവരിയായ് പരംനീങ്ങുന്നു വർത്തുളം
വിരലടയാളങ്ങൾ തോലുറ താക്കോൽ താഴ്
വിമോചനം ദൂരനിഴൽ കുലപർവ്വതമപ്പുറം

കവിതച്ചിറകിൽ കൊക്കുരുമ്മീ മേഘാഗ്നി
പരിണയം മഞ്ഞപ്പ് തേൻകിളിച്ചന്തം നിറവ്
വിവശമോ ഭീതിയോ രാഗം കണ്ണീരിഴകളിൽ
ഞെങ്ങിഞെരുങ്ങീ വെട്ടം സ്വപ്നക്കൂടുകൾ

കാറ്റും കോളും ദുരിതവും പുറഘോഷങ്ങൾ
പ്രണയം ത്യാഗപരിവൃതം മേഘവൃത്തികൾ
സരസ്സിൻ നീർത്തലപ്പിൽ അഗ്നിനേത്രം ജിതി
പൊരുളാൻ പാപനിവർത്തനം സൗരോക്തി

തീച്ചൂളകൾ ചൂണ്ടുമുഷ്ണം ബുദ്ധിമേദസ്സ്
ഉൾക്കനൽ ധിഷണദാസ്യം ദിഗ്ഭിന്നപൂരകം
കയ്പേറും മധുരനാവിൽ രുചിഭേദമോക്ഷദം
നദീപർവ്വമേധക്കുമപ്പുറം സ്വസ്ഥം ശുദ്ധിവീട്

ജലതല്പം മേഘനിഴൽ ഭാഷാന്തരീഛായകൾ
സാഷ്ടാംഗംവീണ് തൊഴുകിലാം നീർത്തടം
അഹമേറാതുണരും ശൈശവശിശിരച്ചാർത്ത്
അണിമാദികൾ പുഞ്ചിരി സൂര്യനേത്രങ്ങൾ

സ്വപ്നമികവിൽ മണ്ണകം ശാന്തിവേരുകൾ
കത്തിയമരാൻ യമം ദയാനാളം ശുദ്ധോക്തികൾ
ഭൂമിതീർക്കുന്നു മൺചുറ്റ് പ്രാണികീടോത്സവം
ദൃശ്യം ശ്രദ്ധേയദൗത്യം കൺമിഴിവാം ഉത്തരം

നേത്രമിഴിവാണ് കാലം മിഴിവായ്മയിൽ മൃതി
തിരിച്ചെടുക്കുകീ അർദ്ധപൂർണ്ണവിരാമങ്ങൾ
മനസ്സും കാഴ്ചയും വേറെയല്ലോ ദൃശിജാലകം
കാണാക്കാഴ്ചകൾ മൃഗശ്രീകരം ഭൂമിയുടൽ
                  
                                    - ഹരിദാസ് കൊടകര

Sunday, November 15, 2020

ശുഭ കൊടക്കാട്

 

മതിലുകൾ വളരുമ്പോൾ


 ചങ്ങാതീ....

സൗഹൃദത്തിലും സാഹോദര്യത്തിലും

മതിലുകൾ വളരുന്ന സമകാലത്ത്

മാഞ്ചുന മണക്കുന്ന നാട്ടുവഴികളും

നാട്ടറിവുകളും നമുക്കന്യമായേക്കാം..!


ഗ്രാമക്കാഴ്ചകൾ മങ്ങുന്നു;

നഗരസൗധങ്ങൾ തിളങ്ങുന്നു

കവാടങ്ങളിൽ കരിമ്പൂച്ചകൾ കാവലാൾ!

രാവിൽ, ഗൂർഖകൾ റോന്തുചുറ്റും

പാതയോരങ്ങളിൽ മാലിന്യക്കുന്നുകൾ ..!


ജീവനറ്റ മതിലുകൾ ഓർമ്മയിലെത്തിക്കുന്നത്

തഴച്ചു വളർന്ന വേലിപ്പച്ചയെയാണ് ..!

ഇവിടെ ജീവിതത്തിൻ സഹനതന്ത്രത്തിന്

മതിലുകൾ അത്യന്താപേക്ഷിതമാകുന്നത് എന്തുകൊണ്ടായിരിക്കാം..?


മതിലുകൾ നിൻ്റെ കുളത്തിനെയും

എൻ്റെ കിണറിനേയും വിഴുങ്ങി ..!

നമ്മുടെ പുഴ വറ്റിവരണ്ടുണങ്ങി..!

മണൽ മാഫിയകൾ രംഗത്തിറങ്ങി..!

അന്യതയുടെ അഴുക്കു നീരിൽ

വന്യമായ് ആക്രോശിക്കും ആൾരൂപങ്ങൾ

ഇന്ന്, മനുഷ്യമതിൽ പണിയുന്നു..!!


ഒരുച്ചയ്ക്ക് നിൻ്റെ വിശപ്പിൻ്റെ ഇലക്കുമ്പിളിൽ

സ്നേഹത്തിൻ്റെ കഞ്ഞിവിളമ്പാനെത്തിയ എന്നെ, നീ സ്നേഹമതിലായ് അവരോധിച്ച്,

'കൽപ്പണിക്കാർ' പാടിപ്പുകഴ്ത്തി ..!!

ഇന്ന്, നാലുപാടും മഹാമാരി പണിത മതിലിനുള്ളിൽ,

കമ്പ്യൂട്ടറിനു മുന്നിൽ, ധ്യാനനിരതരായി, നാം വത്മികത്തിൽ അടയിരിക്കുന്നു ..!!

പ്രണയത്തിൻ്റെ റോസാപ്പൂവുമായി മതിലിനപ്പുറം, ഒരു നാരായണി ഇനിയുണ്ടാവുമോ ..??

മതിൽ എൻ്റെ കണ്ണുകൾക്ക് മറയിടുമ്പോൾ, അതിരില്ലാത്ത ആകാശക്കാഴ്ചകളിലേക്ക്

ഞാനെൻ്റെ മിഴികളെ അഴിച്ച് വിട്ടു..!!

                             - ശുഭ കൊടക്കാട് (സുഭദ്ര ടീച്ചർ)

                               CNNBHS, ചേർപ്പ്, തൃശൂർ.

ഇ സുമതിക്കുട്ടി

 

തെരുക്കൂത്ത്

പോരാടി നേടുവാൻ മുഷ്ടിയുയർത്തി നീ

പോർവിളിച്ചതീ തെരുവിൻ്റെയോരത്ത്,

സമത്വം വാഴുവാൻ നേരിനെ വാഴ്ത്തുവാൻ,

സ്വാതന്ത്ര്യത്തീക്കാറ്റായ് വീശിയടിക്കുവാൻ,

നീ കണ്ട സ്വപ്നങ്ങൾ നീറിപ്പൊലിയാതെ

'നിഷ്ക്കിഞ്ചനന്മാരെ ' പോരാളികളാക്കാൻ,

ചോര നീരാക്കുവാൻ, പതിയെപ്പതിയെ

രാവെഴും ഊരിൻ്റെ ജാതകം മാറ്റുവാൻ

കുഞ്ഞേ, നടന്നു നീ പിന്നിട്ട വഴികൾ

ഇന്നും കനച്ചു കിടപ്പതീനെഞ്ചത്തായ് ..


വെടിയേറ്റ നെഞ്ചിൽ നിന്നൂറിത്തെറിക്കും

ചുടുചോര, അമ്മ തൻ മാറിൽ പിടയ്ക്കേ

പിഞ്ചിളം കൈകളായ് പാൽവിളിക്കായിട്ടു

കൊഞ്ചുന്നുവോ നീ മൃതിക്കു വഴങ്ങാതെ?


ആയുധം തന്ന് ഞാൻ വിട്ടതില്ല നിന്നെ

സായുധവിപ്ലവം ചൊല്ലിപ്പഠിച്ചില്ല!

എന്നിട്ടുമെന്തേയെൻ മകനേ, നിനക്കായ്

ഇന്നാട്ടിലമ്മയ്ക്കീ ഗാന്ധാരീ രോദനം?


ഏതേതിടങ്ങളിൽ , ഏതേതു മക്കളെ

മാതാക്കളീ വിധം കാണാതെ കാണണം?

                             - ഇ. സുമതിക്കുട്ടി.

Friday, November 13, 2020

സന്ധ്യ - അറയ്ക്കൽ

 

ജല്പനങ്ങൾ

ജ്വലിച്ചുയരേണ്ട സമയമാഗതമാകവേ

ജല്പനങ്ങളിൽ കുടുങ്ങുന്നു കൗമാരം

ജനറേഷൻ ഗ്യാപ്പെന്നു ചൊല്ലീടുന്നു

ജഗത്തിനെപ്പോലും ഭയമില്ലാത്തവർ !


ചതിക്കുഴികൾ പതിഞ്ഞിരിക്കുന്നതവർ

മുന്നേ അറിയുന്നില്ലെന്നതോ മിഥ്യയോ

മുതിർന്നവർ തൻ വാക്കുകൾക്കൊന്നുമേ

ചെവികൊടുക്കാനവർക്കു നേരമില്ലഹോ ..!


കുതൂഹലങ്ങളിൽ കൈവിട്ടങ്ങനെ

കളിയരങ്ങിലായ് വാഴുമെപ്പോഴും

കരുണയവർക്ക് ലഹരിയോടു മാത്രം

ജീവിതമോ കയങ്ങളിലാഴുന്നതറിയാതെ !


ജീവിതത്തിൻ വിലയറിയാത്തവരേ..

നിങ്ങൾ തൻ വഴികൾ ശൂന്യമാകാതിരിക്കാൻ

കർത്തവ്യങ്ങൾ മറക്കാതെയെന്നും

ജാഗ്രതയോടെ ഗമിക്കേണമെന്നും !!!

                            - സന്ധ്യ  അറയ്ക്കൽ

Thursday, November 12, 2020

ശുഭ കൊടക്കാട്

 

സങ്കടപ്പെരുക്കം

ഡിസംബറിൽ വിടർന്നു കൊഴിയുന്ന അഴലിൻ പീതപുഷ്പമാണു ഞാൻ, കനലിൽ ചവിട്ടി, കടലാഴങ്ങളിലേക്ക് കണ്ണിമ പായിക്കുമ്പോൾ, പടിഞ്ഞാറൻകാറ്റ് പതിയെ മന്ത്രിക്കുന്നത് എന്താണ്...? കരളുരുകുന്ന കനിവിന്റെ തേൻതുള്ളി നുകരുവാൻ വണ്ടുകൾ മൂളിക്കുതിക്കുമ്പോൾ, ഇല്ല, പൂവിനില്ല സങ്കടം...! ഓർമ്മകളുടെ നടുമുറ്റങ്ങളിൽ, മുല്ലയും തുളസിയും ചെത്തിയും മന്ദാരവും പൂവിടുന്നു .... സങ്കടക്കുടമാറ്റങ്ങളുടെ പൂരം തകൃതിയാകുമ്പോൾ, തെയ്യങ്ങൾ ഉറഞ്ഞാടി കുരുതികൾ തീർക്കുമ്പോൾ, നാഗക്കളങ്ങളിൽ മുടിയഴിച്ചാട്ടം തുടരുന്നു...! ഇവിടെ, ഇന്ന്, ഓർമ്മകളുടെ തിരകൾ സങ്കടപ്പെരുക്കങ്ങളിലൂടെ യാത്ര തുടരുന്നു....!!

                    - സുഭദ്ര ചേർപ്പ് (ശുഭ കൊടക്കാട്)

                      CNNBHS ചേർപ്പ് 

                                             


Wednesday, November 11, 2020

ശ്രീദേവി

 

അകലെ

അകലെയാണെങ്കിലും നീയ്യെൻ്റെ ഓർമ്മയിൽ,

അണയാത്ത നെയ്ത്തിരി നാളമിന്നും..

വാക്കുകൾകൊണ്ടുനാം വാൾത്തല തീർത്തൊരാ-

രാവുകൾ കണ്ണീർനിറച്ചുപോകേ..

പ്രണയമാം പ്രാവിൻ്റെ കുറുകലായ് നാം നിന്ന,

നാളുകളെന്തിനോ ഓർത്തുപോയി.


വർഷങ്ങളോടിയകന്നുപോയ് നമ്മളും, 

വൃദ്ധരായ് ഭാരങ്ങൾ മാത്രമായി...

എന്നോയൊരിക്കൽ നാം,  ചെയ്തൊരാ പാപങ്ങൾ,

ഇന്നിതാ നമ്മളിൽ പാശമായി...

ഒറ്റപ്പെടലിൻറ വേദനക്കുള്ളിൽ നാം,

ഓംകാരമന്ത്രത്തിൻ താളമായി...

ഇല്ലെന്നു പുച്ഛിച്ച ദൈവസങ്കല്പങ്ങൾ,

ഇന്നെന്നിൽ ചന്ദനഗന്ധമാകേ...

എന്തിനോ മോഹിച്ചു പോകുന്നു ഞാനെൻ്റെ അരികിലായ്

നീയ്യൊന്നു വന്നിരിക്കാൻ...


ഒരുവട്ടം കൂടിയാ പൂവിട്ടപൂമര, ത്തണലത്തിരുന്നു കഥ പറയാൻ...

നിഴൽവീണ സന്ധ്യയിൽ നമ്മളുപേക്ഷിച്ച

നിറമുളള സ്വപ്നങ്ങൾ വീണ്ടെടുക്കാൻ...

ഒരുമഴയായെന്നെ തൊട്ടുതലോടുന്ന, 

നിറമുള്ള

സ്വപ്നമായ് നീയ്യണയാൻ.....

വെറുതെ മോഹിച്ചു പോകുന്നു ഞാൻ നിൻ്റെ, 

ചിതയിലെരിഞ്ഞു മറഞ്ഞു പോകാൻ.....

                                 - ശ്രീദേവി 



Tuesday, November 10, 2020

ഹരിദാസ് കൊടകര

 

ജലം

ജലം സാന്ദ്രം

അതിനാൽ ഭൂമിയും

ജലശരീരം വിത്ത്

ഉന്മത്തം ഉണങ്ങാത്തത്

ജീവൻ


സർഗ്ഗശരീരികൾ

ജലം വഹിക്കുന്നു

ഹൃത്തില്ലാതെ

രുചിയില്ലാതെ

അഭിന്നിതം വാഴ്്വ്

അജേയഗമനം


ആഴുന്നതിനാൽ ആഴി

ജനിക്ഷീരമാകയാൽ

പാലാഴി

ആഴികൾ അന്ധോപമം

രക്ഷാഗേഹം

കോടിപ്രാണികീടമുൾചേർപ്പ്

വിശ്വേശ്വരം


മൺവേരുകൾ ജലലീനം

നീർ ആവി ജലോന്നതി

മേഘം ജലപുഷ്പങ്ങൾ

മേഘവർഷം ശൗചം ശുദ്ധി


ജലത്തെളിമയിൽ ജീവേച്ഛ

ജലം അജീതം വാടാത്തത്

തളരാത്തത്

ദിഗ് മനം

ഭിത്തിഭേദനം

വേഗനട


ആഴങ്ങളിൽ ധ്യാനം

നിശബ്ദം ശാന്തം


ജലം ഹേതു

കാരണദേഹം

ജീവഗേഹം

മൂലം പ്രാതിഭം

അദ്ധ്യാത്മം


ജലം കാരണമാല

നീർമുത്തുകൾ

ദു:ഖം കോപം ഉപവാസം

ജലം ദ്രവസമാനി

കർമ്മരേഖയിൽ സമവായം


ജലം ജീവിതം

ജലം സമാധി

ജലം സ്വപ്നം


വരവേകുക നീർസ്പനം

ജലശിരസ്സിൽ പക്ഷിയുടൽ

കോടമഞ്ഞിൻപുതപ്പ്

ഉൾത്തടാകങ്ങൾ

                         - ഹരിദാസ് കൊടകര


Monday, November 9, 2020

ചന്ദ്രമോഹൻ കുമ്പളങ്ങാട്


[നിളയുടെ തെളിമയും നിലാവിന്റെ കുളിർമ്മയും ചൂടി കലാസപര്യയുടെ ഒൻപതു പതിറ്റാണ്ടു പിന്നിട്ട് നിത്യസൗന്ദര്യത്തിന്റെ നറുവെൺശില്പമായി നവതി നിറവിലെത്തിയ കേരള കലാമണ്ഡലത്തിന്റെ ഗരിമയ്ക്കും പെരുമയ്ക്കും മുന്നിൽ ശിരസ്സു നമിച്ചു സമർപ്പിക്കുന്ന കാവ്യ പ്രണാമം ]

കലാമണ്ഡലം

കലയുടെ കമലദളങ്ങൾ നിത്യം

കാൽച്ചിലമ്പണിയുമീ കളിയരങ്ങ്

കവികല്പനകൾ കതിരണിയും

കൈരളീദേവിതൻ തിരുവരങ്ങ്


തിരശീല ഞൊറിയുന്നു സന്ധ്യാംബരം

കളിവിളക്കേന്തുന്നു കുളിരമ്പിളി

നിളപാടിയൊഴുകുന്നു നളചരിതം

മതിനിറഞ്ഞാടുന്നു കേരവൃന്ദം


പഞ്ചവാദ്യത്തിന്റെ പതികാലമായ്

തെന്നലുയർത്തുന്നു ദലമർമ്മരം

നിഴലും നിലാവും മുഖത്തെഴുത്ത്

പുളകിതം നിത്യമീ വെൺപുളിനം


ഗിരിനിര ചാർത്തുന്നു കേശഭാരം

കുളിരലയേന്തുന്നു പൊൻചേങ്കില

കലയുടെ കനകവസന്തമായി

മിഴിവോടെനില്പൂ കലാമന്ദിരം


കടലും കടന്നുള്ള സൽകീർത്തിയാൽ

കരളും മിഴിയും കവർന്നിതേവം

നവതിനിറവിൻ നറുനിലാവിൽ

ഒളിവീശി നില്പൂ കലാമണ്ഡലം !

                   - ചന്ദ്രമോഹൻ കുമ്പളങ്ങാട്

                 (കൗൺസിലർ, വടക്കാഞ്ചേരി നഗരസഭ)

               

Sunday, November 8, 2020

ദീപ്തി

 

കവിയുടെ കാൽപാടുകളിലൂടെ 

കാവ്യകന്യകയെ പ്രണയിച്ചു കവിനടന്ന വഴികളുണ്ട്,

നീലമേലാപ്പുകെട്ടിയ ആകാശത്തിനു കീഴേ ....

കൊമ്പനാനകൾ നിരന്നു നിൽക്കുന്ന മലനിരകളുടെ ചാരുത നുകർന്ന്,

നേർത്ത മഞ്ഞിൻ മൂടുപടമണിഞ്ഞ പുലരികളിൽ,

നാടോടിപ്പാട്ടുപാടിയൊഴുകുന്ന ഭാരതപ്പുഴയോരത്തുകൂടി ....

നിലാവിന്റെ നനവു വറ്റാത്ത നിളാതീരത്തു വന്നു കവി മൗനത്തിലാഴും ..

സിന്ദൂരപ്പൊട്ടണിഞ്ഞ്

പൊൻവളക്കൈയ്യിൽ പൂത്താലമേന്തി,

അരികിലണയുന്ന കാവ്യകാമിനിക്കായി ..

വീണ്ടും ഭാരതപ്പുഴവക്കിലെ പഴയ ഊട്ടുപുരയിലെത്തും.

പുത്തുലഞ്ഞ കണിക്കൊന്നമരങ്ങൾക്കിടയിലൂടെ

നിശബ്ദനായി ......

                                               - ദീപ്തി

സുധീർ

 

കല്മഷഹാരിണി 

അർത്ഥശൂന്യതകളുടെ  

അർത്ഥം തിരയുമ്പോൾ 

ആഴത്തിലെത്തിയാ 

ലറിയാം പരമാർത്ഥം 


അർത്ഥമില്ലാതനർത്ഥ

മില്ലായ്കയാൽ 

അർത്ഥാനർത്ഥങ്ങ

ളറിവിൻ്റെ രാപ്പകൽ 


അറിവിൻ്റെ പൊൻകിരണ 

മറിയാതെ വീഴ്കിലും

അലിയാതിരിക്കില്ല 

അലിയേണ്ട കല്മഷം 

                                    - സുധീർ                          

ഷാജു കളപുരയ്ക്കൽ

 

ഗന്ധമില്ലാതെ



ഇതൊരെളുപ്പവഴിയാണ്. വീട്ടിൽ നിന്നും റബ്ബറെസ്റ്റേറ്റിനുള്ളിലൂടെ ഒന്ന് മുറിച്ചു കടന്നാൽ നടപ്പും സമയവും ഏറെ ലാഭിക്കാം. എളുപ്പവഴികളിലൂടെയുള്ള ലാഭിക്കലുകളോടു കൂടിയ യാത്രകൾ തന്നെയാണല്ലോ  എല്ലാവരേയും ഒടുവിൽ വീണ്ടും  വീടുകളിലേക്കെത്തിക്കുന്നത്. റബ്ബർ മരത്തിന്റെ ഇലകൾ, അതിൽ പച്ചയും വാടിയതും കരിഞ്ഞതുമായവ... കാറ്റുപൊഴിച്ചിട്ടത്, വഴിയിലിങ്ങനെ പരന്നുകിടക്കുന്നതിന്റെ കാഴ്ചക്കൊരു ചന്തമുണ്ട്. 

പണ്ട്... അമ്മ കൈ പിടിച്ച് സ്കൂളിലേക്ക് കൊണ്ടുപോയിരുന്നപ്പോൾ തൊട്ട് നടന്നുതേഞ്ഞ വഴിയാണ്. ആദ്യമൊക്കെ വലിച്ചിഴച്ചായിരുന്നു യാത്ര. കുറേയൊക്കെ അമ്മ ഒക്കത്തെടുത്തും. പിന്നീട് അമ്മയുടെ കൈ വിടുവിച്ച് ഓടി വഴിയുടെ അറ്റത്ത്,  റോഡിലേക്കിറങ്ങുന്നിടത്ത് ചെന്നു നില്ക്കും. അമ്മയുടെ കൈ പിടിച്ചല്ലാതെ റോഡിലൂടുള്ള നടപ്പ് അന്ന് പേടിയായിരുന്നു. കാലം പോകേ പിന്നീട് ഏതൊക്കെ രാജ്യങ്ങളിൽ, എത്രയോ തിരക്കുള്ള വീഥികളിലൂടെ .... ഒറ്റയ്ക്ക്, 

പിന്നെ കൂട്ടായി വന്ന ഭാനുവുമൊത്ത്. മക്കളെ രണ്ടുപേരേയും കൈപിടിച്ച് നടന്നത് കൂടുതലും കടൽതീരങ്ങളിലും പൂന്തോട്ടങ്ങളിലുമായിരുന്നു. അധികമൊന്നും അവരെ കൊണ്ടുനടക്കേണ്ടി വന്നിട്ടുമില്ല. ഭാനു അവരെ വളർത്തിയിരുന്നതും അവർ തന്നെ അവരുടെ കാര്യങ്ങൾ ചെയ്തു പഠിക്കട്ടെ എന്ന മനോഭാവത്തിലായിരുന്നു. അവൾക്ക് ജീവിതത്തോടുള്ള ആ ഒരു ഉത്തരവാദിത്വം   കൊണ്ടാണല്ലോ നാട്ടിൽ നിന്നുമുള്ള ഒരു വിളിയിൽ പിറ്റേന്ന് തന്നെ തനിക്ക് പ്രത്യേകിച്ച് തയ്യാറെടുപ്പൊന്നും വേണ്ടാതെ അമേരിക്കയിൽ നിന്നും ഇങ്ങെത്താനായത്. 

നടക്കുന്നതിനിടയിൽ ഫോണെടുത്ത് വാട്സ്ആപ് ഒന്നുനോക്കി. ഭാനുവിന്റേതായി കുറേ ഫോട്ടോസ്... മക്കളുമൊത്തുള്ള പാചകമാണ്. അതെ. അവർ സുഖമായിരിക്കുന്നു എന്നവൾ തന്നോട് പറയാതെ പറഞ്ഞിരിക്കുന്നു. 

"രാമാ... നിൽക്ക്. ഞാനങ്ങെത്തട്ടെ"

അയ്യോ... അമ്മയിൽ നിന്നും ഇത്രയും ദൂരം നടന്നോ. തിരിഞ്ഞുനിന്നു. 

പ്രായാധിക്യം അമ്മയുടെ നടത്തത്തിന് വേഗത കുറച്ചിരിക്കുന്നു. പക്ഷേ അത്ര പ്രായമായോ അമ്മയ്ക്ക്... 

എഴുപത്തിനാല് ഒരു വയസ്സാണോ ... 

ഫോൺ പോക്കറ്റിലിട്ട് രണ്ടടി പിന്നോട്ട് നടന്ന് അമ്മയുടെ കൈപിടിച്ചു. ഇനി മുന്നോട്ട്. കൈപിടിച്ചപ്പോൾ അമ്മയുടെ നടപ്പിന് പ്രത്യേകമൊരു ഊർജം വന്നപോലെ. ഇടവഴി കഴിഞ്ഞ് റോഡിലെത്തി. അല്പം കൂടിയേയുള്ളു പകൽവീട്ടിലെത്താൻ. ഇപ്പോൾ അമ്മ കൈ മുറുകെ പിടിച്ചിട്ടുണ്ട്. ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങൾ അമ്മയ്ക്കെത്ര പേടിയാണ്. ഗേറ്റ് കടന്ന് പകൽവീടിന്റെ മുൻവശത്തെത്തിയപ്പോൾ പതിവ് പരിചയമുഖങ്ങൾ അഭിവാദനങ്ങളറിയിച്ചു. 

ഏറെ സന്തോഷത്തോടെ തിരിച്ചും. ജീവിതത്തിലെ സായന്തനകാലം ഒരുമിച്ചൊരാഘോഷമാക്കാൻ ഒന്നായ് ചേർന്നവർ. 

വീടും സൗകര്യങ്ങളും ഒരു ഡോക്ടറുടേതാണ്. വേണ്ടപ്പെട്ടവരെല്ലാം മരണത്തിന് കീഴടങ്ങിയപ്പോൾ തനിച്ചായ ഡോക്ടർക്കു തോന്നിയ നല്ല ചിന്ത. അവിചാരിതമായ പരിചയപ്പെടലായിരുന്നു അദ്ദേഹവുമായി. പിന്നെയാണ് അമ്മയേയും കൊണ്ടുള്ള ഈ വരവ് തുടങ്ങിയത്. ഇതിപ്പോൾ മക്കളുടെ ഈ വർഷത്തെ വിദ്യാഭ്യാസം കഴിഞ്ഞാൽ ഇങ്ങോട്ട് പോന്നോളൂ എന്ന് ഭാനുവിനോട് കഴിഞ്ഞ ദിവസം പറയാനുള്ള അടുപ്പമുണ്ടാക്കിയിരിക്കുന്നു ഈ അന്തരീക്ഷം. അവൾക്കും സന്തോഷം. 

അമ്മയെ ആയ വന്ന് കൂട്ടിക്കൊണ്ടു പോയിട്ട് ഒരു നേരമായിരിക്കുന്നു. ഡോക്ടറെ ഒന്ന് കണ്ടിട്ട് പോകാം എന്നു കരുതിയാണ് ആ മുറിക്കടുത്തേക്കു നടന്നത്. 

"എന്താ ദേവകിയമ്മേ ഇങ്ങനെ..."

ഡോക്ടറാണ്. 

അകത്തേക്ക് നോക്കി. അമ്മ തല താഴ്ത്തി ഇരിക്കുന്നു. കണ്ണ് തുടക്കുന്നുണ്ട്. തന്നെ ഡോക്ടർ കണ്ടിരിക്കുന്നു. അദ്ദേഹം അമ്മയുടെ അടുത്ത് ചെന്ന് ഒന്ന് കുനിഞ്ഞ് മെല്ലെ ചോദിച്ചു

"ആട്ടെ...ദേവകിയമ്മ ഇന്ന് അപ്പോ ആരുടെ കൂട്യാ വന്നത് ? "

" അതൊന്നും എനിയ്ക്കറീല്ല്യാ...എനിക്കെന്റെ മോനെ കാണണം" 

തലയുയർത്താതെ , കണ്ണീരു തന്റെ മേൽമുണ്ട് കൊണ്ട് തുടച്ച് , തന്റെയമ്മ. ഓർമ്മകളുടെ സുഗന്ധം നഷ്ടപ്പെട്ട്....ഒഴുക്ക് നഷ്ടപ്പെട്ട്..... അല്ല തുടർച്ച നഷ്ടപ്പെട്ട് ... അമ്മ. കണ്ണൊന്ന് തുടച്ച് ഇനിയെങ്ങോട്ടുമില്ലെന്നുറപ്പിച്ച മനസ്സുമായി പകൽവീടിന്റെ പടിവാതിലിൽ അമ്മയിനി വരുന്നതും കാത്തിരിക്കാം. തിരിച്ചുപോകുമ്പോഴെപ്പോഴെങ്കിലും ഇനിയും തന്നെ  പേര് വിളിച്ചുകൂടെന്നില്ലലോ.

                              - ഷാജു കളപ്പുരയ്ക്കൽ

Friday, November 6, 2020

ശുഭ കൊടക്കാട്

 മേഘങ്ങൾ വരയ്ക്കുന്നത്

 മേഘങ്ങൾ സ്വപ്ന ചിത്രങ്ങൾ 

വരയ്ക്കുന്നത് നീലമേലാപ്പിലാണ് ..

നിന്നെ ഞാൻ വരച്ചതും ഇളം നീലയിലാണ്..!

മേഘത്തെപ്പോലെ നീയും

ദാനശീലയും ഉദാരമതിയുമാണ് ..!

സങ്കടമഴയിൽ കഷ്ടകാലങ്ങൾ

കുതിർന്ന് തോർന്ന്,

തീക്ഷ്ണസ്വപ്ന കാവലാളായ്

എന്നും നീ നിലകൊള്ളണം,

വാക്കുകൾ കടം കൊള്ളണം,

ഇലപൊഴിയും ശിശിരം

നിൻ്റെ വരവറിയിച്ചപ്പോൾ

ഈറൻമേഘം കാറ്റിനെ

കൂട്ടുപിടിച്ചു..!

നിൻ്റെ ചിത്രം സൂര്യരശ്മിയേറ്റ വെണ്മേഘം പോലെ

തിങ്ങിത്തിളങ്ങി തിളച്ചു തൂവി..!

സപ്തവർണ്ണങ്ങളിൽ മഴവില്ല്

നിന്നെ എതിരേറ്റു ..!

കവിതേ, നിൻ്റെ പാൽ പുഞ്ചിരിയിൽ

എന്നും വസന്തം വിരിയുന്നു..!

മേഘങ്ങൾ വരയ്ക്കുന്നത് നിന്നെയാണ്, അവ നിൻ്റെ മിഴികളിൽ

അഴകുള്ള കരിമഷി ചാലിക്കുന്നു ..!

മാഞ്ഞു പോകുന്ന വെറും കാർമേഘ ചിത്രങ്ങളല്ല, നീ

എന്നിൽ മഴവില്ലിൻ കൊട്ടാരങ്ങൾ തീർക്കുന്നു ..!

കറുത്ത ചായങ്ങൾ മേഘങ്ങൾ കണ്ണീരായി പെയ്തു തീർക്കുമെങ്കിലും,

വെളുത്ത ചായങ്ങൾ വെണ്മയായ്, പരിശുദ്ധമായ് നിന്നെ കാത്തുകൊള്ളും..!

കാരണം നീ വെൺമേഘമാണല്ലോ..!

എന്നും നിൻ്റെ പാൽപുഞ്ചിരി

എൻ്റെ കവിതയ്ക്ക് കൂട്ടാകുമല്ലോ..!!!

                          ശുഭ കൊടക്കാട് (സുഭദ്ര ടീച്ചർ),

                          CNNBHS, ചേർപ്പ്, തൃശൂർ.

                          Ph: 9400843971

സന്ധ്യ അറയ്ക്കൽ

 

പലായനം


ചിലരിങ്ങനെയാണ് ...

പറയാതെ പോകുന്നവർ

പറയാനാകില്ലെന്നോർത്തിട്ടോ..

പറഞ്ഞിട്ടു കാര്യമില്ലെന്നോർത്തിട്ടോ

പലായനം ചെയ്യുന്നു ചിലർ.

പാരതന്ത്ര്യ മിഷ്ടമില്ലാഞ്ഞിട്ടോ ....

പാദസേവ ചെയ്യാനറിയാഞ്ഞിട്ടോ ....

പാത്രീഭവിക്കാനിഷ്ടമില്ലാഞ്ഞിട്ടോ ....

പറയാതെ പോകുന്നൂ ചിലർ...

ഇനി മറ്റൊരു കൂട്ടരിങ്ങനെയാണ് ..

പറച്ചിലുകൾ അടിച്ചേൽപ്പിക്കുന്നവർ

പാരിടം തന്റേതു മാത്രമെന്നു നിനച്ചവർ

പാലിക്കാൻ നിർബന്ധിക്കപ്പെടുത്തുന്നു ആജ്ഞകളവർ

പാരാതെ മടക്കി വിളിക്കുമെന്നോർത്തവർ

പലായനം ചെയ്യുന്നൂ... പറയാതെ....!!!

പക്ഷേ... വേറൊരു കൂട്ടരിങ്ങനെ....

പാവനമാം ഹൃത്തിന്നുടമകളാമവർ

പാരിച്ച ദു:ഖത്തോടകലുമ്പോൾ

പാഴ് വേലയായല്ലോ ചെയ്തികളെന്ന്

പാച്ചിലുകൾ നിർത്തി ഓർക്കുന്നു -

പറയാൻ കഴിയാതെ പോകുന്നൂ - അവരും!!!!

                             - സന്ധ്യ - അറയ്ക്കൽ

Thursday, November 5, 2020

ശുഭ കൊടക്കാട്

 

കരുണ


മഴ ശക്തമാകുന്ന പ്രഭാതങ്ങളിൽ

നമ്മൾ തൂവൽ മിനുക്കി, 

കൊക്കുരുമ്മിയിരുന്നിരുന്നു..

ഇന്നിപ്പോൾ,

മഹാമാരിയുടെ നിറവിൽ

തെയ്യങ്ങൾ ഉറഞ്ഞാടുമ്പോൾ,

എന്നിലെ നിന്റെ ഓർമ്മകളും

തിളച്ചു തൂവുകയാണ് ..!

നമ്മളെപ്പോഴാണ് അന്യോന്യം

കൊത്തിപ്പറിക്കാൻ തുടങ്ങിയത്..?

ഉഷ്ണദൈർഘ്യങ്ങളിൽ ഞാൻ

നീറിപ്പിടയവേ..,

മഹാമാരിയുടെ പനിക്കിടക്കയിൽ

നീയും പുതുമഴയ്ക്കായ് കാതോർക്കുകയല്ലേ..!

അപ്പോൾ .., അകലെ

സൂര്യകാന്തിപ്പാടങ്ങളിൽ

വേനൽമഴ പൊഴിയുകയാണ് ..!!

                             - ശുഭ കൊടക്കാട് (സുഭദ്ര ടീച്ചർ)

                               CNNBHS, ചേർപ്പ്,  തൃശൂർ 

                               9400843971

                                                                


          

Wednesday, November 4, 2020

 

തിരസ്കൃത സത്യം

  


നാസാരന്ധ്രത്തിൽ നിറയുന്നു,

വൃത്തികെട്ട, പട്ടണത്തിൻ

അഴുക്കുചാലിൽ

നുരയ്ക്കും, പുഴുക്കൾ തൻ

മൃത്യുഗന്ധം..!

ഉണ്ണുന്ന മാംസത്തിൽ,

കുടിക്കുന്ന രക്തത്തിൽ,

കുടിയേറിയ മൃത്യു ..

ഹൃദയത്തെ മരവിപ്പിച്ച്,

മനസ്സിന്നാർദ്രത വറ്റിച്ച്,

ജീവാണുക്കൾതോറും പടർന്നേറി..!

ഇന്നലെക്കണ്ടൊരു സ്നേഹ നൈർമ്മല്യത്തിൽ

ആശിച്ചു പോയി ഞാൻ..

എൻ ശിഷ്ടായുസ്സ് നീട്ടുവാൻ..!

ആശ മാത്രമീ തപ്ത ജീവിതത്തിൻ ശിഷ്ടം..!

താതനിന്നലെയോതി, വേദനയിൽ നിന്നു

കിളുർന്നൊരു ശാപവാക്യം..!

പ്രായമേറുന്ന കാലത്ത്,  ഒരു പിടിച്ചോറ്

വെച്ചുവിളമ്പുവാൻ അരി കൊണ്ടുവരേണ്ട നീ..

അരി കൊണ്ടുവരേണ്ട നീ..!

ഇന്നിൻ്റെ കെടുതിയിൽ വളർന്ന്,

ദുഃഖം മാത്രമേകുന്നു..

കണ്ണീരിൽ വെച്ചുവാർക്കുവാൻ..!!


ഞാനെൻ്റെ അമ്മയുടെ അണുവിൽ പിറന്നനാൾ മുതൽ

അവൾതൻ ഗർഭക്ലാന്തിയായ്,

ഈറ്റില്ലത്തിൽ പേറ്റുനോവായ്,

നിന്നുടെ ചിരിയായ്, പനിയായ്,

കൗമാര പ്രണയമായ്, പിന്നെ നീയാടിയ

മർത്ത്യേതര വേഷങ്ങളിൽ

ആയിരം പത്തിവിരിച്ചാടീ

എൻ്റെ ദുരന്തം..!!

പശിയടക്കാനില്ലൊരുമണി ചോറിവിടെ..!

ദാഹമാറ്റാനില്ലൊരുതുള്ളി പച്ചവെള്ളം..!

ശ്വാസകോശം നിറയ്ക്കാൻ ശുദ്ധവായു പോലും

നമ്മുടെ തിരസ്കൃത സമൂഹത്തിനു നിഷിദ്ധം..!!

അറിവുകളൊക്കെയും ഒരു മഹാസമുദ്രമായ്,

ഒരു മഹാപ്രവാഹമായ് ..

അതിൻ്റെ തീക്ഷ്ണതയിൽ മൃത്യുവേക്കാൾ ശക്തമാം വെറുപ്പിന്നഗ്നി കുടിയേറി

ദഹിപ്പിക്കുന്നു ബ്രഹ്മാണ്ഡം... !!!

             -  ശുഭ കൊടക്കാട് (സുഭദ്ര ടീച്ചർ)

               CNNBHS, ചേർപ്പ്, തൃശൂർ.



ഹരിദാസ് കൊടകര

 

ഞാനും എന്റെയും

ഒരു ബുദ്ധികാലവും


കുടുംബം വ്യക്തിവാസ്തുലീനം ഗ്രന്ഥവരി

ജീവൻമായാ വിക്ഷേപത്തറ വിഷയസ്ഥലി

നിയതി സാമാന്യം ഊണുറക്കം ഇണപ്രാസം

സാമന്തം കോയ്മ കൂടകം സ്വച്ഛവ്യാപാരങ്ങൾ


അഹമരുളാൻ ബോധംതലക്കുറി ഭൂവസനം

സുഹൃദ് ശത്രുപാലനം മോഹം ക്രോധവീർപ്പ്

മച്ചകഗന്ധം ഓവുകൾ ഉള്ളഴലുകൾ ചിത്രണം

ചാണകമുറ്റം അടിമലർ തൊഴുത്തിൻ മുറവിളി


ഉടലിനുടയനാം വായുവന്നം മൺവിണ്ണാസ്തി

പൈശാചം പ്രാണഭീതി കാലനിസ്വനം ശ്വാസം

കണ്ണിനു കാഴ്ച കാതിനു കേൾവി തൊലിപ്പുറം

പാമ്പിഴച്ചലിൽ പാതിവെന്തും പൊരിനാളുകൾ


ഇരുളുംവാനിനപ്പുറം ഗ്രഹപാഠവൃത്തികൾ

ഭാവികല്പം ശ്രീ വനാസ്തികൾ വന്യമേടുകൾ

വനദം മേഘദാനം അദൃശ്യപ്രകാശ വർത്തനം

പ്രകാശിക്കാൻ പൊലിമ ഹരിതഭണ്ഡാരങ്ങൾ


ആണ്ടുനേർച്ചകാഹളം പ്പീലിക്കാവടി മനപ്പറ്റ്

ആടാടുപാമ്പുവ്യംഗ്യം ശീലുകൾ ദിനസരി

ഊഷ്മം ഊഞ്ഞാൽ വെയിൽ മോഹങ്ങൾ

തളരും നാട്ടകം നീർപ്പച്ച ഹരിതപാതകൾ


മർത്ത്യനേത്രം സമം ഫിലിംപെട്ടി കളിക്കോപ്പ്

ഒരു കൺനിറവെട്ടം അഭ്രചിത്രത്താളുകൾ

മിന്നിമങ്ങിയും മാഞ്ഞുമറഞ്ഞും സ്വനഭേരികൾ

മനുഷ്യന് ഒരു ബുദ്ധികാലം സ്വസ്തിയൂഴം


ഒഴുക്കിനെതിരെ ത്രാണം പ്രണയമീനുകൾ

ചരിത്രം നിദ്രയിൽ ഉണരൽ വെളിക്കിനാവ്

നിത്യാനിത്യ വർത്തുളംചുറ്റൽ പിൻചുവടു്

നീർത്തടശാന്തിയിൽ ജലസൗമ്യശംഖം


തുളസിസ്വപ്നങ്ങളിൽ കർമ്മോക്തികാലം

ദർശനാഗ്രം ഭൂതദയ വാല്മീകം മയിൽപ്പീലി

കാമക്രോദവിരൂപിണം സത്വമുൽക്കടമീശം

ദാർശിനം സൂര്യസാമന്തം പ്രകാശചിന്തകൾ


‘ഞാൻ’ സംബന്ധികം ‘എന്റെ’ എന്റേതുകൾ

കൂട് കുടുംബം കൈകാൽ ദേഹമെന്റേതുകൾ

ഇടയിലൊരാകാശമോ ഉടമസ്ഥാനിയോ ഞാൻ

ഞാനൊരില്ലായ്മയോ ഉൾചേരലോ അഗ്രിമം


                                           - ഹരിദാസ് കൊടകര


Tuesday, November 3, 2020

ശുഭ കൊടക്കാട്


ഗിനിപ്പന്നികൾ
കൂട്ടായ്മ നഷ്ടമായ ഗിനിപ്പന്നികളല്ലേ ഇന്നു നാം..! 

പരാജയമടയുന്ന സമരാഭാസത്തിന്നിരകൾ..! 

വിജയംവരെ പൊരുതുന്ന വീര്യമേറും വാക്കിൻ 

മാസ്മര ലഹരി മാത്രം..! വേട്ടക്കാരനും ഇരയും 

തമ്മിലുള്ള അകലം എന്നും ഒരേപോലെയാകാം..! 

എന്തും പരീക്ഷിക്കാൻ വിധിക്കപ്പെട്ടവർ നാം..! 

എന്നിട്ടും, തമ്മിലുള്ള വടംവലി 

അവസാനിക്കാറുമില്ലാ..! എവിടെയാണ് 

പുരോഗമനം..? എവിടെയാണ് ഒരാശ്രയം..? 

വിജയപർവ്വങ്ങളുടെ അട്ടഹാസത്തിൻ 

കൊലക്കയറിൽ എപ്പോഴോ നാം തൂങ്ങിയാടാൻ 

തുടങ്ങി..! അപ്പോഴും, കർത്താവും ക്രിയയും 

കർമ്മവും നാം തന്നെ സൃഷ്ടിക്കും..! നാം തന്നെ 

ഇരകളാകും ..! സാക്ഷിയും പ്രതിയും പ്രതിക്കൂട്ടിൽ 

ഉലാത്തുമ്പോൾ ദിഗന്തം നടുങ്ങുന്ന 

ആക്രോശങ്ങൾ ..! രക്ഷപ്പെടലുകൾ 

താൽക്കാലികം മാത്രം..! മൂന്നടി മണ്ണ് 

ദാനംചോദിക്കുന്ന മാവേലിയായ് നാം സ്വയം 

വാമനന് മുന്നിൽ ചെറുതാകും..! മരുന്നിനും 

മന്ത്രത്തിനും അടിമപ്പെടും..! നിഴലുപോലെ 

പരാജയപർവ്വങ്ങൾ പിന്നിലെപ്പോഴുമുണ്ടാകും..! 

ഗിനിപ്പന്നികളായ് വേച്ചു വീഴുമ്പോഴും ഉരുവിടുകീ 

ശാന്തിമന്ത്രം..! " യതോ ധർമ്മസ്തതോ ജയ.."!!!  (യതോ ധർമ്മസ്തതോ ജയ - ഭാരതവാക്യം)

                               - ശുഭ കൊടക്കാട് (സുഭദ്ര ടീച്ചർ)
                                 CNNBHS ചേർപ്പ്, തൃശൂർ
                                  ph: 9400843971                    
                                 

Monday, November 2, 2020

ഹരിദാസ് കൊടകര

 

പ്രകാശം


കൺനിറയെ പ്രകാശം മനുഷ്യന്

ദൃഷ്ടം സാലോക്യാനുഭൂതികൾ 

കറതീരുമന്ധകാരചെപ്പുകൾ 

ശിരോപാദം യജ്ഞസപര്യയം

രാശികൾ നാഡികൾ

ഭൂമിമാർഗ്ഗം നേർവഴികൾ


പ്രകാശമനസ്സ് മനോഗതം

സാമാന്യത്തിന് പകൽവെട്ടം

മനോനിലക്ക് ഭാവഭിന്നത

വിഷാണുക്കളിൽ കറുപ്പ്

പ്രണയത്തിൽ നിലാവ്

മൗനത്തിൽ നെയ്നാളം

സൂര്യശോഭയിലഗ്നി

കീടകോടിലക്ഷം വെളിച്ചം


പ്രകാശം വിദ്യുത്കാന്തികം

കണികയും തരംഗവും ചേർന്നത്

ദൃശ്യമൗലികം ഫോട്ടോണുകൾ

ഉദ്ദേശശുദ്ധം മേടാദിമാസവർണ്ണം


പ്രകാശം ഏറെയും ദൃശ്യമല്ല

കണ്ണിൽ കൊള്ളാവുന്ന ദൃശ്യം

ദൃശ്യവും രാസജൈവം വിഭാജിതം

പ്രകാശം ദിശാസൂചികൾ ദൃശിദിക്കുകൾ 


അദൃശ്യഭൂതികൾ

കണ്ണിലെത്താത്തത്

പൂമണം പോലെ

നിലാലാളനം പോലെ

മറയാത്തത് മങ്ങാത്തത്

ഇന്ദ്രിയമപ്പുറം അതീന്ദ്രിയനൃത്തം

ഉണ്ണാതുറങ്ങാതെ കടത്തിണ്ണയിൽ

തെരുവോരമാന്ദ്യരോഷമായ്

ഗർഭസ്ഥശിശുകിടക്കുന്ന

പിണ്ഡാവസ്ഥകൾ അവധൂതികൾ

അതീന്ദ്രിയർ അദൃശ്യഭൂതികൾ


കണികയും തരംഗവും സിദ്ധാന്തങ്ങൾ

മണ്ണ് തിന്നോയെന്നുണ്ണി പറഞ്ഞ്

വായ് തുറപ്പിച്ചപ്പോൾ കണ്ടൂ പ്രകാശം

ദൃഷ്ടിദൃശിമലരുകൾ പൂങ്കാവുകൾ

തിളച്ച ലോഹദ്രവംപോലെ നിർമ്മമം

വനജലഹരിതേച്ഛയിൽ ഇറ്റു വീഴുന്നിതെന്നും


സമഷ്ടിക്ക് ദണ്ഡപ്രകാശം

ഉരല്പുരയിൽ ധാന്യകീർത്തി

ചരിത്രത്തിന് നിദ്രാശ്രേണി

വർത്തമാനത്തിന് പകലൊളി

ഭാവിക്ക് ഭൂതാവേശം നിഴലുകൾ

പുരോ ഹിതത്തിനായഗ്നിമീളം


പ്രകാശം

സമകാലവിചാരങ്ങൾ

ഭരണഘടന അനുച്ഛേദം

ഇരുനൂറ്റി അറുപത്തിരണ്ട്

സംസ്ഥാനാന്തര നദീപ്രകാശം

അളവിൽ കുറയാത്ത അന്നം

                           - ഹരിദാസ് കൊടകര


Sunday, November 1, 2020

എം ജി ബിജുകുമാർ

 

അതിഥി 

മണിനാദം കേട്ടാണ് ഞാനുണർന്നത്. പഴമയെ ഇഷ്ടപ്പെടുന്നതു കൊണ്ട് വൈദ്യുതിയുപയോഗിച്ചുകൊണ്ടുള്ള കോളിങ് ബെൽ ഒഴിവാക്കി അൽപം വലിയൊരു മണി സിറ്റൗട്ടിന് മുൻവശത്ത് തൂക്കി.അതിൽ ഒരു ചരടും താഴേക്ക് തൂക്കിയിട്ടിട്ടുണ്ട്. സന്ദർശകർക്ക് മണിനാദം മുഴക്കുന്നതിനാണിത്.

നിശബ്ദമായിരിക്കുന്ന സമയത്ത് പെട്ടെന്ന് ഒരു മണിനാദം കേട്ടാൽ പ്രജ്ഞയുണരുമെന്നാണ് വായിച്ചിട്ടുള്ളത്. പക്ഷേ ഈ മണിനാദം കേൾക്കുമ്പോൾ ക്ഷേത്രത്തിൽ ദീപാരാധനയ്ക്ക് നടയടയ്ക്കുന്ന ഒരു ഫീലാണ് എനിക്കനുഭവപ്പെടാറുള്ളത്.

"ണിം....."

ആഴത്തിലുള്ള നിദ്രയുടെ ഭംഗത്തിലുണ്ടായ അസ്വസ്ഥതയിൽ മണി മുഴക്കിയതാരാണെന്ന ചിന്തയിൽ വാതിലിനടുത്തേക്ക് നീങ്ങുമ്പോൾ തൊണ്ടയിൽ ദാഹത്തിന്റെ ശമനത്തിനായി ഒരു ചായ കിട്ടിയിരുന്നെങ്കിലെന്നൊരു തോന്നലുമുണ്ടായി. വാതിൽ തുറന്നപ്പോൾ നന്നായി വസ്ത്രധാരണം ചെയ്ത ഒരു മധ്യവയസ്ക. പരിചിതമായ എന്തോ ഗന്ധം അപ്പോൾ  അവിടെ നിറയുന്നതായി തോന്നി.

"ബിജു കുമാറല്ലേ...?"

ഞാനെന്തെങ്കിലും ചോദിക്കും മുമ്പേ ആഗത എന്നോട് തിരക്കി.

"അതെ... ! "

യാതൊരു പരിചയവുമില്ലാത്ത ഇവരാരെന്ന മുഖഭാവത്തിൽ ഞാൻ ഉത്തരം പറഞ്ഞു.

" എം.ജി.ബിജുകുമാർ....?"

അവരുറപ്പു വരുത്താനെന്നവണ്ണം വീണ്ടും ചോദിച്ചു.

"അതെ.. " എന്നു തലയാട്ടി ഞാനവരെ ശ്രദ്ധിച്ചു നിന്നു.

നിലവിളക്കിന്റെ പ്രഭയിൽ ചന്ദനത്തിരിയുടെ സവിശേഷ സൗരഭ്യത്തിൽ നിൽക്കും പോലെ അവരുടെ മുഖത്തെന്തോ പ്രത്യേക ഭാവമാണെന്നെനിക്ക് തോന്നി.

"കയറി വരൂ.. "

ഞാനവരോട് മെല്ലെ പറഞ്ഞു. അപ്പോളവർ അകത്തേക്ക് കയറി എന്റെ മുറിയിലെത്തി. എന്നിട്ട് ഭാവഭേദം കൂടാതെ എന്റെ കിടക്കയിലിരുന്നു. അവരടുത്തുകൂടി പോയപ്പോഴും ശരിക്കും പരിചിതമായ ഒരു സുഗന്ധം അനുഭവപ്പെടുന്നുണ്ടായിരുന്നു.

"ആരാ മനസിലായില്ല..?

അവർക്കഭിമുഖമായി കസേരയിലിരുന്നു കൊണ്ട് ഞാൻ തിരക്കി. അത് കേട്ട് ആ സ്ത്രീ പുഞ്ചിരിച്ചു.

കിടക്കയിൽ കുറേപേപ്പറും പേനയും ഒരു റൈറ്റിംഗ് പാഡുമൊക്കെ ചിതറിക്കിടന്നിരുന്നു. ഒരു നീണ്ടകഥ എഴുതാനുള്ള ശ്രമമായിരുന്നു ആ കടലാസുകളിൽ. ഒരു ആശയം മനസ്സിൽ തോന്നിയത് ആറു മാസക്കാലത്തോളം മനസ്സിലിട്ട് നടന്നതിന്റെ ശേഷമാണ് കഥയായി എഴുതിത്തുടങ്ങിയത്. ഒന്നര മാസമായി എഴുതിത്തുടങ്ങിയിട്ടെങ്കിലും സമയക്കുറവും മടിയും കാരണം തുടർന്നെഴുതാത്തതിനാൽ മനസ്സ് ഇടയ്ക്കാെക്കെ വ്യാകുലപ്പെടാറുമുണ്ട്.

ചിതറിക്കിടന്ന കടലാസുകളിൽ വിരലോടിച്ചു കൊണ്ട് ആഗത പതുക്കെപ്പറഞ്ഞു.

 "ഞാനാരാണെന്ന് പറഞ്ഞാൽ ഒരു പക്ഷേ അറിയാൻ വഴിയില്ല. പക്ഷേ...!" അവരത്രയും പറത്തു നിർത്തി.

പുറത്ത് നന്നായി മഴ പെയ്തു കൊണ്ടിരിക്കുന്നത് ശ്രദ്ധിച്ചപ്പോൾ

"ജനാല അടച്ചേക്കൂ... നല്ല മഴയും കാറ്റുമാണ്..." എന്ന് ഞാനവരോട് പറഞ്ഞു. കാറ്റടിച്ചപ്പോൾ ജനാല വഴി തൂവാനമടിച്ചു കയറി.


"ഏയ് വേണ്ട..! മഴയല്ലേ... മണ്ണിനൊപ്പം നമുക്കും തണുക്കണ്ടേ....പ്രകൃതിയുടെ തലോടലല്ലേ..!" എന്ന് പറഞ്ഞ് അവർ വീണ്ടും പുഞ്ചിരിച്ചു.

"മഴയോട് അഗാധമായ പ്രണയമാണെന്നാണെല്ലോ താങ്കളുടെ എഴുത്തുകളിലൊക്കെ, പിന്നെയെന്തിന് ജനാലയടയ്ക്കണം...?" 

ഇതെന്നോട് പറയുമ്പോഴും ഇതാരാണെന്ന ആകാംക്ഷ എന്റെയുള്ളിൽ നിറഞ്ഞു.

" ആരാ..? എവിടെ നിന്നു വരുന്നു...? ഞാനവരോട് വീണ്ടും ചോദിച്ചു.

അത് കേട്ടപ്പോൾ ആ സ്ത്രീ കിടക്കയിൽ ചിതറിക്കിടന്ന കടലാസുകളിലേക്കും എന്റെ മുഖത്തേക്കും മാറിമാറി നോക്കി. എന്നിട്ടു തുടർന്നു.

" ഞാൻ ആരാണെന്നും എവിടെ നിന്നു വരുന്നു എന്നതിനും വലിയ പ്രാധാന്യമില്ല. പക്ഷേ ഒരു കാര്യം പറയുവാനാണ് ഞാൻ വന്നത്...!"

അവർ പറയുന്നത് ഒന്നു നിർത്തി.അവർ പുഞ്ചിരിച്ചു കൊണ്ട് പറയുന്നത് ശ്രദ്ധയോടെ ഞാൻ കേട്ടിരുന്നു.

"നിങ്ങളെഴുതിത്തുടങ്ങിയ കഥയിലെ നായികയാണ് ഞാൻ. നിങ്ങളിതിലെഴുതിയത് എന്റെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ്." അവരത്രയും കൂടി പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി.

ആ കഥ പൂർത്തിയായിട്ടില്ല. തന്നെയുമല്ല അതാരും വായിച്ചിട്ടുമില്ല. വെറുതെ ഒരാശയം കിട്ടിയപ്പോൾ കുറേനാൾ മനസ്സിൽ കൊണ്ടു നടന്നു. പിന്നെയത് വികസിപ്പിച്ചെഴുതാനുള്ള ശ്രമവുമാരംഭിച്ചു. അതാണ് പൂർത്തിയാകാത്ത ആ കഥ. തികച്ചും ഭാവനാപൂർണ്ണമാണത്.

"അതെങ്ങന നിങ്ങൾ വായിച്ചു..?"

ഞാൻ അത്ഭുതത്തോടെ തിരക്കി.

അവർ തുടർന്നു.

"മുഖപുസ്തകത്തിലെഴുതിയിടുന്ന നിങ്ങളുടെ കുറിപ്പുകൾ അപ്രതീക്ഷിതമായാണ് ഒരു ദിവസം ഞാൻ കണ്ടത്.തുടർന്ന് നിങ്ങളെഴുതുന്നതൊക്കെ കൗതുകത്തോടെ ഞാൻ വായിക്കാറുണ്ടായിരുന്നു. നിങ്ങളെഴുതുന്ന നോവലിനെപ്പറ്റിയുള്ള കുറിപ്പും ഞാൻ കണ്ടിരുന്നു. അതിൽ കവിഞ്ഞ് നമ്മൾ തമ്മിൽ അറിയില്ല. യാതൊരു പരിചയമോ സൗഹൃദമോയില്ല."

ഒന്നു നിർത്തിയിട്ട് നീണ്ട മുടി മാടിയൊതുക്കിയിട്ട് അവർ തുടർന്നു.

"പക്ഷേ നിങ്ങളെഴുതിയ കഥയിലെ നായിക ഞാൻ തന്നെയാണ്. വിശ്വസിക്കാൻ പ്രയാസമുണ്ടാകും.... "

ദീർഘനിശ്വാസത്തോടെ വീണ്ടും അവർ പറഞ്ഞു തുടങ്ങുമ്പോൾ ഞാൻ അത്ഭുതത്തോടെ കേട്ടിരിക്കുകയായിരുന്നു.

"നിങ്ങളെഴുതിയ കഥയിൽ കോരിച്ചൊരിയുന്ന മഴയിൽ ഇടവഴിയിൽ മുട്ടറ്റം വെള്ളത്തിൽ പുസ്തകസഞ്ചിയുമായി നടന്ന കുട്ടിക്കാലം മുതൽ, ഉള്ളിലെ ആശകൾ നീർകുമിളകൾ പോലെ പൊട്ടിയ കൗമാരകാലത്ത് തലയിണയിൽ മുഖം അമർത്തിക്കരഞ്ഞ രാവുകൾ വരെയുള്ളതെല്ലാം എന്റെ ജീവിതകഥ തന്നെയാണ്. എന്നെ കൊതിപ്പിച്ചിരുന്ന പുഴയും അതിലേക്ക് നീളുന്ന കൽപ്പടവുകളിൽ പാദസരം കിലുക്കി നടന്നിരുന്ന പാവാടക്കാരിയുടെ കൗതുകങ്ങളും, ചായപ്പെൻസിലിനും നിറമാർന്ന കുപ്പിവളകൾക്കുമായി വഴക്കിട്ട് ശാഠ്യം പിടിച്ചിരുന്നതും എല്ലാം നിങ്ങൾ കഥയിൽ അതുപോലെ എഴുതിച്ചേർത്തിരിക്കുന്നു."

അത് പറയുമ്പോൾ അവരുടെ കണ്ഠമിടറുന്നതായി തോന്നി.

ജനലിലൂടെ വന്ന മിന്നലിൽ അവരുടെ കണ്ണുനീർത്തുള്ളികൾ വൈരക്കല്ലുകൾ പോലെ തിളങ്ങി.അതവരുടെ കവിളിലേക്കടർന്നു വീണു.

അവർ പറയുന്നത് കേട്ട് എന്റെ ഹൃദയം നിന്നുപോകുമോയെന്നനിക്ക് തോന്നിപ്പോയി.

കിടക്കയിൽ ചിതറിക്കിടന്ന കടലാസിൽ വിരലോടിച്ചു കൊണ്ട് അവരെന്നെ നോക്കിപ്പറഞ്ഞു.

"കഥ പൂർത്തിയാക്കണം ബാക്കി കൂടി വായിക്കാൻ അതിയായ മോഹമുണ്ട്.തുടർന്നെഴുതുന്നതും എന്റെ കഥയുമായി സാമ്യമുള്ളതു തന്നെയാവുമെന്നാണ് എന്റെ മനസ്സ് പറയുന്നത്.അതെ.. അതെന്റെ കഥ തന്നെയാവുമെന്നെനിക്കുറപ്പുണ്ട്." 

"അയ്യോ ഞാൻ വലിയ എഴുത്തുകാരനൊന്നുമല്ല. നോവലെഴുതി പരിചയവുമില്ല. ഒരു ആഗ്രഹം തോന്നി എഴുതിത്തുടങ്ങിയെന്നേയുള്ളു. "

ഞാൻ പറഞ്ഞപ്പോൾ അവർ എന്നെ നോക്കി പുഞ്ചിരിച്ചു.

" അത് വായിച്ചു കഴിയുമ്പോഴല്ലേ അറിയാൻ കഴിയൂ."

ഒന്നു നിർത്തിയിട്ട് അവർ തുടർന്നു.

"എനിക്ക് പേരിട്ടതിനെപ്പറ്റിയും, ഒരു പ്രത്യേക സോപ്പിനോടുള്ള എന്റെ ഭ്രമത്തത്തപ്പറ്റിയും എഴുതിയിരിക്കുന്നത് സത്യമാണ്. "

അവർ ഒന്നു നിശ്വസിച്ചു.

മഴയിലും ഞാൻ വിയർത്തു കൊണ്ടിരുന്നു. കൈലിയുടെ തുമ്പു കൊണ്ട് ഞാൻ മുഖത്തെയും കഴുത്തിലെയും വിയർപ്പു തുടച്ചു. എന്ത് പറയണമെന്നറിയാതെ അവർ പറയുന്നതും കേട്ട് ഞാൻ അത്ഭുതത്തോടെയിരുന്നു.

അത്രയും കൂടി കേട്ടപ്പാൾ ഇവരെന്തോ അമാനുഷിക കഴിവിനുടമയായിരിക്കുമെന്ന് ആശങ്കയുളവാക്കുംവണ്ണം ചിന്തകൾ മനസ്സിൽ ഇളകി മറിഞ്ഞു. അത് മുഖത്ത് പ്രകടമാകാതിരിക്കാൻ ഞാനൊരു വിഫലശ്രമം നടത്തി.

നായികയുടെ അച്ഛന്റെ നഷ്ടപ്രണയത്തിലെ പ്രേമഭാജനത്തിന്റെ പേരാണ് അദ്ദേഹം മകൾക്ക് നൽകിയിരുന്നതെന്നാണ് കഥയിൽ എഴുതിയിരുന്നത്. അതുപോലെ തന്നെ "ക്ളിയോപാട്ര " എന്ന സോപ്പ് മാത്രമേ നായിക ഉപയോഗിക്കാറുള്ളു എന്നും കഥയിൽ എഴുതിച്ചേർത്തിരുന്നു. ആ സോപ്പിന്റെ അസാധാരണമായ സുഗന്ധമായിരുന്നു അവർ വന്നപ്പോൾ മുറിയ്ക്കകത്ത് അനുഭവപ്പെട്ടത് എന്ന് ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു.

ക്ളിയോപാട്ര എന്ന സോപ്പ് ഒരിക്കൽ യാദൃശ്ചികമായാണ് എനിക്ക് ലഭിക്കുന്നത്. അതിന്റെ പിന്നിൽ ചെറിയ ഒരു സംഭവ കഥയുമുണ്ട്.

ഗൾഫിൽ നിന്ന് ഒരു സുഹൃത്ത് നാട്ടിലെത്തുമ്പോഴെല്ലാം ഞങ്ങൾ ചങ്ങാതിമാരെല്ലാം ഒരു ദിവസം ഒത്തുകൂടാറുണ്ട്. രുചികരമായ ഭക്ഷണം പാകം ചെയ്തും വിദേശത്തു നിന്നു കൊണ്ടുവരുന്ന സ്പെഷ്യൽ മദ്യമൊക്കെ പകർന്നും തമാശ പറയലും പാട്ടു പാടലും ഓർമ്മകൾ അയവിറക്കലുമായൊക്കെയായി ആസ്വാദ്യകരമായ ദിനമായിരിക്കുമത്.

അങ്ങനെയുള്ള ഒരു സൗഹൃദ സദസ്സിൽ ഒരു സുഹൃത്ത് എന്നെ ചൂണ്ടി പറഞ്ഞു.

"ഇവൻ മദ്യപിക്കില്ല, പിന്നെയെന്തിന് ഈ ബഹളത്തിൽ വന്നിരിക്കുന്നു. ഇതൊന്നും കഴിക്കാതെ ഇവനെങ്ങനെ എഴുത്തുകാരനാവും "

തമാശരൂപത്തിൽ പറഞ്ഞ ഈ വാചകങ്ങൾ കേട്ടപ്പോൾ എല്ലാവരും ചിരിച്ചു. ഒപ്പം ഞാനും.

"ഓ കഞ്ചാവ് വല്ലതും രഹസ്യമായി കിട്ടുന്നുണ്ടാവും. അതൊക്കെ കലാകാരൻമാരുടെ വീക്ക്നെസ് അല്ലേ..!"

"famous grouse " എന്ന മദ്യം ഗ്ളാസിലേക്ക് പകർന്നു കൊണ്ട് അടുത്ത ചങ്ങാതി അടുത്ത ഡയലോഗ് പൊട്ടിച്ചു.

വീണ്ടും കൂട്ടച്ചിരി. ഞാനും അവരോടൊപ്പം ചിരിച്ചു. എന്നിട്ടവരോട് പറഞ്ഞു.

"അതൊക്കെ ഉപയോഗിക്കുന്നവരുണ്ടാകാം, പക്ഷേ എനിക്ക് താത്പര്യമില്ല. അതൊക്കെ ഉപയോഗിച്ച് വല്യ എഴുത്തുകാരനായാൽ പിന്നെ നിങ്ങളെയൊക്കെ തിരിച്ചറിയാതെ വന്നാലോ...!"

വീണ്ടും കൂട്ടച്ചിരി.

ഓരോന്ന് പറഞ്ഞ് സമയം പൊയ്ക്കോണ്ടിരുന്നു.അവസാനം എല്ലാവരും ചേർന്നൊരു നാടൻപാട്ടും പാടി, ഒരുമ ഊട്ടിയുറപ്പിക്കുന്ന അന്നത്തെ സൗഹൃദ സദസ്സ് തീർന്ന് പിരിഞ്ഞ് പോകാൻ നേരം ഗൾഫുകാരൻ സുഹൃത്ത് ഒരു കവർ എനിക്ക് നേരെ നീട്ടി.

"നിനക്കൊന്നും തന്നില്ലെന്ന് വേണ്ട, മദ്യം ഏതായാലും വേണ്ടല്ലോ , ഇതിരിക്കട്ടെ.. "

ഞാനതും വാങ്ങി വീട്ടിലേക്ക് പോന്നു.

രണ്ടു മൂന്നു ദിവസം കഴിഞ്ഞാണ് ആ കവർ തുറന്ന് നോക്കിയത്. ഒരു ഷേവിങ് ക്രീമും ഒരു പൗഡറും കടുംനീലനിറത്തിനു ചുറ്റും സ്വർണ്ണവർണ്ണത്തിലുള്ള ബോർഡറുള്ള കുറച്ചു സോപ്പുകളുമായിരുന്നു അതിനുള്ളിൽ.

ആ സോപ്പ് ഉപയോഗിച്ചതിനു ശേഷം അതിന്റെ സുഗന്ധത്തോട് വല്ലാത്ത ഇഷ്ടം തോന്നി.ആ സോപ്പിന്റെ കവറെടുത്ത് കൗതുകത്താേടെ പേരു വായിച്ചു.

"ക്ളിയോപാട്ര "

അതിനു ശേഷം ഗൾഫിൽ നിന്ന് ആരെങ്കിലും നാട്ടിലേക്ക് വരുമ്പോൾ എന്തെങ്കിലും കൊണ്ടു വരണോ എന്നു ചോദിച്ചാൽ " ക്ളിയോപാട്ര " സോപ്പു കിട്ടുമെങ്കിൽ കൊണ്ടു പോരെന്നാണ് മറുപടി പറയുക.

ആ സോപ്പിന്റെ അസാധാരണമായ സുഗന്ധം കാരണം നായിക ആ സോപ്പു മാത്രമേ ഉപയോഗിക്കാറുള്ളു എന്നാണ് കഥയിലെഴുതിയിരുന്നത്. ആ സോപ്പിനോടുള്ള എന്റെ ഇഷ്ടമാണ് ഞാൻ നായികയിലേക്ക് പകർത്തിയത്‌.

ഈ കാര്യങ്ങളൊക്കെ മനസ്സിൽ നിറയവേ ആഗത തുടർന്നു സംസാരിക്കാനാരംഭിച്ചു.

"കഥ പൂർത്തിയാവുന്നതിനു മുമ്പ് കഥാകാരനെ വന്നൊന്നു  കാണണമെന്ന് നഷ്ടങ്ങളെല്ലാം മുറിപ്പാടുകളുണ്ടാക്കിയ എന്റെ ഹൃദയത്തിൽ നാമ്പെടുത്ത ഒരാഗ്രഹമായിരുന്നു.

നടപ്പാതയിലൂടെ വർണ്ണപ്പകിട്ടാർന്ന കുഞ്ഞുടുപ്പുകളുമണിഞ്ഞ് ഉത്സവത്തിനു പോയി, വർണ്ണക്കാഴ്ചകൾ കണ്ടു നടന്ന കുട്ടിയുടെ കൗതുകമാണ് മധ്യവയസ്സായിട്ടും എനിക്കിപ്പോഴും. അതു കൊണ്ടാണ് ഞാനിന്നെത്തിയത്."

ഒരു ഗദ്ഗതത്തിനു ശേഷം അവർ വീണ്ടും പറഞ്ഞു തുടങ്ങി 

"കൗമാരകാലത്ത്  അമ്പലപ്പടവിലൂടെ കൊലുസും കിലുക്കി നടന്ന മനസ്സോടെ എനിക്ക് ആ കഥയിലേക്ക് ചേക്കേറണം.

ഇനി നമ്മൾ ഒരിക്കൽ കൂടി കാണും. കഥ പൂർത്തിയായതിനു ശേഷം."

അവർ മുഖത്ത് പ്രസന്നത വരുത്താൻ ശ്രമിച്ചു കൊണ്ടു പറഞ്ഞു.

പതിയെ അടഞ്ഞ അവരുടെ കണ്ണുകൾ ഏതോ ഓർമ്മകളെ പരതുന്നതു പോലെ തോന്നി. അപ്പോൾ ആ കണ്ണിൽ നിന്ന് ജലം പൊടിയുന്നത് ഞാൻ ശ്രദ്ധിച്ചു.

അപ്പോൾത്തന്നെ ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു. 

"ആരാണ് വാതിലടച്ചത്? അത് തുറന്നു കിടക്കുകയായിരുന്നല്ലോ ?"

എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ പാദമിടറുന്നതായി തോന്നി. വാതിലിൽ വീണ്ടുംവീണ്ടും മുട്ടുന്ന ശബ്ദം ഉയർന്നു.

ശരിക്കും ഞെട്ടിയുണർന്നത് അപ്പോഴാണ്. എഴുന്നേറ്റ് വാതിൽ തുറന്നു. ചായയുമായി അമ്മയായിരുന്നു വാതിലിൽ മുട്ടിയത്.

ചായയും വാങ്ങി മുറിയിലെ ലൈറ്റിന്റെ സ്വിച്ചുമിട്ട് ഞാൻ തിരിഞ്ഞ് കിടക്കയിലേക്ക് നോക്കി.

കടലാസുകൾ ചിതറിക്കിടക്കുന്നു.ജനലിലൂടെ വെളിയിലേക്ക് നോക്കുമ്പോൾ  സന്ധ്യയായതിന്റെയും മഴയിൽ ആകാശം ഇരുണ്ടുകൂടിയതിന്റെയുമായി ഇരുട്ട് പരന്നിരിക്കുന്നു.

മഴ തോർന്ന് മരം പെയ്യുന്ന ശബ്ദം. ചായയും കുടിച്ച് കിടക്കയിലിരിക്കുമ്പോൾ ഞായാറാഴ്ച ഒഴിവു ദിനമായതിനാൽ വൈകിട്ടൊന്നു കിടന്നപ്പോൾ ഉറങ്ങിപ്പോയതാണെന്ന തിരിച്ചറിവ് മനസ്സിലേക്കെത്തുമ്പോഴും, കണ്ടത് സ്വപ്നമാണെന്ന് വിശ്വസിക്കാൻ മടിയുണ്ടായിരുന്നു.

കഥയെഴുതിയ കടലാസിലേക്ക് നോക്കുമ്പോൾ കാറ്റടിച്ച് ജനാലയിലൂടെ എത്തിയ ജലകണികകൾ അതിൽ ചിതറി വീണിട്ടുണ്ടായിരുന്നു. അപ്രതീക്ഷിതമായെത്തി മടങ്ങിപ്പോയ അതിഥിയെയോർത്ത് ഞാൻ നെടുവീർപ്പിട്ടു. അതിഥികൾ മഴ പോലെയാണ്, നീണ്ടു നിന്നാൽ ശല്യമാകും എന്ന ചൊല്ല് മനസ്സിലേക്കെത്തി.

                                  - എം ജി ബിജുകുമാർ പന്തളം 

അപ്പോൾ നിലവിളക്കിനടുത്ത് അമ്മ കത്തിച്ചു വെച്ച ചന്ദനത്തിരിയുടെ സുഗന്ധം മുറിയിലേക്ക് ഒഴുകിയെത്തുന്നുണ്ടായിരുന്നു.

പുറത്ത് അരണ്ട വെളിച്ചത്തിൽ ഈയലുകൾ മുകളിലേക്ക് പറന്നുയർന്നു.

മനസ്സ് അപ്പോഴും സ്വപ്നത്തിന്റെയും , കഥയുടെയും ലോകത്തു നിന്ന് ഇറങ്ങി വരാൻ മടിക്കുന്നതു പോലെ തോന്നി. പേപ്പറും പേനയുമെടുത്ത് ഞാൻ വീണ്ടും എഴുതാനിരുന്നു.

സുധീർ

 പ്ലാസ്റ്റിക്കിന്റെ പൈതൃകം


എന്നെനിരോധിച്ചുവല്ലേ

മതിയായോ?എന്തേതിടുക്കം പ്രകൃതിയാംഅമ്മയെ

തിരികെപുണരുവാൻ? 

സ്വയംനിലനിൽക്കുവാൻ എന്തുമാവാമെന്നോ !!


നന്ന്, ഒന്നു മാത്രംപറയൂ

മിതമായി, അമ്മയാരെൻ

പിതാവിന്റെ പേരെന്ത്? 

മാലിന്യമേറെച്ചുമന്നതല്ലേ?

കുപ്പയ്ക്കു കൂട്ടായ് കിടന്നതല്ലേ 


സ്വയംഭൂവാകുവാൻ

ഒട്ടുംതരമില്ല,എങ്കിലെന്നെ നിരോധിക്കയില്ലല്ലോ

പൂവിട്ടുമൂടില്ലേ

കുങ്കുമംചാർത്തില്ലേ


ഞെട്ടിത്തിരിഞ്ഞു നീ

പോകല്ലേ മാനുഷാ

ഉത്തരം നൽകൂ എൻ 

ചോദ്യം  ദ്രവിക്കില്ല

ഞാനൊരുപക്ഷെ

ദ്രവിച്ചെന്നിരിക്കിലും.

                                     -  സുധീർ

Saturday, October 31, 2020

ഹരിദാസ് കൊടകര

 

ചിലന്തി


സൃഷ്ടിയിൽ ഭൂമിയോടൊപ്പം

സമഷ്ടിയാണ് ചിലന്തികൾ

എട്ടുകാലുള്ള ചിലന്തിക്ക് നട്ടെല്ലില്ല

ശിരോവക്ഷം ഉദരം കാലുകൾ

തീർന്നു

ഇതിലും ഭാരമേറ്റാൻ

നാലുജോടിക്കൾക്കാവില്ല

ചവയ്ക്കില്ല പറക്കില്ല

സ്രവനൂൽ ചിലന്തികൾ


അച്ഛന്റെ ചൂണ്ടുവിരൽ അടച്ച്

കുട്ടി ചോദിച്ചു

ചിലന്തിയുടെ നട്ടെല്ലെവിടെ

അച്ഛൻ പറഞ്ഞു

നട്ടെല്ലുകൾ രൂപാന്തരേ സ്വാശ്രയം

നൂലും സ്രവവും ഉള്ളിലൊതുക്കാൻ

ഉദരസഞ്ചി


അകന്നിരിക്കുന്ന അഗ്രങ്ങളിൽ

വലയുടെ ആണികൾ

അന്യാദൃശം പൂക്കളം പോല

ചിലന്തിവലകൾ

സർപ്പാളം വിരിപ്പ്

കടുക്ക് കുഴൽ വലകൾ


ഉദരസ്രവത്തിൽ വലനെയ്യുന്നു

കൂടെക്കൂട്ടാൻ ആരുമില്ല

നട്ടെല്ല്സ്വാശ്രയം വലനെയ്യുന്നു

ധ്യാനതംഗങ്ങളിൽ കാറ്റൊഴുക്കുപോലെ

ആയുസ്സ് തീർന്നവ വലയിലെത്തുന്നു

വലവിരിച്ച് ഇരകാത്തിരിക്കുന്നിടം

ചിലന്തിധ്യാനം


അപ്പോൾ കടുവച്ചിലന്തികൾ ?

കുട്ടി ചോദിച്ചു

കടുവച്ചിലന്തികൾ ജനിതകഭ്രംശം

ഇരുന്നിടം മുടിക്കും

പുരോഹിതരുടെ കലം തല്ലിയുടക്കും

സന്യാസത്തിന് തീയിടും

ചരിത്രനേരുകൾ കടഞ്ഞ്മാറ്റും

അച്ഛൻ മുഴുവൻ പറഞ്ഞില്ല

കുട്ടി ഉറങ്ങിയിരുന്നു


മനുഷ്യനുള്ളിടത്തേ ചിലന്തിയുള്ളു

ഇനി ചിലന്തികൾക്കായി

ഒരു മനുഷ്യയുഗം കാത്തിരിക്കണം

                                  - ഹരിദാസ് കൊടകര